Jump to content

പരിശുദ്ധ ഖുർആൻ/യൂനുസ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
 1. അൽ ഫാത്തിഹ
 2. അൽ ബഖറ
 3. ആലു ഇംറാൻ
 4. നിസാഅ്
 5. മാഇദ
 6. അൻആം
 7. അഅ്റാഫ്
 8. അൻഫാൽ
 9. തൗബ
 10. യൂനുസ്
 11. ഹൂദ്
 12. യൂസുഫ്
 13. റഅദ്
 14. ഇബ്രാഹീം
 15. ഹിജ്റ്
 16. നഹ്ൽ
 17. ഇസ്റാഅ്
 18. അൽ കഹഫ്
 19. മർയം
 20. ത്വാഹാ
 21. അൻബിയാഅ്
 22. ഹജ്ജ്
 23. അൽ മുഅ്മിനൂൻ
 24. നൂർ
 25. ഫുർഖാൻ
 26. ശുഅറാ
 27. നംൽ
 28. ഖസസ്
 29. അൻ‌കബൂത്
 30. റൂം
 31. ലുഖ്‌മാൻ
 32. സജദ
 33. അഹ്സാബ്
 34. സബഅ്
 35. ഫാത്വിർ
 36. യാസീൻ
 37. സ്വാഫ്ഫാത്ത്
 38. സ്വാദ്
 39. സുമർ
 40. മുഅ്മിൻ
 41. ഫുസ്സിലത്ത്
 42. ശൂറാ
 43. സുഖ്റുഫ്
 44. ദുഖാൻ
 45. ജാഥിയ
 46. അഹ്ഖാഫ്
 47. മുഹമ്മദ്
 48. ഫതഹ്
 49. ഹുജുറാത്
 50. ഖാഫ്
 51. ദാരിയാത്
 52. ത്വൂർ
 53. നജ്മ്
 54. ഖമർ
 55. റഹ് മാൻ
 56. അൽ വാഖിഅ
 57. ഹദീദ്
 58. മുജാദില
 59. ഹഷ്ർ
 60. മുംതഹന
 61. സ്വഫ്ഫ്
 62. ജുമുഅ
 63. മുനാഫിഖൂൻ
 64. തഗാബൂൻ
 65. ത്വലാഖ്
 66. തഹ് രീം
 67. മുൽക്ക്
 68. ഖലം
 69. ഹാഖ
 70. മആരിജ്
 71. നൂഹ്
 72. ജിന്ന്
 73. മുസമ്മിൽ
 74. മുദ്ദഥിർ
 75. ഖിയാമ
 76. ഇൻസാൻ
 77. മുർസലാത്ത്
 78. നബഅ്
 79. നാസിയാത്ത്
 80. അബസ
 81. തക് വീർ
 82. ഇൻഫിത്വാർ
 83. മുതഫ്ഫിഫീൻ
 84. ഇന്ഷിഖാഖ്
 85. ബുറൂജ്
 86. ത്വാരിഖ്
 87. അഅ്അലാ
 88. ഗാശിയ
 89. ഫജ്ർ
 90. ബലദ്
 91. ശംസ്
 92. ലൈൽ
 93. ളുഹാ
 94. ശർഹ്
 95. തീൻ
 96. അലഖ്
 97. ഖദ്ർ
 98. ബയ്യിന
 99. സൽസല
 100. ആദിയാത്
 101. അൽ ഖാരിഅ
 102. തകാഥുർ
 103. അസ്വർ
 104. ഹുമസ
 105. ഫീൽ
 106. ഖുറൈഷ്
 107. മാഊൻ
 108. കൗഥർ
 109. കാഫിറൂൻ
 110. നസ്ർ
 111. മസദ്
 112. ഇഖ് ലാസ്
 113. ഫലഖ്
 114. നാസ്

1 അലിഫ്‌ ലാം റാ. വിജ്ഞാനപ്രദമായ വേദഗ്രന്ഥത്തിലെ വചനങ്ങളാണവ.

2 ജനങ്ങൾക്ക്‌ താക്കീത്‌ നൽകുകയും, സത്യവിശ്വാസികളെ, അവർക്ക്‌ അവരുടെ രക്ഷിതാവിങ്കൽ സത്യത്തിൻറെതായ പദവിയുണ്ട്‌ എന്ന സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുക എന്ന്‌ അവരുടെ കൂട്ടത്തിൽ നിന്നുതന്നെയുള്ള ഒരാൾക്ക്‌ നാം ദിവ്യസന്ദേശം നൽകിയത്‌ ജനങ്ങൾക്ക്‌ ഒരു അത്ഭുതമായിപ്പോയോ? സത്യനിഷേധികൾ പറഞ്ഞു: ഇയാൾ സ്പഷ്ടമായും ഒരു മാരണക്കാരൻ തന്നെയാകുന്നു.

3 തീർച്ചയായും നിങ്ങളുടെ രക്ഷിതാവ്‌ ആകാശങ്ങളും ഭൂമിയും ആറുദിവസങ്ങളിലായി സൃഷ്ടിക്കുകയും, പിന്നീട്‌ കാര്യങ്ങൾ നിയന്ത്രിച്ചു കൊണ്ട്‌ സിംഹാസനസ്ഥനാവുകയും ചെയ്ത അല്ലാഹുവാകുന്നു. അവൻറെ അനുവാദത്തിന്‌ ശേഷമല്ലാതെ യാതൊരു ശുപാർശക്കാരനും ശുപാർശ നടത്തുന്നതല്ല. അവനത്രെ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക. നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?

4 അവങ്കലേക്കാണ്‌ നിങ്ങളുടെയെല്ലാം മടക്കം. അല്ലാഹുവിൻറെ സത്യവാഗ്ദാനമത്രെ അത്‌. തീർച്ചയായും അവൻ സൃഷ്ടി ആരംഭിക്കുന്നു. വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക്‌ നീതിപൂർവ്വം പ്രതിഫലം നൽകുവാൻ വേണ്ടി അവൻ സൃഷ്ടികർമ്മം ആവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ നിഷേധിച്ചതാരോ അവർക്ക്‌ ചുട്ടുതിളയ്ക്കുന്ന പാനീയവും വേദനയേറിയ ശിക്ഷയും ഉണ്ടായിരിക്കും. അവർ നിഷേധിച്ചിരുന്നതിൻറെ ഫലമത്രെ അത്‌.

5 സൂര്യനെ ഒരു പ്രകാശമാക്കിയത്‌ അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും, അതിന്‌ ഘട്ടങ്ങൾ നിർണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിന്‌ വേണ്ടി. യഥാർത്ഥ മുറപ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ആളുകൾക്കു വേണ്ടി അല്ലാഹു തെളിവുകൾ വിശദീകരിക്കുന്നു.

6 തീർച്ചയായും രാപകലുകൾ വ്യത്യാസപ്പെടുന്നതിലും, ആകാശങ്ങളിലും ഭൂമിയിലും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളവയിലും സൂക്ഷ്മത പാലിക്കുന്ന ആളുകൾക്ക്‌ പല തെളിവുകളുമുണ്ട്‌.

7 നമ്മെ കണ്ടുമുട്ടും എന്ന്‌ പ്രതീക്ഷിക്കാത്തവരും, ഇഹലോകജീവിതം കൊണ്ട്‌ തൃപ്തിപ്പെടുകയും, അതിൽ സമാധാനമടയുകയും ചെയ്തവരും, നമ്മുടെ തെളിവുകളെപ്പറ്റി അശ്രദ്ധരായി കഴിയുന്നവരും ആരോ.

8 അവരുടെ സങ്കേതം നരകം തന്നെയാകുന്നു. അവർ പ്രവർത്തിച്ചു കൊണ്ടിരുന്നതിൻറെ ഫലമായിട്ടത്രെ അത്‌.

