ആൎയ്യവൈദ്യചരിത്രം/അഞ്ചാം അദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ആൎയ്യവൈദ്യചരിത്രം (ചരിത്രം)
രചന:പി. വി. കൃഷ്ണവാരിയർ
അഞ്ചാം അദ്ധ്യായം : ഹിന്തുക്കൾ മനസ്സിലാക്കിയ പ്രകാരമുള്ള ആരോഗ്യരക്ഷാ ശാസ്ത്രതത്വങ്ങൾ

[ 47 ]

അഞ്ചാം അദ്ധ്യായം

ഹിന്തുക്കൾ മനസ്സിലാക്കിയ പ്രകാരമുള്ള ആരോഗ്യരക്ഷാ ശാസ്ത്രതത്വങ്ങൾ


ഒരുവൻ പാൎത്തുവരുന്നതായ രാജ്യത്തിന്റെ സ്വഭാവങ്ങളെല്ലാം മനസ്സിലാക്കിയിരിക്കുന്നത് അത്യാവശ്യമാണെന്നുള്ള സം [ 48 ] ഗതി പണ്ടുള്ളവരുടെ ശ്രദ്ധയ്ക്ക് ആദ്യംതന്നെ വിഷയമായിത്തീൎന്നിട്ടുണ്ട്. സകലരാജ്യങ്ങളേയും (ദേശങ്ങളെ) സാധാരണയായി ആനൂപം, ജാംഗലം, മിശ്രം ഇങ്ങിനെ മൂന്നാക്കി തരംതിരിച്ചിരിക്കുന്നു. ഇവയിൽവെച്ച് ആനൂപം നനവും ചതുചതുപ്പുമുള്ളതും, അനേകം നദികൾ, തടാകങ്ങൾ, പൎവ്വതങ്ങൾ എന്നിവയാൽ വ്യാപിക്കപ്പെട്ടതും ആയ ഒരു രാജ്യമാകുന്നു; അവിടെ അരയന്നങ്ങൾ, കൊറ്റികൾ, ചക്രവാകങ്ങൾ, മുയലുകൾ, പന്നികൾ, പോത്തുകൾ, മാനുകൾ, വേറേയുള്ള ദുഷ്ടമൃഗങ്ങൾ എന്നീവകയും, പലമാതിരി ഫലങ്ങളും, നെല്ലു, കരിമ്പു, വാഴ മുതലായ സസ്യങ്ങളും ധാരാളമുണ്ടായിരിക്കും. അങ്ങിനെയുള്ള ഒരു രാജ്യത്തിൽ കഫപ്രധാനങ്ങളായ ദീനങ്ങളും, വാതരോഗങ്ങളും വളരെ സാധാരണയായിരിക്കുന്നതാണു. ജാംഗലം വരണ്ടിരിക്കുന്ന ഒരു രാജ്യമാകുന്നു; അവിടെ വെള്ളംതന്നെ ദുർല്ലഭമായിരിക്കും. ആ പ്രദേശത്തു വഹ്നി, മുളങ്കാമ്പ്, എരിക്ക്, ഉക, ലന്ത എന്നീവൃക്ഷങ്ങൾ ധാരാളമായുണ്ടാകും; അവിടെ ഫലങ്ങളെല്ലാം അതിമധുരങ്ങളായിരിക്കും; കുരങ്ങുകൾ, കരടികൾ, പുള്ളിമാൻ ഈവക മൃഗങ്ങൾ കൂട്ടംകൂട്ടമായി കാണപ്പെടുകയും ചെയ്യുന്നതാണു. അങ്ങിനെയുള്ളൊരു പ്രദേശത്ത് പിത്തസംബന്ധമായും, രക്തസംബന്ധമായുമുള്ള രോഗങ്ങൾ അധികമായുണ്ടാകുവാനിടയുണ്ട്. മിശ്രമെന്നത് അനൂപത്തിന്റെയും ജാംഗലത്തിന്റെയും സകലഗുണങ്ങളുമുള്ളതും, അവയുടെ ദോഷങ്ങളൊന്നുമില്ലാത്തതുമായ ഒരു രാജ്യമാകുന്നു. അവിടെ അധികമായ തണുപ്പോ, ചൂടോ ഉണ്ടായിരിക്കുകയില്ല. അങ്ങിനെയുള്ള ഒരു പ്രദേശം നമ്മുടെ ആരോഗ്യത്തിന്നും ഗുണകരമാകയാൽ അതാണു സ്വഭാവേന ഏറ്റവും നന്നായിട്ടുള്ളത്. മേൽക്കാണിച്ച വിഭാഗത്തിന്നടിസ്ഥാനമായ തത്ത്വത്തിന്നനുസരിച്ച് ഒരു രോഗിക്കു വല്ല സ്ഥലമാറ്റവും വിധിക്കുന്നതായാൽ അതുകൊണ്ട് ആയാ [ 49 ] ളുടെ ദീനത്തിന്നു ക്ഷണത്തിൽ ആശ്വാസം കിട്ടുമെന്നാണു ഊഹിക്കപ്പെട്ടിരിക്കുന്നത്. കഫസംബന്ധമായ വല്ല രോഗവുമുള്ള ഒരാൾ ജാംഗലദേശത്തേക്ക് മാറിത്താമസിക്കുന്നതായാൽ അതു ഗുണകരമായിരിക്കുവാൻ സംഗതിയുണ്ട്. അതുപോലെത്തന്നെ പിത്താധിക്യത്താൽ സംഭവിക്കുന്ന ഏതെങ്കിലും ഒരു രോഗം പിടിപെട്ടാൽ ആനൂപദേശത്തു പോയി പാൎക്കുന്നതും അനുഗുണമായിരിക്കുന്നതാണു. താൻ ചികിത്സിച്ചുവരുന്നതായ ഒരു രോഗിയുടെ ശരീരത്തിലുള്ള ദോഷങ്ങളെയെല്ലാം സമനിലയ്ക്കു നിൎത്തിക്കൊണ്ട് ആയാളുടെ ആരോഗ്യം സൂക്ഷിക്കുകയാകുന്നു ഒരു വൈദ്യന്റെ പ്രധാനകൃത്യം. അതിന്നായിട്ട് അദ്ദേഹത്തിന്നു ശീതോഷ്ണപ്രകൃതിയുടെ ഒരു ശരിയായ പരിജ്ഞാനം കൂടാതെകഴിയുകയുമില്ല. രാജ്യത്തിന്റെ സ്വഭാവം മനസ്സിലാക്കിവെച്ചശേഷം സകല ഹിന്തുക്കൾക്കും തങ്ങളുടെ നിത്യകൃത്യങ്ങൾ ഒരു പ്രത്യേക സമ്പ്രദായത്തിൽതന്നെ ചെയ് വാനുണ്ട്.

ഒരു സ്വസ്ഥന്ന്[1](യാതൊരു രോഗവുമില്ലാത്തവന്ന്) ഉഷസ്സിൽ നേരത്തെതന്നെ-- അതായത്, അരുണോദയത്തിന്ന് ഒരു മണിക്കൂറുമുമ്പേതന്നെ-- എഴുനേൽക്കുന്നതു നല്ലതാണു. അതിന്നുശേഷം പ്രപഞ്ചസ്ഥിതിക്കു ഹേതുഭൂതനായ വിഷ്ണുവിനെ സ്മരിക്കണം. അതിന്നുപുറമെ, അശ്വത്ഥാമാവു, ബലി, വ്യാസൻ, ഹനുമാൻ, വിഭീഷണൻ, കൃപൻ, പരശുരാമൻ, മാൎക്കണ്ഡേയൻ ഇവരുടെ നാമങ്ങളും സ്മരിക്കേണ്ടതാകുന്നു. ഇവരെല്ലാവരും വളരെ കാലത്തോളം ജീവിച്ചിരുന്നവരും, പിന്നീട് അനവധി സംവത്സരങ്ങൾ കഴിഞ്ഞുപോയിട്ടുണ്ടെങ്കിലും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഊഹിക്കപ്പെടുന്നവരുമാണു. കിടക്കയിൽ നിന്നെഴുനേറ്റശേഷം ഒരു പുരുഷൻ ഒന്നാമതായി [ 50 ] ദർശിക്കേണ്ടതും സ്പർശിക്കേണ്ടതുമായ വസ്തുക്കൾ ദധി (തയിർ), ഘൃതം(നെയ്യ്), ദർപ്പണം (കണ്ണാടി), സർഷപങ്ങൾ (കടുക്), വില്വം, ഗോരോചനം, പൂമാലകൾ എന്നിവയാകുന്നു. ആയാൾ ദീർഘായുസിന്നാഗ്രഹിക്കുന്നുണ്ടെങ്കിൽ ഘൃതത്തിൽ ദിവസേന തന്റെ മുഖച്ഛായ നോക്കുകയും വേണ്ടതാണു. അതിന്നുശേഷം ആയാൾ ഒരു വസ്ത്രംകൊണ്ടോ മറ്റൊ തലയിൽ കെട്ടി മലമൂത്രവിസൎജ്ജനം ചെയ്യണം. പിന്നെ പല്ലു തേക്കുവാനുള്ള വല്ല ചൂർണ്ണം കൊണ്ടോ, അരച്ച സാധനംകൊണ്ടൊ ദന്തശുദ്ധി വരുത്തേണ്ടതാകുന്നു. ഇതിന്നു സാധാരണയായി ഉപയോഗിച്ചുവരുന്ന ദ്രവ്യങ്ങൾ പൊടിച്ച പുകയില, ഉപ്പ്, ചുട്ടു ഭസ്മമാക്കിയ അടയ്ക്ക എന്നിവയോ, അല്ലെങ്കിൽ കുരുമുളക്, ചുക്ക്, തിപ്പലി എന്നീവക ഔഷധങ്ങളുടെ ചില യോഗങ്ങളോ ആകുന്നു. ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ദന്തശോധനദ്രവ്യം കരിവേലത്തിന്റെ ഇളയ കൊമ്പാണു. എന്നാൽ വൈദ്യഗ്രന്ഥങ്ങളിൽ വേറെ ചില ചുള്ളികളും ഉപയോഗിക്കുവാൻ വിധിച്ചിട്ടുണ്ടെന്നു മാത്രമല്ല, അവകൾക്ക് അത്ഭുതകരങ്ങളായ ഗുണങ്ങളുണ്ടെന്നും പറഞ്ഞിരിക്കുന്നു. എരിക്കുകൊണ്ടുള്ള ഒരു 'ദന്തകാഷ്ഠം' (പല്ലുതേക്കുവാൻ ബ്രഷ്പോലെ ഉണ്ടാക്കുന്ന സാധനം) (ഇതിന്നുതന്നെ 'ദന്തശോധനം' എന്നും പേർ പറയും) ശക്തിയുണ്ടാക്കിത്തീൎക്കും; പേരാൽകൊണ്ടുള്ളതു മുഖത്തിന്നു കാന്തിയുണ്ടാക്കും; ഉങ്ങുകൊണ്ടുള്ളതാണെങ്കിൽ ജയം സിദ്ധിക്കും; അരയാൽകൊണ്ടുള്ളതായാൽ ധനലാഭമാണു ഫലം; ലന്തവൃക്ഷത്തിന്റെ ചുള്ളിക്കൊമ്പുകൊണ്ടൊ നല്ല ഭക്ഷണം കിട്ടും; മാവിൻകൊമ്പു കൊണ്ടാണെങ്കിൽ ആരോഗ്യമുണ്ടാകും; കടമ്പുകൊണ്ടുള്ളതു മേധയെ വർദ്ധിപ്പിക്കും; ചമ്പകം വചനേന്ദ്രിയത്തേയും ശ്രോത്രേന്ദ്രിയത്തേയും ശുദ്ധിവരുത്തും; മുല്ല ദുസ്സ്വപ്നങ്ങളെ നീക്കും; നെന്മേനിവാക ആരോഗ്യത്തേയും അഭ്യുദയ [ 51 ] ത്തേയും ഉണ്ടാക്കിത്തരും; ചെറുകടലാടി ക്ഷമയേയും, ആലോചനയേയും വർദ്ധിപ്പിക്കും; താളിമാതളത്തിന്റേയും കുക്കുരവൃക്ഷത്തിന്റേയും തൊലി ശരീരത്തിന്നു സൗന്ദൎയ്യമുണ്ടാക്കിത്തീൎക്കും; എന്നാൽ കുന്നി, കടല, ഈത്തപ്പന, ബൃഹദ്ധര, കൈത, ഈത്ത എന്നീവകയിൽ ഏതെങ്കിലും ഉപയോഗിച്ചാൽ ഒരുവൻ 'അശുചി'യായിത്തീരുന്നതുമാണു. ചില ദീനങ്ങളുള്ളവൎക്കു പല്ലു തേക്കുന്നതു നിഷിദ്ധമാകുന്നു. ദന്തശുദ്ധി വരുത്തിയതിന്നുശേഷം ഒരു 'ജിഹ്വാനിർല്ലേഖനം' (നാവു വടിക്കുവാനുള്ള സാധനം) കൊണ്ടു നല്ലവണ്ണം നാവു വടിക്കണം. ഈ സാധനം സ്വൎണ്ണം കൊണ്ടോ, വെള്ളികൊണ്ടോ, അല്ലെങ്കിൽ ചെമ്പുകൊണ്ടോ, ഉണ്ടാക്കപ്പെട്ടതോ, അതല്ലെങ്കിൽ ചീന്തിയ വല്ല ചുള്ളിക്കൊമ്പൊ ആയിരുന്നാൽ മതി. ഏതായാലും ഇതിന്നു പത്തുവിരൽ നീളം ഉണ്ടായിരിക്കണം. പിന്നെ തണുത്ത വെള്ളംകൊണ്ടു പല പ്രാവശ്യം കുലുക്കുഴിയുകയും, മുഖം കഴുകുകയും വേണം. തണുത്ത വെള്ളംകൊണ്ടു കുലുക്കുഴിഞ്ഞാൽ വായിൽപ്പുണ്ണ്, മുഖത്തുണ്ടാകുന്ന ഉണലുകൾ, വായവരൾച്ച, ചൂട് എന്നിവയെല്ലാം സുഖപ്പെടും. സുഖോഷ്ണമായ ജലം കൊണ്ടു കുലുക്കുഴിയുന്നതിനാൽ കഫവും വാതവും ശമിക്കുമെന്നു മാത്രമല്ല, മുഖം ആർദ്രമായിരിക്കുകയും ചെയ്യും. 'അണുതൈലം'കൊണ്ടോ മറ്റൊ ദിവസേന നസ്യംചെയ്താൽ നാസാരോഗങ്ങളൊന്നുമുണ്ടാകുന്നതല്ല. ഇതു മുഖത്തിന്നു സൗരഭ്യവും, ശബ്ദത്തിന്നു ശുദ്ധിയുമുണ്ടാക്കുന്നതിന്നു പുറമെ, രോമം നരയ്ക്കാതിരിക്കുവാനും നല്ലതാണു. ഇയ്യംകൊണ്ടോ, തുത്തനാകം കൊണ്ടോ ഉണ്ടാക്കിയ ഒരു ശലാക (മഷിക്കോൽ)കൊണ്ടു കൺപോള കളിൽ അഞ്ജനമെഴുതിയാൽ കണ്ണുകൾക്കു നല്ല ഭംഗിതോന്നുകയും, കാഴ്ചയ്ക്കു ശക്തികൂടിയിരിക്കുകയും ചെയ്യും. സൗവീരാഞ്ജനം ശുദ്ധിചെയ്യാതെതന്നെ ഉപയോഗിക്കപ്പെടാവുന്നതാണു. അതു കരടിറക്കം, ചുട്ടുപുകച്ചിൽ, ക [ 52 ] ഫം സ്രവിക്കുക, വേദനയോടുകൂടി കണ്ണീരൊലിച്ചുകൊണ്ടിരിക്കുക എന്നീവക ഉപദ്രവങ്ങളെ മാറ്റുന്നതിന്നു പുറമെ, കണ്ണുകൾക്കു ശോഭയും, വെളിച്ചമോ, കാറ്റോ തട്ടിയാൽ സഹിക്കുവാനുള്ള ശക്തിയും ഉണ്ടാക്കിത്തീൎക്കുകകൂടി ചെയ്യും. ക്ഷീണിച്ചവനോ, പനിയുള്ളവനോ, ഉറക്കമൊഴിച്ചവനോ, അല്ലെങ്കിൽ ഭക്ഷണംകഴിച്ചിരിക്കുന്നവനോ അഞ്ജനമെഴുതുവാൻ പാടുള്ളതല്ല. നഖങ്ങൾ, മീശ, തലമുടി ഇവകൾ വെടിപ്പായും, അതാതിന്റെ സ്ഥാനത്തു ഭംഗിയായും വെച്ചിരിക്കുന്നതുകൂടാതെ, അയ്യഞ്ചു ദിവസം കൂടുമ്പോൾ മുറിച്ചു നന്നാക്കുകയും വേണ്ടതാണു. തലമുടി ചീന്തണം; കൂടക്കൂട കണ്ണാടിനോക്കുകയും വേണ്ടതാണു. അതുനിമിത്തം നിറം നന്നാകുവാനും, ദീൎഗ്ഘായുസ്സു കിട്ടേണ്ടതിന്നും മാൎഗ്ഗമുണ്ടാവും.മൂക്കിലുള്ള രോമങ്ങൾ ഒരിക്കലും പറിക്കരുത്. അങ്ങിനെ ചെയ്താൽ കണ്ണിന്നു കാഴ്ചക്കുറവുണ്ടായിത്തീരുന്നതാണു. ദിവസേന ശരിയായി വ്യായാമം ചെയ്യണം. അതിനാൽ ശരീരത്തിന്നു കനക്കുറവും പ്രവൃത്തിക്കു സാമൎത്ഥ്യവും ഉണ്ടാകും; അംഗങ്ങൾക്കു വേണ്ടുന്ന പുഷ്ടിയുണ്ടായിരിക്കും; ഏതുവിധത്തിലുള്ള ആഹാരവും, ക്ഷണത്തിൽ ദഹിത്തക്കവണ്ണം ജഠരാഗ്നിക്കു ശക്തിവൎദ്ധിക്കുകയും ഹെയ്യും. ശാരീരമായ വ്യായാമം ശീലിക്കുന്നതു മന്ദഗതിയെ കളയുവാൻ ഏറ്റവും നല്ല മാൎഗ്ഗമാണു. ധാരാളം സ്നിഗ്ദ്ധതയുള്ള ഭക്ഷണം ശീലിക്കുന്നവൎക്ക് അത്(ശാരീരമായ വ്യായാമം) എല്ലായ്പോഴും ഗുണകരമായിട്ടുള്ളതാണു. അതു വസന്തകാലത്താണു ഏറ്റവും ആരോഗ്യാവഹമായിട്ടുള്ളത്. ഭക്ഷണം കഴിച്ചിട്ടോ അല്ലെങ്കിൽ മൈഥുനത്തിന്നുശേഷമോ വ്യായാമം ചെയ്യുന്നതു ദോഷകരമാണു. ഏക്കം, ക്ഷയം, ഹൃദ്രോഗം എന്നീരോഗങ്ങളുള്ളവൎക്ക് അതു തീരെ നിഷിദ്ധമാകുന്നു. അതിവ്യായാമം ആൎക്കും ഹിതമല്ല. അകത്തിരുന്നിട്ടും പുറത്തുപോയിട്ടും ശീലിക്കാവുന്നതായി അനേകവിധ വ്യായാമങ്ങളുണ്ട്. എന്നാൽ ഹി [ 53 ] ന്തുക്കളിൽ ചിലർ തങ്ങളുടെ ദിവസേനയുള്ള ദേവാൎച്ചനയിൽ ഒരു ഭാഗം ആദിത്യനമസ്കാരത്തിനായി ഒഴിച്ചിട്ടിരിക്കുന്നു. അവരുടെ ഈ സേവാക്രമം ഒരുവിധം ശരീരായാസമായിത്തീരുന്നതിനാൽ ഇതുകൊണ്ടുതന്നെ അവരുടെ മാംസപേശികൾക്കു നല്ല ബലം കിട്ടുകയും ചെയ്യുന്നു.

