പരിശുദ്ധ ഖുർആൻ/ത്വാഹാ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
 1. അൽ ഫാത്തിഹ
 2. അൽ ബഖറ
 3. ആലു ഇംറാൻ
 4. നിസാഅ്
 5. മാഇദ
 6. അൻആം
 7. അഅ്റാഫ്
 8. അൻഫാൽ
 9. തൗബ
 10. യൂനുസ്
 11. ഹൂദ്
 12. യൂസുഫ്
 13. റഅദ്
 14. ഇബ്രാഹീം
 15. ഹിജ്റ്
 16. നഹ്ൽ
 17. ഇസ്റാഅ്
 18. അൽ കഹഫ്
 19. മർയം
 20. ത്വാഹാ
 21. അൻബിയാഅ്
 22. ഹജ്ജ്
 23. അൽ മുഅ്മിനൂൻ
 24. നൂർ
 25. ഫുർഖാൻ
 26. ശുഅറാ
 27. നംൽ
 28. ഖസസ്
 29. അൻ‌കബൂത്
 30. റൂം
 31. ലുഖ്‌മാൻ
 32. സജദ
 33. അഹ്സാബ്
 34. സബഅ്
 35. ഫാത്വിർ
 36. യാസീൻ
 37. സ്വാഫ്ഫാത്ത്
 38. സ്വാദ്
 39. സുമർ
 40. മുഅ്മിൻ
 41. ഫുസ്സിലത്ത്
 42. ശൂറാ
 43. സുഖ്റുഫ്
 44. ദുഖാൻ
 45. ജാഥിയ
 46. അഹ്ഖാഫ്
 47. മുഹമ്മദ്
 48. ഫതഹ്
 49. ഹുജുറാത്
 50. ഖാഫ്
 51. ദാരിയാത്
 52. ത്വൂർ
 53. നജ്മ്
 54. ഖമർ
 55. റഹ് മാൻ
 56. അൽ വാഖിഅ
 57. ഹദീദ്
 58. മുജാദില
 59. ഹഷ്ർ
 60. മുംതഹന
 61. സ്വഫ്ഫ്
 62. ജുമുഅ
 63. മുനാഫിഖൂൻ
 64. തഗാബൂൻ
 65. ത്വലാഖ്
 66. തഹ് രീം
 67. മുൽക്ക്
 68. ഖലം
 69. ഹാഖ
 70. മആരിജ്
 71. നൂഹ്
 72. ജിന്ന്
 73. മുസമ്മിൽ
 74. മുദ്ദഥിർ
 75. ഖിയാമ
 76. ഇൻസാൻ
 77. മുർസലാത്ത്
 78. നബഅ്
 79. നാസിയാത്ത്
 80. അബസ
 81. തക് വീർ
 82. ഇൻഫിത്വാർ
 83. മുതഫ്ഫിഫീൻ
 84. ഇന്ഷിഖാഖ്
 85. ബുറൂജ്
 86. ത്വാരിഖ്
 87. അഅ്അലാ
 88. ഗാശിയ
 89. ഫജ്ർ
 90. ബലദ്
 91. ശംസ്
 92. ലൈൽ
 93. ളുഹാ
 94. ശർഹ്
 95. തീൻ
 96. അലഖ്
 97. ഖദ്ർ
 98. ബയ്യിന
 99. സൽസല
 100. ആദിയാത്
 101. അൽ ഖാരിഅ
 102. തകാഥുർ
 103. അസ്വർ
 104. ഹുമസ
 105. ഫീൽ
 106. ഖുറൈഷ്
 107. മാഊൻ
 108. കൗഥർ
 109. കാഫിറൂൻ
 110. നസ്ർ
 111. മസദ്
 112. ഇഖ് ലാസ്
 113. ഫലഖ്
 114. നാസ്

1 ത്വാഹാ

2 നിനക്ക്‌ നാം ഖുർആൻ അവതരിപ്പിച്ച്‌ തന്നത്‌ നീ കഷ്ടപ്പെടാൻ വേണ്ടിയല്ല.

3 ഭയപ്പെടുന്നവർക്ക്‌ ഉൽബോധനം നൽകാൻ വേണ്ടി മാത്രമാണത്‌.

4 ഭൂമിയും ഉന്നതമായ ആകാശങ്ങളും സൃഷ്ടിച്ചവൻറെ പക്കൽ നിന്ന്‌ അവതരിപ്പിക്കപ്പെട്ടതത്രെ അത്‌.

5 പരമകാരുണികൻ സിംഹാസനസ്ഥനായിരിക്കുന്നു.

6 അവന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും, അവയ്ക്കിടയിലുള്ളതും, മണ്ണിനടിയിലുള്ളതുമെല്ലാം.

7 നീ വാക്ക്‌ ഉച്ചത്തിലാക്കുകയാണെങ്കിൽ തീർച്ചയായും അവൻ ( അല്ലാഹു ) രഹസ്യമായതും, അത്യന്തം നിഗൂഢമായതും അറിയും ( എന്ന്‌ നീ മനസ്സിലാക്കുക )

8 അല്ലാഹു- അവനല്ലാതെ ഒരു ദൈവവുമില്ല. അവൻറെതാകുന്നു ഏറ്റവും ഉൽകൃഷ്ടമായ നാമങ്ങൾ.

9 മൂസായുടെ വർത്തമാനം നിനക്ക്‌ വന്നുകിട്ടിയോ?

10 അതായത്‌ അദ്ദേഹം ഒരു തീ കണ്ട സന്ദർഭം. അപ്പോൾ തൻറെ കുടുംബത്തോട്‌ അദ്ദേഹം പറഞ്ഞു: നിങ്ങൾ നിൽക്കൂ; ഞാൻ ഒരു തീ കണ്ടിരിക്കുന്നു. ഞാൻ അതിൽ നിന്ന്‌ കത്തിച്ചെടുത്തുകൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നേക്കാം. അല്ലെങ്കിൽ തീയുടെ അടുത്ത്‌ വല്ല വഴികാട്ടിയെയും ഞാൻ കണ്ടേക്കും.

11 അങ്ങനെ അദ്ദേഹം അതിനടുത്ത്‌ ചെന്നപ്പോൾ ( ഇപ്രകാരം ) വിളിച്ചുപറയപ്പെട്ടു ഹേ; മൂസാ.

12 തീർച്ചയായും ഞാനാണ്‌ നിൻറെ രക്ഷിതാവ്‌. അതിനാൽ നീ നിൻറെ ചെരിപ്പുകൾ അഴിച്ച്‌ വെക്കുക. നീ ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയിലാകുന്നു.

13 ഞാൻ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാൽ ബോധനം നൽകപ്പെടുന്നത്‌ നീ ശ്രദ്ധിച്ച്‌ കേട്ടുകൊള്ളുക.

14 തീർച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാൽ എന്നെ നീ ആരാധിക്കുകയും, എന്നെ ഓർമിക്കുന്നതിനായി നമസ്കാരം മുറപോലെ നിർവഹിക്കുകയും ചെയ്യുക.

