താൾ:കിരണാവലി.djvu/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


രക്ഷിതാവങ്ങയേയോർക്കാതെയെൻ ജന്മം
കുക്ഷിംഭരിയായ്ത്തുലയ്ക്കാമെങ്കിൽ

കല്ലിന്നും പൂവിന്നും നന്ദിയില്ലെന്നു ഞാൻ
ചൊല്ലുന്നതിൽപ്പരം മൗഢ്യമുണ്ടോ?

എന്നെ ഞാൻ നന്നാക്കാനോർത്താൽ മതി, പിന്നെ-
യന്യവസ്തുക്കളും നേരെയാകും.

ശീമക്കമലമേ! റോസേ! നറുമുത്തേ!
കോമളമുന്തിരിസ്സത്തേ! വീണേ!

നൂനം ഭ്രാതാക്കളെ! നിങ്ങളെശ്ശാസിപ്പാൻ
ഞാനല്ലധികാരി; തെറ്റിപ്പോയി.

മാപ്പെനിക്കേകുവിൻ! നാമെല്ലാം നന്നാവാ-
നൊപ്പം കനിയട്ടെ ചിത്സ്വരൂപൻ.

കാവ്യപ്രഭാവം

തപമനവധി ചെയ്തു താന്തനായി-
ത്തനതുടജത്തിൽ വസിച്ചിരുന്ന ശുക്രൻ
ഭയദമൊരശരീരിവാക്കു കേട്ടാൻ
പ്രളയഘനാഘനഗർജ്ജനം കണക്കേ       1
                                      
"ബലി പടയിൽ മരിച്ചു;പേർത്തുമങ്ങേ-
പ്പെരുമ നിലച്ചു; ജയിച്ചു ദേവരാജൻ;
കഥയിനിയുമി തൊട്ടറിഞ്ഞതില്ലേ?
കവിയഥവാ പകലും കിനാവുകാണ്മോൻ!       2

കരുതുക കരണീയം" എന്ന വാക്യം
കടുവികടസ്ഫുടമുത്തരോത്തരോച്ചം
ജവമൊടു ഗഗനത്തിൽനിന്നുയർന്നു
ജലധിയിൽനിന്നു ഹലാഹലംകണക്കെ.        (യുഗ്മകം)3

മുഹരിതഹരിദന്തമാ വചസ്സിൽ
മുഖവുരയാം ചെറുവാക്യമൊന്നുമാത്രം
മുനിയുടെ ചെവിയിൽത്തറച്ചു മുറ്റും
മുനയൊരു മൂന്നുകലർന്ന വേലുപോലെ.       4

ഭൃശമുടനൊരു ഞെട്ടൽ ഞെട്ടി, വാനിൽ
ഭൃഗു നിലവിട്ടു പകച്ചു നോക്കിനിന്നു;
വിളറി കവിൾ; വിയർത്തു നെറ്റി; മങ്ങീ
മിഴി, ഗതചേതനനായി മാമുനീന്ദ്രൻ.       5

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/42&oldid=173043" എന്ന താളിൽനിന്ന് ശേഖരിച്ചത്