Jump to content

താൾ:കിരണാവലി.djvu/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചക്രവാളാഗ്രത്തിൽ പ്രത്യുഗ്രജ്യോതിസ്സിൽ
പ്രക്രമമേതോ പരിസ്ഫുരിപ്പൂ.
മഞ്ഞയും ചോപ്പും കറുപ്പും വെളുപ്പുമായ്
രഞ്ജിച്ചു മേവിടുമാ പ്രദേശം
ആകവേ ഹാരിദ്രവാരിയിലാറാടി
ലോകമനോഹരമായ്ലസിപ്പൂ.
അങ്ങോട്ടു നോക്കുവിൻ! ദ്യോവും സമുദ്രവും
ഭംഗിയിൽ മേളിക്കും ദിക്കിൽനിന്നും
പൊന്മയമായൊരു സാധനം പൊന്തുന്നു;
കണ്മിഴി രണ്ടും തുടച്ചു കാണ്മിൻ
ആദികൂർമ്മത്തിൻ നടുമുതുകോ ദിവ്യ
ശ്വേതരക്താംബുരഹ ബിസമോ?
കത്തും കരിങ്ങാലിക്കാതൽച്ചിരട്ടയോ?
പുത്തൻ ദീപാരാധനത്തട്ടമോ?
ഓമനക്കല്പകത്തൂമലർച്ചട്ടിയോ?
ഹോമബലിക്കല്ലിൽ മേലേത്തട്ടോ?
വാനവക്രീഡാവളവരവഞ്ചിയോ?
വാരിധിയാടിടും കാവടിയോ?
തൃക്കടമങ്കതൻ കേളീവ്യജനമോ?
ശക്രൻറെ കൊറ്റക്കുടശ്ശീലയോ?
വർത്തുളത്തങ്കപ്പുതുത്തുരുത്തോ? പരി-
ശുദ്ധപീയൂഷമണികുംഭമോ?
പൊന്തിക്കഴിഞ്ഞു മുഴുവനിത്തേജസ്സു
സിന്ധുവിൻ പൂർവ്വഭാഗത്തുനിന്നും.
ആഴിതൻ വീചീമണിമാളികയിലി-
ത്താഴികപ്പൊൽക്കുടമാരു വച്ചു?
പ്രാണനിശ്വാസമടക്കിജ്ജലസ്തംഭം
കാണിക്കുമീ മഹായോഗിയേവൻ?
കാച്ചിയുറച്ച സുരഭിതൻ ദുഗ്ദ്ധത്തിൽ
വാച്ചിടും വെണ്ണയിതാരുരുട്ടി?
ചക്രവാളത്തിൻ പ്രഭാതസമാധിക്കു
പുഷ്കലപത്മാസനംകണക്കേ
ചേലുറ്റു മിന്നുമിദ്ദിവ്യമഹസ്സല്ലോ
ബാലദിവാകരദേവബിംബം?
കൈകളുയർത്തുവിൻ! കണ്ഠം കുനിക്കുവിൻ!
കൈവല്യമൂർത്തിയെക്കുമ്പിടുവിൻ!

ജ്യോതിർന്നേതാവേ! സവിതാവേ! വിശ്വൈക-
ചൈതന്യദാതാവേ! മൽപിതാവേ!
സത്യപുമാനേ! ഭഗവാനേ! ഭാസ്വാനേ!
പ്രത്യക്ഷദൈവമേ! ലോകബന്ധോ!

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/53&oldid=173055" എന്ന താളിൽനിന്ന് ശേഖരിച്ചത്