പരിശുദ്ധ ഖുർആൻ/നൂഹ്
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 |
1 തീർച്ചയായും നൂഹിനെ അദ്ദേഹത്തിൻറെ ജനതയിലേക്ക് നാം അയച്ചു. നിൻറെ ജനതയ്ക്ക് വേദനയേറിയ ശിക്ഷ വരുന്നതിൻറെ മുമ്പ് അവർക്ക് താക്കീത് നൽകുക എന്ന് നിർദേശിച്ചു കൊണ്ട്
2 അദ്ദേഹം പറഞ്ഞു: എൻറെ ജനങ്ങളെ, തീർച്ചയായും ഞാൻ നിങ്ങൾക്കു വ്യക്തമായ താക്കീതുകാരനാകുന്നു.
3 നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിൻ.
4 എങ്കിൽ അവൻ നിങ്ങൾക്കു നിങ്ങളുടെ പാപങ്ങളിൽ ചിലത് പൊറുത്തുതരികയും, നിർണയിക്കപ്പെട്ട ഒരു അവധി വരെ നിങ്ങളെ നീട്ടിയിടുകയും ചെയ്യുന്നതാണ്. തീർച്ചയായും അല്ലാഹുവിൻറെ അവധി വന്നാൽ അത് നീട്ടി കൊടുക്കപ്പെടുകയില്ല. നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ.
5 അദ്ദേഹം പറഞ്ഞു: എൻറെ രക്ഷിതാവേ, തീർച്ചയായും എൻറെ ജനതയെ രാവും പകലും ഞാൻ വിളിച്ചു.
6 എന്നിട്ട് എൻറെ വിളി അവരുടെ ഓടിപ്പോക്ക് വർദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളു.
7 തീർച്ചയായും, നീ അവർക്ക് പൊറുത്തുകൊടുക്കുവാൻ വേണ്ടി ഞാൻ അവരെ വിളിച്ചപ്പോഴൊക്കെയും അവർ അവരുടെ വിരലുകൾ കാതുകളിൽ വെക്കുകയും, അവരുടെ വസ്ത്രങ്ങൾ മൂടിപ്പുതക്കുകയും, അവർ ശഠിച്ചു നിൽക്കുകയും, കടുത്ത അഹങ്കാരം നടിക്കുകയുമാണ് ചെയ്തത്.
8 പിന്നീട് അവരെ ഞാൻ ഉറക്കെ വിളിച്ചു.
9 പിന്നീട് ഞാൻ അവരോട് പരസ്യമായും വളരെ രഹസ്യമായും പ്രബോധനം നടത്തി.
10 അങ്ങനെ ഞാൻ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനാകുന്നു.
11 അവൻ നിങ്ങൾക്ക് മഴ സമൃദ്ധമായി അയച്ചുതരും.
12 സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവൻ പോഷിപ്പിക്കുകയും, നിങ്ങൾക്കവൻ തോട്ടങ്ങൾ ഉണ്ടാക്കിത്തരികയും നിങ്ങൾക്കവൻ അരുവികൾ ഉണ്ടാക്കിത്തരികയും ചെയ്യും.
13 നിങ്ങൾക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങൾ പ്രതീക്ഷിക്കുന്നില്ല.
14 നിങ്ങളെ അവൻ പല ഘട്ടങ്ങളിലായി സൃഷ്ടിച്ചിരിക്കുകയാണല്ലോ.
15 നിങ്ങൾ കണ്ടില്ലേ; എങ്ങനെയാണ് അല്ലാഹു അടുക്കുകളായിട്ട് ഏഴ് ആകാശങ്ങൾ സൃഷ്ടിച്ചിരിക്കുന്നത് എന്ന്.
16 ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു.സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു.
17 അല്ലാഹു നിങ്ങളെ ഭൂമിയിൽ നിന്ന് ഒരു മുളപ്പിക്കൽ മുളപ്പിച്ചിരിക്കുന്നു.
18 പിന്നെ അതിൽ തന്നെ നിങ്ങളെ അവൻ മടക്കുകയും നിങ്ങളെ ഒരിക്കൽ അവൻ പുറത്തു കൊണ്ട് വരികയും ചെയ്യുന്നതാണ്.
19 അല്ലാഹു നിങ്ങൾക്കു വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു.
20 അതിലെ വിസ്താരമുള്ള പാതകളിൽ നിങ്ങൾ പ്രവേശിക്കുവാൻ വേണ്ടി.
21 നൂഹ് പറഞ്ഞു: എൻറെ രക്ഷിതാവേ, തീർച്ചയായും ഇവർ എന്നോട് അനുസരണക്കേട് കാണിക്കുകയും ഒരു വിഭാഗത്തെ പിന്തുടരുകയും ചെയ്തിരിക്കുന്നു; അവർക്ക് ( പിന്തുടരപ്പെട്ട നേതൃവിഭാഗത്തിന് ) സ്വത്തും സന്താനവും മൂലം ( ആത്മീയവും പാരത്രികവുമായ ) നഷ്ടം കൂടുക മാത്രമാണുണ്ടായത്.
22 ( പുറമെ ) അവർ ( നേതാക്കൾ ) വലിയ കുതന്ത്രം പ്രയോഗിക്കുകയും ചെയ്തിരിക്കുന്നു.
23 അവർ പറഞ്ഞു: ( ജനങ്ങളേ, ) നിങ്ങൾ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്‌റ് എന്നിവരെ നിങ്ങൾ ഉപേക്ഷിക്കരുത്.
24 അങ്ങനെ അവർ വളരെയധികം ആളുകളെ വഴിപിഴപ്പിച്ചു. (രക്ഷിതാവേ,) ആ അക്രമകാരികൾക്ക് വഴിപിഴവല്ലാതെ മറ്റൊന്നും നീ വർദ്ധിപ്പിക്കരുതേ.
25 അവരുടെ പാപങ്ങൾ നിമിത്തം അവർ മുക്കി നശിപ്പിക്കപ്പെട്ടു. എന്നിട്ടവർ നരകാഗ്നിയിൽ പ്രവേശിപ്പിക്കപ്പെട്ടു. അപ്പോൾ തങ്ങൾക്ക് അല്ലാഹുവിനു പുറമെ സഹായികളാരെയും അവർ കണ്ടെത്തിയില്ല.
26 നൂഹ് പറഞ്ഞു.: എൻറെ രക്ഷിതാവേ, ഭൂമുഖത്ത് സത്യനിഷേധികളിൽ പെട്ട ഒരു പൗരനെയും നീ വിട്ടേക്കരുതേ.
27 തീർച്ചയായും നീ അവരെ വിട്ടേക്കുകയാണെങ്കിൽ നിൻറെ ദാസൻമാരെ അവർ പിഴപ്പിച്ചു കളയും. ദുർവൃത്തന്നും സത്യനിഷേധിക്കുമല്ലാതെ അവർ ജൻമം നൽകുകയുമില്ല.
28 എൻറെ രക്ഷിതാവേ, എൻറെ മാതാപിതാക്കൾക്കും എൻറെ വീട്ടിൽ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവന്നും സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും സത്യവിശ്വാസിനികൾക്കും നീ പൊറുത്തുതരേണമേ. അക്രമകാരികൾക്ക് നാശമല്ലാതൊന്നും നീ വർദ്ധിപ്പിക്കരുതേ.