തുഞ്ചത്തെഴുത്തച്ഛൻ/ജീവചരിത്രസംഗ്രഹം
←തിരുത്തുകൾ | തുഞ്ചത്തെഴുത്തച്ഛൻ രചന: ജീവചരിത്രസംഗ്രഹം |
എഴുത്തച്ഛനും മലയാളഭാഷയും→ |
തുഞ്ചത്തെഴുത്തച്ഛൻ |
---|
|
[ 11 ]
ഒന്നാം അദ്ധ്യായം
[തിരുത്തുക]ജീവചരിത്രസംഗ്രഹം
[തിരുത്തുക]അനാദികാലംമുതൽക്കുതന്നെ നമ്മുടെ മാതൃഭൂമിയായ ഭാരതഭൂമി നാനാമുഖമായ ജ്ഞാനവിജ്ഞാനാദികളിൽ അത്ഭുതകരമാംവണ്ണം അഭിവൃദ്ധി പ്രാപിച്ചുവന്നുവെന്നതു നിഷ്പക്ഷപാതികളായ ചരിത്രകാരന്മാരെല്ലാം ഐകകണ്ഠ്യേന സമ്മതിക്കുന്ന ഒരു വാസ്തവമാണു്. ഇന്നു പരിഷ്കൃതകോടിയിൽ ഗണിച്ചുവരുന്ന യൂറോപ്യൻരാജ്യങ്ങൾ അജ്ഞാനതമസ്സിൽ ആണ്ടു് അപരിഷ്കൃതരീതിയിൽ കഴിഞ്ഞിരുന്ന കാലത്തുതന്നെ ഇന്ത്യാരാജ്യം മന്ദ്രമധുരമായ അതിന്റെ വിജ്ഞാനകാഹളസ്വനം ഉച്ചൈസ്തരം മുഴക്കിക്കൊണ്ടിരുന്നെവെന്നുള്ളതും സർവ്വവിദിതമായ ഒരു സംഗതിയാണു്. ഇഹലോകസൗഖ്യങ്ങളെ തൃണവൽഗണിച്ചു ജലഫലാശനന്മാരായി അരണ്യാശ്രമങ്ങളിൽ ആദ്ധ്യാത്മികചിന്ത ചെയ്തുകൊണ്ടിരുന്ന ദിവ്യർഷികളുടെ പർണ്ണശാലകൾ ഒരുവക; ഇന്ദ്രപദവിയേകൂടി വിഗണിയ്ക്കത്തക്ക പ്രതാപംപ [ 12 ] ശ്വര്യങ്ങളോടു കൂടിയവരും, പ്രജാക്ഷേമൈക തൽപരന്മാരും , സൽകൃത്യങ്ങളിൽ നിന്ന് അണുമാത്രം വ്യതിചലിയ്ക്കാത്തവരുമായ ക്ഷത്രിയ ചക്രവർത്തികളുടെ കൊട്ടാരങ്ങൾ മറ്റൊരു വക; സംഗീതസാഹിത്യാദി കലാവിദ്യകളിലും തർക്കവ്യാകരണാദി ശാസ്ത്രീയവിദ്യകളിലും അപാരപണ്ഡിതന്മാരായ മാഹാന്മാരുടെ സമാജങ്ങൾ വേറൊരുവക; രാഷ്ട്രീയവിഷയങ്ങളിൽ സമർത്ഥന്മാരും ഭരണതന്ത്രവിശാരദന്മാരുമായ പ്രഭുജനങ്ങളുടെ വിഹാരസ്ഥാനങ്ങൾ ഇനിയൊരുവക; ഭാരതഭൂമിയുടെ ഭൂതകാലചരിത്രവീഥിയിലേയ്ക്കു കണ്ണോടിക്കുന്ന ഏതൊരു ഇന്ത്യക്കാരനും ഏവംവിധങ്ങളായ മനോഹരക്കാഴ്ചകൾ കണ്ടു് അഭിമാനം കൊണ്ടു പുളകിതഗാത്രനാകാതിരിയ്ക്കയില്ല. ഭാരതത്തിന്റെ ഒരു ഭാഗമെന്ന നിലയിൽ പ്രശോഭിയ്ക്കുന്ന കേരളവും വീരന്മാരായ മഹാപുരുഷന്മാരുടെ ജനനത്താൽ മാലോകരുടെ സാദരശ്ലാഘയ്ക്കു പാത്രീഭവിച്ചിട്ടുണ്ടു്. ശസ്ത്രം കൊണ്ടും ശാസ്ത്രം കൊണ്ടും പരരാജ്യക്കാരെ ജയിയ്ക്കയും, അവരുടെ ഗുരുസ്ഥാനം കൈക്കൊൾകയും ചെയ്തിട്ടുള്ള മഹാന്മാർ ഇവിടെയും സുലഭമായിട്ടുണ്ടായിട്ടുണ്ടു്. മേലേക്കിടയിൽ അഭിമാനിക്കാനർഹതയുള്ള ഒരു വിശിഷ്ടചരിത്രം തന്നെയാണ് കേരളത്തിന്നുമുള്ളതു്. പക്ഷേ ആ പവിത്രചരിത്രമെല്ലാം കാലകല്ലോലത്തിന്റെ കരാളാഘാതത്താൽ ശകലം ശകലമായി നശിച്ചുപോകയാണുണ്ടായത്! അതെ ആ ഭൂ [ 13 ] തലാകാശവീഥിയിലെ ചാരിത്രസൌവർണ്ണരേഖളെല്ലാം തേഞ്ഞുമാഞ്ഞു പോവുകതന്നെചെയ്തു!
ഇന്ത്യക്കാർ ചരിത്രം എഴുന്നതിൽ വിമുഖന്മാരായിരുന്നുവെന്നു വിദേശീയരുടെ ഇടയിൽ പരക്കെ ഒരാക്ഷേപമുണ്ട്; ഇതിൽ ഒട്ടേറെ പരമാർത്ഥവുമുണ്ട്. "ഭാരതീയരുടെ അമൂല്യജ്ഞാനനിക്ഷേപങ്ങളായ ഉപനിഷദാദിമതഗ്രന്ഥങ്ങളും മഹത്തരങ്ങളായ പുരാണേതിഹാസങ്ങളും പ്രാചീനഭാരതത്തിന്റെ മനോഹര ചരിത്രങ്ങളല്ലെ? ചരിത്രമെന്നത് ഒരു രാജ്യക്കാരുടെ സംസ്കാരപരിഷ്കാരങ്ങളെ ദൃഷ്ടാന്തരൂപേണ ഉദാഹരിച്ചു കാണിക്കുന്നതാണല്ലൊ. ഒരാൾ ജനിച്ചതും മരിച്ചതുമായ തിയ്യതികളും മറ്റു സംഗതികളും കുറിച്ചുവെയ്ക്കുന്നതാണൊ ചരിത്രം?" എന്നൊക്കെയാണ് ഇതിൽ പ്രതികൂലാഭിപ്രായമുള്ളവർ ചോദിക്കുന്നത്. അതു ശരിതന്നെ: ഉപനിഷദാദിമതഗ്രന്ഥങ്ങളും, ഇതിഹാസ പുരാണാദികളും നമ്മുടെ പ്രാചീനകാലത്തെ സംസ്കാരപരിഷ്കാരങ്ങളെ വിവരിച്ചുകാണിയ്ക്കുന്നുണ്ട്; എന്നാൽ അവ മിക്കവാറും അത്യുക്തിയുടെ ആക്രമണത്താൽ ചരിത്രം എന്ന നിലയിൽ വലിയ വിലയെ അർഹിക്കില്ലെന്നുള്ളതു വിസ്മരിപ്പാൻ വയ്യാത്ത സംഗതിയാണ്. പ്രകൃത്യാ കവീശ്വരന്മാരായ അവയുടെ കർത്താക്കന്മാർ തങ്ങളുടെ കൃതികളെ ചരിത്രഗ്രന്ഥങ്ങളാക്കുന്നതിലധികം സാഹിത്യഗ്രന്ഥങ്ങളാക്കുന്നതിലാണു താത്പര്യം കാണിച്ചത്. ചരിത്രനിർമ്മാണത്തിന് അതിശയോക്തി[ 14 ] പ്രിയന്മാരായ സാഹിത്യകാരന്മാരല്ല, സത്യപ്രഭാഷകന്മാരായ കുശാഗ്രബുദ്ധികളാണു് ആവശ്യം. ഒരു രാജ്യക്കാരുടെ വികലവും, ശിഥിലവും, അതിശയോക്തിപൂർണ്ണവുമായ ചരിത്രം വാസ്തവചരിത്രത്തിന്റെ ഗുണം ഒരിക്കലും ചെയ്യുന്നതല്ല. കാളിദാസൻ, വിക്രമാർക്കൻ, ശങ്കരാചാര്യർ തുടങ്ങിയുള്ള മഹാന്മാരുടെ വാസ്തവചരിത്രം കവികളൂടെ കരശില്പത്തിൽനിന്നു പുറത്തുവരുന്ന ചരിത്രത്തേക്കാൾ എത്ര മമതയോടും ശ്രദ്ധയോടും കൂടിയാണു നാം വായിയ്ക്കുകയെന്നു പറയേണ്ടതില്ലല്ലൊ.
മഹാകവി തുഞ്ചത്തെഴുത്തച്ഛന്റെ ജീവചരിത്രവും മുൻപ്രസ്താവിച്ചപോലെ മിയ്ക്കവാറും കാലയവനികയ്ക്കുള്ളിൽ തിരോഹിതമായാണിരിയ്ക്കുന്നതു്. അദ്ദേഹം ജനിച്ചതും ജീവിച്ചതുമായ "തുഞ്ചൻപറമ്പ്" എന്ന സ്ഥലം ഇപ്പോഴും പണ്ഡിതപാമരന്മാരടക്കമുള്ള സകലകേരളീയരുടേയും ഭക്തിബഹുമാനങ്ങൾക്കു പാത്രമായി ഇന്നും പ്രശോഭിച്ചുകൊണ്ടിരിയ്ക്കുന്നു. ബ്രിട്ടീഷുമലബാറിൽ പൊന്നാനിത്താലൂക്കു തൃക്കണ്ടിയൂരംശത്തിൽ തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിന്നല്പം പടിഞ്ഞാറു തിരൂർ റെയിൽവെ സ്റ്റേഷനിൽനിന്നു സുമാർ ഒരു നാഴിക തെക്കുപടിഞ്ഞാറായും, പൊന്നാനിപ്പുഴയുടെ തീരത്തിലായുമാണു പ്രസ്തുതക്ഷേത്രം സ്ഥിതിചെയ്യുന്നതു്. ഇതിന്റെ മദ്ധ്യത്തിൽ ഇപ്പോൽ ഓടുമേഞ്ഞുള്ള ഒരു ചെറിയ "ഗുരുമഠ"വും, അതിന്റെ ചുറ്റുപാടുമായി പറമ്പുനിറയെ മനോഹരങ്ങളായ കേരവൃക്ഷങ്ങളും നിൽക്കുന്ന [ 15 ] നിൽക്കുന്നതു് എത്രയും ഹൃദയാനന്ദകരമായ ഒരു കാഴ്ച തന്നെയാണു്. അപരിഷ്കൃതമായിക്കിടക്കുന്ന ഒരു കുളവും കിണറും ഗുരുമഠത്തിനു സമീപത്തുണ്ടു്. കിണറ്റിൽ വെള്ളം കുറച്ചു മാത്രമേയുള്ളൂവെങ്കിലും അതേതുകാലത്തും വറ്റുന്നതല്ലെന്നും, ആ കിണർ പരിഷ്കരിയ്ക്കുന്നതിന്നു് അതിന്റെ ഇപ്പോഴത്തെ ജന്മി വളരെ പരിശ്രമിച്ചു നോക്കീട്ടും വെള്ളം വാർക്കുവാൻ സാധിചില്ലെന്നും തദ്ദേശീയർ പറയുന്നു. അതിൽ ഗുരുവിന്റെ വക 'നാരായം' ആരാധനാബിംബങ്ങൾ തുടങ്ങിയുള്ള പല വിശിഷ്ട വസ്തുക്കളും കിടക്കുന്നുണ്ടെന്നാണു് പലരുടേയും വിശ്വാസം. കുളത്തിൽ വേനൽക്കാലത്തു വെള്ളമുണ്ടാവില്ല.അതിനു തൊട്ടുള്ള കാഞ്ഞിരത്തിന്റെ ചുവട്ടിലിരുന്ന് എഴുത്തച്ചൻ സാധാരണ ജപിക്കാറുണ്ടായിരുന്നുവെന്നും തന്നിമിത്തം ആ കാഞ്ഞിരമരത്തിനുതന്നെ കുറേ ഭവ്യതയുണ്ടെന്നുമാണു ചിലർ പറയുന്നതു്. അതിന്റെ ഇല കയ്ക്കാതിരിയ്ക്കുന്നതിന്നുതന്നെ ഇതാണത്രെ കാരണം. ഇലകൾ ഓരോരുത്തർ വന്നു പറിച്ചുതീർത്തിരിയ്ക്കുന്നതും അതിന്റെ ചുവട്ടിൽ ഇപ്പോൾ വിളക്കുവെച്ചുവരുന്നതും ഈ വിശ്വാസത്തിന്റെ ഫലമായിട്ടാണു്. തുഞ്ചൻപറമ്പിലെ മണ്ണു കുറച്ചൊന്നു ചുവന്ന നിറത്തിലുള്ളതാണു്. അദ്ദിക്കുകാരും അയല്വാസികളും ഇന്നും കുട്ടികളെ "എഴുത്തിനുവെയ്ക്കു"മ്പോൾ ഈ പറമ്പിൽനിന്നു മണ്ണു കൊണ്ടുപോയി ആദ്യം അതിലെഴുതുന്ന പതിവുണ്ടു്. വിജയദശമിദിവസം അടുത്തുള്ളവരെല്ലാം [ 16 ] പ്രസ്തുതസ്ഥലത്തു വന്നു വിദ്യാരംഭം കഴിയ്ക്കാറുണ്ടെന്നുള്ളതും പ്രസ്താവയോഗ്യമാണു്. ഗുരുമഠം ഇപ്പോൾ നില്ക്കുന്ന സ്ഥലത്തു' ആദ്യം ഒരു പുരത്തറ മാത്രമാണുണ്ടായിരുന്നത്; പിന്നീട് അവിടെ ചില ഭക്തന്മാരുടെ പരിശ്രമത്താൽ ഒരു ഓലപ്പുരയുണ്ടാക്കുകയും നവരാത്രികാലങ്ങളിലും മറ്റും വിളക്കുവെയ്ക്കുക, ആരാധന നടത്തുക മുതലായതു ചെയ്കയും ചെയ്തുവന്നു. അടുത്തകാലത്തു ചില ദേശാഭിമാനികളുടെ പരിശ്രമഫലമായാണു മഠം ഇന്നു കാണുന്ന നിലയിലായതു്. ഒരു ഓടുമേഞ്ഞ ചെറിയ ഗുരുമഠം പണിചെയ്യിച്ചിട്ടുണ്ടെന്നല്ലാതെ ചിറ്റൂർ ഗുരുമഠത്തിന്റെ നിലനില്പിന്നും മറ്റുമായി ചിറ്റൂരിലെ ദേശാഭിമാനികളായ മലയാളികൾ ചെയ്തുവരുന്നപോലുള്ള യാതൊരേർപ്പാടുകളും ഇവിടെ ആയിക്കഴിഞ്ഞിട്ടില്ലെന്നുള്ളതു വ്യസനിയ്ക്കത്തക്ക ഒരു സംഗതിയാണു് ഈ സ്ഥലം ഇപ്പോൾ പെൻഷൻ ഡിപ്യൂട്ടികലക്ടർ മിസ്റ്റർ പന്നിക്കോട്ടു കുഞ്ഞുണ്ണിമേനവന്റെ കുടുംബക്കാരുടെ കൈവശമാണു നിൽക്കുന്നതു്. ഭാഷാഭിമാനികളായും ഭക്തന്മാരായുമുള്ള അനേകം ജനങ്ങൾ ഇപ്പോൾ ഈ സ്ഥലത്തു വന്നു ഭക്തിബഹുമാനപുരസ്സരം സന്ദർശനം ചെയ്തുപോകുന്ന പതിവുണ്ട്. വെട്ടത്തുനാട്ടിലെ ഒരു കെടാവിളക്കായി ഈ സ്ഥലം എന്നെന്നും പ്രശോഭിയ്ക്കുമെന്നതിനും, പൊതുജനങ്ങളുടെ ഇടയിൽ ദേശാഭിമാനവും ഭാഷാഭിമാനവും വർദ്ധിയ്ക്കുന്നതോടുകൂടി ഇതു ഗണ്യമായ ഒരു നിലയിലെത്തുമെന്നുള്ളതിന്നും സംശയമില്ല. [ 17 ]
"വെട്ടത്തുനാടു" രാജ്യം അനേകം വിദ്വാന്മാരുടേയും കവികളുടേയും ജന്മഭൂമിയായി അന്നും ഇന്നും ഒരുപോലെ അതിന്റെ നാമധേയത്തിന്നു് അന്വൎത്ഥത വരുത്തീട്ടുണ്ട്. മഹാഭക്തനും മഹാകവിയുമായ മേപ്പത്തൂർ ഭട്ടതിരി, അദ്ദേഹത്തിന്റെ ഗുരുവും പണ്ഡിതാവതംസവുമായ അച്യുതപ്പിഷാരടി, നാരായണീയത്തിന്നു "ഭാവപ്രകാശിക"യെന്ന വ്യാഖ്യാനമെഴുതിയ വാസുദേവഭട്ടതിരി, ഉദ്ദണ്ഡശാസ്ത്രികളുമായി വളരെ ദിവസം വാദം നടത്തിയ പ്രസിദ്ധവൈയാകരണനായ നാണപ്പപിഷാരടി എന്നീ മഹാന്മാരെല്ലാം വെട്ടത്തുനാട്ടിന്റെ സന്തതികളാണു്. ഇവരെക്കൂടാതെ അനേകം താൎക്കികന്മാരും വൈയാകരണന്മാരുമായ നമ്പൂതിരിമാർ ഈ നാട്ടിലുണ്ടായിട്ടുണ്ടു്. മഹാകവി വള്ളത്തോൾ, കുറ്റിപ്പുറത്ത് കേശവൻനായർ മുതലായ അനുഗൃഹീതവാസനാകവികളുടെ ജനനത്താൽ ഇന്നും ഈ രാജ്യത്തിന്റെ മാഹാത്മ്യത്തിന്നു മാറ്റു കൂടിക്കൊണ്ടു തന്നെ വരികയാണല്ലൊ ചെയ്യുന്നതു്.
