താൾ:Aarya Vaidya charithram 1920.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൩ ഹിന്തുക്കളുടെപ്രാചീനപരിഷ്കാരം ൩൧

സ്വതേ നേരിട്ടോ, മറ്റൊന്നിനെ മുൻനിൎത്തിയോ പ്രതിപാദിക്കാത്തതായ വിദ്യയുടെ ഏതൊരു സമ്പ്രദായത്തിനും 'ശാസ്ത്രം' എന്ന പേരിന്നൎഹതയില്ലെന്നാണു ഹിന്തുക്കൾ വിചാരിക്കുന്നത്. അതുകൊണ്ടു വൈദ്യശാസ്ത്രത്തിന്റെ പരമോദ്ദേശ്യവും സചേതനതത്വമായ പുരുഷനിൽനിന്നു പ്രകൃതിതത്വങ്ങളെ വേർതിരിച്ചറിവാനുള്ള ശക്തിയെ സമ്പാദിക്കുകയാണെന്നു പറയപ്പെട്ടിരിക്കുന്നു. പ്രകൃതിയുടേയും പുരുഷന്റേയും സംസൎഗ്ഗത്താലാണു സകലപ്രപഞ്ചവുമുണ്ടാകുന്നതെന്നു ഹിന്തുക്കളുടെ സിദ്ധാന്തം. ഇതിൽ പുരുഷൻ അപരിച്ഛേദ്യനും, നിത്യനും, സചേതനനും, ചിദാനന്ദസ്വരൂപനുമാകുന്നു. പ്രകൃതിക്കു ചേതനയില്ല; എങ്കിലും അതിന്നു സൃഷ്ടിപ്പാനുള്ള ശക്തി (ബീജധൎമ്മം) ഉണ്ട്; അതു ത്രിഗുണാത്മികയും (സത്വരജസ്തമോഗുണങ്ങളുള്ളത്) ആകുന്നു. പ്രകൃതി എന്നുവെച്ചിട്ടു വേറിട്ടൊന്നില്ലതന്നെ എന്നാണു ചിലർ പറയുന്നത്. അവരുടെ പക്ഷത്തിൽ, പ്രകൃതി പുരുഷന്റെ ഒരു രൂപഭേദം മാത്രവും, സ്ഥൂലപ്രപഞ്ചമായറിയപ്പെടുന്ന സകലവും ആ പുരുഷന്റെ പ്രതിബിംബപരമ്പരയും ആകുന്നു. മറ്റുചിലരുടെ മതം അങ്ങിനെയല്ല. പ്രകൃതിക്കു പുരുഷനോടുകൂടാതെ യാതൊരു കൎമ്മവും ചെയ് വാൻ കഴിവില്ലെങ്കിലും, പുരുഷനുള്ള കാലത്തൊക്കെ ഒരുമിച്ചു പ്രകൃതിയും നിത്യയായിട്ടുണ്ടെന്നും, അത് എപ്പോൾ പുരുഷനോടു സംബന്ധിക്കുന്നുവോ അപ്പോൾ കൎമ്മോദ്യുക്തയായും ജഗത്തിനെ സൃഷ്ടിക്കുന്നതായും തീരുന്നു എന്നും മറ്റുമാണു അവർ സിദ്ധാന്തിക്കുന്നത്. ഈ ശാസ്ത്രസിദ്ധാന്തം മുഴുവനും ഇവിടെ എടുത്തു വിസ്തരിക്കുവാൻ വിചാരിക്കുന്നില്ല. ഈ സിദ്ധാന്തപ്രകാരം 'മനുഷ്യൻ' എന്നത്, സ്ഥൂലപ്രപഞ്ചത്തിലുള്ള ഒന്നിനോടൊന്നു സകലവും ശരിയായിട്ടുള്ള ഒരു സൂക്ഷ്മപ്രപഞ്ചം തന്നെയാണെന്നു സാധിച്ചിരിക്കുന്നു. ആ മതത്തിൽ പുരുഷൻ താഴേ പറയുന്ന ഇരുപത്തഞ്ചു

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/46&oldid=155662" എന്ന താളിൽനിന്ന് ശേഖരിച്ചത്