താൾ:കിരണാവലി.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ക്കർത്തവ്യമൗഢ്യം കലർന്നുനിന്നു.
അംബുജനേത്രയാൾക്കാശ്വാസനം നൽകാൻ
മുൻപു ഞാൻ മുമ്പു ഞാനെന്നു ചൊല്ലി
പാഞ്ഞ തരുണർ പരവശരായ്‌നിന്നു
കാഞ്ഞകരളുമായ്ക്കൈതിരുമ്മി.
മാമുനിമാരും മഹീശരുമെന്നല്ല
മാടപ്പിറാക്കളും--അന്യർക്കായി
ക്ഷിപ്രം ശരീരം ത്യജിക്കാൻ മടിക്കാത്ത
സൽപ്രജേ! ഭാരതരത്നഗർഭേ!
നിന്മക്കളാമാ യുവാക്കളവൾക്കായ് ത-
ജ്ജന്മബലിക്കു തയ്യാറുതന്നെ;
ഹാ! വഴിമാത്രമറിയാതെ ചുറ്റുന്നു
പാവങ്ങൾ--പണ്ടത്തേപ്പാരല്ലല്ലോ!

ഇങ്ങനെ നേരം കുറേക്കഴിഞ്ഞപ്പോളാ
മംഗല്യഗാത്രീമണിയേ നോക്കി
ഏകനലിവാർന്നുരചെയ്തു; "സോദരി!
നീ കരയേണ്ട! നിനക്ക് ഭൈക്ഷം
കൈവളർത്തീടൂവാൻ സംഘാരാമത്തിങ്കൽ
ദേവൻ തഥാഗതനുണ്ടിരിപ്പൂ!
മാരജിത്താകുമബ്ഭിക്ഷു സഗുണമാം
താരകബ്രഹ്മത്തിൻ സാക്ഷാദ്രുപം.
നേർന്നാലും ചെന്നുടൻ നീയബ്ഭഗവാനേ-
പ്പാർ നാലും പത്തും പണിയുവോനേ."
കാതിലമൃതം കനക്കെത്തെളിക്കുമാ
സ്വാദിമകോലും സുഹൃദ്വചനം
ആക്രന്ദനം നിർത്തിക്കേട്ടാ സ്ഥലത്തേക്കു
ശീഘ്രംഗമിച്ചാൾ ശിരീഷഗാത്രി.

രോഗവും താപവും ദാരിദ്ര്യവുംകൊണ്ടു
ലോകം വലവതു നോക്കിനോക്കി,
അന്തഃകരണമലിഞ്ഞലിഞ്ഞായവ-
യ്ക്കന്തംവരുത്തുവാനാഞ്ഞുഴറി,
കട്ടപ്പൊൻ സാമ്രാജ്യക്കൈത്തൃച്ചെങ്കോൽ വെറും
പൊട്ടപ്പുല്ലാക്കിപ്പുറത്തുതള്ളി,
സങ്കടമേതും സഹിച്ചുകൊണ്ടീടുവാൻ
കങ്കടംകെട്ടിക്കടന്നുകേറി,
സർവാഗമാബ്ധിയും താനേ മഥിച്ചഗ്ര്യ
നിർവാണപീയൂഷകുംഭം നേടി,

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/17&oldid=173015" എന്ന താളിൽനിന്ന് ശേഖരിച്ചത്