Jump to content

താൾ:കിരണാവലി.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഹന്ത! ഞാൻ മണ്ണിലേ മണ്ണുമാത്രം!
ത്രൈലോക്യശില്പി ഹിരണ്യഗർഭൻ തന്റെ
ചേലുറ്റ സൃഷ്ടിസൗധത്തിൽനിന്നും
പുത്തനായ് വാർത്തു പുറത്തിറക്കും തങ്ക-
പ്പത്തരമാറ്റൊളി വിഗ്രഹമേ;
ചേറുമഴുക്കും ചെറുതും പുരളാത്ത
ചാരുകളേബരതല്ലജമേ!
പാഴാകും പാപനരകക്കടലിന്റെ
താഴത്തെത്തട്ടിൽക്കിടക്കുമെന്നെ
നീയായ തൂവെൺമുഴുമുത്തിനുത്തമ-
ശ്രീയാർന്ന ശുക്തികയാക്കി ദൈവം.
തന്ത്രവിധിയറിയാത്ത ഞാൻ നിൻ പൂജ-
യന്തഃകരണത്താൽ മാത്രം ചെയ്യാം.
എന്മകനേ! നിൻ വിശുദ്ധസംസർഗ്ഗത്താൽ
നന്മയെനിക്കു വളർന്നീടട്ടേ.
സ്മേരമായ് സ്വാപത്തിൽ മിന്നും നിന്നാനന-
സാരസത്തെക്കണ്ടുചാരിതാർത്ഥ്യം
ചേരുമെനിക്കതുതന്നേ സഗുണമാം
താരകബ്രഹ്മമായ്ത്തീർന്നീടട്ടേ.
കൈച്ചെങ്കോൽ ദൂരത്തുവച്ചോരു രാജാവേ!
വജ്രമിളക്കാത്തോരുമ്പർകോനേ!
ഭീകരശക്തി വെടിഞ്ഞ കുമാരനേ!
യോഗദണ്ഡേന്താത്ത ലോകഗുരോ!
ആരോമലേ! നിന്നെപ്പോലൊരു പൈതലി-
ബ്‌ഭാരതഭൂമിയിൽപ്പണ്ടൊരിക്കൽ
കാന്തിക്കുളിർക്കതിർക്കറ്റയുതിർത്തീടും
പൂന്തിങ്കൾക്കുട്ടനായ് വാനിലേറി.
നിന്നിൽ നിലീനമാം പ്രാഭവമോർക്കുമ്പോൾ
നിന്നെയുമെന്നെയും ഞാൻ മറപ്പൂ,
ഓമനേ, നീയുറങ്ങെൻ‌മിഴിവണ്ടിണ-
ത്തൂമലർത്തേൻകുഴമ്പെന്റെ തങ്കം!

കപീരദാസൻ

"മുണ്ടുവേണോ മുണ്ട്? നാലണയ്ക്കാരെങ്കിലും
കൊണ്ടുകൊള്ളുവി,നൊറ്റച്ചില്ലി കൂടുതൽ വേണ്ട."
ശുദ്ധസത്യമായുള്ള സൂക്തിയൊന്നീമട്ടോതി
മുഗ്ദ്ധരൂപനാമൊരു മുസ്ലിമീൻ ചെറുബാലൻ
കാശിതൻ പുണ്യവീഥീകർണ്ണശഷ്ക്കുലികളെ-

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/9&oldid=173077" എന്ന താളിൽനിന്ന് ശേഖരിച്ചത്