സുഗന്ധതൈലംകൊണ്ടു മേലെല്ലാം തേച്ചു തലോടണം. പ്രത്യേകിച്ചു തല, ചെവികൾ, കാലുകൾ ഈ ഭാഗങ്ങളിലാണു അതു വേണ്ടത്. മരുന്നുകൾ കൂട്ടിക്കാച്ചിയ തൈലങ്ങൾ ക്ഷീണം തീൎക്കുകയും, ശക്തി, സുഖം, നിദ്ര. എന്നിവയുണ്ടാക്കുകയും, തോലിന്റെ നിറം നന്നാക്കുകയും, അതിന്നു മാൎദ്ദവവും അരോഗതയും ഉണ്ടാക്കിത്തീൎക്കുകയും ചെയ്യുന്നതിനാൽ ആയുഷ്കാലം ദീൎഗ്ഘമായിരിക്കേണ്ടതിന്ന് ഉപയോഗപ്പെടുന്നു. തലയിലെണ്ണ തേക്കുന്നതു ശിരോരോഗങ്ങളില്ലാതിരിക്കുവാനും, രോമത്തിന്റെ വളൎച്ചയ്ക്കും ആവശ്യമാണു. അതുപോലെ ചെവിയിൽ തുളിക്കുന്നതു സസ്യങ്ങളുടെ രസം ചേൎന്നിട്ടുള്ളതായിരുന്നാൽ അതു ഭക്ഷണത്തിന്നു മുമ്പിലും, തൈലമാണെങ്കിൽ അസ്തമനത്തിന്നു ശേഷവുമാണുവേണ്ടത്. കാലടികളിൽ നല്ലവണ്ണം എണ്ണതേച്ചു തിരുമ്പുന്നതുകൊണ്ട് കാലുകൾക്കു ശക്തിയുണ്ടാവുകയും, തൊലിവിള്ളാതിരിക്കുകയും ചെയ്യും. അതിന്നു പുറമെ ഇതുകൊണ്ടു സുഖനിദ്രയും, സൂക്ഷ്മദൎശനവും ഉണ്ടാകുവാനിടയുണ്ട്. സൎപ്പങ്ങൾ എങ്ങിനെ ഗരുഡനെ ഭയപ്പെട്ട് അടുക്കാതിരിക്കുന്നുവോ അതുപോലെ നിത്യവ്യായാമം ശീലിക്കുകയും, എണ്ണ തേക്കുകയും ചെയ്യുന്ന പുരുഷന്റെ നേരെ രോഗങ്ങളും അടുക്കുന്നതല്ലെന്നു പറയപ്പെട്ടിരിക്കുന്നു. ദിവസേന സ്നാനത്തിന്നു മുമ്പായി എണ്ണതേച്ചു എങ്കിൽ അതു ശരീരത്തിന്നു വളരെ ബലകരമായിരിക്കും. എന്നാൽ നവജ്വരം, അജീ [ 54 ] ൎണ്ണം, പാണ്ഡുരോഗം, ഛർദ്ദി ഇതിലേതെങ്കിലുമുള്ളവൎക്ക് അഭ്യംഗം പാടുള്ളതല്ല. വമനവിരേചനങ്ങൾ ചെയ്തവൎക്കും അതു നിഷിദ്ധമാകുന്നു. അഭ്യംഗത്തിന്ന് (എണ്ണതേച്ചതിന്നു) ശേഷമുള്ള കൃത്യം സ്നാനം തന്നെ. എല്ലാ ഹിന്തുക്കളും ചുരുങ്ങിയ പക്ഷം ദിവസേന ഒരു പ്രാവശ്യമെങ്കിലും കുളിക്കേണമെന്നു നിർബ്ബന്ധമുണ്ട്[2]. ഭക്ഷണത്തിന്നുശേഷമുള്ള സ്നാനം വ്യാപൽക്കരമാകുന്നു. രക്തസംബന്ധമായ രോഗങ്ങൾക്കു ശീതജലസ്നാനം നന്ന്; ചൂടുവെള്ളത്തിൽ കുളിക്കുന്നതു വിപരീതഫലപ്രദവുമാണു. ദിവസേന നെല്ലിക്കവെള്ളം പകൎന്നു കുളിച്ചാൽ തലമുടി [ 55 ] എന്നും കറുപ്പുനിറം വിടാതിരിക്കുകയും, തീൎച്ചയായും നൂറുകൊല്ലത്തെ ആയുസ്സു തികച്ചും കിട്ടുകയും ചെയ്യും. അത്യുഷ്ണമായ ജലം കൊണ്ടു സ്നാനം ചെയ്യുന്നതു കണ്ണിന്നു വളരെ കേടാണു. സ്നാനത്തിന്നുള്ള ജലം അവരവൎക്ക് ആവശ്യമുള്ള ശീതോഷ്ണസ്ഥിതിയിലാക്കുവാൻ ചൂടുവെള്ളം തണുത്തവെള്ളത്തിൽ ചേൎക്കുകയേ പാടുള്ളൂ എന്നും, ശീതജലം ഒരിക്കലും ചൂടുവെള്ളത്തിലേക്കു കൂട്ടരുതെന്നും നിയമിക്കപ്പെട്ടിരിക്കുന്നു. ഹരിശ്ചന്ദ്രൻ എന്നു പേരായ ഒരു പ്രാചീനവൈദ്യൻ ഇങ്ങിനെ പറയുന്നു:--

 

അശീതേനാംഭസാ സ്നാനം പയഃപാനം വയഃ സ്ത്രിയഃ

ഏതദ്വോ മാനുഷാഃ പത്ഥ്യം സ്നിഗ്ദ്ധമുഷ്ണഞ്ച ഭോജനം

തുള്ളിപ്പനി, പീനസം, അതിസാരം, ഗ്രഹണി, കൎണ്ണരോഗങ്ങൾ ഈവക രോഗങ്ങളെന്തെങ്കിലുമുള്ളവൻ സ്നാനം വർജ്ജിക്കേണ്ടതാകുന്നു. കുളികഴിഞ്ഞതിന്നു ശേഷം ശരീരം ഒരു ശീലകൊണ്ടു നല്ലവണ്ണം തോൎത്തുകയും, വേണ്ടതുപോലെ വസ്ത്രധാരണം ചെയ്കയും ആവശ്യമാണു.