എഴുത്തച്ഛന്റെ ജീവകാലം ഏതാണെന്നു് ഇതുവരെയും ക്ഌപ്തപ്പെട്ടുകഴിഞ്ഞിട്ടില്ല. ഡാക്ടർ ഗുണ്ടർട്ടു്, മിസ്റ്റർ ലോഗൻ, മിസ്റ്റർ ബർണൽ എന്നീ പണ്ഡിതന്മാർ അദ്ദേഹം ക്രിസ്തുവർഷം പതിനേഴാം ശതാബ്ദത്തിൽ (കൊല്ലവർഷം ൭൭൬ മുതൽ ൮൭൫ വരെയുള്ള കാലം) ആണു ജീവിച്ചിരുന്നതെന്നഭിപ്രായപ്പെടുന്നു. "കേരളകൗമുദി" കർത്താവായ കോവുണ്ണിനെടുങ്ങാടി[ 18 ] യുടെ അഭിപ്രായം കൊല്ലവർഷം ൬൦൦-ാമാണ്ടിടയ്ക്കാണു് എഴുത്തച്ഛന്റെ ജീവിതകാലമെന്നാണു്. "ഭാഷാചരിത്ര"കാരനായ മിസ്റ്റർ ഗോവിന്ദപ്പിള്ളയുടെ അഭിപ്രായം, അദ്ദേഹം ൭൦൦-ന്നും ൮൦൦-ന്നും മദ്ധ്യെ ജീവിച്ചിരുന്നിരിക്കണമെന്നാണു്. ഇതിൽ ഗോവിന്ദപ്പിള്ളയുടെ അഭിപ്രായമായിരിയ്ക്കും സ്വീകാരയോഗ്യമായിരിയ്ക്കുക എന്നു തോന്നുന്നു. അദ്ദേഹത്തിന്റെ ജീവകാലം നിർണ്ണയിയ്ക്കുന്നതിന്നുള്ള ചില തെളിവുകൾ താഴെ കാണിയ്ക്കാം:
(1)അദ്ധ്യാത്മരാമായണം മൂലം വിദേശത്തുനിന്നു് ഇവിടെ കൊണ്ടുവന്നന്നത്തെ കലി "പവിത്രകരഃ സൂൎയ്യ:" എന്നാണു്; അതുകൊണ്ട് ൭൮൭ ചിങ്ങത്തിലാണു് അതുണ്ടായതെന്നു തീർച്ചയാക്കാം. ഈ ഗ്രന്ഥം അമ്പലപ്പുഴ രാജാവിന്റെ ആവശ്യപ്രകാരം എഴുത്തച്ഛൻ ആൎയ്യഎഴുത്തിൽ പകൎത്തുകയും അതൊന്നിച്ചുതന്നെ കിളിപ്പാട്ടുകൂടി നിൎമ്മിയ്ക്കയും ചെയ്തുവെന്നാണല്ലോ ഐതിഹ്യം. ഈ സ്ഥിതിയ്ക്ക് അദ്ദേഹത്തിന്റെ ജീവകാലം എഴുനൂറിന്നും എണ്ണൂറിന്നും മദ്ധ്യെ ആയിരിയ്ക്കുമെന്നനുമാനിയ്ക്കുന്നതു് അസംഗതമായിരിയ്ക്കുകയില്ല.
(2)എഴുത്തച്ഛനും ഭട്ടതിരിയും വലിയ സ്നേഹിതന്മാരായിരുന്നുവെന്നതിന്നു പലേ തെളിവുകളുമുണ്ടു്. ഭട്ടതിരിയുടെ യൗവനകാലത്തു് എഴുത്തച്ഛൻ മദ്ധ്യവയസ്കനായിരുന്നിരിയ്ക്കണമെന്നൂഹിയ്ക്കപ്പെടുന്നു. ഭട്ടതിരി നാരായണീയം എഴുതി അവസാനിപ്പിച്ചതു ൧൬൨ വൃശ്ചികം ൨൮-ാം ൹ യാണെന്ന് "ആയുരാരോഗ്യസൗ[ 19 ] ഖ്യ" മെന്ന അന്നത്തെ കലിദിനസംഖ്യകൊണ്ടു തെളിയുന്നുണ്ടു്. വെള്ളപ്പൊക്കത്തേക്കുറിച്ച് അദ്ദേഹമുണ്ടാക്കിയ "നദീപുഷ്ടിരസഹ്യാനു" എന്ന പദ്യം അദ്ദേഹത്തിന്റെ ജീവകാലത്തെ കുറിയ്ക്കുന്ന മറ്റൊരു ലക്ഷ്യമാണു്. ഭട്ടതിരിയുടെ കാലം കൢപ്തമായ സ്ഥിതിയ്ക്കു സമകാലീനനായ എഴുത്തച്ഛന്റെ കാലവും കൢപ്തപ്പെട്ടതായി വിചാരിയ്ക്കാം. ഈ സംഗതികൊണ്ടും എഴുനൂറ്റിന്നും എണ്ണൂറ്റിനും മദ്ധ്യേയാണു് എഴുത്തച്ഛന്റെ ജീവകാലമെന്നനുമാനിയ്ക്കാവുന്നതാണു്.
(3)അദ്ധ്യാത്മരാമായണത്തിന്റെ അവസാനത്തിൽ "പവിത്രം പരം സൗഖ്യ"മെന്നു കാണുന്നത് അതെഴുതിത്തീർന്ന ദിവസത്തെ കലിദിനസംഖ്യയാണെന്നു് ഒരു പക്ഷമുണ്ടു്. എന്നാൽ ൭൮൭ ചിങ്ങം ൨൦-ാം ൹ യാണു് രാമായണം എഴുതിത്തീർന്നതെന്നു വരും. ഈ അഭിപ്രായവും "ഭാഷാചരിത്ര"കാരന്റെ അഭിപ്രായത്തെ ഉപോൽബലപ്പെടുത്തുന്നു.
എന്നാൽ ചിറ്റൂർ ഗുരുമഠത്തിൽ നിന്നു ശ്രീമാൻ സി.എസ്. ഗോപാലപ്പണിയ്ക്കർ ബി.എ. അവർകൾ പ്രസിദ്ധപ്പെടുത്തിയ ഒരു ലഘുപത്രത്തിൽ, എഴുത്തച്ഛൻ "രാമാനന്ദഗ്രാമം" ബ്രാഹ്മണർക്കു ദാനം ചെയ്തതു ൭൨൯ തുലാം ൧൧ -ാം ൹- യാണെന്നും അത് അന്നത്തെ കലിയായ "നാകസ്യാനൂനസൗഖ്യം" എന്ന പദ്യശകലം കൊണ്ടു തീർച്ചപ്പെടുത്താമെന്നും പറയുന്നു. ഇതു സ്വീകാര്യയോഗ്യമാണൊ എന്ന കാര്യ്യത്തിൽ സംശയമുണ്ടു്. [ 20 ] പ്രസ്തുതതെളിവിനെ സ്വീകരിയ്ക്കുന്നപക്ഷം മുൻപറഞ്ഞ തെളിവുകളെല്ലാം ത്യാജ്യകോടിയിൽ ഗണിയ്ക്കേണ്ടിവരും. എഴുത്തച്ഛൻ തന്റെ അന്ത്യദശയിലാണു ചിറ്റൂരിൽ വന്നതും ബ്രാഹ്മണർക്കു ഭൂദാനം ചെയ്തതും എന്നാണു് ഐതിഹ്യം; യുക്തിയും അതിന്നാണു്; അങ്ങിനെയാണെങ്കിൽ ൭൨൯-ന്നുശേഷം അധികകാലം അദ്ദേഹത്തിന്റെ ജീവിതം നിലനിന്നിരിയ്ക്കുമെന്നു വിചാരിപ്പാൻ വയ്യ. അപ്പോൾ ഭട്ടതിരിയുമായുള്ള സഖ്യം, രാമായണത്തിന്റെ കാലം എന്നു തുടങ്ങി ഇതേവരെ നാം സ്വീകരിച്ച തെളിവുകളെല്ലാം അസംഗതമാണെന്നാണു വരുന്നത് എഴുത്തച്ഛന്റെ ശിഷ്യനായ സൂര്യ്യനാരായണനെഴുത്തച്ഛനാണു് ഗ്രാമം സ്ഥാപിച്ചതെന്ന അഭിപ്രായത്തെ അനുകൂലിയ്ക്കയാണെങ്കിൽ എഴുത്തച്ഛന്റെ ജീവകാലത്തെ പിന്നേയും പിന്നോക്കം തള്ളിക്കൊണ്ടുപോകേണ്ടതായിട്ടാണിരിയ്ക്കുന്നതു.
ഇനി എഴുത്തച്ഛന്റെ യുവദശയിലാണു ഗ്രാമം സ്ഥാപിച്ചു ദാനം ചെയ്തതെന്നു വിചാരിയ്ക്കയാണെങ്കിൽത്തന്നെ അദ്ദേഹത്തിന്റെ ജീവിതം ചുരുങ്ങിയപക്ഷം എഴുനൂറ്റിനോടടുത്ത കാലത്തെങ്കിലും ആരംഭിച്ചിരിക്കണം. എന്നാൽത്തന്നെ ആ ജീവിതം ഏതാണ്ടു ൭൯൦ വരെ നിലനിന്നുവെന്നും മറ്റും വിചാരിക്കുന്നതു് അസാദ്ധ്യം. രാമായണം അദ്ദേഹത്തിന്റെ ബാല്യകാലകൃതിയാണെന്ന ഭാഷാചരിത്രകാരന്മാരുടെ അഭി[ 21 ] പ്രായം ഈ കാര്യ്യത്തെ കുറെക്കൂടി ദുസ്സാധമാക്കിത്തീർക്കുന്നു. "നാകസ്യാനൂനസൗഖ്യ"മെന്ന പദ്യശകലം കലിദിനസംഖ്യയെ കാണിയ്ക്കുന്നുവെന്നുള്ളതിന്നു പ്രത്യേകം ലക്ഷ്യമൊന്നുമില്ലെന്നാണു തോന്നുന്നതു്. അതു കേവലം ഒരഭ്യൂഹം മാത്രമായിരിയ്ക്കണം. ഗുരുമഠത്തിൽനിന്നു കണ്ടുകിട്ടിയ പദ്യങ്ങൾ ആരുണ്ടാക്കിയതാണെന്നൊ എപ്പോഴുണ്ടാക്കിയതാണെന്നൊ കൢപ്തമായി അറിയപ്പെട്ടിട്ടുമില്ല; അദ്ദേഹത്തിന്റെ സമകാലീനന്മാരൊ ശിഷ്യപരമ്പരയിൽ പെട്ടവരൊ ആയിരിയ്ക്കണം ആ പദ്യങ്ങളുടെ കർത്താക്കന്മാരെന്നു് ഊഹിയ്ക്കമാത്രമാണു ചെയ്യുന്നതു്. അതുകൊണ്ടും പ്രകൃതപദ്യശകലം കലിദിനസംഖ്യയെ കാണിയ്ക്കുന്നതാണെന്നതിന്നു തൃപ്തികരമായ ലക്ഷ്യങ്ങളില്ലാത്തതുകൊണ്ടും മറ്റു തെളിവുകൾ കിട്ടുന്നതുവരെ എഴുത്തച്ഛന്റെ കാലം ൭൦൦ -ന്നും ൮൦൦-ന്നും മദ്ധ്യേയാണെന്നുതന്നെ വിചാരിയ്ക്കുന്നതായിരിക്കും യുക്തമെന്നു തോന്നുന്നു.
