താൾ:Aarya Vaidya charithram 1920.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൬] ഹിന്തുക്കളുടെഭേഷജകല്പം നു൫


യിൽ മധുരം അമ്ലത്തേക്കാളും, അമ്ലം ലവണത്തെക്കാളും ഇങ്ങിനെ മുമ്പേമുമ്പേ പറയപ്പെട്ടവ പിന്നെപ്പിന്നെ ഉള്ളവയേക്കാൾ അധികമധികം ബലപ്രദങ്ങളാണു. അതിൽതന്നെ ആദ്യം പറഞ്ഞ മൂന്നു രസങ്ങൾ വാതത്തെ ശമിപ്പിക്കുന്നവയും, കഫത്തെ വർദ്ധിപ്പിക്കുന്നവയുമാണു. ശേഷമുള്ള മൂന്നെണ്ണം കഫത്തെ ശമിപ്പിക്കും; എന്നാൽ വാതത്തെ വർദ്ധിപ്പിക്കുകയും ചെയ്യും. കഷായം, തിക്തം, മധുരം ഈ മൂന്നു രസങ്ങൾ പിത്തത്തെ ശമിപ്പിക്കുന്നവയാണു; പക്ഷേ അമ്ലം, ലവണം, കടുകം എന്നിവ പിത്തവൃദ്ധികരങ്ങളുമാകുന്നു. മേല്പറഞ്ഞ ആറു രസങ്ങളിൽ ഓരോന്നിന്റേയും ഗുണങ്ങൾ ഓരോ വിധത്തിലാണു. അവയുടെ വിവരണം താഴേ കാണിക്കാം.

മധുരരസം സകലധാതുക്കളേയും പുഷ്ടി വരുത്തുന്നതും, മുലപ്പാൽ ധാരാളമുണ്ടാക്കുന്നതും, കണ്ണിന്നു നല്ലതും, ബലകരവും, കൃമികളെ വർദ്ധിപ്പിക്കുന്നതുമാകുന്നു. അതു ബാലന്മാൎക്കും, വൃദ്ധന്മാൎക്കും, ക്ഷതന്മാൎക്കും (മുറിയേറ്റവർ), ക്ഷീണന്മാൎക്കും ഹിതമായിട്ടുള്ളതാണു. അത് അധികമായി ശീലിച്ചാൽ പ്രമേഹം, ഗണ്ഡമാല, അൎബ്ബുദം മുതലായ രോഗങ്ങളുണ്ടായിത്തീരുകയും ചെയ്യും.

അമ്ലം (പുളി) ദീപനത്തിന്നു നല്ലതും, രുചികരവുമാണു. അതു തൊട്ടാൾ തണുപ്പുള്ളതായി (ഹിമസ്പർശം) തോന്നും; പക്ഷെ ഫലത്തിൽ ചൂട് (ഉഷ്ണവീൎയ്യം) ആയിരിക്കുകയും ചെയ്യും. അതു പിന്നെ വാതശമനവും, ശോധനവും, ക്ലേദനവും (നുലവുണ്ടാക്കുന്നതു) ആകുന്നു. അത് മാത്രമായി ശീലിച്ചിരുന്നാൽ അതുതന്നെ തിമിരം, പാണ്ഡ് മുതലായ രോഗങ്ങൾക്കു കാരണമായിത്തീരുന്നതുമാണു.

ലവണം (ഉപ്പ്) ബലകരവും,ശോധനവും, പിത്തകഫങ്ങളെ വർദ്ധിപ്പിക്കുന്നതും,ശൈഥില്യകരവും (അയവുണ്ടാക്കുന്നത്)

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/110&oldid=155496" എന്ന താളിൽനിന്ന് ശേഖരിച്ചത്