ഈ പ്രകൃതത്തിൽ, ഹിന്തുക്കൾ സാധാരണയായി സ്വഗൃഹത്തിലാകട്ടെ അല്ലെങ്കിൽ പുറത്തെങ്ങാനുമാകട്ടെ നഗ്നന്മാരായി സ്നാനംചെയ്ക പതിവില്ലെന്നുള്ള സംഗതികൂടി പ്രസ്താവിക്കേണ്ടിയിരിക്കുന്നു.[3] ശരീരം മുഴുവനും പുറത്തുകാട്ടുന്നതു മതവിരോധമായ കാൎയ്യമാണു (മനു, vi.45). ശീതകാലത്തിൽ കുങ്കുമം, ചന്ദനം, അകിൽ ഇവകൾ കറിക്കൂട്ടായി ഉപയോഗിക്കുന്നതാവശ്യമാണു; ഗ്രീഷ്മകാലത്തു ചന്ദനം, പച്ചക്കർപ്പൂരം, രാമച്ചം ഇവകൾ ഉപയോഗിക്കുവാനാണു വിധിയുള്ളത്; വർഷക്കാലത്താണെങ്കിൽ ചന്ദനം, കുങ്കുമം, കസ്തൂരി എന്നിവകളെക്കൊണ്ടുള്ള ആലേപവുമാണു ഗുണകരമായിട്ടുള്ളത്. സജ്ജനങ്ങളാരും ഒരി [ 56 ] ക്കലും മുഷിഞ്ഞ വസ്ത്രം ധരിക്കരുതെന്ന് ഉപദേശിക്കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാൽ, അതുനിമിത്തം ശരീരത്തിന്ന് അസഹ്യതയും, ത്വഗ്രോഗങ്ങളും ഉണ്ടാവാനിടയുണ്ടെന്നു മാത്രമല്ല, കാണുന്നവൎക്കു വളരെ ഹീനനാണെന്നു തോന്നുകയും ചെയ്യും. ഒരുവൻ തന്റെ ഇഷ്ടത്തിന്നും കഴിവിന്നും അനുസരിച്ചു പുഷ്പങ്ങളും ആഭരണങ്ങളും ധരിക്കേണ്ടതാകുന്നു. സൗരഭ്യമുള്ള പുഷ്പങ്ങളും പല്ലവങ്ങളും ധരിച്ചാൽ ശരീരത്തിന്നു ശോഭയുണ്ടാവുകയും, കാമവികാരം വർദ്ധിക്കുകയും, ദുർദ്ദേവതകൾ നീങ്ങുകയും ചെയ്യുന്നതാണു. സ്വൎണ്ണം മാഹാത്മ്യമുള്ളതും, മംഗലകരവും, സുഖപ്രദവുമാകുന്നു. രത്നങ്ങൾ 'കരിങ്കണ്ണു' കൊണ്ടുള്ള ദോഷങ്ങളേയും, ഗ്രഹപ്പിഴയേയും നിവാരണം ചെയ്യുന്നതു കൂടാതെ, ദുസ്സ്വപ്നങ്ങളെയും ദുർവിചാരങ്ങളെയും നീക്കുന്നതുമാണു. ദേഹശുദ്ധി വരുത്തിയശേഷം ഭക്ഷണത്തിന്നുമുമ്പ് ഈശ്വരസ്മരണയ്ക്കായി കുറച്ചുസമയം ചിലവിടുന്നതുകൂടി വേണ്ടതാണെന്നു ചരകൻ പറഞ്ഞിരിക്കുന്നു.

ഒരാൾ ദിവസേന രണ്ടു പ്രാവശ്യം ഭക്ഷണം കഴിക്കണം. രാവിലെ ഒമ്പതുമണിമുതൽ പന്ത്രണ്ടുമണിക്കുള്ളിലും വൈകുന്നേരം ഏഴു മണി മുതൽ പത്തുമണിക്കുള്ളിലുമാണു ഭക്ഷണം കഴിക്കേണ്ടത്. ആഹാരം, നീഹാരം, മൈഥുനം ഇവയെല്ലാം എപ്പോഴും ഗുപ്തസ്ഥലത്തു വെച്ചേ ചെയ് വാൻ പാടുള്ളൂ എന്നു വിധിയുള്ളതിനാൽ പരസ്യമായ സ്ഥലത്തുവെച്ച് ഒരിക്കലും ഭക്ഷിക്കരുത്. വൈദ്യശാസ്ത്രപ്രകാരം നോക്കുമ്പോൾ ഒരു സ്വർണ്ണപ്പാത്രത്തിലാക്കീട്ടാണു ഭക്ഷണം കഴിക്കേണ്ടത്. അങ്ങിനെ ചെയ്യുന്നത് കണ്ണിന്ന് ഏറ്റവും ഹിതമാണെന്നും ഊഹിക്കപ്പെട്ടിരിക്കുന്നു. വെള്ളിപ്പാത്രത്തിലെടുത്തു ഭക്ഷിക്കുന്നതു യകൃത്തിന്റെ കൃത്യങ്ങൾ നേരെ നടക്കുവാൻ നല്ലതാണു. തുത്തനാകപ്പാത്രത്തിലാക്കി കഴിച്ചാൽ രുചിയും ബു [ 57 ] ദ്ധിയും വർദ്ധിക്കും. പിച്ചളപ്പാത്രത്തിൽ തയ്യാറാക്കിവെച്ച ഭക്ഷണം കഴിച്ചാൽ വാതവും ചൂടും അധികമായിരിക്കും; പക്ഷെ അതു കഫശമനവും, കൃമിഘ്നവുമാണു. ഇരിമ്പുപാത്രമോ ഗ്ലാസ്സുപാത്രമോ ഉപയോഗിച്ചാൽ പാണ്ഡുരോഗം, പിത്തകാമില, ശോഫം (നീർ) ഇവകൾ സുഖപ്പെടും. കല്പാത്രമോ മൺപാത്രമോ ഉപയോഗിക്കുന്നതായാൽ ദാരിദ്ര്യമാണു ഫലം. മരപ്പാത്രങ്ങൾ നല്ല രുചിപ്രദങ്ങളായിരിക്കും. പക്ഷെ, അവകൾ കഫത്തെ സ്രവിപ്പിക്കുന്നവയാകുന്നു. പാത്രങ്ങൾക്കു പകരം ചില ഇലകൾ ഉപയോഗിക്കുന്നതു വിഷത്തിന്നു പ്രത്യൗഷധമായിത്തീരുന്നതാണു. ഭക്ഷണത്തിന്നിരിക്കുമ്പോൾ മുരലുള്ളതായ ഒരു ജലപാത്രം വലതുഭാഗത്തായി വെച്ചിട്ടുണ്ടായിരിക്കണം. ഒരു ചെമ്പുപാത്രമാണു ഇതിന്നുത്തമമായിട്ടുള്ളത്. പിന്നെ ഭേദം മൺപാത്രമാണു. സ്ഫടികം കൊണ്ടൊ, രാജാവൎത്തം (Lapis lazuli) കൊണ്ടൊ ഉണ്ടാക്കപ്പെട്ടതായ പാത്രങ്ങൾക്ക് വെടിപ്പും ശൈത്യവുമുണ്ടായിരിക്കും. ഭക്ഷണമുറിക്കുള്ളിൽ ചെല്ലുന്നതിന്നു മുമ്പായി ഇഞ്ചിയും കല്ലുപ്പും കൂടി കഴിക്കുന്നത് നല്ലതാണു. അതുകൊണ്ടു രുചി വർദ്ധിക്കുകയും, കണ്ഠം ശുദ്ധിവരികയും ചെയ്യുമെന്നു പറയപ്പെട്ടിരിക്കുന്നു. ആരും വടക്കോട്ടു തിരിഞ്ഞു ഭക്ഷണത്തിന്ന് ഇരിക്കരുതെന്നാണു ചരകാചാൎയ്യൻ പറയുന്നത്. എന്നാൽ മനുവിന്റെ വിധി ഇതിൽനിന്നു കുറച്ചു ഭേദപ്പെട്ടിട്ടാണു. അദ്ദേഹം പറയുന്നതെന്തെന്നാൽ, ആയുസ്സിന്നാഗ്രഹിക്കുന്നവർ ഭക്ഷണത്തിന്നിരിക്കേണ്ടതു കിഴക്കോട്ട് തിരിഞ്ഞിട്ടാണെന്നും, കീൎത്തിവേണമെങ്കിൽ തെക്കോട്ട് തിരിഞ്ഞിരിക്കേണ്ടതാണെന്നും, പരമാർത്ഥജ്ഞാനത്തിന്നു കാംക്ഷയുള്ളവർ വടക്കോട്ടാണു തിരിഞ്ഞിരിക്കേണ്ടതെന്നും ആകുന്നു. [4]ഒരാൾക്കുഭക്ഷണത്തിന്നി [ 58 ] ടയിൽ അധോവായു പോകുവാൻ ഇടവന്നാൽ പെട്ടെന്നു ഭക്ഷണം നിൎത്തുകയും, പിന്നെ അന്നുമുഴുവൻ യാതൊന്നും കഴിക്കാതിരിക്കുകയും വേണം. 'കൊതിയകപ്പെട്ടിട്ടു'ള്ള ദോഷങ്ങളൊന്നും വരാതിരിക്കുവാൻ അഞ്ജനാപുത്രനായ ഹനൂമാന്റെ നാമോച്ചാരണം ചെയ്യണം. അതുകൂടാതെ, 'സകലജീവികളുടെ ശരീരത്തിലും പ്രാണാപാനവായുക്കളോടു ചേർന്നിരുന്ന് അവർ ഭക്ഷിക്കുന്ന ചതുൎവിധമായ ആഹാരത്തെയും ദഹിപ്പിക്കുന്ന അഗ്നിയായ' (ഭഗവൽഗീത; xv. 14) പരമാത്മാവിനെയും സ്മരിക്കേണ്ടതാണു. ഈ പറഞ്ഞ ചതുൎധമായ ആഹാരം താഴെ കാണിക്കപ്പെടുന്നതാകുന്നു:--

൧. ചൎവ്യം (കടിച്ചു ചവയ്ക്കേണ്ടത്)--അപ്പം മുതലായത്.

൨. ലേഹ്യം (നക്കിക്കഴിയ്ക്കേണ്ടത്)--അരച്ചുകലക്കി മുതലായത്.

൩. ചൂഷ്യം (ചുണ്ടുകൊണ്ടു വലിച്ചെടുക്കേണ്ടത്)-- മാമ്പഴം മുതലായത്.

൪. പേയം (കുടിക്കേണ്ടത്)--ദ്രവങ്ങളായ വസ്തുക്കൾ.

