Jump to content

ആൎയ്യവൈദ്യചരിത്രം/ആറാം അദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ആൎയ്യവൈദ്യചരിത്രം (ചരിത്രം)
രചന:പി. വി. കൃഷ്ണവാരിയർ
ആറാം അദ്ധ്യായം : ഹിന്തുക്കളുടെ വൈദ്യശാസ്ത്രസിദ്ധാന്തം

[ 77 ]

ആറാം അദ്ധ്യായം

ഹിന്തുക്കളുടെ വൈദ്യശാസ്ത്രസിദ്ധാന്തം


ശരീരത്തിലുള്ള വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ വിഷമാവസ്ഥയാണു സകലരോഗങ്ങൾക്കും കാരണമാകുന്നതെന്നു ഹിന്തുവൈദ്യശാസ്ത്രത്തിൽ സിദ്ധാന്തിച്ചിരിക്കുന്നു. ഇവകൾ മനുഷ്യ ശരീരത്തിന്റെ ഏറ്റവും സൂക്ഷ്മങ്ങളായ അംശങ്ങളിൽകൂടി വ്യാപിച്ചിട്ടുമുണ്ട്. ഈ "ദോഷങ്ങൾ" അവയുടെ സമനിലയിൽ ഇരിക്കുന്ന കാലത്തോളം ശരീരത്തിന്നു യാതൊരു അസ്വാസ്ഥ്യവും നേരിടുന്നതല്ല. എന്നാൽ അവയ്ക്കു വല്ല തകരാറും വന്നുപോയെങ്കിൽ, എല്ലാവിധം ഉപദ്രവങ്ങളും ഉ [ 78 ] ണ്ടായിത്തീരുന്നതുമാണു. ഈ മൂന്നു ദോഷങ്ങളും അവയാൽ ധരിക്കപ്പെടുന്ന ശരീരത്തിൽ എല്ലാടവും വ്യാപിച്ചിട്ടുണ്ടെന്നു മേൽ പ്രസ്താവിച്ചുവല്ലൊ. എങ്കിലും വാതത്തിന്റെ പ്രധാനസ്ഥാനം കാലുകളുടേയും നാഭിയുടേയും മദ്ധ്യത്തിലും, പിത്തത്തിന്റെ മുഖ്യാശയം നാഭിയുടേയും ഹൃദയത്തിന്റെയും ഇടയിലും, കഫത്തിന്റെ സാക്ഷാൽ സ്ഥാനം ഹൃദയത്തിന്റേയും ശിരസ്സിന്റേയും നടുക്കുള്ള ഭാഗത്തിലും ആകുന്നു. വാതം വാൎദ്ധക്യത്തിലും, പിത്തം യൗവനത്തിലും, കഫം ബാല്യത്തിലും പ്രബലമായിരിക്കും. വൈകുന്നേരം വാതം വൎദ്ധിക്കുന്ന കാലവും മദ്ധ്യാഹ്നവും പ്രഭാതവും ക്രമേണ പിത്തകഫങ്ങളുടെ വർദ്ധനയ്ക്കുള്ള അവസരവും ആകുന്നു. അങ്ങിനെതന്നെ, ഉദരത്തിലുള്ള ആഹാരം ദഹിച്ചതിന്നുശേഷം വാതത്തിന്നാണു പ്രാബല്യം; ദഹനം പകുതിയാകുമ്പോൾ പിത്തമായിരിക്കും അധികരിച്ചിരിക്കുന്നത്; ദഹനാരംഭത്തിൽ അധികാരം കഫത്തിന്നുമാകുന്നു. വാതം വൎദ്ധിച്ചിരിക്കുമ്പോൾ അഗ്നി 'വിഷമ'മായിത്തീരും; പിത്തം അധികരിച്ചാൽ അതു 'തീക്ഷ്ണ'മാകുന്നതാണു; കഫമാണു പ്രബലപ്പെട്ടിരിക്കുന്നതെങ്കിൽ അഗ്നി 'മന്ദ'മായിത്തീരുകയും ചെയ്യും. വേണ്ടതുപോലെ ദീപനം വരേണമെങ്കിൽ ഈ മൂന്നു "ദോഷങ്ങളും" അവയുടെ സമനിലയ്ക്കുതന്നെ ഇരിയ്ക്കേണ്ടതാണു. വാതം അധികരിക്കുമ്പോൾ കോഷ്ഠം "ക്രൂര"മായിരിക്കും; പിത്തം വൎദ്ധിച്ചാൽ അതു 'മൃദു'വാകുന്നതാണു; കഫമാണു വൎദ്ധിച്ചിരിക്കുന്നതെങ്കിൽ അതു(കോഷ്ഠം) 'മദ്ധ്യം' ആയിത്തീരുകയും ചെയ്യും. ഈ മൂന്നും സമാവസ്ഥയിലിരിക്കുമ്പോൾ മാത്രമേ ശരീരത്തിന്നു സൗഖ്യമുണ്ടാവുകയുള്ളൂ. ചിലപ്പോൾ ഈ ദോഷങ്ങളുടെ ന്യൂനത സഹജമായിരിക്കും. അങ്ങിനെ വരുമ്പോൾ പിത്തപ്രകൃതി വാതപ്രകൃതിയേക്കാളും, കഫപ്രകൃതി ഈ രണ്ടിനേക്കാളും നല്ലതാണു. എങ്കിലും എല്ലാം കൂടി ആലോചിക്കുമ്പോൾ ഈ ദോ [ 79 ] ഷകൃത്യങ്ങൾക്ക് എന്തു തരാറു വരുന്നതും ഇഷ്ടമല്ലതാനും. വാതപിത്തകഫങ്ങളാകുന്ന ത്രിദോഷങ്ങളുടെ ചില പ്രത്യേകകാൎയ്യങ്ങളാണു ഈ പറഞ്ഞത്. ഇനി ഇവകളാൽ പ്രകൃതിയിലുണ്ടാകുന്ന വ്യത്യാസവും മറ്റു വികാരഭേദങ്ങളും കുറേക്കൂടി വിശദമാക്കുവാൻ ശ്രമിക്കാം.

ഹിന്തുക്കളുടെ സിദ്ധാന്തപ്രകാരം, ശരീരത്തിന്റെ ഏതു ചലനവും വാതത്തെ ആശ്രയിച്ചിരിക്കുന്നു. വാസ്തവത്തിൽ അതിന്നുമാത്രമേ ചലനശക്തിയുള്ളൂ. അത് (വാതം) ഏതിനോടാണു സംയോജിക്കുന്നതെന്നുവച്ചാൽ, അതിന്റെ ഗുണങ്ങളെ വഹിക്കുവാൻ ("യോഗവാഹിത്വ"ത്തിന്നു) കഴിവുള്ളതാകുന്നു. എന്നാൽ സ്വതേ വാതത്തിന്നുള്ള ഗുണങ്ങൾ രൂക്ഷത, ലാഘവം, ശൈത്യം, കാഠിന്യം, സൂക്ഷ്മത, ചലനം എന്നിവയാണു. ഇത് അഞ്ചു വിധത്തിലുണ്ട്. ഇങ്ങിനെ വിഭാഗിച്ചിരിക്കുന്നത് അതു ശരീരത്തിൽ ചെയ്തുവരുന്ന പ്രവൃത്തികൾക്കനുസരിച്ചാണു. ഈ അഞ്ചുവായുക്കൾ ഉദാനൻ, പ്രാണൻ, സമാനൻ, അപാനൻ, വ്യാനൻ എന്നിവയാകുന്നു.

