താൾ:കിരണാവലി.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


ധർമ്മം ജയിപ്പതു, നശിപ്പതധർമ്മമെന്നു
നർമ്മത്തിനല്ല മറ പണ്ടരുൾചെയ്തതെങ്കിൽ
ശർമ്മത്തിനില്ല വഴി സർവവിരോധിയാമി-
ശ്ശർമ്മണ്യനാട്ടിനതു ഞങ്ങൾ ധരിച്ചിരിപ്പൂ.       

എന്നാലുമെത്രദിനമായിനിയെത്രകൂടി-
ച്ചെന്നാകിലാണവധി?യീയടർമിന്നൽ തട്ടി
മന്നാകമാനമൊരുപോലെ കരിഞ്ഞിടുന്നു;
നിന്നാണെ സത്യമിതു നീയറിയേണമമ്മേ!       

പോരാളിമെയ്ച്ചുടുനിണപ്പുഴയങ്ങൊരേടം;
തോരാതെയുള്ള മിഴിനീർപ്പുഴ മറ്റൊരേടം;
പാരായപാരിലൊരു പാതിവരയ്ക്കുമിന്നു
നീരാടിടുന്നു നിലവിട്ടിവ രണ്ടിലൊന്നിൽ.       

പാരിച്ചിടുന്ന പണമൊക്കെയുമിക്കടുത്ത
പോരിൽപ്പൊരിഞ്ഞു പുകയാകുക കാരണത്താൽ
പാരിങ്കലെങ്ങുമൊരുപോലെ നടന്നു ഘോര-
ദാരിദ്ര്യദേവത കളിച്ചു പുളച്ചിടുന്നു.       

കോയിക്കൽതൊട്ടു കുടിലോളവുമുല്ലസിക്കു-
മീയിൻഡ്യയമ്മയുടെ മക്കളിലെത്ര വീരർ
സ്ഥായിക്കണഞ്ഞരികൾ നിർത്തിന 'വല്യതോക്കിൻ'
വായിൽപ്പതിപ്പു ജനനിക്കഭിമാനമേകി!       

ഏതായിടട്ടെ തൊലി,യുള്ളൊരുപോലെയാണീ-
ശ്വേതാസിതർക്കു വിധി നല്കു‌വതെന്ന തത്വം
വീതാവലേപമടരിൽ ക്രിയകൊണ്ടു കാട്ടും
ഭ്രാതാക്കൾ നിങ്ങൾ ചരിതാർത്ഥരിലഗ്രഗണ്യർ!       

ഒറ്റശ്ശരീരമുയിരോ, പണസഞ്ചി കാശോ,
ചെറ്റങ്ങു പേറുകിലതിന്നവകാശലേശം
മറ്റല്പമാർക്കിവിടെയാംഗലചക്രവർത്തി-
യ്ക്കറ്റംവരെയ്ക്കുമടിയങ്ങളധീനരമ്മേ!       

ആ മാനി ജോർജ്ജന്യവരന്റെ കഴുത്തിലോമൽ-
പ്പൂമാലചേർത്തു ജയലക്ഷ്മി പുണർന്നിടാതേ
നാമാരു പിന്തിരിയു,മക്കടവെത്തുവോള-
മീമാതിരിക്കടരിനിൻഡ്യ തയാറുതന്നെ!       

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/25&oldid=173024" എന്ന താളിൽനിന്ന് ശേഖരിച്ചത്