തുഞ്ചത്തെഴുത്തച്ഛൻ/മുഖവുര

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
തുഞ്ചത്തെഴുത്തച്ഛൻ
രചന:വിദ്വാൻ കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ
മുഖവുര
തുഞ്ചത്തെഴുത്തച്ഛൻ
  1. ജീവചരിത്രസംഗ്രഹം
  2. എഴുത്തച്ഛനും മലയാളഭാഷയും
  3. കിളിപ്പാട്ടു്
  4. തർജ്ജമ
  5. എഴുത്തച്ഛന്റെ ഗ്രന്ഥങ്ങൾ
  6. എഴുത്തച്ഛന്റെ സാഹിത്യം

[ 4 ]
മുഖവുര

കേരളീയകവികുലഗുരുവായ തുഞ്ചത്താചാര്യസ്വാമികളുടെ അതിസംക്ഷിപ്തമല്ലാത്ത ഒരു ജീവചരിത്രം മലയാളഭാഷയിൽ ആവിർഭവിയ്ക്കേണ്ടതാണെന്നുള്ളതിൽ ആർക്കും ഭിന്നാഭിപ്രായമുണ്ടാവാനവകാശമില്ല; പക്ഷെ അതിന്നർഹതയും പ്രാപ്തിയും ഉള്ള ആൾ ആരാണെന്നവിഷയത്തിൽ സംശയം വരുവാൻ വഴിയുണ്ടുതാനും. കേവലം ഒരു സാഹിതീസ്കനന്ധയനും മിതംപചമതിയുമായ ഈയുള്ളവന്നു് അതിന്നുള്ള പ്രാപ്തിയില്ലായ്മയെ ഇവിടെ തുറന്നു സമ്മതിച്ചുകൊള്ളുന്നു. ആ വന്ദ്യഗുരുവിന്റെ നേർക്ക് എനിയ്ക്കുള്ള ഭക്ത്യതിശയമത്രെ എന്നെ ഈ സാഹസകൃത്യത്തിന്നുപ്രേരിപ്പിച്ചതു്. എന്റെ ഈ ചെറുപുസ്തകം ആ ഋഷിവര്യന്റെ വിസ്തൃതമായ ഒരു ജീവചരിത്രം എഴുതുന്നതിന്നു് ആർക്കെങ്കിലും പ്രേരകമാകുകയൊ, ആ മഹാപുരുഷന്റെ ജീവിതമാഹാത്മ്യത്തെ സ്മരിയ്ക്കുന്നതിന്നു് ആരെയെങ്കിലും സഹായിയ്ക്കയൊ ചെയ്യുമെങ്കിൽ അതുതന്നെ എനിയ്ക്കു ധാരാളം കൃതാർത്ഥതയ്ക്കുള്ള ഒരു വഴിയാണ്. മറ്റൊന്നും എന്റെ ഈ പ്രഥമപരിശ്രമത്തിൽനിന്നു ഞാൻ പ്രതീക്ഷിയ്ക്കുന്നുമില്ല. ഏകദേശം രണ്ടുമൂന്നു കൊല്ലം മുമ്പു് വിദ്യാർത്ഥിജീവിതം നയിച്ചുകൊണ്ടിരിയ്ക്കുമ്പോൾത്തന്നെ ഇങ്ങിനെ ഒന്നെഴുതിയാൽകൊള്ളാമെന്ന് എനിയ്ക്കത്യാഗ്രഹമുണ്ടായിരുന്നു; കുറച്ചൊക്കെ അന്നെഴുതുകയുമുണ്ടായി; [ 5 ] പക്ഷെ എന്റെ സഹജമായ അലസതയും പാരതന്ത്ര്യവും അതിന്നു പ്രതിബന്ധങ്ങളായിരുന്നു. ഇപ്പോൾ ഈ പുസ്തകത്തെ ഒരുവിധത്തിൽ ഉന്തിത്തള്ളി പുറത്തുകൊണ്ടുവന്നിരിയ്ക്കയാണു്. പര്യവേക്ഷണം (Research) സംബന്ധമായും മറ്റും ചില പ്രവൃത്തികൾ കൂടി ചെയ്യേണ്ടതുണ്ടെന്ന് എനിയ്ക്കുതന്നെ ബോദ്ധ്യപ്പെട്ടിട്ടുണ്ടു്. ഈ പുസ്തകത്തിന്നു രണ്ടാംപതിപ്പു വേണ്ടിവരികയാണെങ്കിൽ അപ്പോൾ ന്യൂനതകൾ കഴിയുന്നതും പരിഹരിയ്ക്കയും പരിഷ്കരിയ്ക്കയും ചെയ്യാമെന്നു വിചാരിയ്കുന്നു.

ഈ പുസ്തകം ഇത്ര വൃത്തിയിലും വേഗത്തിലും പുറത്തു കൊണ്ടുവരുവാൻ സാധിച്ചതു "മംഗളോദയം" പ്രവർത്തകന്മാരുടെയും മിസ്റ്റർ, സി. കുഞ്ഞിരാമമേനവന്റെയും സഹായസഹകരണങ്ങൾ കൊണ്ടാണെന്ന് കൃതജ്ഞതാപൂർവ്വം ഇവിടെ പ്രസ്താവിച്ചുകൊള്ളുന്നു. ഇതിനു സാരഗർഭമായ ഒരു അവതാരിക എഴുതിത്തന്നതിന്നു രാജശ്രീ, കെ.കെ രാജാ തിരുമനസ്സിലെ പേരിൽ എനിയ്ക്കുള്ള നന്ദിയെ രേഖപ്പെടുത്തുന്നതിന്നും ഈ സന്ദർഭത്തെത്തന്നെ വിനിയോഗിച്ചുകൊള്ളട്ടെ. പ്രകൃതഗ്രന്ഥപ്രസിദ്ധീകരണത്തിൽ നാനാമുഖമായ സഹായം ചെയ്തിട്ടുള്ള എല്ലാ മാന്യസ്നേഹിതന്മാരോടും, ഇതിനെ പ്രസാധനം ചെയ്ത ബ്രഹ്മശ്രീ, വി.ടി രാമൻഭട്ടതിരിപ്പാട് അവർകളോടുംകൂടി നന്ദി പറകയും, എന്റെ ഈ ലഘൂപഹാരത്തെ ഭയാശങ്കകളോടുകൂടി മഹാജനസമക്ഷം സാദരം വെച്ചുകൊള്ളുകയും ചെയ്യുന്നു.

രാമല്ലൂർ.}കുറുവാൻ തൊടിയിൽ
൧൧൦൨ കുംഭം ൨൭.ശങ്കരനെഴുത്തച്ഛൻ.
(ഒപ്പ്)