ആൎയ്യവൈദ്യചരിത്രം/ഏഴാം അദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ആൎയ്യവൈദ്യചരിത്രം (ചരിത്രം)
രചന:പി. വി. കൃഷ്ണവാരിയർ
ഏഴാം അദ്ധ്യായം : ഹിന്തുക്കളുടെ ഭേഷജകല്പം

[ 94 ]

ഏഴാം അദ്ധ്യായം

ഹിന്തുക്കളുടെ ഭേഷജകല്പം


ഹിന്തുക്കളുടെ ഭേഷജകല്പം നവീനതത്ത്വാന്വേഷികൾക്ക് ഒരു അതിശയമാകുന്നു. അതിൽ അവർ സകലദ്രവ്യങ്ങളേയും ജാംഗമം, ഔൽബ്ഭിദം, പൎത്ഥിവം ഇങ്ങിനെ മൂന്നാക്കി തരം തിരിച്ചിരിക്കുന്നു. ഈ മൂന്നു വിധത്തിലുള്ള ദ്രവ്യങ്ങളുടേയും, ആരോഗ്യരക്ഷയ്ക്കും ശരീരശക്തിക്കും ആവശ്യമായ ആഹാരങ്ങളുടെയും ഗുണങ്ങൾ അവരുടെ ഈ കല്പത്തിൽ പൂൎണ്ണമായി വിവരിക്കപ്പെട്ടിട്ടുമുണ്ട്. ഈ തത്ത്വാൻവേഷണത്തിന്ന് അടിസ്ഥാനമായ സിദ്ധാന്തം എന്താണെന്നുവെച്ചാൽ, മേൽ പ്രകാരമുള്ള ജാംഗമമോ, ഔൽബ്ഭിദമോ, പാർത്ഥിവമോ ആയ ഏതൊരു ദ്രവ്യത്തിന്നും രസം, ഗുണം, വീൎയ്യം, വിപാകം, ശക്തി(പ്രഭാവം) എന്നീ അഞ്ചു ധൎമ്മങ്ങൾ ഉണ്ടെന്നുള്ള സംഗതിയാണു.

രസങ്ങൾ--മധുരം, അമ്ലം, ലവണം, തിക്തം, ഊഷണം (കടു), കഷായം ഇങ്ങിനെ ആറാകുന്നു. ഇവ [ 95 ] യിൽ മധുരം അമ്ലത്തേക്കാളും, അമ്ലം ലവണത്തെക്കാളും ഇങ്ങിനെ മുമ്പേമുമ്പേ പറയപ്പെട്ടവ പിന്നെപ്പിന്നെ ഉള്ളവയേക്കാൾ അധികമധികം ബലപ്രദങ്ങളാണു. അതിൽതന്നെ ആദ്യം പറഞ്ഞ മൂന്നു രസങ്ങൾ വാതത്തെ ശമിപ്പിക്കുന്നവയും, കഫത്തെ വർദ്ധിപ്പിക്കുന്നവയുമാണു. ശേഷമുള്ള മൂന്നെണ്ണം കഫത്തെ ശമിപ്പിക്കും; എന്നാൽ വാതത്തെ വർദ്ധിപ്പിക്കുകയും ചെയ്യും. കഷായം, തിക്തം, മധുരം ഈ മൂന്നു രസങ്ങൾ പിത്തത്തെ ശമിപ്പിക്കുന്നവയാണു; പക്ഷേ അമ്ലം, ലവണം, കടുകം എന്നിവ പിത്തവൃദ്ധികരങ്ങളുമാകുന്നു. മേല്പറഞ്ഞ ആറു രസങ്ങളിൽ ഓരോന്നിന്റേയും ഗുണങ്ങൾ ഓരോ വിധത്തിലാണു. അവയുടെ വിവരണം താഴേ കാണിക്കാം.

മധുരരസം സകലധാതുക്കളേയും പുഷ്ടി വരുത്തുന്നതും, മുലപ്പാൽ ധാരാളമുണ്ടാക്കുന്നതും, കണ്ണിന്നു നല്ലതും, ബലകരവും, കൃമികളെ വർദ്ധിപ്പിക്കുന്നതുമാകുന്നു. അതു ബാലന്മാൎക്കും, വൃദ്ധന്മാൎക്കും, ക്ഷതന്മാൎക്കും (മുറിയേറ്റവർ), ക്ഷീണന്മാൎക്കും ഹിതമായിട്ടുള്ളതാണു. അത് അധികമായി ശീലിച്ചാൽ പ്രമേഹം, ഗണ്ഡമാല, അൎബ്ബുദം മുതലായ രോഗങ്ങളുണ്ടായിത്തീരുകയും ചെയ്യും.

അമ്ലം (പുളി) ദീപനത്തിന്നു നല്ലതും, രുചികരവുമാണു. അതു തൊട്ടാൾ തണുപ്പുള്ളതായി (ഹിമസ്പർശം) തോന്നും; പക്ഷെ ഫലത്തിൽ ചൂട് (ഉഷ്ണവീൎയ്യം) ആയിരിക്കുകയും ചെയ്യും. അതു പിന്നെ വാതശമനവും, ശോധനവും, ക്ലേദനവും (നുലവുണ്ടാക്കുന്നതു) ആകുന്നു. അത് മാത്രമായി ശീലിച്ചിരുന്നാൽ അതുതന്നെ തിമിരം, പാണ്ഡ് മുതലായ രോഗങ്ങൾക്കു കാരണമായിത്തീരുന്നതുമാണു.

ലവണം (ഉപ്പ്) ബലകരവും,ശോധനവും, പിത്തകഫങ്ങളെ വർദ്ധിപ്പിക്കുന്നതും,ശൈഥില്യകരവും (അയവുണ്ടാക്കുന്നത്) [ 96 ] സകല ശരീരാവയവങ്ങൾക്കും മാർദ്ദവമുണ്ടാക്കുന്നതും, സ്വേദനവും (വിയൎപ്പിക്കുന്നത്) ആകുന്നു. അധികമായി ഉപയോഗിച്ചാൽ അതു നര, കുഷ്ഠം, വിസർപ്പം മുതലായതെല്ലാം ഉണ്ടാക്കിത്തിൎക്കുന്നതാണു.

കടു (എരിവ്) ഉഷ്ണവും, കൃമിഘ്നവും, സ്തന്യഹരവും (മുലപ്പാലില്ലാതാക്കുന്നത്), നാസികയെ ശോഷിപ്പിക്കുന്നതുമാകുന്നു. അതു രുചിയെ വർദ്ധിപ്പിക്കുകയും, മേദസ്സിനെ ക്ഷയിപ്പിക്കുകയും ചെയ്യും. ഈവക ഗുണങ്ങളെല്ലാം ഉണ്ടെങ്കിലും അത് അധികമായി ശീലിച്ചുപോയാൽ തൃക്ഷ്ണ, ധാതുക്ഷയം, മോഹാലസ്യം, അരക്കെട്ട് പുറം മുതലായ പ്രദേശങ്ങളിൽ വേദന ഈവക ഉപദ്രവങ്ങളെല്ലാം ഉണ്ടാക്കിത്തീൎക്കും.

തിക്തം. (കയ്പ്) ശീതവീൎയ്യവും, തൃഷ്ണ, മോഹാലസ്യം, പനി, ചുട്ടുനീറൽ ഇവകളെ ശമിപ്പിക്കുന്നതും,ത്വൿപ്രസാദനവുമാകുന്നു. അതു രക്തസംബന്ധമായ രോഗങ്ങളെ ശമിപ്പിക്കുകയും, വാതത്തെ വൎദ്ധിപ്പിക്കുകയും ചെയ്യും. ഇതും മാത്ര കവിഞ്ഞു ശീലിച്ചിരുന്നാൽ ശിരശ്ശൂലയും (തലവേദന), വാതരോഗം, മുതലായതും ഉണ്ടായിത്തീരുവാനിടയുണ്ട്.

കഷായ (ചവർപ്പ്) രസം രോപണവും (വ്രണങ്ങളെ ഉണക്കുന്നതും), സംഗ്രാഹിയും (മലബന്ധമുണ്ടാക്കുന്നതും), ത്വൿപ്രസാദനവുമാകുന്നു. ഈ കഷായരസമായ ദ്രവ്യങ്ങൾതന്നെ നിയമേന ശീലിച്ചിരുന്നാൽ ദേഹത്തിന്നു സ്തംഭനവും, ആദ്ധ്മാനവും (വയർവീൎക്കുക), ഹൃദ്രോഗവും ഉണ്ടായിത്തീരും.

ഗുണം--എന്നതു ദ്രവ്യനിഷ്ഠമായ ഒരു ധൎമ്മമാകുന്നു. ഏതെങ്കിലും ഒരു ദ്രവ്യത്തെ അകത്തോ പുറത്തോ ഉപയോഗിച്ചാൽ ഒരു പ്രത്യേകഫലം കാണുന്നത് അതിന്റെ സഹജമായ ഏതൊരു ധൎമ്മത്താലോ അതിനെയാണു "ഗുണം" എന്നു പറയുന്നത്. [ 97 ]

ഈ ഇന്ത്യ വളരെ വിസ്തീൎണ്ണവും ഫലപുഷ്ടിയുള്ളതുമായ ഒരു രാജ്യമാണെന്നുമാത്രമല്ല, ഇവിടെ, മുമ്പൊരിക്കൽ പ്രസ്താവിച്ചപ്രകാരം, കൊല്ലത്തിൽ എല്ലാ ഋതുക്കളുടേയും ഗുണങ്ങൾ ശരിയായി അനുഭവിക്കുന്നതുമുണ്ട്. ഈ ഒരു സംഗതികൊണ്ട് ഇവിടെ സകലസസ്യവൎഗ്ഗങ്ങളും സമൃദ്ധിയായി ഉണ്ടാകുന്നു. പ്രാചീനാൎയ്യന്മാർ അവരുടെ ദൃഷ്ടിയിൽപെട്ട സകലദ്രവ്യങ്ങളേയും പ്രത്യേകം പരിശോധിക്കുകയും, പഠിക്കുകയും, അതിന്നുശേഷം അവയെ എല്ലാം ഓരോ ഗണങ്ങളാക്കി തരം തിരിക്കുകയും ചെയ്തിട്ടുണ്ട്. ചരകൻ അങ്ങിനെ പതുപ്പത്തെണ്ണം കൂടിയ അമ്പതു "ഗണങ്ങളെ" കാണിക്കുകയും, "ഒരു സാധാരണ വൈദ്യന്ന് അതുതന്നെ ആവശ്യത്തിന്നു മതിയാകു"മെന്നു പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ ആ കൂട്ടത്തിൽതന്നെ, "ഗണങ്ങളുടെ സംഖ്യ എത്രയെങ്കിലും വൎദ്ധിപ്പിക്കാം" എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതുപോലെതന്നെ സുശ്രുതനും ൭൬0 ദ്രവ്യങ്ങളെ അവയുടെ ചില സാധാരണ ഗുണങ്ങൾക്കനുസരിച്ച് ൩൭ ഗണങ്ങളാക്കി തിരിച്ചുവെച്ചിരിക്കുന്നു. വേറെയുള്ള ഗ്രന്ഥകാരന്മാർ ഇതിലെക്കു പിന്നെ കുറേക്കൂടി കൂട്ടിചേൎത്തിട്ടുണ്ട്. ഇങ്ങിനെ ഈവകയെല്ലാംകൂടി ഇന്ത്യയിൽ വളരെ മുഖ്യമായ ഒരു ഭേഷജശാസ്ത്രമായിത്തീർന്നിരിക്കുന്നു. ഇതിന്നൊക്കെ പുറമെ അവർ ദ്രവ്യങ്ങളെ ശേഖരിക്കേണ്ടതിന്നുള്ള ശരിയായ ഋതുക്കളേയും, അതാതിന്നുള്ള പ്രത്യേകഗുണങ്ങളുണ്ടായിത്തീരുവാൻ തക്കവണ്ണം അവയുടെ വളൎച്ചയ്ക്കു വേണ്ടിവരുന്ന കാലത്തേയും, അവയെ എടുക്കേണ്ടുന്ന പ്രദേശങ്ങളേയും, പിന്നെ അവയെക്കൊണ്ട് എന്തു കാട്ടേണമെന്നും അവയിൽനിന്നു സാരാംശങ്ങൾ എങ്ങിനെയാണു എടുക്കേണ്ടതെന്നും മറ്റുമുള്ള വിവരത്തേയും, പിന്നെ അതെല്ലാം സൂക്ഷിക്കേണ്ട സമ്പ്രദായത്തേയും വളരെ വിശദമായി പറഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ഗ്രന്ഥകൎത്താക്ക [ 98 ] ന്മാർ പറഞ്ഞിട്ടുള്ള ചില ഗണങ്ങളെ താഴേ കാണിക്കാം:--

൧. അംഗമൎദ്ദപ്രശമനം (മേൽ നുറുങ്ങിനോവിനെ ശമിപ്പിക്കുന്നത്)--വിദാരിഗന്ധ (മൂവില) മുതലായത്.

൨. അനുലോമനം (മലങ്ങളെ അനുലോമിപ്പിക്കുന്നത്)--ഹരീതകി (കടുക്ക) മുതലായത്.

൩. അൎശോഘ്നം (മൂലക്കുരുവിനെ ശമിപ്പിക്കുന്നത്)--ഇന്ദ്രയവം (കുടകപ്പാലയരി) മുതലായത്.

൪. അശ്മരീഘ്നം (കല്ലടപ്പിനെ ഹനിക്കുന്നത്)--ഗോക്ഷുരം (ഞെരിഞ്ഞൽ) മുതലായത്.

൫. അവൃഷ്യം (ധാതുപുഷ്ടികരമല്ലാത്തത്)--ഭൂസ്തൃണം (പൂതണക്ക്) മുതലായത്.

൬. ആൎത്തവോല്പാദകം (ആൎത്തവത്തെ ഉണ്ടാക്കുന്നത്)--ജോതിഷ്മതി (ചെറുപുന്നയരി) മുതലായത്.

൭. കണ്ഡൂഘ്നം (ചൊറിയെ മാറ്റുന്നത്)--ചന്ദനം മുതലായത്.

൮. കണ്ഡൂരം (ചൊറിയുണ്ടാക്കുന്നത്)--കപികച്ശു (നായ്ക്കുറണ) മുതലായത്.

നു. കണ്ഠ്യം (കണ്ഠത്തിന്നു ഹിതം)--ബൃഹതി (ചെറു വഴുതിന) മുതലായത്.

൧0. കഫകരം (കഫത്തെ വർദ്ധിപ്പിക്കുന്നത്)--ഇക്ഷു(കരിമ്പ്) മുതലായത്.

൧൧. കഫഹരം (കഫത്തെ ശമിപ്പിക്കുന്നത്)--വിഭതകം (താന്നിക്ക) മുതലായത്.

൧൨. കാർശ്യകരം (മെലിച്ചിലുണ്ടാക്കുന്നത്)--ഗവേധു (കാട്ടുഗോതമ്പ്) മുതലായത്.

൧൩. കുഷ്ഠഘ്നം (കുഷ്ഠത്തെ ശമിപ്പിക്കുന്നത്)--ഹരിദ്ര (മഞ്ഞൾ) മുതലായത്. [ 99 ]

൧൪. കൃമികൃത്ത് (കൃമികളെ ഉണ്ടാക്കുന്നത്)--മങ്കുഷ്ഠം (മങ്കൊട്ടപ്പയർ) മുതലായത്.

൧൫. കൃമിഘ്നം. (കൃമികളെ നശിപ്പിക്കുന്നത്)--വിളംഗം (വിഴാലരി) മുതലായത്.

൧൬. ഗർഭസ്രാവി (ഗർഭത്തെ അലസിപ്പിക്കുന്നത്)--ഗൃഞ്ജനം (ഉള്ളി) മുതലായത്.

൧൭. ഗ്രാഹി (വായുവിനെ ശമിപ്പിക്കുകയും ശോഷിപ്പിക്കുകയും ചെയ്യുന്നത്)--ജീരകം മുതലായത്.

൧൮. ഛൎദ്ദിനിഗ്രഹണം (ഛർദ്ദിയെ നിഗ്രഹിക്കുന്നത്)--ഡാഡിമം (ഉറുമാമ്പഴത്തോടു) മുതലായത്.

൧നു. ഛേദനം (മലങ്ങളെ ഛേദിച്ചു കളയുന്നത്)--മരിചം (കുരുമുളകു) മുതലായത്.

൨0. ജ്വരഹരം (പനിയെ നിൎത്തുന്നത്)--പീലു (ഉക) മുതലായത്.

൨൧. തൃഷ്ണാനിഗ്രഹണം. (തൃഷ്ണയെ നിഗ്രഹിക്കുന്നത്)--ധാന്യം (കൊത്തമ്പാലരി) മുതലായത്.

൨൨. ദാഹകം (പൊള്ളിക്കുന്നത്)--ഭല്ലാതകം (ചേരു) മുതലായത്.

൨൩. ദാഹപ്രശമനം. (ചുട്ടുനീറ്റലിനെ ശമിപ്പിക്കുന്നത്)--ഉശീരം (രാമച്ചം)മുതലായത്.

൨ർ. ദീപനീയം. (ദീപനത്തിന്നു നല്ലത്)--പിപ്പലീ മൂലം (കാട്ടുതിപ്പലിവേർ) മുതലായത്.

൨൫. നിദ്രാകരം. (ഉറക്കമുണ്ടാക്കുന്നത്)--കാകജംഘീ (കറിച്ചൂലി) മുതലായത്.

൨൬. നിദ്രാഹരം. (ഉറക്കമില്ലാതാക്കുന്നത്)--ശിശ്രുബീജം (മുരിങ്ങക്കുരു) മുതലായത്.

൨൭. നീരോമകം (രോമമില്ലാതാക്കുന്നത്)--രാളം അ [ 100 ] ല്ലെങ്കിൽ സാലനിൎയ്യാസം (പയനിൽ പന്തം) മുതലായത്.

൨൮. പിത്തകരം (പിത്തത്തെ വർദ്ധിപ്പിക്കുന്നത്)--ത്വൿ (ഇലവങ്ങത്തൊലി) മുതലായത്.

൨നു. പിത്തഹരം. പിത്തത്തെ ശമിപ്പിക്കുന്നത്)--കമലം (താമര) മുതലായത്.

൩0. പുരീഷസംഗ്രഹണം (മലത്തെ തടയുന്നത്)--പ്രിയംഗു (ഞാഴൽപ്പൂവ്) മുതലായത്.

൩൧. പ്രജാസ്ഥാപനം (സന്തതി നശിക്കാതെ നിൎത്തുന്നത്)--വിഷ്ണുക്രാന്തി മുതലായത്.

൩൨. പ്രതിവാസം (ഗന്ധദ്രവ്യം?) കൎപ്പൂരം മുതലായത്.

൩൩. പ്രമാഥി (മഥനംചെയ്യുന്നത്)--ഹിംഗു (കായം) മുതലായത്.

൩ർ. പ്രസാവകം (പ്രസവിപ്പിക്കുന്നത്)--ബീജപൂരം (ഗണപതിനാരങ്ങ) മുതലായത്.

൩൫. ഭേദനം (മലത്തെ ഭേദിക്കുന്നത്)--കടുകാ (കടുകുരോഹിണി) മുതലായത്.

൩൬. മദകരം (ഭ്രാന്തുണ്ടാക്കുന്നത്)--ധുധൂരം (ഉമ്മത്ത്) മുതലായത്.

൩൭. മൂത്രവിരേചനീയം (മൂത്രത്തെ കളയുന്നത്)--കാശം (കുശവേർ) മുതലായത്.

൩൮. മൂത്രസംഗ്രഹണം (മൂത്രത്തെ തടയുന്നത്.)--പിപ്പലഛദം (അത്തിയാൽ) മുതലായത്.

൩ൻ. രസായനം (ധാതുക്കളെ സ്വസ്ഥിതിയിൽ നിൎത്തുന്നത്) ഗുൽഗുലു മുതലായത്

ർ0. രേചനം (വയറിളക്കുന്നത്)--ത്രിവൃത്തു (ത്രികോൽപ്പക്കൊന്ന) മുതലായത്. [ 101 ]

ർ൧. രോപണം (മുറികളെ ഉണക്കുന്നത്)--തിലം (എള്ള്) മുതലായത്.

ർ൨. ലാലാഘ്നം (വായിലെ വെള്ളമില്ലാതാക്കുന്നത്) ജാതീഫലം (ജാതിക്ക) മുതലായത്.

ർ൩. ലാലോല്പാദകം (വായിൽ വെള്ളമുണ്ടാക്കുന്നത് ) അകരാകരഭം മുതലായത്.

ർർ. ലേഖനം (മലങ്ങളെ മുറിച്ചു കളയുന്നത്--വച (വയമ്പ്) മുതലായത്.

ർ൫. വമനം (ഛൎദ്ദിപ്പിക്കുന്നത്)--മദനം (മലരക്കായ) മുതലായത്.

ർ൬. വർണ്യം (നിറം നന്നാക്കുന്നത്)--മഞ്ചിമഞ്ചെട്ടി) മുതലായത്.

ർ൭. വാജീകരം (ധാതുപുഷ്ടിയുണ്ടാക്കുന്നത്)--അശ്വഗന്ധ (അമുക്കുരം) മുതലായത്.

ർ൮. വാതകരം (വാതത്തെ വർദ്ധിപ്പിക്കുന്നത്)--നിഷ്പാവം (അമരക്ക) മുതലായത്.

ർൻ. വേദനാസ്ഥാപനം (വേദനയെ നിൎത്തുന്നത്)-- ശിരീഷം(നെന്മേനിവാക) മുതലായത്.

൫0. വിഷം--വത്സനാഭം മുതലായത്.

൫൧. വിഷഘ്നം (വിഷത്തെ ഹനിക്കുന്നത്) നിൎഗ്ഗുണ്ഡി (കരുനെച്ചി) മുതലായത്.