9 തീർച്ചയായും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ, അവരുടെ വിശ്വാസത്തിൻറെ ഫലമായി അവരുടെ രക്ഷിതാവ്‌ അവരെ നേർവഴിയിലാക്കുന്നതാണ്‌. അനുഗ്രഹങ്ങൾ നിറഞ്ഞ സ്വർഗത്തോപ്പുകളിൽ അവരുടെ താഴ്ഭാഗത്തു കൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കും.

10 അതിനകത്ത്‌ അവരുടെ പ്രാർത്ഥന അല്ലാഹുവേ, നിനക്ക്‌ സ്തോത്രം എന്നായിരിക്കും. അതിനകത്ത്‌ അവർക്കുള്ള അഭിവാദ്യം സമാധാനം! എന്നായിരിക്കും.അവരുടെ പ്രാർത്ഥനയുടെ അവസാനം ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി എന്നായിരിക്കും.

11 ജനങ്ങൾ നേട്ടത്തിന്‌ ധൃതികൂട്ടുന്നതു പോലെ അവർക്ക്‌ ദോഷം വരുത്തുന്ന കാര്യത്തിൽ അല്ലാഹു ധൃതികൂട്ടുകയായിരുന്നുവെങ്കിൽ അവരുടെ ജീവിതാവധി അവസാനിപ്പിക്കപ്പെടുക തന്നെ ചെയ്യുമായിരുന്നു. എന്നാൽ നമ്മെ കണ്ടുമുട്ടുമെന്ന്‌ പ്രതീക്ഷിക്കാത്തവരെ അവരുടെ ധിക്കാരത്തിൽ വിഹരിച്ചു കൊള്ളാൻ നാം വിടുകയാകുന്നു.

12 മനുഷ്യന്‌ കഷ്ടത ബാധിച്ചാൽ കിടന്നിട്ടോ ഇരുന്നിട്ടോ നിന്നിട്ടോ അവൻ നമ്മോട്‌ പ്രാർത്ഥിക്കുന്നു. അങ്ങനെ അവനിൽ നിന്ന്‌ നാം കഷ്ടത നീക്കികൊടുത്താൽ, അവനെ ബാധിച്ച കഷ്ടതയുടെ കാര്യത്തിൽ നമ്മോടവൻ പ്രാർത്ഥിച്ചിട്ടേയില്ല എന്ന ഭാവത്തിൽ അവൻ നടന്നു പോകുന്നു. അതിരുകവിയുന്നവർക്ക്‌ അപ്രകാരം, അവർ ചെയ്തുകൊണ്ടിരിക്കുന്നത്‌ അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു.

13 തീർച്ചയായും നിങ്ങൾക്ക്‌ മുമ്പുള്ള പല തലമുറകളെയും അവർ അക്രമം പ്രവർത്തിച്ചപ്പോൾ നാം നശിപ്പിച്ചിട്ടുണ്ട്‌. വ്യക്തമായ തെളിവുകളുമായി നമ്മുടെ ദൂതൻമാർ അവരുടെ അടുത്ത്‌ ചെല്ലുകയുണ്ടായി. അവർ വിശ്വസിക്കുകയുണ്ടായില്ല. അപ്രകാരമാണ്‌ കുറ്റവാളികളായ ജനങ്ങൾക്കു നാം പ്രതിഫലം നൽകുന്നത്‌.

14 പിന്നെ, അവർക്ക്‌ ശേഷം നിങ്ങളെ നാം ഭൂമിയിൽ പിൻഗാമികളാക്കി. നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന്‌ നാം നോക്കുവാൻ വേണ്ടി.

15 നമ്മുടെ സ്പഷ്ടമായ തെളിവുകൾ അവർക്ക്‌ വായിച്ചുകേൾപിക്കപ്പെടുമ്പോൾ, നമ്മെ കണ്ടുമുട്ടുമെന്ന്‌ പ്രതീക്ഷിക്കാത്തവർ പറയും: നീ ഇതല്ലാത്ത ഒരു ഖുർആൻ കൊണ്ടു വരികയോ, ഇതിൽ ഭേദഗതി വരുത്തുകയോ ചെയ്യുക. ( നബിയേ, ) പറയുക: എൻറെ സ്വന്തം വകയായി അത്‌ ഭേദഗതി ചെയ്യുവാൻ എനിക്ക്‌ പാടുള്ളതല്ല. എനിക്ക്‌ ബോധനം നൽകപ്പെടുന്നതിനെ പിൻപറ്റുക മാത്രമാണ്‌ ഞാൻ ചെയ്യുന്നത്‌. തീർച്ചയായും എൻറെ രക്ഷിതാവിനെ ഞാൻ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാൻ പേടിക്കുന്നു.

16 പറയുക: അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ നിങ്ങൾക്ക്‌ ഞാനിത്‌ ഓതികേൾപിക്കുകയോ, നിങ്ങളെ അവൻ ഇത്‌ അറിയിക്കുകയോ ചെയ്യില്ലായിരുന്നു. ഇതിനു മുമ്പ്‌ കുറെ കാലം ഞാൻ നിങ്ങൾക്കിടയിൽ ജീവിച്ചിട്ടുണ്ടല്ലോ. നിങ്ങൾ ചിന്തിക്കുന്നില്ലേ?

17 അപ്പോൾ അല്ലാഹുവിൻറെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവൻറെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയോ ചെയ്തവനെക്കാൾ കടുത്ത അക്രമി ആരുണ്ട്‌? തീർച്ചയായും കുറ്റവാളികൾ വിജയം പ്രാപിക്കുകയില്ല.

18 അല്ലാഹുവിന്‌ പുറമെ, അവർക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവർ ( ആരാധ്യർ ) അല്ലാഹുവിൻറെ അടുക്കൽ ഞങ്ങൾക്കുള്ള ശുപാർശക്കാരാണ്‌ എന്ന്‌ പറയുകയും ചെയ്യുന്നു. ( നബിയേ, ) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന്‌ അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.

19 മനുഷ്യർ ഒരൊറ്റ സമൂഹം മാത്രമായിരുന്നു. എന്നിട്ടവർ ഭിന്നിച്ചിരിക്കുകയാണ്‌. നിൻറെ രക്ഷിതാവിങ്കൽ നിന്ന്‌ ഒരു വചനം മുൻകൂട്ടി ഉണ്ടായിരുന്നില്ലെങ്കിൽ അവർ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തിൽ അവർക്കിടയിൽ ( ഇതിനകം ) തീർപ്പുകൽപിക്കപ്പെട്ടിരുന്നേനെ.

20 അവർ പറയുന്നു: അദ്ദേഹത്തിന്‌ ( നബിക്ക്‌ ) തൻറെ രക്ഷിതാവിങ്കൽ നിന്ന്‌ ഒരു തെളിവ്‌ ( നേരിട്ട്‌ ) ഇറക്കികൊടുക്കപ്പെടാത്തതെന്തുകൊണ്ട്‌? ( നബിയേ, ) പറയുക: അദൃശ്യജ്ഞാനം അല്ലാഹുവിന്‌ മാത്രമാകുന്നു. അതിനാൽ നിങ്ങൾ കാത്തിരിക്കൂ. തീർച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു.

21 ജനങ്ങൾക്കു കഷ്ടത ബാധിച്ചതിനു ശേഷം നാമവർക്ക്‌ ഒരു കാരുണ്യം അനുഭവിപ്പിച്ചാൽ അപ്പോഴതാ നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കാര്യത്തിൽ അവരുടെ ഒരു കുതന്ത്രം.! പറയുക: അല്ലാഹു അതിവേഗം തന്ത്രം പ്രയോഗിക്കുന്നവനാകുന്നു. നിങ്ങൾ തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്‌ നമ്മുടെ ദൂതൻമാർ രേഖപ്പെടുത്തുന്നതാണ്‌; തീർച്ച.

