ആൎയ്യവൈദ്യചരിത്രം/നാലാം അദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ആൎയ്യവൈദ്യചരിത്രം (ചരിത്രം)
രചന:പി. വി. കൃഷ്ണവാരിയർ
നാലാം അദ്ധ്യായം : ആൎത്തവകാലത്തെ ചൎയ്യ

[ 35 ]

നാലാം അദ്ധ്യായം

ആൎത്തവകാലത്തെ ചൎയ്യ


സാധാരണയായി ഒരു സ്തീക്കു പന്ത്രണ്ടുവയസ്സായതുമുതൽ അമ്പതു വയസ്സാകുന്നതുവരെയുള്ള കാലത്തിന്ന് "ആൎത്തവകാലം" എന്നാണു പേർ പറഞ്ഞുവരുന്നത്. മാസംതോറും "രജസ്സു" സ്രവിക്കുന്ന ദിവസങ്ങളിൽ (തീണ്ടാൎന്നിരിക്കുമ്പോൾ) അവൾക്കു ഭൎത്താവിനോടു കൂടിയുള്ള യാതൊരു സംസൎഗ്ഗവും പാടില്ലെന്നു കലശലായ നിൎബ്ബന്ധമുണ്ട്. ആ കാലത്ത് അവളൊരു "ദൎഭസംസ്മരത്തിൽ" തന്നെ കിടന്നുകൊള്ളണം; കരഞ്ഞുകൂടാ; കുളിക്കുകയുമരുത്; എന്നൊക്കെയാണു നിയമംവെച്ചിരിക്കുന്നത്. അവരപ്പോൾ നഖം മുറിക്കുന്നതു നിഷിദ്ധമാണെന്നു മാത്രമല്ല, ഓടുകയോ, ഉറക്കെ പറയുകയോ ചെയ്യരുതെന്നും മറ്റുംകൂടി നിശ്ചയിച്ചിട്ടുണ്ട്. പിന്നെ, അന്നു മേലെങ്ങാനും എണ്ണതേച്ചു കുളിക്കുന്നതും, ചന്ദനം കുറിയിടുന്നതും, വിഹിതമല്ല. ഇതിന്നൊക്കെ പു [ 36 ] റമെ അവൾ ചീത്ത സമയങ്ങളിൽ പുറത്തെങ്ങാനുമിറങ്ങുന്നതും വളരെ സൂക്ഷിച്ചിട്ടു വേണ്ടതാണു. ഈവക നിയമങ്ങളിൽ ആസ്ത്രീ വല്ല വീഴ്ചയും വരുത്തുന്നതായാൽ കുട്ടിക്ക് അതു വളരെ ആപൽക്കരമായിരിക്കുമെന്നും കരുതിപ്പോരുന്നു. മുൻപറഞ്ഞ ദിവസങ്ങളിൽ അവൾ കരയുന്നതായാൽ, കുട്ടി നേത്രരോഗിയായിത്തീനും; അന്ന് അവൾ മേൽ എണ്ണതേച്ചു കുളിക്കുന്നതുകൊണ്ടു കുട്ടിക്കു ത്വഗ്ദോഷമുണ്ടാകും; അവൾ പകത്സമയം കിടന്നുറങ്ങിയാൽ, പിന്നീടുണ്ടാകുന്ന സന്തതി മന്ദനും 'ഒന്നിനും കൊള്ളരുതാത്തവനും' ആയിത്തീരുവാനിടയുണ്ട്; അവൾ വലിയശബ്ദമെന്തെങ്കിലും അന്നു കേട്ടുപോയാൽ കുട്ടി ബധിരനായും (ചെകിടൻ), ഉറക്കെപ്പറഞ്ഞാൽ ഭ്രാന്തനായും തീരുന്നതുമാണു.

