ആൎയ്യവൈദ്യചരിത്രം/മൂന്നാം അദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ആൎയ്യവൈദ്യചരിത്രം (ചരിത്രം)
രചന:പി. വി. കൃഷ്ണവാരിയർ
മൂന്നാം അദ്ധ്യായം : 'സൃഷ്ടി'യെകുറിച്ചുള്ള ഹൈന്ദവസിദ്ധാന്തം

[ 30 ]

മൂന്നാം അദ്ധ്യായം

'സൃഷ്ടി'യെകുറിച്ചുള്ള ഹൈന്ദവസിദ്ധാന്തം


പ്രപഞ്ചത്തെക്കുറിച്ചുള്ള യഥാൎത്ഥജ്ഞാനത്തേയും, സംസാരദു:ഖത്തിൽ നിന്നൊഴിഞ്ഞു മോക്ഷപ്രാപ്തിക്കുള്ള മാൎഗ്ഗത്തേയും [ 31 ] സ്വതേ നേരിട്ടോ, മറ്റൊന്നിനെ മുൻനിൎത്തിയോ പ്രതിപാദിക്കാത്തതായ വിദ്യയുടെ ഏതൊരു സമ്പ്രദായത്തിനും 'ശാസ്ത്രം' എന്ന പേരിന്നൎഹതയില്ലെന്നാണു ഹിന്തുക്കൾ വിചാരിക്കുന്നത്. അതുകൊണ്ടു വൈദ്യശാസ്ത്രത്തിന്റെ പരമോദ്ദേശ്യവും സചേതനതത്വമായ പുരുഷനിൽനിന്നു പ്രകൃതിതത്വങ്ങളെ വേർതിരിച്ചറിവാനുള്ള ശക്തിയെ സമ്പാദിക്കുകയാണെന്നു പറയപ്പെട്ടിരിക്കുന്നു. പ്രകൃതിയുടേയും പുരുഷന്റേയും സംസൎഗ്ഗത്താലാണു സകലപ്രപഞ്ചവുമുണ്ടാകുന്നതെന്നു ഹിന്തുക്കളുടെ സിദ്ധാന്തം. ഇതിൽ പുരുഷൻ അപരിച്ഛേദ്യനും, നിത്യനും, സചേതനനും, ചിദാനന്ദസ്വരൂപനുമാകുന്നു. പ്രകൃതിക്കു ചേതനയില്ല; എങ്കിലും അതിന്നു സൃഷ്ടിപ്പാനുള്ള ശക്തി (ബീജധൎമ്മം) ഉണ്ട്; അതു ത്രിഗുണാത്മികയും (സത്വരജസ്തമോഗുണങ്ങളുള്ളത്) ആകുന്നു. പ്രകൃതി എന്നുവെച്ചിട്ടു വേറിട്ടൊന്നില്ലതന്നെ എന്നാണു ചിലർ പറയുന്നത്. അവരുടെ പക്ഷത്തിൽ, പ്രകൃതി പുരുഷന്റെ ഒരു രൂപഭേദം മാത്രവും, സ്ഥൂലപ്രപഞ്ചമായറിയപ്പെടുന്ന സകലവും ആ പുരുഷന്റെ പ്രതിബിംബപരമ്പരയും ആകുന്നു. മറ്റുചിലരുടെ മതം അങ്ങിനെയല്ല. പ്രകൃതിക്കു പുരുഷനോടുകൂടാതെ യാതൊരു കൎമ്മവും ചെയ് വാൻ കഴിവില്ലെങ്കിലും, പുരുഷനുള്ള കാലത്തൊക്കെ ഒരുമിച്ചു പ്രകൃതിയും നിത്യയായിട്ടുണ്ടെന്നും, അത് എപ്പോൾ പുരുഷനോടു സംബന്ധിക്കുന്നുവോ അപ്പോൾ കൎമ്മോദ്യുക്തയായും ജഗത്തിനെ സൃഷ്ടിക്കുന്നതായും തീരുന്നു എന്നും മറ്റുമാണു അവർ സിദ്ധാന്തിക്കുന്നത്. ഈ ശാസ്ത്രസിദ്ധാന്തം മുഴുവനും ഇവിടെ എടുത്തു വിസ്തരിക്കുവാൻ വിചാരിക്കുന്നില്ല. ഈ സിദ്ധാന്തപ്രകാരം 'മനുഷ്യൻ' എന്നത്, സ്ഥൂലപ്രപഞ്ചത്തിലുള്ള ഒന്നിനോടൊന്നു സകലവും ശരിയായിട്ടുള്ള ഒരു സൂക്ഷ്മപ്രപഞ്ചം തന്നെയാണെന്നു സാധിച്ചിരിക്കുന്നു. ആ മതത്തിൽ പുരുഷൻ താഴേ പറയുന്ന ഇരുപത്തഞ്ചു [ 32 ] തത്വങ്ങളെക്കൊണ്ടാണു ഉണ്ടാക്കപ്പെട്ടിരിക്കുന്നതെന്നും വിവരിച്ചിരിക്കുന്നു--