22 അവനാകുന്നു കരയിലും കടലിലും നിങ്ങൾക്ക്‌ സഞ്ചാരസൗകര്യം നൽകുന്നത്‌. അങ്ങനെ നിങ്ങൾ കപ്പലുകളിലായിരിക്കുകയും, നല്ല ഒരു കാറ്റ്‌ നിമിത്തം യാത്രക്കാരെയും കൊണ്ട്‌ അവ സഞ്ചരിക്കുകയും, അവരതിൽ സന്തുഷ്ടരായിരിക്കുകയും ചെയ്തപ്പോഴതാ ഒരു കൊടുങ്കാറ്റ്‌ അവർക്ക്‌ വന്നെത്തി. എല്ലായിടത്തുനിന്നും തിരമാലകൾ അവരുടെ നേർക്ക്‌ വന്നു. തങ്ങൾ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന്‌ അവർ വിചാരിച്ചു. അപ്പോൾ കീഴ്‌വണക്കം അല്ലാഹുവിന്ന്‌ നിഷ്കളങ്കമാക്കിക്കൊണ്ട്‌ അവനോടവർ പ്രാർത്ഥിച്ചു: ഞങ്ങളെ നീ ഇതിൽ നിന്ന്‌ രക്ഷപ്പെടുത്തുന്ന പക്ഷം തീർച്ചയായും ഞങ്ങൾ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും.

23 അങ്ങനെ അല്ലാഹു അവരെ രക്ഷപ്പെടുത്തിയപ്പോൾ അവരതാ ന്യായമില്ലാതെ ഭൂമിയിൽ അതിക്രമം പ്രവർത്തിക്കുന്നുഃഏ; മനുഷ്യരേ, നിങ്ങൾ ചെയ്യുന്ന അതിക്രമം നിങ്ങൾക്കെതിരിൽ തന്നെയായിരിക്കും ( ഭവിക്കുക. ) ഇഹലോകജീവിതത്തിലെ സുഖാനുഭവം മാത്രമാണ്‌ ( അത്‌ വഴി നിങ്ങൾക്ക്‌ കിട്ടുന്നത്‌ ) . പിന്നെ നമ്മുടെ അടുത്തേക്കാണ്‌ നിങ്ങളുടെ മടക്കം. അപ്പോൾ നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ നാം വിവരമറിയിക്കുന്നതാണ്‌.

24 നാം ആകാശത്ത്‌ നിന്ന്‌ വെള്ളം ഇറക്കിയിട്ട്‌ അതുമൂലം മനുഷ്യർക്കും കാലികൾക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങൾ ഇടകലർന്നു വളർന്നു. അങ്ങനെ ഭൂമി അതിൻറെ അലങ്കാരമണിയുകയും, അത്‌ അഴകാർന്നതാകുകയും, അവയൊക്കെ കരസ്ഥമാക്കാൻ തങ്ങൾക്ക്‌ കഴിയുമാറായെന്ന്‌ അതിൻറെ ഉടമസ്ഥർ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കൽപന അതിന്‌ വന്നെത്തുകയും, തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടിൽ നാമവയെ ഉൻമൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹികജീവിതത്തിൻറെ ഉപമ. ചിന്തിക്കുന്ന ആളുകൾക്കു വേണ്ടി അപ്രകാരം നാം തെളിവുകൾ വിശദീകരിക്കുന്നു.

25 അല്ലാഹു ശാന്തിയുടെ ഭവനത്തിലേക്ക്‌ ക്ഷണിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവരെ അവൻ നേരായ പാതയിലേക്ക്‌ നയിക്കുകയും ചെയ്യുന്നു.

26 സുകൃതം ചെയ്തവർക്ക്‌ ഏറ്റവും ഉത്തമമായ പ്രതിഫലവും കൂടുതൽ നേട്ടവുമുണ്ട്‌. ഇരുളോ അപമാനമോ അവരുടെ മുഖത്തെ തീണ്ടുകയില്ല. അവരാകുന്നു സ്വർഗാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും.

27 തിൻമകൾ പ്രവർത്തിച്ചവർക്കാകട്ടെ തിൻമയ്ക്കുള്ള പ്രതിഫലം അതിന്‌ തുല്യമായതു തന്നെയായിരിക്കും. അപമാനം അവരെ ബാധിക്കുകയും ചെയ്യും. അല്ലാഹുവിൽ നിന്ന്‌ അവരെ രക്ഷിക്കുന്ന ഒരാളുമില്ല. ഇരുണ്ട രാവിൻറെ കഷ്ണങ്ങൾകൊണ്ട്‌ അവരുടെ മുഖങ്ങൾ പൊതിഞ്ഞതു പോലെയിരിക്കും. അവരാകുന്നു നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും.

28 അവരെയെല്ലാം നാം ഒരുമിച്ചുകൂട്ടുകയും, എന്നിട്ട്‌ ബഹുദൈവവിശ്വാസികളോട്‌ നിങ്ങളും നിങ്ങൾ പങ്കാളികളായി ചേർത്തവരും അവിടെത്തന്നെ നിൽക്കൂ. എന്ന്‌ പറയുകയും ചെയ്യുന്ന ദിവസം ( ശ്രദ്ധേയമത്രെ. ) അനന്തരം നാം അവരെ തമ്മിൽ വേർപെടുത്തും. അവർ പങ്കാളികളായി ചേർത്തവർ പറയും: നിങ്ങൾ ഞങ്ങളെയല്ല ആരാധിച്ചിരുന്നത്‌.

29 അതിനാൽ ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ സാക്ഷിയായി അല്ലാഹു മതി. നിങ്ങളുടെ ആരാധനയെപ്പറ്റി ഞങ്ങൾ തീർത്തും അറിവില്ലാത്തവരായിരുന്നു.

30 അവിടെവെച്ച്‌ ഓരോ ആത്മാവും അത്‌ മുൻകൂട്ടി ചെയ്തത്‌ പരീക്ഷിച്ചറിയും. അവരുടെ യഥാർത്ഥ രക്ഷാധികാരിയായ അല്ലാഹുവിങ്കലേക്ക്‌ അവർ മടക്കപ്പെടുകയും, അവർ പറഞ്ഞുണ്ടാക്കിയിരുന്നതെല്ലാം അവരിൽ നിന്ന്‌ തെറ്റിപ്പോകുകയും ചെയ്യുന്നതാണ്‌.

31 പറയുക: ആകാശത്തുനിന്നും ഭൂമിയിൽ നിന്നും നിങ്ങൾക്ക്‌ ആഹാരം നൽകുന്നത്‌ ആരാണ്‌? അതല്ലെങ്കിൽ കേൾവിയും കാഴ്ചകളും അധീനപ്പെടുത്തുന്നത്‌ ആരാണ്‌? ജീവനില്ലാത്തതിൽ നിന്ന്‌ ജീവനുള്ളതും, ജീവനുള്ളതിൽ നിന്ന്‌ ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങൾ നിയന്ത്രിക്കുന്നതും ആരാണ്‌? അവർ പറയും: അല്ലാഹു എന്ന്‌. അപ്പോൾ പറയുക: എന്നിട്ടും നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ?

32 അവനാണ്‌ നിങ്ങളുടെ യഥാർത്ഥ രക്ഷിതാവായ അല്ലാഹു. എന്നിരിക്കെ യഥാർത്ഥമായുള്ളതിന്‌ പുറമെ വഴികേടല്ലാതെ എന്താണുള്ളത്‌? അപ്പോൾ എങ്ങനെയാണ്‌ നിങ്ങൾ തെറ്റിക്കപ്പെടുന്നത്‌?

33 അപ്രകാരം ധിക്കാരം കൈക്കൊണ്ടവരുടെ കാര്യത്തിൽ, അവർ വിശ്വസിക്കുകയില്ല എന്നുള്ള നിൻറെ രക്ഷിതാവിൻറെ വചനം സത്യമായിരിക്കുന്നു.

34 ( നബിയേ, ) പറയുക: സൃഷ്ടി ആദ്യമായി തുടങ്ങുകയും പിന്നെ അത്‌ ആവർത്തിക്കുകയും ചെയ്യുന്ന വല്ലവരും നിങ്ങൾ പങ്കാളികളായി ചേർത്തവരുടെ കൂട്ടത്തിലുണ്ടോ? പറയുക: അല്ലാഹുവാണ്‌ സൃഷ്ടി ആദ്യമായി തുടങ്ങുകയും പിന്നെ അത്‌ ആവർത്തിക്കുകയും ചെയ്യുന്നത്‌. എന്നിരിക്കെ നിങ്ങൾ എങ്ങനെയാണ്‌ തെറ്റിക്കപ്പെടുന്നത്‌?