ഗൎഭോല്പാദനത്തിന്നുള്ള കാലം ആൎത്തവം കണ്ടതുമുതൽ ആദ്യത്തെ പതിനാറു ദിവസമാണു; ഇതിൽ ആദ്യത്തെ നാലുദിവസം നന്നല്ലെന്നാണു ശാസ്ത്രവിധി. ഗൎഭോല്പാദനത്തിന്നുള്ള ഉത്തമമായ സമയം, അഞ്ചാം ദിവസം മുതൽ പതിനാറാം ദിവസത്തിന്നുള്ളിലാകുന്നു. അവന്ധ്യമായ പുരുഷരേതസ്സും, സ്ത്രീരജസ്സും കൂടി ചേരുമ്പൊഴാണു ഗൎഭമുണ്ടാവുന്നത്. ആറ്, എട്ട്, പത്ത്, പന്ത്രണ്ട് ഇങ്ങിനെ ഇരട്ടയായിട്ടുള്ള ദിവസങ്ങളിലാണു ഗൎഭോല്പാദനം സംഭവിക്കുന്നതെങ്കിൽ കുട്ടി പുരുഷപ്രജയായും, ഒറ്റയായ ദിവസങ്ങളിലായിപ്പോയാൽ സ്ത്രീപ്രജയായും തീരുന്നതാണു. ചിലരുടെ പക്ഷത്തിൽ, ശുക്ളാൎത്തവസംയോഗത്തിൽ ആധിക്യം ശുക്ളത്തിന്നാണെങ്കിൽ സന്താനം പുരുഷനാകുമെന്നും, ആൎത്തവത്തിനാണെങ്കിൽ സ്ത്രീയാകുമെന്നും കാണുന്നു. പുരുഷശുക്ളം പ്രാദേശികവാതത്താൽ രണ്ടാക്കി വിഭജിക്കപ്പെട്ടുപോയാൽ സന്തതി "ഇരട്ട"യായിത്തീരുവാനിടയുണ്ട്. ഗൎഭസ്ഥനായ ശിശു പുരുഷനൊ സ്ത്രീയൊ ആകുന്നതെന്നു ചില പ്രത്യേക ലക്ഷണങ്ങളെക്കൊണ്ടറിയാം. വയറ്റിലിരിക്കുന്നത് ആൺകു [ 37 ] ട്ടിയാണെങ്കിൽ ഗൎഭം വൃത്താകൃതിയിലായിരിക്കും; വലത്തെ കണ്ണിന്ന് ഇടത്തേതിനേക്കാൾ കുറച്ചധികം വലിപ്പമുള്ളതായി ത്തോന്നും; വലത്തെമുലയിൽ ഇടത്തേതിനേക്കാൾ മുമ്പായി പാലുണ്ടായിത്തുടങ്ങും; വലത്തെ തുട അധികം തടിച്ചിരിക്കും; മുഖത്തുനോക്കിയാൽ നല്ല തെളിവും സന്തോഷവുമുള്ളതായി ക്കാണും. ആ സ്ത്രീ (ഗർഭിണി) അധികവും പുല്ലിംഗങ്ങളായ ദ്രവ്യങ്ങളെത്തന്നെ ഇഷ്ടപ്പെടുകയും, പത്മം (താമരപ്പൂ), ആമ്രം (മാങ്ങ) മുതലായ വസ്തുക്കളെ സ്വപ്നം കാണുകയുംചെയ്യും. പെൺകുട്ടിയാണു വയറ്റിലെങ്കിൽ ലക്ഷണങ്ങൾ മേല്പറഞ്ഞതിന്നു വിപരീതമായിട്ടാണു കാണുക; എന്നു മാത്രമല്ല, ഗർഭം അണ്ഡാകൃതിയായിരിക്കുകയും ചെയ്യും. രണ്ടു കുട്ടികൾ (ഇരട്ട) വയറ്റിലുണ്ടെങ്കിൽ ഗർഭത്തിന്റെ നേർനടുഭാഗം തോണിപോലെ കുഴിഞ്ഞിരിക്കും. രണ്ടു പാൎശ്വങ്ങളും ഉയൎന്നും, ഉദരം വല്ലാതെ മുന്നോട്ടുന്തിയുമിരിക്കുന്നതു കൂടാതെം ഗർഭം അൎദ്ധഗോളാകൃതിയായി കാണപ്പെടുകയും ചെയ്താൽ വയറ്റിലിരിക്കുന്നത് ഒരു നപുംസകമാണെന്നും ഊഹിക്കാം.

നപുംസകങ്ങൾ അശക്യൻ, സുഗന്ധി, കംഭികൻ, ഈൎഷ്യൻ, ഷണ്ഡൻ ഇങ്ങിനെ അഞ്ചുവിധത്തിലാകുന്നു. ഇതിൽ ഒടുക്കം പറഞ്ഞതു ശുദ്ധമേ നപുംസകംതന്നെ. ബാക്കി നാലെണ്ണത്തിന്നും താരതമ്യം നോക്കുമ്പോൾ ഏറക്കുറെ ഭേദം കാണാം.

വന്ധ്യാസ്ത്രീകളേയും താഴേ കാണിച്ചപ്രകാരം അഞ്ചാക്കി തരം തിരിച്ചിരിക്കുന്നു:--

൧ കാകവന്ധ്യ (കാക്കയെ പോലെ വന്ധ്യയായിട്ടുള്ളവൾ)--കാക്കകൾ ഒരിക്കൽ മാത്രമേ മുട്ടയിടുകയുള്ളൂ എന്നൊരു വിശ്വാസമുണ്ട്, അതുപോലെ ഈ തരക്കാരും അവരുടെ ജീവകാലത്തിൽ ഒരിക്കൽ മാത്രമേ ഗർഭം ധരിക്കുകയുള്ളൂ.

൨ അനപത്യ--ഗർഭധാരണത്തിന്നു തീരെ കഴിവില്ലാ [ 38 ] ത്തവരാണു ഈ വകക്കാർ.

൩ ഗർഭസ്രാവി--ഇവൎക്കു ഗർഭധാരണത്തിന്നു കഴിയും; പക്ഷെ ഗർഭമുണ്ടാവുമ്പോഴൊക്കെ അലസിപ്പോവുകയും ചെയ്യും.

ർ മൃതവത്സ--കുട്ടികളുണ്ടായതൊന്നും ജീവനോടെ കിടക്കാത്ത സ്ത്രീകൾ ഈ തരക്കാരാകുന്നു.

൫ ബലക്ഷയ--ശരീരത്തിന്നു ശക്തിപോരായ്കയാൽ ഗൎഭോ ല്പാദനത്തിന്നിടവരാത്തവർ ഈ വൎഗ്ഗത്തിലുൾപ്പെട്ടവരാണു.

ഇതിൽ ആദ്യം പറഞ്ഞതായ ഒന്നൊഴിച്ച് മറ്റുള്ളവയെല്ലാം അതാതിന്നു വിധിച്ച ചികിത്സകൾ ഔചിത്യം പോലെ ചെയ്താൽ നേരെയാക്കുവാൻ കഴിയുന്നവയാണു.