ഉദാനൻ ഇരിക്കുന്നത് ഉരോസ്ഥിയുടെ മീതെ കണ്ഠദേശത്തിലായിട്ടാണു. ഈ വായുവിന്റെ സഹായത്താലാകുന്നു നമുക്കു സംസാരിക്കുവാനോ, പാടുവാനോ, വല്ല ശബ്ദങ്ങളും പുറപ്പെടുവിക്കുവാനോ കഴിവുണ്ടാകുന്നത്. ഇതുകോപിച്ചാൽ ജത്രൂദ്ധ്വഭാഗത്തിൽ പല രോഗങ്ങളും ഉണ്ടാകുവാൻ ഇടയുണ്ട്.

പ്രാണൻ മൂൎദ്ധാവിലിരിക്കുന്നു. എന്നാൽ ഉരസ്സ്, കണ്ഠം ഈ വക പ്രദേശങ്ങളിലുംകൂടി അതിന്നു സഞ്ചാരമുണ്ട്. നമുക്കു ശ്വാസോച്ഛ്വാസം ചെയ് വാനും, ഭക്ഷണസാധങ്ങൾ ഇറക്കുവാനും ഈ വായു നിമിത്തമാണു സാധിക്കുന്നത്. ഇതു കോപിച്ചാൽ എക്കിട്ട്, ഏക്കം എന്നീവക അനേകം രോഗങ്ങൾ ഉണ്ടായിത്തീരുന്നതുമാണു. [ 80 ]

സമാനൻ ഉദരത്തിൽ ജഠരാഗ്നിക്കു സമീപം ഇരിക്കുന്നു. അത് ആമാശയത്തിലേക്കു വരുന്ന അന്നത്തെ പചിക്കയും, ശരീര പുഷ്ടിക്കാവശ്യമുള്ള "സാര"ത്തേയും, പുറത്തേക്കു കളയേണ്ടതായ "കിട്ട"ത്തേയും വേർതിരിക്കുകയും ചെയ്യുന്നു. അതു ദുഷിച്ചിരുന്നാൽ വയറ്റിൽ വേദന, ഗുന്മൻ, ഗ്രഹണി മുതലായ രോഗങ്ങൾ ഉണ്ടാവുകയും ചെയ്യും.

അപാനൻ ഇരിക്കുന്നതു ഗുദപ്രദേശത്തിലാണു. എന്നാൽ അരക്കെട്ട്, വസ്തി, ലിഗം, തുടകൾ ഇവയും അതിന്റെ പ്രവൃത്തിക്കു വിഷയമായിരിക്കും. മലം, മൂത്രം, ശുക്ലം, ആൎത്തവം, ഗർഭം ഇവയെല്ലാം പുറത്തു വിടുകയാണു അതിന്റെ കൃത്യം. അതിന്നു ദൂഷ്യം വന്നാൽ മലബന്ധം, മൂലക്കുരു, ഗുദം-വസ്തി-മൂത്രദ്വാരം ഈ പ്രദേശങ്ങളിലുള്ള രോഗങ്ങൾ, ശുക്ലദോഷം എന്നീവക വ്യാധികൾ നേരിടുന്നതാണു.

വ്യാനൻ ശരീരത്തിലെല്ലാടവും വ്യാപിച്ചിരിക്കുന്നു. എന്നു മാത്രമല്ല, അതു രസാംശങ്ങളെ നാനാഭാഗങ്ങളിലും കൊണ്ടുപോയി ശരീരത്തിന്ന് ഉണൎച്ചയുണ്ടാക്കുകയും ചെയ്യുന്നു. അതു സ്വേദത്തിന്റേയും രക്തത്തിന്റേയും പ്രവൃത്തിയെ ചെയ്യിക്കുന്നു. ശരീരത്തിന്റെ സകലചേഷ്ടകളും അതിനെ ആശ്രയിച്ചാണിരിക്കുന്നത്. അതിന്നു വല്ല തകരാറും വന്നുപോയാൽ, ശരീരത്തിൽ സകലവിധരോഗങ്ങളും സംഭവിക്കുവാനിടയുണ്ട്.

മേൽ പ്രസ്താവിച്ച അഞ്ചുവിധം വായുക്കളും ദുഷിച്ചാൽ ശരീരം തന്നെ നശിച്ചുപോകും. ചില ഗ്രന്ഥകാരന്മാർ നാഗൻ, കൂൎമ്മൻ, കൃകലൻ, ദേവദത്തൻ, ധനഞ്ജയൻ, ഇങ്ങിനെ വേറെ അഞ്ചു പ്രധാനവായുക്കളും കൂടി ഉണ്ടെന്നു സിദ്ധാന്തിച്ചിരിക്കുന്നു. ഇവയിൽ ഓരോന്നിന്റേയും കൃത്യങ്ങൾ ഉദ്വമനം,നിമേഷണം, നസ്യം, ജൃംഭണം, വാതപൂരണം എന്നവയാകുന്നു. [ 81 ]

പിത്തം സ്വഭാവേന ഉഷ്ണവും, ദ്രവവും, മഞ്ഞനിറമുള്ളതും, കടുരസവും, ദുഷ്ടമായാൽ അമ്ലരസവും, ലഘുവും, സ്നിഗ്ദ്ധവും ആകുന്നു. ഈ പിത്തം നിമിത്തമാണു പ്രാണികളുടെ ശരീരത്തിൽ ചൂടുണ്ടാകുന്നത്. ഇതും അഞ്ചുവിധത്തിലുണ്ട്.

പാചകം--ഇതിന്റെ ഇരിപ്പ് ആമാശയത്തിന്റെയും പക്വാശയത്തിന്റെയും മദ്ധ്യത്തിലാകുന്നു. ഇതുതന്നെയാണു ജഠരാഗ്നിയുടെ സ്ഥാനവും. ഇതു ദഹനത്തിന്നു സഹായിക്കുകയും, ശരീരത്തിന്ന് ആസകലം ചൂടുണ്ടാക്കുകയും, സാരകിട്ടങ്ങളെ വിഭജിക്കുകയും ചെയ്യുന്നു. ജഠരാഗ്നിയുടെ സ്വഭാവത്തെക്കുറിച്ചു പറയുന്നതിൽ ഇന്ത്യയിലെ എല്ലാ വൈദ്യഗ്രന്ഥകാരന്മാരുടേയും അഭിപ്രായം യോജിച്ചു കാണുന്നില്ല. ചിലരുടെ പക്ഷത്തിൽ ഈ പിത്തവും (പാചകം) ജഠരാഗ്നിയും ഒന്നുതന്നെയാണു. വേറെ ചിലർ മറ്റൊരു വിധത്തിലും പറയുന്നു. "രസപ്രദീപ"ത്തിന്റെ കൎത്താവ് ഈ അഗ്നി നാഭിമദ്ധ്യത്തിലിരിക്കുന്ന അതിസൂക്ഷ്മമായ ഒരു ആഗ്നേയവസ്തുവാണെന്നു പറഞ്ഞിരിക്കുന്നു. അതു പിത്തത്തിന്നു ചൂടിനെ എത്തിച്ചുകൊടുക്കുകയും, ആമാശയത്തിൽ വന്നിരിക്കുന്ന അന്നത്തെ പചിക്കുകയും ചെയ്യുന്നു. ഏറ്റവും വലിയൊരു ജീവിയിൽതന്നെ അത് ഒരു യവമണിയേക്കാൾ അധികം വലിപ്പമുള്ളതായിരിക്കുകയില്ല. ചെറിയ ജീവികളിൽ അത് ഒരു കടുകിന്മണിയോളം മാത്രമേ വലിപ്പമുണ്ടാവുകയുള്ളൂ, കൃമികളിലും മറ്റു ചെറുപ്രാണികളിലും അത് ഒരു രോമക്കുത്തിനേക്കാൾ അധികമായിരിക്കയുമില്ല.

