Jump to content

താൾ:Aarya Vaidya charithram 1920.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൮ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ണ്ടായിത്തീരുന്നതുമാണു. ഈ മൂന്നു ദോഷങ്ങളും അവയാൽ ധരിക്കപ്പെടുന്ന ശരീരത്തിൽ എല്ലാടവും വ്യാപിച്ചിട്ടുണ്ടെന്നു മേൽ പ്രസ്താവിച്ചുവല്ലൊ. എങ്കിലും വാതത്തിന്റെ പ്രധാനസ്ഥാനം കാലുകളുടേയും നാഭിയുടേയും മദ്ധ്യത്തിലും, പിത്തത്തിന്റെ മുഖ്യാശയം നാഭിയുടേയും ഹൃദയത്തിന്റെയും ഇടയിലും, കഫത്തിന്റെ സാക്ഷാൽ സ്ഥാനം ഹൃദയത്തിന്റേയും ശിരസ്സിന്റേയും നടുക്കുള്ള ഭാഗത്തിലും ആകുന്നു. വാതം വാൎദ്ധക്യത്തിലും, പിത്തം യൗവനത്തിലും, കഫം ബാല്യത്തിലും പ്രബലമായിരിക്കും. വൈകുന്നേരം വാതം വൎദ്ധിക്കുന്ന കാലവും മദ്ധ്യാഹ്നവും പ്രഭാതവും ക്രമേണ പിത്തകഫങ്ങളുടെ വർദ്ധനയ്ക്കുള്ള അവസരവും ആകുന്നു. അങ്ങിനെതന്നെ, ഉദരത്തിലുള്ള ആഹാരം ദഹിച്ചതിന്നുശേഷം വാതത്തിന്നാണു പ്രാബല്യം; ദഹനം പകുതിയാകുമ്പോൾ പിത്തമായിരിക്കും അധികരിച്ചിരിക്കുന്നത്; ദഹനാരംഭത്തിൽ അധികാരം കഫത്തിന്നുമാകുന്നു. വാതം വൎദ്ധിച്ചിരിക്കുമ്പോൾ അഗ്നി 'വിഷമ'മായിത്തീരും; പിത്തം അധികരിച്ചാൽ അതു 'തീക്ഷ്ണ'മാകുന്നതാണു; കഫമാണു പ്രബലപ്പെട്ടിരിക്കുന്നതെങ്കിൽ അഗ്നി 'മന്ദ'മായിത്തീരുകയും ചെയ്യും. വേണ്ടതുപോലെ ദീപനം വരേണമെങ്കിൽ ഈ മൂന്നു "ദോഷങ്ങളും" അവയുടെ സമനിലയ്ക്കുതന്നെ ഇരിയ്ക്കേണ്ടതാണു. വാതം അധികരിക്കുമ്പോൾ കോഷ്ഠം "ക്രൂര"മായിരിക്കും; പിത്തം വൎദ്ധിച്ചാൽ അതു 'മൃദു'വാകുന്നതാണു; കഫമാണു വൎദ്ധിച്ചിരിക്കുന്നതെങ്കിൽ അതു(കോഷ്ഠം) 'മദ്ധ്യം' ആയിത്തീരുകയും ചെയ്യും. ഈ മൂന്നും സമാവസ്ഥയിലിരിക്കുമ്പോൾ മാത്രമേ ശരീരത്തിന്നു സൗഖ്യമുണ്ടാവുകയുള്ളൂ. ചിലപ്പോൾ ഈ ദോഷങ്ങളുടെ ന്യൂനത സഹജമായിരിക്കും. അങ്ങിനെ വരുമ്പോൾ പിത്തപ്രകൃതി വാതപ്രകൃതിയേക്കാളും, കഫപ്രകൃതി ഈ രണ്ടിനേക്കാളും നല്ലതാണു. എങ്കിലും എല്ലാം കൂടി ആലോചിക്കുമ്പോൾ ഈ ദോ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/93&oldid=155714" എന്ന താളിൽനിന്ന് ശേഖരിച്ചത്