15 തീർച്ചയായും അന്ത്യസമയം വരിക തന്നെ ചെയ്യും. ഓരോ വ്യക്തിക്കും താൻ പ്രയത്നിക്കുന്നതിനനുസൃതമായി പ്രതിഫലം നൽകപ്പെടാൻ വേണ്ടി ഞാനത്‌ ഗോപ്യമാക്കി വെച്ചേക്കാം.

16 ആകയാൽ അതിൽ ( അന്ത്യസമയത്തിൽ ) വിശ്വസിക്കാതിരിക്കുകയും തന്നിഷ്ടത്തെ പിൻപറ്റുകയും ചെയ്തവർ അതിൽ ( വിശ്വസിക്കുന്നതിൽ ) നിന്ന്‌ നിന്നെ തടയാതിരിക്കട്ടെ. അങ്ങനെ സംഭവിക്കുന്ന പക്ഷം നീയും നാശമടയുന്നതാണ്‌.

17 അല്ലാഹു പറഞ്ഞു: ) ഹേ; മൂസാ, നിൻറെ വലതുകയ്യിലുള്ള ആ വസ്തു എന്താകുന്നു?

18 അദ്ദേഹം പറഞ്ഞു: ഇത്‌ എൻറെ വടിയാകുന്നു. ഞാനതിൻമേൽ ഊന്നി നിൽക്കുകയും, അത്‌ കൊണ്ട്‌ എൻറെ ആടുകൾക്ക്‌ ( ഇല ) അടിച്ചുവീഴ്ത്തി കൊടുക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ എനിക്ക്‌ വേറെയും ഉപയോഗങ്ങളുണ്ട്‌.

19 അവൻ ( അല്ലാഹു ) പറഞ്ഞു: ഹേ; മൂസാ, നീ ആ വടി താഴെയിടൂ.

20 അദ്ദേഹം അത്‌ താഴെയിട്ടു. അപ്പോഴതാ അത്‌ ഒരു പാമ്പായി ഓടുന്നു.

21 അവൻ പറഞ്ഞു: അതിനെ പിടിച്ച്‌ കൊള്ളുക. പേടിക്കേണ്ട. നാം അതിനെ അതിൻറെ ആദ്യസ്ഥിതിയിലേക്ക്‌ തന്നെ മടക്കുന്നതാണ്‌.

22 നീ നിൻറെ കൈ കക്ഷത്തിലേക്ക്‌ ചേർത്ത്‌ പിടിക്കുക. യാതൊരു ദൂഷ്യവും കൂടാതെ തെളിഞ്ഞ വെള്ളനിറമുള്ളതായി അത്‌ പുറത്ത്‌ വരുന്നതാണ്‌. അത്‌ മറ്റൊരു ദൃഷ്ടാന്തമത്രെ.

23 നമ്മുടെ മഹത്തായ ദൃഷ്ടാന്തങ്ങളിൽ ചിലത്‌ നിനക്ക്‌ നം കാണിച്ചുതരുവാൻ വേണ്ടിയത്രെ അത്‌.

24 നീ ഫിർഔൻറെ അടുത്തേക്ക്‌ പോകുക. തീർച്ചയായും അവൻ അതിക്രമകാരിയായിരിക്കുന്നു.

25 അദ്ദേഹം പറഞ്ഞു: എൻറെ രക്ഷിതാവേ, നീ എനിക്ക്‌ ഹൃദയവിശാലത നൽകേണമേ.

26 എനിക്ക്‌ എൻറെ കാര്യം നീ എളുപ്പമാക്കിത്തരേണമേ.

27 എൻറെ നാവിൽ നിന്ന്‌ നീ കെട്ടഴിച്ച്‌ തരേണമേ.

28 ജനങ്ങൾ എൻറെ സംസാരം മനസ്സിലാക്കേണ്ടതിന്‌.

29 എൻറെ കുടുംബത്തിൽ നിന്ന്‌ എനിക്ക്‌ ഒരു സഹായിയെ നീ ഏർപെടുത്തുകയും ചെയ്യേണമേ.

30 അതായത്‌ എൻറെ സഹോദരൻ ഹാറൂനെ.

31 അവൻ മുഖേന എൻറെ ശക്തി നീ ദൃഢമാക്കുകയും,

32 എൻറെ കാര്യത്തിൽ അവനെ നീ പങ്കാളിയാക്കുകയും ചെയ്യേണമേ.

33 ഞങ്ങൾ ധാരാളമായി നിൻറെ പരിശുദ്ധിയെ വാഴ്ത്തുവാനും,

34 ധാരാളമായി നിന്നെ ഞങ്ങൾ സ്മരിക്കുവാനും വേണ്ടി.

35 തീർച്ചയായും നീ ഞങ്ങളെപ്പറ്റി കണ്ടറിയുന്നവനാകുന്നു.

36 അവൻ ( അല്ലാഹു ) പറഞ്ഞു: ഹേ; മൂസാ, നീ ചോദിച്ചത്‌ നിനക്ക്‌ നൽകപ്പെട്ടിരിക്കുന്നു.

37 മറ്റൊരിക്കലും നിനക്ക്‌ നാം അനുഗ്രഹം ചെയ്ത്‌ തന്നിട്ടുണ്ട്‌.

38 അതായത്‌ നിൻറെ മാതാവിന്‌ ബോധനം നൽകപ്പെടേണ്ട കാര്യം നാം ബോധനം നൽകിയ സന്ദർഭത്തിൽ.

39 നീ അവനെ ( കുട്ടിയെ ) പെട്ടിയിലാക്കിയിട്ട്‌ നദിയിലിട്ടേക്കുക. നദി ആ പെട്ടി കരയിൽ തള്ളിക്കൊള്ളും. എനിക്കും അവന്നും ശത്രുവായിട്ടുള്ള ഒരാൾ അവനെ എടുത്ത്‌ കൊള്ളും. ( ഹേ; മൂസാ, ) എൻറെ പക്കൽ നിന്നുള്ള സ്നേഹം നിൻറെ മേൽ ഞാൻ ഇട്ടുതരികയും ചെയ്തു. എൻറെ നോട്ടത്തിലായിക്കൊണ്ട നീ വളർത്തിയെടുക്കപ്പെടാൻ വേണ്ടിയും കൂടിയാണത്‌.

40 നിൻറെ സഹോദരി നടന്ന്‌ ചെല്ലുകയും ഇവൻറെ ( കുട്ടിയുടെ ) സംരക്ഷണമേൽക്കാൻ കഴിയുന്ന ഒരാളെപ്പറ്റി ഞാൻ നിങ്ങൾക്ക്‌ അറിയിച്ച്‌ തരട്ടെയോ എന്ന്‌ പറയുകയും ചെയ്യുന്ന സന്ദർഭം ( ശ്രദ്ധേയമാകുന്നു. ) അങ്ങനെ നിൻറെ മാതാവിങ്കലേക്ക്‌ തന്നെ നിന്നെ നാം തിരിച്ചേൽപിച്ചു. അവളുടെ കൺകുളിർക്കുവാനും, അവൾ ദുഃഖിക്കാതിരിക്കുവാനും വേണ്ടി. നീ ഒരാളെ കൊല്ലുകയുണ്ടായി. എന്നിട്ട്‌ ( അതു സംബന്ധിച്ച്‌ ) മനഃക്ലേശത്തിൽ നിന്ന്‌ നിന്നെ നാം രക്ഷിക്കുകയും ചെയ്തു. പല പരീക്ഷണങ്ങളിലൂടെയും നിന്നെ നാം പരീക്ഷിക്കുകയുണ്ടായി. അങ്ങനെ മദ്‌യങ്കാരുടെ കൂട്ടത്തിൽ കൊല്ലങ്ങളോളം നീ താമസിച്ചു. പിന്നീട്‌ ഹേ; മൂസാ, നീ ( എൻറെ ) ഒരു നിശ്ചയപ്രകാരം ഇതാ വന്നിരിക്കുന്നു.