35 ( നബിയേ, ) പറയുക: സത്യത്തിലേക്ക്‌ വഴി കാട്ടുന്ന വല്ലവരും നിങ്ങൾ പങ്കാളികളായി ചേർത്തവരുടെ കൂട്ടത്തിലുണ്ടോ? പറയുക: അല്ലാഹുവത്രെ സത്യത്തിലേക്ക്‌ വഴി കാട്ടുന്നത്‌. ആകയാൽ സത്യത്തിലേക്ക്‌ വഴി കാണിക്കുന്നവനാണോ, അതല്ല, ആരെങ്കിലും വഴി കാണിച്ചെങ്കിലല്ലാതെ നേർമാർഗം പ്രാപിക്കാത്തവനാണോ പിന്തുടരാൻ കൂടുതൽ അർഹതയുള്ളവൻ? അപ്പോൾ നിങ്ങൾക്കെന്തുപറ്റി? എങ്ങനെയാണ്‌ നിങ്ങൾ വിധി കൽപിക്കുന്നത്‌?

36 അവരിൽ അധികപേരും ഊഹത്തെ മാത്രമാണ്‌ പിന്തുടരുന്നത്‌. തീർച്ചയായും സത്യത്തിൻറെ സ്ഥാനത്ത്‌ ഊഹം ഒട്ടും പര്യാപ്തമാകുകയില്ല. തീർച്ചയായും അല്ലാഹു അവർ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം അറിയുന്നവനാകുന്നു.

37 അല്ലാഹുവിന്‌ പുറമെ ( മറ്റാരാലും ) ഈ ഖുർആൻ കെട്ടിച്ചമയ്ക്കപ്പെടാവുന്നതല്ല. പ്രത്യുത അതിൻറെ മുമ്പുള്ള ദിവ്യസന്ദേശത്തെ സത്യപ്പെടുത്തുന്നതും, ദൈവികപ്രമാണത്തിൻറെ വിശദീകരണവുമത്രെ അത്‌. അതിൽ യാതൊരു സംശയവുമില്ല. ലോകരക്ഷിതാവിങ്കൽ നിന്നുള്ളതാണത്‌.

38 അതല്ല, അദ്ദേഹം ( നബി ) അത്‌ കെട്ടിച്ചമച്ചതാണ്‌ എന്നാണോ അവർ പറയുന്നത്‌? ( നബിയേ, ) പറയുക: എന്നാൽ അതിന്ന്‌ തുല്യമായ ഒരു അദ്ധ്യായം നിങ്ങൾ കൊണ്ടു വരൂ. അല്ലാഹുവിന്‌ പുറമെ നിങ്ങൾക്ക്‌ സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങൾ സത്യവാൻമാരാണെങ്കിൽ.

39 അല്ല, മുഴുവൻ വശവും അവർ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത, അനുഭവസാക്ഷ്യം അവർക്കു വന്നു കഴിഞ്ഞിട്ടില്ലാത്ത ഒരു കാര്യത്തെ അവർ നിഷേധിച്ചു തള്ളിയിരിക്കയാണ്‌. അപ്രകാരം തന്നെയാണ്‌ അവരുടെ മുമ്പുള്ളവരും നിഷേധിച്ചു തള്ളിയത്‌. എന്നിട്ട്‌ ആ അക്രമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ നോക്കൂ.

40 അതിൽ ( ഖുർആനിൽ ) വിശ്വസിക്കുന്ന ചിലർ അവരുടെ കൂട്ടത്തിലുണ്ട്‌. അതിൽ വിശ്വസിക്കാത്ത ചിലരും അവരുടെ കൂട്ടത്തിലുണ്ട്‌. നിൻറെ രക്ഷിതാവ്‌ കുഴപ്പമുണ്ടാക്കുന്നവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു.

41 അവർ നിന്നെ നിഷേധിച്ചു തള്ളുകയാണെങ്കിൽ നീ പറഞ്ഞേക്കുക. എനിക്കുള്ളത്‌ എൻറെ കർമ്മമാകുന്നു. നിങ്ങൾക്കുള്ളത്‌ നിങ്ങളുടെ കർമ്മവും. ഞാൻ പ്രവർത്തിക്കുന്നതിൽ നിന്ന്‌ നിങ്ങൾ വിമുക്തരാണ്‌. നിങ്ങൾ പ്രവർത്തിക്കുന്നതിൽ നിന്ന്‌ ഞാനും വിമുക്തനാണ്‌.

42 അവരുടെ കൂട്ടത്തിൽ നീ പറയുന്നത്‌ ശ്രദ്ധിച്ച്‌ കേൾക്കുന്ന ചിലരുണ്ട്‌. എന്നാൽ ബധിരൻമാരെ - അവർ ചിന്തിക്കാൻ ഭാവമില്ലെങ്കിലും -നിനക്ക്‌ കേൾപിക്കാൻ കഴിയുമോ?

43 അവരുടെ കൂട്ടത്തിൽ നിന്നെ ഉറ്റുനോക്കുന്ന ചിലരുമുണ്ട്‌. എന്നാൽ അന്ധൻമാർക്ക്‌- അവർ കണ്ടറിയാൻ ഭാവമില്ലെങ്കിലും- നേർവഴി കാണിക്കുവാൻ നിനക്ക്‌ സാധിക്കുമോ?

44 തീർച്ചയായും അല്ലാഹു മനുഷ്യരോട്‌ ഒട്ടും അനീതി കാണിക്കുന്നില്ല. എങ്കിലും മനുഷ്യർ അവരവരോട്‌ തന്നെ അനീതി കാണിക്കുന്നു.

45 അവൻ അവരെ ഒരുമിച്ചുകൂട്ടുന്ന ദിവസം പകലിൽ നിന്ന്‌ അൽപസമയം മാത്രമേ അവർ ( ഇഹലോകത്ത്‌ ) കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്ന പോലെ തോന്നും. അവർ അന്യോന്യം തിരിച്ചറിയുന്നതുമാണ്‌. അല്ലാഹുവുമായി കണ്ടുമുട്ടുന്നതിനെ നിഷേധിച്ചുതള്ളിയവർ നഷ്ടത്തിലായിരിക്കുന്നു. അവർ സൻമാർഗം പ്രാപിക്കുന്നവരായതുമില്ല.

46 ( നബിയേ, ) അവർക്കു നാം വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്ന ശിക്ഷകളിൽ ചിലത്‌ നാം നിനക്ക്‌ കാണിച്ചുതരികയോ, അല്ലെങ്കിൽ ( അതിനു മുമ്പ്‌ ) നിന്നെ നാം മരിപ്പിക്കുകയോ ചെയ്യുന്ന പക്ഷം നമ്മുടെ അടുത്തേക്ക്‌ തന്നെയാണ്‌ അവരുടെ മടക്കം. പിന്നെ അവർ ചെയ്തു കൊണ്ടിരിക്കുന്നതിനെല്ലാം അല്ലാഹു സാക്ഷിയായിരിക്കും.

47 ഓരോ സമൂഹത്തിനും ഓരോ ദൂതനുണ്ട്‌. അങ്ങനെ അവരിലേക്കുള്ള ദൂതൻ വന്നാൽ അവർക്കിടയൽ നീതിപൂർവ്വം തീരുമാനമെടുക്കപ്പെടുന്നതാണ്‌. അവരോട്‌ അനീതി കാണിക്കപ്പെടുന്നതല്ല.

48 അവർ ( സത്യനിഷേധികൾ ) പറയും: എപ്പോഴാണ്‌ ഈ വാഗ്ദാനം ( നിറവേറുന്നത്‌? ) ( പറയൂ, ) നിങ്ങൾ സത്യവാൻമാരാണെങ്കിൽ.