ഇനി ചില ആഭ്യന്തരമാർഗ്ഗങ്ങളിൽക്കൂടി സഞ്ചരിച്ചു് അദ്ദേഹത്തിന്റെ കാലം കണ്ടുപിടിയ്ക്കുന്നതിന്നു വല്ല ലക്ഷ്യങ്ങളും കിട്ടുന്നുണ്ടൊ എന്നുകൂടി അന്വേഷിയ്ക്കാം:--
(1) ഭാഷയ്ക്കുണ്ടായിട്ടുള്ള ഗണ്യങ്ങളായ വ്യാകരണഗ്രന്ഥങ്ങൾ പരിശോധിച്ചു, ഭാഷയുടെ കാലക്രമേണയുള്ള മാറ്റങ്ങൾ മനസ്സിലാക്കി, ഏതു വൈയാകരണന്റെ അനുശാസനങ്ങൾക്കനുഗുണമായിട്ടുള്ളതാണു ക [ 22 ] വിയുടെ ഭാഷയെന്നു പരിശോധിയ്ക്കുക; വൈയാകരണന്റെ കാലം കൢപ്തപ്പെട്ടിട്ടുണ്ടെങ്കിൽ ഏതാണ്ടു കവിയുടെ കാലവും തീർച്ചപ്പെടുത്തുവാൻ സാധിയ്ക്കും; ഇതാണു കവികളുടെ കാലം നിർണ്ണയിയ്ക്കുന്നതിന്നു ചരിത്രകാരന്മാർ ചെയ്യാറുള്ള ഒരു വഴി. എഴുത്തച്ഛനെ സംബന്ധിച്ചേടത്തോളം ഈ വിഷയത്തിൽ പരിശ്രമിക്കുന്നവർക്കു ദയനീയമായ പരാജയമാണുണ്ടാവുക. അതിന്നുള്ള കാരണം എഴുത്തച്ഛന്റെ കാലത്തിന്നു ശേഷം ഇതേവരേയും ഭാഷയ്ക്കു ഗണ്യമായ യാതൊരു മാറ്റവും വന്നിട്ടില്ലെന്നുള്ളതുതന്നെ.
(2) കവിയുടെ കാലത്തെ സമുദായാചാരങ്ങൾ സമ്പ്രദായങ്ങൾ, ഭരണവ്യവസ്ഥകൾ എന്നിത്യാദിവിഷയങ്ങൾ കവിതകളിൽനിന്നെന്തുമാത്രം മനസ്സിലാക്കുവാൻ സാധിയ്ക്കുന്നുണ്ടെന്നു പരിശോധിച്ചു് അവ ഏതേതുകാലത്തു നടപ്പിലിരുന്നവയാണെന്നു നോക്കുകയാണു കവിയുടെ കാലം തീർച്ചയാക്കുന്നതിന്നുള്ള പിന്നത്തെ ഉപായം. ഈ ഉപായവും എഴുത്തച്ഛനെ സംബന്ധിച്ചേടത്തോളം വിഫലമാണു്. പരമഭക്തനും ജീവന്മുക്തനുമായ മഹാകവി തന്റെ കവിതകളിൽ ഭക്തിപരങ്ങളും ആദ്ധ്യാത്മികങ്ങളുമായ വിഷയങ്ങൾക്കല്ലാതെ ലൗകികവിഷയങ്ങൾക്ക് ഇടമേ കൊടുത്തിട്ടില്ല. കുഞ്ചൻനമ്പ്യാരുടെ കവിതകളിൽനിന്നു മുൻപറഞ്ഞതരത്തിലുള്ള തെളിവുകൾ ധാരാളമായിക്കിട്ടുന്നുണ്ട്; എന്നാൽ പ്രസ്തുതകവിയുടെ കവിതകളിൽ ഈ മാർഗ്ഗം തീരെ അടഞ്ഞാണു കിടക്കുന്നതു്. [ 23 ]
(3) ജീവൽഭാഷകൾക്കൊക്കെയും വളൎച്ചയും പരിണാമവും ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നതു സാധാരണയാണു്. ഒരുകാലത്തെ ഭാഷയിൽനിന്നു മറ്റൊരുകാലത്തെ ഭാഷയ്ക്കു ഗണ്യമായ ചില വ്യത്യാസങ്ങൾ കാണാവുന്നതാണു്. ഭാഷാമർമ്മവേദികൾക്കു് ഓരോ നൂറ്റാണ്ടിലേയും ഭാഷ വെവ്വേറെ തിരിച്ചറിവാൻ സാധിയ്ക്കും. ഈ നിലയിൽ എഴുത്തച്ഛന്റെ കവിതകളിൽനിന്നു് അദ്ദേഹത്തിന്റെ കാലം നിർണ്ണയിപ്പാൻ ചില സംഗതികൾ കിട്ടുന്നില്ലെന്നല്ല. "നിരണത്തു പണിയ്ക്കന്മാ"രുടെ ഭാഷാരീതി എഴുത്തച്ഛന്റെ രീതിയിൽനിന്നു കേവലം വ്യത്യാസപ്പെട്ടതാണു്. തമിഴുപദങ്ങളുടെ പ്രാചുൎയ്യവും, "ഭാഷ" "വൃത്തം" എന്നിവയുടെ സ്വഭാവവും നിമിത്തം പ്രഥമദൃഷ്ടിയിൽത്തന്നെ എഴുത്തച്ഛന്റെ വളരെമുമ്പാണു പണിയ്ക്കന്മാരുടെ ജീവകാലമെന്നു തീർച്ചയാക്കാം. ഇങ്ങിനെ തന്നെ പഴയപദങ്ങളുടെ പ്രാചുൎയ്യം കൊണ്ടും മറ്റും "കൃഷ്ണഗാഥാ"കാരനായ "ചെറുശ്ശേരി"യും അദ്ദേഹത്തിനു മുമ്പാണെന്നു് ആരും സമ്മതിയ്ക്കും. ൬൫൦-ന്നും ൭൫൦-ന്നും മദ്ധ്യത്തിലാണു ചെറുശ്ശേരിയുടെ ജീവകാലമെന്നതിൽ ചരിത്രകാരന്മാൎക്കധികം അഭിപ്രായവ്യത്യാസം കാണുന്നില്ല. ഭാഷയുടെ ക്രമപ്രവൃദ്ധമായ വളൎച്ചയും പരിണാമങ്ങളും നോക്കിയാൽ ചെറുശ്ശേരിയുടെ അടുത്ത അനന്തരകാലീനൻ എഴുത്തച്ഛനാണെന്നു തെളിയും. എഴുത്തച്ഛന്റെ ഭാഷയേക്കാൾ നവീനമാണു നമ്പ്യാരുടെ ഭാഷ. അദ്ദേഹത്തിന്റെ ജീവകാലം പത്താം നൂറ്റാണ്ടാണെന്നു തീൎച്ചപ്പെട്ടിട്ടുമുണ്ട്. [ 24 ] ഈ വക സംഗതികളെക്കൊണ്ടും എഴുനൂറ്റിന്നും എണ്ണൂറ്റിന്നും മദ്ധ്യേയാണദ്ദേഹത്തിന്റെ ജീവകാലമെന്നനുമാനിയ്ക്കാമെന്നു തോന്നുന്നു.
എഴുത്തച്ഛന്റെ ജീവചരിത്രം മിയ്ക്കവാറും കാലയവനികയ്ക്കുള്ളിൽ തിരോധാനം ചെയ്തിരിയ്ക്കുന്നുവെന്നു മുമ്പു പ്രസ്താവിച്ചുവല്ലൊ; ഇപ്പോൾ നിലവിലുള്ള അല്പാല്പം രേഖകൾ തന്നെ ഐതിഹ്യവേദികളിന്മേലാണു സ്ഥാപിതമായിട്ടുള്ളത്. വാസ്തവം പറയുന്നതിലധികം പല കെട്ടുകഥകളും അതിശയോക്തികളും കൂട്ടിപ്പറയുന്നതിലാണു ജനസാമാന്യത്തിന്നു അഭിരുചി കാണുന്നതു്. ദുഷിച്ചുപോയ ഈ അഭിരുചിനിമിത്തം ഐതിഹ്യരൂപത്തിൽ കിട്ടുന്ന തെളിവുകളും തുലോം കലുഷങ്ങളായാണിരിയ്ക്കുന്നതു് കേവലം അസംഭാവ്യങ്ങളായ കെട്ടുകഥകളെ തള്ളി ബാക്കി കാണുന്ന ഐതിഹ്യങ്ങളെ മാത്രമേ ഇവിടെ വിമർശനത്തിന്നു വിഷയമാക്കുന്നുള്ളു.
എഴുത്തച്ഛന്റെ ജനനത്തെപ്പറ്റിത്തന്നെ ഒന്നിലധികം അഭിപ്രായങ്ങൾ കേൾക്കുന്നുണ്ടു്. വടക്കേ മലയാളത്തുകാരനായ ഒരു നമ്പൂതിരി തിരുവനന്തപുരത്തുനിന്നു മുറജപം കഴിഞ്ഞുവരുന്ന വഴിയ്ക്കു, തൃക്കണ്ടിയൂരെത്തിയപ്പോഴയ്ക്കും നേരം അസമയമായതിനാൽ അവിടെയുണ്ടായിരുന്ന ഒരു ചക്കാലനായർവീട്ടിൽ കയറി[ 25 ] ക്കിടന്നുവെന്നും, അന്നുരാത്രി ആ വീട്ടിലെ ഒരു യുവതിയിൽ അദ്ദേഹത്തിന്നുണ്ടായ പുത്രനാണു് എഴുത്തച്ഛൻ എന്നുമാണു് ഒരു പക്ഷമുള്ളതു്; പിന്നെയൊരു പക്ഷമുള്ളതു് അദ്ദേഹം നമ്പൂതിരിയല്ല ഒരു പരദേശബ്രാഹ്മണനായിരുന്നുവെന്നാണു്.
ഈ രണ്ടഭിപ്രായത്തോടും യോജിയ്ക്കുന്നതിൽ ചില വൈഷമ്യങ്ങൾ കാണുന്നുണ്ടു്. തിരുവനന്തപുരത്തുനിന്നു വരുന്ന ഒരാൾക്കു വഞ്ചിമാൎഗ്ഗമായി അക്കാലത്തു തൃക്കണ്ടിയൂരെത്താൻ സൗകൎയ്യമില്ല. മിസ്റ്റർ കെനോൽസായ്വ് പൊന്നാനിയിൽനിന്നു ചാവക്കാട്ടേയ്ക്കുള്ള തോടു വെട്ടിച്ചതിന്നു ശേഷമാണു് "തൃക്കണ്ടിയൂർ" മുതലായ പ്രദേശങ്ങളിൽനിന്നു ജനങ്ങൾക്കു വഞ്ചിമാർഗ്ഗമായി അവ്യാഹതമായ സഞ്ചാരത്തിന്നു സൗകൎയ്യപ്പെട്ടതു് ആ തോടിനെ "കനോൽ തോടു" എന്നു ഇന്നും വിളിച്ചുവരുന്നതുകൊണ്ടു് അതു് ആ സായ്വിന്റെ പരിശ്രമഫലമായാവിർഭവിച്ചതാണെന്നു വിശദമായിത്തെളിയുന്നുമുണ്ടല്ലൊ. മിസ്റ്റർ കനോൽ അടുത്തകാലത്തു ജീവിച്ചിരുന്ന ആളാണെന്നതു നിസ്തർക്കമാണുതാനും. അതുകൊണ്ടു മേൽപ്പറഞ്ഞ ഐതിഹ്യം അടിസ്ഥാനരഹിതമായിപ്പോകുന്നു. ഈ ഐതിഹ്യം വിശ്വസിക്കുന്നതിൽ ഇനിയും വൈഷമ്യം കാണുന്നുണ്ടു്. തിരുവനന്തപുരത്തു "മുറജപം" എന്ന ക്രിയതന്നെ മാർത്താണ്ഡവർമ്മമഹാരാജാവു് ഏർപ്പെടുത്തിയതും, അന്നുമുതൽക്കുമാത്രം നടന്നു വരുന്നതുമായ ഒരു ക്രിയയാണല്ലൊ. മാർത്താണ്ഡവർമ്മമഹാരാജാവിന്റെ കാലം എഴുത്തച്ഛന്റെ കാലത്തിന്നു [ 26 ] ശേഷമാണെന്നതിൽ പക്ഷാന്തരത്തിന്നവകാശവുമില്ല. ഈ സ്ഥിതിയ്ക്കു മുൻപറഞ്ഞ ഐതിഹ്യത്തെ എങ്ങിനെ വിശ്വസിയ്ക്കാം? അവിശ്വസനീയമാണു് ഈ ഐതിഹ്യമെന്നതിന്നു് ഇനിയും തെളിവുണ്ടു്. ആലത്തൂർ ഗ്രാമം മലയാളബ്രാഹ്മണർ പ്രചുരമായി അധിവസിയ്ക്കുന്ന ഒരു സ്ഥലമാണു്. അവിടെ വന്ന ഒരു നമ്പൂതിരി ബ്രാഹ്മണൻ ജാതിയിൽ നികൃഷ്ടമെന്നു ഗണിയ്ക്കപ്പെട്ടിട്ടുള്ള ഒരു ദരിദ്രചക്കാലവീട്ടിൽ കയറിക്കിടന്നുവെന്നു പറയുന്നതു് അസംഗതമായിരിപ്പാനേ വഴിയുള്ളൂ.