൫൨. വ്യവായി (വ്യാപനശീലം)--ഭംഗാ (കഞ്ചാവ്) മുതലായത്.

൫൩. ശമനീയം (ശാന്തത വരുത്തുന്നത്)--അമൃത്(ചിറ്റമൃത്) മുതലായത്.

൫ർ. ശിരോവിരേചനീയം (ശിരസ്സിൽനിന്ന് കഫം മുതലായതിനെ പുറത്തേക്കു കളയുന്നത്.)--അഗസ്തി(അഗത്തി) [ 102 ] മുതലായത്.

൫൫. ശീതപ്രശമനം (തണുപ്പിനെ കളയുന്നത്)--അഗരു (അകിൽ) മുതലായത്.

൫൬. ശുക്ലജനനം (ശുക്ലത്തെ വർദ്ധിപ്പിക്കുന്നത്)--ക്ഷീരകാകോളി മുതലായത്.

൫൭. ശുക്ലളം (ബലകരം)--ഋഷഭകം (എടവകം) മുതലായാത്.

൫൮. ശുക്ലശോധനം (ശുക്ലത്തെ ശുദ്ധിവരുത്തുന്നത്)--കുഷ്ഠം (കൊട്ടം) മുതലായത്.

൫ൻ. ശൂലപ്രശമനം (ശൂലത്തെ അല്ലെങ്കിൽ വയറ്റില് വേദനയെ ശമിപ്പിക്കുന്നത്)--അജമോദ( അയമോദകം) മുതലായത്.

൬0. ശോഫകരം (നീരുണ്ടാക്കുന്നത്)--സ്നുഹി (കള്ളി)മുതലായത്.

൬൧. ശോഫഹരം (നീരിനെ കളയുന്നത്) --അരണി (മുഞ്ഞ) മുതലായത്.

൬൨. ശ്രമഹരം (തലൎച്ചയെ തീൎക്കുന്നത്)--ദ്രാക്ഷ (മുന്തിരിങ്ങ) മുതലായത്.

൬൩. ശ്രോണിതസ്ഥാപനം (ചോരയെ നിൎത്തുന്നത്)--കേസരം (നാഗപ്പൂവ്വ്) മുതലായത്.

൬ർ. ശ്വാസഹരം (നീരിനെ കളയുന്നത്)--അരണി(മുഞ്ഞ) മുതലായത്.

൬൫. സങ്കോചനം (ചുരുക്കുന്നത്)--മായുഫലം(മായിക്ക അല്ലെങ്കിൽ മാശിക്ക) മുതലായത്.

൬൬. സമ്മോഹനം (ലഹരിയുണ്ടാക്കുന്നത്)--മദ്യം മുതലായത്.

൬൭. സഞ്ജീവസ്ഥാപനം (സംജ്ഞയെ നിലനിൎത്തുന്നത്) [ 103 ] --ജടാമംസി (ജടാമാഞ്ചി) മുതലായത്.

൬൮. സംശോധനം (ഛർദ്ദിപ്പിക്കുകയും, വയറിളക്കുകയും ചെയ്യുന്നത്)--ദേവദാളി(പെരും പീരം) മുതലായത്.

൬നു. സ്തന്യജനനം (മുലപ്പാലുണ്ടാക്കുന്നത്)--(ശതകുപ്പ) മുതലായത്.

൭0. സ്ഥൗല്യകരം (തടിയുണ്ടാക്കുന്നത്)--(പനസംചക്ക) മുതലായത്.

൭൧. സ്നേഹോപഗം (സ്നിഗ്ദ്ധതയുണ്ടാക്കുന്നത്)--വിദാരി (പാൽമുതുക്ക്) മുതലായത്.

൭൨. സ്രംസനം (മലത്തിന്ന് അയവുണ്ടാക്കുന്നത്)-- രാജതരു (കൊന്ന) മുതലായത്.

൭൩. സ്വരം (ഒച്ച നന്നാക്കുന്നത്)--മധുകം (ഇരട്ടിമധുരം) മുതലായത്.

൭ർ. സ്വേദോപഗം. (വിയൎപ്പിക്കുന്നത്)--പുനർന്നവ(തമിഴാമ) മുതലായത്.

൭൫. ഹിക്കാനിഗ്രഹം (എക്കട്ടിനെ ശമിപ്പിക്കുന്നത്)--ശടി (കരിക്കിഴങ്ങ്) മുതലായത്.

ചരകശിഷ്യനായ അഗ്നിവേശൻ ഔഷധദ്രവ്യങ്ങളെ, അവയ്ക്ക് രോഗശമനത്തിൽ വാസ്തവമായുള്ളതോ, ഉണ്ടെന്ന് ഊഹിക്കപ്പെടുന്നതോ ആയ ഗുണങ്ങൾക്കനുസരിച്ച് അഞ്ഞൂറിൽ കുറയാത്ത ഗണങ്ങളാക്കി എണ്ണിപ്പറഞ്ഞിരിക്കുന്നു. ഇതിൽ നിന്നും, വേറെ ചില ഗ്രന്ഥങ്ങളിൽ നിന്നും തിരഞ്ഞെടുത്തിട്ടാണു കുറെ ഗണങ്ങളെ മേൽ കാണിച്ചത്. ഇനി ഇന്ത്യയിലെ സസ്യങ്ങളുടെ പരിഭാഷ (സാങ്കേതികശബ്ദരീതി)യെ സംബന്ധിച്ചേടത്തോളം മുഖ്യമായി പറയുവാനുള്ള ഒരു സംഗതി, മിക്ക സംഗതികളിലും അവയുടെ പേരുകൾ ഒന്നെങ്കിലോ അവയുടെ ആകൃതിയെ അല്ലെങ്കിൽ പ്രകൃതിയെ (സഹജഗുണ [ 104 ] ത്തെ) വിവരിക്കുന്നവയായിരിക്കുമെന്നുള്ളതാണു. അതാതിന്ന് പ്രത്യേകമുള്ളതും പ്രധാനമായി കാണപ്പെടുന്നതുമായ ചില ദ്രവ്യസംജ്ഞകളെ താഴേ കാണിക്കാം.

(എ) ഒരു പ്രത്യേകചെടിക്ക് സംസ്കൃതത്തിൽ "ആഖുകൎണ്ണി" ("എലിച്ചെവി" എന്നു ഭാഷ) എന്നാണു പേരിട്ടിരിക്കുന്നത്. എന്നാൽ അതിന്നുള്ള സംഗതി, അതിന്റെ ഇലകൾക്ക് എലിയുടെ ചെവികളോടു സാദൃശ്യമുണ്ടെമ്മുള്ളതാകുന്നു.

(ബി) വയമ്പിന്റെ ഗന്ധം തീക്ഷ്ണമായിട്ടുള്ളതാകയാൽ അതിനെ "ഉഗ്രഗന്ധ" എന്ന് പറഞ്ഞുവരുന്നു.

(സി) ശംഖ്പുഷ്പത്തിന്റെ പൂക്കൾക്ക് പശുവിന്റെ ചെവികളോട് സാമ്യമുണ്ടെന്നു വെച്ചിട്ടുള്ളതിനാൽ, അതിന്നു "ഗോകൎണ്ണി" എന്നു പേർ കൊടുത്തിരിക്കുന്നു.

(ഡി) വത്സനാഭത്തിന്ന് അങ്ങിനെ ഒരു പേർ കൊടുത്തത് ആ വേർ [1]കാഴ്ചയിൽ വത്സനാഭി (കുട്ടികളുടെ പൊക്കിൾക്കൊടി) പോലെ ഇരിക്കുന്നതു കൊണ്ടാകുന്നു.

(ഇ) 'സാതല" എന്നു സംസ്കൃതത്തിലും "ചൎമ്മലന്ത" എന്നു ഭാഷയിലും പേർപറഞ്ഞുവരുന്ന സസ്യവിശേഷത്തിന്റെ കായ വെള്ളംകൂട്ടി തിരുമ്മിയാൽ വളരെ പതയുണ്ടാകുന്നതുകൊണ്ട് അതിനെ "ബഹുഫേനം" എന്നു പറയുന്നു.

(എഫ്) ചുകന്ന ആവണക്കിന്നു "ചിത്രബീജം" എന്നു പേരുണ്ട്. അതിന്നു കാരണം അതിന്റെ ബീജങ്ങൾ വെളുത്തതും, ചെമ്പിച്ചതും, കറുത്തതുമായ പുള്ളികളാൽ വ്യാപിക്കപ്പെട്ടിരിക്കുന്നു എന്നുള്ളതാണു.

(ജി) തൊട്ടാൽ വാടി എന്ന ചെടിക്കു "ലജ്ജാലു" [ 105 ] എന്നു പേരിട്ടിരിക്കുന്നു. അല്പമൊന്നു തൊട്ടുപോയാൽ നന്നെ ലജ്ജയുള്ളതുപോലെ അതിന്റെ ഇലകൾക്ക് സങ്കോചം (വാട്ടം) ഉണ്ടായിക്കാണുന്നതു കൊണ്ടാണു അങ്ങിനെ പേർ കൊടുക്കുവാനിടയായത്.

(എച്ഛ്) ഞെരിഞ്ഞിലിന്നു സംസ്കൃതത്തിലുള്ള പേർ 'ത്രികണ്ടകം' എന്നാകുന്നു. അതിന്നുള്ള കാരണം അതിന്റെ കായയ്ക്കു മൂന്നു കണ്ടകങ്ങൾ അല്ലെങ്കിൽ മുള്ളുകൾ ഉണ്ടെന്നുള്ളതാണു.

(ഐ) ഉമ്മത്തിന്ന് അതിന്റെ പുഷ്പങ്ങളുടെ ആകൃതിക്കനുസരിച്ച് "ഘണ്ടാപുഷ്പം" (മണിപോലെയുള്ള പൂക്കളോടു കൂടിയത്) എന്നു പേരിട്ടിരിക്കുന്നു.

(ഝെ) കൊന്നയ്ക്ക് 'ദീർഗ്ഘഫലം' എന്നു പേരുണ്ട്. അതിന്നുള്ള കാരണമെന്താണെന്നുവെച്ചാൽ, അതിന്റെ ഫലകോശത്തിന്നു വൃത്താകൃതിയും, ഏകദേശം രണ്ടടി നീളവും, ഒന്നുമുതൽ ഒന്നരയോളം അംഗുലം വ്യാസവുമുണ്ടെന്നുള്ളതുതന്നെ.

താഴേ പറയുന്നവ ഓരോ സസ്യവിശേഷത്തിന്റെ പ്രകൃതിയെ (സഹജഗുണത്തെ) വിവരിക്കുന്ന ചില ഔഷധസംജ്ഞകളാകുന്നു:--

(എ) വാതാമം [2] വാതസംബന്ധമായ രോഗങ്ങളെ ശമിപ്പിക്കുന്നതാകയാൽ അതിന്നു "വാതവൈരി" എന്നുപേർ പറയുന്നു.

(ബി) വിഴാലരിക്കു കൃമികളെ നശിപ്പിക്കുവാനുള്ള ശക്തിയുള്ളതുകൊണ്ട് അതിനെ "കൃമിഘ്നം" എന്നു പറയുന്നു.

(സി) തകര, ദദ്രു (ചിരങ്ങ്) എന്ന ത്വഗ്ദോഷത്തിന്നു വളരെ നല്ലതാണെന്ന് ഊഹിക്കപ്പെടുന്നതിനാലത്രെ അതിന്നു "ദദ്രുഘ്നാ" എന്നു പേർ കൊടുത്തിരിക്കുന്നത്. [ 106 ]

(ഡി) കല്ലൂർവഞ്ഞിയുടെ നീരിന്നു പാഷാണങ്ങളെ (കല്ലുകളെ) ഉരുക്കുവാനുള്ള ശക്തിയുണ്ടെന്നു പറയപ്പെടുന്നതിനാൽ അതിന്ന് "പാഷാണഭേദി" എന്നു പേർ പറഞ്ഞുവരുന്നു.

(ഇ) തമിഴാമയുടെ വേർ ഉപയോഗിച്ചാൽ നീരെല്ലാം വാർന്നുപോകുന്നതാകയാൽ അതിന്ന് "ശോഫഘ്നി" എന്നു പേരിട്ടിരിക്കുന്നു.

(എഫ്) കിരിയാത്തയ്ക്കു "ജ്വരാന്തകം" എന്നു പേർ കൊടുത്തിരിക്കുന്നു. എന്തെന്നാൽ, അതു ജ്വരത്തെ (പനിയെ) തടുക്കുമെന്നാണു ഊഹിക്കപ്പെട്ടിരുന്നത്.

(ജി) ചെന്മരം പ്ലീഹയെ സംബന്ധിച്ച രോഗങ്ങളെ നശിപ്പിക്കുന്നതാണെന്നു വെച്ചിരിക്കുന്നതിനാൽ അതിന്ന് "പ്ലീഹഘ്നം" എന്നു നാമം കൊടുത്തിരിയ്ക്കുന്നു.

(എഛ്) വിഭീതകം (താന്നിക്ക) ക്ഷയകാസത്തെ നശിപ്പിക്കുന്നതാകയാൽ അതിനെ "കാസഘ്നം" എന്നു പേർ വിളിച്ചുവരുന്നു.

(ഐ) ചേൎക്കുരുവിന്ന് "അരുഷ്കരം" എന്നാണു സംജ്ഞ വിധിച്ചിരിക്കുന്നത്. എന്തുകൊണ്ടെന്നാൽ അതിനെ ദേഹത്തിന്മേൽ എവിടെയെങ്കിലും ഉപയോഗിച്ചാൽ ആ ഭാഗം പൊള്ളുകയും "അരുസ്സുകൾ" അല്ലെങ്കിൽ വ്രണങ്ങളുണ്ടായിത്തീരുകയും ചെയ്യുന്നു.

(ജെ) കാട്ടുമുതിരയ്ക്ക് "ലോചനഹിത" എന്നു സംജ്ഞയുണ്ട്. കാഴ്ചയ്ക്കു ശക്തിയുണ്ടാക്കുവാനായി അതിന്റെ മണികൾ അരച്ചു തഴിയിടുമാറുള്ളതിനാലാണു അതിന്നു ഈ പേർ വന്നത്.

൩. വീൎയ്യം എന്നത് എല്ലാ ഔഷധങ്ങൾക്കും സഹജമായുള്ള അഞ്ചു ധർമ്മങ്ങളിൽ വെച്ചു മൂന്നാമതാകുന്നു. [ 107 ] ഇതിന്റെ ഒരു പരിജ്ഞാനംകൂടാതെ ഭേഷജകല്പത്തിലുള്ള പാണ്ഡിത്യം ഒരിക്കലും പൂൎത്തിയാകുന്നതല്ല. എല്ലാ ഔഷധദ്രവ്യത്തിന്റെയും വീൎയ്യം സൂൎയ്യന്റെയോ ചന്ദ്രന്റേയോ ബലത്തിനനുസരിച്ച് ഉഷ്ണമോ, ശീതമോ ആയിരിക്കുമെന്നാണു വിശ്വസിക്കുന്നത്. അതുകൊണ്ട് ഒരു ദ്രവ്യം "ഉഷ്ണവീൎയ്യ" മാണെന്നോ, അല്ലെങ്കിൽ "ശീതവീൎയ്യ"മാണെന്നോ, പറയപ്പെടുന്നു. ഉഷ്ണവീൎയ്യങ്ങളായ ദ്രവ്യങ്ങൾ ഭ്രമം (ചുഴൽച്ച), തൃഷ്ണ, അരതി, വിയൎപ്പ്, ചൂടും പുക എന്നിവയെ ഉണ്ടാക്കും; കുരയേയും വാതത്തേയും ശമിപ്പിക്കും; എന്നാൽ പിത്തത്തെ വർദ്ധിപ്പിക്കുകയും, ദഹനശക്തിയെ അധികമാക്കുകയും ചെയ്യും. ശീതവീൎയ്യങ്ങളായ ദ്രവ്യങ്ങളാകട്ടെ പിത്തത്തെ ശമിപ്പിക്കുകയും, വാതകഫങ്ങളെ വർദ്ധിപ്പിക്കുകയും, ചെയ്യുന്നതിന്നുപുറമെ, ശരീരശക്തിയേയും സുഖത്തെയും ഉണ്ടാക്കുകയും, രക്തത്തെ നന്നാക്കുകയും കൂടി ചെയ്യുന്നവയാകുന്നു. ചില സമയം ഒരു രോഗത്തിന്നു ചികിത്സിക്കുമ്പോൾ തത്തുല്യഫലത്തെ ചെയ്യുന്ന (അതിസാരേതിസരണമിത്യാദി) മരുന്നുതന്നെ പ്രയോഗിക്കേണ്ടിവരും. എങ്ങിനെയെന്നാൽ ആവകദിക്കിൽ സ്വതേ ഉഷ്ണാധിക്യത്താൽ സംഭവിച്ച വല്ല രോഗങ്ങളുമുള്ളവന്നു പുറമേ ഉഷ്ണമായും, എന്നാൽ വാസ്തവത്തിൽ ശീത വീൎയ്യമായുമുള്ള ഔഷധം കൊണ്ടും, അതുപോലെതന്നെ ശീതാൎത്തനായ രോഗിക്ക് പുറമേ ശീതമാണെങ്കിലും വീൎയ്യത്താൽ ഉഷ്ണമായിത്തന്നെ ഇരിക്കുന്ന ഔഷധം കൊണ്ടും ആണു ചികിത്സിക്കേണ്ടതെന്നു താല്പൎയ്യം. അതല്ലെങ്കിൽ അവിടെ പിന്നെത്തേ ഭവിഷ്യത്തു വളരെ ആപൽക്കരമായിരിക്കും. ഔഷധങ്ങൾ ഉഷ്ണവീൎയ്യങ്ങളെന്നോ, ശീതവീൎയ്യങ്ങളെന്നോ പറയുന്ന സംഗതിയിൽ ഹിന്തുക്കൾക്കു സാധാരണയായുള്ള വിശ്വാസം ഗ്രീസ്സിലെ വൈദ്യനായ ഗാലനും,പൂർണ്ണമായി പങ്കുകൊണ്ടിരിക്കുന്നു. അദ്ദേഹം ഉപദേശിക്കുന്നതെന്തെന്നാൽ [ 108 ] എന്നാൽ, ഒരു ദീനം ഉഷ്ണസ്വഭാവമോ അല്ലെങ്കിൽ ശീതസ്വഭാവമോ ആണെങ്കിൽ അതിന്നു വിപരീതഗുണങ്ങളോടുകൂടിയ ഔഷധമാണു അവിടെ പ്രയോഗിക്കേണ്ടതെന്നാകുന്നു.

ർ.വിപാകം എന്നത് ഒരു മരുന്നിന്നു ദേഹത്തിന്നുള്ളിൽ വെച്ച് ആഭ്യാന്തരോഷ്മാവിനാൽ ഉണ്ടാകുന്ന മാറ്റമാകുന്നു. ഒരു സാധനം വയറ്റിന്നുള്ളിൽ ചെന്നാൽ ജഠരാഗ്നിസംയോഗത്താൽ അതിന്നു അവയവഭേദം വരികയും. ചിലപ്പോൾ അതിന്റെ രൂപംതന്നെ മറ്റൊരു പ്രകാരത്തിലായിപ്പോകയും, അതോടുകൂടി ആ സാധനത്തിന്നുണ്ടാകുന്ന രാസഭേദം (Chemical change) നിമിത്തം സ്വതേയുള്ള കാൎയ്യശക്തികൂടി വളരെ വ്യത്യാസപ്പെട്ടുപോകയും ചെയ്യുന്നു. ദ്രവ്യത്തിന്ന് ഈ പ്രകാരമുണ്ടാകുന്ന മാറ്റത്തിന്നാണു "വിപാകം" എന്നുപറയുന്നത്. [3] മുൻപ്രസ്താവിച്ച ആറു രസങ്ങളുടേയും രാസഫലം (Chemical effect)അല്ലെങ്കിൽ "വിപാകം" മധുരമോ, അമ്ലമോ, അല്ലെങ്കിൽ കടുവോ ആയിരിക്കും. മധുരം, അമ്ലം, കടു ഈ മൂന്നു രസങ്ങൾക്കും വിപാകത്തിൽ സാധാരണയായി ഭേദം വരുന്നതല്ല; എന്നാൽ ലവണദ്രവ്യങ്ങൾ അപ്പോൾ മധുരങ്ങളായിത്തീരും; കഷായം, തിക്തം ഇവ കടുരസങ്ങളായിപ്പോകയും ചെയ്യും. എന്നാൽ, മറ്റു മിക്ക വിധികൾക്കുമുള്ളതുപോലെ ഇതിന്നും അപവാദങ്ങൾ (ഒഴിവുകൾ) ഉണ്ട്. അതിന്ന് ഒന്നോ രണ്ടോ ഉദാഹരണം പറയാം. ശാല്യന്നം സ്വതേ മധുരരസമാണു. എങ്കിലും അതു വിപാകത്തിൽ അമ്ലരസമായിത്തീരുന്നു. അതുപോലെതന്നെ കടുക്ക സ്വതേ കഷായരസമാണു. പക്ഷേ അതു വിപാകത്തിൽ മധുരരസമായിത്തീരുന്നു. മധുരമായ ഒരു വിപാകം കഫത്തെ വൎദ്ധിപ്പിക്കുമെങ്കിലും വാതപിത്തങ്ങളെ ശമിപ്പിക്കും; അമ്ലമായ [ 109 ] വിപാകം പിത്തത്തെ വൎദ്ധിപ്പിക്കും; പക്ഷേ വാതകഫങ്ങളെ ശമിപ്പിക്കും; കടുവിപാകമാകട്ടെ വാതോപദ്രവങ്ങളെ വൎദ്ധിപ്പിക്കുകയും കഫപിത്തങ്ങളെ ശമിപ്പിക്കുകയും ചെയ്യും.ഏതദ്ദേശിയന്മാരായ ഔഷധശാസ്ത്രജ്ഞന്മാർ (Pharmacody-namics) ഓരോ ഔഷധദ്രവ്യങ്ങൾക്ക് ശരീരത്തിന്നുള്ളിൽ ചെന്നാലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചു പറഞ്ഞിരിക്കുന്നു. ഒരു ഔഷധത്തിന്റെ ഗുണത്തേയും, അതിന്നുണ്ടാകുന്ന പാകഭേദങ്ങളേയും (രാസഭേദങ്ങൾ) തീൎച്ചപ്പെടുത്തുന്ന കാൎയ്യത്തിൽ പ്രാചീനന്മാർ, അതിന്റെ ഉല്പത്തിയിൽ പൃഥിവി, അപ്പ്, തേജസ്സ്, വായു, ആകാശം എന്നീ അഞ്ച് അവയവഭൂതങ്ങളിൽ വെച്ച് ഏതാണു പ്രധാനമായിരിക്കുന്നതെന്നു ആലോചിക്കുകയാണു ചെയ്തിട്ടുള്ളത്. ഈ പഞ്ചഭൂതങ്ങളിൽ വെച്ച് ക്രമത്തിൽ ഓരോന്നിന്നുള്ള പ്രത്യേക ഗുണങ്ങൾ ഗുരുത്വം, സ്നേഹം, ദാഹം രൂക്ഷത, സൂക്ഷ്മത എന്നിവയാകുന്നു. ഈ ഭൗതിക സിദ്ധാന്തം പ്ലേറ്റോ, ഹിപ്പാക്രെട്ടീസ്സ് പൈത്തഗോറസ്സ് എന്നവരുടെ സിദ്ധാന്തത്തോടു ശരിയായി യോജിച്ചിരിക്കുന്നു എന്നുകൂടി പ്രസംഗവശാൽ ഇവിടെ പറയാം. പക്ഷേ ഇവരിൽ ആദ്യം പറഞ്ഞ രണ്ടു കൂട്ടരും ആകാശത്തെ ഒരു ഭൂതദ്രവ്യമാക്കി കല്പിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ഒരു ഔഷധദ്രവ്യത്തിന്റെ ഉല്പത്തിയിൽ പല ഭൂതങ്ങളുടേയും താരതമ്യത്തെ തീൎച്ചപ്പെടുത്തുകയും, അതിന്നു പിന്നെ ശരീരത്തിന്നുള്ളിലുണ്ടാകുന്ന മാറ്റങ്ങളെ വിവരിക്കുകയും ചെയ്യുന്നതുകൊണ്ട് ഇന്ത്യയിലെ ഗ്രന്ഥകാരന്മാൎക്കു രാസവിഭാഗത്തിന്റേയും, പൃഥക്കരണരീതിയുടേയും കുറെ ഒരു പരിജ്ഞാനമുണ്ടായിരുന്നു എന്ന് ഊഹിക്കാം.

