വിക്കിഗ്രന്ഥശാല:ഗുണ്ടർട്ട് ലെഗസി പദ്ധതി
ജർമ്മനിയിലെ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ ഉള്ള ഹെർമ്മൻ ഗുണ്ടർട്ട് ഗ്രന്ഥശേഖരവും അനുബന്ധ ശേഖരങ്ങളും ഡിജിറ്റൈസ് ചെയ്ത് പൊതു ഉപയോഗത്തിനായി ലഭ്യമാക്കിയ പദ്ധതിയാണ് ഗുണ്ടർട്ട് ലെഗസി പദ്ധതി. ഇതിലൂടെ മലയാളഗ്രന്ഥങ്ങളിൽ നിന്നും 25000 ത്തോളം താളുകൾ യുണികോഡിലേക്ക് മാറ്റി ഗുണ്ടർട്ട് പോർട്ടൽ എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. കൂടാതെ പകർപ്പവകാശകാലാവധി കഴിഞ്ഞ മറ്റു നിരവധി ഗ്രന്ഥങ്ങളും ഈ സൈറ്റിൽ ലഭ്യമാണ്.
2018 നവംബർ 20 ൹ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയിലെ റീഡിങ് റൂമിൽ വെച്ചാണ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. കാൽ നൂറ്റാണ്ടോളം കേരളത്തിൽ നിന്നും മലയാളം പഠിക്കുകയും മലയാളത്തിന് നിഘണ്ടുവും വ്യാകരണവുമൊക്കെ രചിക്കുകയും ചെയ്ത ഹെർമൻ ഗുണ്ടർട്ട് 1859-ൽ ജർമനിയിലേക്ക് മടങ്ങുമ്പോൾ നിരവധി താളിയോലകളും പുസ്തകങ്ങളും കൈയെഴുത്ത് കൃതികളും ഒപ്പം കൊണ്ടുപോയിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം ഇവ ടൂബിങ്ങൻ യൂണിവേഴ്സിറ്റിയിൽ സൂക്ഷിച്ചിരിക്കയായിരുന്നു. സ്‌കറിയ സക്കറിയയാണ് ടൂബിങ്ങൻ സർവകലാശാലയിൽ ഗുണ്ടർട്ടിന്റെ രേഖാശേഖരം കണ്ടെത്തിയത്. മലയാളവുമായി ബന്ധപ്പെട്ട പുരാതന ഗ്രന്ഥങ്ങൾ ഡിജിറ്റൈസ് ചെയ്ത് പൊതുസഞ്ചയത്തിലാക്കി പ്രസിദ്ധീകരിക്കുന്ന സന്നദ്ധപ്രവർത്തകനും വിക്കിപീഡിയ ഉപയോക്താവുമായ ഷിജു അലക്സ് ടൂബിങ്ങൻ സർവകലാശാലാ ലൈബ്രറി അധികൃതരുമായി നടത്തിയ ചർച്ചകളുടെ ഫലമായാണ് ഈ പദ്ധതി നടപ്പിലായത്. തുടർന്ന് ഈ രേഖകൾ ടൂബിങ്ങൻ സർവകലാശാല തന്നെ ഡിജിറ്റൈസ് ചെയ്ത് പ്രസിദ്ധീകരിക്കുന്ന ഗുണ്ടർട്ട് ലെഗസി പദ്ധതിക്ക് 2013-ൽ തുടക്കമായി.
ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലെ യൂണിക്കോഡാക്കിയ ഉള്ളടക്കം താഴെയുള്ള പട്ടികയിൽ നിന്നും ലഭ്യമാണ്. സർവ്വകലാശാലയുടെ വെബ്സൈറ്റിൽ നിന്നും മലയാളഗ്രന്ഥങ്ങളുടെ വിവരങ്ങൾ കാണുവാൻ ഈ ലിങ്ക് ഉപയോഗിക്കുക. പദ്ധതിയിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.