തുഞ്ചത്തെഴുത്തച്ഛൻ/എഴുത്തച്ഛന്റെ ഗ്രന്ഥങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
തുഞ്ചത്തെഴുത്തച്ഛൻ
രചന:വിദ്വാൻ കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ
എഴുത്തച്ഛന്റെ ഗ്രന്ഥങ്ങൾ
തുഞ്ചത്തെഴുത്തച്ഛൻ
  1. ജീവചരിത്രസംഗ്രഹം
  2. എഴുത്തച്ഛനും മലയാളഭാഷയും
  3. കിളിപ്പാട്ടു്
  4. തർജ്ജമ
  5. എഴുത്തച്ഛന്റെ ഗ്രന്ഥങ്ങൾ
  6. എഴുത്തച്ഛന്റെ സാഹിത്യം

[ 86 ]

അഞ്ചാം അദ്ധ്യായം.[തിരുത്തുക]

എഴുത്തച്ഛന്റെ ഗ്രന്ഥങ്ങൾ.[തിരുത്തുക]

എഴുത്തച്ഛൻ മലയാളഭാഷ്യ്ക്കു ചെയ്തിട്ടുള്ള ഗുണങ്ങളുടേയും അദ്ദേഹം നടപ്പാക്കിയ പ്രസ്ഥാനങ്ങളുടേയും ഏതാണ്ടൊരു സ്വരൂപനിരൂപണം കഴിഞ്ഞ അദ്ധ്യായങ്ങളിൽ ചെയ്തുകഴിഞ്ഞിട്ടുണല്ലൊ. ഈ അദ്ധ്യായത്തിൽ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ ലഘുവായ ഒരു സ്വരൂപവിവരണം ചെയ്‌വാനാണു പോകുന്നതു.

അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ ചിലതു ഗുണപൌഷ്കല്യം കുറഞ്ഞവയും, ചിലതു ലോകാതിഗമായ സാഹിത്യസൌരഭ്യം നിറഞ്ഞവയുമാണു്. ഒരു കവിയുടെ പ്രായം, പാണ്ഡിത്യം, പരിചയം എന്നിവ വർദ്ധിയ്ക്കുന്നതനുസരിച്ചു് അയാളുടെ കാവ്യങ്ങൾക്കുള്ള മാഹാത്മ്യവും വർദ്ധിച്ചുവരുന്നതായിക്കാണാം. വിഷയങ്ങളുടെ മാഹാത്മ്യവും, കവിയ്ക്ക് അവയോടുള്ള ബന്ധവും കാവ്യങ്ങളുടെ ഉച്ചനീചത്വങ്ങൾക്കു കാരണങ്ങളായി വരാം. "മാളവികാഗ്നിമിത്ര"വും "വിക്രമോർവ്വശീയ"വും എഴുതിയ കാളിദാസൻ തന്നെയാണു് "അഭിജ്ഞാനശാകുന്തള"വും എഴുതിയതു്; "മാലതീമാധവ"വും "ഉത്തരരാമചരിത"വും "ഭവഭൂതി"യുടെ കൃതികൾ തന്നെയാണു്; പക്ഷെ ശാകുന്തളത്തിന്റെയോ ഉത്തരരാമചരിതത്തിന്റെയോ അടുത്തു നില്ക്കുന്നതിന്നു ഈ കവികളുടെ മറ്റു ഗ്രന്ഥങ്ങൾക്കു ശക്തിയുണ്ടൊ എന്ന കാർയ്യം വളരെ സംശയമാണു്. ഇതുപോലെത്തന്നെ മഹാകവി എഴുത്തച്ഛന്റെ ഗ്രന്ഥങ്ങൾക്കും പരസ്പരം വലിയ വ്യത്യാസം കാണുന്നുണ്ടു്. ഈ വ്യത്യാസത്തെ അടിസ്ഥാനമാക്കി ഗുണം കുറഞ്ഞ കൃതികൾ അദ്ദേഹത്തിന്റേതല്ലെന്നു ചിലർ വാദിയ്ക്കു[ 87 ] ന്നതു് അസ്ഥാനത്തിലാണെന്നു പറയേണ്ടിയിരിയ്ക്കുന്നു. അദ്ദേഹത്തിന്റേതെന്നു തോന്നുന്ന ഗ്രന്ഥങ്ങളുടെ സ്വരൂപം താഴെ വിവരിയ്ക്കാം:-

1. ഹരിനാമകീർത്തനം.[തിരുത്തുക]

ഇതിന്റെ പേരുകൊണ്ടുതന്നെ നാമസങ്കീർത്തനം ചെയ്തുകൊണ്ടുള്ള ഒരു വൈഷ്ണവസ്തവമാണിതെന്നു മനസ്സിലാക്കാമല്ലൊ. ഇതിലെ ഓരോ പദ്യങ്ങളും അകാരാദ്യക്ഷരങ്ങൾകൊണ്ടാരംഭിച്ചു, "ഹരിനാരായണായനമഃ" എന്ന "പല്ലവി"യിൽ പർയ്യവസാനിയ്ക്കുന്നു. ആദ്യാക്ഷരത്തിലുളവായോന്നിതൊക്കയുമി, താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി, ആദ്യക്ഷരം ലിപിയിലോരോന്നെടുത്തു പരികീർത്തിപ്പതിന്നരുൾക! നാരായണായനമഃ" എന്നു കവി മുഖവുരയായിപ്പറഞ്ഞിരിയ്ക്കുന്നു. ഹൈന്ദവമതഗ്രന്ഥങ്ങളായ വേദേതിഹാസാദികൾക്കു് അധികാരിഭേദമുണ്ടെന്നു പൊതുവിൽ ഒരഭിപ്രായമുണ്ടെല്ലൊ; എന്നാൽ ഈ ചെറിയ നാമസങ്കീർത്തനം പൊതുജനങ്ങൾക്കു പരക്കെ ഉപയോഗത്തിന്നുവേണ്ടിയുണ്ടാക്കീട്ടുള്ളതാണു്. അദ്ദേഹം പറയുന്നു:-