ഒരു ഔഷധത്തിന്നു രോഗശമനത്തിലുള്ള സാമർത്ഥ്യം ക്ലിപ്തപ്പെടുത്തുന്നത് അതിന്റെ വിപാകരസം കൊണ്ടല്ലാതെ, സ്വതേയുള്ള രസം കൊണ്ടല്ല വേണ്ടത്. [ 110 ]

ഈ പ്രഭാവം എന്നത് ഒരു ദ്രവ്യത്തിലിരിക്കുന്ന ഒരു പ്രത്യേക കൎമ്മശക്തിയാകുന്നു. ചില മരുന്നുകളുടെ രസം, ഗുണം, വീൎയ്യം വിപാകം ഇവയെല്ലാം ഒന്നായിരിക്കുമെങ്കിലും അവയെ പ്രയോഗിച്ചാൽ ഫലത്തിന്നു വളരെ ഭേദം കാണും. പുനൎമ്മുരിങ്ങയും, മുന്തിരിങ്ങയും രണ്ടും സ്വതേ മധുരമാണു; രണ്ടിന്നും ഗുരുത്വമെന്ന ഗുണമുണ്ട്; രണ്ടും ശീതവീൎയ്യമാണു; ജഠരാഗ്നി സംയോഗത്താലുണ്ടാകുന്ന മാറ്റവും, (വിപാകം) രണ്ടിന്നും തുല്യമാണു. അതായത് രണ്ടും മധുരമായിത്തന്നെ ഇരിക്കും; എങ്കിലും ദേഹത്തിന്നുള്ളിൽ ചെന്നാൽ അവ രണ്ടും ചെയ്യുന്ന കൃത്യം വളരെ ഭേദപ്പെട്ടുകാണുന്നു. എങ്ങിനെയെന്നാൽ പുനൎമ്മുരിങ്ങ മലത്തെ ബന്ധിക്കുന്നതായും (ഗ്രാഹി) മുന്തിരിങ്ങ മലത്തെ അയയ്ക്കുന്നതായും (സ്രംസി) തീരുന്നു. ദ്രവ്യനിഷ്ഠമായ ഈ വിശേഷത്തിന്നാണു "പ്രഭാവം" എന്നു പറയുന്നത്. ഇതുപോലെതന്നെ "ചിത്രക" വും (കൊടുവേലി) "ദന്തി" (നാഗദന്തി) യും കടുരസമാകുന്നു; ലഘുത്വമുള്ളതാണു; ഊഷ്ണവീൎയ്യമാണു; വിപാകത്തിൽ കടുരസവുമാകുന്നു. എങ്കിലും ചിത്രകം ദീപനത്തെ ഉണ്ടാക്കുകയും നാഗദന്തി ശക്തിയുള്ള ഒരു വിരേചനസാധനമായിത്തീരുകയും ചെയ്യുന്നു. ഇനി മേല്പറഞ്ഞ സംഗതികൾക്കധീനമല്ലാതെ തന്നെ ചില സാധനങ്ങൾ അവയുടെ "പ്രഭാവത്തെ"കാണിക്കുന്നുണ്ട്. അതിന്നൊരു ദൃഷ്ടാന്തം പറയാം. "സഹദേവി" (പൂവ്വാംകുറുന്തല) എന്ന ഔഷധത്തെ അതിന്നു വിധിച്ച ഒരു പ്രത്യേകമാതിരിയിൽ സമ്പാദിച്ചു തലയിൽ കെട്ടിയാൽ "വിഷമജ്വരം" മാറുന്നതാണെന്നു പറയപ്പെടുന്നു. എന്നാൽ സാധാരണ ഒരു മരുന്നായി അകത്തേക്ക് ഉപയോഗിക്കുന്നതായാൽ അതു ശമനവും, കയ്പ്പുരസമുള്ളതുമായ ഒരു ബല്ല്യൗഷധമായിരിക്കുകയും ചെയ്യും. അതിന്റെ നീർ പുറത്തേക്കുപയോഗിച്ചാൽ കുഷ്ഠവും, കാലപ്പഴക്കം ചെന്ന ത്വഗ്ദോഷങ്ങളും മാറു [ 111 ] മെന്നും ഊഹിക്കപ്പെട്ടിരിക്കുന്നു. ഈ വിശ്വാസത്തിന്മേലാണു ഫലങ്ങൾ, കല്ലുകൾ മുതലായ ചില വസ്തുക്കളുടെ "പ്രഭാവത്തെ" അല്ലെങ്കിൽ മാഹാത്മ്യത്തെപ്പറ്റി അറിവുള്ളവർ അവയെ ചില രോഗങ്ങൾക്കു പരിഹാരമായി ദേഹത്തിൽ ധരിച്ചുവരുന്നത്. പ്രപഞ്ചത്തിൽനിന്നൊക്കെ വേർപെട്ടിരിക്കുവാനുള്ള താല്പൎയ്യത്തോടുകൂടി വനാന്തരങ്ങളിൽ ചെന്നു താമസിച്ചു കാലം കഴിച്ചുവരുന്ന ചില സന്യാസിമാർ ദുർല്ലഭങ്ങളായ ഈവക ഔഷധങ്ങളുടെ അത്യാശ്ചര്യങ്ങളായ ഗുണങ്ങളെക്കുറിച്ചറിവുള്ളവരാണെന്നും, ഇവകൾ അവരുടെ ശരീരത്തേയും ആത്മാവിനേയും ഒരു പോലെ നിലനിൎത്തിക്കൊണ്ടുപോരുവാൻ മാത്രമല്ല, ആയുസ്സിനെ കുറെ അധികം കാലത്തോളം ദീൎഗ്ഘിപ്പിക്കുവാൻ കൂടി മതിയാകുന്നവയാണെന്നും പറയപ്പെടുന്നു. അനേകം ഔഷധങ്ങളുടെ പ്രഭാവത്തെക്കുറിച്ചുള്ള അറിവും അതോടുകൂടി ശ്വാസത്തെ നിയന്ത്രിക്കുന്ന ശീലവും (പ്രാണായാമം) അവൎക്കുള്ളതുകൊണ്ടാണു നമുക്കു കേവലം വിചാരിപ്പാൻകൂടി കഴിയാത്ത വിധമുള്ള ദീൎഗ്ഘായുസ്സ് അവർക്ക് കിട്ടുന്നതെന്ന് ഊഹിച്ചുവരുന്നു. ഈ വിദ്യ ഗുരു ശിഷ്യനുമാത്രം ഉപദേശിച്ചുകൊടുക്കുക എന്നുള്ള നിലയിൽ കൈമാറിവരുന്നതാകുന്നു. അങ്ങിനേ ഇത് ഇന്ത്യയിലെ ഔഷധദ്രവ്യങ്ങളുടെ ഗുണങ്ങളും സ്വഭാവവും എന്നുള്ള വിഷയത്തിൽ ഇതേവരെ ഒരിക്കലും എഴുതി വെച്ചിട്ടില്ലാത്തതും പരമ്പരയായി സിദ്ധിച്ചുവരുന്നതുമായ ജ്ഞാനത്തിന്നുള്ള ഒട്ടും ചെറിയതല്ലാത്തൊരു ഗ്രന്ഥമായിത്തീർന്നിരിക്കുന്നു.

ഇന്ത്യയിലെ ഭേഷജകല്പം വളരെ വിസ്തീൎണ്ണമാണെന്നു പരക്കെ സമ്മതിക്കപ്പെട്ടിട്ടുള്ളതാണു, എന്നാൽ ആൎയ്യവൈദ്യശാസ്ത്രത്തിന്റെ ഈ പ്രത്യേകശാഖയെ സംബന്ധിച്ചേടത്തോളം മുഖ്യമായി നോക്കേണ്ടുന്ന സംഗതി, ഇതു മറ്റുള്ള ആൎയ്യശാസ്ത്രങ്ങളെപ്പോലെയല്ലാതെ കുറേ ഒരു കാലത്തോളം വൎദ്ധിച്ചു [ 112 ] കൊണ്ടുതന്നേ വന്നിട്ടുണ്ടെന്നുള്ളതാണു. ഓരോ ഗ്രന്ഥകാരന്മാർ ക്ഷമയോടും സൂക്ഷമത്തോടും കൂടി ഒരു തത്വപരിശോധന കഴിച്ചശേഷം മുമ്പുള്ള സംഖ്യയിൽ പുതുതായി ചില ഔഷധങ്ങൾ കൂടി ചേൎക്കുകയും, അങ്ങിനെ അവർ ലോകത്തിന്ന് അനശ്വരമായ ഒരു ഗുണം വരുത്തിവെക്കുകയും ചെയ്തിട്ടുണ്ടെന്നു കാണുന്നു. ചില ഗ്രന്ഥകൎത്താക്കന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ പറയുന്ന ഔഷധദ്രവ്യങ്ങളെല്ലാം അവർ കൂലങ്കഷമായി പരിശോധിക്കുകയും, വളരെ കാലത്തോളം ഫലം സിദ്ധിച്ചു കണ്ടിട്ടുമാത്രം ഉപയോഗിക്കുവാൻ വിധിക്കുകയും ചെയ്തിട്ടുള്ളതാണെന്നു ബലമായി പറയുന്നു. ഓരോ ഗ്രന്ഥകാരന്മാരും അവരവരുടെ "സരസ്വതീപ്രസാദം പോലെ"യാണു വിഷയത്തെ പ്രതിപാദിച്ചിട്ടുള്ളത്. അഗ്നിവേശന്റേയും സുശ്രുതന്റേയും വിഭാഗത്തെക്കുറിച്ച് ഇതിൽ മുൻപൊരിക്കൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതിൽ വെച്ചു സുശ്രുതൻ തന്റെ പ്രമാണഗ്രന്ഥത്തിന്റെ ൩൯-ാം അദ്ധ്യായത്തിൽ ഔഷധദ്രവ്യങ്ങളെയെല്ലാം അവയ്ക്കു രോഗശമനത്തിലുള്ള ശക്തിക്കനുസരിച്ചു ഗണങ്ങളാക്കി തിരിക്കുകയും, ഓരോ രോഗത്തിന്നുതന്നെ പത്തുമുതൽ ഇരിപത്തഞ്ചുവരെ ഔഷധങ്ങളെ വിധിക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യന്മാർ അവൎക്ക് ഉപയോഗിക്കേണ്ടുന്ന മരുന്നുകളെ തിരിച്ചറിയുവാൻ കഴിയുന്നവരായിരിക്കേണമെന്ന് അദ്ദേഹം പ്രത്യേകം ഉപദേശിച്ചിരിക്കുന്നു. അവർ തന്നെ നേരിട്ടു കാടുകളിൽ പോയി അവിടങ്ങളിൽ പരിചയമുള്ള ആട്ടിടയന്മാർ, പശുപാലന്മാർ, വഴിയാത്രക്കാർ, വേടന്മാർ എന്നിവരുടേയും മറ്റും സഹായത്തോടുകൂടി ഭേഷജങ്ങളെ അവ പൂക്കുന്ന കാലത്തു സമ്പാദിച്ചുകൊള്ളണം. എന്നാൽ, വല്ല പുഴുക്കുത്തുള്ളതോ, പുറ്റിന്നു സമീപം, ശ്മശാനഭൂമി, വളരെ ഉപ്പുള്ള നിലം ഈ വക ദിക്കുകളിലെങ്ങാനും ഉണ്ടായിട്ടുള്ളതോ ആ [ 113 ] യ ഔഷധങ്ങൾ വല്ലതും സ്വീകരിച്ചു പോകാതിരിപ്പാൻ പ്രത്യേകം മനസ്സിരുത്തുകയും വേണം. നാനാദ്രവ്യങ്ങളുടേയും ഗുണങ്ങളെ അടിസ്ഥാനാമാക്കീട്ടുള്ള ചരകന്റെ വിഭാഗത്തെക്കുറിച്ചും ഇതിൽ മുമ്പു പറകയുണ്ടായിട്ടുണ്ടല്ലോ. വഗ്ഭടൻ അദ്ദേഹത്തിന്റെ പ്രസിദ്ധകൃതിയുടെ 15-ാം അദ്ധ്യായത്തിൽ സുശ്രുതന്റെ രീതിയാണു പിടിച്ചിട്ടുള്ളത്. എങ്കിലും, അദ്ദേഹത്തിന്റെ ചുരുക്കിപ്പറയുന്ന മാതിരിയുടെ ഒരു ഭംഗി അതിന്നു പ്രത്യേകമുള്ളതുതന്നെയാണു. "ധൻവന്തരി നിഖണ്ഡു"കാരന്റെ ഗതി ചരകൻ പോയ വഴിക്കുതന്നെയാണു. എന്നാൽ ഈ ഒരു വ്യത്യാസമുണ്ട്. ചരകൻ ഒരു മരുന്നുതന്നെ പല രോഗങ്ങളുടെ ചികിത്സയിലും പറഞ്ഞിട്ടുണ്ട്. നിഘണ്ഡുകാരനാകട്ടെ ആ വക പുനരുക്തിയെല്ലാം ഒഴിച്ചിട്ടുണ്ട്; ഇതാണു ഭേദം. ഈ കൃതിയും വളരെ പ്രാചീനമാണു. എന്നാൽ ഗ്രന്ഥകൎത്താവ് ആരാണെന്നു നിശ്ചയമില്ല. ചിലർ ഈ ഗ്രന്ഥത്തിന്റെ കൎത്താവ് ഇന്ത്യയിലെ വൈദ്യശാസ്ത്ര പ്രവൎത്തകനായ "ധൻവന്തരി" യാണെന്നു പറയുന്നുണ്ട്. പക്ഷേ അത് ഒരിക്കലും ശരിയാവാൻ തരമില്ല: എന്തുകൊണ്ടെന്നാൽ, ഈ ഗ്രന്ഥകാരൻ തന്റെ കൃതിയുടെ പ്രാരംഭത്തിൽ "ദേവന്മാരാലും അസുരന്മാരാലും ഒരുപോലെ പൂജിക്കപ്പെടുന്ന ദിവ്യനായ 'ധൻവന്തരി'ക്കു തന്റെ വന്ദനത്തെ പറയുന്നതായി" കാണുന്നുണ്ട്. ഇദ്ദേഹം തന്റെ അതിപ്രയത്നസിദ്ധമായ ഈ ഗ്രന്ഥത്തിൽ ധാതുക്കളെ ഒഴിച്ച് 373 ദ്രവ്യങ്ങളെക്കുറിച്ച് വിവരിച്ചെഴുതിയിരിക്കുന്നു.

ഔഷധദ്രവ്യങ്ങളെക്കുറിച്ച് എഴിതീട്ടുള്ള പിന്നത്തെ പ്രധാന ഗ്രന്ഥകൎത്താവു ലടകമിശ്രന്റെ പുത്രനായ ഭാവമിശ്രനാകുന്നു. ഇദ്ദേഹത്തിന്റെ ഒരു പ്രസ്താവം പൂൎവ്വഭാഗങ്ങളിൽ വന്നിട്ടുണ്ടല്ലോ. ഈ ഭാവമിശ്രൻ, "ധൻവന്തരിനിഘണ്ഡു"വിൽ കാണാത്തതായ "അഹിഫേനം" (അവീൻ അല്ലെങ്കിൽ കറുപ്പ്), "ഖാ [ 114 ] ഖസം" (കശകശ), "കൗസുംഭം"(ചപ്പങ്ങം), "മേഥിക" (ഉലുവ), "വാതവൈരി"(വദാമ) മുതലായി ഏകദേശം 150 ദ്രവ്യങ്ങളുടെ സംജ്ഞകളും, ഗുണങ്ങളും പറഞ്ഞിരിക്കുന്നു.

ഭാവമിശ്രനെ പിൻ തുടർന്നിട്ടുള്ളതു മദനപാലൻ എന്ന രാജാവാണു. അദ്ദേഹത്തിന്റെ "മദനവിനോദം" എന്ന ഗ്രന്ഥം ഏകദേശം ഭാവപ്രകാശന്റെ ഒരു രണ്ടാം പതിപ്പാണെന്നാണു പറയേണ്ടത്. ഏതായാലും ഇന്ത്യയിലെ സസ്യങ്ങളുടെ എണ്ണത്തിൽ അദ്ദേഹവും ചില പുതിയ പേരുകൾ കൂട്ടിച്ചേൎത്തിട്ടുണ്ടെന്നു കാണുന്നു. അവയിൽ ചിലത് "അകരാകരഭം" "ആഞ്ജിരം" (ആഞ്ഞിൽ), "ഹരിദ്രുമം" (മഞ്ഞക്കടമ്പ്) എന്നിവയാണു.

ഇദ്ദേഹത്തിനെ കാലത്തുതന്നെ കാശ്മീരരാജ്യത്തിൽ സിംഹപുരവാസിയായ ചന്ദേശ്വരന്റെ പുത്രനായി നരഹരി എന്നൊരു മഹാവിദ്വാനായ വൈദ്യനുണ്ടായിരുന്നു. അദ്ദേഹം "അഭിധാനചൂഡാമണി" അല്ലെങ്കിൽ "രാജനിഘണ്ഡു" എന്നുപേരായ ഒരു വിശേഷപ്പെട്ട പുസ്തകം എഴുതീട്ടുണ്ട്. ഇത് അക്കാലത്തുണ്ടായിരുന്ന കാശ്മീരരാജാവിന്റെ സഹായത്തോടുകൂടി എഴുതപ്പെട്ടതാണു. അതുനിമിത്തം ഇതു കഴിയുന്നേടത്തോളം ഉപയോഗപ്രദവും രസകരവുമാക്കിത്തീർക്കുവാൻ വേണ്ടുന്ന അദ്ധ്വാനമൊക്കെ ചെയ്തിട്ടുണ്ടെന്നും കാണുന്നു. ഈ നരഹരി ജനിച്ചകാലം കൃത്യമായി അറിയപ്പെട്ടിട്ടില്ലെങ്കിലും, ചില ഗ്രന്ഥകാരന്മാർ ഇദ്ദേഹം ക്രിസ്താബ്ദം ഏഴാം നൂറ്റാണ്ടിലാണു ജീവിച്ചിരുന്നതെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. ഇദ്ദേഹത്തിന്റെ ഗ്രന്ഥം ഔഷധദ്രവ്യങ്ങളെ അവയുടെ ഗുണവിശേഷങ്ങളോടുകൂടി വിവരിക്കുന്ന ഒരു നിഘണ്ഡുവാകുന്നു. അതുകൂടാതെ, അദ്ദേഹം മണ്ണിന്റെ പല തരങ്ങളേയും, അനേകവിധത്തിലുള്ള ഔഷധദ്രവ്യങ്ങളുടെ കൃഷിക്കുപറ്റിയ നിലങ്ങളുടെ സ്വ [ 115 ] ഭാവത്തേയും, വൃക്ഷങ്ങൾ- ലതകൾ- തൈലങ്ങൾ- സസ്യങ്ങൾ- മൂലങ്ങൾ- ശാകങ്ങൾ- ഫലങ്ങൾ ഇവയുടെ തരം ഭേദങ്ങളേയും, ശുദ്ധവും ഓരുള്ളതുമായ ജലങ്ങളുടെ ഗുണങ്ങളേയും വിവരിച്ചിട്ടുണ്ട്. അതിന്നൊക്കെ പുറമേയും അറിയേണ്ടുന്ന സംഗതികളെല്ലാം അതിൽ അദ്ദേഹം പ്രതിപാദിച്ചിരിക്കുന്നു. ഈ പുസ്തകം അതിപ്രയത്നസിദ്ധവും, ഇന്ത്യയിലെ വൈദ്യന്മാരാൽ വളരെ വിലവെയ്ക്കപ്പെട്ടിരിക്കുന്നതുമാകുന്നു. ദ്രവ്യങ്ങളെ വിഭജിക്കുന്നതിൽ ഈ ഗ്രന്ഥകൎത്താവ് അനുസരിച്ചിട്ടുള്ള ക്രമം ഇദ്ദേഹത്തിന്റെ പൂൎവ്വന്മാരുടെ രീതിയിൽനിന്നും വ്യത്യാസപ്പെട്ടിട്ടുള്ളതാണു. ഇദ്ദേഹം സസ്യവർഗ്ഗങ്ങളെ എല്ലാം വള്ളികൾ- വൃക്ഷങ്ങൾ- ചെടികൾ- പുല്ലുകൾ ഇങ്ങിനെ നാലാക്കി തരം തിരിക്കുകയും, പിന്നെ അവയിൽ ഓരോ ഭാഗം എങ്ങിനെയാണു മരുന്നാക്കി ഉപയോഗിക്കേണ്ടതെന്നു വിവരിയ്ക്കുകയും ചെയ്തിരിക്കുന്നു. ഈ ഗ്രന്ഥകൎത്താവു തന്റെ മുൻ ഗാമികളുടെ ഗ്രന്ഥങ്ങളിലൊന്നും കാണപ്പെടാത്തതായി ഏകദേശം നൂറോളം പുതിയ ഔഷധങ്ങളെക്കുറിച്ചു പറയുന്നുണ്ട്. അവയിൽ വെച്ച് ഏറ്റവും പ്രധാനമായവ "കണ്ഡൂരം" (വലിയപാവൽ), "ബ്രഹ്മദണ്ഡി", "ഝിംഝിര" (വട്ടൂരകം), "രുദന്തി" (ഉപ്പുവള്ളി), "രുദ്രാക്ഷം" എന്നിവയാകുന്നു.