49 ( നബിയേ, ) പറയുക: എനിക്ക്‌ തന്നെ ഉപകാരമോ ഉപദ്രവമോ ഉണ്ടാക്കുക എന്നത്‌ എൻറെ അധീനത്തിലല്ല- അല്ലാഹു ഉദ്ദേശിച്ചതല്ലാതെ. ഓരോ സമൂഹത്തിനും ഒരു അവധിയുണ്ട്‌. അവരുടെ അവധി വന്നെത്തിയാൽ ഒരു നാഴിക നേരം പോലും അവർക്ക്‌ വൈകിക്കാനാവില്ല. അവർക്കത്‌ നേരത്തെയാക്കാനും കഴിയില്ല.

50 ( നബിയേ, ) പറയുക: അല്ലാഹുവിൻറെ ശിക്ഷ രാത്രിയോ പകലോ നിങ്ങൾക്ക്‌ വന്നാൽ ( നിങ്ങളുടെ അവസ്ഥ എങ്ങനെയായിരിക്കുമെന്ന്‌ ) നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അതിൽ നിന്ന്‌ ഏതു ശിക്ഷയ്ക്കായിരിക്കും കുറ്റവാളികൾ ധൃതി കാണിക്കുന്നത്‌?

51 എന്നിട്ട്‌ അത്‌ ( ശിക്ഷ ) അനുഭവിക്കുമ്പോഴാണോ നിങ്ങളതിൽ വിശ്വസിക്കുന്നത്‌? ( അപ്പോൾ നിങ്ങളോട്‌ പറയപ്പെടും: ) നിങ്ങൾ ഈ ശിക്ഷയ്ക്ക്‌ തിടുക്കം കാണിക്കുന്നവരായിരുന്നല്ലോ. എന്നിട്ട്‌ ഇപ്പോഴാണോ ( നിങ്ങളുടെ വിശ്വാസം? )

52 പിന്നീട്‌ അക്രമകാരികളോട്‌ പറയപ്പെടും: നിങ്ങൾ ശാശ്വത ശിക്ഷ ആസ്വദിച്ച്‌ കൊള്ളുക. നിങ്ങൾ പ്രവർത്തിച്ചിരുന്നതിനനുസരിച്ചല്ലാതെ നിങ്ങൾക്ക്‌ പ്രതിഫലം നൽകപ്പെടുമോ?

53 ഇത്‌ സത്യമാണോ എന്ന്‌ നിന്നോട്‌ അവർ അന്വേഷിക്കുന്നു. പറയുക: അതെ; എൻറെ രക്ഷിതാവിനെതന്നെയാണ! തീർച്ചയായും അത്‌ സത്യം തന്നെയാണ്‌. നിങ്ങൾക്ക്‌ തോൽപിച്ചു കളയാനാവില്ല.

54 അക്രമം പ്രവർത്തിച്ച ഓരോ വ്യക്തിക്കും ഭൂമിയിലുള്ളത്‌ മുഴുവൻ കൈവശമുണ്ടായിരുന്നാൽ പോലും അതയാൾ പ്രായശ്ചിത്തമായി നൽകുമായിരുന്നു. ശിക്ഷ കാണുമ്പോൾ അവർ ഖേദം മനസ്സിൽ ഒളിപ്പിക്കുകയും ചെയ്യും. അവർക്കിടയിൽ നീതിയനുസരിച്ച്‌ തീർപ്പുകൽപിക്കപ്പെടുകയും ചെയ്യും. അവരോട്‌ അനീതി കാണിക്കപ്പെടുകയില്ല.

55 ശ്രദ്ധിക്കുക; തീർച്ചയായും ആകാശങ്ങളിലും ഭൂമിയിലും ഉള്ളതൊക്കെ അല്ലാഹുവിൻറെതാകുന്നു. ശ്രദ്ധിക്കുക; തീർച്ചയായും അല്ലാഹുവിൻറെ വാഗ്ദാനം സത്യമാകുന്നു. പക്ഷെ അവരിൽ അധികപേരും ( കാര്യം ) മനസ്സിലാക്കുന്നില്ല.

56 അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവങ്കലേക്ക്‌ തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യുന്നു.

57 മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന്‌ ശമനവും നിങ്ങൾക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികൾക്ക്‌ മാർഗദർശനവും കാരുണ്യവും ( വന്നുകിട്ടിയിരിക്കുന്നു. )

58 പറയുക: അല്ലാഹുവിൻറെ അനുഗ്രഹം കൊണ്ടും കാരുണ്യം[മുഹമ്മദ് നബിയെ] കൊണ്ടുമാണത്‌. അതുകൊണ്ട്‌ അവർ സന്തോഷിച്ചു കൊള്ളട്ടെ. അതാണ്‌ അവർ സമ്പാദിച്ചു കൂട്ടികൊണ്ടിരിക്കുന്നതിനെക്കാൾ ഉത്തമമായിട്ടുള്ളത്‌.

59 പറയുക: അല്ലാഹു നിങ്ങൾക്കിറക്കിത്തന്ന ആഹാരത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്നിട്ട്‌ അതിൽ ( ചിലത്‌ ) നിങ്ങൾ നിഷിദ്ധവും ( വേറെ ചിലത്‌ ) അനുവദനീയവുമാക്കിയിരിക്കുന്നു. പറയുക: അല്ലാഹുവാണോ നിങ്ങൾക്ക്‌ ( അതിന്‌ ) അനുവാദം തന്നത്‌? അതല്ല, നിങ്ങൾ അല്ലാഹുവിൻറെ പേരിൽ കെട്ടിച്ചമയ്ക്കുകയാണോ?

60 അല്ലാഹുവിൻറെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുന്നവരുടെ വിചാരം ഉയിർത്തെഴുന്നേൽപിൻറെ നാളിൽ എന്തായിരിക്കും? തീർച്ചയായും അല്ലാഹു ജനങ്ങളോട്‌ ഔദാര്യം കാണിക്കുന്നവനാകുന്നു. പക്ഷെ, അവരിൽ അധികപേരും നന്ദികാണിക്കുന്നില്ല.

61 ( നബിയേ, ) നീ വല്ലകാര്യത്തിലും ഏർപെടുകയോ, അതിനെപ്പറ്റി ഖുർആനിൽ നിന്ന്‌ വല്ലതും ഓതികേൾപിക്കുകയോ, നിങ്ങൾ ഏതെങ്കിലും പ്രവർത്തനത്തിൽ ഏർപെടുകയോ ചെയ്യുന്നുവെങ്കിൽ നിങ്ങളതിൽ മുഴുകുന്ന സമയത്ത്‌ നിങ്ങളുടെ മേൽ സാക്ഷിയായി നാം ഉണ്ടാകാതിരിക്കുകയില്ല. ഭൂമിയിലോ ആകാശത്തോ ഉള്ള ഒരു അണുവോളമുള്ള യാതൊന്നും നിൻറെ രക്ഷിതാവി (ൻറെ ശ്രദ്ധയി) ൽ നിന്ന്‌ വിട്ടുപോകുകയില്ല. അതിനെക്കാൾ ചെറുതോ വലുതോ ആയിട്ടുള്ള യാതൊന്നും സ്പഷ്ടമായ ഒരു രേഖയിൽ ഉൾപെടാത്തതായി ഇല്ല.

62 ശ്രദ്ധിക്കുക: തീർച്ചയായും അല്ലാഹുവിൻറെ മിത്രങ്ങളാരോ അവർക്ക്‌ യാതൊരു ഭയവുമില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല.

63 വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ

64 അവർക്കാണ്‌ ഐഹികജീവിതത്തിലും പരലോകത്തും സന്തോഷവാർത്തയുള്ളത്‌. അല്ലാഹുവിൻറെ വചനങ്ങൾക്ക്‌ യാതൊരു മാറ്റവുമില്ല. അതു ( സന്തോഷവാർത്ത ) തന്നെയാണ്‌ മഹത്തായ ഭാഗ്യം.