ഇനി മുമ്പു പ്രസ്താവിച്ച പരദേശബ്രാഹ്മണന്റെ കഥ എടുക്കാം. ഇന്നത്തെപ്പോലെ സഞ്ചാരസൗകർയ്യങ്ങളും മാർഗ്ഗങ്ങളുമില്ലാതിരുന്ന കാലത്തു സഹ്യപർവ്വതനിരകളാൽ വിദേശങ്ങളുമായുള്ള ബന്ധം മിയ്ക്കവാറൂം വേർപെടുത്തപ്പെട്ട കേരളത്തിലെ ഒരു നായർയുവതി, ആചാരം, വേഷം, ഭാഷ എന്നിവയിൽ കേവലം വിഭിന്നസ്വഭാവിയായ ഒരപരിചിതബ്രാഹ്മണനെ കണ്ടമാത്രയിൽത്തന്നെ സന്തത്യുൽപ്പാദനാർത്ഥം സ്വീകരിച്ചുകഴിഞ്ഞുവെന്നു പറയുന്നതു് അത്ര യുക്തമായിരിയ്ക്കുമെന്നു തോന്നുന്നില്ല. ഏതായാലും അദ്ദേഹത്തിന്റെ അച്ഛൻ ഒരു ബ്രാഹ്മണനായിരുന്നുവെന്നു് ഈ ഐതിഹ്യങ്ങളിൽ നിന്നു് ഏതാണ്ടു് ഊഹിയ്ക്കാം. ഇതിൽ നിന്നു് അല്പാല്പം വ്യത്യാസപ്പെട്ടു് ഒരൈതിഹ്യം വെട്ടത്തുനാട്ടിൽ സാധാരണ പറഞ്ഞുവരാറുണ്ട്. അതു താഴെ കാണുംപ്രകാരമാണു്:[ 27 ] "വടക്കേമലയാളത്തുകാരനും ജ്യോതിഷത്തിൽ അതിവിദഗ്ദ്ധനുമായ ഒരു നമ്പൂതിരി തിരുവനന്തപുരത്തുനിന്നു സ്വദേശത്തേയ്ക്കു മടങ്ങിപ്പോവുകയായിരുന്നു. മദ്ധ്യേമാൎഗ്ഗം പലേടത്തും സഞ്ചരിച്ച്, ഒരു ദിവസം വൈകുന്നേരമായപ്പോഴയ്ക്ക് അദ്ദേഹം തൃക്കണ്ടിയൂരെത്തുകയും ഊട്ടിൽ ഊണുകഴിച്ചു രാത്രി ക്ഷേത്രത്തിന്നടുത്തുള്ള "തട്ടാരമ്പറമ്പത്തു്" എന്ന ഒരു മൂസ്സിന്റെ ഗൃഹത്തിൽ കയറിക്കിടക്കുകയും ചെയ്തു. അന്നു തനിയ്ക്കൊരു വിശിഷ്ടസന്താനോൽപ്പാദനത്തിന്നുള്ള യോഗമുണ്ടെന്നു ജ്യോതിശ്ശാസ്ത്രദൃഷ്ട്യാ അദ്ദേഹം അറിഞ്ഞിരുന്നു. വഴിയ്ക്കു പലേടത്തും ചുറ്റിത്തിരിഞ്ഞതുകൊണ്ടു് അന്നേയ്ക്കു സ്വഭവനത്തിൽ എത്തുന്നതിന്നു സാധിച്ചതുമില്ല. രാത്രിയിൽ അദ്ദേഹം അത്യാസന്നമായ ശുഭമുഹൂർത്തം നിഷ്ഫലമായിപ്പോകുമല്ലൊ എന്നു വിചാരിച്ചു വളരെ കുണ്ഠിതപ്പെട്ടു് ഇടയ്ക്കിടയ്ക്കു് ശയ്യയിൽ നിന്നെഴുന്നേറ്റു മുറ്റത്തിറങ്ങി ജ്യോതിർഗ്ഗോളങ്ങളെ നോക്കുകയും, വീണ്ടും ശയ്യയെത്തന്നെ ശരണം പ്രാപിയ്ക്കയും ചെയ്തുകൊണ്ടിരുന്നു. ആ ഗൃഹത്തൽ "തുഞ്ചത്ത്" എന്ന ചക്കാലവീട്ടിലെ ഒരു യുവതി ദാസിയായിത്താമസിച്ചിരുന്നു. ആ സ്ത്രീ നമ്പൂതിരിയുടെ അടുത്തുചെന്നു് ഈ അസ്വാസ്ഥ്യത്തിന്റെ കാരണമെല്ലാം ചോദിച്ചറിയുകയും, ദയവുചെയ്തു ആ സന്താനത്തിന്റെ മാതാവായിരിപ്പാനുള്ള ഭാഗ്യം തനിയ്ക്കു നൽകണമെന്നപേക്ഷിയ്ക്കുകയും അതനുസരിച്ച് ആ ശുഭമുഹൂർത്തത്തിൽ പരസ്പരാനുരക്തന്മാരായ അവർ രണ്ടാളും ഗാന്ധർവ്വമുറയ്ക്കനുസരിച്ചു വധൂവരന്മാരാ[ 28 ] യിത്തീരുകയും, ആ വഴിയ്ക്കു് എഴുത്തച്ഛന്റെ അവതാരത്തിന്നു സന്ദർഭം ലഭിയ്ക്കയും ചെയ്തു"
മറ്റുള്ള ഐതിഹ്യങ്ങളോടു തട്ടിച്ചുനോക്കുമ്പോൾ സംഭാവ്യതകൊണ്ടും, സമ്പ്രദായം കൊണ്ടും ഈ ഐതിഹ്യമാണു കുറച്ചധികം യുക്തമായിത്തോന്നുന്നതു്. അതുകൊണ്ടു മറ്റുവിധത്തിലുള്ള തെളിവുകൾ കിട്ടുന്നവരേയ്ക്ക് ഇതിനെ സ്വീകാൎയ്യമായി ഗണിപ്പാനെ നിൎവ്വാഹമുള്ളു.
പാരമ്പൎയ്യസിദ്ധമായ മുൻപറഞ്ഞ ഐതിഹ്യത്തിൽ നിന്നു എഴുത്തച്ഛന്റെ മാതാപിതാക്കന്മാർ ജാതിയിൽ ഇന്നവരായിരുന്നുവെന്നു് ഒരുവിധം മനസ്സിലാക്കുവാൻ സാധിയ്ക്കുന്നുണ്ടെങ്കിലും അവരുടെ പേരെന്തായിരുന്നുവെന്നറിവാൻ ഒരു മാർഗ്ഗവും കാണുന്നില്ല. "അമ്പേണമെന്മനസി ശ്രീനീലകണ്ഠഗുരു" എന്നു "ഹരിനാമകീർത്തന" ത്തിൽ എഴുത്തച്ഛൻ എഴുതിക്കാണുന്നതു തന്റെ പിതാവും ഗുരുവുമായ ശ്രീനീലകണ്ഠൻ നമ്പൂതിരിയെപ്പറ്റിയാണെന്നു് ഒരു പക്ഷമുണ്ടു്; പക്ഷെ ആ പക്ഷം തൃപ്തികരമായ തെളിവുകളില്ലാത്തതുകൊണ്ടു് ഇന്നും സാംശയികകോടിയിൽ ഗണിപ്പാനേ നിൎവ്വാഹമുള്ളു.
എഴുത്തച്ഛന്റെ നാമധേയവും എന്തായിരുന്നുവെന്നു തീർച്ചപറവാൻ വയ്യ. "അഗ്രജൻ മമ സതാം വിദുഷാമഗ്രേസരൻ മൽഗുരുനാഥനനേകാന്തേവാസികളോടും ഉൾക്കുരുന്നിങ്കൽ വാഴ്ക രാമനാമാചാൎയ്യനും മുഖ്യന്മാരായ ഗുരുഭൂതന്മാർ മറ്റുള്ളോരും" എന്നു് "അ[ 29 ] ദ്ധ്യാത്മരാമായണ" ത്തിന്റെ പ്രാരംഭത്തിൽ കാണുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ഗുരുവും ജേഷ്ടനുമായി "രാമൻ" എന്ന ഒരു പണ്ഡിതനുണ്ടായിരുന്നുവെന്നും, അദ്ദേഹത്തിന്റെ അനുജൻ എന്ന അർത്ഥത്തിൽ, എഴുത്തച്ഛന്റെ സാക്ഷാൽ പേർ പറവാൻ മടിയുള്ള ശിഷ്യന്മാർ "രാമാനുജൻ" എന്നു വിളിച്ചുവന്നുവെന്നും, ക്രമേണ ഈ പേർ ലബ്ലപ്രതിഷ്ഠമായിത്തീർന്നുവെന്നുമാണു ചിലർ പറയുന്നതു്; അദ്ദേഹം വിദേശങ്ങളിൽ സഞ്ചരിച്ചിരുന്നകാലത്തു് "രാമാനുജാചായ്യർ" എന്ന പ്രസിദ്ധ പണ്ഡിതന്റെ അടുത്തു വിദ്യാഭ്യാസം ചെയ്കയും, ആ മഹാഗുരൂവിന്റെ പേരിൽ തനിയ്ക്കുള്ള ഭക്തിബഹുമാനങ്ങളുടെ ലക്ഷ്യമായി അദ്ദേഹത്തിന്റെ പേർതന്നെ എഴുത്തച്ഛൻ സ്വീകരിയ്ക്കയും ചെയ്തുവെന്നുമുള്ള അഭിപ്രായക്കാരുമുണ്ട് "രാമാനുജൻ" എന്നതു് അദ്ദേഹത്തിന്റെ പേരല്ലെന്നും, ആ പേരിൽ അദ്ദേഹത്തിനു കുറെ പ്രസിദ്ധിയുണ്ടെന്നുമുള്ളതു തീർച്ചതന്നെ. എഴുത്തച്ഛന്റെ ശരിയായ പേർ "ശങ്കരൻ" എന്നായിരുന്നുവെന്നു് ജനസാമാന്യത്തിന്റെ ഇടയിൽ ഒരു ബോദ്ധ്യമുണ്ട്. "സൂയ്യനാരായണൻ" എന്നായിരുന്നുവെന്ന ഒരഭിപ്രായവും അടുത്തകാലത്തു് ആവിർഭവിച്ചിട്ടുണ്ടു്; ഏതായാലും ഇതിൽ തീർച്ചയായ ഒരഭിപ്രായം പുറപ്പെടീയ്ക്കുവാൻ തല്ക്കാലം നിർവ്വാഹമില്ലാതെയാണിരിയ്ക്കുന്നതു് [ 30 ]
പ്രകൃത്യാ വളരെ ബുദ്ധിമാനായിരുന്ന എഴുത്തച്ഛൻ അതിശൈശവത്തിൽത്തന്നെ തന്റെ അമാനുഷത്വത്തെ വെളിപ്പെടുത്തിയിരുന്നുവെന്നാണ് ഐതിഹ്യവേദികൾ പറയുന്നതു്. "തൃക്കണ്ടിയൂർ" "തിരുന്നാവായ" തുടങ്ങിയുള്ള മഹാക്ഷേത്രങ്ങളിൽ പ്രസ്തുത ബാലനെ സാധാരണയായിക്കൊണ്ടുപോയി തൊഴീപ്പിയ്ക്കാറുണ്ടായിരുന്നുവത്രെ. ഒരിയ്ക്കൽ തിരുന്നാവായ ക്ഷേത്രത്തിൽ (തൃക്കണ്ടിയൂർ ക്ഷേത്രത്തിലാണെന്നും ഒരു പക്ഷമുണ്ട്) വെച്ചു നമ്പൂതിരിമാർ വേദ പാരായണം ചെയ്യുന്നതു കേട്ടുകൊണ്ടിരുന്ന നമ്മുടെ ബാലൻ "കാട്" "കാട്" എന്നു പറഞ്ഞുവെന്നും, കുട്ടിയുടെ അമ്മയും മറ്റും ഇതിന്റെ സാരം മനസ്സിലായില്ലെങ്കിലും തങ്ങൾ പിഴച്ചു വേദം ചൊല്ലുന്നതിനേ ചൂണ്ടിക്കാണിച്ചാണു കുട്ടി ഇങ്ങിനെ പറഞ്ഞതെന്നു നമ്പൂതിരിമാർ മനസ്സിലാക്കിയെന്നും, ബാലന്റെ വൈഭവത്തിൽ അസഹിഷ്ണുക്കളായ അവർ മലരും പഴവും ജപിച്ചു കൊടുത്തു കുട്ടിയെ മന്ദബുദ്ധിയും മൂകനുമാക്കിത്തീർത്തുവെന്നുമാണു പറയപ്പെടുന്നത്. കുട്ടിയുടെ അച്ഛനായ നമ്പൂതിരി കുറേക്കാലം കഴിഞ്ഞശേഷം ഒരിയ്ക്കൽ തൃക്കണ്ടിയൂരിൽ വന്നപ്പോൾ തന്റെ പുത്രന്റെ ബുദ്ധിമാന്ദ്യത്തെക്കുറിച്ചു മനസ്സിലാക്കുകയും കുശാഗ്രബുദ്ധിയായ അദ്ദേഹം അതിന്രെ സൂഷ്മകാരണം മനസ്സിലാക്കി മന്ത്രത്തിന്റെ ഫലം കെടുത്തുവാനായി കുട്ടിയ്ക്കു [ 31 ] സാധാരണമദ്യംകൊടുത്തുകൊള്ളുവാനുപദേശിച്ചുവെന്നും, ഈ പ്രയോഗംകൊണ്ടു വീണ്ടും ബാലന്റെ ബുദ്ധിതെളിഞ്ഞു പ്രകാശിപ്പാൻ തുടങ്ങിയെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. കുട്ടിക്കാലത്ത് ഒരു ഔഷധമായി മാത്രം ശീലിച്ചുവന്ന ഈ മദ്യസേവനം ക്രമേണ വൎദ്ധിച്ചുവെന്നും, അദ്ദേഹം ആജീവനാന്തം ഒരു മദ്യപാനിയായിരുന്നുവെന്നും, പലരും വിശ്വസിച്ചുവരുന്നു. ഇത് ഒരു പക്ഷെ കൽപ്പിതകഥകളിൽ കൗതുകമുള്ള ജനാവലിയുടെ ഒരു വികൃതസൃഷ്ടിയായിരിക്കാം; അല്ലെങ്കിൽ തന്റെ സഹജീവികൾക്കു പൂൎണ്ണത്വം കൊടുക്കുന്നതിൽ മനുഷ്യനുള്ള വൈമനസ്യത്തിന്റെ ഫലമായുണ്ടായിട്ടുള്ള ഒരു ദുസ്സന്താനമാണെന്നും വരാം; അഥവാ പല മഹാന്മാർക്കും കാണാറുള്ള ചില പ്രബലദോഷങ്ങൾപോലെ ഇതദ്ദേഹത്തിന്നുണ്ടായിരുന്ന ഒരു ദോഷമായിക്കൂടെന്നുമില്ല. ഏതായാലും എഴുത്തച്ഛന്റെ ചരിത്രത്തോടു കൂടി ഇങ്ങിനെ ഒരു കഥ ജനങ്ങൾ പറഞ്ഞുവരാറുണ്ടെന്നുള്ളതു മറയ്ക്കത്തക്കതല്ല.
