Jump to content

താൾ:കിരണാവലി.djvu/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

<poem>

ചിത്തം തെളിഞ്ഞാലരനിമിഷം മതി; ചിത്തമിരുണ്ടാൽ യുഗങ്ങൾ പോരാ

വിസ്താരം ഹൃത്തിനു വായ്ക്കാതെയെങ്ങെങ്ങ ഹസ്താമലകം തിരഞ്ഞീല ഞാൻ?

എന്നിട്ടൊടുവിൽത്തെളിവുറ്റോരെന്മതി- യെന്നിലെദ്ദീപമെനിക്കു കാട്ടി

ഇന്നു ഞാൻ നിൽക്കുന്നു കാലുറച്ചൂഴിയി- ലെന്നൂടെ തത്വമറിഞ്ഞവനായ്

സോദരീ!ഞാൻ നിനക്കിപ്പോളരുളിന നൂതനജ്ഞാനവിലോചനത്താൽ

നോക്കുക വീണ്ടും നീ മുന്നിൽ, പരേതനാ- മിക്കുമാരൻ നിനക്കാരു വത്സേ?

മാതൃസുതബന്ധമെന്നതിനെന്തർത്ഥം? രോദിപ്പതേവ,ർക്കാരെന്തിന്നായി?

ഭീതിയും ശങ്കയും താപവും താഴ്ത്താതെ നീ തികച്ചും നിൻ സ്വയം‌പ്രഭയിൽ

മൂരിനിവർന്നെഴുനേൽക്കുക കല്യാണി പാരിടത്തിന്നു കെടാവിളക്കായ്!"

നിർവ്വാണപ്രാപകമീ വാഗമൃതമ- സ്സർവാർത്ഥസിദ്ധൻ സമന്തഭദ്രൻ

കാരുണ്യസിന്ധുവിൽനിന്നു ലഭിച്ചൊരാ- ത്താരുണ്യശാലിനിതൻ ഹൃദയം

നിശ്ചലം, മൃഷ്ടം, വികചം, വിശങ്കടം, സ്വച്ഛന്ദജ്ഞാനത്തിൻ സ്വസ്തികമായ്

ലാലസിച്ചീടവേ ചൊന്നാൾ പ്രത്യുത്തരം മൂലപ്രകൃതിപ്രതികൃതിയാൾ:

"സ്വാമിൻ! ജയിച്ചേൻ ഞാൻ; സ്വാമിൻ! ജയിച്ചേൻ ഞാൻ കാമിതം നേടിനേൻ കാരണാത്മൻ!

എൻകിടാവല്ലിതു; ഞാനിതിൻ തായല്ല; ശങ്കിനിയല്ല ഞാൻ; തപ്തയല്ല;

തത്വോപദേശത്താൽ ധന്യയായ്ത്തീർന്നേൻ ഞാൻ ശുദ്ധോദനാന്വയശുക്ലഭാനോ!

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/22&oldid=173021" എന്ന താളിൽനിന്ന് ശേഖരിച്ചത്