പരിശുദ്ധ ഖുർആൻ/അൽ വാഖിഅ
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 |
1 ആ സംഭവം സംഭവിച്ച് കഴിഞ്ഞാൽ.
2 അതിൻറെ സംഭവ്യതയെ നിഷേധിക്കുന്ന ആരും ഉണ്ടായിരിക്കുകയില്ല.
3 ( ആ സംഭവം, ചിലരെ ) താഴ്ത്തുന്നതും ( ചിലരെ ) ഉയർത്തുന്നതുമായിരിക്കും.
4 ഭൂമി കിടുകിടാ വിറപ്പിക്കപ്പെടുകയും,
5 പർവ്വതങ്ങൾ ഇടിച്ച് പൊടിയാക്കപ്പെടുകയും;
6 അങ്ങനെ അത് പാറിപ്പറക്കുന്ന ധൂളിയായിത്തീരുകയും,
7 നിങ്ങൾ മൂന്ന് തരക്കാരായിത്തീരുകയും ചെയ്യുന്ന സന്ദർഭമത്രെ അത്.
8 അപ്പോൾ ഒരു വിഭാഗം വലതുപക്ഷക്കാർ. എന്താണ് ഈ വലതുപക്ഷക്കാരുടെ അവസ്ഥ!
9 മറ്റൊരു വിഭാഗം ഇടതുപക്ഷക്കാർ. എന്താണ് ഈ ഇടതുപക്ഷക്കാരുടെ അവസ്ഥ!
10 ( സത്യവിശ്വാസത്തിലും സൽപ്രവൃത്തികളിലും ) മുന്നേറിയവർ ( പരലോകത്തും ) മുന്നോക്കക്കാർ തന്നെ.
11 അവരാകുന്നു സാമീപ്യം നൽകപ്പെട്ടവർ.
12 സുഖാനുഭൂതികളുടെ സ്വർഗത്തോപ്പുകളിൽ.
13 പൂർവ്വികൻമാരിൽ നിന്ന് ഒരു വിഭാഗവും
14 പിൽക്കാലക്കാരിൽ നിന്ന് കുറച്ചു പേരുമത്രെ ഇവർ.
15 സ്വർണനൂലുകൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ ആയിരിക്കും. അവർ.
16 അവയിൽ അവർ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും.
17 നിത്യജീവിതം നൽകപ്പെട്ട ബാലൻമാർ അവരുടെ ഇടയിൽ ചുറ്റി നടക്കും.
18 കോപ്പകളും കൂജകളും ശുദ്ധമായ ഉറവു ജലം നിറച്ച പാനപാത്രവും കൊണ്ട്.
19 അതു ( കുടിക്കുക ) മൂലം അവർക്ക് തലവേദനയുണ്ടാവുകയോ, ലഹരി ബാധിക്കുകയോ ഇല്ല.
20 അവർ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന തരത്തിൽ പെട്ട പഴവർഗങ്ങളും.
21 അവർ കൊതിക്കുന്ന തരത്തിൽ പെട്ട പക്ഷിമാംസവും കൊണ്ട് (അവർ ചുറ്റി നടക്കും.)
22 വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും. (അവർക്കുണ്ട്.)
23 ( ചിപ്പികളിൽ ) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവർ,
24 അവർ പ്രവർത്തിച്ച് കൊണ്ടിരുന്നതിനുള്ള പ്രതിഫലമായികൊണ്ടാണ് ( അതെല്ലാം നൽകപ്പെടുന്നത് )
25 അനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവർ അവിടെ വെച്ച് കേൾക്കുകയില്ല.
26 സമാധാനം! സമാധാനം! എന്നുള്ള വാക്കല്ലാതെ.
27 വലതുപക്ഷക്കാർ! എന്താണീ വലതുപക്ഷക്കാരുടെ അവസ്ഥ!
28 മുള്ളിലാത്ത ഇലന്തമരം,
29 അടുക്കടുക്കായി കുലകളുള്ള വാഴ,
30 വിശാലമായ തണൽ,
31 സദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളം,
32 ധാരാളം പഴവർഗങ്ങൾ,
33 നിലച്ചു പോവാത്തതും തടസ്സപ്പെട്ടുപോവാത്തതുമായ
34 ഉയർന്നമെത്തകൾ എന്നീ സുഖാനുഭവങ്ങളിലായിരിക്കും അവർ.
35 തീർച്ചയായും അവരെ ( സ്വർഗസ്ത്രീകളെ ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്.
36 അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു.
37 സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു.
38 വലതുപക്ഷക്കാർക്ക് വേണ്ടിയത്രെ അത്.
39 പൂർവ്വികൻമാരിൽ നിന്ന് ഒരു വിഭാഗവും
40 പിൻഗാമികളിൽ നിന്ന് ഒരു വിഭാഗവും ആയിരിക്കും അവർ.