നരഹരിയ്ക്കുശേഷം ഉണ്ടായ ശോധലൻ സ്വന്തം പേർവെച്ച് ഒരു ഭേഷജകല്പഗ്രന്ഥം എഴുതീട്ടുണ്ട്. ഇദ്ദേഹം ജാതികൊണ്ട് ഒരു ഗുജറാത്തിബ്രാഹ്മണനും, ഇദ്ദേഹത്തിന്റെ അച്ഛൻ നന്ദനൻ എന്നുപേരായ ഒരു വൈദ്യനുമായിരുന്നു. ഇദ്ദേഹത്തിന്റെ ഗ്രന്ഥം മുഖ്യമായി "ധൻവന്തരിനിഘണ്ഡു"വിനെ അടിസ്ഥാനപ്പെടുത്തീട്ടുള്ളതാണു. ഇദ്ദേഹം കാടുകളിൽ സഞ്ചരിച്ച് ചെയ്തിട്ടുള്ള അൻവേഷണത്തിന്റെ ഫലമായി ഏകദേശം എമ്പതോളം ദ്രവ്യങ്ങളെ തന്റെ ഗ്രന്ഥത്തിൽ പുതുതായി ചേൎത്തി [ 116 ] ട്ടുണ്ട്. അവയിൽ ചിലതു മാത്രം താഴെ കാണിക്കാം[4]

മാമഞ്ജക (Hipian orientali)

ജുല്ലപുഷ്പ (Byophytum sensitivum)

കീടമാരി (Aristojochia Bracteata)[5]

ഉൽകണ്ടക(Echinops echinatus)

ഭൃംഗരാജ (Eclipta abla)[6]

പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യം അഹമ്മദ്നഗരത്തിലെ മോരേശ്വരഭട്ടവൈദ്യൻ തന്റെ "വൈദ്യാമൃതം" എന്ന ഗ്രന്ഥത്തിൽ "ശീതബീജം"[7](സാലാമിസ്തിരി?) മുതലായി പേർഷ്യയിലെ ചില ഔഷധദ്രവ്യങ്ങളും കൂടി ചേൎത്തിട്ടുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കാശിയിലെ ഒരു പ്രസിദ്ധവൈദ്യൻ 'ആതങ്കതിമിരഭാസ്കരം' എന്നൊരു ഗ്രന്ഥമുണ്ടാക്കീട്ടുണ്ട്. അതു ചികിത്സാശാസ്ത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കൃതിയാണു. അതിൽ ഭേഷജകല്പാദ്ധ്യായത്തിൽ അദ്ദേഹം, പൂൎവ്വന്മാരുടെ ശ്രമംകൊണ്ടു സിദ്ധിച്ചതെല്ലാം എടുത്തുകാണിച്ചിട്ടുണ്ടെന്നു മാത്രമല്ല, അവയിൽ ചിലതിനൊക്കെ ഒരു പുതിയ വെളിച്ചം വരുത്തുകയും ചെയ്തിരിക്കുന്നു. ചായ, ഇദ്ദേഹം തന്റെ ഗ്രന്ഥത്തിൽ ചേൎത്തിട്ടുള്ള അല്പം ചില പുതിയ ദ്രവ്യങ്ങളുടെ കൂട്ടതിൽ ഒന്നാണു. അദ്ദേഹത്തിന്റെ പ്രപൗത്രനായ സൊഹാംജിവൈദ്യൻ വടക്കെ ഇന്ത്യയിലെ ഏറ്റവും [ 117 ] പ്രസിദ്ധന്മാരും വിദ്വാന്മാരുമായ വൈദ്യന്മാരിൽ ഒരാളായിരുന്ന ഈ മഹാൻ മരിച്ചത് ഇയ്യിടയിലാണു.

ഇതിന്നുശേഷം ഏകദേശം പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലായി, അതായത് 1867-ൽ, വാസുദേവഗോഡ്ബോൾ എന്ന പണ്ഡിതൻ തന്റെ "നിഘണ്ഡുരത്നാകരം" എന്ന പുസ്തകം പ്രസിദ്ധപ്പെടുത്തി. ഇതിൽ പ്രാചീനഗ്രന്ഥങ്ങളുടെയെല്ലാം ഒരു സംഗ്രഹമുള്ളതിന്നു പുറമെ, പൂൎവ്വഗ്രന്ഥകാരന്മാർ ആരും പറഞ്ഞിട്ടില്ലാത്ത ഏകദേശം അമ്പതോളം പുതിയ ഔഷധദ്രവ്യങ്ങളെ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുള്ളതിനാൽ ഇതു വളരെ പ്രചാരമുള്ള ഒരു പുസ്തകമാണു. ഇതിൽ കാണുന്ന പുതിയ പേരുകളിൽ ചിലതു താഴെ പറയുന്നവയാണു:--

എളിവകം(Aloes)=ചെന്നിനായകം?

അനന്നസം (Pine apple)=കൈതച്ചക്ക.

പേരുക (Guava)=പേരയ്ക്ക.

തമാഖു (Tobacco)=പുകയില.

പുഡിന (Mint)=ഓടത്തളം

മന്ദിക (Henna)

സീതാഫലം (Custard apple)=ആത്തച്ചക്ക.

ഇന്ത്യയിലെ ഔഷധദ്രവ്യങ്ങളൂടെ ഗുണങ്ങൾ അവയുടെ ജന്മഭൂമിയിൽ മാത്രമല്ല, മറ്റുരാജ്യങ്ങളിലും അറിയപ്പെട്ടിരുന്നു. ക്രിസ്താബ്ദത്തിന്ന് ഏകദേശം അഞ്ചു നൂറ്റാണ്ടു മുമ്പായി ഹിപ്പോക്രെട്ടീസ്സ് അദ്ദേഹത്തിന്റെ ഭേഷജകല്പത്തിൽ, അതിലും വളരെ പ്രാചീനകാലത്തുണ്ടായ സംസ്കൃതഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ള "തിലം" (എള്ള്) "ജടാമാംസി" (മാഞ്ചി), "കുന്ദുരു" (കുന്തുരുക്കം), "ശൃംഗിവേരം" (ചുക്ക്), "മരിചം" (കുരുമുളക്) മുതലായി ഇന്ത്യയിലുണ്ടാകുന്ന അനേകം ഔഷധികളെ വിധിച്ചിരിക്കുന്നതായി കാണുന്നു. ക്രിസ്താബ്ദം ഒന്നാം നൂറ്റാണ്ടിൽ ഡ [ 118 ] യോസ്കോറിഡസ്സ് എന്ന ഗ്രീക്കുവൈദ്യൻ, അക്കാലത്തു യൂറോപ്പിലെ അങ്ങാടികളിൽ വിൽക്കുവാൻ കൊണ്ടുചെന്നിരുന്ന ഇന്ത്യയിലെ അനേകം സസ്യങ്ങളുടെ ചികിത്സാ വിഷയത്തിലുള്ള ഗുണങ്ങളെല്ലാം വേണ്ടവിധത്തിൽ പരിശോധിക്കുകയും, അതിന്നുശേഷം അവയെ, വളരെ കാലത്തോളം ഒരു പ്രമാണഗ്രന്ഥമായി സ്വീകരിയ്ക്കപ്പെട്ടിട്ടുള്ള തന്റെ അനശ്വരമായ ഭേഷകല്പഗ്രന്ഥത്തിൽ എടുത്തെഴുതുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ യൂറോപ്യ ശാസ്ത്രം ഉപയോഗപ്രദങ്ങളായ അനേകം തത്വങ്ങളെ കണ്ടു പിടിച്ചതിന്നു കടപ്പെട്ടിരിക്കുന്ന ഗ്രന്ഥങ്ങളുടെ കൎത്താവായ ക്ലോഡിയസ്സു ഗാലൻ എന്ന ആൾ രണ്ടാം നൂറ്റാണ്ടിൽ അദ്ദേഹത്തിന്റെ കീൎത്തിപ്പെട്ട പുസ്തകം പ്രസിദ്ധപ്പെടുത്തി. ഉഷ്ണവീൎയ്യങ്ങളും, ശീതവീൎയ്യങ്ങളുമായ ഔഷധങ്ങളെക്കുരിച്ച് അതിൽ പ്രതിപാദിച്ചിട്ടുള്ള പ്രധാന സിദ്ധാന്തങ്ങൾ ഈ ഇന്ത്യയിൽ നിന്നു കടം വാങ്ങീട്ടുള്ളവയാണു. അവകൾ ഇപ്പോഴും ഇവിടെ നടപ്പുള്ളവയുമാണല്ലോ. സ്ത്രീകൾക്കുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് എഴുതീട്ടുള്ളതും ഗ്രീക്കുഭാഷയിൽ ഇപ്പോഴും കാണപ്പെടുന്നതുമായ ഗ്രന്ഥങ്ങളുടെ കൎത്താവും ക്രിസ്താബ്ദം അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആളുമായ മൊസോപ്പോട്ടൊമിയായിലെ എറ്റിയസ്സ് എന്ന വൈദ്യൻ ഇന്ത്യയിലുണ്ടാകുന്ന ഫലങ്ങൾ, ചന്ദനം, തേങ്ങകൾ എന്നിവയെ മാത്രമല്ല, വേറെ അനേകം ദ്രവ്യങ്ങളേപ്പറ്റിയും, പറഞ്ഞിട്ടുണ്ട്. റൂബാർബ്ബ് (Rhubarb)എന്ന ചെടിക്ക് ഉദരശോധന (Cathartic)ഗുണമുണ്ടെന്ന് ഒന്നാമതായി കണ്ടറിഞ്ഞ് ആയ്ക്കെന്നു പറയപ്പെടുന്നവനും, ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നവന്മായ പോളസ്സ് ഐജിനറ്റാ എന്ന ഐജിയൻ ദ്വീപിലെ വൈദ്യൻ അദ്ദേഹത്തിനെ കൃതിയിൽ ഇന്ത്യയിലെ ചില ഔഷധങ്ങളെ കുറിച്ചു പ്രസ്താവിച്ചിരിക്കുന്നു. എട്ടാം നൂറ്റാണ്ടിലും, ഒരു സമയം പിന്നെത്തെ ശതാബ്ദത്തിലും ഇന്ത്യക്കാർ ബെ [ 119 ] ഗ്ഡാഡിൽ ചെന്നു വൈദ്യന്മാരായിരിക്കുകയും, അവിടെ അവരുടെ ചികിത്സയ്ക്ക് ഇന്ത്യയിലുള്ള അനേകം ഔഷധങ്ങളെ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.

ആദ്യകാലങ്ങളിൽ അറേബിയായിൽ നിന്നും യൂറോപ്പിൽനിന്നും വന്നിരുന്ന രാജ്യസഞ്ചാരികൾ എഴുതിവെച്ചിട്ടുള്ള ചില ഗ്രന്ഥങ്ങളിൽ നിന്ന്, ഏകദേശം ആറാം നൂറ്റാണ്ടിൽ, അക്കാലത്ത് ഏറ്റവും പരിഷ്കൃതന്മാരും ഉത്സാഹശീലന്മാരുമായിരുന്ന അറബിക്കാർ അവരുടെ സ്വന്തരാജ്യത്തിൽ നിന്നും, ആപ്രിക്കയുടെ കിഴക്കേകരയിൽ കിടക്കുന്ന രാജ്യങ്ങളിൽ നിന്നും കച്ചവടത്തിന്നായി പല സാമാനങ്ങളും ഇന്ത്യയിലേക്കു കൊണ്ടുവരികയും, തെക്കെ ഇന്ത്യയിൽ ചേൎന്ന മലയാളക്കരയിൽ നിന്നു ഗന്ധദ്രവ്യങ്ങളും, മറ്റ് ഔഷധവസ്തുക്കളും അവരുടെ രാജ്യത്തേക്കു കൊണ്ടുപോകയും, അങ്ങിനെ യൂറോപ്പിലെ സമീപരാജ്യങ്ങളിലെല്ലാം ഇവയെപ്പറ്റിയുള്ള അറിവു പരത്തുകയും ചെയ്തിട്ടുള്ളതായി നമുക്കു കാണാം. ഈ സ്ഥിതി പിന്നേയും വളരെ കാലത്തോളം നിലനിന്നുകൊണ്ടിരുന്നു. അക്കാലത്തെല്ലാം ഇന്ത്യയിലെ വൈദ്യശാസ്ത്രത്തിന്റെ കീൎത്തി അത്യുച്ചസ്ഥിതിയിലുമായിരുന്നു. അക്കാലത്ത് ഇന്ത്യയിലുള്ള ഏതൊരു മുഖ്യമായ പട്ടണത്തിലും ഒന്നോ അധികമോ വൈദ്യപാഠശാലകളുണ്ടെന്നഭിമാനിക്കാമായിരുന്നു. അക്കാലത്ത് ഇവിടെ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ പുസ്തകങ്ങളിൽ പറയുന്ന ഔഷധങ്ങളെല്ലാം നേരിട്ടുകണ്ടു മനസ്സിലാക്കേണ്ടതിന്ന് തങ്ങളുടെ ഗുരുനാഥന്മാരൊന്നിച്ചു കാടുകളിൽ പോവുകയും പതിവായിരുന്നു. വൈദ്യന്മാരും അവരുടെ പ്രയത്നസാദ്ധ്യങ്ങളായ തത്വാൻവേഷണങ്ങളിൽ, രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലുമുള്ള മഹാന്മാരും അല്പന്മാരുമായ സകലരാജാക്കന്മാരാലും ധാരാളമായി പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. നാട്ടുരാജാക്കന്മാരിൽ നിന്ന് ഇങ്ങിനെ അവർക്ക് സഹാ [ 120 ] യം കിട്ടിയിരുന്ന കാലത്തോളം ഈ ശാസ്ത്രം പുഷ്ടിപ്പെട്ടുകൊണ്ടുതന്നെ വന്നിരുന്നു. പത്താം നൂറ്റാണ്ടിൽ മഹമ്മദീയരുടെ ആക്രമം മുതൽക്കാണു അതിന്റെ അധഃപതനം തുടങ്ങിയത്. രാജാക്കന്മാരുടേയും പ്രജകളുടേയും മനസ്സെല്ലാം ആ അക്രമികളുടെ പ്രവേശത്താൽ അസ്വസ്ഥമായിത്തീർന്നു. അവർക്കൊക്കെ ഈ അക്രമികളെ തടുക്കുന്നതിന്നുള്ള മാൎഗ്ഗങ്ങൾ ആലോചിക്കുകയായിത്തീൎന്നു കാൎയ്യമായിട്ടുള്ള പ്രവൃത്തി. ഇങ്ങിനെ രാജ്യത്തെങ്ങും സമാധാനമില്ലാതേയും ലഹളയുമായുള്ള ഒരു സ്ഥിതിയിൽ വേണ്ടവിധം ഉത്സാഹിപ്പിയ്ക്കാൻ ആരുമില്ലാതായതിനാൽ നാട്ടുവൈദ്യന്മാൎക്കു പിന്നെപ്പിന്നെ ഒരോ തത്വാൻവേഷണം നടത്തുവാനുള്ള താല്പൎയ്യം കുറഞ്ഞുപോയി എന്നു വരുന്നത് ഒട്ടും അസാധാരണയല്ലല്ലൊ. മേൽ വിവരിച്ചപ്രകാരം അവരുടെ പഠിപ്പിൽ അനുഭവയോഗ്യമായ ഒരു പ്രധാനഭാഗം മേലിൽ നിലനിൎത്തിക്കൊണ്ടുപോരുവാൻ നിവൃത്തിയില്ലാതെ വൈദ്യന്മാർ അവരുടെ പുസ്തകങ്ങളിൽ നിന്നു കിട്ടുന്ന അറിവുകൊണ്ടുമാത്രം തൃപ്തിപ്പെടുകയും, അവരുടെ സിദ്ധൗഷധനിർമ്മാണത്തിന്ന് ആവശ്യമുള്ള മരുന്നുകൾക്കായി വെറും മരുന്നുകച്ചവടക്കാരെത്തന്നെ ആശ്രയിക്കേണ്ടിവരികയും ചെയ്തു. മഹമ്മദീയരുടെ അധികാരം ഇന്ത്യയിൽ സ്ഥിരമായി സ്ഥാപിയ്ക്കപ്പെട്ട ശേഷം, ഇന്ത്യയിലെ വൈദ്യശാസ്ത്രത്തിന്നു കഠിനമായ ഒരു ഇളക്കം തട്ടി. എന്തുകൊണ്ടെന്നാൽ, അവർ ഇന്ത്യയിലേക്കു വന്നപ്പോൾ അവരുടെ ഒന്നിച്ചു "യൂനാനി" എന്നുകൂടി പേർ പറയപ്പെടുന്ന അയോണിയൻ (ഗ്രീക്ക്) ചികിത്സാ സമ്പ്രദായത്തെ അംഗീകരിച്ചുപ്പോരുന്ന ഹാക്കിംസ് എന്നു പറയുന്ന സ്വന്തവൈദ്യന്മാരെക്കൂടി കൊണ്ടുവന്നു. പിന്നെ മഹാരാജാക്കന്മാരുടെ സംരക്ഷണയിൽ ഈ മഹമ്മദവൈദ്യന്മാർ നാട്ടുവൈദ്യന്മാരുടെ നഷ്ടത്തിന്മേൽ അഭിവൃദ്ധിയെ പ്രാപിക്കുവാനിടയായി, എങ്കിലും മുഹമ്മദീയരുടെ [ 121 ] കൊട്ടാരങ്ങളിൽകൂടി, അവരുടെ വൈദ്യന്മാർ നിവൃത്തിയില്ലെന്നു കണ്ട് ഒഴിച്ചുവിട്ടിട്ടുള്ള അനേകം അസാദ്ധ്യരോഗങ്ങളെ നമ്മുടെ ആൎയ്യവൈദ്യന്മാർ തീരെ മാറ്റീട്ടുള്ളതായി ലക്ഷ്യങ്ങളിൽ കാണുന്നു.

മഹമ്മദീയരുടെ രാജ്യഭരണകാലത്ത് അറേബിയാ, പേൎഷ്യാ, അഫ്ഗാനിസ്റ്റാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കു ചില പുതിയ മരുന്നുകൾ കൊണ്ടുവന്നിട്ടുണ്ടെന്നു കാണുന്നു. ആ കൂട്ടത്തിൽ ഒന്നാണു കറുപ്പ്. ഇതു പടിഞ്ഞാറെ ഏഷ്യയിലുണ്ടാകുന്ന ഒരു സാധനമാണെന്നും അറിയുന്നു. അത് ഈ രാജ്യത്തേക്ക് ആദ്യം കൊണ്ടുവന്നത് അറേബിയായിൽ നിന്നാണു. പിന്നെ മുഹമ്മദീയരുടെ ആവിൎഭാവത്തോടുകൂടിയാണു ഇന്ത്യയിൽ ഇതിന്റെ പ്രചാരം ഇത്ര അധികമായത്. മുഹമ്മദീയൎക്കു മദ്യങ്ങളുപയോഗിക്കുന്നതു നിരോധമാകയാൽ അതിന്ന് ഇത് നല്ലൊരു പ്രതിവിധിയായിട്ടാണു അവർ കരുതിയിരിക്കുന്നത്. ശാൎങ്ഗധരനും, വാഗ്ഭടനും ഇത് ഒരു ഔഷധമാണെന്നു പറയുകയും, കറുപ്പുകൊണ്ടുണ്ടാകുന്ന വികാരങ്ങൾക്കു സൎപ്പവിഷത്താലുണ്ടാകുന്നവയോടു സാദൃശ്യമുള്ളതിനാൽ ഇത് ഒരു സമയം സൎപ്പത്തിന്റെ വായിലെ നുര കട്ടപിടിച്ചതാണെന്നു വിശ്വസിച്ചിട്ട് ഇതിന്ന് "അഹിഫേനം" (സൎപ്പത്തിന്റെ നുര) എന്നു പേരിടുകയും ചെയ്തിരിക്കുന്നു. അതിസാരം പഴകിയ രക്താതിസാരം ഇവയ്ക്കും, വേദനനിൽക്കുവാനും, ഉറക്കം ഉണ്ടാക്കുവാനും ഇതു കൊടുക്കുമാറുണ്ട്. സ്ക്രിബണസ്സു ലാർഗസ്സ് എന്ന ആൾ ഒന്നാം നൂറ്റാണ്ടിൽതന്നെ കറുപ്പിനെക്കുറിച്ച് അറിഞ്ഞിട്ടുണ്ടെങ്കിലും, യൂറോപ്പിലെ വൈദ്യന്മാർ ഇത് ഇന്ത്യയിലുള്ള വൈദ്യന്മാരിൽ നിന്നാണു ധരിച്ചിട്ടുള്ളതെന്നു തോന്നുന്നു. മഹമ്മദീയരാജ്യഭരണകാലത്ത് ഇന്ത്യയിലേക്കു കൊണ്ടുവരുവാനിടയായിട്ടുള്ള ചില ഔഷധദ്രവ്യങ്ങൾ താഴേ പറയുന്നവയാ [ 122 ] കുന്നു:--

ലു (Prunus Bocariensis)എന്നതു പിത്തസംബന്ധമായ രോഗങ്ങൾക്കും പനിക്കും ഉപയോഗപ്പെടുന്നതാണു.