രഞ്ജകത്തിന്റെ സ്ഥാനം യകൃത്തും പ്ലീഹയുമാകുന്നു. അതാണു രക്തമായി പരിണമിക്കുന്ന രസധാതുവിന്നു ചുവപ്പുനിറം ഉണ്ടാക്കിക്കൊടുക്കുന്നത്.

സാധകം ഹൃദയത്തിലിരിക്കുന്നു. അതു ധാരണാശക്തി, ബുദ്ധി, അഭിമാനം ഇവകളാൽ ഇഷ്ടസിദ്ധിവരുത്തുന്നതു [ 82 ] കൊണ്ടാണു ഈ പേരിന്നൎഹതയുള്ളതായിരിക്കുന്നത്.

ആലോചകത്തിന്റെ ഇരിപ്പു കണ്ണുകളിലാകുന്നു. ഇതുനിമിത്തമാണു നമുക്കു കാഴ്ചക്കുള്ള ശക്തിയുണ്ടാകുന്നത്.

ഭ്രാജകം ത്വക്കിൽ ഇരിക്കുന്നു. അതു ത്വക്കിന്നു ശോഭയേയും, നല്ലനിറത്തേയും കൊടുക്കുന്നു. ശരീരത്തിൽ തൊലിപ്പുറമേ വല്ലതും അരച്ചു തേച്ചാാൽ നീരെല്ലാം വലിച്ചെടുക്കുന്നതും, നിറം നന്നാക്കിത്തീൎക്കുന്നതും ഇതുതന്നെയാണു.

കഫം സ്വാഭാവേന വെളുപ്പ്, ഗുരുത്വം, സ്നിഗ്ദ്ധത, ശ്ലക്ഷ്ണത(മിനുപ്പു), ശൈത്യം, മാധുൎയ്യം, ദുഷിച്ചിരുന്നാൽ ഉപ്പുരസം ഈവക ഗുണങ്ങളുള്ളതാകുന്നു. സ്ഥാനഭേദത്താൽ അതിന്നും താഴേ പറയുന്ന അഞ്ചു തരഭേദങ്ങളുണ്ട്.

ക്ലേദനം എന്ന കഫം ആമാശയത്തിലാണു ഇരിക്കുന്നത്. അത് ആഹാരരസത്തിന്നു നുലവുണ്ടാക്കുകയും, അംഗങ്ങൾക്കെല്ലാം ബലത്തെ കൊടുക്കുകയും ചെയ്യുന്നു.

അവലംബനം ഇരിക്കുന്നതു ഹൃദയത്തിലാകുന്നു. കണ്ഠാസ്ഥികളും, ത്രികവും അതിന്റെ സ്ഥാനത്തിൽ പെട്ടതുതന്നെയാണു.

രസനം രസനയിലും തൊണ്ടയിലും കൂടിയാണു ഇരിക്കുന്നത്. ഇതുകൊണ്ടാണു നമുക്കു പലവിധത്തിലുള്ള ഭക്ഷണസാധനങ്ങളുടേയും രസങ്ങളെ തിരിച്ചറിയുവാൻ കഴിവുണ്ടാകുന്നത്.

സ്നേഹനം(തൎപ്പകം) ശിരസ്സിൽ ഇരിക്കുകയും, അവിടെനിന്ന് ഇന്ദ്രിയങ്ങൾക്കെല്ലാം സ്നിഗ്ദ്ധത വരുത്തി അവയുടെ പ്രവൃത്തിക്കു ശക്തിയുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നു.

ശ്ലേഷണം സന്ധികളിൽ ഇരിക്കുന്നു. അതു സന്ധികൾക്ക് അയവുണ്ടാക്കുകയും, അവയുടെ കൃത്യനിൎവ്വഹണത്തിന്നു സാമർത്ഥ്യമുണ്ടാക്കിത്തീൎക്കുകയും ചെയ്യുന്നു. [ 83 ]

ഓരോ മനുഷ്യരിൽ ഏതു "ദോഷ"മാണു ആധിക്യേന നിൽക്കുന്നതെന്നു ചില പ്രത്യേകലക്ഷണങ്ങളെക്കൊണ്ട് എളുപ്പത്തിൽ കണ്ടുപിടിക്കുവാൻ കഴിയും. എങ്ങിനെയെന്നാൽ, വാതപ്രകൃതിക്കാർ സാധാരണയായി കറുത്തു കൃശന്മാരായും, ലേശവും സ്നിഗ്ദ്ധതയില്ലാത്ത കുറച്ചുമാത്രം തലമുടിയോടുകൂടിയും, ശീതദ്വേഷികളും വളരെ അധികം സംസാരിക്കുന്നവരും മത്സരികളും കോപിഷ്ഠന്മാരും ജാഗരണശീലന്മാരുമായും ഇരിക്കും; അവർ വളരെ വേഗത്തിലാണു നടക്കുക; ഇവരിൽ സ്ത്രീകൾക്കു താല്പൎയ്യം കുറവായിരിക്കുമെന്നു മാത്രമല്ല, കുട്ടികൾ അധികം ഉണ്ടാകുന്നതുമല്ല; അവർ പൎവ്വതത്തിന്മേലോ വൃക്ഷത്തിന്മേലോ കയറുന്നതായും, പറക്കുന്നതായും, മറ്റും പലപ്പോഴും സ്വപ്നം കാണും. ഇവൎക്ക് ശ്വാവ്, ഒട്ടകം, കഴു, മൂഷികൻ, കാക്ക, കൂമൻ ഇവയുടെ സ്വഭാവമാണു ഉണ്ടായിരിക്കുകയെന്നു വാഗ്ഭടാചാൎയ്യർ പറഞ്ഞിരിക്കുന്നു.

പിത്തപ്രകൃതിക്കാർ കണ്ടാൽ ഒരുവിധം സൗന്ദൎയ്യമുള്ളവരും, കണ്ണു ചുകന്നവരും, ചെറുപ്പത്തിൽതന്നെ നരയ്ക്കുന്നവരും, ഭയശീലന്മാരും, ബുദ്ധിശാലികളും, ക്രോധശീലന്മാരും, ഉത്സാഹികളും, അഭിമാനികളും, തങ്ങളെ സ്തുതിക്കുന്നതിന്ന് ഇഷ്ടപ്പെടുന്നവരും, ആശ്രിതവത്സലന്മാരും ആയിരിക്കും; ഇവർ വലിയ ഭക്ഷണപ്രിയന്മാരും, എല്ലായ്പോഴും വിശപ്പും ദാഹവും അധികമായിട്ടുള്ളവരും ആയിരിക്കുമെന്നു മാത്രമല്ല, സുഗന്ധദ്രവ്യങ്ങൾ, പുഷ്പങ്ങൾ, മധുരകഷായതിക്തശീതളങ്ങളായ ഭക്ഷണസാധങ്ങൾ ഈവകയിലും, ശൎക്കരയിൽനിന്നെടുക്കുന്ന മദ്യങ്ങളിലും സക്തിയുള്ളവരായിരിക്കുകയും ചെയ്യും. ഇവർ നല്ല മേധാവികളായിരിക്കും; തിയ്യ്, മിന്നൽ എന്നിവയെ സ്വപ്നം കാണുകയും ചെയ്യും. ഇവർക്ക് ഏകദേശം വ്യാഘ്രം, വാനരൻ, മാർജ്ജാരൻ, ചെന്നായ, എട്ടുകാലി എന്നിവയുടെ സ്വഭാവമു [ 84 ] ണ്ടായിരിക്കുന്നതുമാണു.