അനേകവിധത്തിലുള്ള ഭക്ഷണസാധനങ്ങളെല്ലാം ഒരു ക്ലിപ്തമായ ക്രമത്തിൽ തന്നെ വിളമ്പുകയും, അതാത് അതാതിന്നു നിയമിക്കപ്പെട്ട സ്ഥനത്തുതന്നെ ആയിരിക്കുകയും വേണം. മുമ്പിലിരിക്കുന്നതായ ആഹാരത്തെ ദൈവത്തെപ്പോലെ വിചാരിച്ചു പൂജിക്കേണ്ടതാകുന്നു. അങ്ങിനെ ചെയ്യുന്നത് ആരോഗ്യത്തിന്നും ആയുസ്സിന്നും നല്ലതാണു (മനു, 11.55.). മാതള നരങ്ങയും, കരിമ്പും, അതുപോലെയുള്ള മറ്റു സാധനങ്ങളും ഭക്ഷണത്തിന്റെ ആദ്യത്തിലാണു കഴിക്കേണ്ടത്. അതുകൾ ഒരിക്കലും ഊണിന്റെ ഒടുവിലായിപ്പോകരുത്. ഗുരുത്വവും സ്നിഗ്ദ്ധതയുമുള്ള ഭക്ഷണത്തിന്റെ ആദ്യത്തി [ 59 ] ലും, ലഘുക്കളായ പക്വാന്നങ്ങൾ സാപ്പാടു പകുതിയാകുമ്പൊഴും (മദ്ധ്യത്തിൽ), ദ്രവദ്രവ്യങ്ങൾ ഒടുക്കവുമാണു കഴിക്കേണ്ടത്. അതുപോലെതന്നെ മധുരദ്രവ്യങ്ങൾ ആദ്യം കഴിക്കണം; പിന്നെ അമ്ലലവണങ്ങളായ വസ്തുക്കളാവാം; ഒടുവിലാണു കടുതിക്തകഷായങ്ങളായ സാധനങ്ങൾ കഴിക്കേണ്ടത്. ഭക്ഷണം അവസാനിപ്പിക്കുന്നതു കുറച്ചു പാലോ, അല്ലെങ്കിൽ വെള്ളം കൂട്ടിയ മോരോ കഴിച്ചിട്ടായിരിക്കണം. ആരും ബദ്ധപ്പെട്ടുംകൊണ്ടു ഭക്ഷണം കഴിക്കരുത്. അതിഭക്ഷണം എപ്പോഴും വർജ്ജിക്കേണ്ടതാകുന്നു. കുക്ഷിയുടെ പകുതിഭാഗം അന്നംകൊണ്ടും, കാൽഭാഗം പാനംകൊണ്ടും നിറയ്ക്കുകയും, ശേഷമുള്ള കാൽ അംശം ഒന്നും കൂടാതെ ഒഴിച്ചിടുകയുമാണു വേണ്ടത്. ഭക്ഷണത്തിന്നിടയ്ക്ക് എപ്പോഴെങ്കിലും വെള്ളം കുടിയ്ക്കാം. എന്നാൽ അത് ആദ്യത്തിൽ കഴിച്ചാൽ അഗ്നിമാന്ദ്യം വരികയും, കഴിച്ചവൻ കൃശനായിത്തീരുകയും ചെയ്യും. ഒടുവിലാണു കഴിച്ചതെങ്കിൽ അവൻ അതുനിമിത്തം സ്ഥൂലനായിത്തീരുവാനും ഇടയുണ്ട് (വാഗ്ഭടൻ). ദാഹമുള്ളവൻ അതു തീൎക്കുന്നതിന്നുമുമ്പ് ഭക്ഷണം കഴിക്കരുത്. അങ്ങിനെതന്നെ വിശപ്പുള്ളവൻ വല്ല ഭക്ഷണവും കഴിക്കുന്നതിന്നു മുമ്പായി വെള്ളം കുടിക്കുകയും ചെയ്യരുത്. ഇതിൽ ആദ്യത്തെ വിധിക്കു വല്ല തെറ്റും വരുത്തിയാൽ ഗുന്മനും, രണ്ടാമത്തേത് അനുഷ്ഠിക്കാതിരുന്നാൽ ദകോദരവും വന്നു കൂടുവാനിടയുണ്ട്. ക്ലിപ്തസമയങ്ങളിൽതന്നെ ഭക്ഷണം കഴിക്കുന്നതുകൊണ്ടു വളരെ ഗുണങ്ങളുണ്ടാകുന്നതായാൽ അതിൽ പ്രത്യേകം ശ്രദ്ധവെക്കേണ്ടതാണെന്നും, ഒരിക്കൽ അടുപ്പിൽനിന്നു വാങ്ങിയ ഭക്ഷണസാധനം രണ്ടാമതൊരിക്കലും ചൂടുപിടിപ്പിക്കരുതെന്നും സുശ്രുതൻ ഉപദേശിച്ചിരിക്കുന്നു. ഭക്ഷിക്കുന്നതിന്നു മുമ്പായി എല്ലാവരും ആ ഭക്ഷണ സാധനത്തിന്റെ സ്വഭാവമൊന്നു മനസ്സിലാക്കിയിരിക്കുന്നത് ആവശ്യമാണു. എന്തുകൊണ്ടെന്നാൽ ഒരു [ 60 ] വൻ കഴിക്കുന്നതായ ഭക്ഷണം നിമിത്തം മനസ്സിന്റെ ഗതിക്കു വളരെ വ്യത്യാസം വരുവാനുണ്ട്. പിന്നെ, ഒരുവനെ ശിഷ്ടനോ, ദുഷ്ടനൊ, മൂഢനൊ, അല്ലെങ്കിൽ വികൃതിയോ ആക്കിത്തീൎക്കുന്നത് ആ മനസ്സുമാണല്ലൊ. എല്ലാവൎക്കും ഇഷ്ടമായിട്ടു മൂന്നുവിധത്തിലാണു ആഹാരമുള്ളത്. ഈ ഭേദം പറഞ്ഞത് അതാത് ആഹാരത്തിന്റെ ഗുണത്തെ അടിസ്ഥാനമാക്കിട്ടാണു. സത്വഗുണപ്രധാനന്മാർ ഇഷ്ടപ്പെടുന്നത് അവരുടെ ആയുസ്സു, സത്വം, ബലം, സുഖം, പ്രീതി, ആരോഗ്യം എന്നിവയെല്ലാം വൎദ്ധിപ്പിക്കുന്ന ആഹാരാങ്ങളാണു. അവകൾ സ്വാദുള്ളവയും, ദേഹപുഷ്ടികരങ്ങളും, സാരമായിട്ടുള്ളവയും, ഹൃദ്യങ്ങളും ആയിരിക്കും. രാജോഗുണക്കാൎക്കിഷ്ടമായത് അധികമായ എരിവും പുളിയും ഉപ്പും കലശലായ ചൂടുള്ളവയും, തീക്ഷ്ണങ്ങളും, രൂക്ഷങ്ങളും, ഉൾപ്പഴുക്കുണ്ടാക്കുന്നവയും ആയ ഭക്ഷണസാധനങ്ങളാണു. ഇതുകളാൾ കഷ്ടാരിഷ്ടങ്ങൾ മാത്രമാണു ഫലമുണ്ടാകുന്നത്. തമോഗുണക്കാൎക്കാകട്ടെ പഴകിയതും, സ്വാദില്ലാതായതും, ദുൎഗ്ഗന്ധമുള്ളതും, പാകംചെയ്തിട്ട് അധികനേരം കഴിഞ്ഞിരിക്കുന്നതും, ഉച്ഛിഷ്ടവും, അശുചിയും ആയ ഭോജനത്തിലാണു പ്രീതിയുള്ളത് (ഭഗവൽഗീത, VII. 8-10). ശ്രേഷ്ഠത വേണമെന്നു വിചാരിക്കുന്നവരെല്ലാം മറ്റുള്ളതൊന്നും സ്വീകരിക്കാതെ സാത്വികന്മാർ ഉപയോഗിക്കുന്ന ഭക്ഷണംതന്നെയാണു കഴിക്കേണ്ടത്. ഭക്ഷണം കഴിഞ്ഞതിന്നുശേഷം മുഖത്തിന്റെ ഉള്ളിലും പുറത്തും വെള്ളംകൊണ്ടു നല്ലവണ്ണം വെടിപ്പുവരുത്തുകയും, കൈരണ്ടും കഴുകുകയും വേണം. വായിലെ വഴുവഴുപ്പു നീക്കുവാൻ ഉപ്പു വേണമെങ്കിൽ ഉപയോഗിക്കാം പല്ലുകളുടെ ഇടയിൽ ഭക്ഷണസാധനത്തിന്റെ വല്ല ലേശങ്ങളും പറ്റിക്കിടക്കുന്നുണ്ടെങ്കിൽ അതെല്ലാം കുത്തിയെടുക്കേണ്ടതാണു. കാഴ്ചക്കു ശക്തികൂടുവാൻ നല്ലതാകയാൽ, നനഞ്ഞ കൈകൊണ്ടു കണ്ണുകൾ പതുക്കെ ഉ [ 61 ] ഴിയുകയും വേണം. അതിന്നുശേഷം അഗസ്ത്യൻ, അഗ്നി, ബഡവാനലൻ (സമുദ്രത്തിനുള്ളിൽ ഇരിക്കുന്നതും, അതിലെ വെള്ളം വിഴുങ്ങുമെന്ന് ഊഹിക്കപ്പെടുന്നതും ആയ അഗ്നി) ഇവരെക്കുറിച്ചു താഴേ പറയുന്ന ഫലോദ്ദേശ്യത്തോടുകൂടി ഒരു പ്രാൎത്ഥന ചെയ്യേണ്ടതുണ്ട്. "ഞാൻ ഭക്ഷിച്ചതായ അന്നം ദഹിക്കുവാൻ എന്നെ സഹായിച്ചാലും; ആഹാരം നല്ലവണ്ണം ദഹിക്കുന്നതുകൊണ്ടുണ്ടാകുന്ന സുഖം അനുഭവിക്കുവാൻ എന്നെ അനുഗ്രഹിക്കുകയും, എല്ലായ്പോഴും രോഗങ്ങളിൽനിന്ന് എന്നെ രക്ഷിക്കുകയും ചെയ്യേണമേ!". ചൊവ്വ, സൂൎയ്യൻ, അശ്വിനീകുമാരന്മാർ ഇവരെയും ഭക്തിപൂൎവ്വം സ്മരിക്കേണ്ടതാണു. അവരുടെ നാമോച്ചാരണംതന്നെ ദഹനശക്തിയെ വൎദ്ധിപ്പിക്കുമെന്നാണു പറയപ്പെടുന്നത്. ഭക്ഷണത്തിന്നുശേഷം ധൂമപാനം ചെയ്കയോ, നല്ല സുഗന്ധദ്രവ്യങ്ങൾ കൂട്ടി മുറുക്കുകയോ വേണ്ടതാണു. എന്തുകൊണ്ടെന്നാൽ, ഇതിന്നു ഭക്ഷണാനന്തരം വൎദ്ധിക്കുന്നതായ കഫത്തെ ശമിപ്പിക്കുവാനുള്ള ശക്തിയുണ്ട്. താംബൂലം ചവർപ്പുരസമുള്ളതും, തീക്ഷ്ണവും, സുഗന്ധമുള്ളതും, വിഷ്ടുഭനാശനവും, കാമരസത്തെ വൎദ്ധിപ്പിക്കുന്നതും, ലഘുവും, ഉഷ്ണവീര്യവുമാകുന്നു. അതു നല്ല കഫഘ്നവും, ശരീരത്തിൽ രക്തശുക്ലങ്ങളെ വൎധിപ്പിക്കുന്നതും, വാതത്തെയും ക്ഷീണത്തെയും നശിപ്പിക്കുന്നതുമാണു. താംബൂലത്തോടുകൂടി ഉപയോഗിക്കേണ്ടതായ അനേകം സാധങ്ങളുള്ളതു ഖദിരസാരം, ചുണ്ണാമ്പ്, അടയ്ക്ക, ഏലത്തിരി, കരയാമ്പൂവു, ജാതിക്ക മുതലായ സുഗന്ധദ്രവ്യങ്ങളാകുന്നു. രാവിലെ താംബൂലം ഉപയോഗിക്കുമ്പോൾ അടയ്ക്ക മറ്റുസമയങ്ങളിലേക്കാൾ കുറച്ചു ജാസ്തിയായി കൂട്ടണം; ഉച്ച്യ്ക്കു ഖദിരസാരമാണു ജാസ്തി കൂട്ടേണ്ടത്. രാത്രിയിൽ അധികം ചേൎക്കേണ്ടതു ചുണ്ണാമ്പുമാകുന്നു. താംബൂലം ശ്വാസവായുവിന്റെ ദുൎഗ്ഗന്ധമെല്ലാം നീക്കുകയും, അതിന്നു സൗരഭ്യമുണ്ടാ [ 62 ] ക്കിത്തീൎക്കുകയും, ശബ്ദം നന്നാക്കുകയും ചെയ്യും. ദന്തരോഗം,നേത്രരോഗം ഇതിൽ ഏതെങ്കിലുമുള്ളവൎക്കും, വമനവിരേചനം ചെയ്തവൎക്കും, മദാൎത്തന്മാൎക്കും, ക്ഷയരോഗികൾക്കും അതു ഹിതമല്ല. ഭക്ഷണത്തിന്നുശേഷം നൂറടി നടക്കുന്നത് ആരോഗ്യവൎദ്ധനമാകുന്നു. എപ്പോഴും ഒരിടത്തുതന്നെ ഇരിക്കുന്നതുകൊണ്ടു മടി വൎദ്ധിക്കുന്നതുമാണു. എന്നാൽ, ഭക്ഷണം കഴിഞ്ഞ ഉടനെ ഒരാൾ ഓടുന്നതു മൃത്യുവിന്റെ പിന്നാലെ ഓടുന്നതിന്നു തുല്യമാകുന്നു. അതുകൊണ്ട് അതു തീരെ വൎജ്ജിക്കണം. കുറഞ്ഞൊരു വിശ്രമത്തിന്നു ശേഷം ചെയ്യേണ്ടുന്ന ഏറ്റവും നല്ലതായ കൃത്യം വലത്തുഭാഗം ചെരിഞ്ഞു കിടക്കുകയാണു. അതു ദീപനത്തിന്നു വളരെ അനുകൂലിക്കുന്നതാകുന്നു. ഈ അവസരത്തിൽ ഹിന്തുക്കൾ സാധാരണയായി സംവാഹനം അല്ലെങ്കിൽ അംഗമർദ്ദനം (മേലുഴിയുക) ചെയ്യിക്കുമാറുണ്ട്. ശരീരത്തിന്റെ നാനാഭാഗങ്ങളുടെയും ആകുഞ്ചനം, പ്രസാരണം, പരിവൎത്തനം, നമനം, ഉന്നമനം, ഉദ്വൎത്തനം, അപഹരണം, പരിഭ്രമണം എന്നിവയും, സന്ധികളിൽ തിരുമ്മുക, സുഖംതോന്നത്തക്കവണ്ണം മാത്രം മെല്ലെ അടിക്കുക, സംഘർഷണംചെയ്ക ഇത്യാദിയും ഈ സംവാഹനക്രിയയുടെ ഓരൊ അംഗങ്ങളായിരിക്കും, ഇതുനിമിത്തം മാംസം, രക്തം, മേദസ്സ് ഇവകൾക്കു ശുദ്ധിവരികയും, മനസ്സുഖമുണ്ടായിരിക്കുകയും, സുഖനിദ്ര കിട്ടുകയും, ദുഷിച്ചതായ കഫവാതമേദസ്സുകൾ ക്ഷയിക്കുകയും, ക്ഷീണം തീരുകയും ചെയ്യും. ഈ ഒരു ചൎയ്യാവിശേഷം ഹിന്തുക്കൾക്കു പ്രത്യേകമുള്ളതും, അവരുടെ പ്രാചീനഗ്രന്ഥങ്ങളിൽ വിധിക്കപ്പെട്ടതുമാകുന്നു. എത്രയോ പുരാതനകാലം മുതൽക്കുതന്നെ ചീനക്കാർ, ഗ്രീക്കുകാർ, റോമൻകാർ ഇവരുടെ ഇടയിലും ഏതെങ്കിലും ഒരു വിധത്തിലുള്ള സംവാഹനം നടപ്പുണ്ടായിരുന്നു. ചില പശ്ചാത്യപണ്ഡിതന്മാരുടെ അഭിപ്രായം നോക്കുമ്പോൾ ഇവൎക്കൊക്കെ ഇതിന്റെ [ 63 ] അറിവു കിട്ടിയതു ഹിന്തുക്കളിൽ നിന്നാണെന്നു കാണുന്നു. ഇത് (ഉഴിച്ചിൽ) അനേകവിധത്തിലുണ്ട്. ഇന്ത്യയിലെ ക്ഷുരകജാതിക്കാർ ഈ വിദ്യയിൽ മഹാമിടുക്കന്മാരാണെന്നും ഊഹിക്കപ്പെട്ടിരിക്കുന്നു. നാഡിപ്പിഴയെ സംബന്ധിച്ച രോഗങ്ങളിൽ ഇത് ഒരു വിശേഷപ്പെട്ട ചികിത്സാവിധിയാകുന്നു. ഇത് എപ്പോഴും വളരെ സുഖകരമായി തോന്നുകയും ചെയ്യും. ഇയ്യിടയിൽ വെച്ചു പാശ്ചാത്യവൈദ്യന്മാരും അംഗമൎദ്ദനത്തിന്റെ (ഉഴിച്ചിലിന്റെ) ഗുണങ്ങൾ അഭിനന്ദിക്കുവാൻ തുടങ്ങീട്ടുണ്ട്. അതിന്നു ശേഷം ഒട്ടും താമസിക്കാതെ അവർ ഇതൊരു ചികിത്സാമാർഗ്ഗമായി സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോൾ പശ്ചാത്യശാസ്ത്രജ്ഞന്മാർ കണ്ടുപിടിക്കുന്ന തത്ത്വങ്ങൾ തങ്ങളുടെ പൂൎവ്വസ്വത്തായ പ്രാചീനവൈദ്യശാസ്ത്രത്തിന്റെ, ഒരു പുനരുദ്ധാരണവും പരിഷ്കാരവും മാത്രമാണെന്നും, ഇതു (ആയുൎവ്വേദം) കേവലം അശാസ്ത്രീയമാണെന്നു വെച്ചു തള്ളുന്നതിന്നുപകരം, പൂർവ്വവിദ്വാന്മാർ ശാസ്ത്രത്തെയും യുക്തിയെയും പ്രമാണിച്ചു സമ്പാദിച്ചുവെച്ച ജ്ഞാനത്തിന്റെ നിധിയായി ഗണിക്കപ്പെടുമെന്നും വിശ്വസിച്ച് അതിന്നായി കൗതുകത്തോടുകൂടി പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന ഹിന്തുക്കൾക്ക് ഈ സംഗതി വളരെ സമാധാനപ്രദമായിരിക്കുമെന്നുള്ളതിന്നു സംശയമില്ല. ഇന്ത്യയിലെ ജനങ്ങൾ--പ്രത്യേകിച്ചും പുരുഷന്മാർ ഈ സംവാഹനം ചെയ്യിക്കുന്നത് അധികവും സുഖാനുഭവത്തിന്റെ ഒരു ഭാഗമായിട്ടാണു വെച്ചിരിക്കുന്നത്. രോഗിണികളായ സ്ത്രീകൾക്ക് ഉഴിയുവാൻ സാധാരണയായി വശതയുള്ള സ്ത്രീകൾ തന്നെയാണു. മറ്റെല്ലാ കാൎയ്യങ്ങളിലെ പോലെ ഈ സംവാഹനത്തിലും അധികം ലയിക്കുന്നതു നിഷിദ്ധമാകുന്നു.

ഗ്രീഷ്മകാലത്തൊഴികെ മറ്റുള്ള കാലങ്ങളിലൊക്കെ പകലുറക്കം നിഷിദ്ധമാകുന്നു. അധികമായി വഴിനടക്കുകയോ, വ [ 64 ] ളരെ ദൂരം കുതിരപ്പുറത്തോ മറ്റൊ കയറി ഓടിക്കുകയൊ ചെയ്യുന്നവൎക്കും, ധാരാളമായി വ്യായാമം ശീലിക്കുന്നവൎക്കും അതു വിഹിതമാകുന്നു. അതുകൂടാതെ കുട്ടികൾക്കും, ദീനക്കാൎക്കും, സ്വാധീനനിദ്രന്മാൎക്കും--അതായതു പകലെ കുറെ ഉറങ്ങിയാൽ രാത്രിയിൽ ഉറക്കം കൂടാതെ കഴിക്കാമെന്നുള്ളവൎക്കു--പകലുറക്കത്തിന്നു വിരോധമില്ല. ഭക്ഷണം കഴിഞ്ഞ ഉടനെതന്നെ വെയിൽ കൊള്ളുക, തിയ്യിന്നരികിലിരിക്കുക, നീന്തുക, കുതിരയോടിക്കുക, ഓടുക, യുദ്ധംചെയ്ക, പാടുക, വ്യായാമം ശീലിക്കുക, അല്ലെങ്കിൽ പഠിക്കുക ഈവക എന്തെങ്കിലും ചെയ്യുന്നത് ആപൽക്കരമാകുന്നു. വിദ്വാനായിട്ടുള്ളവൻ പകത്സമയം ഒരിക്കലും സ്ത്രീസംഗം ചെയ്യരുത്; അതുനിമിത്തം ആയുസ്സു ക്ഷയിച്ചു പോകുന്നതാണു. കുറച്ചു നേരം വിശ്രമിച്ചതിന്നുശേഷം തന്റെ നിത്യകൃത്യം എന്തെങ്കിലും നോക്കുന്നതിന്നു വിരോധമില്ല. വൈകുന്നേരം കുറച്ചു നടക്കുന്നതു പ്രത്യേകം വിഹിതമായിട്ടുള്ളതാണു. അതിനാൽ ഇന്ദ്രിയങ്ങൾക്കു തിക്ഷ്ണത ഉണ്ടാവുകയും, ദഹനശക്തി വൎദ്ധിക്കുകയും, നിറം നന്നാവുകയും, ബുദ്ധി തെളിയുകയും ചെയ്യും. പുറത്തു പോകുമ്പോൾ എപ്പോഴും കനം കുറഞ്ഞ വല്ല വേഷ്ടനം (തലയിൽക്കെട്ടു) കൊണ്ടും തല മൂടുകയും വേണ്ടതാണു. ചെരിപ്പ്, വസ്ത്രം, മാലകൾ ഈവക മറ്റു വല്ലവരും ഉപയോഗികിച്ചതാണെങ്കിൽ പിന്നെ താൻ ഉപയോഗിക്കുന്നതു സൂക്ഷിച്ചിട്ടു വേണ്ടതാണു.[5] വേനൽക്കാലത്തും, വൎഷക്കാലത്തും, കുട അത്യാവശ്യമാണു. ഒരു വടികൂടാതെ ഒരിയ്ക്കലും പുറത്തിറങ്ങരുത്. അതു മൃഗങ്ങളിൽനിന്നു രക്ഷിക്കുകയും, ക്ഷീണം വരാതിരിപ്പാൻ ഉപകരിക്കുകയും ചെയ്യുമെന്നുമാത്രമല്ല, കൊണ്ടുനടക്കുന്നവന്ന് ഒരവസ്ഥയുമാണു. വെള്ളത്തിൽ തന്റെ നിഴൽ നോക്കുകയോ, ജ [ 65 ] ലാശയത്തിൽ കേവലം നഗ്നനായി ഇറങ്ങുകയോ ചെയ്യരുത്. ഒരുവൻ എപ്പോഴും ഉത്സാഹശീലനായിരിക്കുകയും, വേഗങ്ങളെ ഒരിക്കലും തടുക്കാതിരിക്കുകയും വേണം. വൃദ്ധന്മാർ, വിദ്വാന്മാർ, വൈദ്യന്മാർ, രാജാക്കന്മാർ, അതിഥികൾ ഇവരെ എല്ലാം എപ്പോഴും മാനിക്കേണ്ടതാണു. ഇന്ദ്രിയങ്ങളെ അധികമായി പീഡിപ്പിക്കുകയോ, അതല്ലെങ്കിൽ കലശലായി ലാളിക്കയോ ചെയ്യരുത്. ഉദിക്കുന്നതോ അസ്തമിക്കുന്നതോ ആയ സൂൎയ്യന്റെ നേരെ നോക്കുന്നതും, തലയിൽ വല്ല ഭാരവും വഹിക്കുന്നതും, കീറിപ്പൊളിഞ്ഞ കിടക്കയിലൊ വൃക്ഷത്തിന്റെ ചുവട്ടിലൊ കിടന്നുറങ്ങുന്നതും ആപൽക്കരമാകുന്നു. ഇപ്രകാരമുള്ള ഒരു ആചാരക്രമം ദീൎഗ്ഘായുസ്സിന്നും, ആരോഗ്യത്തിന്നും, കീൎത്തിക്കും അനുകൂലമാകുന്നു.

പകൽസമയത്ത് എന്തെല്ലാമാണു അനുഷ്ഠിക്കേണ്ടതെന്നു വിധിച്ചശേഷം ഹിന്തുവൈദ്യഗ്രന്ഥകാരന്മാർ, രാത്രിയിൽ ആചരിക്കേണ്ടതായ ചൎയ്യയ്ക്കും ചില നിയമം വെച്ചിട്ടുണ്ട്. ആഹാരം, മൈഥുനം, നിദ്ര, അദ്ധ്യയനം, തെരുവിൽ നടക്കുക ഈ അഞ്ചുകൂട്ടം സന്ധ്യാസമയത്തു വർജ്ജിക്കേണമെന്ന് അവർ നിയമിച്ചിരിക്കുന്നു. നല്ല ചന്ദ്രിക കൊള്ളുവാൻ വല്ല തരവുമുണ്ടെങ്കിൽ അത് ഒരിക്കലും വിട്ടുകളയരുത്. അതു വളരെ ശീതളവും സുഖകരവുമാണെന്നു മാത്രമല്ല, സുരതത്തിനുള്ള രുചിയേയും ശക്തിയേയും വർദ്ധിപ്പിക്കുന്നതുമാകുന്നു. അത്താഴത്തിന്ന് എപ്പോഴും ലഘുവായ ഭക്ഷണമേ പാടുള്ളൂ. രാത്രിയിൽ ദധി(തയിർ) വർജ്ജിക്കേണ്ടതാകുന്നു. അതുതന്നെ കുറച്ച് ഉപ്പു കൂട്ടാതെ ഒരിക്കലും ഉപയോഗികയുമരുത്. സ്ത്രീസേവ ചെയ്യുന്നതു മിതമായിട്ടുതന്നെ ഇരിക്കണം. ഹിന്തുക്കളെ സംബന്ധിച്ചേടത്തോളം വിവാഹബന്ധത്തിന്റെ ഉദ്ദേശ്യം അധികവും കാമവികാരത്തിന്നു നിവൃത്തി വരുത്തേണമെന്നല്ല, ഒരു കൃത്യം നിൎവ്വഹിക്കണമെന്നുള്ളതാണു. ഒരു പുത്രനോ അല്ലെങ്കിൽ പുത്രിയോ ഏ [ 66 ] തെങ്കിലും ഒരു സന്തതിയുണ്ടായിരിക്കണമെന്നാണു അവൎക്കുള്ള വിധി. "പുത്"=നരകം; "ത്രാ"=രക്ഷിക്കുക എന്നീ ശബ്ദങ്ങളിൽനിന്നുണ്ടായ പുത്രശബ്ദത്തിന്റെ താല്പൎയ്യം പിതൃക്കളെ നരകത്തിൽനിന്നു മോചിക്കുന്നവൻ എന്നാകുന്നു. ഒരുവന്ന് ഒരു കുട്ടി, പ്രത്യേകിച്ചും ആൺകുട്ടി, ഇല്ലാതിരിക്കുന്ന കാലത്തോളം അവന്റെ പിതൃക്കൾക്കു നരകത്തിൽതന്നെ കിടക്കേണ്ടിവരുമെന്നാണു സാധാരണയായിട്ടുള്ള വിശ്വാസം. ഒരു പുത്രനുണ്ടാകാതെ മരിച്ചുപോകുന്ന ഒരുത്തന്ന് ഒരിക്കലും മുക്തി ലഭിക്കുന്നതല്ല. അതുകൊണ്ട് ഹിന്തുക്കളുടെ ഇടയിൽ വിവാഹം സാമുദായികമായ ഒരു കരാറല്ലാതെ മതസംബന്ധമായ ഒരു കൃത്യമായിട്ടാണു വെച്ചിരിക്കുന്നത്. അവരെ സംബന്ധിച്ചേടത്തോളം, ഒരു പുത്രനുണ്ടാവുക എന്നുവെച്ചാൽ അവരുടെ പിതൃക്കൾക്കുള്ള ഒരു കടം വീടുക എന്നുള്ള അർത്ഥമാകുന്നു. ഒരു കുട്ടി ഉണ്ടാകാതിരിക്കുന്നതു വിവാഹത്തിന്റെ പരമാർത്ഥമായ ഉദ്ദേശ്യം ഫലിക്കാതിരിക്കുന്നതിന്നു തുല്യമാകയാൽ, ഒരുത്തനും "അപുത്രൻ" എന്ന പേർ കേൾക്കുവാൻ ആഗ്രഹിക്കുന്നില്ല. ചിലപ്പോൾ ഭാൎയ്യാഭൎത്താക്കന്മാർ തമ്മിലുള്ള പ്രായവ്യത്യാസം കൊണ്ടൊ, അല്ലെങ്കിൽ അവരിൽ ആൎക്കെങ്കിലും ഗർഭോല്പാദനത്തിന്നുള്ള അംഗങ്ങൾക്കു വല്ല തരാറുമുള്ളതുകൊണ്ടൊ സഫലമായ ഒരു ഗർഭോല്പാദനത്തിന്നു കഴിവുണ്ടായില്ലെന്നു വരാം. എന്നാൽ ഈ വക തരക്കേടുകളുടെ നിവൃത്തിക്കായി, ക്രിസ്താബ്ദത്തിന്റെ ആരംഭകാലത്തു "കാമസൂത്രങ്ങൾ" എന്നു പ്രസിദ്ധമായറിയപ്പെടുന്ന ഗ്രന്ഥം നിൎമ്മിച്ച വാത്സ്യായന മഹർഷി ചില പ്രതിവിധികളെല്ലാം പറഞ്ഞിട്ടുണ്ട്. ഇതേവിഷയത്തിൽ തന്നേക്കാൾ പ്രാചീനന്മാരായ ഏഴു ഗ്രന്ഥകാരന്മാരുടെ കൃതികളെക്കുറിച്ച് ഇദ്ദേഹം തന്റെ ഗ്രന്ഥത്തിൽ സൂചിപ്പിച്ചു പറഞ്ഞിരിക്കുന്നു. ഇദ്ദേഹത്തിന്റെ ശിഷ്യനായ കൊക്കോകൻ കുറേക്കൂടി അധികം [ 67 ] പ്രസിദ്ധനായിട്ടുണ്ട്. അദ്ദേഹം ഗർഭോല്പാദനത്തിന്നു തടസ്ഥമായിത്തീരുന്ന അനേകം സംഗതികളെ വിവരിക്കുകയും, അവകൾക്കെല്ലാം പ്രതിവിധികൾ ഉപദേശിക്കുകയും ചെയ്തിരിക്കുന്നു. മറ്റുള്ള ഓരോ പ്രതിവിധികളുടെ കൂട്ടത്തിൽ അംഗവിന്യാസത്തിന്റെ കാൎയ്യം ഇദ്ദേഹം പ്രത്യേകം ഊന്നി പറഞ്ഞിരിക്കുന്നു. ഇതുനിമിത്തം സ്ത്രീകളുടെ വസ്തിപ്രദേശത്തുള്ള അംഗങ്ങൾക്കു വലിയ ഭേദഗതി വരുവാനുണ്ടെന്നാണു അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. അതിന്നുപുറമെ, ചില സ്ഥിതിഭേദങ്ങളാൽ ഗർഭോല്പാദനത്തിന്ന് എളുപ്പം കൂടുമെന്നും, ഉള്ളിലുള്ള തകരാറുകൾ നീങ്ങുന്നതാണെന്നും കൂടി അദ്ദേഹം സിദ്ധാന്തിച്ചിരിക്കുന്നു. ഓരോ അവസ്ഥാഭേദങ്ങളിൽ സ്വീകരിക്കാവുന്നതായ എമ്പത്തിനാലോളം "ആസന"ങ്ങളെ (അംഗവിന്യാസഭേദങ്ങളെ) കുറിച്ച് അദ്ദേഹം വിവരിച്ചിട്ടുണ്ട്. ഈ സ്ഥിതിഭേദങ്ങളെല്ലാം താൽക്കാലികരസത്തെ വർദ്ധിപ്പിക്കുമെന്നുമാത്രമല്ല, ഗർഭോല്പാദനത്തെ നിസ്സംശയം സഹായിക്കുമെന്നും അദ്ദേഹം പറയുന്നു. ഈ ഗ്രന്ഥകൎത്താവിന്റെ കാമശാസ്ത്രഗ്രന്ഥം ഏഷ്യയിലുള്ള അനേകം ഭാഷകളിലേക്കു തൎജ്ജമചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഇദ്ദേഹം പ്രതിപാദിച്ചിരിക്കുന്നതായ വിഷയം അത്യന്തം ഗ്രാമ്യമാകയാൽ പുറമെക്കു ധാരാളമായി പ്രസിദ്ധി സമ്പാദിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. എന്നാൽ, ഒരു സാധാരണക്കാരന്റെ ദൃഷ്ടിക്കനുസരിച്ചു നോക്കുന്നതല്ലെങ്കിൽ, ഈ ഗ്രന്ഥം വൈദ്യന്മാരെല്ലാവരും മാനിക്കത്തക്ക യോഗ്യതയുള്ളതാണെന്നും നിസ്സംശയം പറയാം. വൈദ്യന്മാർ തന്നെ സ്ത്രീചികിത്സാവിഷയത്തിൽ ഈ അംഗവിന്യാസഭേദം ഒരു ഫലപ്രദമായ ചികിത്സാസമ്പ്രദായമാണെന്ന് ഇയ്യിടയിൽ വെച്ചാണല്ലൊ മനസ്സിലാക്കീട്ടുള്ളത്. ഈ വിഷയം ഇപ്പോഴും ഇതിന്റെ പരീക്ഷാനിലയിലേ ഇരിക്കുന്നുള്ളുതാനും. എന്നാൽ, ഇനി ഈ അംഗവിന്യാസം ഒരു ചികിത്സാ [ 68 ] സാധനമാണെന്നു പരക്കെ സമ്മതിക്കപ്പെടുന്ന ഒരു കാലം വരുമ്പോൾ, അന്ന്, ഈ തത്ത്വം ഒന്നാമതായി സിദ്ധാന്തിച്ചതിന്നുള്ള മെച്ചം കിട്ടുവാൻ അവകാശം ഇന്ത്യയിലെ വൈദ്യശാസ്ത്രത്തിന്നുതന്നെ ആയിരിക്കുകയും ചെയ്യും. ഈ അംഗവിന്യാസഭേദംകൊണ്ടു ഗർഭോല്പാദനത്തിന്റെ കാൎയ്യത്തിൽ പ്രത്യേകം ഗുണം കിട്ടുന്നതാണെന്നു ഹിന്തുക്കളുടെ വൈദ്യഗ്രന്ഥങ്ങളിൽ പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ടെന്നുമാത്രമല്ല, പ്രസവവേദനകൊണ്ടും മറ്റും ബുദ്ധിമുട്ടുന്ന സ്ത്രീകൾ കൈക്കൊള്ളേണ്ടതായ പല സ്ഥിതിഭേദങ്ങളേയും വിസ്തരിച്ചു പ്രതിപാദിക്കുകയും ചെയ്തിരിക്കുന്നു. ക്രിസ്താബ്ദത്തിന്നും ഏകദേശം ഇരുനൂറു സംവത്സരം മുമ്പു ജീവിച്ചിരുന്ന യോഗശാസ്ത്രപ്രവൎത്തകനായ പതഞ്ജലമർഷി തന്റെ "യോഗസൂത്രങ്ങൾ" എന്ന ഗ്രന്ഥത്തിൽ, സന്യാസിമാൎക്കും സംസാരമുക്തിക്കുള്ള മാൎഗ്ഗം ആലോചിച്ചും സമാധി ശീലിച്ചും വരുന്ന മറ്റുള്ളവൎക്കും ശാരീരങ്ങളായ ഓരോ തപോനിയമങ്ങളനുഷ്ഠിക്കുമ്പോൾ ഉണ്ടാകുവാനിടയുള്ളതായ രോഗങ്ങളുടെ നിവാരണത്തിന്നും ചികിത്സയ്ക്കും വേണ്ടി അനേകവിധത്തിലുള്ള "ആസന"ങ്ങളെ അല്ലെങ്കിൽ അംഗവിന്യാസ ഭേദങ്ങളെക്കുറിച്ചു വിസ്തരിച്ചു പറഞ്ഞിരിക്കുന്നു. ഈ സംഗതികളിൽനിന്നു, ഹിന്തുക്കൾ അംഗവിന്യാസത്തിന്റെ ഹിതകരമായ (ആരോഗ്യാവഹമായ) ഫലത്തെക്കുറിച്ച് അറിയാത്തവരായിരുന്നില്ലെന്നു തെളിയുന്നുണ്ടല്ലൊ.

ആൎത്തവം കണ്ടതുമുതൽ ആദ്യത്തെ നാലുദിവസവും, രണ്ടു--വെളുത്തതും കറുത്തതുമായ‌--പക്ഷങ്ങളിലുമുള്ള അഷ്ടമി, ചതുർദ്ദശി, വാവ് ഈ പക്കങ്ങളിലും, പിതൃക്കളുടെ ശ്രാദ്ധദിവസങ്ങളിലും, ആ ശ്രാദ്ധങ്ങളുടെ തലേ ദിവസങ്ങളിലും, മൈഥുനം നിഷിദ്ധമാകുന്നു. വ്യതീപാതം, വൈധൃതം, സംക്രമം ഈ വക പുണ്യകാലങ്ങളിലും, പകലും, അൎദ്ധരാത്രിയിലും, ഗ്രഹണ [ 69 ] സമയത്തും സ്ത്രീസംഗം ചെയ്യരുത്. രോഗം വരാതിരിക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം മാംസം, മധു, തൈലം, ഞായറാഴ്ച ദിവസങ്ങളിലുള്ള സ്ത്രീസംഗം ഇതെല്ലാം വർജ്ജിക്കേണ്ടതാണെന്ന് ഒരു പ്രമാണത്തിൽ കാണുന്നു. അതുകൂടാതെ, "ദുർഗ്ഗന്ധമുള്ള മാംസം, വൃദ്ധസ്ത്രീ, ഗ്രീഷ്മകാലത്തെ സൂൎയ്യൻ, പകുതി തയിരായ പാൽ, രാവിലെയുള്ള സ്ത്രീസംഗം, നിദ്ര" എന്നിവകളും ആപൽക്കരങ്ങളാണെന്നു പറയപ്പെട്ടിരിക്കുന്നു. ഗ്രീഷ്മകാലത്തു പതിനഞ്ചു ദിവസം കൂടുമ്പോൾ ഒരിയ്ക്കലും, മറ്റുള്ള കാലങ്ങളിൽ മുമ്മൂന്നു ദിവസത്തിൽ കുറയാതെ ഇടവിട്ടും മാത്രമേ സ്ത്രീസംഗം പാടുള്ളൂ എന്നാണു സുശ്രുതന്റെ അഭിപ്രായം. അധികമായി ഭക്ഷണം കഴിച്ചവർ, വിശപ്പുള്ളവർ, ദാഹമുള്ളവർ. ധൈൎയ്യമില്ലാത്തവർ, ബാലന്മാർ, വൃദ്ധന്മാർ, വല്ല അംഗങ്ങളിലും വേദനയുള്ളവർ, അന്യവേഗാൎത്തന്മാർ (മലമൂത്രാദിവേഗങ്ങളിൽ ഏതിന്നെങ്കിലും വൈകി എന്നു തോന്നുന്നവർ) ഇവരാരും സ്ത്രീസംഗം ചെയ്യരുത്. ഒരു ശയ്യാഗൃഹത്തിലെ ഗൂഢവൃത്തം അറിയുവാൻ എത്തിനോക്കുന്നത് ഉചിതല്ല. എന്നാൽ വൈദ്യശാസ്ത്രത്തിലും മതവിഷയത്തിലും ഗ്രന്ഥങ്ങളെഴുതീട്ടുള്ള പ്രാചീനന്മാർ അവിടെയും ചില ചൎയ്യാനിയമങ്ങൾ വിധിക്കുവാൻ വിട്ടുപോയിട്ടില്ല. ഹിരണ്യകേശി എന്നാൾ ഗൃഹിണി വിളക്കു കത്തിക്കുകയും, കിടയ്ക്ക ശരിയാക്കി വെക്കുകയും വേണ്ടതാണെന്നുപദേശിച്ചിരിക്കുന്നു. അവൾ ഭൎത്താവിനെ അഭിവാദ്യം ചെയ്തു മുലക്കച്ച നീക്കിയതിന്നുശേഷം ശയ്യയ്ക്കടുത്തു ചെല്ലണം. മുലക്കച്ച നീക്കാതിരുന്നാൽ വൈധവ്യം വരുമെന്നാണു ഊഹിക്കപ്പെട്ടിരിക്കുന്നത്. അവൾ കറുത്തതായ വസ്ത്രം ധരിച്ചിരിയ്ക്കരുത്. അങ്ങിനെ ചെയ്യുന്നതായാൽ അവൾക്കുണ്ടാകുന്ന സന്തതി വികൃതിയും ഭ്രഷ്ടനും ആയിത്തീരുന്നതാണു. അവൾ നിൎമ്മലമായ വസ്ത്രം ധരിച്ചിരിക്കുകയും, ശരീരം--പ്രത്യേകിച്ചും നാ [ 70 ] സിക--ആഭരണങ്ങളെക്കൊണ്ട് അലങ്കരിക്കുകയും, കൺപോളകളുടെ വക്കുകളിൽ മഷിയെഴുതുകയും, സീമന്തരേഖയിൽ സിന്ദൂരം ഇടുകയും, സാധാരണ സുഗന്ധദ്രവ്യങ്ങൾ കൂട്ടി മുറുക്കുകയും വേണ്ടതാണു. ഭാൎയ്യയും ഭൎത്താവും രണ്ടാളും വളരെ സന്തോഷത്തോടുകൂടിയിരിക്കണം. രണ്ടാളുടേയും മുഖത്തു വല്ല അസഹ്യതയുടേയോ വ്യസനത്തിന്റേയോ ലാഞ്ഛനകൂടി ഉണ്ടായിരിക്കരുത്. പിന്നെ ഭാൎയ്യ, തന്റെ പ്രാണവല്ലഭന്റെ കാൽ കഴുകിക്കുകയും, മേലൊക്കെ നല്ല പരിമളമുള്ള ചൂൎണ്ണങ്ങളിട്ടു മെല്ലെ തിരുമ്മുകയും, മുമ്പിൽ വെച്ചു സുഗന്ധദ്രവ്യങ്ങൾ പുകയ്ക്കുകയും വേണം. ജാതിക്ക, കുങ്കുമം, വാതാമഫലം, കസ്തൂരി ഇവകളിട്ടു കുറുക്കിയ പാൽ പഞ്ചസാരയുംചേൎത്ത് അവൾ അദ്ദേഹത്തിന്റെ മുമ്പിൽ കുടിക്കുവാനായി വെച്ചുകൊടുക്കുകയും, ആയാൾ കുടിച്ചതിന്നു ശേഷമുള്ളതു താൻ കുടിക്കുകയും, ചെയ്യേണ്ടതാണു. അവൾ പിന്നെ ചെയ്യേണ്ടതു താംബൂലവും, പാക്കും, മറ്റു സുഗന്ധദ്രവ്യങ്ങൾ വെറ്റിലയിൽ പൊതിഞ്ഞിട്ട് അതും കൂടി ഭൎത്താവിന്നു കൊടുക്കുകയാണു. അതിന്നുശേഷം അവൾ തന്റെ ഭൎത്താവിനെ ഈശ്വരനെപ്പോലെ വിചാരിച്ചു കാക്കൽ വീണു നമസ്കരിക്കയും, തന്റെ കുടുംബത്തിൽ മുമ്പുണ്ടായിട്ടുള്ള യോഗ്യന്മാരായ പുരുഷന്മാരുടേയൊ യോദ്ധാവിന്റേയൊ. അതല്ലെങ്കിൽ ഒരു പുണ്യപുരുഷന്റേയൊ, പേരുകൾ സ്മരിക്കുകയും ചെയ്തുകൊള്ളണം. ഭൎത്താവും ഈശ്വരസ്മരണ ചെയ്തു തനിക്കു നല്ലൊരു പുത്രനുണ്ടാകുവാൻ പ്രാൎത്ഥിക്കേണ്ടതാണു[6] അതിൽ പിന്നെ ആയാൾ ത [ 71 ] ന്റെ വലത്തെ മൂക്കിൽകൂടി ശ്വാസം പോയിക്കൊണ്ടിരിക്കുമ്പോൾമാത്രം (ഇതിന്നു "ശരം നോക്കുക" എന്നു പറയും) സംയോഗത്തിന്നു ശ്രമിക്കണം. എന്തുകൊണ്ടെന്നാൽ, "ഭക്ഷണം, മലശോധന, മൈഥുനം, നിദ്ര, രാജാക്കന്മാരെ കാണുകം യുദ്ധം, ഔഷധസേവ ഇവയെല്ലാം ശ്വാസം വലത്തെ മൂക്കിൽക്കൂടി പോകുന്ന സമയത്തേ പാടുള്ളൂ" എന്നു പറയപ്പെട്ടിരിക്കുന്നു. സുരതം കഴിഞ്ഞശേഷം കുളിക്കുകയാണു വേണ്ടത്. അതില്ലെങ്കിൽ കൈകാലുകളും മറ്റു ഭാഗങ്ങളും ഏതായാലും കഴുകണം. അതിന്നുശേഷം സൂപ്പോ പാലോ കഴിക്കുകയും, ഗുളത്തോടുകൂടി ഭക്ഷണസാധനങ്ങൾ എന്തെങ്കിലും തിന്നുകയും, ഉടനെ ജനേലുകളെല്ലാം തുറന്നിട്ടു നിദ്രയ്ക്കാരംഭിക്കുകയും വേണം. ഭാൎയ്യ വിളക്കുകെടുത്തു പിന്നെ വേറിട്ടൊരു കിടയ്ക്കയിലാണു കിടക്കേണ്ടത്. ആരും വടക്കോട്ടു തലവെച്ചു കിടന്നുറങ്ങരുത്. തെക്കോട്ടു തലവെച്ചു കിടന്നുറങ്ങുന്നതായാൽ ദീൎഗ്ഘായുസ്സു കിട്ടുമെന്നാണു വിശ്വസിക്കപ്പെട്ടുപോരുന്നത്. പടിഞ്ഞാട്ടു തലയാക്കി കിടന്നാൽ രാത്രിയിൽ മുഴുവനും സ്വപ്നം കണ്ടുകൊണ്ടിരിക്കുകയും, തെക്കോട്ടു തലവെച്ചിരുന്നാൽ ധനലാഭമുണ്ടാവുകയും ചെയ്യുന്നതാണത്രെ. അഗസ്ത്യൻ, മാധവൻ, മുചുകുന്ദൻ, കപിലൻ, അസ്തികൻ എന്ന ഈ അഞ്ചു "സുഖപ്രസുപ്ത"ന്മാരുടെ നാമങ്ങൾ ഉച്ചരിച്ചാൽ യാതൊരു ഉപദ്രവവും കൂടാതെ സുഖനിദ്ര കിട്ടുവാനിടയുണ്ട്. കൃത്യസമയത്തു കിടന്നുറങ്ങുകയും, നേരത്തെ എഴുന്നേൽക്കുകയും ചെയ്യുന്നതിനേക്കാൾ ഗുണകരമായിട്ടു വേറെ യാതൊന്നുമില്ല. ഒരാൾ ദിവസേന രാവിലെ സൂൎയ്യോദയസമയത്ത് എട്ട് അഞ്ജലി (നാലു പലം അല്ലെങ്കിൽ നാഴി) വെള്ളം കുടിച്ചു ശീലിച്ചു വന്നാൽ, ആയാൾക്കു വാർദ്ധക്യം കൊണ്ടുള്ള ഉപദ്രവങ്ങളും, മൂലക്കുരു, വീക്കം, തലവേദന, ചുളുചുളെ കുത്തൽ മുതലായ ദീനങ്ങളും, പിത്താധിക്യത്താലുള്ള രോഗങ്ങളും ഉണ്ടാകുന്നതല്ലെന്നു മാത്രമല്ല, [ 72 ] നൂറു വയസ്സുതികച്ചും ജീവിച്ചിരിക്കുവാനിട വരികയും ചെയ്യും. വായിൽകൂടി കുടിക്കുന്നതിന്നു പകരം ഒരാൾ മൂക്കിൽകൂടി കുറേശ്ശ വെള്ളം കുടിച്ചു ശീലിക്കുന്നതായാൽ ആയാളുടെ ദൃഷ്ടിക്കു ശക്തി കൂടുകയും, തല നരക്കാതിരിക്കുകയും ചെയ്യുന്നതാണു.