 "ഋതുവായപെണ്ണിനുമിരപ്പോനും ദാഹകനും
 പതിനന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
 'ഹരിനാമകീർത്തന'മിതൊരുനാളുമാർക്കുമുട-
 നരുതാത്തതല്ല ഹരിനാരായണായ നമഃ"

എഴുത്തച്ഛന്റെ പ്രവൃത്തികൾ എപ്പോഴും പണ്ഡിതന്മാരെ ഉദ്ദേശിച്ചല്ല; അദ്ദേഹം അജ്ഞാനതിമിരാന്ധ[ 88 ] ന്മാരായ സാധുക്കളെ സന്മാർഗ്ഗത്തിലേയ്ക്കു നയിപ്പാനായാണു സകലകൃതികളും നിർമ്മിച്ചിട്ടുള്ളതു്. ഈ സംഗതി പ്രകൃതഗ്രന്ഥത്തിലും തെളിഞ്ഞു കാണുന്നുണ്ടു്. ഗഹനങ്ങളായ വേദാന്തതത്വങ്ങളും, ലളിതങ്ങളായ പുരാണകഥകളും ഇതിൽ അങ്ങുമിങ്ങും സംഘടിപ്പിച്ചിരിയ്ക്കുന്നു. പ്രസ്താവിയ്ക്കത്തക്കവള്ളം ഗണ്യമായ കവിതാഭംഗിയൊന്നും ഇതിൽ കാണുന്നില്ല; എന്നാൽ സുകുമാരമായ ഒരു സാഹിത്യസൌന്ദർയ്യം ഇതിന്നില്ലായ്കയുമില്ല. താഴെ കാണുന്ന വരികൾ നോക്കിയാൽ ഇതു ബോദ്ധ്യപ്പെടും :-


"ഏകാന്തയോഗികളിലാകാംക്ഷകൊണ്ടുപര
മേകാന്തമെന്നവഴിപോകുന്നിതെന്മനവും
കാകൻപറന്നുപുനരന്നങ്ങൾപോയവഴി
പോകുന്നപോലെ ഹരിനാരായണായനമഃ"


ഈ ഗ്രന്ഥം അദ്ദേഹത്തിലെ ഒരു ബാല്യകാലകൃതിയായിരിയ്ക്കണം.


2. ദേവീമാഹാത്മ്യം.[തിരുത്തുക]

സംസ്കൃതത്തിൽനിന്നു കിളിപ്പാട്ടുരീതിയിൽ തർജ്ജമ ചെയ്തതും, പതിമൂന്നദ്ധ്യായങ്ങൾ അടങ്ങിയതും, ദേവിയുടെ അപദാനങ്ങൾ കീർത്തിയ്ക്കുന്നതുമായ ഒരു വിശിഷ്ടഗ്രന്ഥമാണിതു്. ഭാഷയുടെ സ്വഭാവംകൊണ്ടു് ഇതു എഴുത്തച്ഛന്റെ ഒരാദ്യകാലകൃതിയായിരിപ്പാൻ തരമില്ലെന്നു തോന്നുന്നു. [ 89 ]

3. ഇരുപത്തിനാലുവൃത്തം.[തിരുത്തുക]

(രാമായണം)
-------


പലതരം ദ്രാവിഡവൃത്തങ്ങളിലായി ഇരുപത്തിനാലു സൎഗ്ഗങ്ങളടങ്ങിയതാണു് ഈ കാവ്യം. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമാണിതെന്നു ചിലർ അഭിപ്രായപ്പെടുന്നു. ഇതിലെ "വൃത്ത"ശബ്ദം "സൎഗ്ഗ"മെന്നതിന്റെ പൎയ്യായമായി വിചാരിയ്ക്കാം. ഈ സമ്പ്രദായം തമിഴിലെ "വിരുത്ത"ങ്ങളിൽനിന്നു സ്വീകരിച്ചതായിരിയ്ക്കണം. ഓരോ പദ്യങ്ങളും "ഹരിരാമ" "ശിവശംഭോ" "ശ്രീരാമ രാമ" എന്നു തുടങ്ങിയുള്ള ഈശ്വരനാമങ്ങളിലാണവസാനിച്ചിരി യ്ക്കുന്നതു്. ഇതു "വാത്മീകിരാമായണ"ത്തെ ആസ്പദമാക്കി രചിച്ച ഒരു സ്വതന്ത്രകാവ്യമാണെന്നു പറയാം. കവിയുടെ ഒരു ആദ്യകാലകൃതിയാണിതെന്നു തോന്നുന്നു. ചിലേടത്തു സംസ്കൃതപ്രചുരമായ ഭാഷയാണു് കാണുന്നതു്. "മേപ്പത്തൂ"രിന്റെ കവിതയാണു് പ്രസ്തുതകാവ്യമെന്നു ചിലർ അഭിപ്രായപ്പെട്ടുകാണുന്നു; ഇതിന്നടിസ്ഥാനം എന്താണെന്നറിഞ്ഞുകൂട. പണ്ഡിതരാജാവായ ഭട്ടതിരിയുടെ സാഹിത്യരീതിയുമായി പരിചയമുള്ളവൎക്കു് ഈ സംഗതി സമ്മതിയ്ക്കുന്നതിൽ വളരെ വൈമനസ്യമുണ്ടാകും. എഴുത്തച്ഛന്റെ കവിതാകുസുമത്തിന്റെ പ്രഫുല്ലസ്വരൂപം ഇതിൽ കാണുന്നില്ലെങ്കിലും, അതിന്റെ മുകുളിതാവസ്ഥ അങ്ങുമിങ്ങും നിഴലിച്ചു കാണുന്നുണ്ടു്. [ 90 ]