ഗർഭമുണ്ടായിരിക്കുമ്പോൾ ഒരു സ്ത്രീക്ക് എന്തിനെല്ലാം ആഗ്രഹം ജനിക്കുന്നുവോ, അവൾക്ക് അതൊക്കെ കൊടുത്തു തൃപ്തിവരുത്തുന്നത് അത്യാവശ്യമാണു. ആ കാലത്ത് അവളുടെ ആഗ്രഹങ്ങളെല്ലാം സാധിപ്പിച്ചു കൊടുക്കാതിരുന്നാൽ കുട്ടി വികലനോ വിരൂപനോ ആയിത്തീരുവാനിടയുണ്ട്. ഗർഭിണിക്കു സകലസമയത്തും സന്തോഷവും തൃപ്തിയുമുണ്ടാക്കി കൊടുത്തുകൊണ്ടിരിക്കണം; അവൾ വെളുത്ത വസ്ത്രങ്ങളും ശുചിയായ അലങ്കാരവും ധരിക്കണം; ദുസ്സഹങ്ങളായ കാഴ്ചകളും ഗന്ധങ്ങളും മറ്റും കൂടാതെ കഴിക്കണം, മൈഥുനം കൊണ്ടൊ വേറെവല്ലവിധത്തിലൊ ശരീരത്തെ ക്ഷീണിപ്പിയ്ക്കരുത്. എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണസാധനങ്ങളേ കഴിക്കുവാൻ പാടുള്ളൂ; വിശപ്പു സഹിച്ചിരിക്കയും അമിതമായി ഭക്ഷിക്കുകയും വിഹിതമല്ല. വൃത്തിയില്ലാത്തവളോ, വൈരൂപ്യമുള്ളവളോ, അംഗങ്ങൾക്കു വല്ല വൈകല്യമുള്ളവളോ, ആയ ഒരു സ്ത്രീയേയും അവൾ അക്കാലത്തു തൊട്ടുപോകരുത്. അതിന്നുപുറമെ, ശൂന്യഗൃഹത്തിൽ താമസിക്കുകയോ, ഉയൎന്നസ്ഥലത്തു കയറി ഇരിക്കുകയോ, കിട [ 39 ] ക്കുകയോ ചെയ്യുന്നതും നിഷിദ്ധമാണു.

ഒമ്പതുമാസം തികച്ചും കഴിഞ്ഞതിന്നുശേഷമേ സാധാരണയായി പ്രസവമുണ്ടാകുമാറുള്ളൂ. ആ കാലത്തേക്കു കുട്ടിക്കും പൂൎണ്ണവളൎച്ചയെത്തും. ഗർഭകാലം ചിലപ്പോൾ പത്തും, പതിനൊന്നും, ദുർല്ലഭം ചില സംഗതികളിൽ പന്ത്രണ്ടും മാസത്തോളം ഉണ്ടായി എന്നു വരാം. പെറ്റു കിടക്കുവനുള്ള മുറി വളരെ ശുചിയും, എട്ടുവാരയിൽ കുറയാത്ത നീളവും നാലുവാര വീതിയുമുള്ളതും, കിഴക്കോട്ടൊ വടക്കോട്ടൊ ജനേലുകൾ വെച്ചിരിക്കുന്നതും ആയിരിക്കണം. വളരെ പഴക്കവും പരിചയവുമുള്ള നാലുവൃദ്ധസ്ത്രീകൾ വേണ്ടുന്ന സഹായമൊക്കെ ചെയ്യുവാൻ എപ്പോഴും അവിടെ തയ്യാറുണ്ടായിരിക്കണം. അവർ വിശ്വസിക്കത്തക്കവരും, തങ്ങളുടെ പ്രവൃത്തിക്കു നല്ല സാമൎത്ഥ്യമുള്ളവരും, അനുസരണയുള്ളവരുമായിരിക്കണമെന്നുമാത്രമല്ല, നഖമൊക്കെ നല്ലവണ്ണം മുറിച്ചു ശരിയാക്കീട്ടുണ്ടായിരിക്കുകയും വേണം. പ്രസവസമയം അടുത്തുതുടങ്ങിയാൽ അവർ യോനീദ്വാരത്തിൽ നല്ല സുഗന്ധതൈലം പുരട്ടി സ്നിഗ്ദ്ധത വരുത്തണം. പിന്നെ അവരുടെ കൂട്ടത്തിൽ ഒരു വൃദ്ധസ്ത്രീ പ്രസവവേദനകൊണ്ടു ബുദ്ധിമുട്ടുന്ന സ്ത്രീയോട് ഇങ്ങിനെ പറയണം:-- "സുഭഗേ! വേണമെന്നു തോന്നുമ്പോൾ മാത്രമേ മുക്കാവു; കുട്ടി യോനീമുഖത്തിലെത്തി എന്നു തോന്നിയാൽ കുട്ടിയും മറുപിള്ളയും പുറത്തുചാടുന്നതുവരെ നിനക്കു കഴിയുന്നേടത്തോളം ഊക്കോടുകൂടി മുക്കാം."

"അകാലപ്രവഹണത്താൽ" (വേണ്ടസമയത്തല്ലാതെ മുക്കിയാൽ) കുട്ടി ബധിരനോ, മൂകനൊ, കൂനനൊ, ഏക്കമുള്ളവനോ, അല്ലെങ്കിൽ ക്ഷയരോഗിയോ ആയിത്തീൎന്നേക്കാം."

