തുഞ്ചത്തെഴുത്തച്ഛൻ/കിളിപ്പാട്ടു്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
തുഞ്ചത്തെഴുത്തച്ഛൻ
രചന:വിദ്വാൻ കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ
കിളിപ്പാട്ടു്
തുഞ്ചത്തെഴുത്തച്ഛൻ
  1. ജീവചരിത്രസംഗ്രഹം
  2. എഴുത്തച്ഛനും മലയാളഭാഷയും
  3. കിളിപ്പാട്ടു്
  4. തർജ്ജമ
  5. എഴുത്തച്ഛന്റെ ഗ്രന്ഥങ്ങൾ
  6. എഴുത്തച്ഛന്റെ സാഹിത്യം

[ 63 ] ഹാകവിയുടെ എല്ലാ കവിതകളും ഇപ്പറഞ്ഞ തരത്തിലുള്ളവയാണു് ഈ വക സംഗതികൾകൊണ്ടു തന്നെയായിരിക്കണം എഴുത്തച്ഛൻ കവികൾക്കു് എന്നെന്നേയ്ക്കും മാതൃകാഭൂതനും, മലയാള ഭാഷയുടെ പിതാവും ആയിത്തീർന്നതു്.

മൂന്നാം അദ്ധ്യായം.കിളിപ്പാട്ടു്

മലയാളസാഹിത്യാരാമത്തിൽ സഞ്ചരിക്കുന്ന സഹൃദയന്മാർക്കു് അവിടെ കളകൂജനംചെയ്ത് അങ്ങുമിങ്ങും സ്വച്ഛന്ദം തത്തിപ്പാറിനടക്കുന്ന "രാമനുജപ്പൈങ്കിളി"യെ കാണാവുന്നതാണു്. പ്രകൃതിസുഭഗയും ആ മഹാഗുരുവിന്റെ സന്ദേശഹാരിണിയുമായ ഈ 'പൈങ്കിളിയുടെ ആഗമത്തെക്കുറിച്ചു നമുക്കിവിടെ അന്വേഷിക്കാം.

"നവംനവം പ്രീതിരഹോ കരോതി" എന്നു മഹാകവി മാഘൻ പറഞ്ഞിട്ടുള്ളതു് എത്രയും ശരിയായിട്ടുള്ളതാണു്; ലോകത്തിന്നെപ്പോഴും പുതുമയിലാണഭിരുചി കാണുന്നതു്. ചർവ്വിതചർവ്വണം ചെയ്യുന്നതിൽ ആർക്കും അത്ര രസം തോന്നാറില്ല. "നിരണം പണിയ്ക്കന്മാ"രുടെ ആ പഴയ "കെട്ടുപാടൊ" "ചെറുശ്ശേരി"യുടെ ഇഴഞ്ഞമട്ടൊ ഉല്പതിഷ്ണുവായ എഴുത്തച്ഛന്നു് അത്ര രസിച്ചിട്ടില്ലായിരിയ്ക്കണം. അതുകൊണ്ടു് [ 64 ] അദ്ദേഹം മലയാളഭാഷയ്ക്കത്രയും അനുയോജ്യമായ "കിളിപ്പാട്ടെ"ന്ന ഒരു പുതിയ പ്രസ്ഥാനം സൃഷ്ടിച്ചു് ആ വഴിയ്ക്കു തന്റെ കവിതാകമിനിയെ മഹാജനസമക്ഷം അവതരിപ്പിപ്പാൻ തുനിഞ്ഞതാണെന്നനുമാനിയ്ക്കുന്നതിൽ യുക്തിഭംഗമുണ്ടാവാൻ വഴി ഇല്ലെന്നു തോന്നുന്നു.

പല മഹാന്മാരുടേയും ജീവചരിത്രം പരിശോധിയ്ക്കുന്നതായാൽ അന്ധമായ അനുകരണഭ്രമത്തിൽ നിന്നല്ല അവർക്കു വിജയമുണ്ടായിട്ടുള്ളതെന്നും, ഓരോരുത്തക്കം പ്രകൃതിദത്തമായുള്ള പ്രത്യേകതയ്ക്കനുസരിച്ചു സ്വതന്ത്രപ്രസ്ഥാനങ്ങളിൽ ഏർപ്പെട്ടു പ്രവർത്തിയ്ക്കുന്നതിലാണു് അവരുടെ വിജയം പ്രതിഷ്ഠാപിതമായിട്ടുള്ളതെന്നും തെളിയുന്നതാണു്. മഹാന്മാർ പരിതസ്ഥിതികളെ പർയ്യവേക്ഷണംചെയ്തു തദനുസൃതമായ രീതിയിൽ പ്രവർത്തിപ്പാൻ പ്രാപ്തിയുള്ളവരാകാൽ അനാശാസ്യമായ ഗതാനുഗതികത്വത്തിൽ ഭ്രമിയ്ക്കാതെ നവംനവങ്ങളായ പ്രസ്ഥാനങ്ങളിൽക്കൂടി പ്രവർത്തിച്ചു വിജയം നേടുന്നതിൽ അത്ഭുതപ്പെടുവാനില്ല. തങ്ങളുടെ സ്വന്തം കാലിന്മേൽ നില്ക്കുവാൻ കെൽപ്പില്ലാത്തവർക്കാണല്ലൊ മിയ്ക്കപ്പോഴും അന്യനെ അനുഗമിയ്ക്കേണ്ടിവരുന്നതു് "എഴുത്തച്ഛ"നെപ്പോലെത്തന്നെ "നിരണത്തു പണിയ്ക്കന്മാർ" "ചെറുശ്ശേരിനമ്പൂതിരി" "കൽക്കത്തു കുഞ്ചൻനമ്പിയാർ" എന്നീ മഹാന്മാരുടെ കവിതകൾ പരിശോധിയ്ക്കയാണെങ്കിൽ സ്വതന്ത്രമാ[ 65 ] ർഗ്ഗങ്ങൾ വെട്ടിത്തെളിയിക്കുന്നതിലും, പുതുമയിലുള്ള പൊതുജനപ്രീതിയെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതിലും അവർക്കുള്ള അന്യാദൃശമായ സാമർത്ഥ്യവും അഭിരുചിയും ധാരാളം വെളിപ്പെടുന്നതാണ്.

തന്റെ കവിതയെ ഒരു കിളിയുൾടേതാണെന്നു പറഞ്ഞു താൻ ഒരു തിരശ്ശീലക്കുള്ളിൽ മറഞ്ഞു നിൽക്കുന്നതാണല്ലോ 'എഴുത്തച്ഛൻ' കിളിപ്പാട്ടുകളിൽ സ്വീകരിപ്പാട്ടുകളിൽ സ്വീകരിച്ചിട്ടുള്ള ഒരു സമ്പ്രദായം. ഇതങ്ങനേതന്നെ അദ്ദേഹം ആദ്യമായിക്കണ്ടുപിടിച്ച് ഏർപ്പെടുത്തിയ ഒരു പന്ഥാവായിക്കൊള്ളണമെന്നില്ല. സംസ്കൃതത്തിലെ സന്ദേശകാവ്യങ്ങളൊ തമിഴിലെ ചില പാട്ടുകളൊ അദ്ദേഹത്തിന്നിതിൽ മാർഗ്ഗപ്രദർശനം ചെയ്തിട്ടുണ്ടാവാം.

ഇങ്ങിനേതന്നെ കിളിപ്പാട്ടുവൃത്തങ്ങളുടെ പൂർവ്വരൂപങ്ങളെങ്കിലും എഴുത്തച്ഛന്റെ കാലത്ത് ഉണ്ടായിരുന്നിരിക്കണം; അതല്ലാതെ അദ്ദേഹം ഗ്രന്ഥനിർമ്മാണത്തിന്നു തിനിഞ്ഞപ്പോഴക്കും അതിന്നുവേണ്ട സകലസാമഗ്രികളും അദ്ദേഹത്തിന്റെ മുമ്പിലങ്ങോട്ടു വന്നു നിരന്നു നിന്നുവെന്നു പറയുന്നതു സാഹിത്യചരിത്രത്തിലുള്ള ദയനീയമായ അജ്ഞതയെയത്രെ വെളിപ്പെടുത്തുന്നത് ദ്രാവിഡഭാഷകളുടെ സ്വന്തംവകയായി അനേകം വൃത്തങ്ങളുണ്ട്; അവയിൽ ചില വൃത്തങ്ങൾ ആർയ്യന്മാർ സംസ്കൃതത്തിലേക്കെടുത്തിട്ടുകൂടിയുണ്ട്. മലയാളത്തിലെ പഴയ പാട്ടുകൾ പരിശോധിച്ചാൽ, കിളിപ്പാട്ടുവൃത്തങ്ങളുടെ പൂർവ്വരൂപങ്ങൾ കാണ്മാൻ കഴിയുന്നതാണ്. നോക്കുക:-[ 66 ]

"നലമിലകുമങ്കതൻ തന്നെ മന്നോർതൊഴും
നരപതിവിളിച്ചുനീ ചെന്റുകേളെന്തു നിൻ
വെലമതികമുള്ള തന്നോടു താരത്തെയും
വിരവൊടു കവർന്നുകൊണ്ടിങ്ങനെ ചെഞ്ചെമ്മെ
മലിവുമുരപെറ്റ വെന്തുക്കളും മക്കളും.
വലിയ പടയാളിമാരും വടക്കോപ്പുമാ-
യുലകിടയിലങ്കയിൽ പുക്കിരുന്നൊക്കവ-
ന്നറുതി പറവാനുമായ് നീളവാണാൾചൊല്ലാ"
രാമചരിതം
"പരമപുരുഷൻ മഹാമായതൻ വൈഭവം
പറകയുമനാരതം കേൽക്കയും ചെയ്കിലൊ"
(കിളിപ്പാട്ടു് എഴുത്തച്ഛൻ)

ഇതിൽ രാമചരിതത്തിൽ നിന്നുദ്ധരിച്ച ഭാഗവും എഴുത്തച്ഛൻ പലേടത്തും ഉപയോഗിച്ചിട്ടുള്ള "മണികാഞ്ചി"വൃത്തവും തമ്മിൽ തട്ടിച്ചുനോക്കിയാൽ രാമചരിതത്തിലെ ആ വൃത്തത്തിന്റെ ഒരു പരിണാമം മാത്രമാണു് "മണികാഞ്ചി"യെന്നു ബോദ്ധ്യപ്പെടും. ഇങ്ങിനെതന്നെ എഴുത്തച്ഛന്റെ കാലത്തു സുപ്രസിദ്ധമായ "കേക"യായിത്തീരുന്നതു "രാമചരിത"ത്തിലും "രാമകഥാപ്പാട്ടി"ലും കാണുന്ന ചില വൃത്തങ്ങളാണു് നോക്കുക:-

"ഏഴിനുമുളകടപ്പാനിയന്തിരപ്പാലം ചുറ്റും
കീഴറുമവനിതന്താൽ കേവലം പകയോരെല്ലാം
കോഴയറ്റതു കിഴക്കിൻ കോപുരം കാപ്പാൻനില്പ-
തൂഴിയെകുലയ്ക്കാംവീരരൊരു പതിനായിരം കാണു'
രാമചരിതം [ 67 ]
"മകിഴ്ന്തുടൻ മകീചനമ്പാൽമന്തിരിസുമന്ത്രൻ ചൊ
(ല്ലൈ
പ്പുകഴ്ന്തുകൊണ്ടരുളിച്ചെയ്താൻ പുതൽവരികിനിയു
(ണ്ടാനാൽ
ഇകഴ്ന്തിടാരരചരെന്നിയിനിയരനരുളിനാലെ
നികഴ്ന്തിതുവിനകളെല്ലാം നെടുകമാറഞ്ചിയെൻ
റാൻ"
രാമകഥാപ്പാട്ട്
"രാവണഭഗിനിയും രോദനംചെയ്തുപിന്നെ
രാവണനോടു പറഞ്ഞീടുവാൻ നടകൊണ്ടാൾ
സാക്ഷാലഞ്ജനശൈലം പോലെ ശൂർപ്പണഖയും
രാക്ഷസരാജൻ മുമ്പിൽ വീണുടൻ മുറയിട്ടാൾ"
അദ്ധ്യാത്മരാമായണം

കിളിപ്പാട്ടിലെ പല വൃത്തങ്ങളുടേയും ആഗമം പഴയ പാട്ടുകൾ സൂക്ഷ്മദൃഷ്ട്യാ പരിശോധിച്ചാൽ കണ്ടുപിടിപ്പാൻ പ്രയാസമില്ല.

ചിലത് അല്പാല്പം ഭേദഗതി ചെയ്തു സ്വീകരിച്ചവയും മറ്റു ചിലത് അങ്ങിനേതന്നെ എടുത്തവയുമായിരിയ്ക്കും. എഴുത്തച്ഛന്നു തമിഴുസാഹിത്യത്തോടുള്ള ഇടപഴക്കവും വൃത്തസ്വീകരണത്തിൽ അദ്ദേഹത്തെ ഒട്ടേറെ സഹായിച്ചിരിക്കണം. "പൈങ്കിളിക്കണ്ണി" "പരാപരക്കണ്ണി" മുതലായ വൃത്തങ്ങൾക്കനുസരിച്ചു് അദ്ദേഹം വൃത്തബന്ധം ചെയ്തിട്ടുണ്ടെന്നുള്ളത് പ്രസിദ്ധവുമാണല്ലൊ. [ 68 ] ഇനി അദ്ദേഹം താലോലിയ്ക്കുന്ന "പൈങ്കിളി" ഏതാണെന്നാണു് ഇവിടെ ആലോചിപ്പാനുള്ളതു്. കവി കഥ പറവാൻ ഒരു കിളിയേ വിളിയ്ക്കുന്നതെന്തിനു? അദ്ദേഹത്തിന്നു് ഈ കൂട്ടുകാരിയുടെ ആവശ്യമെന്തു്? എന്നൊക്കെ തുഞ്ചന്റെ കവിത വായിക്കുന്നവർക്കെല്ലാം ജിഞ്ജാസയുണ്ടാകുന്നതു സ്വാഭാവികമാണു്. പക്ഷെ ഇതിന്നൊരു ശരിയായ ഉത്തരം കൊടുപ്പാൻ ഇതേവരെയുണ്ടായിട്ടുള്ള നമ്മുടെ സാഹിത്യചരിത്രകാരന്മാർക്കാർക്കും തന്നെ കഴിഞ്ഞിട്ടില്ല. കിട്ടിയേടത്തോളമുള്ള തെളിവുകളേയും, അഭിപ്രായങ്ങളേയും പരിശോധിച്ചു് അവയിൽ അവനവന്റെ യുക്തിയ്ക്കും അഭിപ്രായത്തിനും അടുപ്പമുള്ളവയോടു യോജിയ്ക്കയെന്നതല്ലാതെ കാര്യത്തിന്റെ സൂക്ഷ്മാവസ്ഥ ഏതുവിധമെന്നു തീർച്ചപ്പെടുത്തുവാൻ ചരിത്രകാരന്മാർക്കു ഗത്യന്തരവുമില്ലല്ലൊ.

"പൈങ്കിളി"യുടെ ആഗമത്തെപ്പറ്റി പണ്ഡിതന്മാരിൽ പലരും പല വിധത്തിലുള്ള അഭിപ്രായങ്ങളാണു പുറപ്പെടീച്ചുകാണുന്നതു്. ഇവയുടെ സാധുത്വാസാധുത്വങ്ങളെക്കുറിച്ചു നമുക്കും കുറഞ്ഞൊന്നു പര്യാലോചിയ്ക്കാം:-

(൧) സരസ്വതീദേവിയുടെ കയ്യിൽ ഒരു തത്തയുണ്ടല്ലൊ. അതിനെ ഉദ്ദേശിച്ചാണു കവി പലപ്പോഴും കഥ പറയേണ്ട സമയത്തു പൈങ്കിളിയെ വിളിയ്ക്കുന്നതു്. സരസ്വതീദേവിയുടെ കിളിയാണു കവിത പാടുന്നതെന്നു വരുമ്പോൾ വായനക്കാർ ആ കവിതയ്ക്കുള്ള ദോഷമൊന്നും കാണുകയില്ല. ഈ ഉദ്ദേശ്യത്തോടുകൂടി [ 69 ] കവി സരസ്വതിയുടെ കയ്യിലുള്ള ശുകത്തെ വിളിയ്ക്കുന്നതാണെന്നാണു് ഒരുപക്ഷമുള്ളതു്.

പുരാണേതിഹാസങ്ങൾ വിവർത്തനം ചെയ്വാൻ തനിയ്ക്കധികാരമില്ലെന്നു് എഴുത്തച്ഛന്നു വിശ്വാസമുണ്ടായിരുന്നുവെന്നും, അതിന്റെ പരിഹാരമാർഗ്ഗമായി അദ്ദേഹം സരസ്വതീഹസ്തസ്ഥിതയായ പൈങ്കിളിയെ പിടികൂടിയതാണെന്നുമുള്ള മറ്റൊരു പക്ഷവുമുണ്ടു്.

ഈ അഭിപ്രായങ്ങളുടെ പ്രാബല്യത്തെക്കുറിച്ചു വളരെ സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു. വിനീതാഗ്രഗണ്യനും, പരമഭക്തനുമായ എഴുത്തച്ഛൻ തന്റെ വായനക്കാർ മുഴുവൻ "കവിത തന്റേതല്ലെന്നും അതൊരു പൈങ്കിളിയുടേതാണെ"ന്നും ധരിയ്ക്കത്തക്കവണ്ണം അത്രയും ജഡബുദ്ധികളാണെന്നു ധരിച്ചുവെന്നു ഒരിയ്ക്കലും ഊഹിപ്പാൻ വയ്യ. തത്താദൃശമായ ഒരൗദ്ധത്യമോ, അവഹേളനബുദ്ധിയോ അദ്ദേഹത്തിന്നുണ്ടെന്നു ആ പരിശുദ്ധസാഹിത്യത്തോടിടപഴകീട്ടുള്ളവർക്കാർക്കും തന്നെ മനസ്സിലാക്കുവാൻ സാധിയ്ക്കയുമില്ല. അതുകൊണ്ടു മുൻപറഞ്ഞ രണ്ടഭിപ്രായങ്ങളും സ്വീകാര്യ്യകോടിയിൽ ഗണിയ്ക്കപ്പെടേണ്ടവയാണെന്നു തോന്നുന്നില്ല. വാഗ്ദേഗതയായ സരസ്വതിയുടെ കയ്യിലെ തത്തയാണതെന്ന ഗൌരവം അദ്ദേഹത്തെ പ്രലോഭിപ്പിച്ചിട്ടുണ്ടെന്നു പറവാനും വയ്യ. എന്നാൽ ഇഷ്ടദേവതകളെ സ്തുതിയ്ക്കുന്നതിൽ യാതൊരു കയ്യും കണക്കുമില്ലാത്ത എഴുത്തച്ഛൻ പൈങ്കിളിയെ താലോലിയ്ക്കുന്ന ഒരു ഘട്ടത്തിലെങ്കിലും ആ സംഗതി വെളി[ 70 ] പ്പെടുത്തേണ്ടതായിരുന്നു. അങ്ങിനത്തെ പ്രകരണങ്ങൾ അദ്ദേഹത്തിന്റെ കവിതകളിൽ വളരെ സുലഭങ്ങളായിട്ടുകൂടി, സരസ്വതിയുടെ കയ്യിലെ ശുകമാണതെന്നു് അദ്ദേഹം സൂചിപ്പിയ്ക്കപോലും ചെയ്തിട്ടില്ല. അതുകൊണ്ടു് അദ്ദേഹം പിടിച്ച കിളി സരസ്വതിയുടേതല്ല; തീർച്ചതെന്നെ.

(൨) എഴുത്തച്ഛനു ഭഗവാൻ ശുകരൂപത്തിൽ പ്രത്യക്ഷമായിട്ടാണു് ജ്ഞാനോപദേശം ചെയ്തിട്ടുള്ളതെന്നും, ആ വാസ്തവത്തേ കാണിപ്പാനായോ, അഥവാ അതിനെ അനുസ്മരിച്ചോ അദ്ദേഹം ശുകത്തെക്കൊണ്ടുതന്നെ ജ്ഞാനോപദേശങ്ങൾ ചെയ്യിയ്ക്കുന്നുവെന്നുമാണു് വേറൊരഭിപ്രായമുള്ളതു്. ഈ ഐതിഹ്യം കേവലം ശരിയല്ലെന്നു പറഞ്ഞു തള്ളാവുന്നതാണെന്നു തോന്നുന്നില്ല. കാരണം നമുക്കതിനു പ്രതികൂലങ്ങളായ തെളിവുകളൊന്നും കിട്ടാത്തതുതന്നെ.

(൩)അറം തൊട്ടുള്ള കവിതാദോഷങ്ങൾ കവിയെ ബാധിയ്ക്കാതിരിപ്പാനാണു് ഒരു കിളിയെപ്പിടിച്ച് നടുക്കിടുന്നതെന്നാണു് പിന്നെയൊരു പക്ഷമുള്ളതു്. കവികൾക്കു് 'അറം' വരുന്നുവെന്നുള്ളതിൽ യുക്തിഭംഗമൊന്നും കാണുന്നില്ല. 'വിധിയ്ക്കു വാഗ്ദേവിയധീന'യാണെന്ന കാര്യ്യം സാധാരണക്കാരുടെ സംഗതികളിൽത്തന്നെ വളരെ ശരിയായിക്കാണുന്ന സ്ഥിതിയ്ക്കു്, വശ്യവാക്കുകളും സാത്വികബുദ്ധികളുമായ മഹാകവികളെസ്സംബന്ധിച്ചേടത്തോളം ഇതുവളരെ അർത്ഥവത്താകുമെന്നതിന്നു യാതൊരു സംശയവുമില്ല; [ 71 ] പക്ഷെ അതിന്റെ പരിഹാരമാർഗ്ഗത്തെപ്പറ്റി പറയുന്ന യുക്തിയാണു് വിശ്വസിപ്പാൻ വയ്യാതിരിയ്ക്കുന്നതു്. 'അറം' കവിയെ ബാധിയ്ക്കയില്ലെങ്കിൽ പിന്നെ ബാധിയ്ക്കേണ്ടതു കിളിയെയാണല്ലൊ. തന്റെ പ്രവൃത്തിയുടെ ഫലം ന്യായമായി താൻ തന്നെയനുഭവിയ്ക്കേണ്ടതായിരിയ്ക്കെ, അതൊരു പാവപ്പെട്ട പൈങ്കിളിയുടെ തലയിൽ ചുമത്തുവാൻ പരമഭക്തനും പരിപാവനചരിതനുമായ എഴുത്തച്ഛൻ വിചാരിച്ചുവെന്നു കരുതുന്നതുതന്നെ നാം അദ്ദേഹത്തിന്റെനേരെ ചെയ്യുന്ന വലിയൊരപരാധമായി വേണം വിചാരിപ്പാൻ. തത്താദൃശമായ ഒരു ഭീരുത്വമൊ ദൌഷ്ട്യമോ പസ്തുതമഹാകവിയ്ക്കുണ്ടായിരുന്നുവെന്നുവിചാരിപ്പാനൊരുവിധത്തിലും നിർവ്വാഹമില്ല. എഴുത്തച്ഛന്റെ പൈങ്കിളി കേവലം ഭാവനാസൃഷ്ടമായ ഒന്നാണെന്നും അതിന്റെ സ്വീകരണം 'അറ'ത്തിന്റെ പരിഹാരമാർഗ്ഗമായിത്തീരുമെന്നും വരികയാണെങ്കിൽ പിന്നെ ഈ വിഷയത്തിൽ ആർക്കും വാദത്തിന്നു വഴിയുമില്ല.

(൪) തമിഴിലെ 'പൈങ്കിളിക്കണ്ണി' 'പരാപരക്കണ്ണി' എന്നീ വൃത്തങ്ങൾക്കനുസരിച്ചാണു് എഴുത്തച്ഛൻ കിളിപ്പാട്ടുവൃത്തങ്ങൾ നിർമ്മിച്ചതെന്നും, തന്മൂലം അദ്ദേഹത്തിന്റെ കവിതകൾ 'കിളിപ്പാട്ടു'കളായതാണെന്നും ചിലർക്കു് അഭിപ്രായമുണ്ട്. ഈ അഭിപ്രായത്തിന്നു വലിയ യുക്തിയുള്ളതായീത്തോന്നുന്നില്ല; അദ്ദേഹം പൈങ്കിളിയെ വിളിയ്ക്കുന്ന രീതിയും, അതിനോടു പഞ്ചസാര, പാൽ പഴം മുതലായതു വന്നു ഭക്ഷിപ്പാൻ [ 72 ] ക്ഷണിയ്ക്കുന്ന സമ്പ്രദായവും മറ്റും ഈ പക്ഷത്തെ അനുകൂലിയ്ക്കുന്നതു ദുസ്സാധമാക്കിത്തീർക്കുന്നു.

(൫) പുരാണകഥനം ചെയ്യുവാൻ സാധാരണയായി 'ശുക'ബ്രഹ്മർഷിയാണല്ലൊ. പരമതത്വജ്ഞാനിയും ജീവന്മുക്തനുമായ അദ്ദേഹത്തിന്നു പൌരാണികന്മാരുടെ ഇടയിൽ ഒരു വലിയ സ്ഥാനമാണുള്ളതു്. അതുകൊണ്ടു അദ്ദേഹത്തിന്റെ പ്രതിനിധിയായി കഥപറവാൻ ഒരു ശുകത്തിനേത്തന്നെ സ്വീകരിച്ചുവെന്നുള്ള ഒരഭിപ്രായവുമുണ്ടു്.

ഈ അഭിപ്രായം കുറെ ശിഥിലമാണെന്നുതന്നെ വേണം പറവാൻ. 'ശുകം'എന്ന ആ രണ്ടക്ഷരത്തിലെ സാമ്യം ശുകബ്രഹ്മർഷിയുടെ സ്ഥാനത്തേയ്ക്ക് ഒരു ശുകപക്ഷിയെ പിടികൂടുവാൻ പ്രേരിപ്പിച്ചു എന്നു പറയുന്നതിൽ യാതൊരു യുക്തിയും തോന്നുന്നില്ല. വാസ്തവത്തിൽ കഥ പറയുന്നതു് എഴുത്തച്ഛനും, വക്താവായി വേറൊരു ജീവിയെ കല്പിയ്ക്ക മാത്രവുമാണല്ലൊ ചെയ്യുന്നതു്. അതുകൊണ്ടു സാക്ഷാൽ ബ്രഹ്മർഷിയെത്തന്നെ ഇവിടെ കിട്ടിയേ കഴിയുവെന്നില്ലെന്നു വരുന്നു. ആ സ്ഥിതിയ്ക്കു് ശുകനെത്തന്നെ കഥ പറയുന്ന ആളാക്കുന്നതിൽ ഈ ഭക്തകവിയ്ക്കു വിരോധമുണ്ടാവാൻ അവകാശവുമില്ല. അങ്ങിനെ ചെയ്യുന്നതിൽ കുറെ യുക്തിയുണ്ടുതാനും. ഇനി അതിന്നു വിരോധമുണ്ടെങ്കിൽ അദ്ദേഹത്തിന്നു ശുകമഹർഷിയുടെ അനന്തരാവകാശികളായ ഏതെങ്കിലും ബ്രഹ്മർഷികളെ പിടികൂടാമായിരുന്നു. അതൊന്നും ചെയ്യാതെ സഹൃദയാഗ്രേസരനും [ 73 ] ധ്വന്യദ്ധ്വനീനനുമായ മഹാകവി, 'ശുക' ശബ്ദത്തിൽ ഭ്രമിച്ചു ബ്രഹ്മർഷിയ്ക്കു പകരം ഒരു പൈങ്കിളിയേയാണു പിടികൂടിയതെന്നു പറയുന്നതു വലിയ സാഹസമെന്നേ പറയേണ്ടു.

(൬) തന്റെ ഗാനങ്ങളുടെ മാധുര്യ്യം സൂചിപ്പിക്കുന്നതിന്നും, അതിൽ തനിയ്ക്കുള്ള അസാമർത്ഥ്യത്തെ ഗോപനം ചെയ്യുന്നതിന്നുമാണു് അദ്ദേഹം തന്റെ കവിതയെ കിളിപ്പാട്ടായിസ്സംഭാവനം ചെയ്യുന്നതെന്നാണു പിന്നെയൊരു പക്ഷമുള്ളതു്.

എഴുത്തച്ഛനെ സംബന്ധിച്ചേടത്തോളം ഈ അഭിപ്രായങ്ങൾ കേവലം നിരർത്ഥങ്ങളാണു്. തന്റെ ഗാനങ്ങൾ അത്രയ്ക്കുമാത്രം രസനിർഷ്യന്ദികളാണെന്നദ്ദേഹത്തിന്നഭിപ്രായമുണ്ടായിരുന്നുവെന്നോ, കിളിയുടെ പാട്ടാണെന്നു സംഭാവനം ചെയ്യുന്നതുകൊണ്ടുമാത്രം അതിന്റെ കർത്തൃത്വവും തന്മൂലമുണ്ടാകുന്ന ഗുണദോഷങ്ങളും തനിയ്ക്കു ബാധകമാകയില്ലെന്നദ്ദേഹം വിചാരിച്ചിരിയ്ക്കുമെന്നോ ഊഹിപ്പാൻ അശേഷവും യുക്തി കാണുന്നില്ല.

(൭) "കഥ പറയുന്ന രീതിയിലുള്ള കാവ്യങ്ങളിൽ (Narrative poetry) പ്രായേണ കവികൾ തങ്ങളുടെ ആത്മാംശത്തെ വായനക്കാരുടെ ശ്രദ്ധയിൽനിന്നു കഴിയുന്നതും ദൂരെ നിർത്തുന്നതു സ്പൃഹണീയം തന്നെ; 'അവിശ്വാസശക്തിയുടെ താൽക്കാലികനിവൃത്തി'യ്ക്കു് (Temporary Suspension of the faculty of disbelief) ഇതു സഹായമായിത്തീരുന്നതു പ്രത്യേകിച്ചും പുരാ[ 74 ] ണേതിഹാസകഥാകഥനത്തിലാണു്. ഈ ഉദ്ദേശ്യത്തോടുകൂടി അനുഭവസ്ഥന്മാരായ വല്ലവരേകൊണ്ടുമൊ, അകൃത്രിമസ്വഭാവികളെക്കൊണ്ടുമൊ കഥകൾ പറയിയ്ക്കുന്നതു എല്ലാ സാഹിത്യത്തിലും എല്ലാകാലത്തും ഉള്ള ഒരു കൌശലമാണു്. വേതാളങ്ങളും സാലഭഞ്ജികകളും ശുകങ്ങൾതന്നേയും കഥകൾ പറയുന്ന അനേകം ഗ്രന്ഥങ്ങൾ തമിഴും സംസ്കൃതവും നല്ലവണ്ണം അറിവുണ്ടായിരുന്ന എഴുത്തച്ഛന്നു തന്നെ പരിചയമുണ്ടായിരുന്നുവെന്നുള്ളതിന്നു സംശയമില്ല. നന്ദനം മുതലായ ദിയ്ക്കുകളിലും ദിവ്യലോകങ്ങളിലും മറ്റും യഥേഷ്ടം സഞ്ചരിച്ചു് അനേകം സംഗതികൾ ഗ്രഹിച്ചിരുന്ന ഒരു ഉത്തമപത്രിയായ ശുകത്തെക്കൊണ്ടു് കഥകൾ പറയിച്ചതിന്റെ ഏകദേശം (?) ഇതായിരിയ്ക്കും."

ഇതാണു പിന്നെയുള്ള ഒരു പുതിയ സിദ്ധാന്തം. പുതിയ ഒരു മട്ടിൽ പറഞ്ഞുവെന്നല്ലാതെ ഇതിന്നു ഒന്നാമതായിച്ചേർത്ത അഭിപ്രായത്തിൽനിന്നു് ഒരു വ്യത്യാസവുമുണ്ടെന്നു തോന്നുന്നില്ല. ആ സിദ്ധാന്തത്തിന്റെ ദൌർബ്ബല്യത്തെ അവിടെ നിർദ്ദേശിച്ചിട്ടുള്ളതിനാൽ ഇവിടെ പ്രത്യേകം ചൂണ്ടിക്കാണിയ്ക്കേണ്ട ആവശ്യവുമില്ലല്ലൊ. കാര്യ്യം ഇങ്ങിനെയാണെങ്കിൽ കൂടി തന്റെ ആത്മാംശം മറയ്ക്കുന്നതിന്നു് എഴുത്തച്ഛനു ഒരു പൈങ്കിളിയെത്തന്നെ പിടികൂടിയേ കഴിയുവെന്നുണ്ടൊ? എന്ന ചോദ്യത്തിന്നു മറുവടിയും ഈ സിദ്ധാന്തകാരൻ പറഞ്ഞുകാണുന്നില്ല.

പൈങ്കിളിയുടെ ആഗമത്തേക്കുറിച്ചു് എത്രയധി[ 75 ] കം അഭിപ്രായവ്യത്യാസമുണ്ടായിരുന്നാലും അതിന്റെ കളാലാപമാധുർ‌യ്യത്തെപ്പറ്റി ആർക്കും തന്നെ ഭിന്നാഭിപ്രായമുള്ളതായിക്കാണുന്നില്ല. എത്രമാത്രം അനർഗ്ഘമായ അക്ഷയനിക്ഷേപങ്ങളാണു് ഈ പൈങ്കിളിമൂലം കൈരളീദേവിയ്ക്കു കരസ്ഥമായിട്ടുള്ളതു്! രാമാനുജപ്പൈങ്കിളി പഞ്ചമരാഗത്തിൽ പാടീട്ടുള്ള പാട്ടുകളാണു് ഇന്നും കേരളാന്തരീക്ഷത്തിൽ മാറ്റൊലിക്കൊള്ളുന്നതു് അതിന്റെ ദിവ്യമംഗളദ്ധ്വനിയത്രെ ഇന്നും ഓരോ കേരളീയഗൃഹത്തേയും പരിശുദ്ധമാക്കുന്നതു്! ആ നാദശ്രവണത്തിൽ ആരുടെ കരളും അലിഞ്ഞുപോകുന്നു!! ആരുടെ ശിരസ്സും നമ്രമാകുന്നു!!

തുഞ്ചത്താചാര്യ്യരുടെ കാലം കഴിഞ്ഞിട്ട് ഏതാണ്ടു മുന്നൂറു കൊല്ലത്തോളമായി. അതിൽപ്പിന്നെ മലയാളഭാഷയ്ക്കു ഗണ്യമായ പല മാറ്റങ്ങളും വന്നിട്ടുണ്ടു്; കേരളത്തിൽ പലമഹാകവികളും ഉണ്ടായിട്ടുമുണ്ടു് ലോകാതിഗമായ ബുദ്ധിശക്തികൊണ്ടും, അതിരറ്റ പാണ്ഡിത്യത്താലും, ബഹുജനപ്രശംസയ്ക്കു പാത്രീഭൂതന്മാരായ ഏതാനും വാഗ്ജാലികന്മാർ ഇവിടെ ഉണ്ടായിക്കഴിഞ്ഞു. അവ്യാഹതമായ വാസനാബലം കൊണ്ടും അശ്രാന്തമായ പരിശ്രമത്താലും സഹൃദയന്മാരുടെ സ്നേഹഭാജനങ്ങളായിത്തീർന്ന മഹാകവികളും ഇവിടെ ദുർല്ലഭമല്ല; അഗാധമായ ആലോചനയാലും അതിദീപ്രമായ വാസനനിമിത്തവും പ്രപഞ്ചതത്വങ്ങളെ കമനീയകണ്ഠത്തോടുകൂടി എടുത്തുപാടുവാൻ സാധിച്ച ദിവ്യവാക്കുകളും ഉണ്ടായിട്ടില്ലെന്നില്ല. എന്നാൽ ലോകഗുരുവായ എഴുത്തച്ഛന്റെ പൈങ്കിളിയെ അനുകരിച്ചു പാടുന്നതിതിന്നു മറ്റൊരു കമനീയകണ്ഠവും ഇതുവരേക്കും ഉണ്ടായിട്ടില്ലെന്നുള്ളതു തീർച്ചതന്നെ!! അത്രക്കും മഹനീയമായ ഒന്നാണ് ആ ആർഷസംഗീതം!!