4. ചിന്താരത്നം.[തിരുത്തുക]

അതിഗഹനങ്ങളായ വേദാന്തരഹസ്യങ്ങളാണു പ്രകൃതിഗ്രന്ഥത്തിൽ ക്രോഡീകരിച്ചിരിയ്ക്കുന്നതു്. വാസ്തവമായും ഇതൊരു "ചിന്താരത്നം" തന്നെയാണു്. എഴുത്തച്ഛൻ ഇതു തന്റെ മകൾക്കുപദേശിച്ചതാണെന്നാണു് ഐതിഹ്യം. സുകുമാരമതികളായ സ്ത്രീകൾക്കു വേണ്ടിയാണു പ്രകൃതഗ്രന്ഥം നിർമ്മിച്ചതെന്നദ്ദേഹംതന്നെ പറയുന്നുണ്ടു്. നോക്കുക:-

"ഭാഷയെന്നോർത്തു നിന്ദാഭാവത്തെത്തേടീടൊലാ
കാവ്യനാടകാദികൾ ധരിച്ച മഹാജനം
യോഷമാർക്കറിവാനായ്ക്കൊണ്ടു ഞാൻ ചുരുക്കമായ്
ഭാഷയായുരചെയ്തേൻ ക്ഷമിയ്ക്ക സമസ്തരും
ചിന്തിയ്ക്കുംതോറും സാരമുണ്ടിതിലതുമൂലം
'ചിന്താരത്ന'മെന്നു പേരിടുന്നു ഭക്തിയോടെ"

വേദാന്തവിഷയകമായി ഇത്ര മനോഹരവും ഉൽകൃഷ്ടവും ലളിതവുമായ മറ്റൊരു ഗ്രന്ഥം മലയാളഭാഷയിലില്ലെന്നുതന്നെ പറയാം. സാധാരണവേദാന്തഗ്രന്ഥങ്ങൾക്കു കണ്ടുവരാറുള്ള ശുഷ്കത ഈ ഗ്രന്ഥത്തിന്നു തീരെ ഇല്ല. എത്രതന്നെ ഗഹനങ്ങളായ വിഷയങ്ങളായാലും, രാമാനുജപ്പൈങ്കി‌ളി എടുത്തു പാടുമ്പോൾ അവ സുന്ദരങ്ങളും ലളിതങ്ങളുമാകുന്നു! തത്വജ്ഞാനത്തിൽ തൃഷ്ണയൊ സാഹിത്യരസാസ്വാദത്തിൽ താല്പർയ്യമൊ ഉള്ള ഏതൊരു കേരളീയനും വായിച്ചിരിയ്ക്കേണ്ട ഒരു ഗ്രന്ഥമാണിതെന്നുമാത്രം ചുരുക്കത്തിൽ പറ [ 91 ] വാനേ ഇവിടെ നിർവ്വാഹമുള്ളു. "വള്ളത്തോൾ" ക്കവികോകിലം, മഹാകവിയെ അഭിസംബോധനം ചെയ്തിങ്ങനെ പാടിയിരിയ്ക്കുന്നു:-

"വൈരാഗ്യാമൃതരസം വഹിയ്ക്കും ഭവച്ചിത്ത-
ക്ഷീരസിന്ധുവിൽനിന്നു സംഭൂതം 'ചിന്താരത്നം'
കൈരളീസാഹിത്യത്തിൻ നെഞ്ചിലായ് വിളങ്ങുന്നൂ
കൈടഭാന്തകൻ തങ്കൽ കൌസ്തുഭരത്നംപോലെ"5. കൈവല്യനവനീതം[തിരുത്തുക]

ഇതു "ചിന്താരത്ന"ത്തിന്റെ സഹോദരസ്ഥാനത്തിന്നു സർവ്വഥാ അർഹമായ ഒരു ചെറുകിളിപ്പാട്ടാണു്. തമിഴിൽ ഈ പേരിൽത്തന്നെ സാമാന്യം വലിയ ഒരു പുസ്തകമുണ്ടു്. ആവാപോദ്വാപങ്ങൾ ചെയ്തിട്ടുള്ള അതിന്റെ ഒരു തർജ്ജിമയാണീഗ്രന്ഥം. അനർഘമായ പ്രസ്തുതരത്നത്തിന്റെ മാഹാത്മ്യം മിക്ക കേരളീയരും ധരിയ്ക്കാതെയാണിരിയ്ക്കുന്നതെന്നു തോന്നുന്നു. ഇതിൽ ചിലേടത്തു മൂലത്തിന്റെ വളരെ ശരിയായ തർജ്ജമതന്നെ കാണുന്നുണ്ടു്. നോക്കുക:-

പടർന്ത വേതാന്തമെന്നും പാർക്കടൽമൊണ്ടു മുന്നൂർ
ക്കുടങ്കളി നിറൈത്തുവൈത്താർ കുരവർകളെല്ലാംകാച്ചി
ക്കടൈന്തെടുത്തളിത്തേനിന്ത 'ക്കൈവല്യനവനീതത്തൈ'
അടൈന്തവർ വിടയ മണ്ടിന്റ ലൈവരൊപചിയിലാരെ'
(കൈവല്യനവനീതം, മൂലം) [ 92 ]

