താൾ:Aarya Vaidya charithram 1920.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮0 ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ



സമാനൻ ഉദരത്തിൽ ജഠരാഗ്നിക്കു സമീപം ഇരിക്കുന്നു. അത് ആമാശയത്തിലേക്കു വരുന്ന അന്നത്തെ പചിക്കയും, ശരീര പുഷ്ടിക്കാവശ്യമുള്ള "സാര"ത്തേയും, പുറത്തേക്കു കളയേണ്ടതായ "കിട്ട"ത്തേയും വേർതിരിക്കുകയും ചെയ്യുന്നു. അതു ദുഷിച്ചിരുന്നാൽ വയറ്റിൽ വേദന, ഗുന്മൻ, ഗ്രഹണി മുതലായ രോഗങ്ങൾ ഉണ്ടാവുകയും ചെയ്യും.

അപാനൻ ഇരിക്കുന്നതു ഗുദപ്രദേശത്തിലാണു. എന്നാൽ അരക്കെട്ട്, വസ്തി, ലിഗം, തുടകൾ ഇവയും അതിന്റെ പ്രവൃത്തിക്കു വിഷയമായിരിക്കും. മലം, മൂത്രം, ശുക്ലം, ആൎത്തവം, ഗർഭം ഇവയെല്ലാം പുറത്തു വിടുകയാണു അതിന്റെ കൃത്യം. അതിന്നു ദൂഷ്യം വന്നാൽ മലബന്ധം, മൂലക്കുരു, ഗുദം-വസ്തി-മൂത്രദ്വാരം ഈ പ്രദേശങ്ങളിലുള്ള രോഗങ്ങൾ, ശുക്ലദോഷം എന്നീവക വ്യാധികൾ നേരിടുന്നതാണു.

വ്യാനൻ ശരീരത്തിലെല്ലാടവും വ്യാപിച്ചിരിക്കുന്നു. എന്നു മാത്രമല്ല, അതു രസാംശങ്ങളെ നാനാഭാഗങ്ങളിലും കൊണ്ടുപോയി ശരീരത്തിന്ന് ഉണൎച്ചയുണ്ടാക്കുകയും ചെയ്യുന്നു. അതു സ്വേദത്തിന്റേയും രക്തത്തിന്റേയും പ്രവൃത്തിയെ ചെയ്യിക്കുന്നു. ശരീരത്തിന്റെ സകലചേഷ്ടകളും അതിനെ ആശ്രയിച്ചാണിരിക്കുന്നത്. അതിന്നു വല്ല തകരാറും വന്നുപോയാൽ, ശരീരത്തിൽ സകലവിധരോഗങ്ങളും സംഭവിക്കുവാനിടയുണ്ട്.

മേൽ പ്രസ്താവിച്ച അഞ്ചുവിധം വായുക്കളും ദുഷിച്ചാൽ ശരീരം തന്നെ നശിച്ചുപോകും. ചില ഗ്രന്ഥകാരന്മാർ നാഗൻ, കൂൎമ്മൻ, കൃകലൻ, ദേവദത്തൻ, ധനഞ്ജയൻ, ഇങ്ങിനെ വേറെ അഞ്ചു പ്രധാനവായുക്കളും കൂടി ഉണ്ടെന്നു സിദ്ധാന്തിച്ചിരിക്കുന്നു. ഇവയിൽ ഓരോന്നിന്റേയും കൃത്യങ്ങൾ ഉദ്വമനം,നിമേഷണം, നസ്യം, ജൃംഭണം, വാതപൂരണം എന്നവയാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/95&oldid=155716" എന്ന താളിൽനിന്ന് ശേഖരിച്ചത്