കഫപ്രകൃതിക്കാർക്കു വിശേഷമായ നിറവും, കറുത്തുനീണ്ട തലമുടിയും, വിസ്തീർണ്ണമായ മാറിടവും ഉണ്ടായിരിക്കും; കഷായകടുതിക്തങ്ങളും ഉഷ്ണങ്ങളുമായ ആഹാരങ്ങളായിരിക്കും അവർ അധികം ഇഷ്ടപ്പെടുന്നത്. അവൎക്കു ശരീരശക്തി, സഹനശീലം, സത്യനിഷ്ഠ, ഔദാൎയ്യം, ഭക്തി, ബുദ്ധി, ദീൎഘദൎശത്വം എന്നീവക ഗുണങ്ങളുണ്ടായിരിക്കും. അവർ സംഗീതത്തിലും മറ്റും വളരെ താല്പൎയ്യമുള്ളവരും, കാമികളുമായിരിക്കുന്നതുകൂടാതെ, വ്യായാമശീലന്മാരും, സ്നേഹബന്ധത്തിന്നുറപ്പുള്ളവരുമായിരിക്കുകയും ചെയ്യും. താമരപ്പൂക്കളും പക്ഷികളും നിറഞ്ഞ നദികളേയോ, മറ്റു ജലാശയങ്ങളേയോ ആയിരിക്കും അവർ സ്വപ്നം കാണുന്നത്. ഇവരുടെ പ്രകൃതിക്കു ഗരുഡൻ, അരയന്നം, സിംഹം, കുതിര, കാള എന്നിവയുടെ സ്വഭാവത്തോട് ഏകദേശം സാമ്യമുണ്ടായിരിക്കുകയും ചെയ്യും.

വാതം കോപിക്കുന്നത് അധികവും ഉപവാസം, ജാഗരണം, ചാട്ടം, അതിവ്യായാമം, അമിതമായ മൈഥുനം എന്നിവയാലാകുന്നു. അത്യുഷ്ണമായോ കടുതീക്ഷ്ണമായോ ഉള്ള ആഹാരത്താലും, ലഹരിയുണ്ടാക്കുന്ന പാനീയങ്ങളാലും, ക്രോധത്താലും, അധികമായ സംയോഗത്താലും പിത്തം വർദ്ധിക്കുന്നു. കഫം കോപിക്കുന്നത് ഉറക്കമില്ലായ്ക, പകലുറക്കം, രുചിയില്ലാതിരിക്കുമ്പോളുള്ള ഭക്ഷണം എന്നീവകയാലുമാകുന്നു.

മേൽവിവരിച്ച മൂന്നു "ദോഷങ്ങൾ" കൂടാതെ ശരീരത്തെ ധരിക്കുന്നവയും, 'ധാതുക്കൾ' എന്നു വിളിക്കപ്പെടുന്നവയുമായ ഏഴു സാരാംശങ്ങൾകൂടി നമുടെ ദേഹത്തിലുണ്ടെന്നുസിദ്ധാന്തിക്കപ്പെട്ടിരിക്കുന്നു. അവകൾ രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്നിവയാണു. പ്രീണനം, ജീവനം, ലേപം, സ്നേഹം, ധാരണം, പൂരണം, [ 85 ] ഗർഭോല്പാദനം എന്നിവയാകുന്നു ഈ ധാതുക്കളിൽ ഓരോന്നിന്റേയും കൃത്യങ്ങൾ.

മുമ്പൊരിക്കൽ പ്രസ്താവിച്ചപ്രകാരം ധമനികളിൽകൂടി സൎവ്വാംഗം വ്യാപിക്കുന്ന രസം ആഹാരത്തിന്റെ അനേകവിധത്തിലുള്ള ദഹനമെല്ലാം കഴിഞ്ഞിട്ട് ഉണ്ടായിത്തീരുന്ന പുഷ്ടികരമായ ഒരു ദ്രവ്യമാകുന്നു. അതു കേവലം വെളുത്തും, മധുരമായും, ശീതളമായുമിരിക്കുകയും, നമുക്കു മനഃപ്രീതി ഉണ്ടാക്കിത്തരികയും ചെയ്യുന്നു. ഈ ശുദ്ധവെളുപ്പായ ദ്രവദ്രവ്യം അതിന്റെ സഞ്ചാരത്തിന്നിടയിൽ യകൃത്തിലും പ്ലീഹയിലും കടന്നു ചെല്ലുകയും, അവിടെവെച്ച് വെളുത്തനിറം പോയി ചുവപ്പായിത്തീർന്ന് "രക്തം" എന്നു പേരുള്ളതായി തീരുകയും ചെയ്യുന്നു. ഈ രക്തം പിന്നെ മാംസമായും, മാംസം മേദസ്സായും, മേദസ്സ് അസ്ഥിയായും, അസ്ഥി മജ്ജയായും, മജ്ജ ശുക്ലമായും പരിണമിക്കുന്നു. എന്നാൽ ഈ രസധാതുവാകട്ടെ ദുഷിച്ചാൽ അമ്ലരസമോ, കടുരസമോ ആയിത്തീരുകയും, ആ സമയം ശരീരത്തിന്നാകെ കേടുതട്ടുവാനിടവരത്തക്കവണ്ണം ഓരോ രോഗങ്ങളുണ്ടായിത്തീരുകയും ചെയ്യും.