 "പരന്ന വേദാന്തമാം പാല്‌ക്കടലീന്നു കോരി
 നിറച്ച ശാസ്ത്രങ്ങളാം കുടങ്ങൾ നിറച്ചെങ്ങും
 പരിചിൽ പാനംചെയ്തുകൊള്ളുവാൻ വെച്ചു മുന്നം
 പരമകൃപാലുക്കളാകിയ ഗുരുക്കന്മാർ
 അതിനെ കാച്ചിക്കടഞ്ഞെടുത്തു തന്നീടുന്ന
 മധുരതരമായ 'കൈവല്യനവനീതം'
 അതിഭാഗ്യത്താലിതു ലഭിച്ചു പയ്യില്ലാത്തോ-
 രധമർ വിഷയമാർന്നതിനാൽ വലയാതെ"
    (കൈവല്യനവനീതം, തർജ്ജമ)

6. അദ്ധ്യാത്മരാമായണം.[തിരുത്തുക]

ഈ ഗ്രന്ഥം എഴുത്തച്ഛന്റെ കൃതികളിലെന്നല്ല, മലയാളസാഹിത്യത്തിലെ മറ്റേതു ഗ്രന്ഥത്തേക്കാളും മലയാളികളുടെ ഇടയിൽ പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരുൽകൃഷ്ടഗ്രന്ഥമാണു്. കുടിൽ തൊട്ടു കൊട്ടാരം വരെയുള്ള സകല ഭവനങ്ങളിലും നിത്യപാരായണംചെയ്യപ്പെടുന്ന ഒന്നാണിതു്. ഭക്തിരസപ്രധാനമായ പ്രസ്തുതപുസ്തകം കേരളീയരുടെ ഹൃദയത്തെ അത്രമേൽ ആകർഷിച്ചിരിയ്ക്കുന്നു. കവനലക്ഷ്മിയുടെ കേളീരംഗമായ "വാത്മീകിരാമയണ"മിരിയ്ക്കെ ഈ ഗ്രന്ഥം തർജ്ജമചെയ്‌വാൻ പുറപ്പെടുന്നതിന്നു മഹാകവിയെ പ്രേരിപ്പിച്ചതു്, അദ്ദേഹത്തിന്റെ ഭക്തിരസത്തിലുള്ള അത്യാസക്തിയായിരിയ്ക്കണം. ഈ വിഷയത്തെക്കുറിച്ചു് [ 93 ] ഐതിഹാസികന്മാരുടെ ഇടയിൽനിന്നു് ഒരു കഥകൂടി കേട്ടിട്ടുള്ളതു താഴെ ചേർക്കുന്നു.-

"അദ്ധ്യാത്മരാമായണം മൂലം എഴുതിയ ആൾ തന്റെ ഗ്രന്ഥത്തിന്നു പ്രചാരം കിട്ടാതെ നൈരാശ്യനിഹതനായി സഞ്ചരിയ്ക്കുമ്പോൾ ഒരു ദിവസം ഒരു ഗന്ധർവ്വനെ കണ്ടെത്തി. കവിയുടെ വ്യസനം കണ്ടു് ഉള്ളഴിഞ്ഞ ആ ഗന്ധർവ്വൻ വേഷച്ഛന്നനായി നടന്നിരുന്ന ഒരു ബ്രാഹ്മണനെ ചൂണ്ടിക്കാണിച്ചുകൊടുത്തു്, അദ്ദേഹത്തോടപേക്ഷിച്ചാൽ കാർയ്യസാധ്യം വരുമെന്നുപദേശിച്ചു. അതുപ്രകാരം പ്രവർത്തിച്ചതിനാൽ ഗ്രന്ഥത്തിന്നു പ്രചാരവും കിട്ടി. വേഷച്ഛന്നനായി നടന്നിരുന്ന ബ്രാഹ്മണൻ "വ്യാസമഹർഷി"യായിരുന്നു. അദ്ദേഹം അജ്ഞാതവേഷനായി സഞ്ചരിച്ചിരുന്ന തന്നെ ചൂണ്ടിക്കാണിച്ചു കൊടുത്ത കുറ്റത്തിന്നു ഗന്ധർവ്വനെ "നീ ശൂദ്രനായി ജനിയ്ക്കട്ടെ" എന്നു ശപിച്ചു, ശപ്തനായ ഗന്ധർവ്വൻ മർത്ത്യാവതാരമെടുത്തു "തുഞ്ചത്തെഴുത്തച്ഛ"നെന്നപേരിൽ പ്രസിദ്ധനാകുകയും ചെയ്തു."

എഴുത്തച്ഛനു മറ്റു രാമായണങ്ങളെല്ലാമിരിയ്ക്കെ "അദ്ധ്യാത്മരാമായണ"ത്തോടിത്രയധികം പ്രതിപത്തി തോന്നുന്നതിന്നും, അതുതന്നെ തർജ്ജമച്ചെയ്‌വാനെടുത്തതിന്നും കാരണം ഇതാണത്രെ!


"വാത്മീകിരാമായണം" കവനകലാപ്രധാനവും "അദ്ധ്യാത്മരാമായണം" ഭക്തിരസപ്രധാനവുമാണു്. വാത്മീകിരാമായണത്തിൽ ശ്രീരാമനെ [ 94 ] മാതൃകാഭൂതനായ ഒരു ഉത്തമ രാജാവായിട്ടും, അധ്യാത്മരാമായണത്തിൽ അദ്ദേഹത്തെ വിഷ്ണുവിന്റെ ഒരവതാരമായുമാണ് വർണ്ണിച്ചിരിയ്ക്കുന്നത്. ഈ ഗ്രന്ഥങ്ങൾക്കു തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ഇവയാണ്.