"ഗൎഭസംഗ"ത്തിൽ (പ്രസവത്തിന്നു വല്ല തടസ്ഥവും [ 40 ] നേരിടുന്ന സംഗതികളിൽ) കുട്ടിയെ എടുക്കുവാനുള്ള പല പ്രയോഗങ്ങളും പറഞ്ഞിട്ടുണ്ട്. കുട്ടി ഗൎഭത്തിൽനിന്നുതന്നെ ചത്തുപോയാൽ ആ സ്ത്രീക്കു ദാഹം, ശ്വാസോച്ഛ്വാസങ്ങൾക്കു തടസ്ഥം (പ്രയാസം), കലശലായിട്ടുള്ള ക്ഷീണം, ബോധക്ഷയം എന്നിവയെല്ലാം ഉണ്ടായിരിക്കും. അങ്ങിനെവന്നാൽ ഉടനെ ആ രോഗിണിയുടെ രക്ഷയ്ക്കു വേണ്ടുന്ന ശ്രമമെല്ലാം ചെയ്തുകൊള്ളണം. ഹാരീതൻ ഈ സന്ദൎഭത്തിൽ വേറെ പലേ പ്രയോഗങ്ങളും വിധിച്ചകൂട്ടത്തിൽ 'അൎദ്ധചന്ദ്രം' എന്ന ശസ്ത്രംകൊണ്ടുള്ള ക്രിയയും ചെയ് വാൻ പറഞ്ഞിട്ടുണ്ട്. ആ ശസ്ത്രംകൊണ്ട് ഒന്നാമതായി കുട്ടിയുടെ കൈകൾ രണ്ടും ഛേദിച്ചെടുത്തിട്ട്, അധികമായ തടസ്ഥവും ബുദ്ധിമുട്ടും നേരിടുന്ന സംഗതികളിൽ സുഖപ്രസവത്തിന്നായി 'ലാംഗലി' (മേത്തോന്നി) അരച്ചു യോനിയിൽ തേക്കുവാനും വിധിയുണ്ട്.

മന്ത്രവാദത്തിൽ കലശലായ വിശ്വാസവും പാണ്ഡിത്യവുമുള്ളവർ ഒരു ചക്രം--ഒന്ന് ഊൎദ്ധ്വമുഖമായും മറ്റൊന്ന് അധോമുഖമായും ഇങ്ങിനെ രണ്ടു ത്രികോണങ്ങളെ കൂട്ടിച്ചേൎത്ത് അതിന്നുള്ളിൽ ചില മാന്ത്രികാക്ഷരങ്ങളേഴുതീട്ടുള്ള ഒരു രൂപം--വരയുന്നു. ഒരു ലോഹപ്പലകമേൽ വെട്ടിയിരിക്കുന്നതായ ആ ചക്രം പ്രസവവേദനകൊണ്ട് അതികഠിനമായി ബുദ്ധിമുട്ടുന്ന സ്ത്രീക്കു കാണിക്കുകയും, സുഖപ്രസവത്തിന്നായി അവൾ കിടക്കുന്നതിന്റെ ചോട്ടിൽ വെക്കുകയും ചെയ്യുന്നു. പ്രസവത്തിന്നു പിന്നേയും തടസ്ഥംതീരാതെ ബുദ്ധിമുട്ടുകയാണെങ്കിൽ, എളുപ്പത്തിൽ പ്രസവിപ്പിക്കുന്നവയെന്നൂഹിക്കപ്പെടുന്ന ചില രക്ഷാകരങ്ങളായ പ്രയോഗങ്ങളും മന്ത്രവാദങ്ങളും ചെയ്യേണമെന്നും ഹിന്തുവൈദ്യശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. ഭൂഗോളത്തി [ 41 ] ലുള്ള മിക്കവാറും എല്ലാ ജനസമുദായങ്ങളുടെ ഇടയിലും രോഗങ്ങൾക്കു പ്രതിവിധിയായിട്ട് ഇങ്ങിനെ ചില രക്ഷാകരങ്ങളായ മരുന്നുകളുടേയും മന്ത്രങ്ങളുടേയും പ്രയോഗം നടപ്പുണ്ടായിരുന്നു എന്നു കാണുന്നതു വളരെ അതിശയിക്കത്തക്ക ഒരു സംഗതിതന്നെ!

പ്രസവിച്ചുകിടക്കുന്ന ഒരു സ്ത്രീ അവളുടെ അന്നപാന വിധിയെക്കുറിച്ചു പ്രത്യേകം മനസ്സിരുത്തണം, അവൾ ആറിയിരിക്കുന്ന ഭക്ഷണമൊന്നും കഴിക്കരുത്, ശരീരാദ്ധ്വാനം, മൈഥുനം, ക്രോധം ഇവയെല്ലാം കൂടാതിരിക്കുകയും വേണം. അവൾ മിതമായിട്ടല്ലാതെ ആഹാരം കഴിക്കരുതെന്നു തന്നെയല്ല, ആവശ്യം പോലെ മേൽ വെള്ളം പകരുകയും ചെയ്യണം. ഒരു സ്ത്രീയുടെ പെറ്റുകിടക്കുന്ന കാലം ഒന്നരമാസം കൊണ്ടു കഴിയുമെന്നാണു ധന്വന്തരിയുടെ മതം. എങ്കിലും മൂന്നു മാസം തികച്ചും അവൾ അധികം അങ്ങാതെയും അദ്ധ്വാനിക്കാതെയും വിശ്രമിക്കണമെന്നും അദ്ദേഹംതന്നെ വിധിച്ചിട്ടുണ്ട്.