ബാഡിയൻ (Blicium Anisatum) എന്ന മരുന്ന് പിത്തരോഗങ്ങൾക്കും മലബന്ധത്തിന്നും നല്ലതാണു.

യോസാബൻ(Viola Odorata) എന്ന മരുന്ന് ത്വഗ്ദോഷം, പിത്തോന്മാദം, പറങ്കി ഇവകൾക്കെല്ലാം ഉപയോഗപ്പെടുന്നതാണു.

ഗുളിഡാഡി (Chrysanthemum Roxburghii) [8] എന്നതു ശുക്ലദോഷത്തിന്നു നല്ലൊരു ഔഷധമായി ഉപയോഗിക്കപ്പെടുന്നു.

കുർബാ (Panitis Succinifer) എന്നത് ഉരുണ്ടുകയറുന്ന മാതിരിയിലുള്ള ഉപദ്രവങ്ങൾക്കൊക്കെ നല്ലതും, സമുത്തേജനീയവും (Stimulant) ആകുന്നു.

ർജ്ജുരം (Phoenix dactylifer)എന്നതു പുഷ്ടികരവും, പാനീയത്തിന്നുപയോഗിക്കപ്പെടുന്നതുമാകുന്നു.

മുസൽമാന്മാരുടെ രാജ്യഭാരം പിന്നെ ഇംഗ്ലീഷുകാർ കയ്യേറുകയും 19-ാം നൂറ്റാണ്ടിൽ അവരുടെ അധികാരം ഇന്ത്യയിൽ സ്ഥിരമായി ഉറയ്ക്കുകയും ചെയ്തു. ഇംഗ്ലീഷുകാരാകട്ടെ, അവരുടെ ഒന്നിച്ചു സ്വന്തം ഡാക്ടർമാരെ കൂട്ടിക്കൊണ്ടുവരികയും, അവർ യൂറോപ്പിലെ മരുന്നുകൾ വിധിക്കുകയും ചെയ് വാനിടയായി. ഇതിന്റെ മുമ്പിൽനിന്നു നാട്ടുമരുന്നുകൾ ക്രമത്തിൽ പിന്മാറുവാനും തുടങ്ങി. പാശ്ചാത്യ സമ്പ്രദായത്തിലുള്ള ആസ്പത്രികളും, ഔഷധ [ 123 ] ശാലകളും രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലും പരക്കുകയും, പാശ്ചാത്യന്മാരുടെ മരുന്നുകൾക്ക് ധാരാളം പ്രചാരം വരേണ്ടതിന്നു വേണ്ടതെല്ലാം ഗവൎമ്മേണ്ടിൽ നിന്നു സഹായിക്കുകയും ചെയ്തു. യൂറോപ്പിൽനിന്നു സകലവും തെയ്യാറാക്കി ഇവിടെക്കു കൊണ്ടുവരുന്ന മരുന്നുകളിൽ ജനങ്ങൾക്കു ക്രമേണ താല്പൎയ്യം അധികമായിത്തീൎന്നതോടുകൂടി നാട്ടുമരുന്നുകളെ നിന്ദിക്കുവാനും സംഗതിയായി. ഇന്ത്യയിലെ ഔഷധശാസ്ത്രത്തിന്ന് ഇതു വലിയൊരു കോട്ടമായിതീർന്നു എന്ന് ഇനി വിശേഷിച്ചു പറയേണ്ടതില്ലല്ലോ. എന്നാൽ യൂറോപ്പുരാജ്യം മുമ്പ് ഇന്ത്യയോടു കടം വാങ്ങീട്ടുള്ളത് ഇപ്പോൾ മടക്കിക്കൊടുക്കുക മാത്രമാണു ഈ ചെയ്യുന്നത്. എന്തെന്നാൽ, യൂറോപ്യന്മാരുടെ ഭേഷജകല്പത്തിൽ ഇന്ത്യയിലുണ്ടാകുന്ന അനേകം ഔഷധദ്രവ്യങ്ങൾ അടങ്ങീട്ടുണ്ട്. അവയിൽ ചിലതു താഴേ കാണിക്കാം:--

Acontium heterophyllum (അതിവിഷ)=അതിവിടയം.
Allium Cepa (പാലാണ്ഡു)=ഉള്ളി.
Acacia Catechu (ഖദിരം)=കരിങ്ങാലി.
Alhagi Maurorum (യവാസം)=കൊടിത്തുവ്വ.
Alstonia Scholaris (സപ്തപൎണ്ണം)=ഏഴിലം പാല.
Amomum elettarum (ഏലം)=ഏലത്തരി.
Andropogon nardus (ഉശീരം)=രാമച്ചം.
Andropogon Schoenanthus (കുടരണ)=ത്രികൊല്പക്കൊന്ന.
Artemisia Sternutatoria (അഗ്നിദമനി)=ചെറിയ കണ്ടകാരിച്ചുണ്ട.
Berberis Lycium (ദാരുഹരിദ്ര)=മരമഞ്ഞൾ.
Butea frondosa (പലാശം)=പ്ലാശ്.
Cassia Lanceolata (സൊന്നാമുഖി).
[ 124 ]
Cucumis Colocynthis (ഇന്ദ്രവാരുണി)=ചെറിയ കാട്ടുവെല്ലരി, പെക്കുമ്മട്ടി
Datura Alba. Datnra niger, etc. (ധത്തൂരം)=ഉമ്മത്ത്
Justicia Adhatoda (ആടരൂഷം)=ആടലോടകം
Luffa Amara (കടുകോഷ്ടകി)= പീരപ്പെട്ടി, കാട്ടുപീച്ചിൻ
Linum Usitatissimum (അത്രസി)=കാശാവ്
Mallotus Phillippiensis (കമ്പില്ലകം)=കമ്പിപ്പാല
Myrica Sapida (കൾഫലം)=കുമിഴ്
Ophelia Chiretta and Olphelia angustifolia (കിരാതം)=കിരിയാത്ത, പുത്തരിച്ചുണ്ട
Pimpinella Anisum (ശതപുഷ്പ)=ശതകുപ്പ
Pongamia glabra (കരഞ്ജം)=ഉങ്ങ്
Ptychotis ajowan (അജമോദം)= അയമോദകം
Ricinus Communis (ഏരണ്ഡം)= ആവണക്ക്
Salvinia cucullata (ഇന്ദുകൎണ്ണിക)=എലിച്ചെവി
Santaulum album and Santalum flavum (ചന്ദനം)=ചന്ദനം
Shorea robusta (അജകൎണ്ണം)=കരിമരുത്.
Strychhnos potatorum, strychnos Nuxvomica, etc. (കതഫലം)=തേറ്റാമ്പരൽ
Tinsopora cordifolia (ഗുളുചി)=ചിറ്റമൃത്
Valeriana Hardwickii (തഗരം)= തകരം
Wrightia antidysenterica (ഇന്ദ്രയവം)=കുടകപ്പാലയരി

ഹിന്തുക്കൾ പ്രാചീനകാലം മുതൽക്കു തന്നെ ജംഗമവൎഗ്ഗത്തിൽ നിന്നും കൂട്ടുകൂടാത്ത മരുന്നുകൾ എടുത്തുവരുന്നുണ്ട്. അവയുടെ സംഖ്യ വളരെ വലിയതാണു. അല്പം ചിലതു താഴെ കാ [ 125 ] ണിക്കാം:-

അസ്ഥി (എല്ല്)--കോലാടിന്റെ എല്ലു ചുട്ടുഭസ്മമാക്കി മറ്റുചില ദ്രവ്യങ്ങളോടുകൂടി ഒരു ലേപനദ്രവ്യമാക്കി നാളീവ്രണങ്ങൾക്കുപയോഗിക്കുമാറുണ്ട്. സമുദ്രഫേനങ്ങളും (Cuttlefish bones) മരുന്നിന്നുപയോഗിക്കപ്പെടുന്നവയാണു.

ദന്തം (പല്ല്)--ആനയുടെ പല്ലു ശുക്ലപ്രദരത്തിൽ ഉപയോഗിക്കുവാൻ വിധിച്ചിട്ടുണ്ട്.

ദുഗ്ദ്ധം (പാൽ) പുഷ്ടിയുണ്ടാക്കുന്നതും, ഓജോവൃദ്ധികരവുമാകുന്നു. മുലപ്പാൽ ലഘുവും, ബലപ്രദവും, നേത്രരോഗങ്ങൾക്ക് ധാരാളമായി ഉപയോഗിക്കപ്പെടുന്നതുമാണു. പശുവിൻ പാൽ ശുക്ലത്തെ വർദ്ധിപ്പിക്കും. എരുമപ്പാൽ അധികമായി ശീലിച്ചാൽ ഉറക്കം ധാരാളമുണ്ടാകും. ആട്ടിൻപാൽ മധുരവും ലഘുവുമാണെന്നു മാത്രമല്ല, ക്ഷയത്തിന്നും, രക്തരോഗങ്ങൾക്കും വിഹിതമായിട്ടുള്ളതുമാകുന്നു. കുറിയാടിന്റെ പാൽ ഉഷ്ണവും, തലരോമം വളരുവാൻ നല്ലതെന്നു ഊഹിക്കപ്പെടുന്നതുമാകുന്നു. പിടിയാനയുടെ പാൽ കണ്ണിൽദീനത്തിന്നും, പെൺകുതിരയുടെ പാൽ വാതത്തിന്നും ഉപയോഗിക്കപ്പെടുന്നതാണു. കഴുതയുടെ പാൽ ഉപ്പുരസമുള്ളതും, കുട്ടികൾക്കുണ്ടാകുന്ന കുരയ്ക്കു നല്ലതെന്ന് ഊഹിക്കപ്പെട്ടുവരുന്നതുമാകുന്നു. ഒട്ടകത്തിന്റെ പാൽ വിരേചനകരവും, മഹോദരം, വായുക്ഷോഭം, അപചീരോഗം ഇവകളിലെല്ലാം ഉപയോഗിക്കപ്പെടുന്നതുമാകുന്നു. ഓരോ ജീവിയുടെ പാലിന്റെ ഗുണം അതിന്റെ നിറത്തിന്റേയും, മേച്ചിൽസ്ഥലത്തിന്റേയും താരതമ്യം പോലെ ഭേദപ്പെട്ടിരിക്കുമെന്നു പറയപ്പെടുന്നു. പാലുകൊണ്ടുണ്ടാക്കുന്ന പ്രധാനസാധനങ്ങളിൽ--ദധി(തയിർ) അതിസാരത്തിന്നു നല്ലൊരു മരുന്നാകുന്നു. തക്രം (മോർ) ദാഹത്തെ തീൎക്കുന്നതാണു. നവനീതം (പുതുവെണ്ണ) മലബന്ധത്തിന്നു നല്ലതാണു ഘൃതം (ഉരുക്കിയ നെയ്യ്) ബല്യവും, [ 126 ] സ്നേഹവും, ശീതവുമാകുന്നു. സന്താനിക (പാട) ബലകരമാകുന്നു.

രളം (വിഷം)--സൎപ്പങ്ങളുടെ വിഷം മഹോദരത്തിന്നു കൊടുപ്പാൻ വിധിച്ചിട്ടുണ്ട്.

ത്വക്ക് (തോൽ)--പാമ്പുകൾ ഓരോ കാലത്ത് ഉപേക്ഷിക്കുന്നതായ "കഞ്ചുകം" (വള) പുഴുക്കടിക്കു നല്ലതും (കൃമിഹരം), വേറെ പലവിധത്തിലും മരുന്നാക്കി ഉപയോഗിക്കാവുന്നതുമാകുന്നു.

ജാലം (വല)--വീടുകളിൽ കാണുന്ന ചിലന്തിവല (മാറാല) ചോര നിൎത്തുവാൻ വളരെ ഉപയോഗപ്പെടുന്നതാണു.

ജീവത്തുക്കൾ (ജീവിച്ചിരിക്കുന്നവ)--മക്കുണം(മൂട്ട) മുതലായതിനെ വിഴുങ്ങിയാൽ നന്നാലാം പനി ശമിക്കുമെന്നാണു പറയപ്പെടുന്നത്. അതുപോലെതന്നെ ഛർദ്ദിക്കുവാൻ ഈച്ചയെ വിഴുങ്ങുന്നതും നല്ലതാണത്രെ.

കേശം (തലരോമം)--മനുഷ്യന്റെ തലരോമം കരിച്ച് ഭസ്മമാക്കി തോലിന്മേലുള്ള വ്രണങ്ങളിൽ പുരട്ടിയാൽ നന്ന്. അതിന്നു പുറമെ, സൎപ്പങ്ങളെ ആട്ടിപ്പായിക്കേണ്ടതിന്നും തലരോമം കരിക്കുമാറുണ്ട്.

ലാക്ഷ (അരക്ക്)-- ഇതു സ്ത്രീകൾക്ക് രക്തം അധികം പോകുന്ന ദിക്കിൽ ഉപയോഗമുള്ളതാണു.

ദം (ആനയ്ക്കു മദമുള്ള കാലത്തു ഗണ്ഡങ്ങളിൽനിന്ന് ഒലിക്കുന്ന ജലം) കാമവികാരത്തെ വർദ്ധിപ്പിക്കുന്നതിന്നു നല്ലൊരു മരുന്നാണു. അതുപോലെ തന്നെ മൃഗമദം (കസ്തൂരി) വാതോന്മാദത്തിലും, മറ്റു വാതരോഗങ്ങളിലും ഉപയോഗപ്പെടുന്നതാകുന്നു.

ധു (തേൻ) കൊഴുപ്പുള്ളതും, വിരേചനകരവും, അകത്തും പുറത്തും ഒരുപോലെ ഉപയോഗിക്കാവുന്നതുമാകുന്നു. ഹി [ 127 ] ന്തുവൈദ്യഗ്രന്ഥകാരന്മാർ എട്ടു വിധത്തിലുള്ള തേനുണ്ടെന്നു പറഞ്ഞിരിക്കുന്നു. അതായത്:--1 "മാക്ഷികം"--ഇതു, വലിയവയും പിംഗല വർണ്ണങ്ങളുമായ തേനീച്ചകളാൽ സംഭരിക്കപ്പെടുന്നതാണു. ഇതാണു തേൻ ജാതിയിൽ വെച്ച് ഏറ്റവും നല്ലതെന്നു വെച്ചിട്ടുള്ളത്. ഇതു പിത്തകാമിലയ്ക്കു നല്ലതാകുന്നു. 2 'ഭ്രമരം'--ഇതു സ്ഫടികം പോലെ വെളുത്തതും, രക്തപിത്തത്തെ ശമിപ്പിക്കുന്നതുമാകുന്നു. 3 'ക്ഷൗദ്രം'--ഈ ജാതി തേൻ പിംഗവൎണ്ണങ്ങളായ ചെറിയ തേനീച്ചകളാൽ ഉണ്ടാക്കപ്പെടുന്നതും, പ്രമേഹത്തിന്നു നല്ലതുമാകുന്നു. 4. 'പൗത്തികം'--ഇതു വളരെ ചെറുതായിട്ടുള്ള ഈച്ചകളാൽ ഉണ്ടാക്കപ്പെടുന്നതും, ഉഷ്ണവീൎയ്യവും, മൂത്രഗ്രന്ഥി മുതലായ ഉപദ്രവങ്ങളെ ശമിപ്പിക്കുന്നതുമാകുന്നു. 5. 'ഛാത്രം'--ഈ തരം തേൻ ഹിമാലയത്തിൽനിന്നു കിട്ടുന്നതാണു. അവിടെ ഇതുണ്ടാകുന്ന തേനീച്ചക്കൂട് ഏകദേശം ഒരു ഛത്രത്തിന്റെ (കുടയുടെ) ആകൃതിയിൽ കാണപ്പെടുന്നതാണത്രെ. ഈ തേൻ കൃമികളെ നശിപ്പിക്കുവാൻ നല്ലതാകുന്നു. 6. 'ആർദ്ധ്യം'--ഇതു മാളവരാജ്യത്തിൽ നിന്നു കിട്ടുന്നതാണു. ഇതു കണ്ണിൽ ദീനങ്ങൾക്ക് അധികം നല്ലതാണെന്നാണു വെച്ചിരിക്കുന്നത്. 7.'ഔദ്ദാളകം'-- ഇതു പ്രായേണ പുറ്റിന്നുള്ളിൽ നിന്നു കിട്ടുന്നതും, 'ശബ്ദത്തിന്നു നല്ലതും' (സ്വൎയ്യം) ആകുന്നു. 8.'ദാളം'[9]--ഈ ജാതി തേൻ പുഷ്പങ്ങളിൽ നിന്നു സ്രവിപ്പിച്ചു ദളങ്ങളുടെ (ഇലകൾ) മീതെ വെച്ചു സംഭരിക്കുന്നതാണു. ഇതു ചർദ്ദിനിൽക്കുവാൻ വളരെ വിശേഷമാണെന്നാണു വെച്ചിട്ടുള്ളത്. റോഡോഡെൻ ഡ്രൺ (Rhododondron)എന്ന ഒരു മാതിരി ചെടി (മേത്തോന്നി?)യിൽ നിന്നെടുക്കുന്ന [ 128 ] തേൻ വിഷമായിട്ടുള്ളതാകുന്നു.

മധുജം,(മെഴു)--ചില ലേപനദ്രവ്യങ്ങൾക്കും കൽക്കങ്ങൾക്കും മറ്റും ഇതു ഉപയോഗിക്കുമാറുണ്ട്. അതിസാരം, രക്താതിസാരം ഇവകളിൽ ഇതു പേയമായും കൊടുക്കപ്പെടുന്നതാണു.

മാംസം--കോലാട്ടിന്റെ മാംസം എണ്ണയിൽ വറുത്തുകൊടുക്കുന്നതു വാതത്തിന്നു നല്ലതാണു. അതുപോലെതന്നെ മാടപ്രാവിന്റെ മാംസത്തിന്റെ സത്തു പക്ഷവാതത്തിന്നും കൊടുക്കുവാൻ വിധിച്ചിട്ടുണ്ട്.

മേദസ്സ്(കൊഴുപ്പ്)--ഒട്ടകത്തിന്റെയോ, അല്ലെങ്കിൽ കഴുതപ്പുലിയുടേയോ മേദസ്സു സന്ധികളിലുള്ള വാതക്കടച്ചിലിന്നു വളരെ നല്ലതാണെന്നാണു വെച്ചിരിക്കുന്നത്.

മൂത്രം--ഹിന്തുക്കൾ ഇതു വളരെ ഫലമുള്ള ഒരു മരുന്നായിട്ടാണു വെച്ചിരിക്കുന്നത്. ഇതുകൊണ്ട് അവർക്ക് പലേ പ്രയോഗങ്ങളുമുണ്ട്. ഗോമൂത്രം അകത്തേക്കും പുറത്തേക്കും ഒരുപോലെ ഉപയോഗിക്കുമാറുള്ളതാണു. അതു വയറ്റിൽ ശൂല(വേദന)യ്ക്കും, വേറെ അനേക രോഗങ്ങൾക്കും കൊടുക്കുവാൻ പറഞ്ഞിട്ടുണ്ട്. ആട്ടിൻ മൂത്രം കാമിലയ്ക്കും, എരുമയുടെ മൂത്രം മൂലക്കുരുവിന്നും, ആനമൂത്രം രക്തസംബന്ധമായ രോഗങ്ങൾക്കും ഉപയോഗപ്പെടുന്നതാണു. കുതിരയുടെ മൂത്രം കൃമികളെ കൊല്ലുന്നതിന്നും, കഴുതയുടേതു ക്ഷയത്തിന്നും ഉന്മാദത്തിന്നും,ഒട്ടകത്തിന്റെ മൂത്രം ദദ്രുരോഗത്തിന്നും വിഹിതമായിട്ടുള്ളതാകുന്നു. മനുഷ്യമൂത്രം കുരയ്ക്കും, നേത്രരോഗങ്ങൾക്കും നല്ലതാണു. ഉടച്ച കാളയുടെ മൂത്രം പാണ്ഡുരോഗത്തിന്നും, രക്താതിസാരത്തിന്നും കൊള്ളാം. മൂത്രം സാധാരണയായി പെൺജാതിയിൽ നിന്നാണെടുക്കേണ്ടത്. എന്നാൽ കഴുത, ഒട്ടകം, മനുഷ്യൻ, കുതിര, ആന ഇവകളിൽ ആണിന്റെ മൂത്രമാണു സാധാരണയായി അധികം നല്ലതെന്നു വെച്ചിട്ടുള്ളത്.[10] [ 129 ]

മുക്തകൾ (മുത്തുമണികൾ)--ഇവ പൊടിച്ചു ക്ഷയത്തിന്നും, ഷണ്ഡതയ്ക്കും കൊടുക്കുവാൻ പറഞ്ഞിട്ടുണ്ട്.

