താൾ:കിരണാവലി.djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

‌ആഭിജാത്യം വയ്പോ, ളെങ്ങും ഗുണമൃഗ-
നാഭിപരിമളം വീശിനില്‌പോൾ;
സാദരം തൻ ദഹരാകാശവീഥിയിൽ
വേദസ്വരൂപനെ വെച്ചുവാഴ്വോൾ;
ആറ്റുനോറ്റുണ്ടായൊരുണ്ണിതൻ നല്ലുയിർ-
ക്കാറ്റു കരാളമാം കാളസർപ്പം
കുത്തിത്തുരന്നു കുടിക്കവേ വല്ലാതെ
കത്തിയെരിയും കരളുമായി
അങ്ങനെയോരോ മുറവിളിക്കൂട്ടിക്കൊ-
ണ്ടങ്ങിങ്ങു പാഞ്ഞുപോയ്—അയ്യോ പാവം!
ലോകപ്രശസ്തമായ്ത്താൻ വളർത്തീടിനോ-
രേകസന്താനത്തെദ്ദുഷ്ടദൈവം
പുത്തനൊഴുക്കറപ്പെട്ടിയിൽ‌വെച്ചതാ-
മർത്ഥത്തെയേതോ മറവൻപോലെ
തട്ടിയെടുക്കവേ തായതന്നുൾത്തട്ടു
പൊട്ടിത്തകർന്നതിലെന്തു ചിത്രം!

 പാരിടമെങ്ങും തനിക്കു പരന്നതാം
കൂരിരുട്ടിൽക്കൂടിക്കോമളാംഗി—
ഹാ പശുവിൽ പശു—തൻ കുഞ്ഞിനെക്കൈയിൽ—
ദീപം പൊലിഞ്ഞ തിരികണക്കെ
ഏന്തി നടന്നു നിലവിളിച്ചാൾ മുഴു-
ഭ്രാന്തപോലപ്പുരവീഥിതോറും
പേശലഗാത്രിയാൾ പേർത്തുമിരപ്പതു
കാശല്ലരിയല്ല; വസ്ത്രമല്ല;
പ്രാണനാ, ണാരതു നൽകുവാൻ? നല്കുക-
വേണമെന്നോർത്താലുമെന്തുമാർഗ്ഗം?
വില്പനയ്ക്കുള്ളോരു സാധനപങ്‌ക്തിയി-
ലുൾപ്പെടുത്തീലല്ലോ ജീവൻ ദൈവം!
ഭൈക്ഷമരുളുവാൻ വന്നവളക്കാഴ്ച-
യീക്ഷണംചെയ്ത കുടുംബിനിമാർ
തണ്ഡുലപൂർണ്ണമാം തൽപാണിപാത്രത്തെ-
ക്കണ്ണുനീർക്കൊണ്ടു കഴുകിനിന്നു.
ബാലകർ വീഥിയിൽത്തങ്ങൾ തുടർന്നോരു
ലീലകളെല്ലാം ക്ഷണത്തിൽ നിർത്തി
കേവലമക്കാഴ്ച കണ്ടു വെറും മര-
പ്പാവകൾപോലെ പകച്ചുനിന്നു.
വൃദ്ധരായുള്ളവർ, "വത്സേ! കരയരു-
തിത്ഥം," എന്നോതാൻ മുതിർന്നിടവേ
മദ്ധ്യത്തിൽത്തൊണ്ടയിടർച്ചയാൽ മൂകരായ്-

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/16&oldid=173014" എന്ന താളിൽനിന്ന് ശേഖരിച്ചത്