അമ്മയുടെ മുലപ്പാലിന്റെ ഗുണത്തേക്കാൾ അധികം മനസ്സിരുത്തേണ്ടതായിട്ടു വേറെ യാതൊരു കാൎയ്യവുമില്ല. നല്ല മുലപ്പാലിന്റെ ലക്ഷണമെന്തെന്നാൽ, അതു യാതൊരു നിറഭേദവും വരാതെ ക്ഷണത്തിൽ വെള്ളത്തോടു യോജിക്കും; അതിൽ നൂലുകളുണ്ടാകയില്ല; വെളുത്തും ശീതളമായും തനുവായുമിരിക്കുകയും ചെയ്യും. വെള്ളം കൂട്ടിയാൽ മീതെ പൊന്തി നിൽക്കുകയോ, കീഴ്പെട്ടു താണുപോകുകയോ, ചെയ്യുന്നതും, മഞ്ഞനിറത്തിൽ ചെറിയ പൊള്ളകൾ കാണുന്നതും, ഒട്ടുന്നതും, കഷായരസം (ചവൎപ്പ്) ഉള്ളതുമായ പാൽ ചീത്തയാകുന്നു. ഒരു സ്ത്രീയുടെ മുലപ്പാൽ നന്നാക്കുവാൻ പടോലവള്ളി, വേപ്പിൻ തൊലി, വേങ്ങാക്കാതൽ തേവതാരം, പാടക്കിഴങ്ങ്, പെരുങ്കുരുമ്പവേർ, ചിറ്റമൃത്, കടുകരോഹിണി, ചുക്ക് ഇവയെല്ലാം കൂടി കാടിയിൽ കഷായം വെ [ 42 ] ച്ചുകൊടുത്താൽ മതി. പിന്നെയും, ഒരു 'ധാത്രി'യെ (പോറ്റമ്മ) പാൎപ്പിക്കാതെ കഴിയില്ലെന്നു വന്നാൽ, അവളെ തിര,ഞ്ഞെടുക്കുന്നതു മാതാവിന്റെ സ്വജാതിയിൽനിന്നുതന്നെയായിരിക്കണം; പ്രായം മദ്ധ്യവയസ്സിലധികമായിരിക്കരുത്; അവൾക്കു നല്ല പാൽ ധാരാളമുണ്ടായിരിക്കുകയും, കുട്ടിയുള്ളത് ആൺകുട്ടിയായിരിക്കുകയും വേണം. അവൾ നല്ല സ്വഭാവഗുണമുള്ളവളായിരിക്കണം; മനസ്സിൽ ഒരു സമയത്തും വ്യസനമുള്ളവളായിരിക്കരുത്; ഒട്ടും അത്യാഗ്രഹിയാകരുത്; ചാപല്യമില്ലാത്തവളായിരിക്കണം; നല്ല കുലീനയും വിശ്വാസയോഗ്യയുമായിരിക്കുന്നതിന്നു പുറമെ, കുട്ടിയെ തന്റെ സ്വന്തം കുട്ടിയെപ്പോലെ വളൎത്തുവാൻ ശ്രദ്ധയുള്ളവളുമായിരിക്കണം. മുല വല്ലാതെ തൂങ്ങീട്ടുള്ളവളോ, നീളം കുറഞ്ഞവളോ, വളരെ തടിച്ചവളോ, മെലിഞ്ഞവളോ, ഗർഭിണിയോ, പനിയുള്ളവളോ, അതിയായി ക്ഷീണംബാധിച്ചവളോ, വിശപ്പുള്ളവളോ, ഭക്ഷണത്തിന്റെ കാൎയ്യത്തിൽ മനസ്സിരുത്താത്തവളോ, അമിതമായി ഭക്ഷിക്കുന്നവളോ, കോപിഷ്ഠയോ, നീചയോ, നടവടി നന്നല്ലാത്തവളോ, ദീനക്കാരത്തിയോ, അല്ലെങ്കിൽ വല്ല വ്യാകുലതയും നേരിട്ടവളോ, ആയ ഒരു ധാത്രിയുടെ മുലപ്പാൽ കുടിക്കുന്നതു കുട്ടിയുടെ ആരോഗ്യക്ഷയത്തിന്നു കാരണമാണെന്ന് ഒരു മതമുണ്ട്. കുട്ടിക്ക് ആദ്യത്തെ പ്രാവശ്യം മുലപ്പാൽ കൊടുക്കുമ്പോൾ ചില കൎമ്മങ്ങൾ ചെയ്യേണമെന്നു ഹിന്തുക്കളുടെ വൈദ്യശാസ്ത്രഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നു. അതൊക്കെ ചിലർ ഇപ്പോഴും ചെയ്തുവരുമാറുണ്ട്. മാതാവു ദേഹശുദ്ധിവരുത്തി ശുചിയായവസ്ത്രം ധരിച്ച് കിഴക്കോട്ടഭിമുഖമായിരിക്കണം. എന്നിട്ട് അവൾ വലത്തെ മുല കഴുകി അതിൽ നിന്നു കുറച്ചുപാൽ കറന്നുകളയണം. അതിന്നുശേഷം അച്ഛനോ പുരോഹിതനോ മന്ത്രംജപി [ 43 ] ച്ചുകൊണ്ട് കുട്ടിയുടെ മേൽ കുറച്ചു വെള്ളം തളിക്കും. ആ സമയത്തെല്ലാം മാതാവോ ഉപമാതാവോ (ധാത്രി) അവളുടെ കൈ വലത്തെ മുലമേൽ വെച്ചുകൊണ്ടിരിക്കുകയും ചെയ്യും. മന്ത്രം ഇങ്ങിനെയാകുന്നു:--

ചത്വാരസ്സാഗരാസ്തുഭ്യം സ്തനയൊഃ ക്ഷീരവാഹിണഃ

ഭവന്തു സുഭഗെ! നിത്യും ബാലസ്യ ബലവൃദ്ധയെ
പയൊമൃതരസം പീത്വാ കുമാരസ്തെ ശുഭാനനേ!
ദീൎഗ്ഘമാ യുരവാപ്നോതു ദേവാഃ പ്രാശ്യാമൃതം യഥാ.