41 ഇടതുപക്ഷക്കാർ, എന്താണീ ഇടതുപക്ഷക്കാരുടെ അവസ്ഥ!
42 തുളച്ചു കയറുന്ന ഉഷ്ണകാറ്റ്, ചുട്ടുതിളക്കുന്ന വെള്ളം,
43 കരിമ്പുകയുടെ തണൽ
44 തണുപ്പുള്ളതോ, സുഖദായകമോ അല്ലാത്ത ( എന്നീ ദുരിതങ്ങളിലായിരിക്കും അവർ. )
45 എന്തുകൊണ്ടെന്നാൽ തീർച്ചയായും അവർ അതിനു മുമ്പ് സുഖലോലുപൻമാരായിരുന്നു.
46 അവർ ഗുരുതരമായ പാപത്തിൽ ശഠിച്ചുനിൽക്കുന്നവരുമായിരുന്നു.
47 അവർ ഇപ്രകാരം പറയുകയും ചെയ്തിരുന്നു: ഞങ്ങൾ മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞിട്ടാണോ ഞങ്ങൾ ഉയിർത്തെഴുന്നേൽപിക്കപ്പെടാൻ പോകുന്നത്?
48 ഞങ്ങളുടെ പൂർവ്വികരായ പിതാക്കളും ( ഉയിർത്തെഴുന്നേൽപിക്കപ്പെടുമെന്നോ? )
49 നീ പറയുക: തീർച്ചയായും പൂർവ്വികരും പിൽക്കാലക്കാരും എല്ലാം-
50 ഒരു നിശ്ചിത ദിവസത്തെ കൃത്യമായ ഒരു അവധിക്ക് ഒരുമിച്ചുകൂട്ടപ്പെടുന്നവർ തന്നെയാകുന്നു.
51 എന്നിട്ട്, ഹേ; സത്യനിഷേധികളായ ദുർമാർഗികളേ,
52 തീർച്ചയായും നിങ്ങൾ ഒരു വൃക്ഷത്തിൽ നിന്ന് അതായത് സഖ്ഖൂമിൽ നിന്ന് ഭക്ഷിക്കുന്നവരാകുന്നു.
53 അങ്ങനെ അതിൽ നിന്ന് വയറുകൾ നിറക്കുന്നവരും,
54 അതിൻറെ മീതെ തിളച്ചുപൊള്ളുന്ന വെള്ളത്തിൽ നിന്ന് കുടിക്കുന്നവരുമാകുന്നു.
55 അങ്ങനെ ദാഹിച്ചു വലഞ്ഞ ഒട്ടകം കുടിക്കുന്നപോലെ കുടിക്കുന്നവരാകുന്നു.
56 ഇതായിരിക്കും പ്രതിഫലത്തിൻറെ നാളിൽ അവർക്കുള്ള സൽക്കാരം.
57 നാമാണ് നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. എന്നിരിക്കെ നിങ്ങളെന്താണ് ( എൻറെ സന്ദേശങ്ങളെ ) സത്യമായി അംഗീകരിക്കാത്തത്?
58 അപ്പോൾ നിങ്ങൾ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
59 നിങ്ങളാണോ അത് സൃഷ്ടിച്ചുണ്ടാക്കുന്നത്. അതല്ല, നാമാണോ സൃഷ്ടികർത്താവ്?
60 നാം നിങ്ങൾക്കിടയിൽ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോൽപിക്കപ്പെടുന്നവനല്ല.
61 ( നിങ്ങൾക്കു ) പകരം നിങ്ങളെ പോലുള്ളവരെ കൊണ്ടുവരികയും. നിങ്ങൾക്ക് അറിവില്ലാത്ത വിധത്തിൽ നിങ്ങളെ ( വീണ്ടും ) സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്ന കാര്യത്തിൽ
62 ആദ്യതവണ സൃഷ്ടിക്കപ്പെട്ടതിനെപ്പറ്റി തീർച്ചയായും നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. എന്നിട്ടും നിങ്ങൾ എന്തുകൊണ്ട് ആലോചിച്ചു നോക്കുന്നില്ല.
63 എന്നാൽ നിങ്ങൾ കൃഷി ചെയ്യുന്നതിനെ പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
64 നിങ്ങളാണോ അത് മുളപ്പിച്ചു വളർത്തുന്നത്. അതല്ല നാമാണോ, അത് മുളപ്പിച്ച് വളർത്തുന്നവൻ?
65 നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അത് ( വിള ) നാം തുരുമ്പാക്കിത്തീർക്കുമായിരുന്നു. അപ്പോൾ നിങ്ങൾ അതിശയപ്പെട്ടു പറഞ്ഞുകൊണേ്ടയിരിക്കുമായിരന്നു;
66 തീർച്ചയായും ഞങ്ങൾ കടബാധിതർ തന്നെയാകുന്നു.