65 ( നബിയേ, ) അവരുടെ വാക്ക്‌ നിനക്ക്‌ വ്യസനമുണ്ടാക്കാതിരിക്കട്ടെ. തീർച്ചയായും പ്രതാപം മുഴുവൻ അല്ലാഹുവിനാകുന്നു. അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമത്രെ.

66 ശ്രദ്ധിക്കുക: തീർച്ചയായും അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരുമെല്ലാം. അല്ലാഹുവിന്‌ പുറമെ പങ്കാളികളെ വിളിച്ചു പ്രാർത്ഥിക്കുന്നവർ എന്തൊന്നിനെയാണ്‌ പിൻപറ്റുന്നത്‌? അവർ ഊഹത്തെ മാത്രമാണ്‌ പിന്തുടരുന്നത്‌. അവർ അനുമാനിച്ച്‌ ( കള്ളം ) പറയുക മാത്രമാണ്‌ ചെയ്യുന്നത്‌.

67 അവനത്രെ നിങ്ങൾക്ക്‌ വേണ്ടി രാത്രിയെ ശാന്തമായി കഴിയത്തക്കവിധവും പകലിനെ വെളിച്ചമുള്ളതും ആക്കിത്തന്നത്‌. തീർച്ചയായും കേട്ട്‌ മനസ്സിലാക്കുന്ന ആളുകൾക്ക്‌ അതിൽ ദൃഷ്ടാന്തങ്ങളുണ്ട്‌.

68 അല്ലാഹു ഒരു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്നവർ പറഞ്ഞു. അവൻ എത്ര പരിശുദ്ധൻ! അവൻ പരാശ്രയമുക്തനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവൻറെതാകുന്നു. നിങ്ങളുടെ പക്കൽ ഇതിന്‌ ( ദൈവത്തിന്‌ സന്താനം ഉണ്ടെന്നതിന്‌ ) യാതൊരു പ്രമാണവുമില്ല. അല്ലാഹുവിൻറെ പേരിൽ നിങ്ങൾക്ക്‌ അറിവില്ലാത്തത്‌ നിങ്ങൾ പറഞ്ഞുണ്ടാക്കുകയാണോ?

69 പറയുക: അല്ലാഹുവിൻറെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുന്നവർ വിജയിക്കുകയില്ല; തീർച്ച.

70 ( അവർക്കുള്ളത്‌ ) ഇഹലോകത്തെ സുഖാനുഭവമത്രെ. പിന്നെ നമ്മുടെ അടുക്കലേക്കാണ്‌ അവരുടെ മടക്കം. എന്നിട്ട്‌ അവർ അവിശ്വസിച്ചിരുന്നതിൻറെ ഫലമായി കഠിനമായ ശിക്ഷ നാം അവർക്ക്‌ ആസ്വദിപ്പിക്കുന്നതാണ്‌.

71 ( നബിയേ, ) നീ അവർക്ക്‌ നൂഹിനെപ്പറ്റിയുള്ള വിവരം ഓതികേൾപിക്കുക. അദ്ദേഹം തൻറെ ജനതയോട്‌ പറഞ്ഞ സന്ദർഭം: എൻറെ ജനങ്ങളേ, എൻറെ സാന്നിദ്ധ്യവും അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെപ്പറ്റിയുള്ള എൻറെ ഉൽബോധനവും നിങ്ങൾക്ക്‌ ഒരു വലിയ ഭാരമായിത്തീർന്നിട്ടുണ്ടെങ്കിൽ അല്ലാഹുവിൻറെ മേൽ ഞാനിതാ ഭരമേൽപിച്ചിരിക്കുന്നു. എന്നാൽ നിങ്ങളുടെ കാര്യം നിങ്ങളും നിങ്ങൾ പങ്കാളികളാക്കിയവരും കൂടി തീരുമാനിച്ചുറപ്പിച്ചു കൊള്ളൂ. പിന്നെ നിങ്ങളുടെ കാര്യത്തിൽ ( തീരുമാനത്തിൽ ) നിങ്ങൾക്ക്‌ ഒരു അവ്യക്തതയും ഉണ്ടായിരിക്കരുത്‌. എന്നിട്ട്‌ എൻറെ നേരെ നിങ്ങൾ ( ആ തീരുമാനം ) നടപ്പിൽ വരുത്തൂ. എനിക്ക്‌ നിങ്ങൾ ഇടതരികയേ വേണ്ട.

72 ഇനി നിങ്ങൾ പിന്തിരിഞ്ഞു കളയുന്ന പക്ഷം ഞാൻ നിങ്ങളോട്‌ യാതൊരു പ്രതിഫലവും ചോദിച്ചിട്ടില്ല. എനിക്ക്‌ പ്രതിഫലം തരേണ്ടത്‌ അല്ലാഹു മാത്രമാകുന്നു. ( അല്ലാഹുവിന്‌ ) കീഴ്പെടുന്നവരുടെ കൂട്ടത്തിൽ ആയിരിക്കുവാനാണ്‌ ഞാൻ കൽപിക്കപ്പെട്ടിട്ടുള്ളത്‌ .

73 എന്നിട്ട്‌ അവർ അദ്ദേഹത്തെ നിഷേധിച്ചു തള്ളിക്കളഞ്ഞു. അപ്പോൾ അദ്ദേഹത്തെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും നാം കപ്പലിൽ രക്ഷപ്പെടുത്തുകയും, അവരെ നാം ( ഭൂമിയിൽ ) പിൻഗാമികളാക്കുകയും ചെയ്തു. നമ്മുടെ ദൃഷ്ടാന്തങ്ങൾ നിഷേധിച്ചുതള്ളിയവരെ നാം മുക്കിക്കളഞ്ഞു. അപ്പോൾ നോക്കൂ; താക്കീത്‌ നൽകപ്പെട്ട ആ വിഭാഗത്തിൻറെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്‌.

74 പിന്നെ അദ്ദേഹത്തിനു ശേഷം പല ദൂതൻമാരെയും അവരുടെ ജനതയിലേക്ക്‌ നാം നിയോഗിച്ചു. അങ്ങനെ അവരുടെ അടുത്ത്‌ തെളിവുകളും കൊണ്ട്‌ അവർ ചെന്നു. എന്നാൽ മുമ്പ്‌ ഏതൊന്ന്‌ അവർ നിഷേധിച്ചു തള്ളിയോ അതിൽ അവർ വിശ്വസിക്കുവാൻ തയ്യാറുണ്ടായിരുന്നില്ല. അതിക്രമകാരികളുടെ ഹൃദയങ്ങളിൻമേൽ അപ്രകാരം നാം മുദ്രവെക്കുന്നു.

75 പിന്നീട്‌ അവർക്ക്‌ ശേഷം, നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിർഔൻറെയും അവൻറെ പ്രമാണിമാരുടെയും അടുത്തേക്ക്‌ മൂസായെയും ഹാറൂനെയും നാം നിയോഗിച്ചു. എന്നാൽ അവർ അഹങ്കരിക്കുകയാണ്‌ ചെയ്തത്‌. അവർ കുറ്റവാളികളായ ഒരു ജനവിഭാഗമായിരുന്നു.

76 അങ്ങനെ നമ്മുടെ പക്കൽ നിന്നുള്ള സത്യം അവർക്ക്‌ വന്നെത്തിയപ്പോൾ അവർ പറഞ്ഞു: തീർച്ചയായും ഇത്‌ സ്പഷ്ടമായ ഒരു ജാലവിദ്യതന്നെയാകുന്നു.

77 മൂസാപറഞ്ഞു: സത്യം നിങ്ങൾക്ക്‌ വന്നെത്തിയപ്പോൾ അതിനെപ്പറ്റി ( ജാലവിദ്യയെന്ന്‌ ) നിങ്ങൾ പറയുകയോ? ജാലവിദ്യയാണോ ഇത്‌?( യഥാർത്ഥത്തിൽ ) ജാലവിദ്യക്കാർ വിജയം പ്രാപിക്കുകയില്ല.