എഴുത്തച്ഛന്റെ പ്രധാന ഗുരു ആരാണെന്നറിവാൻ മാർഗ്ഗമില്ലതെയാണിരിക്കുന്നത്. അദ്ദേഹത്തെ ആദ്യം വിദ്യാഭ്യാസം ചെയ്യിച്ചത അച്ഛനായ ശ്രീ നീലകണ്ഠൻ നമ്പൂതിരി തന്നെയാണെന്നാണു കേട്ടിട്ടുള്ളത്. "അമ്പേണമെന്മനസി ശ്രീനീലകണ്ഠഗുരു" [ 32 ] എന്നദ്ദേഹം "ഹരിനാമകീർത്തന"ത്തിൽ പറഞ്ഞിട്ടുള്ളത് ഈ മഹാനെ അനുസ്മരിച്ചാണത്രെ. "അഗ്രജൻ മമസതരം" എന്നു തുടങ്ങിയുള്ള മുമ്പുദ്ധരിച്ച "അദ്ധ്യാത്മരാമായണ"ത്തിലെ പ്രസ്താവം കൊണ്ടു സൽഗുണസമ്പന്നനും മഹാവിദ്വാനുമായി പറയപ്പെടുന്ന ഈ ജ്യേഷ്ഠൻ അദ്ദേഹത്തിന്റെ ഒരു ഗുരുവാണെന്ന് അനായാസേന മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട്. വിദേശങ്ങളിൽ വെച്ചും അദ്ദേഹത്തിന്നു പലവിഷയങ്ങളിലുമായി പലഗുരക്കന്മാരുമുണ്ടായിരിക്കണം. അതിൽ ഒരു പക്ഷെ, രാമാനുജാചാര്യർ പ്രധാനിയായിരിക്കാം. വേദാന്തം, സാഹിത്യം, യോഗം തുടങ്ങിയുള്ള പല വിഷയങ്ങളിലും അഗാധമായ ജ്ഞാനം സിദ്ധിച്ചിട്ടുള്ള അദ്ദേഹത്തിന്ന് പല ഗുരുക്കന്മാരുമുണ്ടായിരുന്നുവെന്നൂഹിപ്പാനാണധികം യുക്തി. എന്നാൽ അവരിൽ ചിലരുടെ പേരുകൾ മാത്രം -അതു തന്നെ അവ്യക്തമായ രീതിയിൽ- അദ്ദേഹത്തിന്റെ പ്രസ്താവനകളിൽ നിന്നു മനസ്സിലാക്കുവാനേ സാധിക്കുന്നുള്ളു.
എഴുത്തച്ഛൻ ഇരുപതാമത്തെ വയസ്സിനു മേൽ മുപ്പതു വയസ്സിനുള്ളിൽ വിദേശസഞ്ചാരം കഴിഞ്ഞു മടങ്ങിയെത്തിയെന്നും പിന്നീട് സ്വദേശത്ത് ഒരെഴുത്തുപള്ളി കെട്ടി കുട്ടികളെ പഠിപ്പിപ്പാൻ തുടങ്ങിയെന്നുമാണ് പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ളത്. വിദേശസഞ്ചാരത്തിൽ അദ്ദേഹത്തിന്ന് ഉൽകൃഷ്ടവിദ്യാഭ്യാസവും ലോകപരിചയവും സിദ്ധിപ്പാനും, "തമിഴ്" "തെലുങ്ക്" മുതലായ ദ്രാവിഡസാഹിത്യങ്ങളോടു ധാരാളമായി ഇട [ 33 ] പഴകുന്നതിനും സാധിച്ചിരിയ്ക്കണം. "കിളിപ്പാട്ട്" എന്ന ഒരു അഭിനവപ്രസ്ഥാനം നിൎമ്മിയ്ക്കുന്നതിന്നുതന്നെ ഈ പരിചയം സഹായിച്ചിരിയ്ക്കണമെന്നാണ് ഭാഷാ ചരിത്രകാരന്മാരഭിപ്രായപ്പെടുന്നത്. എഴുത്തച്ഛൻ വലിയ വിദ്യാസമ്പന്നനായി മടങ്ങിവന്നിട്ടുകൂടി അസൂയാലുക്കളായ ചില നമ്പൂതിരിമർ അദ്ദേഹത്തെ അവഹേളനപുരസ്സരം ആക്ഷേപിച്ചുകൊണ്ടിരുന്നുവത്രെ. ബാല്യത്തിൽത്തന്നെ അങ്കുരിതമായ അവരുടെ അസൂയ എഴുത്തച്ഛന്റെ ക്രമപ്രവൃദ്ധമായ ഉൽക്കൎഷത്തോടുകൂടി പല്ലവിതമാകുവാനും പുഷ്പിപ്പാനും തുടങ്ങി. എഴുത്തച്ഛൻ ജാതിയിൽ ഒരു "ചക്കാല" നായരായിരുന്നതിനെ സൂചിപ്പിച്ചുംകൊണ്ട് അവർ "തുഞ്ചന്റെ ചക്കിൽ എത്ര ആടും" എന്നു ചോദിച്ചിരുന്നുവെന്നും, അതിന്നദ്ദേഹം, താൻ ചക്കാലനാണെങ്കിലും തനിയ്ക്കു നാലുവേദവും ആറു ശാസ്ത്രവും അറിയാമെന്ന അൎത്ഥത്തിൽ "അടിയന്റെ ചക്കിൽ നാലും ആറും ആടും" എന്നു മറുപടി പറഞ്ഞിരുന്നുവെന്നും മറ്റും ഐതിഹ്യവേദികൾ പറയുന്നു. "ഒന്നുകൊണ്ടറിയേണം രണ്ടിന്റെ ബലാബലം" എന്നു തുടങ്ങിയുള്ള ഭാരതത്തിലെ വരികളെ കളിയാക്കി ചില രസികന്മാരായ നമ്പൂതിരിമാർ "രണ്ടുകൊണ്ടറിയേണം മൂന്നിന്റെ ബലാബലം പിന്നെ നാലിനെയഞ്ചാൽ വശത്തു വരുത്തേണം" എന്നീ രീതിയിൽ ഒരു തടിച്ച ഗ്രന്ഥം നിറയുംവരെ എഴുതിയുണ്ടാക്കി എഴുത്തച്ഛൻ കാണിച്ച് അദ്ദേഹത്തോടതിന്റെ ഗുണദോഷങ്ങളെപറ്റി ചോദിയ്ക്കയുണ്ടായെന്നും കേ [ 34 ] ട്ടിട്ടുണ്ട്. "ശൂദ്രമക്ഷരസംയുക്തം ദൂരതഃപരിവർജ്ജയേൽ" എന്ന മതത്തിനു കുറച്ചധികം പ്രാധാന്യമുണ്ടായിരുന്ന ഒരു കാലത്തു വേദവേദാന്താദികളിൽ ഒരു ശൂദ്രൻ പരിശ്രമിക്കുന്നതിൽ വേദാധികാരികളായ ചില നിമ്പൂതിരിമാർക്ക് അസഹിഷ്ണുതയുണ്ടായിയെന്നു പറയുന്നത് അസ്വാഭാവികവും അസംഭാവ്യവും ആയിക്കൊള്ളണമെന്നില്ല. എന്നാൽ ഏതു രാജ്യത്തും ഏതു സമുദായത്തിലും മഹാമനസ്കന്മാരും അല്പബുദ്ധികളും ഉണ്ടാവുന്നതു സാധാരണയാണ്. എഴുത്തച്ഛന്റെ യഥാർത്ഥയോഗ്യതകൾ കണ്ടറികയും ബഹുമാനിക്കയും ചെയ്യുന്നതിനും അല്പം ചിലർ അവിടെ ഇല്ലാതിരുന്നില്ല. അവരിൽ അദ്വിതീയനത്രെ മഹാകവിയും മഹാനുഭാവനുമായ മേൽപ്പത്തൂർ ഭട്ടതിരി. ഏതായാലും മഹാമനസ്കനായ എഴുത്തച്ഛന്നു ബ്രാഹ്മണരുടെ നേരെ സീമാതീതമായ ഭക്തിയുണ്ടായിരുന്നുവെന്നതു തീർച്ചതെന്നെ. അതിന്നു, താഴെ കാണുന്ന അദ്ദേഹത്തിന്റെ സൂക്തികൾ ലക്ഷ്യങ്ങളുമാണ്:-
"കാരണഭൂതന്മാരാം ബ്രാഹ്മണരുടെ ചര-
ണാരുണാംബുജലീനപാംസുസഞ്ചയം മമ
ചേതോദൎപ്പണത്തിന്റെ മാലിന്യമെല്ലാം തീൎത്തു
ശോധനം ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ"
"വേദത്തിന്നാധാരഭൂതന്മാരിക്കാണായോരു
ഭൂദേവപ്രവരന്മാർ തദ്വരശാപാദികൾ
ധാതൃശങ്കരവിഷ്ണുപുമുഖന്മാൎക്കും മതം
വേദജ്ഞോത്തമന്മാർ മാഹാത്മ്യങ്ങളാൎക്കു ചൊല്ലാം"
"കരുണാചിത്തന്മാരാം ധരണീസുരവൃന്ദ-
ചരണാംഭോരുഹത്തെശ്ശരണം പ്രാപിക്കുന്നേൻ"
മേലുദ്ധരിച്ച വരികളിൽ നിന്നു വേദജ്ഞോത്തമന്മാരായ മഹാബ്രാഹ്മണർക്ക് എഴുത്തച്ഛന്റെ ഹൃദയത്തിലുണ്ടായിരുന്ന സ്ഥാനമേതായിരുന്നുവെന്ന് വെളിവാകുന്നുണ്ട്. സംസ്കൃതസാഹിത്യത്തിൽ കേവലം നിരക്ഷരകുക്ഷികളായ അന്നത്തെ കേരളീയരെ ഭക്തിമാർഗ്ഗത്തിലേക്കു നയിക്കണമെന്ന ഏക ഉദ്ദേശ്യത്തിൻപേരിലാണ് അദ്ദേഹം ഭഗവൽകഥകൾ പരിഭാഷപ്പെടുത്തുവാൻ തുടങ്ങിയത് അങ്ങിനെയല്ലാത്തപ്പക്ഷം "മഹാഭാരത"ത്തിലടങ്ങിയ ശ്രീമൽ "ഭഗവൽഗീത" മാത്രം വിട്ടുകളയുന്നതിനു വഴിയില്ല. ആരണകുലസ്വത്താണെന്നനിലക്ക് അതിനെ ഉപേക്ഷിക്കയാണദ്ദേഹം ചെയ്തിരിക്കുന്നത്. "ഉഴറിയരുളിന മൊഴികളുപനിഷത്താകയാലോതിനാർ ഗീതയെന്നാദരാൽ ജ്ഞാനികൾ" എന്നു മാത്രമെ അദ്ദേഹം ഗീതയെ പറ്റി പറയുന്നുള്ളു. അദ്ധ്യാത്മരാമായണത്തിന്റെ ആദിയിൽ എഴുതീട്ടുള്ള 'പാദസേവകനായ ഭക്തനാം ദാസൻ ബ്രഹ്മപാദനജ്ഞാനിനാമാദ്യനായുള്ളോരു ഞാൻ വേദസമ്മിതമായ് മുമ്പുള്ള ശ്രീരാമായണം ബോധഹീനന്മാർക്കറിയാംവണ്ണം ചൊല്ലീടുന്നേൻ*** വേ [ 36 ] ദശാസ്ത്രങ്ങൾക്കധികാരിയല്ലെന്നതോൎത്തു ചേതസി സർവ്വം ക്ഷമിച്ചീടുവിൻ കൃപയാലെ". ഇത്യാദി ഭാഗങ്ങൾ രാമായണാദി ഗ്രന്ഥങ്ങൾ പരിഭാഷ പ്പെടുത്തുന്നതിൽ ത്തന്നെ അദ്ദേഹത്തിന്നല്പം ശങ്കയുണ്ടായിരുന്നുവെന്നു തെളിയിക്കുന്നുണ്ട്.
എഴുത്തച്ചന്റെ സ്നേഹിതന്മാരും പരിചയക്കാരും ആരെല്ലാമായിരുന്നുവെന്ന് അധികമായൊന്നും അറിവാൻ സാധിച്ചിട്ടില്ല. "മനക്കോട്ടു ബലരാമൻ" എന്നൊരു ശൂദ്രപ്രഭു അദ്ദേഹത്തിന്നൊരു ബന്ധുവായുണ്ടായിരുന്നു വെന്നും, ആ പ്രഭുവിൽ നിന്നാണ് മഹാകവിയ്ക്ക് വിദേശസഞ്ചാരത്തിന്നു ധനസഹായം കിട്ടീട്ടുള്ളതെന്നും മറ്റും ഭാഷാചരിത്രകാരനായ മിസ്റ്റർ ഗോവിന്ദപ്പിള്ളയും, അദ്ദേഹത്തെ തുടർന്ന് മറ്റു ചിലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
"മനക്കോട്ടുവാഴും മഹാമാനശാലി
മനക്കാമ്പിലേറ്റം കൃപാവാരിരാശി
എനിക്കാശ്രയം ബാലരാമാഭിധാനൻ
നിനയ്ക്കുന്നതെല്ലാം വരുത്താൻ കരുത്തൻ.
