താൾ:Thunjathezhuthachan.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(3) ജീവൽഭാഷകൾക്കൊക്കെയും വളൎച്ചയും പരിണാമവും ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നതു സാധാരണയാണു്. ഒരുകാലത്തെ ഭാഷയിൽനിന്നു മറ്റൊരുകാലത്തെ ഭാഷയ്ക്കു ഗണ്യമായ ചില വ്യത്യാസങ്ങൾ കാണാവുന്നതാണു്. ഭാഷാമർമ്മവേദികൾക്കു് ഓരോ നൂറ്റാണ്ടിലേയും ഭാഷ വെവ്വേറെ തിരിച്ചറിവാൻ സാധിയ്ക്കും. ഈ നിലയിൽ എഴുത്തച്ഛന്റെ കവിതകളിൽനിന്നു് അദ്ദേഹത്തിന്റെ കാലം നിർണ്ണയിപ്പാൻ ചില സംഗതികൾ കിട്ടുന്നില്ലെന്നല്ല. "നിരണത്തു പണിയ്ക്കന്മാ"രുടെ ഭാഷാരീതി എഴുത്തച്ഛന്റെ രീതിയിൽനിന്നു കേവലം വ്യത്യാസപ്പെട്ടതാണു്. തമിഴുപദങ്ങളുടെ പ്രാചുൎയ്യവും, "ഭാഷ" "വൃത്തം" എന്നിവയുടെ സ്വഭാവവും നിമിത്തം പ്രഥമദൃഷ്ടിയിൽത്തന്നെ എഴുത്തച്ഛന്റെ വളരെമുമ്പാണു പണിയ്ക്കന്മാരുടെ ജീവകാലമെന്നു തീർച്ചയാക്കാം. ഇങ്ങിനെ തന്നെ പഴയപദങ്ങളുടെ പ്രാചുൎയ്യം കൊണ്ടും മറ്റും "കൃഷ്ണഗാഥാ"കാരനായ "ചെറുശ്ശേരി"യും അദ്ദേഹത്തിനു മുമ്പാണെന്നു് ആരും സമ്മതിയ്ക്കും. ൬൫൦-ന്നും ൭൫൦-ന്നും മദ്ധ്യത്തിലാണു ചെറുശ്ശേരിയുടെ ജീവകാലമെന്നതിൽ ചരിത്രകാരന്മാൎക്കധികം അഭിപ്രായവ്യത്യാസം കാണുന്നില്ല. ഭാഷയുടെ ക്രമപ്രവൃദ്ധമായ വളൎച്ചയും പരിണാമങ്ങളും നോക്കിയാൽ ചെറുശ്ശേരിയുടെ അടുത്ത അനന്തരകാലീനൻ എഴുത്തച്ഛനാണെന്നു തെളിയും. എഴുത്തച്ഛന്റെ ഭാഷയേക്കാൾ നവീനമാണു നമ്പ്യാരുടെ ഭാഷ. അദ്ദേഹത്തിന്റെ ജീവകാലം പത്താം നൂറ്റാണ്ടാണെന്നു തീൎച്ചപ്പെട്ടിട്ടുമുണ്ട്.

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/23&oldid=171828" എന്ന താളിൽനിന്ന് ശേഖരിച്ചത്