Jump to content

താൾ:Thunjathezhuthachan.djvu/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രേണ അത്യുച്ചമായ ഒരു നിലയിൽ എത്തുവാൻ പോകുന്ന പരിഷ്കാരത്തിന്റെ അരുണോദയമാണിന്നിവിടെ കണ്ടുതുടങ്ങീട്ടുള്ളതു്.

ചിറ്റൂർ ഗുരുമഠത്തിന്റെ സ്ഥാപകൻ ആരാണെന്നവിഷയത്തിൽ ഭിന്നാഭിപ്രായത്തിന്നവകാശമുണ്ടു്. ഐതിഹ്യങ്ങളേയും, ചിറ്റൂരിൽനിന്നു പ്രസിദ്ധപ്പെടുത്തിയ ലഘുപത്രത്തേയും മാത്രം ആസ്പദമാക്കിയാണു്, സാക്ഷാൽ എഴുത്തച്ഛൻ തന്നെയാണു് ഈ മഠത്തിന്റെ സ്ഥാപകനെന്ന അഭിപ്രായത്തെ അനുകൂലിച്ചുകൊണ്ടിതേവരെയും ഈ ഗ്രന്ഥത്തിൽ പ്രസ്താവിച്ചിട്ടുള്ളതു്. ചിലർ എഴുത്തച്ഛന്റെ ശിഷ്യനായ സൂര്യനാരായണനെഴുത്തച്ഛനാണിതിന്റെ സ്ഥാപകനെന്നു പറയുന്നു. താഴെ കാണിയ്ക്കുന്നവയാണവരുടെ പ്രമാണങ്ങൾ:-

"എഴുത്തച്ഛൻ സ്വഭവനത്തിൽത്തന്നെവെച്ചാണു് മഹാസമാധി പ്രാപിച്ചിട്ടുള്ളതെന്നും, സൂര്യനാരായണൻ തന്റെ ഗുരുവിന്റെ യോഗദണ്ഡും മെതിയടിയും കുറെക്കാലം ചിറ്റൂരിൽ കൊണ്ടുവന്നുവെച്ചു പൂജിയ്ക്കയും പിന്നീടു മഠം സ്ഥാപിച്ചു ദാനംചെയ്കയുമാണുണ്ടായിട്ടുള്ളതെന്നും പണ്ടേയ്ക്കുപണ്ടേ കേട്ടുകേൾവിയുണ്ടു്. ചിറ്റൂർലഘുപത്രികയിലെടുത്തുകാണിച്ച ആ പദ്യങ്ങളിൽ 'വിബുധജനവരഃ സൂര്യനാരായണാഖ്യഃ' എന്നും 'സ്ഥാപയാമാസസൂര്യഃ' എന്നും പ്രസ്താവിച്ചുകാണുന്നുമുണ്ടു്. ലഘുപത്രിക പ്രസിദ്ധപ്പെടുത്തും മുമ്പു് തുഞ്ചത്തെഴുത്തച്ഛന്റെ പേർ 'സൂര്യനാരായണൻ' എന്നായിരുന്നുവെന്നു് ആരും പറഞ്ഞുകേൾക്കുകയൊ, മറ്റു വല്ലവിധത്തിലും അറിയപ്പെടുകയൊ ചെയ്തിട്ടില്ല".

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/47&oldid=171854" എന്ന താളിൽനിന്ന് ശേഖരിച്ചത്