താൾ:കിരണാവലി.djvu/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വീർപ്പു കേൾപ്പാനുണ്ടാമോ ശ്രവണരന്ധ്രം?
വേണ്ട,വരെന്നെക്കൊണ്ടേ മേൽക്കുമേൽ സുഖിക്കട്ടേ;
വേണ്ടമട്ടതിൻപുണ്യമെനിക്കു ചേരും
മുപ്പുരം ലോകങ്ങളേ മുറ്റുമട്ടുലയ്ക്കവേ
ചില്പുമാൻ ശർവനെന്നെക്കുലവില്ലാക്കി
ഇന്ദ്രനെപ്പാലിച്ചില്ലേ? വെന്നതാരന്നേദ്ദിനം?
ഛിന്നപക്ഷനാം ഞാനോ? കുലിശഭ്യത്തോ?
പാദപം പാദപമായ് നിൽക്കുകിൽക്കുളിർനൽകും;
പാഴ്വിറകായ്പ്പതിച്ചാൽ കുളിരകറ്റും,
ചേലിലുമതിന്മട്ടു മാലിലും സത്തുക്കൾ തൻ
വേലയൊന്നത്രേ നൂനം-പരോപകാരം.
ആകയാൽ ശതമന്യുവാശപോലെന്മെയ്യിൽ വാ-
ണാകവേ പുണ്യഫലം ഭുജിച്ചിടട്ടെ;
നഷ്ടമെല്ലാമങ്ങോർക്കും ലാഭമെല്ലാമെനിക്കും
വിഷ്ടപേശൻ നൽകുന്നു വിചിത്രവൃത്തൻ!
എങ്കിലും വല്ലപ്പോഴുമെൻ ചിറകില്ലെന്നുള്ള
സങ്കടംതള്ളിക്കേറിത്തലക്കൊള്ളുന്നു;
പക്ഷമൂലം ശൂന്യമായ്പ്പാർത്തുകാണവേ ചിത്തം
തൽക്ഷണം വല്ലായ്മയ്ക്കു വശപ്പെടുന്നു.
വത്സ! നീ പക്ഷം വിരിച്ചാടവേ നിന്നെക്കണ്ടു
മസമാധാനത്തിനൊരിടച്ചിൽ വന്നു.
പള്ളിവില്ലാക്കീടിന ഭർഗ്ഗനൊരമ്പായെന്നെ
ത്തള്ളിവിട്ടീലല്ലോ! ഞാൻ തനിച്ച പാപി!
അങ്ങനെയായിരുന്നാലക്ഷണം വീണ്ടുമൊരു
ജംഗമമായേനേ ഞാൻ; ജയംപൂണ്ടേനേ.
അന്തരീക്ഷത്തിൽപ്പറന്നർദ്ധനിമേഷം വാഴ്‌വാൻ
ഹന്ത! പറ്റീലല്ലോ! ഞാൻ ഹതവിഭവൻ?
എന്നതു നിൻകാഴ്ചയാലെൻ മനമോർത്തത്രേ ഞാ-
നിന്നെടുവീർപ്പിട്ടതെൻ സഹോദരനേ!
ഹാ! ചരമായ്പ്പിറന്നു ഞാൻ വെറുമചരമാ-
യീ ജഗത്തിലെത്രനാൾക്കഴിച്ചുകൂട്ടും?
ജന്മമയ്യയ്യോ! പാഴാമിമ്മലയ്ക്കുപയോഗം
പൊന്മണികളാലെന്തു വരേണ്ടതുള്ളൂ?
ഭാരമേ ഭാരമിവ പാരിനുമെന്മേനിക്കു-
മാരിവയ്ക്കായ്‌ത്തിരിച്ചെൻ ചിറകു നൽകും?
ഈക്കഥ നീ കേട്ടതായ്‌വയ്ക്കവേ വേണ്ട; പാട്ടു
കീഴ്ക്കടപോലെ പാടിത്തകർക്കൂ കുഞ്ഞേ!"

 ഏവമോരോന്നു ചൊല്ലിദ്ദേവതാത്മാവാകുമ-
സ്ഥാവരസാർവഭൗമൻ വിരമിക്കവേ,

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/35&oldid=173035" എന്ന താളിൽനിന്ന് ശേഖരിച്ചത്