രക്തം രസത്തേക്കാൾ കനം കൂടിയതാണു. അത് അതിന്നു നിയമിച്ചിട്ടുള്ള നാഡികളിൽകൂടി സഞ്ചരിക്കുന്നു. ശരീരത്തിലുള്ള നാനാസിരകളിൽകൂടിയും രക്തം സഞ്ചരിക്കുന്നു എന്നുള്ള ഈ സിദ്ധാന്തം നമ്മുടെ ആലോചനയ്ക്കു പ്രത്യേകം വിഷയമാകേണ്ടതാണു. എന്തുകൊണ്ടെന്നാൽ, ഇതുനിമിത്തം, ൧൬൨൮-ൽ രക്തസഞ്ചാരസിദ്ധാന്തത്തെ കണ്ടുപിടിച്ചതിന്നു വില്യം ഹാർവ്വിക്കു കൊടുത്തിട്ടുള്ള മാന്യതകൾക്കെല്ലാം ഹിന്തുക്കളാണു അവകാശികളെന്നു വരുന്നുണ്ടല്ലൊ. ഹാർവ്വി അക്കാലത്തു വലിയൊരു തത്ത്വാൻവേഷിയായിരുന്നു എന്നുള്ളതിന്ന് ആൎക്കും സംശയമില്ല. അതുകൊണ്ടു രക്തസഞ്ചാരസിദ്ധാന്തത്തെ ശാസ്ത്രരീത്യാ [ 86 ] പ്രതിപാദിച്ച് ഇപ്പോഴത്തെ ശരീരശാസ്ത്രത്തിന്ന് ഒരു സ്വത്തുസമ്പാദിച്ച് വെച്ചിട്ടുള്ള ആ മഹാൻ സൎവ്വഥാ നമുക്കു മാന്യൻ തന്നെ. പക്ഷേ അദ്ദേഹത്തിന്നും ഇങ്ങിനെ ഒരു ആലോചനയ്ക്കു പൂർവ്വഗ്രന്ഥകാരന്മാരിൽനിന്നു വല്ല സൂചനയും കിട്ടീട്ടുണ്ടെന്നു വരാവുന്നതാണു. എന്തുകൊണ്ടെന്നാൽ അവരും, ഇത്രതന്നെ ശരിയായിട്ടില്ലെങ്കിലും ഏകദേശം ഇതുപോലെതന്നെ ഒരു സിദ്ധാന്തം കണ്ടുപിടിച്ചവരാണല്ലൊ. എന്നാൽ പണ്ടത്തെ ഹിന്തുവൈദ്യഗ്രന്ഥകാരന്മാർ, "രസ"ത്തെക്കുറിച്ച് അവർതന്നെ പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ, രക്തത്തെപ്പറ്റിയും അത്ര അധികം പ്രാവശ്യമോ സ്പഷ്ടമായിട്ടോ പറഞ്ഞിട്ടില്ലെങ്കിൽ അതു മറ്റൊന്നുകൊണ്ടുമല്ല; അവരുടെ പക്ഷത്തിൽ "രസ" ത്തിന്നും രക്തത്തിന്നും തമ്മിൽ അവയുടെ വർണ്ണത്തിന്നോ കനത്തിന്നോ അല്ലാതെ വേറെ അധികമായ വ്യത്യാസമൊന്നുമില്ല. രണ്ടും ദ്രവദ്രവ്യങ്ങളാണു; എന്നാൽ "രസം" കുറേ അധികം നല്ല ദ്രവമാണെന്നു മാത്രമല്ല, അതു ശരീരത്തെ നിലനിൎത്തുന്നതും, ജീവിതത്തിന്റെ സാരാംശവുമാകുന്നു. രക്തംതന്നെ അതിലുള്ള അന്യപദാർത്ഥങ്ങൾ നീങ്ങിയാൽ "രസ"മായി. ശരീരത്തിലെ നാഡികളിൽകൂടി സഞ്ചരിക്കുക എന്ന കൃത്യം ഈ രണ്ടിന്നും തുല്യമായിട്ടുള്ളതാണു. എന്തുകൊണ്ടെന്നാൽ "രസം" ധമനികളിൽ കൂടിയും സിരകളിൽ കൂടിയും സഞ്ചരിക്കുന്നതിന്നു വ്യാനവായുവിനാൽ ഹൃദയത്തിൽനിന്നു വിക്ഷേപിക്കപ്പെടുന്നു എന്നും, അതു പിന്നെ സൎവ്വാംഗവും വ്യാപിച്ചു, തോടുവഴിക്കു തിരിച്ചു കൊണ്ടുപോകുന്ന വെള്ളം വയലെല്ലാം നനയ്ക്കുന്നതുപോലെ, ശരീരത്തെ പുഷ്ടി വരുത്തുന്നു എന്നും സ്പഷ്ടമായി പറയപ്പെട്ടിരിക്കുന്നു. അതിന്നുപുറമെ പൂൎവ്വഗ്രന്ഥകാരന്മാർ പലരും രക്തസഞ്ചാരത്തെപ്പറ്റി പ്രസ്താവിച്ചിട്ടില്ലെന്നും പറ [ 87 ] യുവാൻ തരമില്ല. എന്തുകൊണ്ടെന്നാൽ, രക്തത്തിന്ന് "ചലനം" എന്ന ഗുണമുണ്ടെന്ന് അവരെല്ലാവരും ഒരുപോലെ അഭിപ്രായപ്പെട്ടതായി കാണുന്നുണ്ടല്ലൊ. ഹാരീതൻ തന്റെ "ഹാരീതസംഹിത" എന്ന ഗ്രന്ഥത്തിൽ പാണ്ഡുരോഗത്തെപ്പറ്റി പറയുന്ന സന്ദർഭത്തിൽ രക്തസഞ്ചാരത്തെക്കുറിച്ചും പ്രസ്താവിച്ചിരിക്കുന്നു. ഈ കൃതിക്കു "സുശ്രുത"ത്തേക്കാൾ പഴക്കമുണ്ടെന്നാണല്ലൊ ചിലരുടെ പക്ഷം. അത് എങ്ങിനെയായിരുന്നാലും ഇതു വളരെ പ്രാചീനമാണെന്നു പറയുന്നതിൽ ആൎക്കും അഭിപ്രായഭേദമില്ല. അതിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത്, മണ്ണുതിന്നുന്ന സ്വഭാവമുള്ള ചിലൎക്കു ചിലപ്പോൾ അതുനിമിത്തവും ഈ രോഗം (പാണ്ഡു) വന്നു പിടികൂടുവാൻ സംഗതിയായിത്തീരുമെന്നാകുന്നു. ഹാൎവ്വിയേക്കാൾ ഒരു നൂറ്റാണ്ടുമുമ്പു ജീവിച്ചിരുന്ന "ഭാവപ്രകാശ"കാരൻ രക്തസഞ്ചാരത്തിന്നു ലക്ഷ്യമായി താഴേ പറയുന്ന ശ്ലോകം എടുത്തെഴുതിയിരിക്കുന്നു:--

ധാതൂനാം പൂരണം സംയക് സ്പൎശജ്ഞാനമ സംശയം;

സ്വസിരാസു ചരദ്രക്തം കൎയ്യാച്ചാന്യാൻ ഗുണാനപി.

"അതിന്റെ സിരകളിൽകൂടി സഞ്ചരിക്കുന്നതായ രക്തം ധാതുക്കളെ നല്ലവണ്ണം പൂരിപ്പിക്കുകയും, സ്പൎശജ്ഞാനത്തെ ഉണ്ടാക്കിത്തീൎക്കുകയും, മറ്റു (ദേഹത്തെ പുഷ്ടിവരുത്തുക ശക്തിവർദ്ധിപ്പിക്കുക മുതലായ) കൃത്യങ്ങൾ നടത്തുകയും ചെയ്യുന്നു.

പിന്നെയും:

യദാ തു കുപിതം രക്തം സേവതേ സ്വവഹംഃ സിരാഃ

തദാസ്യ വിവിധാ രോഗാ ജായന്തേ രക്തസംഭവംഃ

"കോപിച്ചിരിക്കുന്ന രക്തം എപ്പോഴാണു അതിന്റെ സിരകളിൽകൂടി സഞ്ചരിക്കുന്നത് അപ്പോൾ രക്തസംബന്ധമായ പല രോഗങ്ങളുമുണ്ടാകുന്നു." [ 88 ]

ഇങ്ങിനെയുള്ള ഓരോ വാക്യങ്ങൾ പ്രാചീനഗ്രന്ഥങ്ങളിൽ നിന്ന് ഇനിയും വേണമെങ്കിൽ എടുത്തെഴുതുവാൻ കഴിയും. എന്നാൽ മേൽ കാണിച്ച ദൃഷ്ടാന്തങ്ങൾ തന്നെ പ്രാചീനാൎയ്യന്മാർ രക്തസഞ്ചാരത്തെപ്പറ്റി അറിയാത്തവരായിരുന്നില്ലെന്ന് ഒരു സാധാരണ വായനക്കാരനെ ബോദ്ധ്യപ്പെടുത്തുവാൻ ധാരാളം മതിയായിട്ടുള്ളവയാണല്ലൊ.