൧ പ്രകൃതി--സകലജഗത്തിന്റേയും ഉല്പത്തിക്കു കാരണമായ ആദിശക്തി.

൨ ബുദ്ധി--പ്രകൃതിയുടെ പരിണാമത്തിലുള്ള ഒന്നാമത്തെ പതനം (ഘട്ടം).

൩ അഹങ്കാരം--സ്വാഭിമാനം.

൪ മനസ്സ്.

൫ ശബ്ദം.--ആകാശത്തിന്റെ മൂലതത്വം.

൬ സ്പൎശം--വായുവിന്റെ മൂലതത്വം.

൭ രൂപം--തേജസ്സിന്റെ മൂലതത്വം.

൮ രസം--ജലത്തിന്റെ മൂലതത്വം.

൯ ഗന്ധം-- പൃഥിവിയുടെ മൂലതത്വം.

൧0 ശ്രോത്രം--ശ്രവണേന്ദ്രിയം.

൧൧ ത്വക്ക്-സ്പൎശേന്ദ്രിയം.

൧൨ ജിഹ്വാ--രസനേന്ദ്രിയം

൧൩ ചക്ഷുസ്സ്--ദൎശനേന്ദ്രിയം

൧൪ ഘ്രാണം--ഗന്ധഗ്രഹണേന്ദ്രിയം.

൧൫ വാക്ക്--വചനേന്ദ്രിയം.

൧൬ പാണി--ആദാനേന്ദ്രിയം.

൧൭ പാദം--വിഹരണേന്ദ്രിയം

൧൮ പായു--വിസൎഗ്ഗേന്ദ്രിയം.

൧൯ ഉപസ്ഥം-ആനന്ദേന്ദ്രിയം.

൨0 ആകാശം.

൨൧ വായു.

൨൨ തേജസ്സ്.

൨൩ അപ്പ്. [ 33 ]

൨ർ പൃഥിവി.

പുരുഷൻ അല്ലെങ്കിൽ ആത്മാവ് ശരീരത്തിങ്കലിരിക്കുന്ന ഇരുപത്തഞ്ചാമത്തെ തത്ത്വമാകുന്നു. ആ പുരുഷൻ നിത്യനും, ചേതനനും, വിഭുവും, സൎവ്വാന്തൎയ്യാമിയും, ആനന്ദസ്വരൂപനും, അജരാമരനും, നിൎവ്വികാരനും, നിൎമ്മലനും അദ്വിതീയനും ആകുന്നു. ഈ തത്വങ്ങൾ അതാതിന്റെ പരിണാമക്രമത്തെ അനുസരിച്ചാണു ഇവിടെ പറയപ്പെട്ടിട്ടുള്ളത്. പ്രകൃതിപുരുഷന്മാരുടെ സംസൎഗ്ഗംകൊണ്ടുണ്ടാകുന്ന മനുഷ്യജന്മത്തേയും, അതു സംബന്ധിച്ചു സകലസൃഷ്ടിയേയും ഹിന്തുക്കളുടെ മന്ത്രവാദഗ്രന്ഥങ്ങളിൽ ഒരു 'സ്വസ്തികചിഹ്നം'കൊണ്ടു പ്രദൎശിപ്പിച്ചിരിക്കുന്നു.