വാത്മീകിരാമായണത്തെപ്പോലെ ഇതു ഏഴു കാണ്ഡങ്ങളായിതന്നെ വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഭാഷാസ്വരൂപം പരിശോധിക്കുമ്പോൾ ഇത് എഴുത്തച്ഛന്റെ മദ്ധ്യകാലത്തെ കവിതയാണെന്നു പറയേണ്ടി വരും. മിയ്ക്കവാറും മൂലത്തോടടുത്ത തർജ്ജമ തന്നെയാണിതിൽ കാണുന്നത്. എന്നാൽ ആവശ്യമുള്ളേടത്ത് സ്വാതന്ത്ര്യം ധാരാളമെടുത്തിട്ടുമുണ്ടു്.

7. മഹാഭാരതം[തിരുത്തുക]

ഒരു ലക്ഷത്തിരുപതിനായിരം പദ്യങ്ങളടങ്ങിയതും, ലോകോത്തരഗുണോത്തരവുമായ ഒരു മഹാഗ്രന്ഥമാണു് സംസ്കൃതത്തിലുള്ള സാക്ഷാൽ "മഹാഭാരതം". എഴുത്തച്ഛന്റെ മഹാഭാരതം ഇതിന്റെ തർജ്ജമയല്ല. മഹാകവി "ക്ഷേമേന്ദ്ര" ൻറെ "ഭാരതമഞ്ജരി" യുടെ തർജമയാണെന്നു ചിലർ ഊഹിയ്ക്കുന്നുണ്ട്. എന്നാൽ ആ അഭിപ്രായവും ശരിയാണെന്നു പറവാൻ നിവൃത്തിയില്ല. ഇതെഴുതുന്ന ആൾ ഈ രണ്ടു ഗ്രന്ഥങ്ങളും പരസ്പരം തട്ടിച്ചു വായിച്ചു നോക്കുകയുണ്ടായി. തർജ്ജമയാണെന്നു പറവാൻ നിവൃത്തിയില്ലാത്ത വിധം അവ തമ്മിൽ അത്രയധികം ഭേദിച്ചിരിയ്ക്കുന്നു. ഇതദ്ദേഹം മഹാഭാരതം ഗ്രന്ഥത്തെ ആസ്പദമാക്കി രചിച്ച ഒരു [ 95 ] സ്വതന്ത്രകൃതിയാണെന്നു വേണം പറവാൻ. എഴുത്തച്ഛന്റെ ഒന്നാംതരം കൃതികളിൽ ഒന്നാം കിടയിൽ നിൽക്കുന്ന ഒരു ഗ്രന്ഥമാണിതെന്നു പറഞ്ഞാൽ ഇതിന്റെ മാഹാത്മ്യം എത്രത്തോളമുണ്ടെന്നു സ്പഷ്ടമായി. മുഗ്ദ്ധയായ കവിതാകാമിനിയുടെ വിലജ്ജിതസ്വരൂപമല്ല പ്രസ്തുതസാഹിത്യമുകുരത്തിൽ പ്രതിബിംബിച്ചു കാണുന്നതു്; "സ്വയമേവാഗതയായി" മഹാകവിയെ കണ്ഠാശ്ലേഷംചെയ്യുന്ന പ്രൌഢയായ കവിതാംഗനയുടെ വിലോഭനീയമായ ദിവ്യസൌന്ദർയ്യമാണിതിൽ പ്രകാശിയ്ക്കുന്നതു്. പ്രാചീനഭാരതത്തിന്റെ സാമുദായികസ്ഥിതിയേപറ്റിയൊ, സംസ്കാരപരിഷ്കാരങ്ങളേ കുറിച്ചൊ അറിയുവാൻ മോഹമുള്ളവർക്കും ആർഷസാഹിത്യത്തിന്റെ അത്യുൽബണമായ അകൃത്രിമാനന്ദം അനുഭവിയ്ക്കണമെന്നാഗ്രഹമുള്ളവർക്കും ഇങ്ങിനത്തെ മറ്റൊരു ദിവ്യഗ്രന്ഥം കിട്ടുവാൻ പ്രയാസമാണു്. അത്രയും കമനീയവും സർവ്വഗുണസമ്പന്നവുമാണീഗ്രന്ഥം!