41 എൻറെ സ്വന്തം കാര്യത്തിനായി നിന്നെ ഞാൻ വളർത്തിയെടുത്തിരിക്കുന്നു.

42 എൻറെ ദൃഷ്ടാന്തങ്ങളുമായി നീയും നിൻറെ സഹോദരനും പോയിക്കൊള്ളുക. എന്നെ സ്മരിക്കുന്നതിൽ നിങ്ങൾ അമാന്തിക്കരുത്‌.

43 നിങ്ങൾ രണ്ടുപേരും ഫിർഔൻറെ അടുത്തേക്ക്‌ പോകുക. തീർച്ചയായും അവൻ അതിക്രമകാരിയായിരിക്കുന്നു.

44 എന്നിട്ട്‌ നിങ്ങൾ അവനോട്‌ സൗമ്യമായ വാക്ക്‌ പറയുക. അവൻ ഒരു വേള ചിന്തിച്ച്‌ മനസ്സിലാക്കിയേക്കാം. അല്ലെങ്കിൽ ഭയപ്പെട്ടുവെന്ന്‌ വരാം.

45 അവർ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, അവൻ ( ഫിർഔൻ ) ഞങ്ങളുടെ നേർക്ക്‌ എടുത്തുചാടുകയോ, അതിക്രമം കാണിക്കുകയോ ചെയ്യുമെന്ന്‌ ഞാൻ ഭയപ്പെടുന്നു.

46 അവൻ ( അല്ലാഹു ) പറഞ്ഞു: നിങ്ങൾ ഭയപ്പെടേണ്ട. തീർച്ചയായും ഞാൻ നിങ്ങളുടെ കൂടെയുണ്ട്‌. ഞാൻ കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ട്‌.

47 അതിനാൽ നിങ്ങൾ ഇരുവരും അവൻറെ അടുത്ത്‌ ചെന്നിട്ട്‌ പറയുക: തീർച്ചയായും ഞങ്ങൾ നിൻറെ രക്ഷിതാവിൻറെ ദൂതൻമാരാകുന്നു. അതിനാൽ ഇസ്രായീൽ സന്തതികളെ ഞങ്ങളുടെ കുടെ വിട്ടുതരണം. അവരെ മർദ്ദിക്കരുത്‌. നിൻറെയടുത്ത്‌ ഞങ്ങൾ വന്നിട്ടുള്ളത്‌ നിൻറെ രക്ഷിതാവിങ്കൽ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാകുന്നു. സൻമാർഗം പിന്തുടർന്നവർക്കായിരിക്കും സമാധാനം.

48 നിഷേധിച്ച്‌ തള്ളുകയും പിൻമാറിക്കളയുകയും ചെയ്തവർക്കാണ്‌ ശിക്ഷയുള്ളതെന്ന്‌ തീർച്ചയായും ഞങ്ങൾക്ക്‌ ബോധനം നൽകപ്പെട്ടിരിക്കുന്നു.

49 അവൻ ( ഫിർഔൻ ) ചോദിച്ചു: ഹേ; മൂസാ, അപ്പോൾ ആരാണ്‌ നിങ്ങളുടെ രണ്ട്‌ പേരുടെയും രക്ഷിതാവ്‌?

50 അദ്ദേഹം ( മൂസാ ) പറഞ്ഞു: ഓരോ വസ്തുവിനും അതിൻറെ പ്രകൃതം നൽകുകയും, എന്നിട്ട്‌ ( അതിന്‌ ) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്‌.

51 അവൻ പറഞ്ഞു: അപ്പോൾ മുൻ തലമുറകളുടെ അവസ്ഥയെന്താണ്‌ ?

52 അദ്ദേഹം പറഞ്ഞു: അവരെ സംബന്ധിച്ചുള്ള അറിവ്‌ എൻറെ രക്ഷിതാവിങ്കൽ ഒരു രേഖയിലുണ്ട്‌. എൻറെ രക്ഷിതാവ്‌ പിഴച്ച്‌ പോകുകയില്ല. അവൻ മറന്നുപോകുകയുമില്ല.

53 നിങ്ങൾക്ക്‌ വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങൾക്ക്‌ അതിൽ വഴികൾ ഏർപെടുത്തിത്തരികയും, ആകാശത്ത്‌ നിന്ന്‌ വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവൻ. അങ്ങനെ അത്‌ ( വെള്ളം ) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികൾ നാം ( അല്ലാഹു ) ഉൽപാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.

54 നിങ്ങൾ തിന്നുകയും, നിങ്ങളുടെ കന്നുകാലികളെ മേയ്ക്കുകയും ചെയ്തുകൊള്ളുക. ബുദ്ധിമാൻമാർക്ക്‌ അതിൽ ദൃഷ്ടാന്തങ്ങളുണ്ട്‌.

55 അതിൽ (ഭൂമിയിൽ ) നിന്നാണ്‌ നിങ്ങളെ നാം സൃഷ്ടിച്ചത്‌. അതിലേക്ക്‌ തന്നെ നിങ്ങളെ നാം മടക്കുന്നു. അതിൽ നിന്ന്‌ തന്നെ നിങ്ങളെ മറ്റൊരു പ്രാവശ്യം നാം പുറത്തുകൊണ്ട്‌ വരികയും ചെയ്യും.

56 നമ്മുടെ ദൃഷ്ടാന്തങ്ങളോരോന്നും നാം അവന്ന്‌ ( ഫിർഔന്ന്‌ ) കാണിച്ചുകൊടുക്കുക തന്നെ ചെയ്തു. എന്നിട്ടും അവൻ നിഷേധിച്ച്‌ തള്ളുകയും നിരസിക്കുകയുമാണ്‌ ചെയ്തത്‌.

57 അവൻ പറഞ്ഞു: ഓ മൂസാ, നിൻറെ ജാലവിദ്യകൊണ്ട്‌ ഞങ്ങളെ ഞങ്ങളുടെ നാട്ടിൽ നിന്ന്‌ പുറന്തള്ളാൻ വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌?

58 എന്നാൽ ഇത്‌ പോലെയുള്ള ജാലവിദ്യ തീർച്ചയായും ഞങ്ങൾ നിൻറെ അടുത്ത്‌ കൊണ്ട്‌ വന്ന്‌ കാണിക്കാം. അത്‌ കൊണ്ട്‌ ഞങ്ങൾക്കും നിനക്കുമിടയിൽ നീ ഒരു അവധി നിശ്ചയിക്കുക. ഞങ്ങളോ നീയോ അത്‌ ലംഘിക്കാവുന്നതല്ല. മദ്ധ്യസ്ഥമായ ഒരു സ്ഥലത്തായിരിക്കട്ടെ അത്‌.