പിന്നെ കുട്ടിയെ അമ്മ മടിയിലെടുത്തു തല വടക്കോട്ടാക്കി മെല്ലെ ലാളിച്ചുംകൊണ്ട് കിടത്തുന്നു. മേല്പറഞ്ഞപ്രകാരം കുറച്ചു പാൽ ആദ്യം കറന്നു കളയാതിരുന്നാൽ കുട്ടിക്കു ഛൎദ്ദി, കുര, ഏക്കം, ചുമ എന്നിവയുണ്ടാകുമെന്നു സുശ്രുതൻ പറഞ്ഞിരിക്കുന്നു. അമ്മയുടെ മുലയിൽ പാലില്ലാതിരിക്കുകയും, ഒരു പോറ്റമ്മയെ കിട്ടുവാൻ പ്രയാസമായി വരികയും ചെയ്യുമ്പോൾ കുട്ടിക്കു പശുവിൻപാലോ ആട്ടിൻപാലോ കൊടുത്തുവളൎത്തണം. കുട്ടിയെ എപ്പോഴും വളരെ സാവധാനത്തിൽതന്നേ എടുക്കുവാൻ പാടുള്ളൂ. ഉറക്കത്തിൽ വല്ലതും ഉപദ്രവിക്കുകയോ, അതിന്നു മനസ്സില്ലാത്തപ്പോൾ പിടിച്ചുറക്കുകയൊ, ഒരിക്കലും ചെയ്കയുമരുത്. എണ്ണതേച്ചു കുളിപ്പിക്കുക, തേച്ചുകഴുകിക്കുക, കണ്ണെഴുതിക്കുക (അഞ്ജനം), മൃദുവായ വസ്ത്രം ധരിപ്പിക്കുക ഇവയെല്ലാം കുട്ടികൾക്ക് എപ്പോഴും വളരെ നല്ലതാണു. അമ്മയുടെ മുലപ്പാൽ ഗുരുത്വമേറിയതോ, ഉഷ്ണമോ, അമ്ലമോ, സ്വല്പമോ, ലവണരസമോ, അല്ലെങ്കിൽ സ്നിഗ്ദ്ധമോ ആയിരിക്കാം. ഇതിൽ ഒടുക്കം പറഞ്ഞതാണു ഏറ്റവും നല്ലത്. അതു കുട്ടിക്കു ശക്തിയും, ആരോഗ്യവും, സൗന്ദൎയ്യവുമുണ്ടാക്കിത്തീൎക്കുന്നതാണു. മറ്റുള്ള ഏതുതരം പാലും കുട്ടിക്ക് അപായകരവും, പലേ രോഗങ്ങളേയുമുണ്ടാക്കിത്തീൎക്കുന്നതുമാണു. പാലുകുറഞ്ഞ [ 44 ] ഒരു മാതാവ് കുരുമുളക്, തിപ്പലി മുതലായ സ്തന്യകരങ്ങളായ ദ്രവ്യങ്ങളിട്ടു പാൽ കുറുക്കിക്കഴിക്കുന്നതു നന്നായിരിക്കും. അതുപോലെ തന്നെ, തിപ്പലി, ചുക്കു, കടുക്ക ഇവകൾ പൊടിച്ചു വെണ്ണനെയ്യും ശൎക്കരയും കൂട്ടി ലേഹ്യമായി കഴിക്കുന്നതും സ്തന്യവൃദ്ധികരമാണു. തിപ്പലി, കുരുമുളക്, ത്രിഫല, കൊത്തമ്പാലയരി, ജീരകം, ശതാവരിക്കിഴങ്ങ്, വയമ്പ്, ബ്രഹ്മി, ചെറുതേക്കിൻവേർ ഇവയെല്ലാം കൂട്ടിപ്പൊടിച്ചു തേനിൽചേൎത്തു കൊടുത്താൽ കുട്ടിക്കു വേഗത്തിൽ പറയാറാവുകയും, ശബ്ദം നന്നായിരിക്കുകയും ചെയ്യുമെന്നു ഹാരീതൻ പറഞ്ഞിരിക്കുന്നു. ചിറ്റമൃത്, ചെറുകടലാടിവേർ, വിഴാലരി, ശംഖുപുഷ്പത്തിന്റെ വേർ, വയമ്പ്, കടുക്ക, ചുക്ക്, ശതാവരിക്കിഴങ്ങ് ഇവകൾ വെണ്ണനെയ്യിൽ ചേൎത്തു ലേഹ്യമായി കൊടുത്താൽ കുട്ടിയുടെ മേധയും, ബുദ്ധിയും തെളിയുന്നതാണു.