എഴുത്തച്ഛന്റേതല്ലാത്ത പല ഗ്രന്ഥങ്ങളുടേയും കർത്തൃത്വം ഇപ്പോൾ അദ്ദേഹത്തിൽ ആരോപിയ്ക്കപ്പെട്ടു കാണുന്നുണ്ടു്. സംസ്തസാഹിത്യത്തിൽ കാളിദാസന്റെയും മലയാളസാഹിത്യത്തിൽ എഴുത്തച്ഛന്റെയും മേൽ അജ്ഞാതകർത്തൃകങ്ങളായ അനേകം ഗ്രന്ഥങ്ങളുടെ കർത്തൃത്വം ചുമത്തിയിരിയ്ക്കുന്നു! ഇതിന്നു പല കാരണങ്ങളുമുണ്ടാവാം: ചില മഹാകവികളുടെ ശിഷ്യന്മാർ ഗ്രന്ഥങ്ങൾ നിർമ്മിച്ചു് തങ്ങളുടെ ഗുരുക്കന്മാരുടെ പേരിൽ പ്രസിദ്ധപ്പെടുത്തുന്ന പതിവു [ 96 ] പണ്ടുണ്ടായിരുന്നു. ശിഷ്യന്മാർക്കു ഗുരുവിഷയകമായുള്ള ഭക്തി പ്രദർശിപ്പാനാണിങ്ങിനെ ചെയ്തിരുന്നതു്. അപ്രസിദ്ധന്മാരായ കവികൾ പ്രസിദ്ധകവികളുടെ ആരുടെയെങ്കിലുമാണെന്നും പറഞ്ഞു്, അവനവന്റെ പുസ്തകങ്ങൾ പ്രചരിപ്പിച്ചു് ആ നിലയിൽ അവയേപറ്റി പൊതുജനങ്ങൾക്കുള്ള അഭിപ്രായം അറിവാൻ ശ്രമിയ്ക്കുന്നതും അന്നു് അസാധാരണയായിരുന്നില്ല; ഈ വഴിയ്ക്കെല്ലാം ആയിരിയ്ക്കണം തെറ്റിദ്ധാരണകൾക്കിട വന്നിട്ടുള്ളതു്. അജ്ഞാതകർത്തൃകങ്ങളായ ചില കൃതികളുടെ ഗുണപൌഷ്കല്യം അവ ഏതെങ്കിലും പ്രസിദ്ധമഹാകവികളിൽ ചുമത്തുവാൻ ജനാവലിയെ പ്രേരിപ്പിച്ചിട്ടുമുണ്ടാവാം. എഴുത്തച്ഛനിൽ കർത്തൃത്വം ചുമത്തെപ്പെട്ടിട്ടുള്ള ചില ഗ്രന്ഥങ്ങളിൽ ഒന്നു "ശിവപുരാണ"മാണു്.

ശിവപുരാണം[തിരുത്തുക]

ഇതു എഴുത്തച്ഛന്റെ കവിതയാണെന്നു മിസ്റ്റർ ഗോവിന്ദപ്പിള്ള തന്റെ "ഭാഷാചരിത്ര"ത്തിൽ പ്രസ്താവിയ്ക്കുകയും, അതിനെ അനുസരിച്ചു പലരും ഈ അഭിപ്രായത്തെത്തന്നെ തുടരുകയും ചെയ്തിട്ടുണ്ടു്. പിള്ളയവർകളെ ഇങ്ങിനെ പറവാൻ പ്രേരിപ്പിച്ചതു് ഇതിലെ കവിതാഗുണമാണെന്നു തോന്നുന്നു. പക്ഷെ കവിതാഗുണംകൊണ്ടു മാത്രം ഈ അഭിപ്രായത്തെ സാധൂകരിപ്പാൻ സാധിയ്ക്കുമൊ എന്നു സംശയിയ്ക്കുന്നു. കുഞ്ചൻ നമ്പ്യാരാണിതിന്റെ കർത്താവെന്നുള്ളതിന്നു പലേ തെളിവുകളുമുണ്ടു്. അവയിൽ ചിലതു താഴെ [ 97 ] കാണിയ്ക്കാം:-

(൧) എഴുത്തച്ഛൻ മറ്റൊരേടത്തും ഉപയോഗിച്ചിട്ടില്ലാത്ത വൃത്തബന്ധം ശിവപുരാണത്തിൽ കാണുന്നുണ്ടു്; നമ്പിയാർക്കിതു ചിരപരിചിതമാണുതാനും. നോക്കുക:-

 "കാമവൈരീ ഭഗവാന്റെ കഥകേട്ടു രസിയ്ക്കുന്ന
 മാമുനിമാരരുൾചെയ്തു മാനസത്തിൽ കനിവോടെ"
    ഭസ്മമാഹാത്മ്യം

 "സംഗമെന്നാൽ ശരീരം കൊണ്ടെന്നുമാത്രം ഗ്രഹിയ്ക്കേണ്ട
 സംഗമം മാനസം കൊണ്ടും ഗർഭമുണ്ടാകുവാൻ പോരും"
    ഉമേശാനവ്രതം.

ഈ വൃത്തങ്ങൾ നമ്പിയാരുടെ പല തുള്ളലുകളിലും പ്രയോഗിച്ചിട്ടുണ്ടെന്നു തുള്ളൽസാഹിത്യവുമായി പരിചയിച്ചിട്ടുള്ളവരോടു പറയേണ്ടതില്ലല്ലൊ.

(൨) എഴുത്തച്ഛന്റെ പാട്ടുകളെല്ലാം കിളിയേക്കൊണ്ടു പാടിയ്ക്കുകയാണു പതിവു്. ആ പ്രസ്ഥാനവും ഇതിൽ അനുകരിച്ചിട്ടില്ല. സ്വതന്ത്രനായ നമ്പിയാർ മറ്റൊരാളെ അനുകരിയ്ക്കുന്ന സമ്പ്രദായം കണ്ടിട്ടുമില്ല.

(൩) ഭക്താവതംസമായ എഴുത്തച്ഛൻ ഈശ്വരാപദാനങ്ങൾ കീർത്തിപ്പാനല്ലാതെ, നരസ്തുതി ചെയ്‌വാൻ തന്റെ കവിതാദേവിയെ സമ്മതിയ്ക്കാറില്ല. "ആർത്താവനോദാരശീലനാമയ്യപ്പ മാർത്താണ്ഡമന്ത്രി നിജസ്വാമിശാസനാൽ" എന്നീവിധത്തിൽ നമ്പിയാർ പലേടത്തും നരസ്തുതിചെയ്തുകാണുന്നുമുണ്ടു്. ശിവപുരാണത്തിൽ [ 98 ] ചിലേടത്തു അതിയായി മർത്യസ്തവം ചെയ്തിരിയ്ക്കുന്നു. "മനക്രോഡനാഥാനുജൻ ബാലരാമൻ മനോജ്ഞസ്വരൂപൻ ജയിയ്ക്കേണമെന്നും" "നല്ലസൌഭാഗ്യവാനാകും നായകൻ നാരിമാർക്കിഷ്ടൻ" എന്നീവിധത്തിലുള്ള സ്തവങ്ങൾ "ചമ്പകശ്ശേരി" മുതലായ രാജധാനികളിൽ ചിരപരിചയമുണ്ടാവാനിട വന്നിട്ടുകൂടി രാജസ്തോത്രം പരിചയിച്ചിട്ടില്ലാത്ത മഹാകവി ചെയ്തതാണെന്നു എങ്ങിനെ അനുമാനിയ്ക്കാം?

ഇനി "ശിവപുരാണ"ത്തിലെ ചില ഭാഗങ്ങൾ നമ്പിയാരുടെ കവിതാരീതിയ്ക്കും തമ്മിൽക്കാണുന്ന ഐക്യത്തെക്കൂടി ചൂണ്ടിക്കാണിയ്ക്കാം. വിധവയായ ഒരു സ്ത്രീയ്ക്കു ഗർഭമുണ്ടായതുനിമിത്തം ബഹുജനങ്ങൾ അവളെ ശാസിയ്ക്കുന്ന ഭാഗമാണിതു്:-

  "കുലസ്ത്രീകൾക്കടുക്കാത്ത ഖലത്വം വ്യാപരിയ്ക്കുന്ന
  -കുലടെ, കുത്സിതെ, മൂഢേദുഷ്ടശീലെ, ദുരാചാരെ,
  കുലത്തിൽക്കൂടുമെ, നീയെ ന്നടക്കംകൈവെടിഞ്ഞോരൊ
  ഖലന്മാരിൽ ഗമിയ്ക്കുന്ന പാപശീലെ നടന്നാലും

 പിടിച്ചുവിൽക്കയുംവേണം ഗൃഹസ്ഥനെന്തിളക്കാത്തു?
 അടിച്ചു പൽ കൊഴിയ്ക്കേണം ചെവി ചെത്തിട്ടയയ്ക്കേണം
 മുടിയൊക്കെച്ചിരച്ചഞ്ചും കുടുമ്മ വെച്ചയയ്ക്കേണം
 മുടിപ്പാനിങ്ങനെ വന്നു പിറന്നുള്ള സ്വരൂപത്തെ
        
 പിടിപ്പിൻ! ശൂദ്രരെ, നന്നായടിപ്പിൻ മദ്യമാംസങ്ങൾ

[ 99 ] കൊടുപ്പിൻ നിങ്ങൾ     "

ഈ ഭാഗങ്ങൾ നമ്പിയാരുടെതായിരിപ്പാൻ വഴിയുണ്ടെന്നു് അദ്ദേഹത്തിന്റ സാഹിത്യത്തിൽ പരിചയമുള്ളവരോടു പറയണമെന്നില്ല. ഇനിയും നോക്കുക :-

 "ജ്യോതിഷക്കാരനും മന്ത്രവാദിയ്ക്കുമ-
 ച്ചാതുർയ്യമേറുന്ന വൈദ്യനും വേശ്യയ്ക്കും
 ഏതുംമടിയ്ക്കാതെ വേണ്ടതു നൽകുവാൻ
 ഭൂതലസ്വാമികൾക്കില്ലൊരു സംശയം!
 മറ്റുള്ള ശാസ്ത്രങ്ങളെല്ലാം പണിപ്പെട്ടു
 പറ്റിച്ചുകൊണ്ടു നടക്കുന്ന ഭോഷന്നു
 കൊറ്റുമാത്രം പോലുമെങ്ങും കഴിവരാ."
    ശിവപുരാണം

 "ജ്യോതിഷക്കാരനും മന്ത്രവാദിയ്ക്കുമ-
 ച്ചാതുർയ്യമേറുന്ന വൈദ്യനും വേശ്യയ്ക്കും
 ഏതും മടിയ്ക്കാതെ വേണ്ടതു നൽകുവാൻ
 ഭൂതലവാസികൾക്കില്ലൊരു സംശയം!
 മറ്റുള്ള ശാസ്ത്രങ്ങളെല്ലാം പണിപ്പെട്ടു
 പറ്റിച്ചുകൊണ്ടു നടക്കുന്ന ഭോഷന്നു
 കൊറ്റുമാത്രം പോലുമെങ്ങും കഴിവരാ."
    ഹരണീസ്വയംവരം, തുള്ളൽ

ഇതിൽ അധോരേഖാങ്കിതമായ വാക്കുകൾക്കു മാത്രമേ വ്യത്യാസമുള്ളു. ഇങ്ങിനെത്തെ ഭാഗങ്ങൾ ഇനിയും ഉദ്ധരിച്ച കാണിപ്പാനുണ്ടു്; പക്ഷേ ഗ്രന്ഥവിസ്തരഭയംനിമിത്തം അവയെ ഇവിടെ ഉപേക്ഷിയ്ക്കയാണു ചെയ്യുന്നതു നമ്പിയാർ എഴുത്തച്ഛന്റെ കവിത വള [ 100 ] രെ ശ്രദ്ധിച്ചു പഠിച്ച ആളാകയാൽ ഈ വിധം സംക്രമിച്ചതായിരിയ്ക്കുമെന്നു പറവാനും നിവൃത്തിയില്ല. എഴുത്തച്ഛന്റെ കവിതാശൈലി നമ്പിയാരുടെ കവിതകളിൽ മറ്റൊരേടത്തും പകർന്നു കാണുന്നില്ലെന്നുള്ളതാണു് അതിനു കാരണം. "കണ്ടതും കേട്ടതും കട്ടുകൊണ്ടങ്ങുതാ-നുണ്ടാക്കിയോരു പ്രബന്ധമെന്നിങ്ങനെ കണ്ട ദിക്കിൽ ചെന്നു ചേരുന്ന ദുഷ്കവികണ്ടന്മാരെ സമക്ഷത്തൊരേടത്തു

കണ്ടുപോയെങ്കിൽ " കുളിച്ചു പുണ്യാഹാദികർമ്മങ്ങൾ ചെയ്യണമെന്നു സ്വതന്ത്രനായ അദ്ദേഹം പ്രസ്താവിച്ചിട്ടുമുള്ളതിനാൽ മറ്റു വല്ല വിധത്തിലും ഈ സംക്രമണം ഉണ്ടായിട്ടുള്ളതാണെന്നു വിചാരിപ്പാനും വയ്യ.

ഭാഗവതം[തിരുത്തുക]

"ഭാഗവതം" കിളിപ്പാട്ട് എഴുത്തച്ഛന്റേതാണെന്നാണു് പൊതുജനങ്ങളുടെ വിശ്വാസം; പക്ഷെ സഹൃദയന്മാരായ സാഹിത്യ വിമർശകന്മാർ മിയ്ക്കവരും ഇതിൽ ഭിന്നാഭിപ്രായക്കാരാണ്. എഴുത്തച്ഛന്റെ സാഹിത്യം സുപരിചിതമായുള്ളവർക്ക് ഇതദ്ദേഹത്തിന്റേതാണെന്ന് സമ്മതിപ്പാൻ സാധിയ്ക്കുമോ എന്ന് സംശയിക്കുന്നു.

അലസമായ ഘടനാ രീതിയും ക്ളിഷ്ടമായ രചനാ സമ്പ്രദായവും ഇതിൽ ഏതാണ്ടു സാർവത്രികമായിക്കാനുന്നുണ്ട്. അബദ്ധങ്ങളായ പ്രയോഗങ്ങളും, അസാധുവായ തർജ്ജമയും അല്പമല്ലെന്നു തന്നെ പറയേണ്ടിയിരി [ 101 ] യ്ക്കുന്നു. കർത്തരികർമ്മണിവിവേകം കൂടാതെയുള്ള പ്രയോഗങ്ങൾ തന്നെ ഏകാദശസ്കന്ധത്തിൽ കാണുന്നുണ്ട്. രചനാ രീതിയിലും മറ്റും "ഭാരതം" "രാമായണം" മുതലായ ഗ്രന്ഥങ്ങളിൽ കാണുന്ന സൂക്ഷ്മങ്ങളായ നിഷ്കർഷകളൊന്നും ഇതിൽ ചെയ്തുകാണുന്നില്ല. "പൈങ്കിളി" യെ വിളിയ്ക്കുന്ന സമ്പ്രദായത്തിലും മറ്റും എഴുത്തച്ഛന്റെ ഇതര കൃതികളിൽ കാണുന്ന ഐക്യരൂപവും ഇതിൽ ഇല്ല. ഏതാനും ഭാഗങ്ങൾ വായിക്കുമ്പോഴയ്ക്കു തന്നെ പ്രസ്തുത കൃതി എഴുത്തച്ഛന്റേതല്ലെന്നുള്ളതിന്നു പല തെളിവുകളും പണ്ഡിതന്മാരായ സഹൃദയന്മാർക്ക് കിട്ടുമെന്നാണെന്റെ വിനീതമായ വിശ്വാസം. ഇങ്ങനെ മൊത്തത്തിൽ പറവാനല്ലാതെ ഇതിനെ കുറിച്ചുള്ള ഒരു നിഷ്കൃഷ്ടനിരൂപണം ചെയ്വാൻ തൽകാലം നിർവ്വാഹമില്ലാതെയാണു് വന്നിരിയ്ക്കുന്നത്. ദശമംവരെ ഒരു കവിയുടെയും ബാക്കിയുള്ള ഭാഗം മറ്റൊരാളുടേയുമായിരിയ്ക്കണം. അവ തമ്മിൽ ഗണ്യമായ വ്യത്യാസങ്ങൾ കാണുന്നുണ്ടു്. ഭാഗവതം കവിയുടെ അന്ത്യകാലത്തെ കവിതയാണെന്നും അതുകൊണ്ടായിരിയ്ക്കാം ഈ വൈലക്ഷണ്യങ്ങൾ കാണുന്നതെന്നും ചിലർക്കഭിപ്രായമുണ്ട്; കവിതയെ സംബന്ധിച്ചേടത്തോളമുള്ള പരിശ്രമത്തിൽ കവിയ്ക്കു പ്രായം വർദ്ധിയ്ക്കുംതോറും പ്രാവീണ്യം കൂടുകയല്ലാതെ കുറയുമെന്ന് പറയുന്നതിന്നു യുക്തി കാണുന്നില്ല. ഈ ഗ്രന്ഥം അദ്ദേഹത്തിന്റെ ശിഷ്യന്മാരായി പല "എഴുത്തച്ഛന്മാരുണ്ടായിരുന്നതിൽ ചിലർ കൂടിയുണ്ടാക്കിയതാവനാണവകാശം."