കലാവിദ്യകൾക്കേകമാധാരഭൂതൻ
കലാചാരഭേദം ഗ്രഹിക്കുന്ന വിദ്വാൻ"
എന്നീ "ശിവപുരാണ"ത്തിലെ വരികളാണ് അവൎക്ക് ഈ അഭ്യൂഹത്തിന്നു സാധകങ്ങളായി നിൽക്കുന്നത്; എന്നാൽ "ശിവപുരാണം" തന്നെ എഴുത്തച്ഛന്റെ കൃതിയല്ലെന്നുള്ളത് ഇന്നു മിക്കവാറും പ [ 37 ] ണ്ഡിതസമ്മതമായിക്കഴിഞ്ഞിട്ടുള്ള സ്ഥിതിക്കു പ്രസ്തുത ശൂദ്രപ്രഭുവുമായിട്ടുള്ള എഴുത്തച്ഛന്റെ ബന്ധം ശിഥിലമായിപ്പോകയാണു ചെയ്യുന്നത് മഹാകവി മേല്പത്തൂർ ഭട്ടതിരിയും അദ്ദേഹവുമായുള്ള പരിചയവും ബന്ധവും അശിഥിലമായിട്ടുള്ളതുതന്നെയാണ്. പരമഭക്തനും, മഹാവിദ്വാനും, മഹാകവിയുമായ എഴുത്തച്ഛന്റെ ഗുണങ്ങൾ കണ്ടറിവാനും അഭിനന്ദിപ്പാനും മേല്പത്തൂരിനെപ്പോലെ അടുത്ത് മറ്റൊരാളുണ്ടാവുകയെന്നതുതന്നെ അസംഭാവ്യമായി തോന്നുന്നു. ഇവർ രണ്ടാളും സമീപസ്ഥന്മാരും, മനസ്ഥിതിക്ക് അത്യന്തം ഐകരൂപ്യമുള്ളവരുമായിരുന്നതിനാൽ പരസ്പരം കണ്ടു പരിചയിക്കുന്നതിനും ആ പരിചയം വലിയ സ്നേഹബന്ധത്തിൽ കലാശിക്കുന്നതിന്നും ഇടയുണ്ട്. "അമ്പലപ്പുഴരാജാവുമായി എഴുത്തച്ഛനെ പരിചപ്പെടുത്തിയതു തന്നെ ഭട്ടതിരിയാണെന്നാണു കേട്ടുകേൾവി. എഴുത്തച്ഛൻ അമ്പലപ്പുഴരാജാവിന്റെ ആവശ്യപ്രകാരം അദ്ധ്യാത്മരാമായണം ഗ്രന്ഥം ആർയ്യഎഴുത്തിൽ പകർത്തിയെഴുതുകയും അതോടുകൂടിത്തന്നെ രാമായണം കിളിപ്പാട്ട് ഉണ്ടാക്കുകയും ചെയ്തുവെന്നാണല്ലോ രാമായണനിർമ്മാണത്തെപ്പറ്റിയുള്ള ഐതിഹ്യം. ഈ കിളിപ്പാട്ട് അദ്ദേഹം അമ്പലപ്പുഴരാജാവിന്റെ വിദ്വൽസദസ്സിൽവെച്ച് വായിച്ചപ്പോൾ ഭട്ടതിരി, "തുഞ്ചൻ ഈ മനോഹരമായ പാട്ട് ഇങ്ങിനെ മുഴുവനും ചീന്തിക്കളഞ്ഞുവല്ലോ" എന്നു പറഞ്ഞുവെന്നും, അപ്പോൾ എഴുത്തച്ഛൻ " അടിയൻ കാണുന്നവ [ 38 ] രിലധികം പേരും വിവസ്ത്രന്മാരാണ്; പിന്നെ എങ്ങിനെയാണ് ഇതു ചീന്തിക്കൊടുക്കാതെ പട്ടാണെന്നും വിചാരിച്ചുവെച്ചുകൊണ്ടിരിക്കുന്നത്?" എന്നു ചോദിച്ചുവെന്നും മറ്റും ഐതിഹ്യവേദികൾ സാധാരണ പറയാറുണ്ട്. വാതരോഗബാധിതനായ മേല്പത്തൂർ ഗത്യന്തരം കാണാതെ, തന്റെ രോഗനിവാരണത്തിനുള്ള വഴിയെന്താണെന്ന് എഴുത്തച്ഛനോടു ചോദിച്ചുവരുവാൻ ആളേ പറഞ്ഞയച്ചുവെന്നും, അപ്പോൾ എഴുത്തച്ഛൻ "അദ്ദേഹത്തോടു മത്സ്യംതൊട്ടുകൂട്ടുവാൻ പറക" എന്ന് മറുവടി പറഞ്ഞയച്ചുവെന്നും, കുശാഗ്രബുദ്ധിയായ ഭട്ടതിരി ഈ സന്ദേശത്തിന്റെ തത്വം മനസ്സിലാക്കിയാണ് മത്സ്യാദ്യവതാരവർണ്ണനാത്മകമായ "നാരായണീയം" നിർമ്മിച്ചതെന്നും മറ്റുമുള്ള കഥ സുപ്രസിദ്ധമാണ്. ഈ രണ്ടു മഹാന്മാരുംകൂടി പലേടത്തും സഞ്ചരിയ്ക്കയും സഹവസിക്കയും ചെയ്തിട്ടുണ്ടായിരിക്കുമെന്നും തോന്നുന്നു. ഒന്നു മറ്റൊന്നിലേക്കു സക്രമിച്ചതാണെന്ന് ഊഹിക്കത്തക്കവണ്ണം ഭട്ടതിരിയുടെ "സുഭദ്രാഹരണം" ചംബുവിന്നും, എഴുത്തച്ഛന്റെ ഭാരതത്തിലെ "സുഭദ്രാഹരണ"ത്തിന്നും തമ്മിൽ ചിലേടത്ത് ഗണ്യമായ ഐക്യം കാണുന്നുണ്ടെന്നുള്ളതും ഇവിടെ പ്രസ്താവയോഗ്യമാണ്. ഭട്ടതിരിയെ കൂടാതെ അമ്പലപ്പുഴെ പണ്ഡിതസദസ്സിലെ അംഗങ്ങളായും മറ്റും പല പണ്ഡിതന്മാരും മഹാരാജാക്കന്മാരും എഴുത്തച്ഛന്റെ സ്നേഹിതന്മാരും അദ്ദേഹത്തിൽ ഭക്തിബഹുമാനങ്ങളുള്ളവരും ആയി ഉണ്ടായിരുന്നിരിക്കണം. [ 39 ]
എഴുത്തച്ഛൻ തന്റെ അന്ത്യകാലം നയിച്ചത് "ചിറ്റൂർ ഗുരുമഠ"ത്തിൽ വെച്ചാണെന്നാണു കേട്ടിട്ടുള്ളത്. അദ്ദേഹം പലദിക്കിലും സഞ്ചരിച്ച കൂട്ടത്തിൽ ഒരിക്കൽ പ്രകൃതിമനോഹമായ പ്രസ്തുതസ്ഥലത്തും ചെന്നുവെന്നും "പഞ്ചവടി"ക്കു തുല്യമായ ആ സ്ഥലത്തിന്റെ മഹാത്മ്യത്താലാകൃഷ്ടനായി അവിടെയിരുന്നു തന്റെ അവശിഷ്ടജീവിതം കഴിപ്പാൻ തീർച്ചയാക്കിയെന്നും തദ്ദേശീയർ പറയുന്നു. ഈ മഠം നിൽക്കുന്നത് കൊച്ചിശ്ശീമ കിഴക്കൻ ചിറ്റൂരിൽ "ശോകനാശിനി" (ഈ നദിയാണു പിന്നീടു ഭാരതപ്പുഴയായി മാറുന്നത്) എന്ന പരിശുദ്ധനദിയുടെ വടക്കെ കരയിലാണ്. എഴുത്തച്ഛൻ അവിടെച്ചെന്നപ്പോൾ, ഇപ്പോൾ മഠവും അഗ്രഹാരവും നിൽക്കുന്ന സ്ഥലം മുഴുവൻ കാടായിരുന്നു. അദ്ദേഹം അന്ന് ചിറ്റൂർ നാടുവാഴിയായിരുന്ന "ചമ്പത്തിൽ മന്നാടിയാരോ"ട് ഈ സ്ഥലം നാലായിരം പണം കൊടുത്തു വാങ്ങി കാടുവെട്ടിച്ച് നദീതീരത്ത് ഒരു ശ്രീരാമക്ഷേത്രവും ശിവക്ഷേത്രവും നിർമ്മിയ്ക്കുകയും, ശ്രീരാമക്ഷേത്രത്തിന്റെ മുൻവശത്തു കിഴക്കുപടിഞ്ഞാറു രണ്ടുവരിയായി പന്ത്രണ്ടു ഗൃഹങ്ങൾ നിർമ്മിച്ച് അതിൽ പന്ത്രണ്ടു പരദേശബ്രാഹ്മണകുടുംബങ്ങളെ കൊണ്ടുവന്നു കുടിയിരുത്തുകയും, തെക്കെ വരിയിൽ കിഴക്കേ അറ്റത്തു തനിക്കിരുന്ന് ഈശ്വരഭജനംചെയ്‌വാനും മറ്റുമായി ഒരു മഠം കൂടി പണിയിക്കുകയും ചെയ്തു. [ 40 ] ക്ഷേത്രത്തിന്നും അഗ്രഹാരനിൎമ്മാണത്തിനും മറ്റുമായാണു തന്നോടുവാങ്ങിയ സ്ഥലം വിനിയോഗിക്കുന്നതെന്നു കണ്ടപ്പോൾ, ചമ്പത്തിൽ മന്നാടിയാർ അതിന്റെ വിലയായി വാങ്ങിയിരുന്ന ൪000. പണവും ക്ഷേത്രത്തിന്റെ നടക്കൽ കൊണ്ടുപോയി വെക്കുകയും, അപ്പോൾ എഴുത്തച്ഛൻ അതെടുത്ത് ഓരോരുത്തരും കൊല്ലത്തിൽ ൯൦ പറ നെല്ലുവീതം പലിശ കൊടുക്കത്തക്കവണ്ണം, കൊച്ചിസ്സൎക്കാരിലും, "ചമ്പത്തി"ലും "വടശ്ശേരി"യും, "എഴുവത്തും" ൧൦൦൦. പണം വീതം കൊടുത്തേല്പിക്കുകയും ആണ് ഉണ്ടായത്.
മേൽപ്രസ്താവിച്ച സംഗതികൾക്കടിസ്ഥാനമായിട്ടു ഗുരുമഠത്തിൽ നിന്നു കണ്ടുകിട്ടിയ നാലു പദ്യങ്ങൾ കൂടിയുണ്ട്. ഇവ എഴുത്തച്ഛന്റെ സമകാലീനന്മാരായ ശിഷ്യന്മാരോ അദ്ദേഹത്തിന്റെ അടുത്തകാലത്തു ജീവിച്ചിരുന്നവരാരെങ്കിലുമോ എഴുതിവെച്ചതായിരിക്കുമെന്നു വിചാരിക്കുന്നു. അപൂൎണ്ണങ്ങളായിരുന്ന ഇവയെ യുക്ത്യാനുസരണം പൂരിപ്പിച്ചിട്ടുള്ളത് ഇവിടത്തുകാരായ ചില കാരണവന്മാരാണ്. പദ്യങ്ങൾ താഴെ ചേർക്കുന്നു:-
൧. ആചാര്യഃ പ്രഥമം നദീം അവമിദം ദൃഷ്ട്വാ
(മുദം) പ്രാപ്തവാൻ
നദ്യാസ്തീം (വനപ്രദേശ) വസതിം നിശ്ചിത്യ
ശിഷ്യൈസ്സമം
ലബ്ധ്വാ തദ്വനമത്രദേശപതിഭിഃഛിത്വാ
(സമസ്തം ഗുരൂ)
"രാമാനന്ദപുരാ"ഭിധം ദ്വിജഗൃഹൈർ-
ഗ്രാമം ചകാരാലയൈഃ".
(ആചാര്യൻ നദിയും വനവും കണ്ടു സന്തുഷ്ടനായി ശിഷ്യന്മാരോടുകൂടി അവിടെ പാൎക്കുവാൻ നിശ്ചയിക്കയും, നാടുവാഴിയോടു സ്ഥലം വാങ്ങി കാടു വെട്ടിത്തെളിച്ചു ബ്രാഹ്മണാലയങ്ങളും ദേവാലയങ്ങളുംകൊണ്ട് "രാമാനന്ദപുരം" എന്ന ഒരു ഗ്രാമം നിൎമ്മിക്കയും ചെയ്തു)
2.പൂർവ്വേചിഞ്ചാഖ്യകുല്യാ വരുണദിശിതഥാ
പത്രചര്യാ പഥാന്തം
യാമ്യേനദ്യൂത്തരാദുത്തരദിശി നിധനക്രോഡ-
കേദാരകാന്തം
അസ്മിൻ ദേശേ മഹാത്മാ(വിബു) (ധ)ജാന(വരഃ)
സൂര്യനാരായണാഖ്യഃ
സമ്പദ്വേശ്മാധിനാഥാദുദകമ(ഥ) (സ) ജ (ഗ്രാ)-
ഹ കാരുണ്യസിന്ധുഃ)
(സൂര്യനാരായണനെഴുത്തച്ഛൻ ചമ്പത്തിൽ കാരണവരോട്, കിഴക്ക് പുളിങ്കോൽതോടും, പടിഞ്ഞാറു പട്ടഞ്ചേരിപ്പാതയും, തെക്കു നദിയുടെ വടക്കേ കരയും, വടക്കു കൊല്ലംകോട്ടു പാടവും അതിർത്തികളായ ഈ സ്ഥലം തീരു വാങ്ങി)
3.രാമാനന്ദാഗ്രഹാരെ പ്രഥമമിഹ ശിവം സാം-
ബമൂർത്തിം സവർഗ്ഗം
സാക്ഷാദ്വിഷ്ണും ച രാമം
ദ്വിജകുലനിപു-
ണൈ:(സ്ഥാപയാമാസ) സൂൎയ്യ:
(ദ) ദ്ധ്നാ (പ്യ)ന്നം
സസർപ്പിഃസധനഗൃഹഗണം
ഭൂസുരേഭ്യോ ദദൗ (സഃ)
നാകസ്യാ നൂന സൗഖ്യം ധ്രുവമിതിമനന-
സ്യാസ്പദം ഭൂമി (ദാനം)
സൂര്യനാരായണൻ ഈസ്ഥലത്തു മഹാബ്രാഹ്മണ രെക്കൊണ്ടു സാംബശിവനേയും ശ്രീരാമനേയും പ്രതിഷ്ഠ കഴിപ്പിക്കുകയും മൃഷ്ടാന്ന ഭോജനത്തോടും ധനത്തോടും മഠങ്ങളോടും കൂടി ഭൂമി ദാനം ചെയ്കയും ചെയ്തു.
4. സമ്പൽ (ക്ഷത്ര) മഹിശസപ്തതി വട-
ശ്ശേര്യാഖ്യഗേഹേഷ്വസൗ
ദത്വൈകൈകസഹസ്രകം പണധനം
വൃദ്ധ്യർത്ഥമഭ്യർച്ചിതും
രാമാനന്ദപുരാലയെ (ദിശ)നവത്യേകൈക-
ധാന്യാഢകം
പ്രത്യബ്ദന്തു (പറാ)ഖ്യമിത്യനുമതിം തേഭ്യ-
പ്രതിജ്ഞാപിതഃ
പൂജാദികൾ നടത്തുന്നതിന്നുവേണ്ടി ചമ്പത്തിലും കൊച്ചിസൎക്കാരിലും എഴുവത്തും വടശ്ശേരിയും കൊല്ലത്തിൽ ഓരോരുത്തരിൽ നിന്നു 90 പറനെല്ല് പലിശ വരത്തക്കവണ്ണം ആയിരം പണംവീതം അദ്ദേഹം കൊടുത്തേൽപ്പിച്ചു.)
ഗുരുമഠത്തിൽ വെച്ചു സമാധിയടഞ്ഞ ഒരു ഗുരുവിന്റെ മൃതശരീരം അടക്കംചെയ്ത സ്ഥലം മുകൾഭാഗം വൃത്തിയായി വൃത്താകാരത്തിൽ പണിചെയ്തിട്ടുള്ള കരിങ്കല്ലുകൊണ്ടു മൂടിവെച്ചിരിയ്ക്കുന്നു. അതിന്റെ അടുത്തു കിഴക്കുഭാഗത്തു പീഠത്തിന്മേൽ സാക്ഷാൽ തുഞ്ചത്താചാര്യരുടെ വെള്ളികൊണ്ടു പൊതിഞ്ഞിട്ടുള്ള ഒരു [ 43 ] ജോടി മെതിയടിയും വെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു യോഗദണ്ഡും അവിടെ പരിഷ്കരിച്ചു വെച്ചിരിക്കുന്നു. ൧൦൪൩-ൽ ഉണ്ടായ അഗ്നിബാധനിമിത്തം ഗുരുമഠവും, ചില ഭവനങ്ങളും, പല വിശിഷ്ടഗ്രന്ഥങ്ങളും നശിച്ചുപോയി! അന്ന് അമൂല്യങ്ങളായ പല ചരിത്രാവശിഷ്ടങ്ങളും നഷ്ടപ്പെട്ടുപോയിരിക്കണം. മുൻപ്രസ്താവിച്ച പരിപാവനവസ്തുക്കളെങ്കിലും നശിക്കാതെ കിട്ടിയതു കേരളീയരുടെ അതിഭാഗ്യം നിമിത്തമെന്നേ പറയേണ്ടു.