നഖം--മനുഷ്യരുടെ നഖം മുറികൾക്കും, കുതിരക്കുളമ്പു പുകയ്ക്കുവാനും, വിഷമജ്വരങ്ങൾക്കും ഉപയോഗപ്പെടുന്നതാകുന്നു.

പിഞ്ഛം (മയില്പീലി)--മയിൽപ്പീലി എക്കിട്ടിന്നു നന്നെന്നാണു പറയുന്നത്. അതുകൂടാതെ, മയിൽതൃത്തിൽ നിന്നെടുക്കുന്ന ചെമ്പുകൊണ്ടു മോതിരം ഉണ്ടാക്കി വിരലിലിട്ടാൽ സൎപ്പവിഷം ബാധിക്കുന്നതല്ലെന്നും ഒരു വിശ്വാസമുണ്ട്.

പിത്തം--മത്സ്യങ്ങളുടേയും മറ്റു ചില ജന്തുക്കളുടേയും പിത്തം പനിക്കും, നേത്രരോഗങ്ങൾക്കും വളരെ നല്ലതാകുന്നു.

പ്രവാളം(പവിഴം)--ഇതു കാസത്തിന്നു നല്ലതാകുന്നു.

പുരീഷം (മലം)--തീപ്പൊള്ളുകയോ വല്ല നിറഭേദം വരികയോ ചെയ്തിട്ടുള്ള തോലിന്റെ ആവക ഭാഗങ്ങളിൽ പശുവിന്റെ മലം (ചാണകം) പുരട്ടുന്നതു നല്ലതാണു. ഈ ഇന്ത്യയിൽ ജനങ്ങൾ ഇതു ചുമരിന്മേൽ തേക്കുകയും ധാരാളം പതിവുണ്ടല്ലൊ, എന്നുമാത്രമല്ല, ഇതിന്നു രോഗനിവാരണത്തിന്നുള്ള ശക്തിയുണ്ടെന്നുള്ള ബോദ്ധ്യത്താൽ ഇതുകൊണ്ടു നിലം മെഴുകുകയും സാധാരണയായി ചെയ്യാറുണ്ട്. ആനപ്പിണ്ടി ത്വഗ്ദോഷത്തിന്നു നല്ലതാണെന്നു പറയപ്പെടുന്നു. വീട്ടിൽ വളൎത്തുന്ന കോഴിയുടെ കാട്ടം ശൂലവേദനക്കും, ആട്ടിൻ കാട്ടം ത്വഗ്രോഗങ്ങൾക്കും നല്ലതാണെന്നും വിചാരിച്ചു പോരുന്നു.

ശംഖം--ഇതു ശൂലത്തേയും, ആന്ത്രാദ്ധ്മാനത്തേയും ശമിപ്പിക്കുന്നതാകുന്നു.

ശൃംഗം(കൊമ്പ്--കലമാനിന്റെ കൊമ്പുകൊണ്ടു പലേ മരുന്നുകളുമുണ്ട്. അത് അരച്ചു കുഴമ്പാക്കി ഞെരമ്പുവലിവിന്നും, ചതവിന്നും, വിള്ളലുകൾക്കും ഉപയോഗിക്കാം. അതിന്നുപുറമെ തലയിൽകുത്തിന്നു നെറ്റിമേൽ ഇടുവാനും ഇതു[ 28 * ] [ 130 ] നല്ലതാണു.

വരാടിക (കവിടി)-- പ്ലീഹവൃദ്ധിക്കു പ്രത്യേകം വിധിക്കപ്പെട്ടതാണു.

ഹിന്തുക്കൾ ചികിത്സയ്ക്കുപയോഗിച്ചുവരുന്ന പാൎത്ഥിവദ്രവ്യങ്ങളിൽ "ലോഹങ്ങൾ" (ധാതുക്കൾ), "രസങ്ങൾ", "ലവണങ്ങൾ", "രത്നങ്ങൾ", "മണ്ണുകൾ" ഇവയെല്ലാം ഉൾപ്പെടുന്നതാണു.

ആൎയ്യവൈദ്യന്മാർ ഉപയോഗിച്ചുവരുന്ന ലോഹങ്ങൾ "പ്രധാനങ്ങൾ" എന്നും, "അപ്രധാനങ്ങൾ" എന്നും രണ്ടാക്കി വിഭജിക്കപ്പെട്ടിരിക്കുന്നു. അവയിൽ പ്രധാനലോഹങ്ങൾ അല്ലെങ്കിൽ 'ധാതുക്കൾ" സുവൎണ്ണം (സ്വർണ്ണം), രൂപ്യം (വെള്ളി), താമ്രം (ചെമ്പ്), വംഗം (തകരം), സീസകം (ഈയം), യശദം (നാകം), ലോഹം (ഇരിമ്പ്) ഇങ്ങിനെ ഏഴെണ്ണമുണ്ട്. അപ്രധാനലോഹങ്ങൾ അല്ലെങ്കിൽ "ഉപധാതുക്കൾ" (പ്രധാനലോഹങ്ങളിൽ ഏതെങ്കിലുമോ, അല്ലെങ്കിൽ അവയുടെ യോഗങ്ങളോ ചേർത്തിട്ടുള്ള സാധനങ്ങൾ) അതാതു ധാതുക്കളുടെ ഗുണങ്ങളോടുകൂടിയിരിക്കും. പക്ഷെ ഗുണങ്ങൾക്കു കുറെ കുറവുണ്ടായിരിക്കുമെന്നു മാത്രമേയുള്ളൂ. ഈ ഉപധാതുക്കളുടെ സംഖ്യയും ഏഴാണു. അവയുടെ പേരുകളും അതിന്നു ശരിയായ ഇംഗ്ലീഷുസംജ്ഞകളും താഴെ കാണിക്കുന്നു.

സുവൎണ്ണമാക്ഷികം=Yellow pyrites
താരമാക്ഷികം=White pyrites
തൂത്ഥം=Sulphate of Copper
കാംസ്യം=Brass
രീതി=Calcined Zine
സിന്ദൂരം=Red oxide of lead
ശിലാജതു=Bitamen [ 131 ]

പാരദം(Merury)--എന്ന പാർത്ഥിവദ്രവ്യം ഔഷധയോഗങ്ങളിൽ ചേരുന്നതു വൈദ്യന്മാർക്കു വളരെ രസ(തൃപ്തി)കരമാണെന്ന് ഊഹിക്കപ്പെടുന്നതിനാലത്രെ അതിന്നു "രസം" എന്ന സംജ്ഞ വിധിച്ചിട്ടുള്ളത്. ഇതിനെ അപ്രധാനങ്ങളായ "ഉപരസ"ങ്ങളിൽനിന്നും വ്യത്യാസപ്പെടുത്തി പ്രധാനമായി "രസം" എന്നുമാത്രം പറഞ്ഞുവരുന്നു. "ഉപരസങ്ങൾ" അല്ലെങ്കിൽ രണ്ടാം തരം രസങ്ങൾ താഴെ പറയുന്നവയാകുന്നു.

ഗന്ധകം=Sulphur
ഹിംഗുലം=Red Sulphide of mercury
അഭ്രകം=Mica
മനശ്ശില=Bisulphide of arsenic
താളകം=Tersuphide of lead
സ്രോതോഞ്ജനം=Sulphide of lead
ടങ്കനം=Borax
രാജാവൎത്തം=Lapid Lazuil
ചുംബകം=Loadstone
സ്ഫടികം=Alum
കാസീസം=Sulphate of iron
രസകം=Carbonate of zinc
ബോദരം=Litharge

ഭേഷജകല്പത്തിൽ പറയപ്പെട്ടിരിക്കുന്ന രത്നങ്ങളും "പ്രധാനങ്ങൾ" എന്നും, "അപ്രധാനങ്ങൾ" എന്നും രണ്ടു തരമായിട്ടുണ്ട്. പ്രധാനരത്നങ്ങൾ ഒമ്പതെണ്ണമാണു. അവയുടെ പേരുകൾ ഹീരം(Diamond), പത്മരാഗം(Ruby), നീലം (Saphire), ഗാരുത്മതം (Emerald), പുഷ്പരാഗം (Topaz), ഗോമേദം (Onyx), വൈഡൂൎയ്യം (Cat's eye), മൗക്തികം (Pearl), പ്രവാളം (Coral), എന്നിവയാകുന്നു. ഈ ഒടുവിൽ പറഞ്ഞ രണ്ടും ജാം [ 132 ] ഗമവൎത്തിൽ ചേർന്നതാണെങ്കിലും ഇവകൾ "നവരത്നങ്ങളിൽ" പെട്ടവയാകകൊണ്ടാണു ഇവിടെ എടുത്തു പറഞ്ഞത്. രണ്ടാംതരം (ഉപ)രത്നങ്ങളുടെ കൂട്ടത്തിൽ സൂൎയ്യകാന്തം, ചന്ദ്രദാന്തം (ഇതു ചന്ദ്രരശ്മികൾ കട്ടപ്പിടിച്ചുണ്ടാകുന്നതാണെന്നത്രെ ഊഹിക്കപ്പെട്ടുവരുന്നത്), സ്ഫടികം,(Crystal), ഹരിതാശ്മം, (Turquoise), കാചം (Glass), എന്നിവയും മറ്റും പറയപ്പെടാവുന്നതാണു.

ചിലതരം മണലും മണ്ണും സാധാരണ ഔഷധദ്രവ്യങ്ങളായി ഉപയോഗിച്ചുവരുന്നുണ്ട്. ഖടിക അല്ലെങ്കിൽ ചോക്ക് (Carbonate of calcium), കർദ്ദമം (Hydrous silicate of alumina), ഗോപീചന്ദനം (Silicate of alumina), സികത (Silica), മുതായവയെല്ലാം ഇതിൽ ഉൾപ്പെടുന്നതാകുന്നു.

ഹിന്തുക്കളുടെ ഔഷധനിർമ്മാണശാസ്ത്രത്തിൽ അടങ്ങീട്ടുള്ള പ്രധാനപ്പെട്ട ലവണങ്ങൾ താഴെ പറയുന്നവയാകുന്നു:--

നവസാരം = Chloride of ammonium
സൈന്ധവം = Chloride of sodium
പാംസുജക്ഷാരം = Carbonate of pottassium
യവക്ഷാരം = Carbonate of Soda
സൂൎയ്യക്ഷാരം = Nitrate of potash

ഈ പറഞ്ഞ "യോഗങ്ങൾ" (Compounds) കൂടാതെ ഹിന്തുക്കൾ കഴിഞ്ഞ അനവധികാലത്തോളമായി താഴേ പറയുന്ന മറ്റനേകം ലോഹയോഗങ്ങളേയും ഉപയോഗിച്ചുവരുന്നുണ്ട്.

ജാംഗലം = Subacetate of copper
മണ്ഡൂരം = Hydrated oxide of iron
പാഷാണഭേദം = Carbonate of iron and lime
യശദപുഷ്പം = Oxide of zinc.
രസസിന്ദൂരം = Sulphide of mercury [ 133 ]
രസകർപ്പൂരം = Corrosive sublimate
ശംഖവിഷം = Arsentous acid

ചരിത്ര കാലത്തിന്നു മുമ്പുതന്നെ ഹിന്തുക്കൾ പാർത്ഥിവ ദ്രവ്യങ്ങളെ ഔഷധങ്ങളായി ഗണിച്ചിരിക്കുന്നു. സാധാരണയായി ഔത്ഭിദദ്രവ്യങ്ങളെത്തന്നെയാണു അവർ ഔഷധങ്ങളാക്കി ഉപയോഗിച്ചുവരുന്നത്. പക്ഷെ ഔത്ഭിദദ്രവ്യങ്ങളെക്കൊണ്ടുണ്ടാക്കുന്ന മരുന്നുകൾക്കു പഴക്കത്തിൽ ഗുണം മതിയാവുകയില്ലെന്നുള്ള കാൎയ്യം വിസ്മരിക്കുവാൻ പാടുള്ളതല്ലല്ലൊ. അതുകൊണ്ടു പ്രാചീനാൎയ്യന്മാർ ഔത്ഭിദദ്രവ്യങ്ങൾക്കെല്ലാം സാധാരണയായി ഒരു കൊല്ലം കഴിഞ്ഞാൽ വീൎയ്യം കുറഞ്ഞുപോകുമെന്നു സ്വാനുഭവത്താൽ തീൎച്ചപ്പെടുത്തീട്ടുള്ളതായി കാണുന്നു. അവരുടെ കണക്കുപ്രകാരം പൊടികൾക്കെല്ലാം രണ്ടു മാസത്തോളവും, ഗുളികകൾക്കും ദ്രാവകങ്ങൾക്കും ഒരു കൊല്ലത്തോളവും, തൈലകല്പനകൾക്ക് പതിനാറുമാസത്തോളവും മാത്രമേ ശക്തി നിൽക്കുകയുള്ളൂ എന്നാണു വെച്ചിരിക്കുന്നത്. ഈ സംഗതിയാൽ ആൎയ്യന്മാർ ഔഷധശക്തിയെ ഗ്രഹിച്ച് എന്നും നശിക്കാതെ വെച്ചുകൊണ്ടിരിക്കുവാൻ കഴിവുള്ളതായ ഔഷധങ്ങളെ കണ്ടുപിടിക്കുവാനിടയായി എന്നും ഇവയ്ക്കാകട്ടെ കാലപ്പഴക്കത്താൽ ഫലത്തിന്നു യാതൊരു കുറവും വരികയില്ലെന്നല്ല കാലം കഴിയും തോറും അതിന്നനുസരിച്ച് ശക്തികൂടുകയാണു ചെയ്യുക എന്നും പറയപ്പെട്ടിരിക്കുന്നു. ഔത്ഭിദങ്ങളായ മരുന്നുകളുടെ ഗുണങ്ങളെ ചില ധാതുക്കളിലേക്ക് സംക്രമിപ്പിക്കേണ്ടതിന്നുള്ള വിധികളെല്ലാം അവർ വിവരിച്ചു പറഞ്ഞിട്ടുണ്ട്. ഇതു നിമിത്തം അവയ്ക്കു ശക്തികൂടുകയും അത് അനവധികാലത്തോളം നിലനിൽക്കുകയും ചെയ്യുന്നതാണു. ഈ ധാതുക്കളെ ഓരോ ദീനങ്ങൾക്ക് ഔഷധങ്ങളാക്കി ഉപയോഗിക്കുന്നതിന്നുമുമ്പെ "ശുദ്ധി" "മാരണം" മുതലായ അനേകം വിധികൾ ചെയ്യേണ്ടതുണ്ട്. അ [ 134 ] ങ്ങിനെ തയ്യാറാക്കീട്ടുള്ള ഈ യോഗദ്രവ്യങ്ങൾ അല്ലെങ്കിൽ "ഭസ്മങ്ങൾ" ഔത്ഭിദൗഷധങ്ങളേക്കാൾ എത്രയോ അധികം വീൎയ്യം കൂടുന്നവയാണെന്നാണു വെച്ചിരിക്കുന്നത്. ഇവകൾ എപ്പോഴും വളരെ ചുരുങ്ങിയമാത്രയിലേ കൊടുക്കുമാറുള്ളൂ. ഈ ധാത്വൗഷധങ്ങളെ ഉപയോഗിക്കുന്ന വൈദ്യന്മാരും വളരെ അധികമില്ല; എന്തുകൊണ്ടെന്നാൽ ഈ ധാതുക്കളേയും മറ്റും ശ്രദ്ധവെച്ചും വേണ്ടതുപോലെയും തയ്യാറാക്കീട്ടില്ലെങ്കിൽ ഇതുകൊണ്ടു ഗുണത്തേക്കാൾ അധികം ദോഷമാണു സംഭവിക്കുക എന്നാകുന്നു പരക്കെയുള്ള വിശ്വാസം. ഈ ചികിത്സയിൽ പ്രത്യേകം സാമർത്ഥ്യമുള്ളവരെ മാത്രമേ രോഗികൾ വിശ്വസിക്കുകയുള്ളൂ. ഈ ധാത്വൗഷധങ്ങളെ പ്രതിപാദിക്കുന്ന ശാസ്ത്രഗ്രന്ഥങ്ങളും ഹിന്തുക്കളുടെ ഇടയിൽ വളരെ അധികമുണ്ട്.

മേൽ പ്രസ്താവിച്ചപ്രകാരം പാർത്ഥിവദ്രവ്യങ്ങളെ ഭസ്മമാക്കുന്നതിന്നു മുമ്പെ ഒന്നാമതായി അവയെ ശുദ്ധിചെയ്യണം. ഓരോരോ പർത്ഥിവദ്രവ്യങ്ങളുടെ ശുദ്ധിക്കായി പലവിധം ക്രമങ്ങളും പറയപ്പെട്ടിട്ടുണ്ട്. സ്വർണ്ണം ശുദ്ധിചെയ്യുന്നതിന്നുള്ള എളുപ്പമായ ഒരു വഴി ഇവിടെ കാണിക്കാം:-- ഒന്നാമതായി സ്വൎണ്ണം നേരിയ തകിടുകളാക്കി പരത്തുക; പിന്നെ അതെല്ലാം ചുട്ടു പഴുപ്പിച്ചു ഗന്ധതൈലത്തിൽ മുക്കുക: വീണ്ടും ആ തകിടുകളെ കാച്ചുക; അതിന്റെ ശേഷം തയിർവെള്ളത്തിൽ മുക്കുക; മൂന്നാമതും അതൊക്കെ ചുട്ടുപഴുപ്പിക്കുക; എന്നിട്ട് അതു ഗോമൂത്രത്തിലും പുളിച്ചകാടിയിലും മുക്കുക; ഈ ക്രമംതന്നെ ഇങ്ങിനെ ഏഴു പ്രാവശ്യം ആവർത്തിക്കുകയും, ഒടുവിൽ ആ ചുട്ടുപഴുപ്പിച്ച സ്വർണ്ണമെല്ലാം മുതിരക്കഷായത്തിൽ മുക്കുകയും വേണം. ഇങ്ങിനെ ചെയ്താൽ സ്വർണ്ണം അതിലുള്ള ദോഷാംശങ്ങളൊക്കെ നീങ്ങി നല്ലവണ്ണം ശുദ്ധിവരുന്നതാണു. അതിന്റെ ശേഷം അതു ഭസ്മമാക്കുവാൻ "മരണവിധി" കൂടി ചെയ്യേണ്ടതുണ്ട്. ഇ [ 135 ] തിന്നും അനേകം ക്രമങ്ങളെ വിധിച്ചിട്ടുള്ളതിൽ താഴെ പറയുന്ന വിധിയെ ഇവിടെ ഉദാഹരണമായി എടുക്കാം. ശുദ്ധമായ സ്വർണ്ണം ഒരു മൂശയിലിട്ട് അതിന്റെ തൂക്കത്തിൽ പതിനാറിൽ ഒരു ഭാഗം ഇയ്യവും കൂട്ടി ഉരുക്കുക; പിന്നെ അത് എടുത്തു നാരങ്ങനീരിൽ അരച്ചുരുട്ടുക; അതിന്റെ ശേഷം അതു ഗന്ധകപ്പൊടികൊണ്ടു പൊതിയുക; പിന്നെ ആ ഉരുള എടുത്ത് ഒരു മൺപാത്രത്തിലിട്ട്, അതേ വലിപ്പത്തിലുള്ള മറ്റൊരു മൺപാത്രംകൊണ്ട് അടയ്ക്കുക; ഈ രണ്ടു പാത്രങ്ങളുടേയും വക്കുകൾ തമ്മിൽ കൂടുന്ന ഭാഗം വെളുത്ത കളിമണ്ണുകൊണ്ട് തേച്ചു നല്ലവണ്ണം ദ്വാരം അടക്കുകയും, അതിന്റെ ശേഷം ഇരുപതു ചാണകവരടിയിട്ടു തീക്കത്തിച്ച് അതിന്റെ നടുക്ക് ഇതു വെക്കുകയും ചെയ്ക. ആ തീ മുഴുവനും കത്തിക്കഴിഞ്ഞാൽ പാത്രത്തിൽ നിന്ന് ആ കട്ട തിരിയെ എടുക്കാം. ഈ വിധിതന്നെ ഒന്നിടവിട്ട് ഏഴുദിവസം ചെയ്യണം. അപ്പോഴക്ക് ആ സ്വർണ്ണം ഭസ്മമാകയും, അതു പിന്നെ പൊടിച്ചാൽ എളുപ്പത്തിൽ പൊടിയുകയും ചെയ്യും. ഈ സ്വർണ്ണഭസ്മം നല്ലൊരു ബലൗഷധവും, മിക്കവാറും എല്ലാ രോഗങ്ങളേയും ശമിപ്പിക്കുന്നതുമാണെന്നു പറയപ്പെട്ടിരിക്കുന്നത്. അതു വാർദ്ധക്യംകൊണ്ടുണ്ടാകുന്ന ഉപദ്രവങ്ങളെ നീക്കുകയും, യൗവനത്തിലെ ശക്തി വീണ്ടും ഉണ്ടാക്കിത്തീർക്കുകയും, മേധയെ വർദ്ധിപ്പിക്കുകയും, സ്വരം, ദേഹത്തിന്റെ നിറം ഇവയെ നന്നാക്കുകയും, ശക്തിയെ വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും പറയപ്പെട്ടിരിക്കുന്നു. അതു സമുത്തേജനീയവും, ധാതുപുഷ്ടികരവുമാകുന്നു.

രൂപ്യ(വെള്ളി) ഭസ്മം വെക്കുന്നതും മിക്കവാറും ഇതേമാതിരിയിൽ തന്നെയാണു. അതു ധാതുക്ഷയത്തിന്നും സ്ഥൊല്യത്തിന്നും ഏറ്റവും വിഹിതമായിട്ടുള്ളതാകുന്നു.

