പ്രശിതപിയൂഷങ്ങളാക്കുവാൻ പ്രയത്നിപ്പൂ.
കാപട്യംകൊണ്ടല്ലാതെ കൈകാര്യമില്ലാത്തൊരാ-
പ്പാപത്തിൻ പൂന്തോട്ടമാം പട്ടണപ്പാഴ്ച്ചന്തയിൽ
സത്യവാക്കാരോതുവാൻ? ഓതിയാലാർ കേൾക്കുവാൻ?
ഗർദ്ദഭസദസ്സിലോ ഗന്ധർവഗീതോദ്യമം?
"നാലണയോടാ! കട്ട നാറ നാടൻശീലയ്ക്കു?
ബാല! നീയേതന്ധനെപ്പറ്റിപ്പാൻ നടക്കുന്നു?
രണ്ടണ തരാം; ബാക്കിക്കിനിയും നീ ചെന്നൊരു
മുണ്ടങ്ങേപ്പുറത്തെങ്ങാൻ മോഷ്ടിച്ചു വിറ്റേ പറ്റു."
ഇത്തരമോരോവിധം ഹാസ്യവാങ്നാചാരങ്ങൾ
ശുദ്ധനാമബ്ബാലൻതൻ സുകുമാരമാം ഹൃത്തിൽ
മേല്ക്കുമേലാഞ്ഞു കുത്തിത്തിരുകിത്തുടങ്ങിനാർ
ഭോഷ്കുതാൻ മുലപ്പാലായ് ഭുജിച്ച പണ്യാജീവർ
വിശ്വപാവനിയായ ജാഹ്നവിതൻ തീരത്തിൽ
വിശ്വനാഥസ്വാമിതൻ ദിവ്യസന്നിധാനത്തിൽ,
സത്യദേവതേ! സാധ്വി! നിനക്കു രക്ഷാസ്ഥാനം
പ്രത്യക്ഷശൂന്യമെന്നോ! പാതകമേ പാതകം!
ബാലനും പരിതസ്പമാനസൻ ചുടുബാഷ്പം
ചാലവേ തൻ കൈമുണ്ടു നനയുംവിധം തൂകി,
മത്യന്തരത്തിലോർത്താൻ; "ദൈവമേ! ഹാ! ദൈവമേ!
സത്യവാക്കോതുന്നോനിച്ചന്തയിൽ തനിക്കള്ളൻ!
നൂലിനും കൂലിക്കുമായ് നൂനം ഞാൻ കാൽരൂപയ്ക്കു
മേലിതിൽക്കണ്ടീ, ലതേ ചോദിപ്പാനുമോർത്തുള്ളു.
ഇച്ഛ ചെറ്റിതിൽപ്പരമില്ല ഞാൻ കൈകൂപ്പുമെ-
ന്നച്ഛനമ്മമാ,ർക്കവരല്പലബ്ധസന്തോഷർ.
നാലണയിതേമട്ടിൽ ഞങ്ങൾക്കു നൽകീടുവാൻ
നാളെയും സർവലോകനാഥനങ്ങിരിപ്പീലേ?
പിന്നെയെന്തിനി,ക്കെന്നെയാരെത്ര പുച്ഛിക്കിലും.
നിന്നെ ഞാൻ വെടിയില്ല; നിന്മെയ്യാം സത്യത്തേയും"
എന്നവനോർത്തു വീണ്ടുമെഴുന്നേറ്റാ വസ്ത്രം തൻ-
പൊന്നണിക്കരങ്ങളിൽ പൂണ്ടു വില്ക്കുവാൻ നിന്നാൻ
നേരമന്തിയാവാറാ,യാരുമാ മുണ്ടു വാങ്ങാൻ
ചാരത്തു വരുന്നുമി,ല്ലെന്തൊരു ദുരദൃഷ്ടം!
ആ വസ്ത്രമൂല്യംകൊണ്ടു തണ്ഡുലം വാങ്ങിവേണ-
മാവശ്യം കഴിയുവാൻ തനിക്കും പിതാക്കൾക്കും!
മുറ്റുമപ്പൊഴേക്കൊരു മുസൽമാൻ ഫക്കീർ വന്നു
ചെറ്റുമേ ശങ്കവിട്ടച്ചെറുബാലനോടോതി:
"അപ്പനേ! തങ്കക്കുടം! ദൈവത്തെയോർത്തിങ്ങോട്ടാ-
വില്പനക്കുള്ള മുണ്ടു വെറുതെ നൽകേണമേ!
താൾ:കിരണാവലി.djvu/10
Jump to navigation
Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