67 അല്ല, ഞങ്ങൾ ( ഉപജീവന മാർഗം ) തടയപ്പെട്ടവരാകുന്നു എന്ന്.
68 ഇനി, നിങ്ങൾ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
69 നിങ്ങളാണോ അത് മേഘത്തിൻ നിന്ന് ഇറക്കിയത്? അതല്ല, നാമാണോ ഇറക്കിയവൻ?.
70 നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങൾ നന്ദികാണിക്കാത്തതെന്താണ്?
71 നിങ്ങൾ ഉരസികത്തിക്കുന്നതായ തീയിനെ പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
72 നിങ്ങളാണോ അതിൻറെ മരം സൃഷ്ടിച്ചുണ്ടാക്കിയത്? അതല്ല നാമാണോ സൃഷ്ടിച്ചുണ്ടാക്കിയവൻ?
73 നാം അതിനെ ഒരു ചിന്താവിഷയമാക്കിയിരിക്കുന്നു. ദരിദ്രരായ സഞ്ചാരികൾക്ക് ഒരു ജീവിതസൗകര്യവും.
74 ആകയാൽ നിൻറെ മഹാനായ രക്ഷിതാവിൻറെ നാമത്തെ നീ പ്രകീർത്തിക്കുക.
75 അല്ല, നക്ഷത്രങ്ങളുടെ അസ്തമന സ്ഥാനങ്ങളെകൊണ്ട് ഞാൻ സത്യം ചെയ്തു പറയുന്നു.
76 തീർച്ചയായും, നിങ്ങൾക്കറിയാമെങ്കിൽ, അതൊരു വമ്പിച്ച സത്യം തന്നെയാണ്.
77 തീർച്ചയായും ഇത് ആദരണീയമായ ഒരു ഖുർആൻ തന്നെയാകുന്നു.
78 ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്.
79 പരിശുദ്ധി നൽകപ്പെട്ടവരല്ലാതെ അത് സ്പർശിക്കുകയില്ല.
80 ലോകരക്ഷിതാവിങ്കൽ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്.
81 അപ്പോൾ ഈ വർത്തമാനത്തിൻറെ കാര്യത്തിലാണോ നിങ്ങൾ പുറംപൂച്ച് കാണിക്കുന്നത്?
82 സത്യത്തെ നിഷേധിക്കുക എന്നത് നിങ്ങൾ നിങ്ങളുടെ വിഹിതമാക്കുകയാണോ?
83 എന്നാൽ അത് ( ജീവൻ ) തൊണ്ടക്കുഴിയിൽ എത്തുമ്പോൾ എന്തുകൊണ്ടാണ് ( നിങ്ങൾക്കത് പിടിച്ചു നിർത്താനാകാത്തത്? )
84 നിങ്ങൾ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ.
85 നാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവൻ. പക്ഷെ നിങ്ങൾ കണ്ടറിയുന്നില്ല.
86 അപ്പോൾ നിങ്ങൾ ( ദൈവിക നിയമത്തിന് ) വിധേയരല്ലാത്തവരാണെങ്കിൽ
87 നിങ്ങൾക്കെന്തുകൊണ്ട് അത് ( ജീവൻ ) മടക്കി എടുക്കാനാവുന്നില്ല; നിങ്ങൾ സത്യവാദികളാണെങ്കിൽ.
88 അപ്പോൾ അവൻ ( മരിച്ചവൻ ) സാമീപ്യം സിദ്ധിച്ചവരിൽ പെട്ടവനാണെങ്കിൽ-
89 ( അവന്ന് ) ആശ്വാസവും വിശിഷ്ടമായ ഉപജീവനവും സുഖാനുഭൂതിയുടെ സ്വർഗത്തോപ്പും ഉണ്ടായിരിക്കും.
90 എന്നാൽ അവൻ വലതുപക്ഷക്കാരിൽ പെട്ടവനാണെങ്കിലോ,
91 വലതുപക്ഷക്കാരിൽപെട്ട നിനക്ക് സമാധാനം എന്നായിരിക്കും (അവന്നു ലഭിക്കുന്ന അഭിവാദ്യം)
92 ഇനി അവൻ ദുർമാർഗികളായ സത്യനിഷേധികളിൽ പെട്ടവനാണെങ്കിലോ,
93 ചുട്ടുതിളക്കുന്ന വെള്ളം കൊണ്ടുള്ള സൽക്കാരവും
94 നരകത്തിൽ വെച്ചുള്ള ചുട്ടെരിക്കലുമാണ്. ( അവന്നുള്ളത്. )
95 തീർച്ചയായും ഇതു തന്നെയാണ് ഉറപ്പുള്ള യാഥാർത്ഥ്യം.
96 ആകയാൽ നീ നിൻറെ മഹാനായ രക്ഷിതാവിൻറെ നാമം പ്രകീർത്തിക്കുക.