78 അവർ പറഞ്ഞു: ഞങ്ങളുടെ പിതാക്കൻമാർ എന്തൊന്നിൽ നിലകൊള്ളുന്നവരായി ഞങ്ങൾ കണ്ടുവോ അതിൽ നിന്ന്‌ ഞങ്ങളെ തിരിച്ചുകളയാൻ വേണ്ടിയും, ഭൂമിയിൽ മേധാവിത്വം നിങ്ങൾക്ക്‌ രണ്ടു പേർക്കുമാകാൻ വേണ്ടിയുമാണോ നീ ഞങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌? നിങ്ങൾ ഇരുവരെയും ഞങ്ങൾ വിശ്വസിക്കുന്നതേ അല്ല.

79 ഫിർഔൻ പറഞ്ഞു: എല്ലാ വിവരമുള്ള ജാലവിദ്യക്കാരെയും നിങ്ങൾ എൻറെ അടുക്കൽ കൊണ്ട്‌ വരൂ

80 അങ്ങനെ ജാലവിദ്യക്കാർ വന്നപ്പോൾ മൂസാ അവരോട്‌ പറഞ്ഞു: നിങ്ങൾക്ക്‌ ഇടാനുള്ളതല്ലാം ഇട്ടേക്കൂ.

81 അങ്ങനെ അവർ ഇട്ടപ്പോൾ മൂസാ പറഞ്ഞു: നിങ്ങൾ ഈ അവതരിപ്പിച്ചത്‌ ജാലവിദ്യയാകുന്നു. തീർച്ചയായും അല്ലാഹു അതിനെ പൊളിച്ചു കളയുന്നതാണ്‌. കുഴപ്പമുണ്ടാക്കുന്നവരുടെ പ്രവർത്തനം അല്ലാഹു ഫലവത്താക്കിത്തീർക്കുകയില്ല; തീർച്ച.

82 സത്യത്തെ അവൻറെ വചനങ്ങളിലൂടെ അവൻ യാഥാർത്ഥ്യമാക്കിത്തീർക്കുന്നതാണ്‌. കുറ്റവാളികൾക്ക്‌ അത്‌ അനിഷ്ടകരമായാലും ശരി.

83 എന്നാൽ മൂസായെ തൻറെ ജനതയിൽ നിന്നുള്ള ചില ചെറുപ്പക്കാരല്ലാതെ മറ്റാരും വിശ്വസിച്ചില്ല. ( അത്‌ തന്നെ ) ഫിർഔനും അവരിലുള്ള പ്രധാനികളും അവരെ മർദ്ദിച്ചേക്കുമോ എന്ന ഭയപ്പാടോടുകൂടിയായിരുന്നു. തീർച്ചയായും ഫിർഔൻ ഭൂമിയിൽ ഔന്നത്യം നടിക്കുന്നവൻ തന്നെയാകുന്നു. തീർച്ചയായും അവൻ അതിരുകവിഞ്ഞവരുടെ കൂട്ടത്തിൽത്തന്നെയാകുന്നു.

84 മൂസാ പറഞ്ഞു: എൻറെ ജനങ്ങളേ,നിങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിട്ടുണ്ടെങ്കിൽ അവൻറെ മേൽ നിങ്ങൾ ഭരമേൽപിക്കുക- നിങ്ങൾ അവന്ന്‌ കീഴ്പെട്ടവരാണെങ്കിൽ.

85 അപ്പോൾ അവർ പറഞ്ഞു: അല്ലാഹുവിൻറെ മേൽ ഞങ്ങൾ ഭരമേൽപിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ അക്രമികളായ ഈ ജനവിഭാഗത്തിൻറെ മർദ്ദനത്തിന്‌ ഇരയാക്കരുതേ.

86 നിൻറെ കാരുണ്യം കൊണ്ട്‌ സത്യനിഷേധികളായ ഈ ജനതയിൽ നിന്ന്‌ ഞങ്ങളെ നീ രക്ഷപ്പെടുത്തേണമേ.

87 മൂസായ്ക്കും അദ്ദേഹത്തിൻറെ സഹോദരന്നും നാം ഇപ്രകാരം സന്ദേശം നൽകി: നിങ്ങൾ രണ്ടുപേരും നിങ്ങളുടെ ആളുകൾക്ക്‌ വേണ്ടി ഈജിപ്തിൽ ( പ്രത്യേകം ) വീടുകൾ സൗകര്യപ്പെടുത്തുകയും, നിങ്ങളുടെ വീടുകൾ ഖിബ്ലയാക്കുകയും, നിങ്ങൾ നമസ്കാരം മുറപോലെ നിർവഹിക്കുകയും ചെയ്യുക. സത്യവിശ്വാസികൾക്ക്‌ നീ സന്തോഷവാർത്ത അറിയിക്കുക.

88 മൂസാ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഫിർഔന്നും അവൻറെ പ്രമാണിമാർക്കും നീ ഐഹികജീവിതത്തിൽ അലങ്കാരവും സമ്പത്തുകളും നൽകിയിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, നിൻറെ മാർഗത്തിൽ നിന്ന്‌ ആളുകളെ തെറ്റിക്കുവാൻ വേണ്ടിയാണ്‌ ( അവരത്‌ ഉപയോഗിക്കുന്നത്‌. ) ഞങ്ങളുടെ രക്ഷിതാവേ, നീ അവരുടെ സ്വത്തുക്കൾ തുടച്ചുനീക്കേണമേ. വേദനയേറിയ ശിക്ഷ കാണുന്നതുവരെയും അവർ വിശ്വസിക്കാതിരിക്കത്തക്കവണ്ണം അവരുടെ ഹൃദയങ്ങൾക്ക്‌ നീ കാഠിന്യം നൽകുകയും ചെയ്യേണമേ.

89 അവൻ ( അല്ലാഹു ) പറഞ്ഞു: നിങ്ങളുടെ ഇരുവരുടെയും പ്രാർത്ഥന ഇതാ സ്വീകരിക്കപ്പെട്ടിരിക്കുന്നു. അതിനാൽ നിങ്ങൾ ഇരുവരും നേരെ നിലകൊള്ളുക. വിവരമില്ലാത്തവരുടെ വഴി നിങ്ങൾ ഇരുവരും പിന്തുടർന്ന്‌ പോകരുത്‌.

90 ഇസ്രായീൽ സന്തതികളെ നാം കടൽ കടത്തികൊണ്ടു പോയി. അപ്പോൾ ഫിർഔനും അവൻറെ സൈന്യങ്ങളും ധിക്കാരവും അതിക്രമവുമായി അവരെ പിന്തുടർന്നു. ഒടുവിൽ മുങ്ങിമരിക്കാറായപ്പോൾ അവൻ പറഞ്ഞു: ഇസ്രായീൽ സന്തതികൾ ഏതൊരു ദൈവത്തിൽ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരു ദൈവവുമില്ല എന്ന്‌ ഞാൻ വിശ്വസിച്ചിരിക്കുന്നു. ഞാൻ ( അവന്ന്‌ ) കീഴ്പെട്ടവരുടെ കൂട്ടത്തിലാകുന്നു.

91 ( അല്ലാഹു അവനോട്‌ പറഞ്ഞു: ) മുമ്പൊക്കെ ധിക്കരിക്കുകയും കുഴപ്പക്കാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്തിട്ട്‌ ഇപ്പോഴാണോ ( നീ വിശ്വസിക്കുന്നത്‌ ? )

92 എന്നാൽ നിൻറെ പുറകെ വരുന്നവർക്ക്‌ നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിൻറെ ശരീരത്തെ നാം രക്ഷപ്പെടുത്തി എടുക്കുന്നതാണ്‌. തീർച്ചയായും മനുഷ്യരിൽ ധാരാളം പേർ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു.