Hakenkreuz.jpg

ഈ ചിഹ്നം, ഇവിടെ കാണിച്ചിട്ടുള്ളതുപോലെ നേരെ ഒരു വര വരച്ച്, അതിനെ മറ്റൊരു രേഖകൊണ്ടു നേരെ വിലങ്ങത്തിൽ മുറിച്ച്, നാലഗ്രങ്ങളും ഖണ്ഡവൃത്തങ്ങളെപ്പോലെ വൃത്താകൃതിയിൽ തിരിച്ച് ഉണ്ടാക്കപ്പെടുന്നതാണു.

ഈ ക്രൂശത്തിന്റെ (Cross)നാലഗ്രങ്ങളും യഥാക്രമം ഉല്പത്തി, സ്ഥിതി, നാശം, മോക്ഷം എന്നിവകളേയും, ഇതിന്റെ വലയം ത്രൈകാലികസ്ഥിതിയേയും സൂചിപ്പിക്കുന്നു. ഈ വിഷയം പ്രത്യേകിച്ചു പഠിച്ചിട്ടുള്ളവർ, ക്രിസ്ത്യാനികളുടെ ക്രൂശത്തിന്നുള്ള ഗൂഢാൎത്ഥത്തേയും ഈ താല്പൎയ്യത്തിൽത്തന്നെ വ്യാഖ്യാനിക്കുവാൻ നോക്കുന്നുണ്ട്. പഴയതും പുതിയതുമായി ലോകത്തിലുള്ള മിക്കവാറും എല്ലാ മതങ്ങളിലും ഇങ്ങിനെ ഒരു ക്രൂശചിഹ്നം കാണുന്നത് എത്രയും വിസ്മയജനകമായിരിക്കുന്നു!. പുരുഷൻ പ്രപഞ്ചത്തിന്റെ നിമിത്തകാരണവും, പ്രകൃതി അതിന്റെ ഉപാദാനകാരണവുമാകുന്നു. അതുകൊണ്ടു മനുഷ്യശരീരം ഈ രണ്ടു തത്ത്വങ്ങളുടേയും സംസൎഗ്ഗവ്യാപാരത്തിന്റെ പരിണാമമാണെന്നാകു [ 34 ] ന്നു വിശ്വസിക്കപ്പെട്ടിരിക്കുന്നത്.

പ്രപഞ്ചം ചേതനമെന്നും, അചേതനമെന്നും ഇങ്ങിനെ രണ്ടുവിധത്തിലാകുന്നു. അതിൽ ചേതനപ്രപഞ്ചത്തെ ഹിന്തുക്കൾ വീണ്ടും നാലാക്കി തരം തിരിച്ചിരിക്കുന്നു:--

൧. ഉദ്ഭിജ്ജം (മുളച്ചുണ്ടാകുന്നതു)--വൃക്ഷങ്ങൾ, ചെടികൾ മുതലായത്.
൨. സ്വേദജം (ഭൂമിയുടെ ഉഷ്ണംകൊണ്ടൊ, വിയൎപ്പുകൊണ്ടൊ ഉണ്ടാകുന്നത്)--മൂട്ട, കൊതു മുതലായത്.
൩. അണ്ഡജം (മുട്ട വിരിഞ്ഞുണ്ടാകുന്നത്)--പക്ഷികൾ, ഇഴജന്തുക്കൾ മുതലായത്.
ർ. ജരായുജം (മറുപിള്ളയിൽനിന്നുണ്ടാകുന്നത്)--മനുഷ്യൻ, മൃഗങ്ങൾ മുതലായത്.