59 അദ്ദേഹം ( മൂസാ ) പറഞ്ഞു: നിങ്ങൾക്കുള്ള അവധി ഉത്സവ ദിവസമാകുന്നു. പൂർവ്വാഹ്നത്തിൽ ജനങ്ങളെ ഒരുമിച്ചുകൂട്ടേണ്ടതാണ്‌.

60 എന്നിട്ട്‌ ഫിർഔൻ പിരിഞ്ഞ്‌ പോയി. തൻറെ തന്ത്രങ്ങൾ സംഘടിപ്പിച്ചു. എന്നിട്ടവൻ ( നിശ്ചിത സമയത്ത്‌ ) വന്നു.

61 മൂസാ അവരോട്‌ പറഞ്ഞു: നിങ്ങൾക്ക്‌ നാശം! നിങ്ങൾ അല്ലാഹുവിൻറെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കരുത്‌. ഏതെങ്കിലും ഒരു ശിക്ഷ മുഖേന അവൻ നിങ്ങളെ ഉൻമൂലനം ചെയ്തേക്കും. കള്ളം കെട്ടിച്ചമച്ചവനാരോ അവൻ തീർച്ചയായും പരാജയപ്പെട്ടിരിക്കുന്നു.

62 ( ഇത്‌ കേട്ടപ്പോൾ ) അവർ ( ആളുകൾ ) തമ്മിൽ അവരുടെ കാര്യത്തിൽ ഭിന്നതയിലായി. അവർ രഹസ്യസംഭാഷണത്തിൽ ഏർപെടുകയും ചെയ്തു.

63 ( ചർച്ചയ്ക്ക്‌ ശേഷം ) അവർ പറഞ്ഞു: തീർച്ചയായും ഇവർ രണ്ടുപേരും ജാലവിദ്യക്കാർ തന്നെയാണ്‌. അവരുടെ ജാലവിദ്യകൊണ്ട്‌ നിങ്ങളുടെ നാട്ടിൽ നിന്ന്‌ നിങ്ങളെ പുറന്തള്ളാനും നിങ്ങളുടെ മാതൃകാപരമായ മാർഗത്തെ നശിപ്പിച്ചുകളയാനും അവർ ഉദ്ദേശിക്കുന്നു.

64 അതിനാൽ നിങ്ങളുടെ തന്ത്രം നിങ്ങൾ ഏകകണ്ഠമായി തീരുമാനിക്കുകയും എന്നിട്ട്‌ നിങ്ങൾ ഒരൊറ്റ അണിയായി ( രംഗത്ത്‌ ) വരുകയും ചെയ്യുക. മികവ്‌ നേടിയവരാരോ അവരാണ്‌ ഇന്ന്‌ വിജയികളായിരിക്കുക.

65 അവർ ( ജാലവിദ്യക്കാർ ) പറഞ്ഞു: ഹേ; മൂസാ, ഒന്നുകിൽ നീ ഇടുക. അല്ലെങ്കിൽ ഞങ്ങളാകാം ആദ്യമായി ഇടുന്നവർ.

66 അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളിട്ട്‌ കൊള്ളുക. അപ്പോഴതാ അവരുടെ ജാലവിദ്യ നിമിത്തം അവരുടെ കയറുകളും വടികളുമെല്ലാം ഓടുകയാണെന്ന്‌ അദ്ദേഹത്തിന്‌ തോന്നുന്നു.

67 അപ്പോൾ മൂസായ്ക്ക്‌ തൻറെ മനസ്സിൽ ഒരു പേടി തോന്നി.

68 നാം പറഞ്ഞു: പേടിക്കേണ്ട. തീർച്ചയായും നീ തന്നെയാണ്‌ കൂടുതൽ ഔന്നത്യം നേടുന്നവൻ.

69 നിൻറെ വലതുകയ്യിലുള്ളത്‌ ( വടി ) നീ ഇട്ടേക്കുക. അവർ ഉണ്ടാക്കിയതെല്ലാം അത്‌ വിഴുങ്ങിക്കൊള്ളും. അവരുണ്ടാക്കിയത്‌ ജാലവിദ്യക്കാരൻറെ തന്ത്രം മാത്രമാണ്‌. ജാലവിദ്യക്കാരൻ എവിടെച്ചെന്നാലും വിജയിയാവുകയില്ല.

70 ഉടനെ ആ ജാലവിദ്യക്കാർ പ്രണമിച്ചുകൊണ്ട്‌ താഴെ വീണു. അവർ പറഞ്ഞു: ഞങ്ങൾ ഹാറൂൻറെയും മൂസായുടെയും രക്ഷിതാവിൽ വിശ്വസിച്ചിരിക്കുന്നു.

71 അവൻ ( ഫിർഔൻ ) പറഞ്ഞു: ഞാൻ നിങ്ങൾക്ക്‌ സമ്മതം തരുന്നതിന്‌ മുമ്പ്‌ നിങ്ങൾ അവനെ വിശ്വസിച്ച്‌ കഴിഞ്ഞെന്നോ? തീർച്ചയായും നിങ്ങൾക്ക്‌ ജാലവിദ്യ പഠിപ്പിച്ചുതന്ന നിങ്ങളുടെ നേതാവ്‌ തന്നെയാണവൻ. ആകയാൽ തീർച്ചയായും ഞാൻ നിങ്ങളുടെ കൈകളും കാലുകളും എതിർവശങ്ങളിൽ നിന്നായി മുറിച്ചുകളയുകയും, ഈന്തപ്പനത്തടികളിൽ നിങ്ങളെ ക്രൂശിക്കുകയും ചെയ്യുന്നതാണ്‌. ഞങ്ങളിൽ ആരാണ്‌ ഏറ്റവും കഠിനമായതും നീണ്ടുനിൽക്കുന്നതുമായ ശിക്ഷ നൽകുന്നവൻ എന്ന്‌ തീർച്ചയായും നിങ്ങൾക്ക്‌ മനസ്സിലാകുകയും ചെയ്യും.

72 അവർ പറഞ്ഞു: ഞങ്ങൾക്ക്‌ വന്നുകിട്ടിയ പ്രത്യക്ഷമായ തെളിവുകളെക്കാളും, ഞങ്ങളെ സൃഷ്ടിച്ചവനെക്കാളും നിനക്ക്‌ ഞങ്ങൾ മുൻഗണന നൽകുകയില്ല തന്നെ. അതിനാൽ നീ വിധിക്കുന്നതെന്തോ അത്‌ വിധിച്ച്‌ കൊള്ളുക. ഈ ഐഹികജീവിതത്തിൽ മാത്രമേ നീ വിധിക്കുകയുള്ളൂ.

73 ഞങ്ങൾ ചെയ്ത പാപങ്ങളും, നീ ഞങ്ങളെ നിർബന്ധിച്ച്‌ ചെയ്യിച്ച ജാലവിദ്യയും അവൻ ഞങ്ങൾക്ക്‌ പൊറുത്തുതരേണ്ടതിനായി ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിൽ വിശ്വസിച്ചിരിക്കുന്നു. അല്ലാഹുവാണ്‌ ഏറ്റവും ഉത്തമനും എന്നും നിലനിൽക്കുന്നവനും

74 തീർച്ചയായും വല്ലവനും കുറ്റവാളിയായിക്കൊണ്ട്‌ തൻറെ രക്ഷിതാവിൻറെ അടുത്ത്‌ ചെല്ലുന്ന പക്ഷം അവന്നുള്ളത്‌ നരകമത്രെ. അതിലവൻ മരിക്കുകയില്ല.ജീവിക്കുകയുമില്ല.

75 സത്യവിശ്വാസിയായിക്കൊണ്ട്‌ സൽകർമ്മങ്ങൾ പ്രവർത്തിച്ചിട്ടാണ്‌ വല്ലവനും അവൻറെയടുത്ത്‌ ചെല്ലുന്നതെങ്കിൽ അത്തരക്കാർക്കുള്ളതാകുന്നു ഉന്നതമായ പദവികൾ.

76 അതായത്‌ താഴ്ഭാഗത്ത്‌ കൂടി നദികൾ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വർഗത്തോപ്പുകൾ. അവരതിൽ നിത്യവാസികളായിരിക്കും. അതാണ്‌ പരിശുദ്ധി നേടിയവർക്കുള്ള പ്രതിഫലം.

77 മൂസായ്ക്ക്‌ നാം ഇപ്രകാരം ബോധനം നൽകുകയുണ്ടായി: എൻറെ ദാസൻമാരെയും കൊണ്ട്‌ രാത്രിയിൽ നീ പോകുക. എന്നിട്ട്‌ അവർക്ക്‌ വേണ്ടി സമുദ്രത്തിലൂടെ ഒരു ഉണങ്ങിയ വഴി നീ ഏർപെടുത്തികൊടുക്കുക. ( ശത്രുക്കൾ ) പിന്തുടർന്ന്‌ എത്തുമെന്ന്‌ നീ പേടിക്കേണ്ടതില്ല. ( യാതൊന്നും ) നീ ഭയപ്പെടേണ്ടതുമില്ല.

78 അപ്പോൾ ഫിർഔൻ തൻറെ സൈന്യങ്ങളോട്‌ കൂടി അവരുടെ പിന്നാലെ ചെന്നു.അപ്പോൾ കടലിൽ നിന്ന്‌ അവരെ ബാധിച്ചതെല്ലാം അവരെ ബാധിച്ചു.

79 ഫിർഔൻ തൻറെ ജനതയെ ദുർമാർഗത്തിലാക്കി. അവൻ നേർവഴിയിലേക്ക്‌ നയിച്ചില്ല.

80 ഇസ്രായീൽ സന്തതികളേ, നിങ്ങളുടെ ശത്രുവിൽ നിന്ന്‌ നിങ്ങളെ നാം രക്ഷപ്പെടുത്തുകയും, ത്വൂർ പർവ്വതത്തിൻറെ വലതുഭാഗം നിങ്ങൾക്ക്‌ നാം നിശ്ചയിച്ച്‌ തരികയും, മന്നായും സൽവായും നിങ്ങൾക്ക്‌ നാം ഇറക്കിത്തരികയും ചെയ്തു.

81 നിങ്ങൾക്ക്‌ നാം തന്നിട്ടുള്ള വിശിഷ്ടമായ വസ്തുക്കളിൽ നിന്ന്‌ നിങ്ങൾ ഭക്ഷിച്ച്‌ കൊള്ളുക. അതിൽ നിങ്ങൾ അതിരുകവിയരുത്‌. ( നിങ്ങൾ അതിരുകവിയുന്ന പക്ഷം ) എൻറെ കോപം നിങ്ങളുടെ മേൽ വന്നിറങ്ങുന്നതാണ്‌. എൻറെ കോപം ആരുടെമേൽ വന്നിറങ്ങുന്നുവോ അവൻ നാശത്തിൽ പതിച്ചു.

82 പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും, പിന്നെ നേർമാർഗത്തിൽ നിലകൊള്ളുകയും ചെയ്തവർക്ക്‌ തീർച്ചയായും ഞാൻ ഏറെ പൊറുത്തുകൊടുക്കുന്നവനത്രെ.

83 ( അല്ലാഹു ചോദിച്ചു: ) ഹേ; മൂസാ, നിൻറെ ജനങ്ങളെ വിട്ടേച്ച്‌ നീ ധൃതിപ്പെട്ട്‌ വരാൻ കാരണമെന്താണ്‌?

84 അദ്ദേഹം പറഞ്ഞു: അവരിതാ എൻറെ പിന്നിൽ തന്നെയുണ്ട്‌. എൻറെ രക്ഷിതാവേ, നീ തൃപ്തിപ്പെടുന്നതിന്‌ വേണ്ടിയാണ്‌ ഞാൻ നിൻറെ അടുത്തേക്ക്‌ ധൃതിപ്പെട്ട്‌ വന്നിരിക്കുന്നത്‌.

85 അവൻ ( അല്ലാഹു ) പറഞ്ഞു: എന്നാൽ നീ പോന്ന ശേഷം നിൻറെ ജനതയെ നാം പരീക്ഷിച്ചിരിക്കുന്നു. സാമിരി അവരെ വഴിതെറ്റിച്ച്‌ കളഞ്ഞിരിക്കുന്നു.

86 അപ്പോൾ മൂസാ തൻറെ ജനങ്ങളുടെ അടുത്തേക്ക്‌ കുപിതനും, ദുഃഖിതനുമായിക്കൊണ്ട്‌ തിരിച്ചുചെന്നു. അദ്ദേഹം പറഞ്ഞു: എൻറെ ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങൾക്ക്‌ ഉത്തമമായ ഒരു വാഗ്ദാനം നൽകിയില്ലേ? എന്നിട്ട്‌ നിങ്ങൾക്ക്‌ കാലം ദീർഘമായിപ്പോയോ? അഥവാ നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള കോപം നിങ്ങളിൽ ഇറങ്ങണമെന്ന്‌ ആഗ്രഹിച്ച്‌ കൊണ്ട്‌ തന്നെ എന്നോടുള്ള നിശ്ചയം നിങ്ങൾ ലംഘിച്ചതാണോ?

87 അവർ പറഞ്ഞു: ഞങ്ങൾ ഞങ്ങളുടെ ഹിതമനുസരിച്ച്‌ താങ്കളോടുള്ള നിശ്ചയം ലംഘിച്ചതല്ല. എന്നാൽ ആ ജനങ്ങളുടെ ആഭരണചുമടുകൾ ഞങ്ങൾ വഹിപ്പിക്കപ്പെട്ടിരുന്നു. അങ്ങനെ ഞങ്ങളത്‌ ( തീയിൽ ) എറിഞ്ഞുകളഞ്ഞു. അപ്പോൾ സാമിരിയും അപ്രകാരം അത്‌ ( തീയിൽ ) ഇട്ടു.

