ശീതബാധിതനാമിദ്ദഗ്ദ്ധവൃദ്ധനെക്കാളു—
മേതുപാത്രത്തിൽ ചേർന്നാൽ നിൻദാനം ഫലപ്പെടും?
നിന്നാണെ മടിക്കേണ്ട; നീയെനിക്കിന്നീ വസ്ത്രം
തന്നാലേ മതിയാകൂ! താമസിപ്പതെന്തുണ്ണീ?
നാലണ നിനക്കേകും നമ്മെക്കാത്തിടും ദൈവം;
ബാല! നീ ശങ്കിക്കേണ്ട! പാവുമുണ്ടിങ്ങിട്ടേക്കൂ.
അദ്ദാനം താൻ ചെയ്യുകിലച്ഛനമമ്മയ്ക്കുമ—
ന്നത്താഴമില്ലാതെപോം; വയസ്സുചെന്നോരവർ:
ശർമ്മമുണ്ടാവാൻ പണി ദാനം താൻ ചെയ്യാഞ്ഞാലി-
ദ്ധർമ്മസങ്കടഖണ്ഡധാരയിൽപ്പെട്ടീടവേ
ഹന്താതിമാത്രം ബാലനാമവൻതൻ മാനസം
ചിന്താദോലാരൂഢമായ് തീർന്നതിലെന്തത്ഭുതം?
"പാതിവസ്ത്രം ഞാൻ തരാമെന്നപ്പൂപ്പനു; മറ്റെ—
പ്പാതി വിറ്റരിവാങ്ങിയമ്മയെയേല്പിക്കണം;
അത്താഴപ്പട്ടിണിക്കു ഞാൻ തയ്യാ,റരക്കഞ്ഞി
മത്താതമാതാക്കൾക്കു മാത്രമേകിയേ പറ്റൂ.
ഏകപുത്രൻ ഞാനവർക്കെൻ പ്രത്യാഗതി നോക്കി—
ശ്ശോകമറ്റങ്ങു വാഴ്വൂ ശുദ്ധമാനസരവർ."
എന്നവൻ തൻ വാക്കു കേട്ടേധമാനക്രോധനായ്
പിന്നെയും ചൊല്ലീടിനാൻ പിതൃസന്നിഭൻ ഫക്കീർ:
"പാതിമുണ്ടിനായേവൻ പ്രാർത്ഥിപ്പൂ, നൽകുന്നെങ്കിൽ
നീ തികച്ചും നൽകണം നിൻമുണ്ടു മുഴുവനായ്;
അല്ലെങ്കിൽ നിന്റെയർദ്ധദാനമങ്ങിരിക്കട്ടെ:
നല്ല കുട്ടികളുണ്ടോ വേറെയും? നോക്കട്ടെ ഞാൻ."
എന്നോതിയിച്ഛാഭംഗഖിന്നനായ് വടി കുത്തി
മുന്നോട്ടു പോയീടുവാൻ മുതിരും സ്ഥവിരനേ
വീണ്ടും വന്ദനംചെയ്തു ചൊല്ലിനാനബ്ബാലകൻ:
"പൂണ്ടുകൊൾകയേ വേണ്ടൂ മദ്വസ്ത്രം മഹാത്മാവേ!
ഇന്നത്തേ വാണിജ്യത്തിലെനിക്കു സിദ്ധിച്ചതാ—
മുന്നതലാഭത്താൽ ഞാനുത്തരോത്തരം ധന്യൻ,
ഒരുനാളത്താഴമൂണൂർദ്ധ്വമായാലെന്തെനി—
ക്കരുളുന്നൂ സൽപാത്രദാനൈകധനം ദൈവം!
ദൈവമേ സത്യരൂപ! ദൈവമേ ത്യാഗരൂപ!
ദൈവമേ ധർമ്മരൂപ! വിജയിപ്പൂതാക നീ!"
എന്നോതിത്തൻകോടിമുണ്ടെടുത്തു ഫക്കീരിന്നു
പൊന്നോമൽക്കുമാരകൻ പൊലിച്ചാൽ സമ്മാനമായ്.
രോമാഞ്ചതരംഗിതഗാത്രനായതു വാങ്ങി—
യാ മാന്യമഹമ്മദസന്യാസി നടകൊണ്ടാൻ.
രിക്തപാണിയെന്നാലും കൃതകൃത്യനായ് ദൈവ—
ഭക്തനബ്ബാലകനും തിരിച്ചു ഗൃഹം പൂക്കാൻ.
താൾ:കിരണാവലി.djvu/11
Jump to navigation
Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