താമ്രം (ചെമ്പ്) ഭസ്മമാക്കേണ്ട മാതിരിയും ഏകദേശം സ്വ [ 136 ] ൎണ്ണത്തിന്റെ വിധി പറഞ്ഞ കൂട്ടത്തിൽതന്നേയാണു. ശുദ്ധി ചെയ്തു കഴിഞ്ഞാൽ ആ ലോഹത്തിന്റെ നേരിയ തകിടുകളെ മൂന്നുദിവസം നാരങ്ങനീരിലിട്ടു തിളപ്പിക്കുകയും, അതിന്റെ തുകയുടെ നാലിലൊന്നു രസംകൂടി ചേർക്കുകയും വേണം. പിന്നെ രണ്ടുഭാഗം ഗന്ധകം കൂടി ചേൎത്ത് ആ കട്ട ഒരു പന്തുപോലെ ഉരുട്ടുകയും, തമിഴാമ അരച്ച് ഏകദേശം ഒരംഗുലം കനത്തോളം ആ ഉണ്ടമേൽ പൊതിയുകയും വേണം. അതിന്റെ ശേഷം ഇത് ഒരു മൺപാത്രത്തിലാക്കി പന്ത്രണ്ടു മണിക്കൂർ നേരം വലുകായന്ത്രത്തിൽ (അഞ്ചാം ചിത്രക്കടലാസ്സിൽ ൨൨-ാം ചിത്രം നോക്കുക) വെച്ചു പുടം ചെയ്യണം. ആ കട്ട തിയ്യിൽ നിന്നെടുത്ത ശേഷം ഒരു ചേന തുരന്ന് അതിന്റെ ഉള്ളിലാക്കി മീതെ മണ്ണും ചാണകവും കൂട്ടി പൊതിഞ്ഞു വീണ്ടും തിയ്യിലിട്ടു ചുടണം. ഇങ്ങിനെ ചെയ്താൽ ആ ലോഹം പിന്നെ പൊടിയാക്കുവാൻ തക്കതായിത്തീരും. യകൃത്തോ പ്ല്ലീഹയോ വലുതാവുക, രക്തവാതം, കേവലവാതം ഈ വക രോഹങ്ങളിലൊക്കെ ഈ ഭസ്മം വളരെ ഉപയോഗമുള്ളതാണു.

തകരം ശുദ്ധിചെയ്യുവാൻ ഒന്നാമതായി അത് ഉരുക്കുകയും, പിന്നെ മൂന്നുപ്രാവശ്യം ക്രമത്തിൽ തൈലം, തയിർവെള്ളം, കാടി, ഗോമൂത്രം ഇവയിലും, ഒടുക്കം എരിക്കിൻ നീരിലും മുക്കുകയും വേണം. ശുദ്ധമായ ലോഹത്തെ പുളിയുടേയും മുളയുടേയും തൊലി പൊടിച്ചു ഒന്നിന്നു നാലുകണ്ടു കൂട്ടി ഒരു മൺപാത്രത്തിലാക്കി ഉരുക്കണം. അപ്പോൾ ഒരു ഇരിമ്പുചട്ടകം കൊണ്ട് അത് ഇളക്കുകയും, ഉരയ്ക്കുകയും ചെയ്തുകൊണ്ടിരിക്കണം. പിന്നെ ആ പൊടിയോടുകൂടി അതിന്റെ തുകയോളം താളകം കൂടി ചേർത്ത് അമ്ലരസകമായ ഒരു നീരിൽ അരയ്ക്കണം. വീണ്ടും അതു തിയ്യിൽ വെച്ചു പാകം ചെയ്യണം. അതിന്റെ ശേഷം അതെടുത്ത് അതിന്റെ പത്തിലൊരുഭാഗം താളകം രണ്ടാമതും [ 137 ] കൂട്ടിച്ചേൎത്തു പുടം വെക്കണം. ഈ വിധിതന്നെ പത്തുപ്രാവശ്യം, അല്ലെങ്കിൽ ആ ലോഹം ഭസ്മമാകുന്നതുവരെ, ആവർത്തിക്കണം. ഇങ്ങിനെ ഉണ്ടാകുന്ന ഭസ്മം മൂത്രകൃച് ഛ്രത്തിന്നും, വസ്തി രോഗങ്ങൾക്കും വളരെ നല്ലൊരു മരുന്നാണു. അതു കൂടാതെ, അത് അസ്ഥിസ്രാവം, കാമില, സ്ഥൗല്യം എന്നിവയെ ശമിപ്പിക്കുന്നതാണെന്നും പറയപ്പെട്ടിരിക്കുന്നു.

ഇയ്യം ശുദ്ധിചെയ്യേണ്ട ക്രമവും തകരത്തിന്റെ വിധി പറഞ്ഞതുപോലെ തന്നെയാണു. അത് ഒരു മരുന്നാക്കി ഉപയോഗിക്കുന്നതിന്നു തയ്യാറാക്കുവാൻ ശുദ്ധിചെയ്ത ഇയ്യം വെറ്റിലനീരിലിട്ട് അരച്ചു മനയോലകൊണ്ട് മൂടി പൊതിഞ്ഞു പുടം വെക്കുകയും, അങ്ങിനെ മുപ്പതുപ്രാവശ്യം ആവർത്തിക്കുകയും വേണം. അപ്പോഴേക്ക് ആ ലോഹം ഭസ്മമായിത്തീരും. അതു കൃമിഹരവും, പഴകിയ രക്താതിസാരത്തിന്നു വിഹിതവുമാകുന്നു.

നാകഭസ്മം വെക്കുവാനുള്ള വിധി തകരത്തിന്നു പറഞ്ഞിട്ടുള്ളതു തന്നെയാണു. ഈ മരുന്നു നാഡികൾക്കു ബലമുണ്ടാക്കുന്നതും, വിഷൂചിക അപസ്മാരം എന്നീ രോഗങ്ങളിൽ ഉപയോഗപ്പെടുന്നതുമാകുന്നു.

ഇരിമ്പു ശുദ്ധി ചെയ്യുന്നത്, അത് ഒരു അഗ്നികുണ്ഡത്തിലിട്ടു ചുടുകയും, മൂന്നുപ്രാവശ്യം ക്രമത്തിൽ തൈലം, കാടി, ഗോമൂത്രം, മുതിരക്കഷായം ഇവയിൽ മുക്കി തണുപ്പിക്കുകയും ചെയ്തിട്ടാകുന്നു. അതിന്റെ ശേഷം ഈ ലോഹത്തിന്റെ പന്ത്രണ്ടുഭാഗത്തിന്ന് ഒരു ഭാഗത്തോളം ഹിംഗുലം കൂടി ചേൎത്തു കറ്റുവാഴ നീരിൽ ആറുമണിക്കൂർ നേരം അരയ്ക്കണം. പിന്നെ അതു ഗജപുടത്തിലാക്കി [11] തിയ്യിട്ടു ചുടണം. ഈ വിധി തന്നെ ഏഴു പ്രാ [ 138 ] വശ്യം ആവർത്തിച്ചാൽ ഇരിമ്പ് എളുപ്പത്തിൽ ഭസ്മമാകുന്നതാണു. ആ ഭസ്മം സന്തതജ്വരം, പാണ്ഡുരോഗം, മഹോദരം, തലച്ചോറിനെസ്സംബന്ധിച്ച രോഗങ്ങൾ ഇവയ്ക്കെല്ലാം വിധിക്കപ്പെട്ടതുമാകുന്നു.

മരുന്നായി ഉപയോഗിക്കുന്നതിന്നു മുമ്പെ, രത്നങ്ങൾക്കും ലോഹങ്ങളെപോലെതന്നെ "ശുദ്ധി", "മാരണം" എന്നീ വിധികൾ അവശ്യം ചെയ്യേണ്ടതാണു. വജ്രഭസ്മത്തിന്ന് അത്ഭുതകരങ്ങളായ അനേകം ഗുണങ്ങളുണ്ടെന്നാണു വെച്ചിട്ടുള്ളത്. ഒരു വൈരക്കല്ലു ശുദ്ധി ചെയ് വാൻ ചെറുവഴുതിനവേർ തുരന്ന് ആ രത്നം അതിന്നുള്ളിലാക്കി മീതെ ചുറ്റും എരുമച്ചാണകം കൊണ്ടു പൊതിഞ്ഞുവെക്കുക. ഇത് ഒരു രാത്രി മുഴുവനും തിയ്യിലിട്ടു ചുട്ട് പുലർച്ചെ കുതിരമൂത്രത്തിലിട്ടു മുക്കണം. ഈ ക്രിയതന്നെ ഏഴുദിവസം ആവർത്തിക്കുക. ഇങ്ങിനെ ശുദ്ധി വരുത്തപ്പെട്ട രത്നം പിന്നേയും പുടം ചെയ്കയും, കായം-ഇന്തുപ്പു-കാടി ഇവയുടെ കഷായത്തിൽ മുക്കുകയും വേണം. ഇങ്ങിനെതന്നെ ഇരുപത്തൊന്നു ദിവസം ചെയ്തുകൊണ്ടിരിക്കുക അപ്പോഴേക്കു വൈരക്കല്ലു ഭസ്മവുമായിരിക്കും. അതു ദേഹത്തിന്റെ നിറം നന്നാക്കുകയും, അനേകം രോഗങ്ങളെ ആശ്വാസപ്പെടുത്തുകയും ചെയ്യുമെന്നാണു പറയപ്പെടുന്നത്.

ആകൃതികൊണ്ടും ഗുണംകൊണ്ടും വ്യത്യാസപ്പെട്ടതായി നാലുതരം വൈരക്കല്ലുകളെ ഹിന്തുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നു കൂടി ഇവിടെ പ്രസ്താവിക്കുന്നതു രസകരമായിരിക്കുമല്ലൊ. ഹിന്തുക്കളെയെല്ലാം മുഖ്യമായി നാലുജാതികളാക്കി തിരിച്ചിട്ടുള്ളതുപോലെതന്നെ, ഇവയേയും ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ ഇങ്ങിനെ നാലാക്കി തരം തിരിച്ചുവെച്ചിരിക്കുന്നു. ബ്രാഹ്മണജാതിയിൽ പെട്ട വജ്രം വെളുത്തു സ്വച്ഛമായും, ക്ഷത്രിയജാതി രക്തവർണ്ണമായും, വൈശ്യജാതി മഞ്ഞനിറമായും, ശൂദ്രജാതി [ 139 ] ധൂമവർണ്ണമായും ഇരിക്കുന്നതാണു. ആകൃതി കേവലം സമമായും, തിക്ഷ്ണാഗ്രമായും, വളരെ ശോഭയുള്ളതായും, വലുതായും, പുള്ളിക്കുത്തുകളില്ലാത്തതായുമിരിക്കുന്ന വജ്രം പുരുഷജാതിയാകുന്നു. [12]ഔഷധത്തിന്റെ ഉപയോഗത്തെ സംബന്ധിച്ചേടത്തോളം അതാണു ഏറ്റവും നല്ലതെന്നു വെച്ചിട്ടുള്ളത്. അതു യൗവ്വനത്തെ വീണ്ടും ഉണ്ടാക്കിത്തീൎക്കുമെന്നു മാത്രമല്ല, സകലരോഗങ്ങൾക്കും ഉപയോഗിച്ചാൽ ഗുണം കിട്ടുന്നതുമാകുന്നു. പുള്ളിക്കുത്തോ, വിള്ളലോ ഉള്ളതും, ആറു കോണുള്ളതുമായ വൈരക്കല്ല് സ്ത്രീജാതിയും, അതിന്റെ ഭസ്മം സ്ത്രീകൾക്കുമാത്രം ഗുണകരമായിട്ടുള്ളതുമാകുന്നു. നീണ്ടും ത്രികോണമായുമുള്ള വജ്രക്കല്ല് നപുംസകവുമാണു. അതിന്നു യാതൊരു ശക്തിയുമില്ലെന്നും പറയപ്പെട്ടിരിക്കുന്നു.

എന്നാൽ സകലപാർത്ഥിവദ്രവ്യങ്ങളിൽ വെച്ചും രസമാണു ഏറ്റവും പ്രധാനപ്പെട്ടതെന്നാണു ഹിന്തുവൈദ്യന്മാർ തീർച്ചപ്പെടുത്തീട്ടുള്ളത്. അതിന്ന് അത്യത്ഭുതകരങ്ങളായ വീൎയ്യങ്ങളുണ്ടെന്നും അവർ സിദ്ധാന്തിച്ചിരിക്കുന്നു. റോമൻകാർക്കും അറബികൾക്കും ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നുള്ളതു തീർച്ചയാണു. പക്ഷെ അവർ ഇതു പുറത്തേക്ക് മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ഇതിനെ അകത്തേക്കുകൂടി കൊടുക്കുവാൻ വിധിച്ചിട്ടുള്ള ജനസമുദായം ഹിന്തുക്കൾ മാത്രമാണു. ഇത് ഈ ഇന്ത്യയിൽ പലേസ്ഥലങ്ങളിലും കാണപ്പെടുന്നതും, ഇവിടെയുള്ളവർക്ക് പ്രാചീനകാലം മുതൽക്കേ അറിയപ്പെട്ടിരുന്നതുമാണു. അതു കുറേഅധികം ചഞ്ചലമായ ഒരു ദ്രവ്യമാകയാൽ നല്ല ശ്രദ്ധയും ക്ഷമയുമില്ലാതെ അതിന്റെ ശുദ്ധി മാരണവിധി ഇതൊക്കെ കഴിച്ചുകൂട്ടുവാൻ വളരെ പ്രയാസമായിരിക്കും. പക്ഷെ ഒരിക്കൽ കീഴടങ്ങിക്കിട്ടിയാൽ ഏറ്റവും കൃച് ഛ്രസാദ്ധ്യമായ [ 140 ] ചില രോഗങ്ങൾക്കും കൂടി അതു ഒരു കൈകണ്ട മരുന്നാണെന്നും ഹിന്തുക്കൾ പറയുന്നു. രസഭസ്മങ്ങളെ തയ്യാറാക്കേണ്ടതിന്നു വൈദ്യന്മാർ അനേകവിധത്തിലുള്ള യന്ത്രങ്ങളുപയോഗിച്ചുവരുന്നുണ്ട്. അവയിൽ ചിലതിന്റെ പേർ ഇവിടെ കാണിക്കാം:--

1. അർദ്ധഖൽവയന്ത്രം.
2. അധഃപാതനയന്ത്രം.
3. ബകയന്ത്രം.
4. ഭൂധരയന്ത്രം.
5. സോമാനലയന്ത്രം.
6. സമ്പുടയന്ത്രം.
7. ചക്രയന്ത്രം.
8. ദീപികായന്ത്രം.
9. ഡമരുയന്ത്രം.
10. ഡോളായന്ത്രം.
11. ഢേകീയന്ത്രം.
12. ധൂപയന്ത്രം.
13. ഇഷ്ടികായന്ത്രം.
14. ഹംസപാകയന്ത്രം.
15. ജാരണായന്ത്രം.
16. കച്ഛപയന്ത്രം.
17. കന്ദുകയന്ത്രം.
18. കോഷ്ഠീയന്ത്രം നമ്പ്ര 1.
19. കോഷ്ഠീയന്ത്രം നമ്പ്ര 2.
20. ലവണയന്ത്രം.
21. നാളികായന്ത്രം.
22. നാഭിയന്ത്രം.
23. പാതാളയന്ത്രം. [ 141 ]
24. തിൎയ്യക്പാതനയന്ത്രം.
25. തപ്തഖൽവയന്ത്രം. നമ്പ്ര 1
26. തപ്തഖൽവയന്ത്രം. നമ്പ്ര 2
27. തപ്തഖൽവയന്ത്രം. നമ്പ്ര 3
28. വാലുകായന്ത്രം.
29. വളഭീയന്ത്രം.
30. വൎത്തുളഖൽവയന്ത്രം.
31. വിദ്യാധരയന്ത്രം.

ഇവകളുടെ സ്വരൂപം മനസ്സിലാക്കേണ്ടതിന്ന് 1 മുതൽ 6 വരെയുള്ള ചിത്രക്കടലാസ്സുകൾ നോക്കുക. മറ്റു പാർത്ഥിവദ്രവങ്ങളെപ്പോലെ തന്നെ രസവും ഔഷധങ്ങളുടെ ആവശ്യത്തിന്നു ശുദ്ധി ചെയ്യേണ്ടതാണു. അതു പലേ പ്രകാരത്തിലുമാവുകയും ചെയ്യാം. ശാർങധരൻ അതിന്ന് ഇങ്ങിനെ ഒരു വിധി പറഞ്ഞിട്ടുണ്ട്.[13]--കടുകും ഉള്ളിയും കൂടി അരച്ചു ചളിയാക്കി അതു [ 142 ] കൊണ്ടു ചെറുതായിട്ടുള്ള രണ്ടു മൂശയുണ്ടാക്കുക. അതിലൊന്നിൽ ശുദ്ധിചെയ്യേണ്ടതായ രസം വെച്ചു മറ്റേതുകൊണ്ട് അടച്ചു വെയിലത്തുവെച്ചുണക്കുക. പിന്നെ ആ പാത്രം ഒരു വസ്ത്രഖണ്ഡത്തിലാക്കി കെട്ടി കാടിനിറച്ച് ഒരു പാത്രത്തിൽ (ഡോളായന്ത്രത്തിൽ) കെട്ടിത്തൂക്കി മൂന്നു ദിവസം മുഴുവൻ തിയ്യിന്റെ മീതെ വെച്ച് ആവിയേല്പിക്കുക. അതിന്റെ ശേഷം രസം ആ പാത്രത്തിൽ നിന്നെടുത്ത് ഒരു ദിവസം കൊടുവേലിയുടെ കഷായത്തിലും, മൂന്നാംദിവസം കരിന്താളിയുടെ രസത്തിലും അരയ്ക്കണം. പിന്നെ ആ കട്ട എടുത്തു കാടിവെള്ളംകൊണ്ടു കഴുകി രസം വേറെ അരിച്ചെടുക്കുക. പിന്നെയും അത് അതിന്റെ തുകയിൽ പകുതികണ്ടു സൈന്ധവം (ഇന്തുപ്പ്) കൂടി ചേൎത്ത് ഒരു "തപ്തഖൽവ"[14]ത്തിലിട്ടു ഒരു ദിവസം ഇടവിടാതെ വടുകപ്പുളി നാരങ്ങയുടെ നീരിൽ അരയ്ക്കുക. രണ്ടാമതും ആ രസം കഴുകിയെടുത്ത് അതിനോടു സമാംശമായി കടുകും കൂടി കൂട്ടി ഉമിക്കഷായത്തിലരയ്ക്കണം.പിന്നെ അതുപോലെതന്നെ ഉള്ളി, നവസാരം(Sal-ammoniac) ഇവയും വെവ്വേറെ ഓരോ പ്രാവശ്യം ചേർത്ത് ഈ പറഞ്ഞപ്രകാരമെല്ലാം ആവൎത്തിക്കണം. അതിന്നുശേഷം ആ കട്ട ഒരു വടിക (ചക്രാകൃതി)യാക്കി ഉണക്കണം. ഉണക്കിയശേഷം അതിന്റെ പുറമെ ചുറ്റും കായംകൊണ്ടു പൊതിഞ്ഞു "ഡമായന്ത്രത്തിൽ" (2-ആം ചിത്രക്കടലാസ്സു നോക്കുക) ആക്കി ഉപ്പു നിറച്ചു വെക്കുക. പിന്നെ അതു ശീലമണ്ണോ മറ്റൊ ചെയ്തു ദ്വാരം നല്ലവണ്ണം അടച്ചു ചോട്ടിൽ മൂന്നുയാമത്തോളം കലശലായി തീക്കത്തിക്കുകയും, മുകളിൽ വെള്ളം പകർന്നു തണുപ്പിക്കുകയും വേണം. ഇപ്രകാരം ചെയ്താൽ രസം മേൽപ്പട്ട് ആവിയായിപ്പോയി പാത്രത്തിന്റെ പുടാ [ 143 ] കൃതിയായ ഭാഗത്തു പറ്റി നിൽക്കുകയും ചെയ്യും. ഇങ്ങിനെ കിട്ടുന്ന രസം യാതൊരു കേടും കൂടാതെ ശുദ്ധമായിരിക്കും. ഇനി ഈ ശുദ്ധമായ രസം ഭസ്മമാക്കേണ്ടതിന്നും പല ക്രമങ്ങളുണ്ട്. അതിലൊന്ന് ഇവിടെ കാണിക്കാം[15] ചുക്ക്, മുളക്, തിപ്പലി, ക്ഷാരം, കടുക്, പഞ്ചലവണം (ഇന്തുപ്പ്, തുവർച്ചില ഉപ്പ്, കാരുപ്പ്, വിളയുപ്പ്, കല്ലുപ്പ്) ഉള്ളി, നവസാരം, ഇതെല്ലാം കൂടി ഉണക്കിപ്പൊടിച്ചു രസത്തോടു സമാംശമായെടുത്ത് ഒരു 'തപ്തഖൽവത്തിൽ' (5-ആം ചിത്രക്കടലാസ്സു നോക്കുക) ആക്കി നാരങ്ങ നീരിലോ, വടുകപ്പുളിനാരങ്ങനീരിലൊ, കാടിയിലൊ മൂന്നു ദിവസം മുഴുവൻ അരയ്ക്കുക. ഈ വിധിക്കു "മുഖം ഉണ്ടാക്കുക" എന്നർത്ഥമായ "മുഖകരണം" എന്നു പേർ പറയുന്നു. എന്തുകൊണ്ടെന്നാൽ, ഇങ്ങിനെ ചെയ്യുന്നതുകൊണ്ടു രസം അതിനോടുകൂടി ചേൎക്കുവാൻ വിചാരിക്കുന്ന ഏതൊരു പാർത്ഥിവദ്രവ്യത്തേയും (ധാതു) ഗ്രസിക്കുവാൻ കഴിവുള്ളതായി തീരുന്നതാണത്രെ. എങ്കിലും രസത്തിന്ന് അതിനോടു സമാംശമായൊ, ഇരട്ടിയൊ, മൂന്നിരട്ടിയൊ, നാലിരട്ടിയൊ ഗന്ധകത്തെ ഗ്രസിക്കുവാൻ കഴിവുണ്ടാകുന്നതുവരെ അതിന്നു ശക്തി മതിയായിട്ടില്ലെന്നാണു ഊഹിക്കപ്പെട്ടിരിക്കുന്നത്. ഒടുവിൽ ശുദ്ധമായ രസത്തെ വെറ്റിലനീരിൽ അരച്ച് ഒരു കർക്കോടികന്ദം തുരന്നു ദ്വാരമുണ്ടാക്കി അതിൽ നിറച്ച് ദ്വാരമടച്ച് അതെല്ലാം കൂടി ഒരു മൂശയിലാക്കി ശീലമണ്ണു ചെയ്തു തിയ്യിൽ വെച്ചു പുടം ചെയ്ക. എന്നാൽ രസം എളുപ്പത്തിൽ ഭസ്മമായിത്തീരും.[16] ഇതു കൂടാതെ രസം ഭസ്മമാ [ 144 ] ക്കേണ്ടതിന്ന് ഇനിയും ഏറെക്കുറെ ദുർഘടമായ അനേകം വിധികളുണ്ട്. അതിന്നൊക്കെ പലവിധത്തിലുള്ള യന്ത്രങ്ങളും ആവശ്യമാണു.

