താൾ:Aarya Vaidya charithram 1920.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൧൨ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


കൊണ്ടുതന്നേ വന്നിട്ടുണ്ടെന്നുള്ളതാണു. ഓരോ ഗ്രന്ഥകാരന്മാർ ക്ഷമയോടും സൂക്ഷമത്തോടും കൂടി ഒരു തത്വപരിശോധന കഴിച്ചശേഷം മുമ്പുള്ള സംഖ്യയിൽ പുതുതായി ചില ഔഷധങ്ങൾ കൂടി ചേൎക്കുകയും, അങ്ങിനെ അവർ ലോകത്തിന്ന് അനശ്വരമായ ഒരു ഗുണം വരുത്തിവെക്കുകയും ചെയ്തിട്ടുണ്ടെന്നു കാണുന്നു. ചില ഗ്രന്ഥകൎത്താക്കന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ പറയുന്ന ഔഷധദ്രവ്യങ്ങളെല്ലാം അവർ കൂലങ്കഷമായി പരിശോധിക്കുകയും, വളരെ കാലത്തോളം ഫലം സിദ്ധിച്ചു കണ്ടിട്ടുമാത്രം ഉപയോഗിക്കുവാൻ വിധിക്കുകയും ചെയ്തിട്ടുള്ളതാണെന്നു ബലമായി പറയുന്നു. ഓരോ ഗ്രന്ഥകാരന്മാരും അവരവരുടെ "സരസ്വതീപ്രസാദം പോലെ"യാണു വിഷയത്തെ പ്രതിപാദിച്ചിട്ടുള്ളത്. അഗ്നിവേശന്റേയും സുശ്രുതന്റേയും വിഭാഗത്തെക്കുറിച്ച് ഇതിൽ മുൻപൊരിക്കൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതിൽ വെച്ചു സുശ്രുതൻ തന്റെ പ്രമാണഗ്രന്ഥത്തിന്റെ ൩൯-ാം അദ്ധ്യായത്തിൽ ഔഷധദ്രവ്യങ്ങളെയെല്ലാം അവയ്ക്കു രോഗശമനത്തിലുള്ള ശക്തിക്കനുസരിച്ചു ഗണങ്ങളാക്കി തിരിക്കുകയും, ഓരോ രോഗത്തിന്നുതന്നെ പത്തുമുതൽ ഇരിപത്തഞ്ചുവരെ ഔഷധങ്ങളെ വിധിക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യന്മാർ അവൎക്ക് ഉപയോഗിക്കേണ്ടുന്ന മരുന്നുകളെ തിരിച്ചറിയുവാൻ കഴിയുന്നവരായിരിക്കേണമെന്ന് അദ്ദേഹം പ്രത്യേകം ഉപദേശിച്ചിരിക്കുന്നു. അവർ തന്നെ നേരിട്ടു കാടുകളിൽ പോയി അവിടങ്ങളിൽ പരിചയമുള്ള ആട്ടിടയന്മാർ, പശുപാലന്മാർ, വഴിയാത്രക്കാർ, വേടന്മാർ എന്നിവരുടേയും മറ്റും സഹായത്തോടുകൂടി ഭേഷജങ്ങളെ അവ പൂക്കുന്ന കാലത്തു സമ്പാദിച്ചുകൊള്ളണം. എന്നാൽ, വല്ല പുഴുക്കുത്തുള്ളതോ, പുറ്റിന്നു സമീപം, ശ്മശാനഭൂമി, വളരെ ഉപ്പുള്ള നിലം ഈ വക ദിക്കുകളിലെങ്ങാനും ഉണ്ടായിട്ടുള്ളതോ ആ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/127&oldid=155514" എന്ന താളിൽനിന്ന് ശേഖരിച്ചത്