ഗൎഭധാരണം മുതൽക്കു പ്രസവംവരെയും, ജനനംമുതൽ മരണശേഷം വരെയും ഹിന്തുക്കൾ ആചരിച്ചുവരുന്നതായ അനേകം കൎമ്മങ്ങളെക്കുറിച്ച് ഇവിടെ ചുരുക്കത്തിലെങ്കിലും ഒന്നു പറഞ്ഞുപോകാതെ കഴിയില്ലെന്നു വന്നിരിക്കുന്നു. ഈ കൎമ്മങ്ങൾ ഇരുപത്തഞ്ചുകൂട്ടമുണ്ട്. എന്നാൽ അവയിൽ പ്രധാനപ്പെട്ടതു പതിനാറെണ്ണമാണു. അവകൾക്കു "ഷോഡശസംസ്കാരങ്ങൾ" എന്നു പേർ പറയപ്പെടുന്നു. ഈ സംസ്കാരങ്ങളെ താഴെ വിവരിക്കുന്നു:--

൧. ഗൎഭാധാനം--ഇതു ഗർഭോല്പാദനത്തിന്നു മുമ്പായി ചെയ്യപ്പെടുന്ന ഒരു വിധിയാണു; അതായതു ഭാൎയ്യ ഋതുവായതിൽ പിന്നെ ഭൎത്താവ് ഒന്നാമതായി കാണുമ്പോൾ ചെയ്യപ്പെടുന്നത്.

൨. പുംസവനം--ഭാൎയ്യയ്ക്കു ഗർഭാരംഭലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ചെയ്യുന്ന ഒരു അടിയന്തരം. ഇതു സാധാരണയായി മൂന്നാം മാസത്തിലാണു നടത്തുക പതിവ്. [ 45 ] ൩. അനവലോഭനം--ഗർഭം അലസിപ്പോകാതിരിപ്പാൻ ചെയ്യുന്ന ഒരു ക്രിയ.

ർ. സീമന്തോന്നയനം--ഒരു സ്ത്രീക്കു ഗൎഭം നാലാമത്തേയൊ, ആറാമത്തേയൊ, അല്ലെങ്കിൽ എട്ടാമത്തേയൊ മാസത്തിലേക്കു കടക്കുമ്പോൾ അവളുടെ തലമുടി വകഞ്ഞിടുന്നതായ ഒരു അടിയന്തരം.

൫. ജാതകൎമ്മം--ജനിച്ച ഉടനെ ചെയ്യുന്ന കൎമ്മം. കുട്ടിയുടെ പൊക്കിൾക്കൊടി മുറിക്കുന്നതിന്നു മുമ്പായി ഒരു സ്വൎണ്ണത്തവികൊണ്ടു നെയ്യുകൊടുക്കുക കൂടി ഇതിന്നിടയ്ക്കുണ്ട്.

൬. നാമകരണം--പതിനൊന്നാം ദിവസമോ, പന്ത്രണ്ടാം ദിവസമോ, അതല്ലെങ്കിൽ വേറെ വല്ല ശുഭദിവസമോ കുട്ടിക്കു പേരിടുന്ന അടിയന്തരം.

൭. നിഷ്ക്രമണം--മൂന്നുമാസം പ്രായംചെന്നാൽ, വെളുത്തപക്ഷത്തിലെ തൃതീയദിവസം ചന്ദ്രനെ കാണിക്കേണ്ടതിന്നു കുട്ടിയെ വീട്ടിൽനിന്നു പുറത്തേക്കു കൊണ്ടുപോവുക.

൮. സൂൎയ്യാലോകനം--നാലുമാസം പ്രായം ചെന്നാൽ കുട്ടിയ്ക്കു സൂൎയ്യനെ കാട്ടിക്കൊടുക്കുന്ന ക്രിയ.

ൻ. അന്നപ്രാശനം--ആറോ, എട്ടോ മാസത്തെ പ്രായം ചെല്ലുമ്പോൾ കുട്ടിക്ക് ആദ്യമായി ചോറുകൊടുക്കുന്ന അടിയന്തരം.

൧൦. കൎണ്ണവേധം--ജനിച്ചതിന്നുശേഷം ഒറ്റയായി വരുന്ന ഏതെങ്കിലും മാസത്തിൽ കുട്ടിയുടെ കാതുകുത്തുന്ന ക്രിയ.

൧൧. ചൂഡാകരണം--'ചൂഡ' എന്നു പറയപ്പെടുന്ന കുടുമമാത്രം നിൎത്തി ബാക്കി തലമുടിയെല്ലാം കളയുന്ന ഒരു കൎമ്മം; ഇത് ഒന്നാമത്തേയോ, അല്ലെങ്കിൽ മൂന്നാമത്തേയോ, കവിഞ്ഞപക്ഷം അഞ്ചാമത്തേയോ കൊല്ലത്തിൽ ചെയ്യപ്പെടുന്നതാണു.

൧൨. ഉപനയനം--പൂണുനൂലിടുക. ഇത് ഇടത്തെ ചുമ [ 46 ] ലിലിട്ടു വലത്തെ തുടയോളം തൂങ്ങിക്കിടക്കും. ബ്രാഹ്മണൎക്കു ഈ ക്രിയ എട്ടാം വയസ്സിൽ കഴിക്കാം;പതിനാറാമത്തെ വയസ്സിൽ നിന്നപ്പുറം കടന്നിട്ടാവരുത്; ക്ഷത്രിയന്ന് ഇതു പതിനൊന്നാം വയസ്സിലാവാം; ഇരുപത്തിരണ്ടാം വയസ്സിൽനിന്നങ്ങോട്ടു നീങ്ങുവാൻ പടില്ലതാനും. ഒരു വൈശ്യന്ന് ഇതു പന്ത്രണ്ടാം വയസ്സിലാണു; ഇരുപത്തിനാലു വയസ്സിന്നു മുമ്പ് എങ്ങിനെയായാലും കഴിയുകയും വേണം. ഈ ക്രിയ വിദ്യാഭ്യാസകാലം ആരംഭിച്ചിരിക്കുന്നതിന്റെ അടയാളമാകുന്നു.

