"ചങ്ങാതി! കാണെൻ വാളിൽച്ചായമേ പുരണ്ടില്ല;
മങ്ങാതെ കാച്ചെട്ടെയോ തള്ളതൻ കഴുത്തു ഞാൻ?"
"വേണ്ട വേണ്ടപ്പാ! പോരും; വേണമെന്നാലെൻ വാളു
പൂണ്ടു പൊയ്ക്കൊൾകേവേണ്ടു മന്നവൻ തന്മുന്നിൽ നീ."
എന്നോതിക്കൊണ്ടു ദുഷ്ടർ തദ്‌ഗൃഹം വിട്ടീടിനാർ;
പൊന്നോമലാൾ റാണിയും മൂർച്ഛവിട്ടെഴുന്നേറ്റാൾ.
ഭിമമാകുമക്കാഴ്ച ദേവിതൻ കനീനികാ-
തോമരംപോലെ കണ്ടാൽ; വാവിട്ടു മുറയിട്ടാൾ;
ഹീരതൻ ലോകോത്തരസ്വാമിഭക്തിയോർത്തപ്പോ-
ളാ രുക്മഗാത്രിക്കാധിയായിരം മടങ്ങേറി;
"എന്തപൂർവസാഹസംചെയ്തു നീ ഹാഹാ! ഹീരേ?
ഹന്ത! നിൻപൈതലെന്റെ മൗഢ്യത്താൽ മരിച്ചല്ലോ!
ആരാന്റെയും കുഞ്ഞിനായ് തൻകിടാവിനെബ്ബലി-
ക്കാരേകും പെറ്റമ്മമാർ? ഭീമം നിൻ സ്വാർത്ഥത്യാഗം!
എൻകിടാവിന്റെ കുറ്റം മന്നനായ്പ്പിറന്നതാം,
നിൻകിടാവെന്തുചെയ്തു മൂഢഗർഭമായ്ത്തീരാൻ?
ഹാ, ജഗത്തിൻ മംഗലപ്പൊൻവാടാവിളക്കു നീ;
രാജസ്ഥാനേശവംശപ്രതിഷ്ഠാപയിത്രി നീ;
ത്യാഗസാമ്രാജ്യത്തിന്റെ ധന്യചക്രവർത്തിനി;
ഭൂഗർഭപൂർവപുണ്യശുക്തികാമുക്താമണി!
ഹീരേ! മദ്വയസ്യേ! മൽസോദരി! മന്മാതാവേ!
പാരേഴുരണ്ടാലും നിൻ പാദകാണിക്കയ്ക്കാമോ?
ഓമനേ! തനിത്തളിൽത്തങ്കമേ! ഹാഹാ! നിന്റെ
കോമളപ്പൂമെയ്യിലോ ഘോരമാം ഖഡ്ഗം വീണു?
പാതിയേ വിരിഞ്ഞുള്ളൂ പൈതലേ! നിന്മുട്ട നീ,
യേതുമട്ടയ്യോ! പറന്നെത്തുന്നു വാനിൽപ്പിന്നെ?
നവ്യമാം സന്താനത്തിൻ നാമ്പടച്ചല്ലോ വിധി
ദിവ്യനിർത്സരവക്ത്രം ചെങ്കല്ലാൽ പടുത്തല്ലോ!"
എന്നുരച്ചു പിന്നെയും മോഹിച്ചാൾ മഹാരാജ്ഞി
.....................................................................
വന്നുദിക്കുമോ വേഗം വല്ലമട്ടിനും സൂര്യൻ?
പോരും നീ ഞെളിഞ്ഞതു പൊട്ടക്കൂരിരുട്ടേ! നിൻ
മാരണശംഖൂതുന്നു മന്ദ്രമായ്‌പ്പൂങ്കോഴികൾ.
ധർമ്മദ്രോഹിയാം നിന്നെത്തച്ചുകൊല്ലുവാൻതന്നെ
കർമ്മസാക്ഷിസ്വാമിതൻ കല്യാണകാല്യോദയം
ചെന്തീയിൽപ്പഴുപ്പിച്ച മുഗ്ദരം ചിത്രായസം
നിൻതലയ്ക്കാഞ്ഞോങ്ങുന്നു ലക്ഷോപലക്ഷം വിഭു
നിൻകള്ളക്കരിമ്പൂച്ചു നീങ്ങിപ്പോയ് ലോകത്തിങ്ക-
ലങ്കുരിക്കയായ് വീണ്ടുമസ്തനിദ്രമാം ബോധം!
താൾ:കിരണാവലി.djvu/31
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു