താൾ:കിരണാവലി.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


ഈയാംഗലേയരെയുമായവരോടെതിർക്കും
ഭൂയാതുധാനരെയുമൊന്നു തിരിച്ചുനോക്കി
നീയാർക്കിണങ്ങുമിവരിൽജ്ജയലക്ഷ്മിയെന്നായ്
ന്യായാവകാശവഴി തീർച്ചവരുത്തിയാലും.

ഏതോ നിനച്ചെവിടെയോ പെടുമേവനോ ചെ-
ന്നേതോ നൃപന്റെ സുതനെക്കൊലചെയ്തുപോലും!
ഏതോകണക്കിലുടനൂഴി തനിക്കു നേടാൻ
ചേതോഭിവാഞ്ഛ ബത ! കൈസറുമാർന്നുപോലും!

നൂറ്റിൽപ്പരം സമകൾ ചെന്നോരുടമ്പടിക്കു
കാറ്റിൽപ്പറപ്പൊരു വെറും കടലാസുതുണ്ടും
നീറ്റിൽപ്പതിഞ്ഞ വരയും സമമായി; വാക്കു
മാറ്റിപ്പറഞ്ഞിടുകിൽ മാനവുമായിതിപ്പോൾ!

പീരങ്കിയുണ്ടു; വെടിയുണ്ടകളുണ്ടു; ശാസ്ത്ര-
സാരം കിടക്കുമവിടെ,ബ്ബലമൊന്നു മാത്രം
പാരം കിരീടമണിവോർക്കവലംബമെന്ന-
ന്നേരം കിശോരമതി കൈസർ നിനച്ചുപോയി!

തഞ്ചാരെയെത്തിടുമരാതിയെ നോക്കി ലേശ-
മഞ്ചാതെകണ്ടബല ബെൽജിയഭൂമി ഹൃത്തിൽ
അഞ്ചാമനാകുമൊരു ജോർജ്ജിനെയോർത്തിരുന്നു
പാഞ്ചാലപുത്രി ഭഗവാൻ ഹരിയെക്കണക്കേ.

'പേടിക്കവേണ്ട സഖി! സിംഹപതാക മന്നി-
ലാടിക്കളിപ്പളവതിക്രമബാധയില്ല;
കൂടിക്കഴിച്ചിലിനു ഞാൻ വരു'മെന്നു ചൊല്ലി-
യീടിൽക്കടന്നടരിനാംഗലനാടുമെത്തി.

പാരല്പമെങ്കിലുമടക്കണമെന്നതല്ല;
ചോരത്തിളപ്പിൽ മിഴിമങ്ങൽ വളർന്നതല്ല;
പോരത്രമേൽ ദുരിതമെന്നറിയായ്കയല്ല;
ധീരർക്കു ധർമ്മരതി സൃഷ്ടിയിലുള്ളതല്ലോ.

ആരാണിതിങ്കലപരാധി? കുറെശ്ശെ യുക്തി
പോരാകിലപ്പുറവുമിപ്പുറവും കിടക്കും.
നേരാകമാനമൊരിടം; നെറികേടശേഷം
പാരാതെ മറ്റൊരിട;മിങ്ങനെയെങ്ങുമില്ല.

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/24&oldid=173023" എന്ന താളിൽനിന്ന് ശേഖരിച്ചത്