താൾ:കിരണാവലി.djvu/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചിടാ, തേതു പാപക്കോഴകൊണ്ടും മന്നന്റെ
പുഞ്ചിരിപ്പൂമ്പട്ടാരു പൂണ്ടിടാൻ മോഹിപ്പീല?
സൂനാഗാത്രനാം തന്റെ സൂനുവിന്നന്നേദിനം
സൂനക്കല്ലായിത്തീരാം സൂതിഗേഹത്തൊട്ടിലും.
'വാതല്ക്ക‌ലാരോ വന്നു മുട്ടുന്നു;' 'ശങ്കിക്കേണ്ട,
ഘാതകന്മാരല്ലതു; യാമികൻ ജഗൽപ്രാണൻ. ട
'ജാലകം വഴിക്കാരോ നോക്കുന്നു;' പേടിക്കേണ്ട,
കാലദൂതരല്ലതു; കട്ടിക്കൂരിരുൾപിണ്ഡം.'

തന്നോടിമ്മട്ടോരോന്നു താനേ സല്ലപിക്കുമ-
പ്പൊന്നോമനത്തയ്യലിൻപൂങ്കവിൾക്കണ്ണാടിയിൽ
നൂനമേതോ വൈവർണ്യം പുത്തനായ് പുളപ്പതും
തൂനെറ്റിത്തിങ്കൾ വേർപ്പിൻ‌തുള്ളിയിൽ‌ക്കുളിപ്പതും
കണ്ടുകണ്ടമ്പരന്നു കല്യയാം തദ്ദാസിയാൾ
കൊണ്ടൽവേണിയോടൊന്നു കൂപ്പുകൈയായോതിനാൾ;
"എന്തമ്മേ! തമ്പുരാട്ടി! യെന്തിപ്പോളാലസ്യമെ-
ന്നെന്നോടു കല്പിക്കണേ! താമസിക്കൊല്ലേ തെല്ലും!
പണ്ടിടപഴകിയ ബാധകൾ വിടുപണി-
കൊണ്ടിരിക്കേണ്ട പുത്തൻമാൽപ്പിശാചിതേതയ്യോ!"
റാണിയോടിമ്മട്ടോതിത്തൻനെറ്റിവേർപ്പൊപ്പിനാൾ
പാണിത്തൂവാലത്തുമ്പാൽ പാവമേ പാവം ദാസി.

അന്യയല്ലല്ലോ സാർവഭൗമസിംഹക്കുട്ടിയെ
സ്തന്യപാനം ചെയ്യിക്കും ധാത്രിയാമത്തന്വിയാൾ,
തന്റെ നായികയ്ക്കൊ‌പ്പം നവ്യവൈധവ്യവ്യഥ
ഹന്ത! പൂണ്ടങ്ങേ വാഴ്വോൾ താനും തൻ കിടാവുമായ്,
വാരിളന്തളിരൊളി വായ്ക്കുമക്കിടാവിൻമെയ്
വാരി മാറിൽ ചേർത്തണച്ചുമ്മവച്ചുപോമാരും.
ആ രണ്ടു മാതാക്കളുമാരോമൽക്കുഞ്ഞുങ്ങളും
ചേരേണ്ടോർതന്നെ തമ്മിൽ വൈരവും പൊന്നുംപോലെ,
തൻകിടാവിൽ ധാത്രിയാൽ ചക്രവർത്തിനിക്കെന്തു
കൈങ്കര്യം തനിക്കവൾ തോഴിയും ജ്യേഷ്ഠത്തിയും!

ഓതിനാൾ റാണി, "യയ്യോ! ഹീരേ! ഞാനെന്തോതേണ്ടു
ഖേദ,മെൻ ഹൃത്തി രാത്രി കാളരാത്രിയായ്ക്കാണ്മൂ!
നിന്മണിക്കൈത്താലോലമാർക്കുള്ളം കുളീർപ്പിപ്പൂ;
നിന്മുലപ്പാലാലാർക്കു നിത്യസൗഹിത്യം വായ്പൂ;
തിങ്കൾനേർമുഖം കോലുമക്കിടാ, വെന്നോമന-
ത്തങ്ക, മെൻ നേത്രാഞ്ജന,മെൻ പ്രാണാധികപ്രാണൻ.
തൂവെൺ പുഞ്ചിരിക്കതിർ തൂകിത്തൂകിത്തൊട്ടിലിൽ
പൂവൽമെയ് തണുപ്പിച്ചു പുണ്യാത്മാവുറങ്ങുന്നു.
ഈ നിദ്രവിട്ടില്ല മേൽകൺമിഴിപ്പെൻപൈതലി-

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/28&oldid=173027" എന്ന താളിൽനിന്ന് ശേഖരിച്ചത്