൧൩. മഹാനമ്യം--ഇത് ഒടുക്കം പറഞ്ഞതായ ക്രിയയ്ക്കുശേഷം സാധാരണയായി നാലാം ദിവസം ആരംഭിക്കുന്ന ഒരു ക്രിയയാണു; അന്നു 'ഗായത്രി' ഉപദേശിക്കുകയും, അഭ്യസിപ്പിക്കുകയും ചെയ്യും.

൧ർ. സമാവൎത്തനം--ഒരു വിദ്യാൎത്ഥിയുടെ വിദ്യാഭ്യാസമെല്ലാം പൂൎത്തിയാക്കി മുപ്പത്താറോ, പതിനെട്ടോ, അല്ലെങ്കിൽ, ചുരുങ്ങിയപക്ഷം ഒമ്പതോ[1] കൊല്ലം കഴിഞ്ഞിട്ടു സ്വഗൃഹത്തിലേക്കു മടങ്ങിവരുന്ന സമയമുള്ളക്രിയ.

൧൫. വിവാഹം--കല്യാണം കഴിക്കുകതന്നെ.

൧൬. സ്വൎഗ്ഗാരോഹണം--മരിച്ചുപോയശേഷമുള്ള ഒടുക്കത്തെ ക്രിയ.

ഈ മേൽ പ്രസ്താവിച്ചതു കൂടാതെ, ദിവസേനയോ, മാസം തോറുമോ, കൊല്ലത്തിലൊരിയ്ക്കലോ, അല്ലെങ്കിൽ കൂടക്കൂടയോ ചെയ്യേണ്ടതായിട്ടു വേറേയും അനേകം അടിയന്തരങ്ങളുണ്ട്. ഇവയുടെ എല്ലാം ഉദ്ദേശ്യം, ദേഹത്തിന്റെയും മനസ്സിന്റേയും ആരോഗ്യം ഏറെക്കുറെ നിലനിൎത്തിക്കൊണ്ടുവരികതന്നെയാണു. ശരീരത്തിനുള്ള ഏതൊരു സുഖക്കേടിനേയും രോഗമായിട്ടാണ് [ 47 ] ഗണിച്ചിരിക്കുന്നത്. രോഗങ്ങളെയെല്ലാം ഇങ്ങിനെ നാലാക്കി തരം തിരിച്ചിരിക്കുന്നു.

൧. ആഗന്തുകം (യദൃച്ഛയാ സംഭവിക്കുന്നത്)--വീഴ്ച, മുറിമുതലായത്.

൨. ശരീരം (ശരീരത്തിൽനിന്നുതന്നെ ഉണ്ടാകുന്നത്)--തലയിൽക്കുത്തു, പനി, അതിസാരം, കുര മുതലായത്.

൩. മാനസം (മനസ്സിൽനിന്നുണ്ടാകുന്നത്)--ഭ്രാന്തു, ഭയം,വ്യസനം മുതലായത്.

ർ. സ്വാഭാവികം (പ്രകൃതിസിദ്ധമായത്)--ദാഹം, വിശപ്പ്, ഉറക്കം മുതലായത്.

തക്കതായ പ്രതിവിധികളെക്കൊണ്ട് ഇവകളിൽനിന്നു പൂൎണ്ണമായ സ്വാതന്ത്ര്യം സിദ്ധിക്കുകയത്രേ വൈദ്യശാസ്ത്രത്തിന്റെ പരമോദ്ദേശ്യം. രോഗം വന്നു പിടിപെട്ടശേഷം പിന്നെ അതു ചികിത്സിച്ചു മാറ്റുന്നതിനേക്കാൾ ഉത്തമമായിട്ടുള്ളത്, അതു വരാതേകണ്ടു സൂക്ഷിക്കുകതന്നെയാണു എന്നാകുന്നു ഹിന്തുക്കളുടെ അഭിപ്രായം. അതുപ്രകാരം കൊല്ലംതോറും അനുഷ്ഠിക്കേണ്ടതായ ചൎയ്യയ്ക്കു ചില നിയമങ്ങൾ വേണമെന്നും അവരുടെ വൈദ്യഗ്രന്ഥങ്ങളിൽ ബലമായി പറഞ്ഞിട്ടുണ്ട്. ഈ വിധികൾ ആരോഗ്യരക്ഷാശാസ്ത്രത്തെക്കുറിച്ചു ഹിന്തുക്കൾ എന്താണു മനസ്സിലാക്കീട്ടുള്ളതെന്നു പരിശോധിക്കുവാൻ നമുക്കു കഴിവുണ്ടാക്കിത്തരുന്നതിനാൽ, അവയുടെ ഒരു സംക്ഷിപ്തമായ വിവരണത്തിന്നായി ഇനി ഇതിൽ കുറെഭാഗം ഒഴിച്ചിടുന്നതും ആവശ്യമായിരിക്കുമല്ലൊ.



  1. ഹിന്തുശാസ്ത്രങ്ങൾ ശൈശവവിവാഹം വിധിക്കുന്നില്ലെന്ന് ഈ സംഗതി സൂചിപ്പിക്കുന്നു.