88 എന്നിട്ട്‌ അവർക്ക്‌ അവൻ ( ആ ലോഹം കൊണ്ട്‌ ) ഒരു മുക്രയിടുന്ന കാളക്കുട്ടിയുടെ രൂപം ഉണ്ടാക്കികൊടുത്തു. അപ്പോൾ അവർ ( അന്യോന്യം ) പറഞ്ഞു: നിങ്ങളുടെ ദൈവവും മൂസായുടെ ദൈവവും ഇതുതന്നെയാണ്‌. എന്നാൽ അദ്ദേഹം മറന്നുപോയിരിക്കുകയാണ്‌.

89 എന്നാൽ അത്‌ ഒരു വാക്ക്‌ പോലും അവരോട്‌ മറുപടി പറയുന്നില്ലെന്നും, അവർക്ക്‌ യാതൊരു ഉപദ്രവവും ഉപകാരവും ചെയ്യാൻ അതിന്‌ കഴിയില്ലെന്നും അവർ കാണുന്നില്ലേ?

90 മുമ്പ്‌ തന്നെ ഹാറൂൻ അവരോട്‌ പറഞ്ഞിട്ടുണ്ടായിരുന്നു: എൻറെ ജനങ്ങളേ, ഇത്‌ ( കാളക്കുട്ടി ) മൂലം നിങ്ങൾ പരീക്ഷിക്കപ്പെടുക മാത്രമാണുണ്ടായത്‌. തീർച്ചയായും നിങ്ങളുടെ രക്ഷിതാവ്‌ പരമകാരുണികനത്രെ. അതുകൊണ്ട്‌ നിങ്ങളെന്നെ പിന്തുടരുകയും,എൻറെ കൽപനകൾ നിങ്ങൾ അനുസരിക്കുകയും ചെയ്യുക.

91 അവർ പറഞ്ഞു: മൂസാ ഞങ്ങളുടെ അടുത്തേക്ക്‌ മടങ്ങിവരുവോളം ഞങ്ങൾ ഇതിനുള്ള ആരാധനയിൽ നിരതരായി തന്നെയിരിക്കുന്നതാണ്‌.

92 അദ്ദേഹം ( മൂസാ ) പറഞ്ഞു: ഹാറൂനേ, ഇവർ പിഴച്ചുപോയതായി നീ കണ്ടപ്പോൾ നിനക്ക്‌ എന്ത്‌ തടസ്സമാണുണ്ടായത്‌?

93 എന്നെ നീ പിന്തുടരാതിരിക്കാൻ. നീ എൻറെ കൽപനയ്ക്ക്‌ എതിര്‌ പ്രവർത്തിക്കുകയാണോ ചെയ്തത്‌?

94 അദ്ദേഹം ( ഹാറൂൻ ) പറഞ്ഞു: എൻറെ ഉമ്മയുടെ മകനേ, നീ എൻറെ താടിയിലും തലയിലും പിടിക്കാതിരിക്കൂ. ഇസ്രായീൽ സന്തതികൾക്കിടയിൽ നീ ഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു, എൻറെ വാക്കിന്‌ നീ കാത്തുനിന്നില്ല. എന്ന്‌ നീ പറയുമെന്ന്‌ ഞാൻ ഭയപ്പെടുകയാണുണ്ടായത്‌.

95 ( തുടർന്ന്‌ സാമിരിയോട്‌ ) അദ്ദേഹം പറഞ്ഞു: ഹേ; സാമിരീ, നിൻറെ കാര്യം എന്താണ്‌?

96 അവൻ പറഞ്ഞു: അവർ ( ജനങ്ങൾ ) കണ്ടുമനസ്സിലാക്കാത്ത ഒരു കാര്യം ഞാൻ കണ്ടുമനസ്സിലാക്കി. അങ്ങനെ ദൈവദൂതൻറെ കാൽപാടിൽ നിന്ന്‌ ഞാനൊരു പിടിപിടിക്കുകയും എന്നിട്ടത്‌ ഇട്ടുകളയുകയും ചെയ്തു. അപ്രകാരം ചെയ്യാനാണ്‌ എൻറെ മനസ്സ്‌ എന്നെ പ്രേരിപ്പിച്ചത്‌.

97 അദ്ദേഹം ( മൂസാ ) പറഞ്ഞു: എന്നാൽ നീ പോ. തീർച്ചയായും നിനക്ക്‌ ഈ ജീവിതത്തിലുള്ളത്‌ തൊട്ടുകൂടാ എന്ന്‌ പറയലായിരിക്കും. തീർച്ചയായും നിനക്ക്‌ നിശ്ചിതമായ ഒരു അവധിയുണ്ട്‌. അത്‌ അതിലംഘിക്കപ്പെടുകയേ ഇല്ല. നീ പൂജിച്ച്‌ കൊണേ്ടയിരിക്കുന്ന നിൻറെ ആ ദൈവത്തിൻറെ നേരെ നോക്കൂ. തീർച്ചയായും നാം അതിനെ ചുട്ടെരിക്കുകയും, എന്നിട്ട്‌ നാം അത്‌ പൊടിച്ച്‌ കടലിൽ വിതറിക്കളയുകയും ചെയ്യുന്നതാണ്‌.

98 നിങ്ങളുടെ ദൈവം അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവൻറെ അറിവ്‌ എല്ലാകാര്യത്തേയും ഉൾകൊള്ളാൻ മാത്രം വിശാലമായിരിക്കുന്നു.

99 അപ്രകാരം മുമ്പ്‌ കഴിഞ്ഞുപോയ സംഭവങ്ങളെപ്പറ്റിയുള്ള വൃത്താന്തങ്ങളിൽ നിന്ന്‌ നാം നിനക്ക്‌ വിവരിച്ചുതരുന്നു. തീർച്ചയായും നാം നിനക്ക്‌ നമ്മുടെ പക്കൽ നിന്നുള്ള ബോധനം നൽകിയിരിക്കുന്നു.

100 ആരെങ്കിലും അതിൽ നിന്ന്‌ തിരിഞ്ഞുകളയുന്ന പക്ഷം തീർച്ചയായും ഉയിർത്തെഴുന്നേൽപിൻറെ നാളിൽ അവൻ ( പാപത്തിൻറെ ) ഭാരം വഹിക്കുന്നതാണ്‌.

101 അതിൽ അവർ നിത്യവാസികളായിരിക്കും. ഉയിർത്തെഴുന്നേൽപിൻറെ നാളിൽ ആ ഭാരം അവർക്കെത്ര ദുസ്സഹം!

102 അതായത്‌ കാഹളത്തിൽ ഈതപ്പെടുന്ന ദിവസം. കുറ്റവാളികളെ അന്നേദിവസം നീലവർണമുള്ളവരായിക്കൊണ്ട്‌ നാം ഒരുമിച്ചുകൂട്ടുന്നതാണ്‌.

103 അവർ അന്യോന്യം പതുക്കെ പറയും: പത്ത്‌ ദിവസമല്ലാതെ നിങ്ങൾ ഭൂമിയിൽ താമസിക്കുകയുണ്ടായിട്ടില്ല എന്ന്‌.

104 അവരിൽ ഏറ്റവും ന്യായമായ നിലപാടുകാരൻ ഒരൊറ്റ ദിവസം മാത്രമേ നിങ്ങൾ താമസിച്ചിട്ടുള്ളു എന്ന്‌ പറയുമ്പോൾ അവർ പറയുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു.

