൫] | ആരോഗ്യരക്ഷാശാസ്ത്രതത്വങ്ങൾ | ൫൫ |
എന്നും കറുപ്പുനിറം വിടാതിരിക്കുകയും, തീൎച്ചയായും നൂറുകൊല്ലത്തെ ആയുസ്സു തികച്ചും കിട്ടുകയും ചെയ്യും. അത്യുഷ്ണമായ ജലം കൊണ്ടു സ്നാനം ചെയ്യുന്നതു കണ്ണിന്നു വളരെ കേടാണു. സ്നാനത്തിന്നുള്ള ജലം അവരവൎക്ക് ആവശ്യമുള്ള ശീതോഷ്ണസ്ഥിതിയിലാക്കുവാൻ ചൂടുവെള്ളം തണുത്തവെള്ളത്തിൽ ചേൎക്കുകയേ പാടുള്ളൂ എന്നും, ശീതജലം ഒരിക്കലും ചൂടുവെള്ളത്തിലേക്കു കൂട്ടരുതെന്നും നിയമിക്കപ്പെട്ടിരിക്കുന്നു. ഹരിശ്ചന്ദ്രൻ എന്നു പേരായ ഒരു പ്രാചീനവൈദ്യൻ ഇങ്ങിനെ പറയുന്നു:--
“ | അശീതേനാംഭസാ സ്നാനം പയഃപാനം വയഃ സ്ത്രിയഃ ഏതദ്വോ മാനുഷാഃ പത്ഥ്യം സ്നിഗ്ദ്ധമുഷ്ണഞ്ച ഭോജനം |
” |
തുള്ളിപ്പനി, പീനസം, അതിസാരം, ഗ്രഹണി, കൎണ്ണരോഗങ്ങൾ ഈവക രോഗങ്ങളെന്തെങ്കിലുമുള്ളവൻ സ്നാനം വർജ്ജിക്കേണ്ടതാകുന്നു. കുളികഴിഞ്ഞതിന്നു ശേഷം ശരീരം ഒരു ശീലകൊണ്ടു നല്ലവണ്ണം തോൎത്തുകയും, വേണ്ടതുപോലെ വസ്ത്രധാരണം ചെയ്കയും ആവശ്യമാണു.
ഈ പ്രകൃതത്തിൽ, ഹിന്തുക്കൾ സാധാരണയായി സ്വഗൃഹത്തിലാകട്ടെ അല്ലെങ്കിൽ പുറത്തെങ്ങാനുമാകട്ടെ നഗ്നന്മാരായി സ്നാനംചെയ്ക പതിവില്ലെന്നുള്ള സംഗതികൂടി പ്രസ്താവിക്കേണ്ടിയിരിക്കുന്നു.[1] ശരീരം മുഴുവനും പുറത്തുകാട്ടുന്നതു മതവിരോധമായ കാൎയ്യമാണു (മനു, vi.45). ശീതകാലത്തിൽ കുങ്കുമം, ചന്ദനം, അകിൽ ഇവകൾ കറിക്കൂട്ടായി ഉപയോഗിക്കുന്നതാവശ്യമാണു; ഗ്രീഷ്മകാലത്തു ചന്ദനം, പച്ചക്കർപ്പൂരം, രാമച്ചം ഇവകൾ ഉപയോഗിക്കുവാനാണു വിധിയുള്ളത്; വർഷക്കാലത്താണെങ്കിൽ ചന്ദനം, കുങ്കുമം, കസ്തൂരി എന്നിവകളെക്കൊണ്ടുള്ള ആലേപവുമാണു ഗുണകരമായിട്ടുള്ളത്. സജ്ജനങ്ങളാരും ഒരി
- ↑ ഇതു ഹിന്തുക്കളുടെ കൂട്ടത്തിൽ മലയാളികൾ മാത്രം അംഗീകരിച്ചിട്ടില്ലാത്ത ഒരു നടവടിയാണെന്ന് അനുഭവസിദ്ധമാണല്ലൊ.