താൾ:Aarya Vaidya charithram 1920.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ൻ൬ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


സകല ശരീരാവയവങ്ങൾക്കും മാർദ്ദവമുണ്ടാക്കുന്നതും, സ്വേദനവും (വിയൎപ്പിക്കുന്നത്) ആകുന്നു. അധികമായി ഉപയോഗിച്ചാൽ അതു നര, കുഷ്ഠം, വിസർപ്പം മുതലായതെല്ലാം ഉണ്ടാക്കിത്തിൎക്കുന്നതാണു.

കടു (എരിവ്) ഉഷ്ണവും, കൃമിഘ്നവും, സ്തന്യഹരവും (മുലപ്പാലില്ലാതാക്കുന്നത്), നാസികയെ ശോഷിപ്പിക്കുന്നതുമാകുന്നു. അതു രുചിയെ വർദ്ധിപ്പിക്കുകയും, മേദസ്സിനെ ക്ഷയിപ്പിക്കുകയും ചെയ്യും. ഈവക ഗുണങ്ങളെല്ലാം ഉണ്ടെങ്കിലും അത് അധികമായി ശീലിച്ചുപോയാൽ തൃക്ഷ്ണ, ധാതുക്ഷയം, മോഹാലസ്യം, അരക്കെട്ട് പുറം മുതലായ പ്രദേശങ്ങളിൽ വേദന ഈവക ഉപദ്രവങ്ങളെല്ലാം ഉണ്ടാക്കിത്തീൎക്കും.

തിക്തം. (കയ്പ്) ശീതവീൎയ്യവും, തൃഷ്ണ, മോഹാലസ്യം, പനി, ചുട്ടുനീറൽ ഇവകളെ ശമിപ്പിക്കുന്നതും,ത്വൿപ്രസാദനവുമാകുന്നു. അതു രക്തസംബന്ധമായ രോഗങ്ങളെ ശമിപ്പിക്കുകയും, വാതത്തെ വൎദ്ധിപ്പിക്കുകയും ചെയ്യും. ഇതും മാത്ര കവിഞ്ഞു ശീലിച്ചിരുന്നാൽ ശിരശ്ശൂലയും (തലവേദന), വാതരോഗം, മുതലായതും ഉണ്ടായിത്തീരുവാനിടയുണ്ട്.

കഷായ (ചവർപ്പ്) രസം രോപണവും (വ്രണങ്ങളെ ഉണക്കുന്നതും), സംഗ്രാഹിയും (മലബന്ധമുണ്ടാക്കുന്നതും), ത്വൿപ്രസാദനവുമാകുന്നു. ഈ കഷായരസമായ ദ്രവ്യങ്ങൾതന്നെ നിയമേന ശീലിച്ചിരുന്നാൽ ദേഹത്തിന്നു സ്തംഭനവും, ആദ്ധ്മാനവും (വയർവീൎക്കുക), ഹൃദ്രോഗവും ഉണ്ടായിത്തീരും.

ഗുണം--എന്നതു ദ്രവ്യനിഷ്ഠമായ ഒരു ധൎമ്മമാകുന്നു. ഏതെങ്കിലും ഒരു ദ്രവ്യത്തെ അകത്തോ പുറത്തോ ഉപയോഗിച്ചാൽ ഒരു പ്രത്യേകഫലം കാണുന്നത് അതിന്റെ സഹജമായ ഏതൊരു ധൎമ്മത്താലോ അതിനെയാണു "ഗുണം" എന്നു പറയുന്നത്.

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/111&oldid=155497" എന്ന താളിൽനിന്ന് ശേഖരിച്ചത്