Jump to content

താൾ:കിരണാവലി.djvu/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഉദ്ബോധനം

ജീവിതപ്പോരിലപജയം തെല്ലാർന്ന
യൗവനയുക്തനാമായുഷ്മാനേ!
എന്തു മേൽ വേണ്ടതെന്നേതുമറിയാതെ
ഹന്ത! നീ നില്ക്കയോ സോദരനേ?
പോരും തളർന്നതു! പോരും തളർന്നതു!
പുരുഷചൈതന്യപ്പൊൽത്തിടമ്പേ!
താടിക്കു കൈകുത്തിത്താഴോട്ടു നോക്കാതെ,
ചൂടെഴും വീർപ്പൊന്നുമിട്ടിടാതെ,‌
‌നിന്മിഴി മങ്ങാതെ, പാദം കുഴയാതെ,
നട്ടെല്ലു തെല്ലും വളഞ്ഞിടാതെ,
ധീരനായ് മുന്നോട്ടു ചാടിക്കുതിച്ചു നീ
പോരുക! പോരുക! പുണ്യവാനേ!
വെറ്റിയും തോൽവിയും പോർക്കളത്തിൽച്ചെന്നാൽ
പറ്റും; ഇതിനതു മീതേയല്ല.
എന്തിന്നുവേണ്ടി നീയെങ്ങനെ പോർചെയ്തു?
ചിന്തിച്ചിടേണ്ടതീ രണ്ടുകൂട്ടം.
നന്മയ്ക്കുവേണ്ടി നീ നേർവഴിയിൽനിന്നു
ധർമ്മയുദ്ധംചെയ്തു തോറ്റുപോയാൽ
പോകട്ടേ! ആത്തോൽവിതന്നെ ജയമെന്നു
ലോകർ കടശ്ശിയിൽസ്സമ്മതിക്കും.
കാലത്തിരിപ്പിൽക്കറങ്ങുമീയൂഴിയിൽ
മേലുകീഴങ്ങിങ്ങു കീഴ്മേലാകെ
മേനിക്കരുത്തിൻ കുറവല്ല തോല്പതു;
വീഴ്വതടവിൻപിഴയുമല്ല.
വീഴുകിൽ വീഴട്ടേ; മാറിടത്തിൽ കുറെ-
ച്ചേറുപുരണ്ടാൽ പുരണ്ടി‌ടട്ടേ.
വീണെടത്തല്പം കിടക്കുകയോ, ചെറു-
പാണിതൻ തുമ്പാൽ തുടയ്ക്കുകയോ
ചെയ്താലേയുള്ളു കുറച്ചി, ലെഴുന്നേറ്റു
ചെല്ലുക മുന്നോട്ടു ധീരാത്മാവേ!
കാണുന്നീലേ നീയോരല്പമകലെക്കൺ-
കോണിനാൽ നിൻനിലയുറ്റു നോക്കി
തൃക്കൈയിൽ കല്പകമാലയുമായ് വന്നു

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/2&oldid=173018" എന്ന താളിൽനിന്ന് ശേഖരിച്ചത്