താൾ:കിരണാവലി.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

മുന്നാളത്തേതു ഹാ ഹാ! മുഴുതിക്തകവുമായ്
അക്കപീരിന്നു തോന്നി—അല്ല തോന്നിച്ചു സാക്ഷാൽ
മക്കവും ശ്രീകാശിയും വാണിടും മഹേശ്വരൻ.

ഒരു സുഹൃച്ചരമം

ദാരിദ്ര്യദാവശിഖി കത്തിയെരിഞ്ഞിടുന്നു;
ഭൂരിജ്വരച്ചുഴലി ചുറ്റിയടിച്ചിടുന്നു;
പാരിച്ച പാരിനുടെ ഭാവുകപാദപത്തിൻ-
വേരിൽക്കടന്നു വിധി വെണ്മഴുവെച്ചിടുന്നു!        1

ലോകം കിടന്നു കിഴുമേൽത്തകിടംമറിഞ്ഞു
ഭൂകമ്പഭൂതകരകന്ദുകമായിടുന്നു!
ഹാ! കഷ്ടമപ്പൊഴുതു പിന്നെയുമെന്തു കേൾപ്പൂ!
ശോകപ്പെരുങ്കടലിലേപ്പുതുവേലിയേറ്റം.        2

ഏതേതു ദുർവിഷമരുത്തുകൾ കാലഭോഗി-
യൂതേണമെങ്കിലവ നിന്നിൽ മുഴുക്കെയൂതി.
കാതേ! തുലഞ്ഞു തവ കന്മഷശക്തിയെന്നു
ഹാ! തേറി ഞാനഗതി; സംഗതി തെറ്റിയല്ലോ;        3

ഹാ! ഹാ! രസജ്ഞകവിപണ്ഡിതസാർവഭൗമ—
ശ്രീഹാരമധ്യമണി; ശിഷ്ടജനാഗ്രഗണ്യൻ;
വ്യാഹാരദേഹിയുടെ വത്സലഗർഭദാസൻ;
നീഹാരനിർമ്മലയശസ്സിനു നിത്യഗേഹം;        4

എൻ പന്തളക്ഷിതിധവൻ; കവിതാരസാല—
ക്കൊമ്പത്തു മിന്നിയൊരു കോകിലചക്രവർത്തി:
ഇമ്പത്തിൽ മാതൃമൊഴിയെക്കനകാഭിഷേക—
സമ്പന്നയാക്കിയ മഹാൻ; ചരിതാർത്ഥജന്മാ;        5

തേനായിടഞ്ഞ മൊഴി തൂകി മനീഷികൾക്കു
ഭൂ നാകമാക്കിയൊരു പുഷ്കലപുണ്യശാലി:
നാനാഗുണങ്ങളുടെ നർത്തനവേദി... ഹാ ഹാ!
ഞാനാരോടെന്തു പറയുന്നു—ചതിച്ചു ദൈവം!   (കുളകം)        6

ആയില്ല നാല്പതു വയ,സ്സഴലാർന്ന ദീന—
പ്പായിൽ കിടന്നതു പരശ്രുതി കേട്ടതില്ല;
തീയിൽപ്പതിച്ച ജലബിന്ദുവൊടൊപ്പമെങ്ങോ
പോയിക്കഴിഞ്ഞിതവിടുന്നതിനുള്ളിലയ്യോ!        7

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/13&oldid=173011" എന്ന താളിൽനിന്ന് ശേഖരിച്ചത്