പ്രസ്തുതമഠത്തിൽ എഴുത്തച്ഛന്റെ ശിഷ്യപരമ്പരയിൽപ്പെട്ട പല മഹാന്മാരും താമസിച്ചു ഗുരുപാദുകങ്ങളിൽ പൂജചെയ്തിരുന്നുവെന്നാണറിയുന്നത്. ഇവിടുത്തെ ചില കാരണവന്മാർ ചൊല്ലാറുള്ളതും അജ്ഞാതകർത്തൃകവുമായ ഒരു പദ്യം ഈ സംഗതിയെ തെളിയിക്കുന്നുമുണ്ട്. ആ പദ്യമാണിത്:-
വന്ദേ നിത്യമഖണ്ഡപൂൎണ്ണമമലം
തുഞ്ചത്തെഴും ശ്രീഗുരും
വന്ദേ ശ്രീ "കരുണാകരം" ച "പരമം"
ശ്രീ "സൂൎയ്യനാരായണം"
വന്ദേ "ദേവ" "ഗുരും" പരാപരഗുരും
"ഗോപാലക" ശ്രീഗുരും
വന്ദേഹം ഗുരുസമ്പ്രദായമനിശം
വന്ദേസമസ്താൻ ഗുരൂൻ
അഗ്നിബാധയുണ്ടായശേഷം ഏതാണ്ട് ഇരുപത്തഞ്ചു കൊല്ലത്തോളം ഗുരുമഠം അനാഥ [ 44 ] മായ നിലയിൽത്തന്നെ കിടന്നു. ൧൦൬൮-ൽ ചിറ്റൂർ "ഭീമത്ത് ഗുരുദാസൻ" കോപ്പുമേനവൻ എന്ന ആൾ കൊച്ചിസൎക്കാരിൽനിന്ന് ആവശ്യമുള്ള തേക്കുമരം അപേക്ഷിച്ചുവാങ്ങുകയും മഠംപണിയ്ക്കാരംഭിക്കയും ചെയ്തു. ഈ ഭക്തോത്തമന്റെ പണവും പരിശ്രമവും ഗുരുമഠത്തെ ഇന്നു കാണുന്ന നിലയിലെത്തിക്കുന്നതിന്ന് ഒട്ടേറെ സഹായിച്ചിട്ടുണ്ട്. എഴുത്തച്ഛന്റെ മെതിയടിയും യോഗദണ്ഡും പരിഷ്കരിച്ച്, ഗംഗാസ്നാനം, ഗയാശ്രാദ്ധം മുതലായ സൽക്കർമ്മങ്ങൾ ചെയ്തു മഠത്തിൽ കൊണ്ടുവന്നു പ്രതിഷ്ഠിച്ചതും ഇദ്ദേഹംതന്നെയാണ്.
എഴുത്തച്ഛൻ മഹാസമാധി പ്രാപിച്ചത് ധനുമാസം (കൊല്ലം നിശ്ചയമില്ല) ഉത്രം നക്ഷത്രത്തിലാണ്; ഇന്നും "രാമാനുജജയന്തി" കൊണ്ടാടുന്നത് ഈ ദിവസത്തെ ആസ്പദിച്ചാണ് ഗുരുമഠം കുറെക്കാലം അനാഥാവസ്ഥയിൽ കിടന്നുവെങ്കിലും, "ഗുരുമഠത്തിൽ ആരാധന" എന്നു പറഞ്ഞുവരുന്ന ഉത്രം നാളിലെ ചരമദിനകൃത്യങ്ങൾ അദ്ദേഹത്തിന്റെ നിൎയ്യാണത്തിന്നുശേഷം നാളിതുവരേയും മുടങ്ങാതെ നടന്നുവന്നിട്ടുണ്ട്.
ശുഭമുഹൂൎത്തത്തിൽ സ്ഥാപിച്ച ചിറ്റൂർഗ്രാമം ഇന്ന് വളരെ പരിഷ്കൃത നിലയിലെത്തിയിരിക്കുന്നു. ഗൃഹങ്ങളുടെ സംഖ്യ ൧൨-ൽ നിന്ന് ഏതാണ്ട് ൧൭൦-ൽ പരമായി വൎദ്ധിച്ചിട്ടുണ്ട്. നല്ലനിലയിൽ നടത്തപ്പെട്ടുവരുന്ന ഒരു വൈദിക (Vedic Sanskrit College) സംസ്കൃതമഹാപാഠശാല, ഒരു ഭജനമഠം, രണ്ടുമൂന്നു ബാങ്കുകൾ, ക്ഷേത്രങ്ങൾ എന്നു തുടങ്ങി പൊതുജനോ [ 45 ] പകാരപരങ്ങളായ പല ഏർപ്പാടുകളും ഇവിടെയുണ്ട് ഈ സ്ഥലം ഇപ്പോൾ വിദ്യകൊണ്ടും, പരോപകാരതല്പരതകൊണ്ടും സാമ്പത്തികാഭിവൃദ്ധികൊണ്ടും മറ്റും പ്രസിദ്ധന്മാരായ അനേകം ബ്രാഹ്മണരുടെ നിവാസസ്ഥലമാണ്.
എഴുത്തച്ഛൻ സ്ഥാപിച്ച ശ്രീരാമസ്വാമിക്ഷേത്രത്തിലേക്ക് ഇപ്പോൾ കൊല്ലത്തിൽ ൨൫൦൦- പറ നെല്ല് ആദായം പുറപ്പാടുള്ള വസ്തുവകകളുണ്ട്. ഈ ക്ഷേത്രത്തിൽ പ്രതിവർഷം മീനമാസത്തിൽ "ശ്രീരാമനവമി"ക്കു "രഥോത്സവ"വും "നവരാത്രിവിളക്കും" വിശേഷ അടിയന്തരങ്ങളുമുണ്ട്. ആദ്യദിവസത്തെ നവരാത്രിവിളക്ക് എഴുത്തച്ഛന്റെ വകയാണ്. അതിന്ന് "എഴുത്തച്ഛൻ വിളക്ക്"ന്നാണു പറഞ്ഞുവരാറുള്ളത്. ഈ ദിവസത്തെ ചിലവു ചിറ്റൂരിലുള്ള മലയാളികടുംബങ്ങളിൽനിന്ന് വരിയിട്ടു പിരിച്ചാണു നിർവ്വഹിച്ചുവരുന്നത്.
പൂജാദികൾ നടത്തുവാനായി ൪൦൦൦ പണം നാലു ദിക്കിലായിക്കൊടുത്തേൽപ്പിച്ചുവെന്നു മുൻപ്രസ്തവിച്ചിട്ടുണ്ടല്ലോ. ഇതിൽ "വടശ്ശേരി"യിൽനിന്നും മറ്റും നെല്ല് ഇന്നും കൊടുത്തുവരുന്നുണ്ട്. "എഴുവത്തു"കാർ ഈയിടയിൽ അവരെ ഏൽപ്പിച്ചിരുന്ന 1000 പണം ദേവസ്വത്തിൽ കൊടുത്തു ബോദ്ധ്യപ്പെടുത്തുകയാണുണ്ടായത്.
"ചിറ്റൂർമഠം" ഇന്നു സാമാന്യം പരിഷ്കൃതനിലയിലെത്തീട്ടുണ്ടെന്നു പറയാം. ഇവിടത്തുകാരുടെ ഏ [ 46 ] തദ്വിഷയമായ പരിശ്രമം തീർച്ചയായും അഭിനന്ദനാർഹമാണു്. എടുപ്പും സാമാനങ്ങളും മറ്റുംകൂടി ഏതാണ്ടു് ൧൦൦൦-ൽ അധികം ഉറുപ്പിക വിലവരുന്ന സ്വത്തു മഠത്തിലേയ്ക്കു് ഇന്നായിക്കഴിഞ്ഞിട്ടുണ്ടു്. ഗുരുമഠത്തിന്റെ അഭിവൃദ്ധി ഇപ്പോൾ ചിറ്റൂരിലെ മലയാളികളുടെ സാമൂഹ്യജീവിതത്തിലെ ഒഴിച്ചുകൂടാത്ത ഒരെണ്ണമായിത്തീർന്നിരിക്കുന്നു. വഴിവാടുകൾ, വിവാഹപാരിതോഷികങ്ങൾ, പിടിയരിയേർപ്പാടു് എന്നു തുടങ്ങിഗുരുമഠത്തിലേയ്ക്കു സമ്പാദ്യത്തിന്നുള്ള നാനാമുഖമായ ഏർപ്പാടുകൾ അതിന്റെ പ്രവർത്തകന്മാർ ഇപ്പോൾ ചെയ്തുവരുന്നുണ്ടു്. ആ വകയിൽ കൊല്ലംതോറും അഗണ്യമല്ലാത്ത ഒരു സംഖ്യ കിട്ടിവരുന്നുമുണ്ടു്. പൊതുജനങ്ങളുടേയും പ്രവർത്തകന്മാരുടേയും ശ്രദ്ധ ഇനിയും മഠകാര്യത്തിൽ അവ്യാഹതമായുണ്ടായിക്കൊണ്ടിരിയ്ക്കുമെന്നാശിയ്ക്കാം. വെട്ടത്തു നാട്ടിനേപ്പോലെത്തന്നെ ചിറ്റൂരിന്നും ഒരു വലിയ മാഹാത്മ്യമുള്ളതായിത്തോന്നുന്നു. രാമാനുജപ്പൈങ്കിളിയുടെ കളാലാപമാധുരി ഈ ദിയ്ക്കിന്നും ഒരു ഗണ്യമായ സാഹിത്യസൗരഭം പിടിപ്പിച്ചിട്ടുണ്ടു്. മെസേഴസ് ചമ്പത്തിൽ ചാത്തുക്കുട്ടിമന്നാടിയാർ, വരവൂർ ശാമുമേനവൻ, സി. എസ്. ഗോപാലപ്പണിയ്ക്കർ തുടങ്ങിയുള്ള സുപ്രസിദ്ധന്മാരായ സാഹിത്യവീരന്മാർ ചിറ്റൂരിന്റെ അരുമസന്താനങ്ങളാണു്. ഇവരേകൂടാതെ സാഹിത്യരംഗത്തിൽ വന്നാടുവാൻ തുടങ്ങീട്ടുള്ള ചില യുവാക്കന്മാർ കൂടി ഈ നാട്ടുകാരായുണ്ടു്. അചി[ 47 ] രേണ അത്യുച്ചമായ ഒരു നിലയിൽ എത്തുവാൻ പോകുന്ന പരിഷ്കാരത്തിന്റെ അരുണോദയമാണിന്നിവിടെ കണ്ടുതുടങ്ങീട്ടുള്ളതു്.
ചിറ്റൂർ ഗുരുമഠത്തിന്റെ സ്ഥാപകൻ ആരാണെന്നവിഷയത്തിൽ ഭിന്നാഭിപ്രായത്തിന്നവകാശമുണ്ടു്. ഐതിഹ്യങ്ങളേയും, ചിറ്റൂരിൽനിന്നു പ്രസിദ്ധപ്പെടുത്തിയ ലഘുപത്രത്തേയും മാത്രം ആസ്പദമാക്കിയാണു്, സാക്ഷാൽ എഴുത്തച്ഛൻ തന്നെയാണു് ഈ മഠത്തിന്റെ സ്ഥാപകനെന്ന അഭിപ്രായത്തെ അനുകൂലിച്ചുകൊണ്ടിതേവരെയും ഈ ഗ്രന്ഥത്തിൽ പ്രസ്താവിച്ചിട്ടുള്ളതു്. ചിലർ എഴുത്തച്ഛന്റെ ശിഷ്യനായ സൂര്യനാരായണനെഴുത്തച്ഛനാണിതിന്റെ സ്ഥാപകനെന്നു പറയുന്നു. താഴെ കാണിയ്ക്കുന്നവയാണവരുടെ പ്രമാണങ്ങൾ:-
"എഴുത്തച്ഛൻ സ്വഭവനത്തിൽത്തന്നെവെച്ചാണു് മഹാസമാധി പ്രാപിച്ചിട്ടുള്ളതെന്നും, സൂര്യനാരായണൻ തന്റെ ഗുരുവിന്റെ യോഗദണ്ഡും മെതിയടിയും കുറെക്കാലം ചിറ്റൂരിൽ കൊണ്ടുവന്നുവെച്ചു പൂജിയ്ക്കയും പിന്നീടു മഠം സ്ഥാപിച്ചു ദാനംചെയ്കയുമാണുണ്ടായിട്ടുള്ളതെന്നും പണ്ടേയ്ക്കുപണ്ടേ കേട്ടുകേൾവിയുണ്ടു്. ചിറ്റൂർലഘുപത്രികയിലെടുത്തുകാണിച്ച ആ പദ്യങ്ങളിൽ 'വിബുധജനവരഃ സൂര്യനാരായണാഖ്യഃ' എന്നും 'സ്ഥാപയാമാസസൂര്യഃ' എന്നും പ്രസ്താവിച്ചുകാണുന്നുമുണ്ടു്. ലഘുപത്രിക പ്രസിദ്ധപ്പെടുത്തും മുമ്പു് തുഞ്ചത്തെഴുത്തച്ഛന്റെ പേർ 'സൂര്യനാരായണൻ' എന്നായിരുന്നുവെന്നു് ആരും പറഞ്ഞുകേൾക്കുകയൊ, മറ്റു വല്ലവിധത്തിലും അറിയപ്പെടുകയൊ ചെയ്തിട്ടില്ല". [ 48 ]
ഇക്കാണിച്ചവയാണു സൂര്യ്യനാരായണൻ എന്നു പേരായ എഴുത്തച്ഛന്റെ ശിഷ്യനാണു മഠം സ്ഥാപിച്ചതെന്നു പറയുന്നവർക്കുള്ള വാദങ്ങളുടെ ചുരുക്കം. മിസ്റ്റർ കൊട്ടാരത്തിൽ ശങ്കുണ്ണി സൂര്യ്യനാരായണൻ എന്ന എഴുത്തച്ഛന്റെ ശിഷ്യനാണു് മഠം സ്ഥാപിച്ചതെന്നു ഖണ്ഡിതമായഭിപ്രായപ്പെട്ടു കാണുന്നുണ്ടു്.
വാദവിഷയമായ ഇക്കാര്യ്യത്തിൽ കൢപ്തമായ ഒരഭിപ്രായം പറവാൻ കൂടുതൽ തെളിവുകൾ ആവശ്യമായാണിരിയ്ക്കുന്നതു് ഇതിന്റെ ചരിത്രകാരന്മാരുടേയും, വായനക്കാരുടേയും അന്വേഷണത്തിന്നും ഊഹത്തിന്നുമായി വിടുവാനേ തൽക്കാലം നിർവ്വാഹമുള്ളു. ഏതായാലും തുഞ്ചത്ത് ഗുരുപാദങ്ങളുടെ മെതിയടിയും യോഗദണ്ഡും ഇവിടെ കൊണ്ടുവന്നുവെച്ചു പൂജിച്ചിരുന്നുവെന്നതിൽ വാദമില്ല.