മാംസം ചൂടുകൊണ്ട് പാകംവന്നതും, വായുനിമിത്തം ഉറച്ചതുമായ രക്തമാകുന്നു. ഒരു പുരുഷശരീരത്തിൽ ആകെ അഞ്ഞൂറു മാംസപേശികളുണ്ട്. എന്നാൽ സ്ത്രീകൾക്ക് അവ ൪൯൭ മാത്രമേയുള്ളൂ.

മേദസ്സ് എന്നത് ആന്തരാഗ്നിയാൽ പചിക്കപ്പെട്ട മാംസം തന്നെയാണു. അതിന്റെ മുഖ്യസ്ഥാനം ഉദരമാകുന്നു.

അസ്ഥി ഉള്ളിലുള്ള അഗ്നിയാൽ ദഹിക്കപ്പെട്ടതും, വാതത്താൽ ഘനമായി ചെയ്യപ്പെട്ടതുമായ മേദസ്സാകുന്നു. നമ്മുടെ ദേഹത്തിൽ ആകെ ൩00 എല്ലുകളാണുള്ളത് എന്നാകുന്നു സുശ്രുതന്റെ മതം. ചരകനാകട്ടെ ചെവികൾ, കൺപോളകൾ, നാസിക, കണ്ഠനാളം ഇങ്ങിനെ ചിലഭാഗങ്ങളിലുള്ള തരുണാസ്ഥികളെക്കൂടി കൂട്ടി അസ്ഥികളുടെ ആകെ എണ്ണം ൩0൬ എന്നുപറയുന്നു. ഇവയിൽ ൧൨0 എല്ലുകൾ കൈകാലുകളിലും, ൧൧൭ ഉടലിലും, ൬൩ തല കഴുത്ത് ഇവകളിൽ കൂടിയുമാകുന്നു.

മജ്ജ അസ്ഥികളുടെ ഉള്ളിലിരിക്കുന്നു, ഇതു നിമിത്തമാകുന്നു ശരീരത്തിന്ന് ഒരു പ്രഭയുള്ളതായി തോന്നുന്നത്.

ശുക്ലം മജ്ജയുടെ സാരാംശങ്ങൾ രക്തത്തോടു ചേൎന്നുണ്ടാകുന്നതാകുന്നു. അതു ദേഹത്തിന്റെ ആധാരവും, ഗർഭോല്പാദനത്തിന്റെ മൂലവുമാകുന്നു. പുരുഷന്മാൎക്കു ശുക്ലമുണ്ടാകുന്നതു പോലെ സ്ത്രീകൾക്കു 'രസം' മാസംതോറും രക്തമായി പരിണ [ 89 ] മിക്കുന്നു. ഗർഭമുണ്ടാകുന്ന സമയം ഈ 'ആൎത്തവം' ഗർഭാശയത്തിൽ ചെന്നു വീഴുകയും, അവിടെ അതു കുഴമ്പായിത്തീരുകയും ചെയ്യും. മലം, മൂത്രം, സ്വേദം, കൎണ്ണമലം, നഖങ്ങൾ, രോമം, തുപ്പൽ, കണ്ണീർ, മൂക്കീർ എന്നിവയെല്ലാം ശരീരത്തിലെ മലങ്ങളായിട്ടാണു ഗണിക്കപ്പെട്ടിരിക്കുന്നത്.

വാതാശായം, പിത്താശയം, കഫാശയം, രക്താശയം, ആമാശയം, പക്വാശയം, മൂത്രാശയം ഇങ്ങിനെ ആശയങ്ങൾ ഏഴാകുന്നു. സ്ത്രീകൾക്കു സ്തനങ്ങൾ, ഗർഭാശയം ഇങ്ങിനെ മൂന്നെണ്ണം അധികമുണ്ട്. ധാതുക്കളെ ധരിച്ചു കൊണ്ടിരിക്കുന്നതും, 'കലകൾ' എന്നു വിളിക്കപ്പെടുന്നതുമായ ഏഴു ചെറിയ ആശയങ്ങൾകൂടി നമ്മുടെ ശരീരത്തിലുണ്ട്. മനുഷ്യശരീരത്തിൽ ആകെ ൨൧0 സന്ധികളാണുള്ളത്. ഇവയിൽ ൬൮ എണ്ണം 'ചേഷ്ടാവത്തുകളും' (ഇളക്കുവാൻ കഴിയുന്നവ), ബാക്കിയെല്ലാം സ്ഥിരങ്ങളും (ഇളക്കുവാൻ കഴിയാത്തവ) ആകുന്നു. അവ കൈകാലുകളിൽ ആകെ ൬൮ എണ്ണമുണ്ട്. അവയെല്ലാം ഇളക്കാൻ കഴിയുന്നവയുമാണു. ഉടലിൽ ൫നു സന്ധികളാണുള്ളത്. തലയിലും കഴുത്തിലും കൂടി അവയുടെ സംഖ്യ ൮൩-ം ആകുന്നു. ഈ സന്ധികളെല്ലാം സ്നായുക്കളാൽ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇവയുടെ ആകെയുള്ള എണ്ണം നു00 ആണു. ഇതിൽ ൬00 കൈകാലുകളിലും, ൨൩0 ഉടലിലും, ൭0 തലയിലുമാകുന്നു.

ശരീരത്തിൽ എല്ലാം കൂട ൭00 നാഡികളുണ്ട്. ഇവയിൽ ൧൬ വലിയ സിരകൾക്കു 'കണ്ഡരകൾ' എന്നും, ൨൪ എണ്ണത്തിന്നു 'ധമനികൾ' എന്നും പേർ പറയുന്നു. വാതം, പിത്തം, കഫം, രക്തം ഇവകളിൽ ഓരോന്നിന്നുതന്നെ പ്രത്യേകം അനേകം സിരകളുണ്ട്. മനുഷ്യശരീരത്തിൽ ഈ പറഞ്ഞതൊന്നും കൂടാതെ പതിനാറു ജാലങ്ങളും, ആറു കൂൎച്ചങ്ങളും, നാലു ര [ 90 ] ജ്ജുക്കളും, ഒരിക്കലും വേധിക്കപ്പെട്ടുകൂടാത്തതായ ഏഴു സീവനികളും, പതിന്നാലു അസ്ഥിസംഘാതങ്ങളും, അത്രതന്നെ സീമന്തങ്ങളും, ഏഴ് അട്ടി തൊലികളും ഉണ്ട്. ഇവയിൽ ഓരോ അട്ടിയുടേയും പേർ മുതലായ വിവരങ്ങൾ താഴെ കാണിക്കാം[1]

അവഭാസിനി--ഇതു സിരകളെ വഹിച്ചിരിക്കുന്നു. ഒരു യവത്തിന്റെ പതിനെട്ടിൽ ഒരു അംശത്തോളമാകുന്നു ഇതിന്റെ കനം. ഇതിന്ന് ഈ പേർ സിദ്ധിച്ചതു 'ഭ്രാജകം' എന്ന പിത്തത്താൽ ശോഭിക്കുന്നതുകൊണ്ടാണു. ഇതു സിദ്ധ്മം (ചുണങ്ങ്), ഉണലുകൾ എന്നിവയുടെ അധിഷ്ഠാനവുമാകുന്നു.