മനുഷ്യസൃഷ്ടിയിൽ അച്ഛൻ 'പുരുഷന്റേയും', അമ്മ 'പ്രകൃതിയുടേയും, പകരം നിൽക്കുന്നു. മാതാപിതാക്കന്മാർ രണ്ടുപേരും യൗവനവും ശക്തിയുള്ളവരായിരുന്നാൽ അവൎക്കുണ്ടാകുന്ന സന്താനവും പൂൎണ്ണമായ ആരോഗ്യത്തോടു കൂടിയതായിരിക്കും.

ദേഹത്തിലുള്ളതായ അനേകം അംശങ്ങളിൽ വെച്ച് രോമം, നഖം, പല്ല്, അസ്ഥി, ധമനികൾ (വലിയ ഞരമ്പുകൾ), സിരകൾ, സ്നായുക്കൾ, ശുക്ളം എന്നിവയെല്ലാം അച്ഛനിൽനിന്നുണ്ടാകുന്നു; എന്നാൽ മാംസപേശികൾ, ഹൃദയം, രക്തം, മജ്ജ, മേദസ്സ്, യകൃത്ത്, പ്ളീഹാ, ആന്ത്രങ്ങൾ, ഗുദം മുതലായത് അമ്മയിൽനിന്നുമാണുണ്ടാകുന്നത്. ശരീരത്തിന്റെ ഉപചയം, വൎണ്ണം, ബലം, സ്ഥിതി ഇവയെല്ലാം ആഹാരരസത്തിൽ നിന്നുണ്ടാകുന്നു; എന്നാൽ ജ്ഞാനം, വിജ്ഞാനം, ആയുസ്സ്, സുഖദു:ഖങ്ങൾ ഇത്യാദികൾ ജീവാത്മാവിൽനിന്നു നേരിട്ടു തന്നെയാണു കിട്ടുന്നത്. ഒരു സ്ത്രീ മറ്റൊരു സ്ത്രീയോടുകൂടി സംയോഗം ചെയ്താൽ എല്ലില്ലാത്തതായ ഒരു കുട്ടി ഉണ്ടായിത്തീരുവാനി [ 35 ] ടയുണ്ടെന്ന് ഹിന്തുക്കളുടെ വൈദ്യശാസ്ത്രഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചു കാണുന്നു.[1] അതിന്നു പുറമെ, ഏതാനും ചില അവസ്ഥകളിൽ, ഒരു സ്ത്രീക്കു സ്വപ്നവൈഭവംകൊണ്ടും ഗൎഭമുണ്ടായേക്കാമെന്നുകൂടി അവർ വിശ്വസിച്ചിരിക്കുന്നു; ഈ വിധത്തിൽ സൎപ്പങ്ങൾ, തേളുകൾ മുതലായ ചില അസാധാരണ പ്രസവങ്ങൾ കാണുന്നതിന്നും അവർ യുക്തി പറയുന്നുണ്ട്. അങ്ങിനെയുള്ള സംഗതികളിൽ ആ സ്ത്രീയും, അതിന്റെ സന്താനവും വളരെ പാപം ചെയ്തിട്ടുള്ളവരെന്നും വിചാരിക്കപ്പെട്ടുവരുന്നു.

Rule Segment - Wave - 40px.svg Rule Segment - Curl Left - 10px.svg Rule Segment - Curl Right - 10px.svg Rule Segment - Wave - 40px.svg


  1. യദാ നാൎയ്യാവു പോയാതാം വൃഷസ്യന്ത്യൗ പരസ്പരം;
    മുഞ്ചന്ത്യൗ വീൎയ്യമന്യോന്യം തദാനസ്ഥിർഭവേച്ശിശു: