തുഞ്ചത്തെഴുത്തച്ഛൻ/എഴുത്തച്ഛന്റെ സാഹിത്യം
←എഴുത്തച്ഛന്റെ ഗ്രന്ഥങ്ങൾ | തുഞ്ചത്തെഴുത്തച്ഛൻ രചന: എഴുത്തച്ഛന്റെ സാഹിത്യം |
തുഞ്ചത്തെഴുത്തച്ഛൻ→ |
തുഞ്ചത്തെഴുത്തച്ഛൻ |
---|
|
[ 102 ]
ആറാം അദ്ധ്യായം
[തിരുത്തുക]എഴുത്തച്ഛന്റെ സാഹിത്യം
[തിരുത്തുക]കവികുലഗുരുവും ഭക്താവതംസവുമായ തുഞ്ചത്താചാര്യപാദങ്ങൾ മലയാള സാഹിത്യലോകത്തിൽ ദിവ്യവും ഭവ്യവുമായ ഒരനശ്വര സൌരഭ്യമാണു പരത്തീട്ടുള്ളത്. പണ്ഡിതപാമരന്മാരടക്കമുള്ള ജന സമുദായത്തെ അത്യുൽകൃഷ്ടമായ ഒരു സ്വർഗീയാന്തരീക്ഷത്തിലേയ്ക്ക് നയിയ്ക്കുന്നതിന് ഇത്രമാത്രം ശക്തിയുള്ള മറ്റൊരു സാഹിത്യം ലോകത്തിൽ അത്ര സുലഭമായിരിയ്ക്കയില്ലെന്നുള്ളത് തീർച്ചതന്നെ.
അലങ്കാരങ്ങളുടെ ഔചിത്യം, രചനയുടെ സൌകുമാര്യം, ഭാഷാലാളിത്യം, സംഘടനാദാർഢ്യം എന്നു തുടങ്ങിയുള്ള കവനകലാസാമാഗ്രികളുപയോഗിയ്ക്കുന്ന കാര്യത്തിൽ ആ മഹാകവി ശ്രദ്ധിചിട്ടുള്ളത് പോലെ അധികം കവികൾക്ക് ശ്രദ്ധിപ്പാൻ സാധിയ്ക്കുന്നതല്ല. അത്രയ്ക്കു മാത്രമുണ്ടദ്ദേഹത്തിന്നാവക വിഷയങ്ങളിലുള്ള അതിശ്രദ്ധ.ബാഹ്യപരിഷ്ക്കാരങ്ങൾ കൊണ്ട് അതി കമനീയമായ വിധത്തിൽ സംസ്കരിക്കപ്പെട്ട അദ്ദേഹത്തിന്റെ കവിതാവനിത ആഭ്യന്തരസംസ്കാരത്തിലും ലോകാതിഗമായ ഒരത്യുൽകൃഷ്ടസ്ഥാനത്തിലാണെത്തിയിരിക്കുന്നത്. ബാഹ്യാഭ്യന്തര പരിഷ്കാരങ്ങൾ ഒരുമിച്ചിണങ്ങിയപ്പോൾ സുവർണ്ണത്തിന്നു സൌരഭ്യം കൂടിയപോലെ അതിന്റെ ആകൃതിയും പ്രകൃതിയും അത്യധികം [ 103 ] വിലോഭനീയമായിത്തീർന്നു. ഭക്തിരസം കവിഞ്ഞൊഴുകുന്ന ആ ആര്ഷകവിതയുടെ ഹൃദയാന്തർഭാഗത്തു നിന്നുൽഗമിയ്ക്കുന്ന നിശ്ശബ്ദ സംഗീതം നരകത്തിൽ നാകം ചമയ്ക്കുന്നു! പരിത പ്രദേശങ്ങളെ പരിശുദ്ധമാകുന്നു ! ഹൃദയ മുകുരങ്ങളെ ആനന്ദപ്ലാവിതമാക്കുന്നു ! അതികമനീയമായ "വൈദർഭീരിതി" യിൽ പരിലസിക്കുന്ന ആ കവിതാവനിതയുടെ ഓരോ പദവിന്യാസത്തിലും കാണുന്ന ആകർഷണീയത കണ്ണും കരളും ഒരു പോലെ കവരുന്നു. നോക്കുക :-
- നാഥാ! പതിവ്രതയാം ധർമ്മ പത്നിഞാ -
- നാധാരവുമില്ല മറ്റിനിയ്ക്കാരുമേ
- ഏതുമേ ദോഷവുമില്ല ദയാനിധേ
- പാദശുശ്രൂഷാവ്രതം മുടക്കായ്ക മേ
- നിന്നുടെ സന്നിധൌ സന്തതം വാണീടു -
- മെന്നെ മറ്റാര്ക്കാനും പീഡിച്ചു കൂടുമോ ?
- വല്ലതും മൂലഫലജലാഹാരങ്ങൾ
- വല്ലഭോച്ചിഷ്ടമിനിക്കമൃതോപമം
- ഭർത്താവ് തന്നോടു കൂടെ നടക്കുമ്പോ-
- ളെത്രയും കൂർത്തു മൂർത്തുള്ള കല്ലും മുള്ളും
- പുഷ്പാസ്തരണ തുല്യങ്ങളിനിക്കതും
- പുഷ്പബാണോപമ ! നീ വെടിഞ്ഞീടൊലാ,
- അദ്ധ്യാത്മരാമായണം -
ആശയങ്ങൾ എത്ര തന്നെ മഹത്തരങ്ങളായിരുന്നാലും അവയെ പ്രദർശിപ്പിക്കുന്ന രീതിയുടെ വ്യത്യാ [ 104 ] സങ്ങൾക്കനുസരിച്ചു കവിതാഭംഗിയ്ക്കും ഏറ്റക്കുറവുകൾ വരുന്നതാണ്. മേല്ക്കാണിച്ച വരികളിലെ സുകുമാരവും സുന്ദരവുമായ ആശയങ്ങൾ കവിയുടെ കമനീയമായ കരശില്പരീതിയിൽ കൂടി പുറത്തു വരുമ്പോളുണ്ടാകുന്ന അകൃത്രിമ സൌന്ദര്യം ഈയുള്ളവന്റെ ശുഷ്ക തൂലിക വർണ്ണിയ്ക്കുന്നതെങ്ങിനെ?
ഏതു രസം വർണിയ്ക്കുന്നതിനും മഹാകവിയ്ക്കുള്ള പാടവം അന്യാദൃശം തന്നെയാണ് അദ്ദേഹം വായനക്കാരെ ആകർഷിച്ച് തന്റെ കൂടെക്കൊണ്ടുപോയി വർണ്യ വസ്തുവിന്റെ സ്വരൂപത്തെ സചേതനമായി സന്ദർശിപ്പിയ്ക്കുന്നു. വിദ്യാഭ്യാസം കഴിഞ്ഞു സ്വഭവനതിലേക്ക് തിരിച്ചു പോകുന്ന 'കച' നോടു് തന്റെ ഭർത്താവായിരിപ്പാനപേക്ഷിയ്ക്കയും അദ്ദേഹം അതുപേക്ഷിയ്ക്കയും ചെയ്തപ്പോൾ നൈരാശ്യ നിഹതയായി മട്ടും മതിയും മറന്നു അദ്ദേഹത്തെ ശപിപ്പാനൊരുങ്ങുന്ന "ദേവയാനി" യുടെ രൂപം മഹാകവി എത്ര തന്മയത്വത്തോടുകൂടി വരച്ചിരിയ്ക്കുന്നുവെന്നു നോക്കുക :-
- "പണ്ഡിതനായ കചൻ ഖണ്ഡിച്ച് പറഞ്ഞപ്പോൾ
- കുണ്ഡത്തിലാജ്യം വീണ കണക്കെ ദേവയാനി
- കണ്ണുനീർ കൊണ്ട് നനച്ചംഗവും വിയർത്തവൾ
- കണ്ണുകൾ ചുവപ്പിച്ചു ദേഹവും വിറപ്പിച്ചു
- ചണ്ഡദീധിതിയുടെ മണ്ഡലം പൊങ്ങും പോലെ
- ചണ്ഡിക മഹിഷനെക്കണ്ടതും നേരം പോലെ [ 105 ]
തന്നുടെ മനോരഥം വാരാഞ്ഞു കോപം പൂണ്ടു
നിന്നുടെ വിദ്യയെല്ലാം നിഷ്ഫലമായ്പോകെന്നാൾ"
ഭാരതം
അദ്ദേഹത്തിൻറെ കവിതകളിൽ പാവനങ്ങളായ ഋഷ്യാശ്രമങ്ങളുടെ വർണ്ണനങ്ങൾ വളരെ സുലഭങ്ങളാണ്. അവ വായിക്കുമ്പോൾ നാം ആ അശ്രമങ്ങളുടെ അടുത്തു നിന്നു്, പ്രശാന്ത സുന്ദരവും പ്രകൃതി മനോഹരവുമായ ആ പർണ്ണശാലകളെ കണ്ടുള്ള അമിതാനന്ദമാണനുഭാവിക്കുന്നത് നോക്കുക :-
"പുഷ്പങ്ങൾ തളിരുകൾ ഫലങ്ങൾ നിറഞ്ഞോരൊ
ഷൾപ്പദശുകപികകേകികൾ നാദത്തോടും
വൃക്ഷങ്ങൾ തോറും ചുറ്റിപ്പറ്റീടും വല്ലികളും
❊❊❊❊❊❊❊
പക്ഷികൾ മൃഗങ്ങളെന്നുള്ള ജന്തുക്കളാലും
ഇക്ഷുജംബീരകേര കദളീ വൃന്ദത്താലും
ശീതത്വസുഗന്ധത്വമാന്ദ്യാടി ഗുണം തേടും
വാതപോതങ്ങളാലും സേവ്യമാശ്രമാദേശം ".
കണ്വാശ്രമം, മഹാഭാരതം.
❊❊❊❊❊❊❊
"സർവ്വത്തുഫലകസുമാഢ്യപാദപലതാ
സംവൃതം നാനാമൃഗ സഞ്ചയ നിഷേവിതം
നാനാപക്ഷികൾ നാദം കൊണ്ടതി മനോഹരം
കാനനം ജാതി വൈര രഹിതം ജന്തു പൂർണ്ണം
നന്ദന സമാനമാനന്ദ ദാനാഢ്യം മുനി -
നന്ദന വേദദ്ധ്വനി മണ്ഡിത മനുപമം
- ബ്രഹ്മർഷിപ്രവരന്മാരമരമുനികളും
- സമ്മദം പൂണ്ടുവാഴും മന്ദിരനികരങ്ങൾ
- സംഖ്യയില്ലാതോളമുണ്ടോരോരോതരം നല്ല
- സംഖ്യവത്തുക്കളുമുണ്ടറ്റമില്ലാതവണ്ണം"
- അഗസ്ത്യാശ്രമം, രാമായണം.
ഇങ്ങിനെ മനോഹരങ്ങളായ പ്രകൃതിവർണ്ണനങ്ങൾ പകർത്തിത്തുടങ്ങുകയാണെങ്കിൽ, അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ മിയ്ക്കവാറും ഇവിടെ സംക്രമിപ്പിയ്ക്കേണ്ടിവരും! അത്രമാത്രം അകൃത്രിമസുന്ദരങ്ങളാണവ!
ഭക്തിയാണദ്ദേഹത്തിന്റെ കവിതയുടെ ജീവനാഡി. ഈ രസം അദ്ദേഹത്തിന്റെ കവിതകളിൽ സാർവ്വത്രികമായി പരിസ്ഫുരിച്ചുകാണാം. "ചെറുശ്ശേരി"യെപ്പോലെ ഇടയ്ക്കിടയ്ക്കു ഫലിതവും രസികത്തവും പ്രകടിപ്പിയ്ക്കുന്നതിന്നൊ, നമ്പ്യാരേപ്പോലെ സാർവത്രികമായി പരിഹാസവും ശകാരവും പൊഴിയ്ക്കുന്നതിന്നൊ നമ്മുടെ ഭക്തകവി ശ്രമിയ്ക്കാറില്ല. അദ്ദേഹത്തിന്നു ചിരിപ്പാനൊ, കളിപ്പാനൊ, രസിപ്പാനൊ സമയമില്ല. പ്രശാന്തസുന്ദരവും പ്രകൃതിഗംഭീരവുമായ ഒരന്തരീക്ഷത്തിലിരുന്നു ഭഗവന്നാമോച്ചാരണം ചെയ്തു ഭക്തിബാഷ്പംവാർക്കാനാണദ്ദേഹത്തിന്റെ സദാനേരവുമുള്ള പരിശ്രമം! നമ്പിയാർ നാരാചനിശിതമായ പരിഹാസശരങ്ങൾ പ്രയോഗിച്ചും കണ്ടമാനം ശകാരിച്ചുമാണു് തന്റെ വായനക്കാരെ മിയ്ക്കപ്പോഴും സന്മാർഗ്ഗപാഠങ്ങൾ പഠിപ്പിയ്ക്കുന്നതു്; ചെറുശ്ശേരിയാകട്ടെ അത്യുജ്വലങ്ങളാ [ 107 ] യ അലങ്കാരങ്ങൾ സുലഭമായണിയിച്ച തന്റെ രസികയും പ്രൌഢയുമായ കവിതാവനിതയെക്കൊണ്ടു് സഹൃദയഹൃദയത്തെ ആകർഷിച്ചു് അതിനെ പല്ലവിതവും പരിഷ്കൃതവുമാക്കുന്നു. എഴുത്തച്ഛനൊ, മിതാഭരണഭൂഷിതയും, പരിപാവനഹൃദയയും, ലോകോത്തരഗുണോത്തരയുമായ തന്റെ ദിവ്യകാവ്യാംഗനയുടെ ഭക്തിബാഷ്പംകൊണ്ടും, തത്വജ്ഞാനപ്രസംഗങ്ങൾകൊണ്ടും, ആർഷസ്വഭാവംകൊണ്ടും മനുഷ്യഹൃദയത്തെ വശംവദമാക്കി കൃത്യാകൃത്യോപദേശം ചെയ്യുന്നു. നമ്പിയാരുടെ കവിത ചമ്പകപ്പൂവും, ചെറുശ്ശേരിയുടെ കവിത പനിനീർപ്പൂവും എഴുത്തച്ഛന്റെ കവിത സഹസ്രപത്രങ്ങളുള്ള താമരപ്പൂവുമാണു്. നമ്പിയാർ ഏതു സ്വർഗ്ഗീയലോകത്തിൽ നിൽക്കുന്ന വായനക്കാരേയും തന്റെകൂടെ കേരളത്തിലേയ്ക്കു കൊണ്ടുവരികയാണു് ചെയ്യുന്നതു്. എഴുത്തച്ഛൻ ഏതു തരം മനസ്ഥിതിക്കാരേയും തന്റെ കൂടെ അദ്ദേഹത്തിന്റെ വിഹാരരംഗമായ സ്വർഗ്ഗീയാന്തരീക്ഷത്തിലേയ്ക്കാനയിയ്ക്കുന്നു. വിഭിന്നസ്വഭാവത്തോടുകൂടിയതാണു് ഇവർ രണ്ടാളുടേയും കവിതാരീതി. ഒരുത്സവമൊ വിവാഹമൊ മറ്റൊ വർണ്ണിയ്ക്കയാണെന്നിരിയ്ക്കട്ടെ, അപ്പോൾ എഴുത്തച്ഛൻ അവിടെ കൂടിട്ടുള്ള ജനങ്ങളുടെ അനുകരണീയമായ ആചാരോപചാരങ്ങളും മറ്റു സമ്പ്രദായങ്ങളുമാണു് വർണ്ണിയ്ക്കുക. ജനകരാജധാനിയിൽവെച്ചു് കുറച്ചു ദിവസമായി തമ്മിൽ പിരിഞ്ഞ ദശരഥമഹാരാജാവും കുമാരന്മാരും പരസ്പരം കാണുമ്പോഴത്തെ അവരുടെ വന്ദനാദികളെ എഴുത്തച്ഛൻ [ 108 ] ഒട്ടുംതന്നെ വിടാതെ വർണ്ണിയ്ക്കുന്നതിൽ എത്രമാത്രം നിഷ്കർഷ കാണിച്ചിരിയ്ക്കുന്നു! നോക്കുക:-
- "രാമലക്ഷ്മണന്മാരും വന്ദിച്ചു പിതാവിനെ
- സാമോദം വസിഷ്ഠനാമാചാർയ്യപാദാബ്ജവും
- തൊഴുതു മാതൃജനങ്ങളെയും യഥാക്രമം
- തൊഴുതു ശ്രീരാമപാദാംഭോജമനുജന്മാർ
- തൊഴുതു ഭരതനെ ലക്ഷ്മണകുമാരനും
- തൊഴുതു ശത്രുഘ്നനും ലക്ഷ്മണപാദാംഭോജം"
- രാമായണം.
നമ്പിയാരാകട്ടെ ഈ വക ഘട്ടങ്ങളിൽ "നീരസങ്ങൾ വിസ്തരിച്ചിട്ടെന്തുകാർയ്യം നമുക്കിപ്പോൾ" എന്നു പറഞ്ഞ് പിന്മാറുകയാണു് ചെയ്യുക. അദ്ദേഹത്തിന്റെ വീക്ഷണകോണംതന്നെ മറ്റൊരേടത്താണു പതിയ്ക്കുന്നതു. സദ്യയ്ക്കു പരിശ്രമിയ്ക്കുന്ന നായന്മാരുടെ അമാന്തവും "കണ്ട"ന്റേയും "കോര"ന്റേയും വികൃതിത്തങ്ങളും ആണു് അദ്ദേഹം കണ്ടുരസിപ്പാൻ ശ്രമിയ്ക്കുന്നതു്. ഒരു വിവാഹാഘോഷത്തിൽ പ്രതിഗ്രഹം വാങ്ങുവാനോടുന്ന ഒരു വൃദ്ധ ബ്രാഹ്മണനാണാമനുഷ്യന്റെ ദൃഷ്ടിയിൽപ്പെടുന്നതു്; നോക്കുക:-
- "എഴുപത്തെട്ടുവയസ്സു തികഞ്ഞൊരു
- കിഴവബ്രാഹ്മണനിത പോകുന്നു
- ചുടുവെയിൽ തട്ടിച്ചുട്ടകഷണ്ടിയി-
- ലൊരുപിടി നെല്ലാൽ മലരു പൊരിയ്ക്കാം"
എന്നാൽ ഈ വക നിസ്സാരകാർയ്യങ്ങൾക്കൊ, കൂ [ 109 ] ർത്തുമൂർത്ത പരിഹാസശരങ്ങൾക്കൊ എഴുത്തച്ഛന്റെ സാഹിത്യത്തിൽ ഇടയില്ല.
അദ്ദേഹം സാഹിത്യത്തിന്റെ സുപരിഷ്കൃതമായ ഒരു മാതൃകയാണു് നിർമ്മിച്ചിട്ടുള്ളതു്. അദ്ദേഹത്തിന്റെ സാഹിത്യം മനുഷ്യഹൃദയത്തെ ഉയർത്തുകയല്ലാതെ ഒരിയ്ക്കലും അധഃപ്പതിപ്പിയ്ക്കയില്ല. ഇന്നു മലയാളഭാഷയിൽ വർദ്ധിച്ചുവരുന്ന മിയ്ക്ക പുസ്തകങ്ങളും ഭൌതികവിഷയാത്മകങ്ങളും, കേവലം നിസ്സാരങ്ങളായ ആദർശങ്ങളോടുകൂടിയവയുമാണെന്നു സവ്യസനം പറയേണ്ടിയിരിയ്ക്കുന്നു. ഈശ്വരവിഷയങ്ങൾ വർണ്ണിപ്പാനല്ലാതെ ലൌകികവിഷയങ്ങൾക്കായി ഈ കവി തന്റെ കാവ്യകലയെ ഉപയോഗിയ്ക്കുകതന്നെ പതിവില്ല. അത്രയും അത്യുൽകൃഷ്ടമാണദ്ദേഹത്തിന്റെ ആദർശം.
ഏതെങ്കിലും ഘട്ടത്തിൽ തന്റെ പാത്രങ്ങളെക്കൊണ്ടു് ഒരു ഈശ്വരസ്തുതി ചെയ്യിക്കേണ്ടിവരുമ്പോൾ അദ്ദേഹം ഒരു നാലുവരിയെങ്കിലും തന്റെ വകയായും അതിൽ സംഘടിപ്പിയ്ക്കാതിരിയ്ക്കയില്ല. അത്രമാത്രം ഉള്ളിൽ കൊള്ളാതെയാണദ്ദേഹത്തിന്റെ ഭക്തിപ്രവാഹം അവ്യാഹതമായൊഴുകുന്നതു്! "എന്നുടെയുള്ളിൽ വിളങ്ങുന്ന ദൈവതം" എന്നു തുടങ്ങി ഭക്തിരസത്തെ പ്രസ്ഫടമാക്കുന്ന ചില ശകലങ്ങളും ആ വക ഘട്ടങ്ങളിൽ കാണാം. ഭഗവൽസ്വരൂപങ്ങൾ വർണ്ണിയ്ക്കുന്നതിലാണു് ആ മഹാഭക്തന്റെ സരസ്വതീനദി "തട്ടുംതരി"യുമില്ലാതെ അനർഗ്ഗളമായി നിർഗ്ഗളിയ്ക്കുന്നതു്. താഴെ ചേർത്തിരിയ്ക്കുന്ന ഭഗവൽസ്വരൂപം നോക്കുക..... [ 110 ]"നിരന്നപീലികൾ നിരക്കവെ കുത്തി
നെറുകയിൽക്കൂട്ടി തിറമോടു കെട്ടി
കരിമുകിലൊത്ത ചികുരഭാരവും
മണികൾ മിന്നിടും മണിക്കിരീടവും
കുനുകുനെച്ചിന്നും കുറുനിരതന്മേൽ
നനുനനെപ്പൊടിഞ്ഞൊരു പൊടിപറ്റി
തിലകവുമൊട്ടു വിയർപ്പിനാൽ നന-
ഞ്ഞുലകു സൃഷ്ടിച്ചു ഭരിച്ചുസംഹരി
ച്ചിളകുന്നചില്ലി യുഗളഭംഗിയും
❊❊❊❊
മകരകുണ്ഡലം പ്രതിബിംബിയ്ക്കുന്ന
കവിൾത്തടങ്ങളും മുഖസരോജവും
വിയർപ്പുതുള്ളികൾ പൊടിഞ്ഞനാസിക
സുമന്ദഹാസവുമധരശോഭയും
തുളസിയും നല്ല സരസിജങ്ങളു-
മിളതായീടിന തളിരുകളുമാ-
യിടകലർന്നുടനിളകും മാലകൾ
തടയും മുത്തുമാലകളും കൗസ്തുഭ-
മണിയും ചേരുന്ന ഗളവും ചമ്മട്ടി
പിടിച്ചൊരു കരതലവും കുങ്കുമം
മുഴുക്കെപ്പൂശിന തിരുമാറും മാറു
നിരന്നമഞ്ഞപ്പൂന്തുകിലും കാഞ്ചികൾ
പദസരോരുഹയുഗവുമെന്നുടെ
ഹൃദയംതന്നിലങ്ങിരിയ്ക്കും പോലെയ-
മ്മണിരഥം തന്നിലകം കുളിർക്കവെ
മണിവർണ്ണൻ തന്നെ തെളിഞ്ഞു കണ്ടു ഞാൻ "
പാർത്ഥസാരഥി, ഭാരതം
ദിവ്യമായ ഈ കമനീയചിത്രം, കവിയുടെ ഹൃദയത്തിൽ അകംകുളിർക്കത്തക്കവണ്ണമിരിക്കുന്ന ഈ പരിപാവനമായ സചേതനചിത്രം, ആരുടെ ഹൃദയത്തെ കുളിർപ്പിക്കയില്ല! ഇതാരുടെ ഹൃദയത്തെ വിമലമാക്കുകയില്ല!!!
ആർ. ഈശ്വരപ്പിള്ളയവർകൾ എഴുത്തച്ഛന്റെ കവിതാരീതിയെപ്പറ്റി പറയുന്ന ഒരു ഘട്ടത്തിൽ, "മിൽട്ടന്റെ ഗാംഭീർയ്യവും, ഗോൾഡ് സ്മിത്തിന്റെ സാരള്യവും, ഗ്രേയുടെ ലാളിത്യവും ഇദ്ദേഹത്തിന്റെ മിയ്ക്ക കവിതകളിലും സവിശേഷം പ്രകാശിച്ചു കാണുന്നുണ്ടെന്നു പറകയുണ്ടായി. മഹാകവി 'ഗീഥി' ഒരിക്കൽ "സംവത്സരാരംഭത്തിലെ പുഷ്പങ്ങളും, സംവത്സരാവസാനത്തിലെ ഫലങ്ങളും , ആത്മാവിനു മോഹത്തേയും ആനന്ദപാരവശ്യത്തേയും നിർവൃതിയേയും സംതൃപ്തിയേയും ജനിപ്പിയ്ക്കുന്നതായ സകലവും, എന്നുവേണ്ട, ഭൂലോകവും സ്വർല്ലോകവുംകൂടിയും ഒരു നാമത്തിൽ യോജിപ്പിയ്ക്കപ്പെടണമെങ്കിൽ "ശാകുന്തളം" എന്നു പറഞ്ഞാൽ മതി; അതിൽ എല്ലാം അന്തർഭവിച്ചിരിക്കുന്നു" വെന്നു പറകയുണ്ടായത്രേ. എഴുത്തച്ഛന്റെ സാഹിത്യത്തെപ്പറ്റിയും അദ്ദേഹത്തിന്നോരഭിപ്രായം പറവാനിടവന്നിരുന്നുവെങ്കിൽ ഇതിലും വലിയ അഭിപ്രായങ്ങളാകുമായിരുന്നു അദ്ദേഹം പുറപ്പെടീയ്ക്കുക. [ 112 ]
അനർഗ്ഘമായ ആ ആർഷസാഹിത്യം, നമ്മുടെ അജ്ഞാനത്തെ നീക്കുന്നതിന്നും, വിചിന്തനഗതിയെ പരിഷ്കരിയ്ക്കുന്നതിന്നും, മനസ്സിനെ സംസ്കരിക്കുന്നതിന്നും എത്രമാത്രം ഉപകരിച്ചിട്ടുണ്ടെന്നു വിചാരിയ്ക്ക വയ്യ! ആ സ്വർഗ്ഗീയസംഗീതത്തിന്റെ മോഹനരസം, ആ വൈദ്യുത"നാരായ"ത്തിന്റെ ദിവ്യപ്രേരണ, അതെന്നെന്നും കേരളീയരുടെ പുരോഗതിയിൽ മംഗളം വർഷിയ്ക്കുമാറാകട്ടെ!
ശുഭം