താൾ:Thunjathezhuthachan.djvu/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശേഷമാണെന്നതിൽ പക്ഷാന്തരത്തിന്നവകാശവുമില്ല. ഈ സ്ഥിതിയ്ക്കു മുൻപറഞ്ഞ ഐതിഹ്യത്തെ എങ്ങിനെ വിശ്വസിയ്ക്കാം? അവിശ്വസനീയമാണു് ഈ ഐതിഹ്യമെന്നതിന്നു് ഇനിയും തെളിവുണ്ടു്. ആലത്തൂർ ഗ്രാമം മലയാളബ്രാഹ്മണർ പ്രചുരമായി അധിവസിയ്ക്കുന്ന ഒരു സ്ഥലമാണു്. അവിടെ വന്ന ഒരു നമ്പൂതിരി ബ്രാഹ്മണൻ ജാതിയിൽ നികൃഷ്ടമെന്നു ഗണിയ്ക്കപ്പെട്ടിട്ടുള്ള ഒരു ദരിദ്രചക്കാലവീട്ടിൽ കയറിക്കിടന്നുവെന്നു പറയുന്നതു് അസംഗതമായിരിപ്പാനേ വഴിയുള്ളൂ.

ഇനി മുമ്പു പ്രസ്താവിച്ച പരദേശബ്രാഹ്മണന്റെ കഥ എടുക്കാം. ഇന്നത്തെപ്പോലെ സഞ്ചാരസൗകർയ്യങ്ങളും മാർഗ്ഗങ്ങളുമില്ലാതിരുന്ന കാലത്തു സഹ്യപർവ്വതനിരകളാൽ വിദേശങ്ങളുമായുള്ള ബന്ധം മിയ്ക്കവാറൂം വേർപെടുത്തപ്പെട്ട കേരളത്തിലെ ഒരു നായർയുവതി, ആചാരം, വേഷം, ഭാഷ എന്നിവയിൽ കേവലം വിഭിന്നസ്വഭാവിയായ ഒരപരിചിതബ്രാഹ്മണനെ കണ്ടമാത്രയിൽത്തന്നെ സന്തത്യുൽപ്പാദനാർത്ഥം സ്വീകരിച്ചുകഴിഞ്ഞുവെന്നു പറയുന്നതു് അത്ര യുക്തമായിരിയ്ക്കുമെന്നു തോന്നുന്നില്ല. ഏതായാലും അദ്ദേഹത്തിന്റെ അച്ഛൻ ഒരു ബ്രാഹ്മണനായിരുന്നുവെന്നു് ഈ ഐതിഹ്യങ്ങളിൽ നിന്നു് ഏതാണ്ടു് ഊഹിയ്ക്കാം. ഇതിൽ നിന്നു് അല്പാല്പം വ്യത്യാസപ്പെട്ടു് ഒരൈതിഹ്യം വെട്ടത്തുനാട്ടിൽ സാധാരണ പറഞ്ഞുവരാറുണ്ട്. അതു താഴെ കാണുംപ്രകാരമാണു്:-

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/26&oldid=171831" എന്ന താളിൽനിന്ന് ശേഖരിച്ചത്