105 പർവ്വതങ്ങളെ സംബന്ധിച്ച്‌ അവർ നിന്നോട്‌ ചോദിക്കുന്നു. പറയുക: എൻറെ രക്ഷിതാവ്‌ അവയെ പൊടിച്ച്‌ പാറ്റിക്കളയുന്നതാണ്‌.

106 എന്നിട്ട്‌ അവൻ അതിനെ സമനിരപ്പായ മൈതാനമാക്കി വിടുന്നതാണ്‌.

107 ഇറക്കമോ കയറ്റമോ നീ അവിടെ കാണുകയില്ല.

108 അന്നേ ദിവസം വിളിക്കുന്നവൻറെ പിന്നാലെ അവനോട്‌ യാതൊരു വക്രതയും കാണിക്കാതെ അവർ പോകുന്നതാണ്‌. എല്ലാ ശബ്ദങ്ങളും പരമകാരുണികന്‌ കീഴടങ്ങുന്നതുമാണ്‌. അതിനാൽ ഒരു നേർത്ത ശബ്ദമല്ലാതെ നീ കേൾക്കുകയില്ല.

109 അന്നേ ദിവസം പരമകാരുണികൻ ആരുടെ കാര്യത്തിൽ അനുമതി നൽകുകയും ആരുടെ വാക്ക്‌ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നുവോ അവന്നല്ലാതെ ശുപാർശ പ്രയോജനപ്പെടുകയില്ല.

110 അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവൻ അറിയുന്നു. അവർക്കാകട്ടെ അതിനെപ്പറ്റിയൊന്നും പരിപൂർണ്ണമായി അറിയാനാവുകയില്ല.

111 എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനും ആയുള്ളവന്ന്‌ മുഖങ്ങൾ കീഴൊതുങ്ങിയിരിക്കുന്നു. അക്രമത്തിൻറെ ഭാരം ചുമന്നവൻ പരാജയമടയുകയും ചെയ്തിരിക്കുന്നു.

112 ആരെങ്കിലും സത്യവിശ്വാസിയായിക്കൊണ്ട്‌ സൽകർമ്മങ്ങളിൽ വല്ലതും പ്രവർത്തിക്കുന്ന പക്ഷം അവൻ അക്രമത്തെയോ അനീതിയെയോ ഭയപ്പെടേണ്ടി വരില്ല.

113 അപ്രകാരം അറബിയിൽ പാരായണം ചെയ്യപ്പെടുന്ന ഒരു ഗ്രന്ഥമായി നാം ഇതിനെ അവതരിപ്പിച്ചിരിക്കുന്നു. ഇതിൽ നാം താക്കീത്‌ വിവിധ തരത്തിൽ വിവരിച്ചിരിക്കുന്നു. അവർ സൂക്ഷ്മതയുള്ളവരാകുകയോ, അവർക്ക്‌ ബോധമുളവാക്കുകയോ ചെയ്യുന്നതിനുവേണ്ടി.

114 സാക്ഷാൽ രാജാവായ അല്ലാഹു അത്യുന്നതനായിരിക്കുന്നു. ഖുർആൻ- അത്‌ നിനക്ക്‌ ബോധനം നൽകപ്പെട്ടുകഴിയുന്നതിനുമുമ്പായി - പാരായണം ചെയ്യുന്നതിനു നീ ധൃതി കാണിക്കരുത്‌. എൻറെ രക്ഷിതാവേ, എനിക്കു നീ ജ്ഞാനം വർദ്ധിപ്പിച്ചു തരേണമേ എന്ന്‌ നീ പറയുകയും ചെയ്യുക.

115 മുമ്പ്‌ നാം ആദമിനോട്‌ കരാർ ചെയ്യുകയുണ്ടായി. എന്നാൽ അദ്ദേഹം അതു മറന്നുകളഞ്ഞു. അദ്ദേഹത്തിന്‌ നിശ്ചയദാർഢ്യമുള്ളതായി നാം കണ്ടില്ല.

116 നിങ്ങൾ ആദമിന്‌ സുജൂദ്‌ ചെയ്യൂ എന്ന്‌ നാം മലക്കുകളോട്‌ പറഞ്ഞ സന്ദർഭം ( ശ്രദ്ധേയമത്രെ. ) അപ്പോൾ അവർ സുജൂദ്‌ ചെയ്തു. ഇബ്ലീസൊഴികെ. അവൻ വിസമ്മതിച്ചു.

117 അപ്പോൾ നാം പറഞ്ഞു: ആദമേ, തീർച്ചയായും ഇവൻ നിൻറെയും നിൻറെ ഇണയുടെയും ശത്രുവാകുന്നു. അതിനാൽ നിങ്ങളെ രണ്ട്‌ പേരെയും അവൻ സ്വർഗത്തിൽ നിന്ന്‌ പുറം തള്ളാതിരിക്കട്ടെ ( അങ്ങനെ സംഭവിക്കുന്ന പക്ഷം ) നീ കഷ്ടപ്പെടും.

118 തീർച്ചയായും നിനക്ക്‌ ഇവിടെ വിശക്കാതെയും നഗ്നനാകാതെയും കഴിയാം.

119 നിനക്കിവിടെ ദാഹിക്കാതെയും വെയിലുകൊള്ളാതെയും കഴിയാം.

120 അപ്പോൾ പിശാച്‌ അദ്ദേഹത്തിന്‌ ദുർബോധനം നൽകി: ആദമേ, അനശ്വരത നൽകുന്ന ഒരു വൃക്ഷത്തെപ്പറ്റിയും, ക്ഷയിച്ച്‌ പോകാത്ത ആധിപത്യത്തെപ്പറ്റിയും ഞാൻ നിനക്ക്‌ അറിയിച്ച്‌ തരട്ടെയോ?

121 അങ്ങനെ അവർ ( ആദമും ഭാര്യയും ) ആ വൃക്ഷത്തിൽ നിന്ന്‌ ഭക്ഷിച്ചു. അപ്പോൾ അവർ ഇരുവർക്കും തങ്ങളുടെ ഗുഹ്യഭാഗങ്ങൾ വെളിപ്പെടുകയും, സ്വർഗത്തിലെ ഇലകൾ കൂട്ടിചേർത്ത്‌ തങ്ങളുടെ ദേഹം അവർ പൊതിയാൻ തുടങ്ങുകയും ചെയ്തു. ആദം തൻറെ രക്ഷിതാവിനോട്‌ അനുസരണക്കേട്‌ കാണിക്കുകയും, അങ്ങനെ പിഴച്ച്‌ പോകുകയും ചെയ്തു.

122 അനന്തരം അദ്ദേഹത്തിൻറെ രക്ഷിതാവ്‌ അദ്ദേഹത്തെ ഉൽകൃഷ്ടനായി തെരഞ്ഞെടുക്കുകയും, അദ്ദേഹത്തിൻറെ പശ്ചാത്താപം സ്വീകരിക്കുകയും, മാർഗദർശനം നൽകുകയും ചെയ്തു.

