ദർപ്പണക്കുപ്പികൾക്കുള്ളിൽത്തിളങ്ങിടു-
മത്ഭുതമുന്തിരിസ്സത്തുകളേ!
പൈമ്പാൽ മൊഴിയാളിളങ്കൈ വിരലുകൾ
കമ്പികൾ തൻവഴിക്കോടിക്കവേ
ഭൂരിപീയൂ ഷത്താൽക്കർണ്ണം കുളിർപ്പിക്കും
വാരൊളിത്തങ്കവിപഞ്ചികളേ!
നട്ടുവളർത്തിയോരുദ്യാനപാലനോ
മുങ്ങിയെടുത്തോരു മുക്കുവനോ
യന്ത്രം കറക്കിവിടും പണിക്കാരനോ
ഹന്ത! വാദ്യംതീർക്കും ശില്പിതാനോ
നിങ്ങളാലോർക്കപ്പെടുന്നീല ലേശവു,-
മിങ്ങനെതന്നെയോ ലോകധർമ്മം?
നന്ദിയാം വാക്കിലേ രണ്ടക്ഷരങ്ങളിൽ
മിന്നും പൊരുളിനെക്കൈതൊഴുവിൻ!
എന്തിന്നു ഞാനിതുരയ്ക്കുന്നു? ചിന്തിച്ചാ-
ലെന്തുണ്ടിവയ്ക്കുമെനിക്കും ഭേദം?
കല്ലോ, കരടോ, കടലാടിയോ, കള്ളി-
മുള്ളോ, മുരിങ്ങയോ, മൂർക്കപ്പാമ്പോ,
ഈയലോ, പാറ്റയോ, മൂട്ടയോ, ഞാഞ്ഞൂളോ,
പേനോ, കൊതുകോ, കുഴിയാനയോ
മറ്റോ വടിവാർന്നു ഹാ! ഹാ! പടുകുഴി
പറ്റിക്കിടന്നൊരു പാപിയെന്നെ
അങ്ങെങ്ങോ ദൂരത്തുനിന്നു തിരഞ്ഞെടു-
ത്തിങ്ങനെ പൊക്കിക്കരയ്ക്കുകേറ്റി
എൻതമ്പുരാനേ! ഭഗവാനേ! പോറ്റി! നീ
നിൻതിരുവുള്ളപ്പെരുവെള്ളത്തിൽ,
തേച്ചുകഴുകിത്തുടച്ചു വെടിപ്പാക്കി-
യാശ്ചര്യമാകുമീ രൂപമേകി
സർവചരാചര സാമ്രാജ്യപ്പൊൻചെങ്കോ-
ലെൻവലങ്കൈയിൽ സമർപ്പിച്ചീലേ?
മോഹാന്ധകൂപത്തിൽ മുങ്ങിയും പൊങ്ങിയും
ഹാ! ഹാ! കൃതഘ്നശിരോമണി ഞാൻ
സത്യസ്വരൂപനേ സർവലോകങ്ങൾക്കും
കർത്താവേ! ഭർത്താവേ! സംഹർത്താവേ!
താൾ:കിരണാവലി.djvu/41
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു