താൾ:Aarya Vaidya charithram 1920.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം൫] ആരോഗ്യരക്ഷാശാസ്ത്രതത്വങ്ങൾ ൭൩


ലും സൂൎയ്യൻ നിമിത്തം സസ്യവൎഗ്ഗത്തിന്നു ഗുണമാണുണ്ടാകുന്നതെന്നു മാത്രമല്ല, അക്കാലത്തുണ്ടാകുന്ന സസ്യാദികളെല്ലാം സൗമ്യഗുണ ഭൂയിഷ്ഠങ്ങളായിരിക്കുകയും ചെയ്യും.

ശീതോഷ്ണസ്ഥിതി വളരെ തണുപ്പായും വരണ്ടും ഇരിക്കുവാനിടയുള്ള ശിശിരകാലത്തിൽ രാവിലെയുള്ള ഭക്ഷണത്തിന്ന് ഒട്ടും അമാന്തം വരുത്തരുതെന്നു തന്നെയല്ല, സ്വാദ്വമ്ലലവണങ്ങളായ ഭക്ഷണസാധനങ്ങളെ പ്രത്യേകിച്ച് ഉപയോഗിക്കുകയും വേണം. മേലെല്ലാം എണ്ണതേക്കണം; പിന്നെ സ്നാനത്തിന്നു മുമ്പായി ഈ കാലത്തു വ്യായാമം ശീലിക്കേണമെന്നും പ്രത്യേകം വിധിച്ചിട്ടുണ്ട്. ഗോതമ്പം, കരിമ്പ്, അരി, ഉഴുന്ന്, അരച്ചുണ്ടാക്കിയ പലഹാരങ്ങൾ, പഴക്കം ചെല്ലാത്ത ധാന്യം, എള്ള്, ഉദ്വൎത്തനം ഇതെല്ലാം ഇക്കാലത്തു വളരെ ഹിതമായിട്ടുള്ളതാണു. കുങ്കുമവും കസ്തൂരിയും മേലൊക്കെ പൂശുകയും, ചൂടുള്ള വസ്ത്രം ധരിക്കുകയും വേണം.

വസന്തത്തിൽ കഫസംബന്ധമായ രോഗങ്ങൾ വൎദ്ധിക്കുന്നതാകയാൽ, അക്കാലത്തു ശോധനങ്ങളായ ദ്രവ്യങ്ങളെ ശീലിക്കുന്നതായിരിക്കും അധികം ഗുണം. അന്നു ശാരീരമായ വ്യായാമവും വളരെ ഹിതമാണു. അക്കാലത്തു രൂക്ഷോഷ്ണങ്ങളും കടുലഘുക്കളായ സാധനങ്ങളാണു ഭക്ഷിക്കേണ്ടത്. പകലുറക്കം വർജ്ജിക്കുകയും വേണം. ഈ കാലം സാധാരണയായി അത്ര സുഖമുള്ളതല്ല. അതു നിമിത്തം വൈദ്യന്മാർക്ക് ഇതു നല്ല സമ്പാദ്യമുള്ള കാലമായിരിക്കും. ചൂടുവെള്ളത്തിൽ കുളിക്കുന്നത് ഈ കാലത്തു ഹിതമായിട്ടുള്ളതാണു. ഭക്ഷണത്തിന്നുപയോഗിക്കുന്ന ഗോതമ്പവും അരിയും ഒരു കൊല്ലം പഴകിയതായിരിക്കണം. സൂൎയ്യരശ്മി ലവലേശവും തട്ടാതേയും, ചെടികളും പുഷ്പങ്ങളും മറ്റും നിറഞ്ഞും ഇരിക്കുന്നതായ ഒരു ഉദ്യാനത്തിലിരുന്നു മദ്ധ്യാഹ്നം കഴിച്ചുകൂട്ടുന്നതായിരിക്കും ഇക്കാലത്ത് അധികം നന്നായിട്ടുള്ളത്.

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/88&oldid=155708" എന്ന താളിൽനിന്ന് ശേഖരിച്ചത്