93 തീർച്ചയായും ഇസ്രായീൽ സന്തതികളെ ഉചിതമായ ഒരു താവളത്തിൽ നാം കുടിയിരുത്തുകയും, വിശിഷ്ടമായ വസ്തുക്കളിൽ നിന്ന്‌ അവർക്ക്‌ നാം ആഹാരം നൽകുകയും ചെയ്തു. എന്നാൽ അവർക്ക്‌ അറിവ്‌ വന്നുകിട്ടിയതിന്‌ ശേഷം തന്നെയാണ്‌ അവർ ഭിന്നിച്ചത്‌. അവർ ഭിന്നിച്ചു കൊണ്ടിരുന്ന കാര്യത്തിൽ ഉയിർത്തെഴുന്നേൽപിൻറെ നാളിൽ നിൻറെ രക്ഷിതാവ്‌ അവർക്കിടയിൽ വിധികൽപിക്കുക തന്നെ ചെയ്യും.

94 ഇനി നിനക്കു നാം അവതരിപ്പിച്ചു തന്നതിനെപ്പറ്റി നിനക്ക്‌ വല്ല സംശയവുമുണ്ടെങ്കിൽ നിനക്ക്‌ മുമ്പുതന്നെ വേദഗ്രന്ഥം വായിച്ച്‌ വരുന്നവരോട്‌ ചോദിച്ചു നോക്കുക. തീർച്ചയായും നിനക്ക്‌ നിൻറെ രക്ഷിതാവിങ്കൽ നിന്നുള്ള സത്യം വന്നുകിട്ടിയിരിക്കുന്നു. അതിനാൽ നീ സംശയാലുക്കളുടെ കൂട്ടത്തിലായിപ്പോകരുത്‌.

95 അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളിയവരുടെ കൂട്ടത്തിലും നീ ആയിപ്പോകരുത്‌. എങ്കിൽ നീ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും.

96 തീർച്ചയായും ഏതൊരു വിഭാഗത്തിൻറെ മേൽ നിൻറെ രക്ഷിതാവിൻറെ വചനം സ്ഥിരപ്പെട്ടിരിക്കുന്നുവോ അവർ വിശ്വസിക്കുകയില്ല.

97 ഏതൊരു തെളിവ്‌ അവർക്ക്‌ വന്നുകിട്ടിയാലും. വേദനയേറിയ ശിക്ഷ നേരിൽ കാണുന്നതുവരെ.

98 ഏതെങ്കിലുമൊരു രാജ്യം വിശ്വാസം സ്വീകരിക്കുകയും, വിശ്വാസം അതിന്‌ പ്രയോജനപ്പെടുകയും ചെയ്യാത്തതെന്ത്‌? യൂനുസിൻറെ ജനത ഒഴികെ. അവർ വിശ്വസിച്ചപ്പോൾ ഇഹലോകജീവിതത്തിലെ അപമാനകരമായ ശിക്ഷ അവരിൽ നിന്ന്‌ നാം നീക്കം ചെയ്യുകയും, ഒരു നിശ്ചിത കാലം വരെ നാം അവർക്ക്‌ സൗഖ്യം നൽകുകയും ചെയ്തു.

99 നിൻറെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച്‌ വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങൾ സത്യവിശ്വാസികളാകുവാൻ നീ അവരെ നിർബന്ധിക്കുകയോ?

100 യാതൊരാൾക്കും അല്ലാഹുവിൻറെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാൻ കഴിയുന്നതല്ല. ചിന്തിച്ചു മനസ്സിലാക്കാത്തവർക്ക്‌ അല്ലാഹു നികൃഷ്ടത വരുത്തിവെക്കുന്നതാണ്‌.

101 ( നബിയേ, ) പറയുക: ആകാശങ്ങളിലും ഭൂമിയിലും എന്തൊക്കെയാണുള്ളതെന്ന്‌ നിങ്ങൾ നോക്കുവിൻ. വിശ്വസിക്കാത്ത ജനങ്ങൾക്ക്‌ ദൃഷ്ടാന്തങ്ങളും താക്കീതുകളും എന്തുഫലം ചെയ്യാനാണ്‌?

102 അപ്പോൾ അവരുടെ മുമ്പ്‌ കഴിഞ്ഞുപോയവരുടെ അനുഭവങ്ങൾ പോലുള്ളതല്ലാതെ മറ്റുവല്ലതും അവർ കാത്തിരിക്കുകയാണോ? പറയുക: എന്നാൽ നിങ്ങൾ കാത്തിരിക്കുക. തീർച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാണ്‌.

103 പിന്നീട്‌ നമ്മുടെ ദൂതൻമാരെയും വിശ്വസിച്ചവരെയും നാം രക്ഷപ്പെടുത്തുന്നു. അപ്രകാരം നമ്മുടെ മേലുള്ള ഒരു ബാധ്യത എന്ന നിലയിൽ നാം വിശ്വാസികളെ രക്ഷപ്പെടുത്തുന്നു.

104 പറയുക: ജനങ്ങളേ, എൻറെ മതത്തെ സംബന്ധിച്ച്‌ നിങ്ങൾ സംശയത്തിലാണെങ്കിൽ ( നിങ്ങൾ മനസ്സിലാക്കുക; ) അല്ലാഹുവിന്‌ പുറമെ നിങ്ങൾ ആരാധിക്കുന്നവരെ ഞാൻ ആരാധിക്കുകയില്ല. പക്ഷെ നിങ്ങളെ മരിപ്പിക്കുന്നവനായ അല്ലാഹുവെ ഞാൻ ആരാധിക്കുന്നു. സത്യവിശ്വാസികളുടെ കൂട്ടത്തിലായിരിക്കുവാനാണ്‌ ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നത്‌.

105 വക്രതയില്ലാത്തവനായിക്കൊണ്ട്‌ നിൻറെ മുഖം മതത്തിന്‌ നേരെയാക്കി നിർത്തണമെന്നും നീ ബഹുദൈവവിശ്വാസികളിൽ പെട്ടവനായിരിക്കരുതെന്നും ( ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നു. )

106 അല്ലാഹുവിന്‌ പുറമെ നിനക്ക്‌ ഉപകാരം ചെയ്യാത്തതും, നിനക്ക്‌ ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാർത്ഥിക്കരുത്‌. നീ അപ്രകാരം ചെയ്യുന്ന പക്ഷം തീർച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും.

107 നിനക്ക്‌ അല്ലാഹു വല്ല ദോഷവും ഏൽപിക്കുന്ന പക്ഷം അവനൊഴികെ അത്‌ നീക്കം ചെയ്യാൻ ഒരാളുമില്ല. അവൻ നിനക്ക്‌ വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവൻറെ അനുഗ്രഹം തട്ടിമാറ്റാൻ ഒരാളുമില്ല. തൻറെ ദാസൻമാരിൽ നിന്ന്‌ താൻ ഇച്ഛിക്കുന്നവർക്ക്‌ അത്‌ ( അനുഗ്രഹം ) അവൻ അനുഭവിപ്പിക്കുന്നു. അവൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.

108 പറയുക: ഹേ; ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സത്യം നിങ്ങൾക്ക്‌ വന്നെത്തിയിരിക്കുന്നു. അതിനാൽ ആർ നേർവഴി സ്വീകരിക്കുന്നുവോ അവൻ തൻറെ ഗുണത്തിന്‌ തന്നെയാണ്‌ നേർവഴി സ്വീകരിക്കുന്നത്‌. വല്ലവനും വഴിപിഴച്ച്‌ പോയാൽ അതിൻറെ ദോഷവും അവന്‌ തന്നെയാണ്‌. ഞാൻ നിങ്ങളുടെ മേൽ ഉത്തരവാദിത്തം ഏൽപിക്കപ്പെട്ടവനല്ല.

109 നിനക്ക്‌ സന്ദേശം നൽകപ്പെടുന്നതിനെ നീ പിന്തുടരുക. അല്ലാഹു തീർപ്പുകൽപിക്കുന്നത്‌ വരെ ക്ഷമിക്കുകയും ചെയ്യുക. തീർപ്പുകൽപിക്കുന്നവരിൽ ഉത്തമനത്രെ അവൻ.

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/യൂനുസ്&oldid=66812" എന്ന താളിൽനിന്ന് ശേഖരിച്ചത്