ലോഹിത (ചോരനിറമുള്ളത്)--ഇതിന്നു യവത്തിന്റെ പതിനാറിൽ ഒരംശത്തോളം കനമുണ്ടായിരിക്കും. ഈ തൊലിയിൽനിന്നാണു കാക്കപ്പുള്ളി, കരിമങ്ങലം മുതലായതുണ്ടാകുന്നത്.

ശ്വേത--ഇതിന്റെ നിറം വെളുപ്പും, കനം ഏകദേശം യവത്തിന്റെ പന്ത്രണ്ടിൽ ഒരു ഭാഗവുമായിരിക്കും. ഇതാണു ചൎമ്മദലം (തോൽ വിള്ളുന്ന ഒരു ജാതികുഷ്ഠം), പാലുണ്ണി, കറുത്തു [ 91 ] പൊന്തിക്കാണുന്ന അരിമ്പാറ മുതലായതിന്റെ അധിഷ്ഠാനം.

താമ്ര(ചെമ്പു നിറമുള്ളത്)-- ഇതു യവത്തിന്റെ എട്ടിൽ ഒരു ഭാഗം കനമുള്ളതും, പാണ്ട് കുഷ്ഠം മുതലായ അനേകം രോഗങ്ങളുടെ അധിഷ്ഠാനവുമാകുന്നു.

വേദിനി (അറിയുന്നത്) എന്ന ത്വക്കിന്നു യവത്തിന്റെ അഞ്ചിലൊരു ഭാഗം കനമുണ്ടായിരിക്കും. കുഷ്ഠം, വിസൎപ്പം എന്നീവക രോഗങ്ങളുടെ അധിഷ്ഠാനം ഇതാകുന്നു.

രോഹിണി ഒരു യവത്തോളംതന്നെ കനമുള്ളതാകുന്നു. ഇതാണു ഗ്രന്ഥി (മുഴ), ഗണ്ഡമാല, അൎബ്ബുദം, ശ്ലീപദം (പെരുങ്കാൽ), ഗളഗണ്ഡം മുതലായതിന്റെ സ്ഥാനം.

മാംസധര എന്ന ഏഴാമത്തെ തോലിന്നു രണ്ടു യവത്തോളം കനം കാണും. അതു പേശികളെയെല്ലാം അതാതിന്റെ സ്ഥാനത്തുവെച്ച് കൊണ്ടിരിക്കുന്നു. ഇതാകുന്നു ഭഗന്ദരം, വിദ്രധി (കുരു), മൂലക്കുരു മുതലായതിന്റെ അധിഷ്ഠാനം.

ഈ പറഞ്ഞ തോലട്ടികളെയെല്ലാം വയർ മുതലായ ദുർല്ലഭം ചിലഭാഗങ്ങളിൽ മാത്രമേ വേർതിരിച്ചറിവാൻ കഴികയുള്ളൂ.

ഒരു പുരുഷശരീരത്തിൽ രണ്ടു നാസാരന്ധ്രങ്ങൾ, രണ്ടു കണ്ണുകൾ, രണ്ടു ചെവികൾ, വായ, ഗുദം, മൂത്രദ്വാരം ഇങ്ങിനെ നവ(ഒമ്പതു)ദ്വാരങ്ങളാണുള്ളത്. സ്ത്രീകൾക്കാകട്ടെ മുൻ പറഞ്ഞവയ്ക്കു പുറമേ രണ്ടുസ്തനങ്ങൾ, രക്തമാൎഗ്ഗം ഇങ്ങിനെ മൂന്നെണ്ണംകൂടി അധികമുണ്ട്.

ജീവിതസ്ഥിതിക്കും ആരോഗ്യരക്ഷയ്ക്കും അവശ്യം സൂക്ഷിക്കേണ്ടതായ ചില 'മൎമ്മസ്ഥാന'ങ്ങളെപ്പറ്റിയും ഹിന്തുക്കളുടെ ശരീരവ്യവച്ഛേദശാസ്ത്രത്തിൽ ( Anatomy ) പറഞ്ഞിട്ടുണ്ട്. അവകൾക്കു യാതൊരു കേടും തട്ടുവാനിടവരാതെ പ്രത്യേകം ശ്രദ്ധവെച്ചു സൂക്ഷിക്കേണ്ടതാണു. സ്ഥാനഭേദത്തിന്നും, മുറിയേറ്റാൽ ഉണ്ടാകുന്ന ഫലങ്ങൾക്കും അനുസരിച്ച് അവകളെ താഴേ [ 92 ] പറയും പ്രകാരം അഞ്ചു കൂട്ടമാക്കി തരം തിരിച്ചിരിക്കുന്നു.

൧. സദ്യഃപ്രാണഹരങ്ങൾ--മുറിയേറ്റാൽ ഉടനെ മരിക്കുവാനിടവരുത്തുന്നവ. അങ്ങിനെയുള്ളവ പത്തൊമ്പതെണ്ണമുണ്ട്.

൨. കാലാന്തരപ്രാണഹരണങ്ങൾ--മുറിഞ്ഞാൽ കുറെ കിടന്നരിഷ്ടിച്ചിട്ട് മരണത്തിന്നിടയാക്കുന്നവ. ഇങ്ങിനെയുള്ളവ മുപ്പത്തിമൂന്നെണ്ണമാകുന്നു.

൩. വിശല്യഘ്നങ്ങൾ--പുറമേനിന്നു തറച്ച വല്ല ശല്യങ്ങളും എടുത്തുകളഞ്ഞാൽ മരണത്തിനിടവരുത്തുന്നവ. ഇങ്ങിനെയുള്ള മൎമ്മങ്ങൾ ദേഹത്തിൽ മൂന്നെണ്ണമാണുള്ളത്.

൪. വൈകല്യകരങ്ങൾ--മുറിയേറ്റുപോയാൽ അതാത് അംഗങ്ങൾക്കു ശക്തിയില്ലാതാക്കിത്തീൎക്കുന്നവ. ഇങ്ങിനെയുള്ളവ നാല്പത്തിനാലെണ്ണമുണ്ട്.

൫. രുജാകരങ്ങൾ-- കുറച്ചൊന്നു മുറിഞ്ഞാൽതന്നെ അധികമായ വേദനയുണ്ടാക്കുന്നവ. അങ്ങിനെയുള്ളവ എട്ടെണ്ണമാകുന്നു.

ഒടുവിൽ, മേല്പറഞ്ഞ എല്ലാ ഭാഗങ്ങളെക്കുറിച്ചും വിവരിക്കുകയും, [2]വൈദ്യന്മാർ അവിടങ്ങളിലൊന്നും ശസ്ത്രംകൊ [ 93 ] ണ്ടു തൊട്ടുപോകരുതെന്നു പ്രത്യേകം ഉപദേശിക്കുകയും ചെയ്തിരിക്കുന്നു.

