താൾ:Aarya Vaidya charithram 1920.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൭] ഹിന്തുക്കളുടെ ഭേഷജകല്പം ൧0൫


എന്നു പേരിട്ടിരിക്കുന്നു. അല്പമൊന്നു തൊട്ടുപോയാൽ നന്നെ ലജ്ജയുള്ളതുപോലെ അതിന്റെ ഇലകൾക്ക് സങ്കോചം (വാട്ടം) ഉണ്ടായിക്കാണുന്നതു കൊണ്ടാണു അങ്ങിനെ പേർ കൊടുക്കുവാനിടയായത്.

(എച്ഛ്) ഞെരിഞ്ഞിലിന്നു സംസ്കൃതത്തിലുള്ള പേർ 'ത്രികണ്ടകം' എന്നാകുന്നു. അതിന്നുള്ള കാരണം അതിന്റെ കായയ്ക്കു മൂന്നു കണ്ടകങ്ങൾ അല്ലെങ്കിൽ മുള്ളുകൾ ഉണ്ടെന്നുള്ളതാണു.

(ഐ) ഉമ്മത്തിന്ന് അതിന്റെ പുഷ്പങ്ങളുടെ ആകൃതിക്കനുസരിച്ച് "ഘണ്ടാപുഷ്പം" (മണിപോലെയുള്ള പൂക്കളോടു കൂടിയത്) എന്നു പേരിട്ടിരിക്കുന്നു.

(ഝെ) കൊന്നയ്ക്ക് 'ദീർഗ്ഘഫലം' എന്നു പേരുണ്ട്. അതിന്നുള്ള കാരണമെന്താണെന്നുവെച്ചാൽ, അതിന്റെ ഫലകോശത്തിന്നു വൃത്താകൃതിയും, ഏകദേശം രണ്ടടി നീളവും, ഒന്നുമുതൽ ഒന്നരയോളം അംഗുലം വ്യാസവുമുണ്ടെന്നുള്ളതുതന്നെ.

താഴേ പറയുന്നവ ഓരോ സസ്യവിശേഷത്തിന്റെ പ്രകൃതിയെ (സഹജഗുണത്തെ) വിവരിക്കുന്ന ചില ഔഷധസംജ്ഞകളാകുന്നു:--

(എ) വാതാമം [1] വാതസംബന്ധമായ രോഗങ്ങളെ ശമിപ്പിക്കുന്നതാകയാൽ അതിന്നു "വാതവൈരി" എന്നുപേർ പറയുന്നു.

(ബി) വിഴാലരിക്കു കൃമികളെ നശിപ്പിക്കുവാനുള്ള ശക്തിയുള്ളതുകൊണ്ട് അതിനെ "കൃമിഘ്നം" എന്നു പറയുന്നു.

(സി) തകര, ദദ്രു (ചിരങ്ങ്) എന്ന ത്വഗ്ദോഷത്തിന്നു വളരെ നല്ലതാണെന്ന് ഊഹിക്കപ്പെടുന്നതിനാലത്രെ അതിന്നു "ദദ്രുഘ്നാ" എന്നു പേർ കൊടുത്തിരിക്കുന്നത്.


  1. ഇതിന്നു "കുളർമാവ്" എന്നും "വെദാമ" എന്നും മറ്റും ഭാഷാഭേദങ്ങൾ കാണുന്നു.
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/120&oldid=155507" എന്ന താളിൽനിന്ന് ശേഖരിച്ചത്