രസത്തിന്റെ ആശ്ചൎയ്യകങ്ങളായ ഗുണങ്ങളെക്കുറിച്ചു ഹിന്തുവൈദ്യന്മാർ അനേകം ഗ്രന്ഥങ്ങളെഴുതീട്ടുണ്ട്. ഇന്ത്യയിൽ 'രസേഷിസം' എന്ന ഒരു മതസിദ്ധാന്തത്തെ അംഗീകരിച്ചു പോരുന്നവർ ഈ "രസം" എന്നത് ഈശ്വരന്റെ ഒരു സ്വരൂപഭേദമാണെന്നാണു വിശ്വസിച്ചുപോരുന്നത്. രസം മറ്റു ചില ധാതുക്കളോടു ചേർത്ത് ഔഷധമാക്കി ഉപയോഗിക്കുന്നതായാൽ അവയ്ക്കു സ്വതേ ഉള്ളതിലും വളരെ അധികം ശക്തി കൂടുമെന്നാണു പറയപ്പെടുന്നത്. യൂറോപ്പിൽ "വൈദ്യശാസ്ത്രത്തെ പരിഷ്കരിച്ചവൻ" എന്നു പറയപ്പെടുന്ന പരാസെൽസ് എന്ന വിദ്വാൻ ഇന്ത്യയിലെ യോഗികളെക്കുറിച്ച് ഇങ്ങിനെ പറഞ്ഞിരിക്കുന്നു:-- "അവർ (യോഗികൾ) ഏറ്റവും ചിരംജീവികളാണു. ഓരോരുത്തർ നൂറ്റമ്പതുമുതൽ ഇരുനൂറോളം സംവത്സരം ജീവിച്ചിരിക്കുന്നുണ്ട്. അതുതന്നെ പാലും ശാല്യന്നവും മാത്രമാണുതാനും. എന്നാൽ, രസവും ഗന്ധകവും കൂടിച്ചേർത്ത് ഒരു മാതിരി പേയദ്രവ്യമുണ്ടാക്കി ഉപയോഗിക്കുകയും, അതു മാസത്തിൽ ഒരിക്കലെങ്കിലും കഴിക്കുകയും പതിവുണ്ടെന്നാണു പറയപ്പെടുന്നത്. ഇതുകൊണ്ടാണു അവർ ചിരഞ്ജീവികളായിരിക്കുന്നതെന്നും അവർ പറയുന്നു." ഇതിൽതന്നെ മുമ്പൊരേടത്തു പ്രസ്താവിച്ചിട്ടുള്ളതുപോലെ, ഇന്ത്യയിലെ യോഗീശ്വരന്മാർ അവരുടെ ശ്വസോച്ഛ്വാസനിയമം കൊണ്ട് കേട്ടാൽ വിശ്വസിക്കാൻ വയ്യാത്ത ഒരു കാലത്തോളം ആയുസ്സിനെ ദീർഘ്ഘിപ്പിക്കുവാൻ കഴിയുന്നവരാണെന്നാണു പറയപ്പെടുന്നത്. ചൎയ്യാനിയമങ്ങൾ, ഭക്ഷണം, സമാധിശീലം ഇവയിലെല്ലാം പ്രത്യേകം ശ്രദ്ധവെക്കുകയും, ശ്വാ [ 145 ] സോച്ഛ്വാസങ്ങളെ നിയമിക്കേണ്ടതിന്നായി ചില അംഗവിന്യാസഭേദ(ആസന)ങ്ങളെ സ്വീകരിക്കുകയും ചെയ്യുന്നതുകൊണ്ട് ഈ യോഗികൾക്ക് പൂർണ്ണമായ ആരോഗ്യവും സുഖവും കിട്ടുന്നതാണത്രെ. അവർ തങ്ങളുടെ ആരോഗ്യത്തിന്നു ഹാനിവരാതെ വിശപ്പും ദാഹവും തടുക്കുന്നതായി എന്തോ ചില മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്നുള്ളതിന്നു സംശയമില്ല. എന്നാൽ രസത്തിന്റെ അൽഭുതകരമായ ഗുണമറിഞ്ഞിട്ട് അവർ തപോനിഷ്ഠയുള്ള കാലങ്ങളിൽ അത് ഉപയോഗിക്കുമാറുണ്ടെന്നും വരാവുന്നതാണല്ലൊ. ഈ മരുന്നുണ്ടാക്കുന്നതിൽ ഗന്ധകം ഒഴിച്ചുകൂടാത്ത ഒരു സാധനമാകയാൽ, "രസവും ഗന്ധകവും കൂട്ടിച്ചേർത്ത ഒരു മാതിരി പേയദ്രവ്യം" എന്നു പരാസെൽസ് പറഞ്ഞതു ശരിയാണു. "ലൂതർ ആൾട്ടർ" എന്നുകൂടി പേരുള്ള ഇദ്ദേഹം 16-ആം നൂറ്റാണ്ടിലാണു ജീവിച്ചിരുന്നത്. അദ്ദേഹം "രസ"ത്തിൽ വളരെ വിശ്വാസമുള്ള ആളായിരുന്നു. "മർക്കൂറിസ്സ് വിറ്റെ" എന്നാണു അദ്ദേഹത്തിന്റെ പ്രധാനമായ രസയോഗത്തിന്നു പേർ പറഞ്ഞുവരുന്നത്. ഇയ്യം, തകരം മുതലായ ദോഷാംശങ്ങളെല്ലാം നീങ്ങിയാൽ രസം പതിനെട്ടുവിധം കുഷ്ഠരോഗങ്ങളേയും, നേത്രരോഗങ്ങളേയും, ജ്വരങ്ങളേയും, ഷണ്ഡതയേയും ശമിപ്പിക്കുന്നതാണെന്നും, അതുകൂടാതെ ആയുസ്സിനെ ദീർഘിപ്പിക്കുവാനുള്ള ശക്തികൂടി അതിന്നുണ്ടെന്നും പറയപ്പെട്ടിരിക്കുന്നു.

ഔൽഭിതം, ജാംഗമം, പാർത്ഥിവം എന്നീ മൂന്നു വിധത്തിലുള്ള ദ്രവ്യങ്ങളിൽ നിന്നുണ്ടാക്കിവരുന്ന ഔഷധങ്ങൾ പലേ പ്രകാരത്തിലുമാണു ഉപയോഗിക്കപ്പെടുന്നത്. അതിൽ ചിലത് അഞ്ജനം, അവലോഹം, അരിഷ്ടം, ആസവം, ഉദ്വർത്തനം, ഉപനാഹം, കബളം, കൽക്കം, കാഞ്ചികം, ക്വാഥം, ഗണ്ഡൂഷം, ഗുളിക, ഘൃതം, ചൂർണ്ണം, തൈലം, ദ്രവം, ദ്രവസ്വേദം, ധൂമപാനം, നസ്വം, പാനകം, പിണ്ഡി, പേയ, പ്ലോതം, ഫാ [ 146 ] ണ്ടം, ഭസ്മം, മന്ഥ,[17] മോദകം, ലേഹം, വടിക, വൎത്തി, വസ്തി, ശുക്തം, സേചനം, സ്രുതാംബു, സ്വരസം, സ്വേദം, ഹിമം, ക്ഷാരം, എന്നിവയാകുന്നു. ഇതിൽ ചിലത് അകത്തേക്കോ അല്ലെങ്കിൽ പുറത്തേക്കൊ മാത്രവും, ചിലതു തരം പോലെ രണ്ടിടത്തേക്കും പ്രയോഗിക്കപ്പെടുന്നതായിരിക്കും.

ഔഷധങ്ങളെ ഉണ്ടാക്കുന്നതിലും, പിന്നെ ഉപയോഗിക്കുന്നതിലും ആവശ്യമായ അളവുകളുടേയും തൂക്കങ്ങളുടേയും വിവരം കൂടി പ്രാചീനന്മാർ പറഞ്ഞുവെച്ചിട്ടുണ്ട്. ഇതിന്ന് അവർ "മാനപരിഭാഷ" എന്നാണു പേർ പറയുന്നത്. അതുതന്നെ "മാഗധപരിഭാഷ" എന്നും "കലിംഗപരിഭാഷ" എന്നും രണ്ടു പ്രകാരത്തിലുണ്ട്. അതിൽ വെച്ചു 'മാഗധപരിഭാഷ'യാണു അധികം നല്ലതെന്നും ചരകാചാൎയ്യൻ പറഞ്ഞിരിക്കുന്നു. ഇപ്പോൾ ഇന്ത്യയിൽ ഓരോ ദിക്കുകളിൽ സാധാരണയായി ഉപയോഗിച്ചുവരുന്ന അളവുകൾക്കും തൂക്കങ്ങൾക്കും വളരെ വ്യത്യാസം കാണുമെങ്കിലും, വൈദ്യന്മാർ അവരുടെ ചികിത്സാവിഷയത്തിൽ ഇന്നും പ്രാചീനപരിഭാഷതന്നെയാണു സ്വീകരിച്ചുവരുന്നത്. ശാർങ്ഗധരൻ തൂക്കങ്ങൾക്കു താഴെ പറയുന്ന ഒരു പട്ടിക കാണിച്ചിരിക്കുന്നു:--

30 പരമാണു = 1 ത്രസരേണു.
6 ത്രസരേണു(വംശി) = 1 മരീചി.
6 മരീചി = 1 രാജിക.
3 രാജിക = 1 സർഷപം.
8 സർഷപം = 1 യവം.
4 യവം = 1 ഗുഞ്ജാ.
6 ഗുഞ്ജ = 1 മാഷകം.
4 മാഷകം = 1 ശാണം.
2 ശാണം = 1 കോലം.

[ 147 ]

2 കോലം = 1 കർഷം (1തോല).[18]
2 കർഷം = 1 അർദ്ധപലം.
2 അർദ്ധപലം = 1 പലം.
2 പലം = 1 പ്രസൃതി.
2 പ്രസൃതി = 1 അഞ്ജലി.
2 അഞ്ജലി = 1 മാനിക.
2 മാനിക = 1 പ്രസ്ഥം.
4 പ്രസ്ഥം = 1 ആഢകം.
4 ആഢകം = 1 ദ്രോണം.
2 ദ്രോണം = 1 ശൂൎപ്പം
2 ശൂർപ്പം = 1 ദ്രോണി
4 ദ്രോണി = 1 ഖാരി (4096 പലം)
100 പലം
1400 തോല
= 1 തുലാം
2000 പലം = 1 ഭാരം

കലിംഗമെന്നു പറയുന്നതു മദിരാശിക്കു വക്കായി ചോഴമണ്ഡലക്കരയിൽ കിടക്കുന്ന ഒരു രാജ്യമാണു. അവിടെ നടപ്പുള്ള മാനനിയമത്തിന്നു "കലിംഗപരിഭാഷ" എന്നു പ്രാചീനന്മാർ പേരിട്ടിരിക്കുന്നു. അത് ഇപ്രകാരമാകുന്നു:--

12 ഗൗരസർഷപം = 1 യവം
1യവം = 1 ഗുഞ്ജാ
2 ഗുഞ്ജ = 1 മാഷം
2 മാഷം = 1 ശാണം
6 മാഷം = 1 ഗദ്യാനം
10 മാഷം = 1 കർഷം
4 കർഷം = 1 പലം

[ 148 ]

4 പലം = 1 കുടുബം

ദ്രവദ്രവ്യങ്ങളെല്ലാം മുളകൊണ്ടോ, മരംകൊണ്ടോ, അല്ലെങ്കിൽ ലോഹം കൊണ്ടോ ഉണ്ടാക്കപ്പെട്ടതും, 4 അംഗുലം വ്യാസവും അത്രതന്നെ കുണ്ടുള്ളതുമായ "കുടുബം" എന്ന ഒരു പാത്രം കൊണ്ടാണു അളക്കപ്പെടുന്നത്. ഇതിന്നു നമ്മുടെ നാട്ടിൽ "നാഴി" എന്നാണു സാധാരണയായി പറഞ്ഞുവരുന്നത്. പക്ഷെ, മലയാളത്തിൽതന്നെ ഓരോരോ ദേശങ്ങളിൽ നാഴിയുടെ വലിപ്പത്തിന്നുള്ള വ്യവസ്ഥയില്ലായ്മകൊണ്ടു വരുന്ന ദോഷങ്ങൾക്കു പ്രാചീനന്മാരുടെ "കുടുബം" ഉത്തരവാദിയാകുന്നതല്ല. എന്നാൽ പ്രാചീനവൈദ്യഗ്രന്ഥകാരന്മാർ തന്നെ മാനപരിഭാഷയെപ്പറ്റി അല്പാല്പം ഭിന്നാഭിപ്രായക്കാരായി കാണുന്നുണ്ട്. എങ്കിലും അതിലുള്ള വ്യത്യാസമൊന്നും അത്ര ദോഷം വരത്തക്കതല്ലായ്കയാൽ, ആ വക മതഭേദങ്ങളെല്ലാം തൽക്കാലം ഇവിടെ എടുത്തു വിസ്തരിക്കുന്നില്ല. 1. ഇത് ഒരു വേരാണു
 2. ഇതിന്നു "കുളർമാവ്" എന്നും "വെദാമ" എന്നും മറ്റും ഭാഷാഭേദങ്ങൾ കാണുന്നു.
 3. ജാഠരേനാഗ്നിനാ യോഗാഭ്യദുദേതി രസാന്തം;
  രസാനാം പരിണാമാന്തെ സ 'വിപാക' ഇതി സ്മൃതഃ (വഗ്ഭടഃ)
 4. ഈ പറഞ്ഞ പേരുകൾക്കൊന്നും ശരിയായ മലയാളപദങ്ങൾ കണ്ടു കിട്ടീട്ടില്ലാത്തതിനാൽ ഇവയ്ക്കു പ്രായേണ ഇംഗ്ലീഷിലുള്ള സസ്യശാസ്ത്രസംജ്ഞകൾ മാത്രമേ ഇവിടെ ചേൎക്കുവാൻ സാധിച്ചിട്ടുള്ളൂ.
 5. ഇതിന്നു "ചെറുപ്പുള്ളടി" "ആടുതിന്നും പാല" ഇങ്ങിനെ ചില പേരുകൾ കാണുന്നുണ്ട്.
 6. "കരസുരങ്കണ്ണി" "കയ്യൊന്നി" ഇങ്ങിനെ ചില പൎയ്യായങ്ങൾ ഇതിന്നുണ്ടത്രെ.
 7. Plantago Ispaghula.
 8. ജവനിപ്പുവ്വ്
 9. ഈ തേൻ കേവലം സസ്യവൎഗ്ഗത്തിൽ നിന്നുണ്ടാകുന്നതാണെങ്കിലും, ഇവിടെ എടുത്തു പറഞ്ഞതെന്താണെന്നുവെച്ചാൽ ആൎയ്യവൈദ്യന്മാർ ഇതിനേയും മറ്റു ജാതി തേനുകളുടെ കൂട്ടത്തിൽ ഗണിച്ചിട്ടുള്ളതുകൊണ്ടാണു.
 10. ഗോജാവിമഹിഷീണാന്തു സ്ത്രീണാം മൂത്രം പ്രശസ്യതെ;
  ഖരോഷ്ട്രേഭജനരാശാനാം പുംസാം മൂത്രം ഹിതം സ്മതം.
  ആയുൎവ്വേദവിജ്ഞാനം.

 11. ഏകദേശം രണ്ടടി ആഴവും, രണ്ടടി വിസ്താരവുമുള്ളതായി മണ്ണിൽ ഒരു ചതുരസ്രകുണ്ഡം കുത്തി അതിൽ ചാണകവരടിയിട്ടു നിറയ്ക്കുക. ഈ കുണ്ഡത്തിന്നു "ഗജപുടം" എന്നു പേർ പറയും. ഇതിന്റെ നടുക്കാണു ആ ലൊഹമിരിക്കുന്ന മൺപാത്രം വെച്ചു പുടം ചെയ്യെണ്ടത്.
 12. ഈ വജ്രങ്ങളുടെ ജാതി നിർണ്ണയത്തിൽ രസരത്നസമുച്ചയത്തിലെ അഭിപ്രായം ഇതിൽനിന്നു ഭേദപ്പെട്ടുകാണുന്നു.
 13. രാജീരസോനമൂഷായം ദ്വിസ്ഥാലീസമ്പുടേ ധൃത്വാ പൂരയേല്ലവണേന ച;
  അഥ സ്ഥാല്യാം തതോ മുദ്രാം ഭദ്യാദ് ദൃഢതരാം ബുധഃരസം ക്ഷിപൂവാ വിബന്ധയേൽ;
  വസ്ത്രേണ ഡോലികയന്ത്രേ സ്വേദയേൽ കാഞ്ചികൈസ്ത്ര്യഹം.
  ദിനൈകം മൎദ്ദയേത്സൂതം കുമാരീ സംഭവൈർദ്രവൈഃ;
  തഥാ ചിത്രകജൈഃ ക്വാഥൈൎമ്മ്ര്#ദ്ദയേദേകവാസരം.
  കാകമാചീരസൈസൂദ്വദ്ദിനമേകഞ്ച മൎദ്ദയേൽ;
  ത്രീഫലായാസ്തഥാ ക്വാഥൈരസൊ മർദ്യഃ പ്രയത്നതഃ
  രുതസ്തേഭ്യഃപൃഥൿ കൎയ്യാത്സൂതം പ്രക്ഷാള്യ കാഞ്ചികഃ
  തതഃ ക്ഷിപ്ത്വാ രസം ക്ഷൽവേരസാദൎദ്ധഞ്ച സൈന്ധവം-
  മൎദ്ദയേന്നിംബുകരസൈൎദ്ദിനമേകമനാരതം;
  തതോ രാജീ സരോനശ്ച നവസാദരഃ
  ഏതൈരഗ്നസമൈസ്തദ-ത്സുതോ മൎദ്ദ്യസ്തുഷാംബുനാ
  തതഃ സംശോഷ്യ ചക്രാഭം കൃത്വാലിപ്ത്വാച ഹിംഗുനം.
  ദ്വിസ്ഥാലീസമ്പുടേ ധൃത്വാ പൂരയേല്ലവണേന ച;
  അഥ സ്ഥാല്യാം തതോ മുദ്രാം ഭദ്യാദ് ദൃഢതരാം ബുധഃ
  വിശോഷ്യാഗ്നിം വിധായാധോ നിഷിഞ്ചേദംബുനോപരി;
  തതസ്തു കൎയ്യാത്തീവ്രാഗ്നിം തദധഃ പ്രഹരത്രയം.
  ഏവം നിപഃതയെദൂൎദ്ധ്വാ രസോ ദോഷവിവർജ്ജിതഃ

  ശാർങ്ഗ്ധരസംഹിത, മദ്ധ്യമക്ഷണ്ഡം ൧൨-ആം അദ്ധ്യായം.

 14. അജാശകൃത്തുഷാഗ്നിഞ്ചു ഖാനായിത്വാ ഭുവി ക്ഷിപേൽ
  മസ്യോപരി സ്ഥിതഃ ഖുൽവം 'തപ്തഖൽവം' മിതിസ്കതം
 15. :--ത്രി കടുക്ഷാരൊ രാജീലവണപഞ്ചകഃ
  രസോനോ നവസാരശ്ചഃ ശിഗ്രു ശ്ചൈകത്ര ചുർണ്ണിതൈഃ
  സമാംശൈഃ പാരദാദേതൈർജ്ജു ബിരേണ ദ്രവേണ വാ.
  നിംബു തായൈ കഞ്ചികൈർവാസോഷ്ണഖൽവേവിമദ്ദയേൽ;
  അഹോരാത്രത്രയേണ സ്യാദ്ര സധാതു ചരം മുഖം
 16. നാഗവല്ലിരസൈൎഘൃഷ്ടു കൎക്കോടീ കന്ദഗർഭിതഃ
  മൃന്മൂഷാസമ്പുടെ പക്ത്വാ സൂതോ യാത്യേവ ഭസ്മതാം.
  ശാൎങ്ഗധര

 17. മാനഞ്ച ദ്വിവിധം പ്രാഹുഃ കാലിംഗം മാഗധം തഥാ
  കാലിംഗാന്മാഗധം ശ്രേഷ്ടമേവം മാനവിദോ വിദുഃ
 18. ൧൮0ഗ്രെയിൻ