ആൎയ്യവൈദ്യശാസ്ത്രം മുഴുവനും സ്ഥാപിച്ചിരിക്കുന്നതു വ്യാധികരങ്ങളായ മൂന്നു പ്രകൃതികളെ അടിസ്ഥാനമാക്കീട്ടാണെന്നു നമുക്ക് ഇപ്പോൾ മനസ്സിലായല്ലൊ. ഈ പ്രകൃതികൾ സകലമനുഷ്യരും ജനിക്കുമ്പോൾതന്നെ ഉള്ളതാണെന്നു മാത്രമല്ല, ഇവകൾ ഏറക്കുറെ ചേർന്നിട്ടില്ലാതെ ഈ പ്രപഞ്ചത്തിൽ യാതൊരു വസ്തുവും ഉണ്ടാകുന്നതല്ലെന്നുകൂടി പറയപ്പെട്ടിരിക്കുന്നു. ഇപ്രകാരം ത്രിദോഷങ്ങളെ അടിസ്ഥാനമാക്കീട്ടുള്ള പ്രാചീനാൎയ്യന്മാരുടെ രോഗനിദാനശാസ്ത്രം അനവധി കാലമായി നിലനിന്നുപോരുന്നതുമാണു. ഈ തത്വത്തെ അടിസ്ഥാനമാക്കി ചെയ്യുന്ന രോഗനിൎണ്ണയവും, അതിന്നനുസരിച്ചു വിധിക്കുന്ന ചികിത്സകളൂം ഇന്ത്യയിൽ എപ്പോഴും ശരിയായി ഫലിച്ചിട്ടുള്ളതാണെന്നാണു ഹിന്തുക്കൾ പറയുന്നത്. ഈ സിദ്ധാന്തം തന്നെ ഗ്രീസ്സിലെ വൈദ്യശാസ്ത്രപ്രവൎത്തകനായ ഹിപ്പോക്രെട്ടീസ്സും (ക്രി-മു-ർ൬0-ാമാണ്ടു) ഹിന്തുക്കളിൽനിന്നു കടം വാങ്ങീട്ടുണ്ടെന്നാണു തോന്നുന്നത്. പിന്നെ രണ്ടായിരത്തിലധികം സംവത്സരത്തോളം യൂറോപ്പിലെ വൈദ്യന്മാരെല്ലാവരും സ്വീകരിച്ചു പോന്നിരുന്നതും അതു തന്നെയാണല്ലൊ. ഇതു കേവലം പ്രമാദവും അപരിഷ്കൃതവുമാണെന്നുവെച്ചു തള്ളിക്കളയുന്നത് അന്യായമാണെന്നാണു തല്പക്ഷപാതികൾ വാദിക്കുന്നത്. ഇതിന്ന് ഈ വക വിശേഷണങ്ങൾ കൊടുക്കുന്നതിൽ ഹിന്തുവൈദ്യന്മാൎക്കു കലശലായ പരിഭവമുണ്ട്. നവീനതത്ത്വാൻവേഷികളാരും അവരുടെ ശാസ്ത്രം വേണ്ടതുപോലെ പഠിക്കുകയോ പരിശോധിക്കുകയോ ചെയ്തിട്ടില്ലെന്നും, എന്നിട്ടാണു അവർ മതിയായ താതൊരു കാരണവും കൂടാതെ ഇതു തള്ളിക്കളയുന്നതെന്നും ഇവർ ആക്ഷേപിക്കുന്നു. എങ്ങിനെയായിരുന്നാലും ഇവർ ഇതുകൊണ്ടൊന്നും [ 94 ] നിരാശപ്പെട്ടിട്ടില്ല. നവീനവൈദ്യശാസ്ത്രത്തിന്റെ ഗതി ഇനിയും മുന്നോട്ടുതന്നെയാണല്ലൊ. അങ്ങിനെ ഇതു മുന്നോട്ടു പോയ്കൊണ്ടിക്കുന്നതിനിടയ്ക്കോ, അല്ലെങ്കിൽ അഭിവൃദ്ധിയുടെ പരമകാഷ്ഠയിലെത്തുന്ന കാലത്തോ ഇപ്പോൾ തലപക്ഷപാതികൾ തള്ളിക്കളയുന്നതായ അതേ സിദ്ധാന്തത്തിന്മേൽതന്നെ അവർ ആ ശാസ്ത്രം കൊണ്ടുചെന്നുറപ്പിക്കുവാൻ തീൎച്ചയായും സംഗതിവരുമെന്നു വിചാരിച്ചിട്ടാണു ആൎയ്യവൈദ്യന്മാർ തൽക്കാലം സമാധാനിച്ചിരിക്കുന്നത്.


  1. സപ്തത്വചോ ഭവന്തി. തത്ര പ്രഥമാ അവഭാസിനീനാമ, യാ സൎവ്വ വർണ്ണാനവഭാസയതി പഞ്ചവിധാഞ്ച ഛായാം പ്രകാശയതി, സാ വ്രീഹേര ഷ്ടാദശഭാഗപ്രമാണാ സിധ്മപത്മകണ്ടകാധിഷ്ഠാനാ;ദ്വിതീയാ ലോഹിതാനാല ഷോഡശഭാഗപ്രമാണാ തിലകാളകവ്യംഗസ്യ ചാധിഷ്ഠാനാ; തൃതീയാ ശ്വേതാനാമ ദ്വാദശഭാഗപ്രമാണാ ചൎമ്മദലാജഗല്ലീമശകാധിഷ്ഠാനാ; ചതുൎത്ഥാ താമ്രാനാമഷ്ടഭാഗപ്രമാണാ വിവിധകിലാസകുഷ്ഠാധിഷ്ഠാനാ; പഞ്ചമീ വേദീനു നാമ വ്രീഹിപഞ്ചഭാഗപ്രമാണാ കുഴ്ഠവിസൎപ്പാധിഷ്ഠാനാ; ഷഷ്ഠീ രോഹിണീനാമ വ്രിഹിപ്രമാണാ ഗ്രന്ഥ്യപച്യബ്ബുദഗളഗണ്ഡാധിഷ്ഠാനാ; സപ്തമീ മാംസധരാനാമ വ്രീഹിദ-യപ്രമാണാ ഭഗന്ദരവിദ്രധ്യർശോധിഷ്ഠാനാ; യാദേതൽ പ്രമാണം നിൎദ്ദിഷ്ടം തന്മാംസളേഷ്വവകാശേഷു, ന ലലാടേ സൂക്ഷ്മാംഗുല്യ'ദിഷു യതോ വക്ഷ്യത്യുദരേഷു വ്രീഹിമുഖേനാംഗുഷ്ഠോദരപ്രമാണമവഗാഢം വിദ്ധ്യേദിതി സുശ്രുതഃ
  2. ശൃംഗാടകാന്യധിപതിഃ ശംഖൗ കണ്ഠശിരോഗുദം
    ഹൃദയം വസ്തിനാഭീച ഘ്നന്തി സദ്യോ ഹതാനി തു
    വക്ഷോമർമ്മാണി സീമന്തതലക്ഷിപ്രേന്ദ്രവസ്തയഃ
    കടീകതരുണേ സന്ധീ പാർശ്വജൗ ബൃഹതീ ച യാഃ
    നിതംബാവിതി ചൈതാനി കാലാന്തരഹരാണി തുഃ
    ഉൽക്ഷേപൗ സ്ഥപനീ ചൈവ വിശല്യഘ്നാനി നിർദ്ദിശേൽഃ
    ലേഹിതാക്ഷാണി ജാനൂർവ്വീ കൂർപ്പാവിടിപകൂർപ്പരാഃ?
    കകുന്ദരേ കക്ഷധരേ വിധുരേ സുകൃകാടികേഃ
    അംസാംസഫലകാപാംഗം നീലേ മന്യേ ഫണൗ തഥാഃ
    വൈകല്യകരണാന്യഹുരാവൎത്തൌദ്വൗ തഥൈവചഃ
    ഗുൽഫൗ ദ്വൗ മണിബന്ധൊ ദ്വൗ ദ്വേ ദ്വേ കൂൎച്ചശിരാംസിചഃ
    രുജാക രാണിജാനീയദഷ്ടാവെതാനി ബുദ്ധിമാൻഃ സുശ്രുതഃ