Jump to content

താൾ:കിരണാവലി.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഭാരതവർഷപ്രശസ്തിമന്ത്രത്തിന്നു
പാവനമാകും പ്രണവമായി

നില്ക്കും ചരിതാർത്ഥജന്മാവാം രാജർഷി,
ചിൽകുഹരത്തിലെസ്സിംഹസിംഹം;

മാരനെക്കൊല്ലാതെ കൊന്നോരു സർവജ്ഞൻ!
മാന്മിഴിയാൾ തോറ്റ ഗാഥിസൂനു;

ഭൂതകാരുണ്യത്തിൻ പുഷ്കലവിഗ്രഹം;
ഭൂതലത്തിൻ പൂർവപുണ്യഫലം;

ഹിംസാപിശാചിക്കു കൈകണ്ട മാന്ത്രികൻ;
സംസാരവ്യാധിക്കു ധന്വന്തരി;-

ദണ്ഡനമസ്കൃതി തേടുമദ്ദീനയാം
പുണ്ഡരീകാക്ഷിതൻ ബാഷ്പപൂരം

മുഗ്ദ്ധകാരുണ്യകടാക്ഷമാം നീലപ്പ-
ട്ടുത്തരീയത്താൽ തുടച്ചുമാറ്റി

നാരാചവിദ്ധമായ് നട്ടംതിരിഞ്ഞീടു-
മാ രാജഹംസത്തെക്കാത്തുകൊൾവാൻ

പണ്ടുഴറീടിന പാവമാം പാണി
രണ്ടുമുയർത്തിയാശിസ്സു നല്‌കി

കാതിണ കാതരയാമവളേകീടു-
മാതിഥ്യമേല്ക്കുവാൻ സജ്ജമാക്കി

ആസ്സംഘാരമശുകബ്രഹ്മം ശോഭിച്ചു
വാത്സല്യബാഷ്പസ്നപിതനേത്രൻ.


ഓതിനാൾ മന്ദം വിശാഖ: "ഭഗവാനേ!
മേദിനീവ്യോമത്തിൻ ഭാനുമാനേ!

അങ്ങയെച്ചൊല്ലിയിരിക്കുന്നു പേർത്തുമൊ-
രംഗനയന്യശരണമറ്റോൾ.

തൃക്കൺ പാർക്കേണമേ ജീവൻ പിരിഞ്ഞതാ-
മിക്കമ്രബാലകവിഗ്രഹത്തെ

ഡിംഭനാശത്താൽ മഹാത്മാവേ! മേലങ്ങേ-
ക്കുംഭദാസിക്കൂഴി കുംഭീപാകം!

അയ്യയ്യോ! നാരിമാർ ഞങ്ങളെശ്ശുദ്ധമേ
ഹൈയംഗവീനഹൃദയമാരായ്

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/18&oldid=173016" എന്ന താളിൽനിന്ന് ശേഖരിച്ചത്