123 അവൻ ( അല്ലാഹു ) പറഞ്ഞു: നിങ്ങൾ രണ്ട്‌ പേരും ഒന്നിച്ച്‌ ഇവിടെ നിന്ന്‌ ഇറങ്ങിപ്പോകുകണിങ്ങളിൽ ചിലർ ചിലർക്ക്‌ ശത്രുക്കളാകുന്നു. എന്നാൽ എൻറെ പക്കൽ നിന്നുള്ള വല്ല മാർഗദർശനവും നിങ്ങൾക്ക്‌ വന്നുകിട്ടുന്ന പക്ഷം, അപ്പോൾ എൻറെ മാർഗദർശനം ആർ പിൻപറ്റുന്നുവോ അവൻ പിഴച്ച്‌ പോകുകയില്ല, കഷ്ടപ്പെടുകയുമില്ല.

124 എൻറെ ഉൽബോധനത്തെ വിട്ട്‌ വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീർച്ചയായും അവന്ന്‌ ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിർത്തെഴുന്നേൽപിൻറെ നാളിൽ അവനെ നാം അന്ധനായ നിലയിൽ എഴുന്നേൽപിച്ച്‌ കൊണ്ട്‌ വരുന്നതുമാണ്‌.

125 അവൻ പറയും: എൻറെ രക്ഷിതാവേ, നീ എന്തിനാണെന്നെ അന്ധനായ നിലയിൽ എഴുന്നേൽപിച്ച്‌ കൊണ്ട്‌ വന്നത്‌? ഞാൻ കാഴ്ചയുള്ളവനായിരുന്നല്ലോ!

126 അല്ലാഹു പറയും: അങ്ങനെതന്നെയാകുന്നു. നിനക്ക്‌ നമ്മുടെ ദൃഷ്ടാന്തങ്ങൾ വന്നെത്തുകയുണ്ടായി. എന്നിട്ട്‌ നീ അത്‌ മറന്നുകളഞ്ഞു. അത്‌ പോലെ ഇന്ന്‌ നീയും വിസ്മരിക്കപ്പെടുന്നു.

127 അതിരുകവിയുകയും, തൻറെ രക്ഷിതാവിൻറെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കാതിരിക്കുകയും ചെയ്തവർക്ക്‌ അപ്രകാരമാണ്‌ നാം പ്രതിഫലം നൽകുന്നത്‌. പരലോകത്തെ ശിക്ഷ കൂടുതൽ കഠിനമായതും നിലനിൽക്കുന്നതും തന്നെയാകുന്നു.

128 അവർക്ക്‌ മുമ്പ്‌ നാം എത്രയോ തലമുറകളെ നശിപ്പിച്ച്‌ കളഞ്ഞിട്ടുണ്ട്‌ എന്ന വസ്തുത അവർക്ക്‌ മാർഗദർശകമായിട്ടില്ലേ ? അവരുടെ വാസസ്ഥലങ്ങളിൽ കൂടി ഇവർ സഞ്ചരിച്ച്‌ കൊണ്ടിരിക്കുന്നുണ്ട്‌. ബുദ്ധിമാൻമാർക്ക്‌ തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്‌.

129 നിൻറെ രക്ഷിതാവിങ്കൽ നിന്ന്‌ ഒരു വാക്കും നിശ്ചിതമായ ഒരു അവധിയും മുമ്പേ പ്രഖ്യാപിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ അത്‌ ( ശിക്ഷാനടപടി ഇവർക്കും ) അനിവാര്യമാകുമായിരുന്നു.

130 ആയതിനാൽ ഇവർ പറയുന്നതിനെ പറ്റി ക്ഷമിക്കുക. സൂര്യോദയത്തിനു മുമ്പും, സൂര്യാസ്തമയത്തിന്‌ മുമ്പും നിൻറെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവൻറെ പരിശുദ്ധിയെ നീ പ്രകീർത്തിക്കുകയും ചെയ്യുക. രാത്രിയിൽ ചില നാഴികകളിലും, പകലിൻറെ ചില ഭാഗങ്ങളിലും നീ അവൻറെ പരിശുദ്ധിയെ പ്രകീർത്തിക്കുക. നിനക്ക്‌ സംതൃപ്തി കൈവന്നേക്കാം.

131 അവരിൽ ( മനുഷ്യരിൽ ) പല വിഭാഗങ്ങൾക്ക്‌ നാം ഐഹികജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക്‌ നിൻറെ ദൃഷ്ടികൾ നീ പായിക്കരുത്‌. അതിലൂടെ നാം അവരെ പരീക്ഷിക്കാൻ ( ഉദ്ദേശിക്കുന്നു. ) നിൻറെ രക്ഷിതാവ്‌ നൽകുന്ന ഉപജീവനമാകുന്നു കൂടുതൽ ഉത്തമവും നിലനിൽക്കുന്നതും.

132 നിൻറെ കുടുംബത്തോട്‌ നീ നമസ്കരിക്കാൻ കൽപിക്കുകയും, അതിൽ( നമസ്കാരത്തിൽ ) നീ ക്ഷമാപൂർവ്വം ഉറച്ചുനിൽക്കുകയും ചെയ്യുക. നിന്നോട്‌ നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക്‌ ഉപജീവനം നൽകുകയാണ്‌ ചെയ്യുന്നത്‌. ധർമ്മനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം.

133 അവർ പറഞ്ഞു: അദ്ദേഹം ( പ്രവാചകൻ ) എന്തുകൊണ്ട്‌ ഞങ്ങൾക്ക്‌ തൻറെ രക്ഷിതാവിങ്കൽ നിന്ന്‌ ഒരു ദൃഷ്ടാന്തം കൊണ്ട്‌ വന്ന്‌ തരുന്നില്ല? പൂർവ്വഗ്രന്ഥങ്ങളിലെ പ്രത്യക്ഷമായ തെളിവ്‌ അവർക്ക്‌ വന്നുകിട്ടിയില്ലേ?

134 ഇതിനു മുമ്പ്‌ വല്ല ശിക്ഷ കൊണ്ടും നാം അവരെ നശിപ്പിച്ചിരുന്നുവെങ്കിൽ അവർ പറയുമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ, നീ എന്തുകൊണ്ട്‌ ഞങ്ങളുടെ അടുത്തേക്ക്‌ ഒരു ദൂതനെ അയച്ചുതന്നില്ല? എങ്കിൽ ഞങ്ങൾ അപമാനിതരും നിന്ദിതരുമായിത്തീരുന്നതിന്‌ മുമ്പ്‌ നിൻറെ ദൃഷ്ടാന്തങ്ങളെ ഞങ്ങൾ പിന്തുടരുമായിരുന്നു.

135 ( നബിയേ, ) പറയുക: എല്ലാവരും കാത്തിരിക്കുന്നവരാകുന്നു. നിങ്ങളും കാത്തിരിക്കുക. നേരായ പാതയുടെ ഉടമകളാരെന്നും സൻമാർഗം പ്രാപിച്ചവരാരെന്നും അപ്പോൾ നിങ്ങൾക്ക്‌ അറിയാറാകും.

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/ത്വാഹാ&oldid=52308" എന്ന താളിൽനിന്ന് ശേഖരിച്ചത്