എഴുത്തച്ഛൻ തന്റെ അന്ത്യകാലം നയിച്ചത് "ചിറ്റൂർ ഗുരുമഠ"ത്തിൽ വെച്ചാണെന്നാണു കേട്ടിട്ടുള്ളത്. അദ്ദേഹം പലദിക്കിലും സഞ്ചരിച്ച കൂട്ടത്തിൽ ഒരിക്കൽ പ്രകൃതിമനോഹമായ പ്രസ്തുതസ്ഥലത്തും ചെന്നുവെന്നും "പഞ്ചവടി"ക്കു തുല്യമായ ആ സ്ഥലത്തിന്റെ മഹാത്മ്യത്താലാകൃഷ്ടനായി അവിടെയിരുന്നു തന്റെ അവശിഷ്ടജീവിതം കഴിപ്പാൻ തീർച്ചയാക്കിയെന്നും തദ്ദേശീയർ പറയുന്നു. ഈ മഠം നിൽക്കുന്നത് കൊച്ചിശ്ശീമ കിഴക്കൻ ചിറ്റൂരിൽ "ശോകനാശിനി" (ഈ നദിയാണു പിന്നീടു ഭാരതപ്പുഴയായി മാറുന്നത്) എന്ന പരിശുദ്ധനദിയുടെ വടക്കെ കരയിലാണ്. എഴുത്തച്ഛൻ അവിടെച്ചെന്നപ്പോൾ, ഇപ്പോൾ മഠവും അഗ്രഹാരവും നിൽക്കുന്ന സ്ഥലം മുഴുവൻ കാടായിരുന്നു. അദ്ദേഹം അന്ന് ചിറ്റൂർ നാടുവാഴിയായിരുന്ന "ചമ്പത്തിൽ മന്നാടിയാരോ"ട് ഈ സ്ഥലം നാലായിരം പണം കൊടുത്തു വാങ്ങി കാടുവെട്ടിച്ച് നദീതീരത്ത് ഒരു ശ്രീരാമക്ഷേത്രവും ശിവക്ഷേത്രവും നിർമ്മിയ്ക്കുകയും, ശ്രീരാമക്ഷേത്രത്തിന്റെ മുൻവശത്തു കിഴക്കുപടിഞ്ഞാറു രണ്ടുവരിയായി പന്ത്രണ്ടു ഗൃഹങ്ങൾ നിർമ്മിച്ച് അതിൽ പന്ത്രണ്ടു പരദേശബ്രാഹ്മണകുടുംബങ്ങളെ കൊണ്ടുവന്നു കുടിയിരുത്തുകയും, തെക്കെ വരിയിൽ കിഴക്കേ അറ്റത്തു തനിക്കിരുന്ന് ഈശ്വരഭജനംചെയ്‌വാനും മറ്റുമായി ഒരു മഠം കൂടി പണിയിക്കുകയും ചെയ്തു.
താൾ:Thunjathezhuthachan.djvu/39
ദൃശ്യരൂപം