Jump to content

താൾ:Aarya Vaidya charithram 1920.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ർർ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ

ഒരു മാതാവ് കുരുമുളക്, തിപ്പലി മുതലായ സ്തന്യകരങ്ങളായ ദ്രവ്യങ്ങളിട്ടു പാൽ കുറുക്കിക്കഴിക്കുന്നതു നന്നായിരിക്കും. അതുപോലെ തന്നെ, തിപ്പലി, ചുക്കു, കടുക്ക ഇവകൾ പൊടിച്ചു വെണ്ണനെയ്യും ശൎക്കരയും കൂട്ടി ലേഹ്യമായി കഴിക്കുന്നതും സ്തന്യവൃദ്ധികരമാണു. തിപ്പലി, കുരുമുളക്, ത്രിഫല, കൊത്തമ്പാലയരി, ജീരകം, ശതാവരിക്കിഴങ്ങ്, വയമ്പ്, ബ്രഹ്മി, ചെറുതേക്കിൻവേർ ഇവയെല്ലാം കൂട്ടിപ്പൊടിച്ചു തേനിൽചേൎത്തു കൊടുത്താൽ കുട്ടിക്കു വേഗത്തിൽ പറയാറാവുകയും, ശബ്ദം നന്നായിരിക്കുകയും ചെയ്യുമെന്നു ഹാരീതൻ പറഞ്ഞിരിക്കുന്നു. ചിറ്റമൃത്, ചെറുകടലാടിവേർ, വിഴാലരി, ശംഖുപുഷ്പത്തിന്റെ വേർ, വയമ്പ്, കടുക്ക, ചുക്ക്, ശതാവരിക്കിഴങ്ങ് ഇവകൾ വെണ്ണനെയ്യിൽ ചേൎത്തു ലേഹ്യമായി കൊടുത്താൽ കുട്ടിയുടെ മേധയും, ബുദ്ധിയും തെളിയുന്നതാണു.

ഗൎഭധാരണം മുതൽക്കു പ്രസവംവരെയും, ജനനംമുതൽ മരണശേഷം വരെയും ഹിന്തുക്കൾ ആചരിച്ചുവരുന്നതായ അനേകം കൎമ്മങ്ങളെക്കുറിച്ച് ഇവിടെ ചുരുക്കത്തിലെങ്കിലും ഒന്നു പറഞ്ഞുപോകാതെ കഴിയില്ലെന്നു വന്നിരിക്കുന്നു. ഈ കൎമ്മങ്ങൾ ഇരുപത്തഞ്ചുകൂട്ടമുണ്ട്. എന്നാൽ അവയിൽ പ്രധാനപ്പെട്ടതു പതിനാറെണ്ണമാണു. അവകൾക്കു "ഷോഡശസംസ്കാരങ്ങൾ" എന്നു പേർ പറയപ്പെടുന്നു. ഈ സംസ്കാരങ്ങളെ താഴെ വിവരിക്കുന്നു:--

൧. ഗൎഭാധാനം--ഇതു ഗർഭോല്പാദനത്തിന്നു മുമ്പായി ചെയ്യപ്പെടുന്ന ഒരു വിധിയാണു; അതായതു ഭാൎയ്യ ഋതുവായതിൽ പിന്നെ ഭൎത്താവ് ഒന്നാമതായി കാണുമ്പോൾ ചെയ്യപ്പെടുന്നത്.

൨. പുംസവനം--ഭാൎയ്യയ്ക്കു ഗർഭാരംഭലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ചെയ്യുന്ന ഒരു അടിയന്തരം. ഇതു സാധാരണയായി മൂന്നാം മാസത്തിലാണു നടത്തുക പതിവ്.

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/59&oldid=155676" എന്ന താളിൽനിന്ന് ശേഖരിച്ചത്