താൾ:കിരണാവലി.djvu/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇത്തങ്കത്തിനാരമ്മ നീയല്ലാതെന്നോമനേ!
ദുഗ്ദ്ധാന്നദാനംകൊണ്ടും മൃത്യുഭീത്രാണംകൊണ്ടും?
വാഴിപ്പൻ നിന്നെത്തന്നേ റാണിയായ് ഞാനെന്നിഷ്ട-
തോഴീ! യയ്യോ! വേർപെട്ടുപോകൊല്ലേ! പോകൊല്ലേ! നീ!"
ഓരോന്നു ചൊന്നാൾ റാണി, ഹീരതൻ ചെവിക്കുള്ളിൽ
തീരെയാ വാക്യങ്ങൾക്കു ചെന്നെത്താൻ സാധിച്ചീല;
സ്വാമിഭക്ത്യാദർശമായ് ശോഭിച്ചോരദ്ദാസിയാൾ
കാമമാത്മജപ്രേമം മൂർച്ഛിക്കും മാതാവപ്പോൾ.
രാജ്ഞിയെസ്സാഷ്ടാംഗമായ് മേൽക്കുമേൽ വണങ്ങിയ
പ്രാജ്ഞി-പോരല്ലോ പ്രാജ്ഞ-യാ സ്ഥലം വെടിഞ്ഞുടൻ
തോക്കുവിട്ടു പാഞ്ഞീടുമുണ്ടയേക്കാൾ വേഗത്തി-
ലൂക്കെഴും സമീപത്തെ, യാറ്റിൽപോയ്ച്ചാടീടിനാൾ
പേർത്തുമാ സ്ഥലത്തുണ്ടാം ബുദ്ബുദങ്ങൾ ചെയ്തതാ-
മൗർദ്ധ്വദേഹികപ്രസംഗാന്തത്തിങ്കൽ മാത്രമേ
റാണിക്കും മറ്റുള്ളോർക്കുമങ്ങെത്താൻ കഴിഞ്ഞുള്ളു;
ക്ഷോണി മന്ദഭാഗ്യയായ്; തദ്ദീപം പൊലിഞ്ഞുപോയ്.
ചെന്നവർ പുഴശ്ശവക്കല്ലറയ്ക്കകം ചേർത്താർ
കണ്ണുനീർക്കണക്കുടമുല്ലത്തൂമലർമാല്യം.
ഏറ്റവും വിലപിച്ചു വാങ്ങിനാർ പിന്നെത്തിരി-
ച്ചാറ്റോളമനുയാത്രയെന്നല്ലോ പഴമൊഴി.

ഹീരയെദ്ദഹിപ്പിച്ച ദിക്കിൽത്തൽസ്മൃതിക്കായി,-
ച്ചാരുവാമൊരാലയം റാണിയാൾ തീർത്തീടിനാൾ.
അന്നന്മഠത്തെക്കാണാമാറ്റുവക്കത്തിപ്പോഴും
മന്നാം പാന്ഥാശ്രമത്തിൽ മഞ്ജുളാലേഖ്യംപോലെ.

മഹാമേരുവിന്റെ മനസ്താപം

മേരുമേരുവെന്നുള്ള പേരുപൂ,ണ്ടില്ലേ മഹാ-
ചാരുരൂപനാമൊരു ശൈലരാജൻ?
അജ്ജഗജ്ജോതിസ്സാകുമദ്രിതൻമേൽപ്പണ്ടൊരു
കൊച്ചടയ്ക്കാക്കുരുവി കൂടുകെട്ടി.
വേരിലും സ്കന്ധത്തിലും കൊമ്പിലും പുതുമഞ്ഞ-
ത്താരിടതിങ്ങിനിൽക്കും കണിക്കൊന്നയിൽ
ഓമനമന്ദാകിനിത്തൂമലർമണംതൂകും
തൈമണിക്കുളിൽക്കാറ്റിൻ തലോടലേൽക്കെ
പാടിയും പക്ഷം വിരിച്ചാടിയും ബ്രഹ്മാനന്ദം
നേടിയും വാണീടുമച്ചെറുകിളിയെ
സ്വപ്നസൗഖ്യത്തിൽനിന്നും ശ്രോത്രശല്യമാമേതോ
തപ്തദീർഘശ്വസിതം തടഞ്ഞുണർത്തി

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/33&oldid=173033" എന്ന താളിൽനിന്ന് ശേഖരിച്ചത്