എഴുത്തച്ഛൻ കേവലം ഒരു മഹാകവിമാത്രമായിരുന്നില്ല അദ്ദേഹം ഒരൊന്നാന്തരം സമുദായനേതാവും, ഒരു വലിയ യോഗിയും, ഒരു ഉത്തമഭക്തനുമായിരുന്നു. "ചിന്താരത്നം" മുതലായ ഉത്തമഗ്രന്ഥങ്ങളിൽ നിന്നു് അദ്ദേഹത്തിന്റെ ജ്ഞാനത്തിന്റെ ആഴം ഏതാണ്ടു് ഊഹിയ്ക്കാം. മനുഷ്യജീവിതത്തിന്റെ പ്രയോജനം സാഹിത്യാന്വേഷണവും മോക്ഷപ്രാപ്തിയുമാണെന്നു ഹൈന്ദവസാഹിത്യവും മതവും ഒരുപോലെ ഉപദേശിയ്ക്കുന്നുണ്ടു്. ഇതുരണ്ടും അദ്ദേഹത്തിന്റെ ജീവിതം കൊണ്ടു സാധിച്ചിട്ടുമുണ്ടു് അദ്ദേഹത്തിന്റെ പ്രാപ്യസ്ഥാനം മോക്ഷവും പ്രവൃത്തികൾ അതിന്റെ സാധകോപായങ്ങളുമായിരുന്നു. ഇത്ര ഉൽകൃഷ്ടവും അമൂല്യവുമായ ഒരു ജീവിതം [ 49 ] പൊതുജനദൃഷ്ടിയിൽപ്പെട്ട മറ്റേതൊരു കേരളീയനാണു നയിച്ചിട്ടുള്ളത്! അദ്ദേഹത്തിന്റെ ത്യാഗപരിപൂർണ്ണമായ ജീവിതത്തേയോ നിസ്വാർത്ഥമായ സ്വഭാവത്തേയോ, സ്വതന്ത്രമായ വിചന്തനശക്തിയേയോ, ഉൽകൃഷ്ടമായ ഭക്തിയേയൊ, ലോകോത്തരമായ കവനകലാകുശലതയേയോ അക്ഷീണമായ പൗരുഷത്തേയോ ഏതിനെയാണധികം ബഹുമാനിക്കേണ്ടതെന്നു മനസ്സിലാകുന്നില്ല അഹൊ! അനനുകരണീയമായ ആർഷജീവിതം! അത്ഭുതകരമായ അമാനുഷികത്വം!!
പരിപക്വബുദ്ധിയും പരിഷ്കൃതാശയനുമായ ആർ. ഈശ്വരപ്പിള്ള.ബി.എ. അവർകൾ എഴുത്തച്ഛനെപ്പറ്റി ഇങ്ങിനെ പറഞ്ഞിരിക്കുന്നു:-
"ദാരിദ്ര്യം, പ്രബലന്മാരിൽനിന്നുള്ള ഉപദ്രവം, സമുദായത്തിൽ തനിക്കുള്ള താഴ്ന്ന നില, ചുറ്റുപാടുമുള്ളവരുടെ അന്ധവിശ്വാസം ഇവ നിമിത്തം നേരിട്ടിരുന്നതായ ചില്ലറയല്ലാത്ത പ്രതിബന്ധങ്ങളോടു മല്ലിട്ടും, ആക്ഷേപങ്ങളെ സഹിച്ചും, സ്വദേശത്തെയും സ്വജനങ്ങളെയും വിട്ടും, കഷ്ടപ്പെട്ടും, തന്റെ ഉദ്ദേശത്തെ നിറവേറ്റിയതോർക്കുമ്പോൾ ഇദ്ദേഹത്തിന്റെ പരോപകാരപ്രതിപത്തി എത്രമാത്രം ബലവത്തായിരുന്നുവെന്ന് ഊഹിക്കാവുന്നതാണ്. അദ്ദേഹത്തിന്റെ സ്ഥിരപ്രയത്നത്തിനും വേറെ ലക്ഷ്യങ്ങൾ ഒന്നും വേണ്ട.
സ്വദേശാഭിമാനവും അതുപോലെത്തന്നെ സ്വഭാഷാഭിമാനവും അദ്ദേഹത്തിന്റെ സ്വഭാവത്തിനുണ്ടായിരുന്ന ഗുണങ്ങളിൽ പ്രധാനങ്ങളായിരുന്നു. 'അ [ 50 ] ജ്ഞാനതിമിരാന്ധ'ന്മാരായിരുന്ന നാട്ടുകാരുടെ ചക്ഷുസ്സുകളെ "ജ്ഞാനാഞ്ജനശലാക' കൊണ്ടു് ഉന്മീലനം ചെയ്യുന്നതിനും, അനാഥസ്ഥിതിയിലിരുന്ന നാട്ടുഭാഷയെ പോഷിപ്പിയ്ക്കയും പരിഷ്കരിയ്ക്കയും ഉയർത്തുകയും ചെയ്യുന്ന വിഷയത്തിലും, അദ്ദേഹം ചെയ്തിട്ടുള്ള പരിശ്രമത്തിന്റേയും അദ്ദേഹത്തിന്റെ ജീവിതകാലത്തിന്റേയും പരമാവധി ഒന്നു തന്നെയായിരുന്നുവെന്നു തന്നെ പറയാം.
ഇതുകൂടാതെ വിനയം, മഹാമനസ്കത മുതലായ സൽഗുണങ്ങളും അദ്ദേഹത്തിൽ സവിശേഷം ശോഭിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സർവ്വോൽക്കർഷങ്ങൾക്കും, നിദാനമായിരുന്നതു് അദ്ദേഹത്തിന്റെ അനന്യസാധാരണമായ സ്വാശ്രയശീലം ഒന്നു തന്നെയായിരുന്നു."
അനന്യസാമാന്യമായ ഗുണഗണങ്ങളുടെ ഒരു വിളനിലമായിരുന്ന എഴുത്തച്ഛന്റെ സ്വഭാവവിശേഷങ്ങളോരോന്നും എടുത്തു വിമർശിയ്ക്കുന്നതിനേക്കാൾ, അദ്ദേഹം വിലോഭനീയങ്ങളായ സർവ്വഗുണങ്ങളുടേയും ഒരു കേളീരംഗമായിരുന്നുവെന്നു പറഞ്ഞു പിന്മാറുന്നതായിരിയ്ക്കും ഭേദം.
മഹാകവിയുടെ ഗൃഹജീവിതത്തെക്കുറിച്ചു് അധികമായൊന്നും കേട്ടിട്ടില്ല. അദ്ദേഹം ആജീവനാന്തം ഒരഖണ്ഡബ്രഹ്മചാരിയായിരുന്നുവെന്നൊരു പക്ഷമുണ്ട്. ഇതിന്നെതിരായി എഴുത്തച്ഛൻ വിവാഹം കഴിച്ചിരുന്നുവെന്നും, അദ്ദേഹം തന്റെ മകൾക്കുപദേശിച്ച[ 51 ] താണു "ചിന്താരത്ന"മെന്ന വിശിഷ്ടഗ്രന്ഥമെന്നും മറുപക്ഷക്കാർ വാദിയ്ക്കുന്നു. പ്രകൃതഗ്രന്ഥത്തിലെ പല സംബോധനകളും രണ്ടാമത്തെ പക്ഷത്തെ അനുകൂലിയ്ക്കുന്നുണ്ടു്.
അദ്ദേഹം ആകൃതിയിൽ ഒരു ഒത്ത ആളായിരുന്നുവെന്നും അറുപതു വയസ്സിനുമേൽ ജീവിച്ചിരുന്നിട്ടുണ്ടേന്നും ചില പുസ്തകങ്ങളിൽ പ്രസ്താവിച്ചുകാണുന്നു. പണ്ടേയ്ക്കുപണ്ടേയുള്ള കേട്ടുകേൾവിയായിരിയ്ക്കണം ഈ പ്രസ്താവത്തിന്നടിസ്ഥാനം. ലോകത്തിലെ പല മഹാന്മാരുടേയുമെന്ന പോലെ അദ്ദേഹത്തിന്റെ വംശവും ഏതാണ്ടദ്ദേഹത്തോടു കൂടിത്തന്നെ തിരോഹിതമാവുകയാണുണ്ടായതു്.
എഴുത്തച്ഛൻ ഗന്ധർവ്വന്റെ അവതാരമാണെന്നുള്ള ഒരു വിശ്വാസം ജനസമുദായത്തിൽ രൂഢമൂലമായിക്കാണുന്നുണ്ടു്. അദ്ദേഹം വ്യാസശാപം കൊണ്ടൊ മറ്റൊ ശൂദ്രനായീ വന്നു ജനിച്ച ഒരു ഗന്ധർവ്വനാണെന്നു സ്ഥാപിച്ചുകൊണ്ടുള്ള ഒരു കഥയും കേട്ടിട്ടുണ്ടു്. ഇന്ത്യാക്കാർ വീരാരാധന ചെയ്യുന്നതിൽ കേൾവികേട്ടവരാണു്; പക്ഷെ അതു പലപ്പോഴും അതിരുകടന്നു പോകുന്നുണ്ടെന്നും അസ്ഥാനത്തായിത്തീരുന്നുണ്ടെന്നും പറയേണ്ടിയിരിയ്ക്കുന്നു. സൽപ്രവൃത്തികളും വീരകൃത്യങ്ങളും ചെയ്തവർക്കു് അവർ അമാനുഷത്വം കല്പിയ്ക്കുന്നു. അവരെ അവതാരപുരുഷന്മാരുടെ കൂട്ടത്തിലല്ലാതെ സാധാരണ മനുഷ്യന്മാരായി ഗണിപ്പാൻ തന്നെ സാധിയ്ക്കുന്നില്ല. നമ്മുടെ നാട്ടിലുണ്ടായിട്ടുള്ള ഏതു മഹാനെ [ 52 ] എടുത്തുനോക്കുകയാണെങ്കിലും, അദ്ദേഹം ആരുടെയെങ്കിലും ഒരവതാരമാണെന്നു പ്രസ്താവിയ്ക്കപ്പെട്ടു കാണാം. ഇതുകൊണ്ടു് മനുഷ്യസമുദായത്തിന്നു അവകാശപ്പെട്ട മാന്യത നശിച്ചുപോകയും ആത്മവിശ്വാസവും ആത്മാഭിമാനവും കുറഞ്ഞുപോകയുമാണു് ചെയ്യുന്നതു്. ചരിത്രപഠനം കൊണ്ടു് ഒരു സമുദായത്തിന്നുണ്ടാകാനിടയുള്ള അഭ്യുന്നതിയേയും ഈ വിശ്വാസം നശിപ്പിച്ചുകളയുന്നു! എഴുത്തച്ഛന്റെ കൃത്യങ്ങൾ അത്ഭുതാവഹങ്ങളായിരുന്നുവെന്നതിനു സംശയമില്ല. ജനസാമാന്യത്തിന്നു് അവ അമാനുഷങ്ങളായിത്തോന്നിയെന്നും വരാം. എന്നാലും അദ്ദേഹത്തെ മനുഷ്യസമുദായത്തിൽ നിന്നു നിഷ്കാസനം ചെയ്തേ കഴിയുവെന്നില്ലെന്നു തോന്നുന്നു.
അദ്ധ്യാപകത്വവും കവിത്വവും വേണ്ടപോലെ വിനിയോഗിയ്ക്കുന്ന ഒരാൾക്കു ജനസമുദായത്തെ ഉൽകൃഷ്ടപഥത്തിലേയ്ക്ക് നയിപ്പാൻ കഴിയുമെന്നതിന്നു സംശയമില്ല. ഇന്നത്തെ കവിയും അദ്ധ്യാപകനുമാണു് നാളത്തെ പൗരന്റെ നിൎമ്മാതാവു്. മഹാഭാഗനായ എഴുത്തച്ഛന്നു ഒരു ലോകഗുരുവിന്റെയും മഹാകവിയുടേയും നിലയ്ക്ക് കേരളീയജനസമുദായത്തിന്നു ചെയ് വാൻ സാധിച്ചിട്ടുള്ള നന്മകൾ അവാച്യങ്ങളും അത്ഭുതാവഹങ്ങളുമാണു'! ആ മാംഗല്യമജ്ജുളദീപം കേരളത്തിലെ തമോബാധയെ എത്രമാത്രം നീക്കിക്കളഞ്ഞിരിയ്ക്കുന്നു! ആ ദിവ്യസംഗീതം എത്ര എത്ര ഹൃദയങ്ങളെ കുളിൎപ്പിയ്ക്കുന്നു! ഇന്നും കേരളാന്തരീക്ഷത്തെ മുഖരിത[ 53 ] വും പരിപാവനവുമാക്കുന്നതു് ആ ആൎഷഗാനങ്ങളാണു്. കവികൾ ആ മന്ദ്രഗംഭീരമായ സ്വൎഗ്ഗീയഗാനങ്ങൾക്കാണു് പല്ലവി പാടേണ്ടതു്; അദ്ധ്യാപകന്മാർ ആ ഋഷിജീവിതത്തെയാണനുകരിയ്ക്കേണ്ടതു്; തത്വഞ്ജാനികൾ ആ വൈദികഗ്രന്ഥങ്ങളെയാണു് ചുഴിഞ്ഞുനോക്കേണ്ടതു് മോക്ഷേച്ശുക്കൾ ആ പവിത്രപാദങ്ങളെയാണു പിന്തുടരേണ്ടതു്! അഹൊ! ആ പരിശുദ്ധജീവിതം എത്രമാത്രം വിലോഭനീയം!! എത്രമാത്രം അനുകരണീയം!!
“ | സാനന്ദരൂപം സകലപ്രബോധ- മാനന്ദദാനാമൃതപാരിജാതം! |
” |
രണ്ടാം അദ്ധ്യായം
[തിരുത്തുക]എഴുത്തച്ഛനും മലയാളഭാഷയും
[തിരുത്തുക]മലയാളഭാഷയുടെ പിതാവെന്ന് ഐകകണ്ഠ്യേന സമ്മതിയ്ക്കപ്പെട്ട എഴുത്തച്ഛൻ, ആ പിതൃസ്ഥാനം ഏതുവിധത്തിലാണു വഹിച്ചിട്ടുള്ളതെന്നും, അദ്ദേഹത്തിന്റെ ജനനകാലത്തു മലയാളഭാഷയുടെ സ്ഥിതിയെന്തായിരുന്നുവെന്നുമാണു നമുക്ക് ഈ അദ്ധ്യായത്തിൽ അൻവേ ഷിയ്ക്കേണ്ടതായുള്ളത്. മദ്ധ്യമലയാളകാലത്തിന്റെ (കൊല്ലവർഷം 800 മുതൽ 600വരെ യുള്ള കാലം) ആരംഭത്തിലാണു "രാമചരിതം" "രാമകഥാപ്പാട്ട്"