മേല്പറഞ്ഞ വിധികളെല്ലാം ഋതുക്കൾ മാറുന്നതോടു കൂടി അല്പാല്പം ഭേദപ്പെടുത്തേണ്ടി വരും. ഈ ഇന്ത്യയിൽ ശരിയായി ഈരണ്ടു മാസം നിൽക്കുന്നതായ ആറ് ഋതുക്കളുടേയും ഗുണം അനുഭവിച്ചു വരുന്നുണ്ട്. ഈ ഋതുക്കൾ താഴേ കാണിക്കുന്നവയാകുന്നു:--

൧. ശിശിരം--മകരത്തിലെ വെളുത്ത പ്രതിപദം മുതൽ മീനത്തിലെ കറുത്ത വാവുവരെ.

൨. വസന്തം--മീനത്തിലെ വെളുത്ത പ്രതിപദം മുതൽ എടവത്തിലെ കറുത്ത വാവുവരെ.

൩. ഗ്രീഷ്മം--എടവത്തിലെ വെളുത്ത പ്രതിപദം മുതൽ കൎക്കിടകത്തിലെ കറുത്ത വാവുവരെ.

൪. വൎഷം--കൎക്കിടകത്തിലെ വെളുത്ത പ്രതിപദം മുതൽ കന്നിയിലെ കറുത്തവാവുവരെ.

൫. ശരത്ത്--കന്നിയിലെ വെളുത്ത പ്രദിപദം മുതൽ വൃശ്ചികത്തിലെ കറുത്ത വാവുവരെ.

൬. ഹേമന്തം--വൃശ്ചികത്തിലെ വെളുത്ത പ്രതിപദം മുതൽ മകരത്തിലെ കറുത്ത വാവുവരെ.

ഇതിൽ ആദ്യത്തെ മൂന്ന് ഋതുക്കളിൽ സൂൎയ്യൻ നിൽക്കുന്നതു മദ്ധ്യരേഖയുടെ വടക്കായിരിക്കും. ആ കാലത്തു സസ്യങ്ങൾക്കും മറ്റു സൂൎയ്യനെക്കൊണ്ടുള്ള ഫലം ഒട്ടും നല്ലതായിരിക്കുകയില്ല. അന്നു സൂൎയ്യൻ ഓഷധികളുടെ രസമെല്ലാം വലിച്ചെടുക്കുമെന്നും, അവയ്ക്കു ആഗ്നേയഗുണങ്ങളുണ്ടാക്കി ത്തീൎക്കുമെന്നുമാണു ഊഹിക്കപ്പെട്ടിരിക്കുന്നത്. ബാക്കി മൂന്നു ഋതുക്കളി [ 73 ] ലും സൂൎയ്യൻ നിമിത്തം സസ്യവൎഗ്ഗത്തിന്നു ഗുണമാണുണ്ടാകുന്നതെന്നു മാത്രമല്ല, അക്കാലത്തുണ്ടാകുന്ന സസ്യാദികളെല്ലാം സൗമ്യഗുണ ഭൂയിഷ്ഠങ്ങളായിരിക്കുകയും ചെയ്യും.

ശീതോഷ്ണസ്ഥിതി വളരെ തണുപ്പായും വരണ്ടും ഇരിക്കുവാനിടയുള്ള ശിശിരകാലത്തിൽ രാവിലെയുള്ള ഭക്ഷണത്തിന്ന് ഒട്ടും അമാന്തം വരുത്തരുതെന്നു തന്നെയല്ല, സ്വാദ്വമ്ലലവണങ്ങളായ ഭക്ഷണസാധനങ്ങളെ പ്രത്യേകിച്ച് ഉപയോഗിക്കുകയും വേണം. മേലെല്ലാം എണ്ണതേക്കണം; പിന്നെ സ്നാനത്തിന്നു മുമ്പായി ഈ കാലത്തു വ്യായാമം ശീലിക്കേണമെന്നും പ്രത്യേകം വിധിച്ചിട്ടുണ്ട്. ഗോതമ്പം, കരിമ്പ്, അരി, ഉഴുന്ന്, അരച്ചുണ്ടാക്കിയ പലഹാരങ്ങൾ, പഴക്കം ചെല്ലാത്ത ധാന്യം, എള്ള്, ഉദ്വൎത്തനം ഇതെല്ലാം ഇക്കാലത്തു വളരെ ഹിതമായിട്ടുള്ളതാണു. കുങ്കുമവും കസ്തൂരിയും മേലൊക്കെ പൂശുകയും, ചൂടുള്ള വസ്ത്രം ധരിക്കുകയും വേണം.

വസന്തത്തിൽ കഫസംബന്ധമായ രോഗങ്ങൾ വൎദ്ധിക്കുന്നതാകയാൽ, അക്കാലത്തു ശോധനങ്ങളായ ദ്രവ്യങ്ങളെ ശീലിക്കുന്നതായിരിക്കും അധികം ഗുണം. അന്നു ശാരീരമായ വ്യായാമവും വളരെ ഹിതമാണു. അക്കാലത്തു രൂക്ഷോഷ്ണങ്ങളും കടുലഘുക്കളായ സാധനങ്ങളാണു ഭക്ഷിക്കേണ്ടത്. പകലുറക്കം വർജ്ജിക്കുകയും വേണം. ഈ കാലം സാധാരണയായി അത്ര സുഖമുള്ളതല്ല. അതു നിമിത്തം വൈദ്യന്മാർക്ക് ഇതു നല്ല സമ്പാദ്യമുള്ള കാലമായിരിക്കും. ചൂടുവെള്ളത്തിൽ കുളിക്കുന്നത് ഈ കാലത്തു ഹിതമായിട്ടുള്ളതാണു. ഭക്ഷണത്തിന്നുപയോഗിക്കുന്ന ഗോതമ്പവും അരിയും ഒരു കൊല്ലം പഴകിയതായിരിക്കണം. സൂൎയ്യരശ്മി ലവലേശവും തട്ടാതേയും, ചെടികളും പുഷ്പങ്ങളും മറ്റും നിറഞ്ഞും ഇരിക്കുന്നതായ ഒരു ഉദ്യാനത്തിലിരുന്നു മദ്ധ്യാഹ്നം കഴിച്ചുകൂട്ടുന്നതായിരിക്കും ഇക്കാലത്ത് അധികം നന്നായിട്ടുള്ളത്. [ 74 ] ഗ്രീഷ്മത്തിൽ സൂൎയ്യൻ ശരീരത്തിലുണ്ടാകുന്ന കഫത്തെ വലിച്ചെടുക്കുന്നു. അതുകൊണ്ട് ശരീരത്തിലുണ്ടാകുന്ന കഫത്തിന്റെ നഷ്ടം തീൎക്കത്തക്കവണ്ണമുള്ള ഭക്ഷണസാധങ്ങൾ തന്നെ കഴിക്കണം. അതിന്നായി മധുരമായും, സ്നിഗ്ദ്ധമായും, ഹിമമായും, ലഘുവായും, ദ്രവമായുള്ള ദ്രവ്യങ്ങളാണു വിധിക്കപ്പെട്ടിരിക്കുന്നത്. പഞ്ചസാര, തയിർ, സൂപ്പു, പാൽ എന്നിവയെല്ലാം ധാരാളമായി ഉപയോഗിക്കാം. ഉച്ചയ്ക്കു കുറച്ചു കിടന്നുറങ്ങുന്നത് ഇക്കാലത്തു രോഗശമനമായിരിക്കും. ചന്ദ്രികയും ആരോഗ്യത്തിന്നു നന്നായിട്ടുള്ളതാണു. കട്വമ്ലലവണങ്ങളായ വസ്തുക്കളെല്ലാം വർജ്ജ്യങ്ങളാകുന്നു. അധികമായി വ്യായാമം ശീലിക്കുകയും, മേലുഴിയുകയും (ഉദ്വൎത്തനം) പാടുള്ളതല്ല.

വർഷൎത്തുവിൽ വാതസംബന്ധമായ രോഗങ്ങളാണു ഉണ്ടാകുവാനിടയുള്ളത്. അക്കാലത്തു ശമനങ്ങളും, മധുരം, ഉപ്പ്, പുളി ഈ രസങ്ങളുള്ളവയും ആയ ആഹാരങ്ങൾ ശീലിക്കണം. തീയ്യിന്നരികെ ഇരിക്കുകയും, മേലുഴിയുകയും ചെയ്യുന്നത് നല്ലതാണു. കുരുമുളകു കൂടാതെ ഇക്കാലത്തു തയിർ ഒരിക്കലും ഉപയോഗിക്കരുത്. ഗോതമ്പം, അരി, ഉഴുന്ന് ഇതൊക്കെ ഭക്ഷണത്തിന്നു നല്ലതാണു. കിണറ്റിലെ വെള്ളമോ, മഴ പെയ്യുമ്പോൾ എടുക്കുന്ന വെള്ളമോ മാത്രം വെള്ളത്തിന്റെ ആവശ്യത്തിന്ന് ഉപയോഗിക്കാം. ശീതവും, കിഴക്കൻ കാറ്റോ വെയിലോ തട്ടുന്നതും സൂക്ഷിക്കേണ്ടതാണു. അതിന്നു പുറമെ പകലുറക്കം, ശരീരായാസം, നീന്തൽ ഇവയും വൎജ്ജിക്കേണ്ടതാകുന്നു. ഈ കാലത്തു വെറും നിലത്തു കിടന്നുറങ്ങുന്നതും വിഹിതമായിട്ടുള്ളതല്ല.

ശരത്തിൽ പിത്തസംബന്ധമായ രോഗങ്ങൾ ഉണ്ടായിത്തീരുവാൻ ഇടയുണ്ട്. അതുകൊണ്ട് അക്കാലത്ത് നെയ്, പാൽ, പഞ്ചസാര, ജാംഗലമാംസം, ഗോതമ്പം യവം, ചെറുപയർ, [ 75 ] നെല്ലരി ഇതൊക്കെയാണു ഭക്ഷണത്തിന്നു നല്ലത്. മധുരകഷായ തിക്തങ്ങളായ വസ്തുക്കൾ പ്രത്യേകം ഹിതമായിട്ടുള്ളതാണു. മഴവെള്ളമോ, അല്ലെങ്കിൽ പകൽ മുഴുവനും സൂൎയ്യരശ്മി തട്ടിക്കിടക്കുന്നതും [7]രാത്രിയിൽ ചന്ദ്രികയേറ്റിരിക്കുന്നതും ആയ ജലമോ (ഇതിന്നു 'ഹംസോദകം' എന്നു പേർ പറയുന്നു.) ആണു കുടിക്കേണ്ട ആവശ്യത്തിന്ന് ഉപയോഗിക്കേണ്ടത്. ഇക്കാലത്തു വെള്ളം നിയമേന രാവിലേതന്നെ കൊണ്ടുവരണം. കർപ്പൂരവും ചന്ദനവും ഉപയോഗിക്കുകയും, കനം കുറഞ്ഞ വസ്ത്രം ധരിക്കുകയും വിഹിതമാകുന്നു. പുഷ്പങ്ങൾ, ചന്ദ്രിക, ജലക്രീഡ, ലഘുക്കളും ശീതളങ്ങളുമായ ഭക്ഷണസാധനങ്ങൾ ഇതൊക്കെയും ഇക്കാലത്തു പ്രത്യേകം ഹിതമായിട്ടുള്ളതാണു. എന്നാൽ, ദധി, വ്യായാമം, അമ്ലപടൂഷ്ണങ്ങളും ക്ഷാരങ്ങളും ആയ ദ്രവ്യങ്ങൾ, ആതപം ഇവയെല്ലാം ആപൽകരങ്ങളുമാകുന്നു. ഇന്ത്യയിൽ ഇതാണു ഏറ്റവും ചീത്തയായിട്ടുള്ള കാലം. അതുകൊണ്ട് ഈ കാലത്തെ "വൈദ്യസ്യ ശാരീദീ മാതാ പിതാ ച കുസുമാകരഃ" എന്നൊരു സംസ്കൃതശ്ലോകാൎദ്ധം കൊണ്ട് ഒരു കവിവർണ്ണിച്ചിട്ടുള്ളതും ഉചിതമായിരിക്കുന്നു. ഇതിന്റെ താല്പൎയ്യം "ശരത്തു വൈദ്യന്റെ അമ്മയും, വസന്തം അച്ഛനുമാണു" എന്നാകുന്നു. എന്തുകൊണ്ടെന്നാൽ ഈ രണ്ടു കാലങ്ങളിലെപ്പോലെ വൈദ്യന്മാർക്കു മറ്റൊരു കാലത്തും അത്ര തിരക്കില്ല. അവൎക്കു സമ്പാദ്യവും ഇത്ര മറ്റൊരിക്കലും ഉണ്ടാകുന്നില്ല. "ജീവിത്വം ശരദാംശതം" എന്നുള്ള ഹിന്തുക്കളുടെ ഇടയിൽ സാധാരണയായുള്ള ആശീൎവ്വാദമാണല്ലൊ. ഇക്കാലത്തു പിത്തത്തെ കളയുവാനുള്ള വിരേകങ്ങളും, ബലവാന്മാൎക്കു രക്തമോക്ഷവും ആരോഗ്യാവഹങ്ങളാകുന്നു. [ 76 ] ഹേമന്തിലെ ചൎയ്യകളെല്ലാം ശിശിരത്തിൽ വിധിച്ചിട്ടുള്ളവതന്നെയാണു. അതുകൊണ്ട് അവയെ വീണ്ടും ഇവിടെ എടുത്തുപറയേണ്ടതില്ലല്ലൊ.

ഈ പറഞ്ഞ ചൎയ്യകളെല്ലാം, ഇന്ത്യയിൽ വിദേശീയന്മാരുടെ ആക്രമങ്ങളും ആഭ്യന്തരകലഹങ്ങളും നിമിത്തം ഹിന്തുക്കളുടെ സമുദായവൃത്തികൾക്കൊ രാജാധികാരത്തിന്നൊ ചില മാറ്റങ്ങൾ വന്നുപോയിട്ടുണ്ടെങ്കിലും അവർ ഇന്നും വിടാതെ പിടിച്ചിരിക്കുന്നതും, അവരെ ഒന്നായി ബന്ധിച്ചു നിൎത്തുന്നതും ആയ ഹിന്തുമതത്തിന്ന് അനുസരിച്ചുള്ളവയും, അതിനാൽ പൂൎണ്ണമായി അനുവദിക്കപ്പെട്ടിരിക്കുന്നവയും ആകുന്നു. ഇത്ര അധികം പ്രതികൂലശക്തികളെ തടുത്തുനിന്നതായ മറ്റു ഒരു ജനസമുദായത്തെക്കുറിച്ചും ചരിത്രത്തിൽ പ്രസ്താവിച്ചിട്ടില്ല. ക്രിസ്താബ്ദത്തിന്നും 800 കൊല്ലങ്ങൾക്കുമുമ്പ് ഇന്ത്യയെക്കുറിച്ച് എഴുതിയിരിക്കുന്ന മഗാസ്തനീസ്സോ, അല്ലെങ്കിൽ ക്രിസ്താബ്ദം 7-ാം നൂറ്റാണ്ടിൽ തനിക്ക് ഇന്ത്യയിലുണ്ടായ അനുഭവങ്ങളെക്കുറിച്ച് എഴുതിയ ഹ്യുയന്ഥ്സാങ്ങ് എന്ന ചീനരാജ്യത്തെ തീർത്ഥയാത്രക്കാരനൊ അവരുടെ ശവകുടീരങ്ങളിൽ നിന്ന് എഴുനേൽക്കുകയും, ഈ രാജ്യത്തെ വീണ്ടും സന്ദർശിക്കുകയും ചെയ്യുന്നതായാൽ ഹിന്തുക്കളുടെ നിയമങ്ങൾ, ആചാരങ്ങൾ, ദിനചൎയ്യകൾ ഇവയെക്കുറിച്ച് അവൎക്ക് ആദ്യം ഉണ്ടായിട്ടുള്ള അഭിപ്രായങ്ങളിൽ വല്ലതുമൊന്നു മാറ്റേണ്ടിവരുമെന്നു തോന്നുന്നില്ല. അതുകൊണ്ട്, ഹിന്തുക്കളുടെ നടവടിക്കുവേണ്ടി നിയമിച്ചിട്ടുള്ള അനേകം ആചാരങ്ങളും, ആരോഗ്യത്തെ നിലനിൎത്തുവാനുള്ള ചൎയ്യകളും, കാലത്തിന്റെ ഉദ്ധ്വംസങ്ങളാൽ തീരെ നശിപ്പിക്കപ്പെടുവാനോ അല്ലെങ്കിൽ അടിയിളക്കിത്തിൎക്കുവാനൊ കഴിയാത്തവിധം അത്ര ഉറപ്പോടുകൂടിയ അസ്തിവാരത്തിന്മേലാണു സ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്നു നല്ലവണ്ണം തെളിയുന്നുണ്ടെല്ലൊ. ദിവസംതോറും, [ 77 ] പിന്നെ ഋതുഭേദത്തിന്നനുസരിച്ചും ഉള്ള ചൎയ്യകളെക്കൊണ്ടു ഹിന്തുക്കൾ രോഗബാധയെ തടുത്തുകൊണ്ടുവരുന്നു. എന്നാൽ എത്രതന്നെ നിവാരണ മാൎഗ്ഗങ്ങളുണ്ടായിരുന്നാലും രോഗങ്ങൾ പലപ്പോഴും വന്നുകൂടാതിരിക്കുന്നതല്ലല്ലൊ. അതുകൊണ്ട് അവരുടെ വൈദ്യഗ്രന്ഥങ്ങളിൽ രോഗനിവാരണത്തിന്നുള്ള ചികിത്സകളും പറഞ്ഞിട്ടുണ്ട്. രോഗസ്വഭാവത്തെക്കുറിച്ചുള്ള അവരുടെ സിദ്ധാന്തം നവീനശാസ്ത്രത്താൾ സ്വീകരിക്കപ്പെട്ടിട്ടുള്ളതിൽ നിന്നും കുറെ വ്യത്യാസ മുള്ളതാണു. എങ്കിലും അതാണു ഒന്നാമതായി ഉണ്ടായതെന്നുള്ള മെച്ചം അതിന്നുതന്നെ കിട്ടുന്നതാണല്ലൊ. അതിന്നുപുറമെ, ഈ സിദ്ധാന്തം അനവധികാലമായി നിലനിന്നു വരുന്നതുമാകയാൽ അതിനെക്കുറിച്ചു ചുരുക്കത്തിലെങ്കിലും വേറെ ഒരു അദ്ധ്യായത്തിൽത്തന്നെ വിവരിച്ചേ മതിയാവുകയുള്ളൂ എന്നു വിചാരിക്കുന്നു.


 1. സമധാതുസ്സമാഗ്നിശ്ച സമധാതുമലക്രിയഃ
  പ്രസന്നാത്മേന്ദ്രിയമനാഃ സ്വസ്ഥ ഇത്യഭിധീയതെ.
 2. ഹിന്തുക്കളുടെ ഇടയിൽ സ്നാനം, അവരുടെ മതസംബന്ധമായ കൃത്യങ്ങളുടെ ഒരു ഭാഗമായി തീർന്നിരിക്കുന്നു. മനു ഇങ്ങിനെ വിധിച്ചിരിക്കുന്നു: --"ഒരുവൻ പ്രഭാതത്തിൽ നേരത്തെ എഴുനേറ്റു മലശോധന വരുത്തുക, ദന്തശുദ്ധിചെയ്ക, കുളിക്കുക, ശരീരം അലങ്കരിക്കുക, കണ്ണുകളിൽ അഞ്ജനമെഴുതുക; ദൈവാൎച്ചനചെയ്ക ഈ കൃത്യങ്ങളാചരിക്കണം". (iv 203)യാജ്ഞവൽക്ക്യനും സ്നാനം മതസംബന്ധമായി അവശ്യം അനുഷ്ഠിക്കേണ്ടുന്ന കൃത്യങ്ങളിലൊന്നാണെന്നു പറഞ്ഞിരിക്കുന്നു (iii. 214) സാധാരണയായി രാവിലെയുള്ള ഭക്ഷണത്തിന്നു മുമ്പും, വല്ല അശുദ്ധസാധനങ്ങളെ തൊട്ടാലും കുളിക്കുന്നതു നടപ്പാണു. ഹിന്തുക്കൾക്ക് തങ്ങളാണു ലോകത്തിൽ ഏറ്റവും വൃത്തിയുള്ള കൂട്ടരെന്ന് അഭിമാനമുണ്ട്. ഈ സംഗതി തന്നെ സർവില്യം ഹണ്ടർ നല്ലവണ്ണം താങ്ങിപ്പറഞ്ഞിട്ടുമുണ്ട്. അദ്ദേഹം ഇങ്ങിനെയാണു പറഞ്ഞിരിക്കുന്നത്:-- "ദേഹശുദ്ധിയുടെ കാൎയ്യത്തിൽ ഇന്ത്യയിലെ ഹിന്തുക്കളാണു ഏഷ്യയിലുള്ള നാനാ ജാതിക്കാരിലും വെച്ചു ദൃഷ്ടാന്തമായി നിൽക്കുന്നതെന്നുള്ളതിന്നു പുറമെ ലോകത്തിലുള്ള സകല ജാതിക്കാരിലും വെച്ചും അവർതന്നെയാണു ഏറ്റവും വൃത്തിയുള്ളവരെന്നും നമുക്കു സമ്മതിക്കാം. ഹിന്തുക്കളുടെ സ്നാനം ഒരു പഴഞ്ചൊല്ലായിത്തീൎന്നിരിക്കുന്നു. അവരുടെ മതാനുഷ്ടാനത്തിന്നൊക്കെ സ്നാനം കൂടാതെ കഴികയില്ലെന്നു തന്നെയല്ല, അനവധി കാലമായിട്ടു നടന്നുവരുന്ന ആചാരംകൊണ്ടു സ്നാനമെന്നതു നിത്യകൃത്യങ്ങളൂടെ കൂട്ടത്തിൽ അവശ്യം ചെയ്യേണ്ടതായ ഒരു പ്രവൃത്തിയായിത്തീൎന്നിരിക്കുന്നു.
 3. ഇതു ഹിന്തുക്കളുടെ കൂട്ടത്തിൽ മലയാളികൾ മാത്രം അംഗീകരിച്ചിട്ടില്ലാത്ത ഒരു നടവടിയാണെന്ന് അനുഭവസിദ്ധമാണല്ലൊ.
 4. ആയുഷ്യഃ പ്രാങ്മുഖോ ഭുങ്‌ക്തേ,
  യശസ്യം ദക്ഷിണാ മുഖഃ,
  ശ്രീയം പ്രത്യങ്മുഖോ ഭുങ്‌ക്തേ,
  ഋതം ഭുങ്‌ക്തേഹ്യുദങ്‌മുഖഃ.
 5. സ്പൎശം അപായകര(രോഗസംക്രമത്തിന്നു കാരണ)മാണെന്നുള്ള സംഗതിയിൽ ഹിന്തുക്കൾ അന്ധന്മാരായിരുന്നില്ലെന്ന് ഈ ഉപദേശം തെളിയിക്കുന്നു.
 6. ഈ പറഞ്ഞതിൽനിന്നെല്ലാം, ഉല്പാദനസമയത്തു മാതാപിതാക്കന്മാരുടെ മനോവൃത്തിക്കുള്ള സ്ഥിതിഭേദങ്ങൾ അവൎക്കുണ്ടാകുന്ന സന്തതിയുടെ ഗുണദോഷങ്ങൾക്കു കാരണമായിത്തീരുമെന്നു ഹിന്തുക്കൾ വിശ്വസിക്കുന്നുണ്ടെന്നും, മറ്റു രാജ്യക്കാർ ഇപ്പോൾ മാത്രം ശ്രദ്ധവെക്കുവാൻ തുടങ്ങീട്ടുള്ള "ജനിറ്റോളജി" (ആരോഗ്യവും സൗന്ദൎയ്യവുമുള്ള കുട്ടികളുണ്ടാകുന്നതിന്നുള്ള ശാസ്ത്രം) അവർ അനവധികാലം മുമ്പുതന്നെ അംഗീകരിച്ചു പോന്നിട്ടുണ്ടെന്നും തെളിയുന്നു.
 7. സൂൎയ്യരശ്മിയുടെ ശുചീകരണശക്തിയെക്കുറിച്ചു ഹിന്തുക്കൾക്കു പൂൎണ്ണമായ ജ്ഞാനമുണ്ടായിരുന്നു എന്ന് ഇതുകൊണ്ടു തീൎച്ചയാകുന്നു.