പരിശുദ്ധ ഖുർആൻ/യൂസുഫ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്


1 അലിഫ്‌-ലാം-റാ. സ്പഷ്ടമായ വേദഗ്രന്ഥത്തിലെ വചനങ്ങളാകുന്നു അവ.

2 നിങ്ങൾ ഗ്രഹിക്കുന്നതിന്‌ വേണ്ടി അത്‌ അറബിഭാഷയിൽ വായിക്കപ്പെടുന്ന ഒരു പ്രമാണമായി അവതരിപ്പിച്ചിരിക്കുന്നു.

3 നിനക്ക്‌ ഈ ഖുർആൻ ബോധനം നൽകിയത്‌ വഴി ഏറ്റവും നല്ല ചരിത്രവിവരണമാണ്‌ നാം നിനക്ക്‌ നൽകിക്കൊണ്ടിരിക്കുന്നത്‌. തീർച്ചയായും ഇതിനുമുമ്പ്‌ നീ അതിനെപ്പറ്റി ബോധമില്ലാത്തവനായിരുന്നു.

4 യൂസുഫ്‌ തൻറെ പിതാവിനോട്‌ പറഞ്ഞ സന്ദർഭം: എൻറെ പിതാവേ, പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക്‌ സാഷ്ടാംഗം ചെയ്യുന്നതായി ഞാൻ സ്വപ്നം കണ്ടിരിക്കുന്നു.

5 അദ്ദേഹം ( പിതാവ്‌ ) പറഞ്ഞു: എൻറെ കുഞ്ഞുമകനേ, നിൻറെ സ്വപ്നം നീ നിൻറെ സഹോദരൻമാർക്ക്‌ വിവരിച്ചുകൊടുക്കരുത്‌. അവർ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീർച്ചയായും പിശാച്‌ മനുഷ്യൻറെ പ്രത്യക്ഷ ശത്രുവാകുന്നു.

6 അപ്രകാരം നിൻറെ രക്ഷിതാവ്‌ നിന്നെ തെരഞ്ഞെടുക്കുകയും, സ്വപ്നവാർത്തകളുടെ വ്യാഖ്യാനത്തിൽ നിന്ന്‌ നിനക്കവൻ പഠിപ്പിച്ചുതരികയും, നിൻറെ മേലും യഅ്ഖൂബ്‌ കുടുംബത്തിൻറെ മേലും അവൻറെ അനുഗ്രഹങ്ങൾ അവൻ നിറവേറ്റുകയും ചെയ്യുന്നതാണ്‌. മുമ്പ്‌ നിൻറെ രണ്ട്‌ പിതാക്കളായ ഇബ്രാഹീമിൻറെയും ഇഷാഖിൻറെയും കാര്യത്തിൽ അതവൻ നിറവേറ്റിയത്‌ പോലെത്തന്നെ. തീർച്ചയായും നിൻറെ രക്ഷിതാവ്‌ സർവ്വജ്ഞനും യുക്തിമാനുമാകുന്നു.

7 തീർച്ചയായും യൂസുഫിലും അദ്ദേഹത്തിൻറെ സഹോദരൻമാരിലും ചോദിച്ച്‌ മനസ്സിലാക്കുന്നവർക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

8 യൂസുഫും അവൻറെ സഹോദരനുമാണ്‌ നമ്മുടെ പിതാവിന്‌ നമ്മളെക്കാൾ ഇഷ്ടപ്പെട്ടവർ. നമ്മളാകട്ടെ ഒരു ( പ്രബലമായ ) സംഘമാണ്‌ താനും. തീർച്ചയായും നമ്മുടെ പിതാവ്‌ വ്യക്തമായ വഴിപിഴവിൽ തന്നെയാണ്‌.

9 നിങ്ങൾ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കിൽ വല്ല ഭൂപ്രദേശത്തും അവനെ ( കൊണ്ടുപോയി ) ഇട്ടേക്കുക. എങ്കിൽ നിങ്ങളുടെ പിതാവിൻറെ മുഖം നിങ്ങൾക്ക്‌ ഒഴിഞ്ഞ്‌ കിട്ടും. അതിന്‌ ശേഷം നിങ്ങൾക്ക്‌ നല്ല ആളുകളായികഴിയുകയും ചെയ്യാം. എന്ന്‌ അവർ പറഞ്ഞ സന്ദർഭം ( ശ്രദ്ധേയമത്രെ. )

10 അവരിൽ നിന്ന്‌ ഒരു വക്താവ്‌ പറഞ്ഞു: യൂസുഫിനെ നിങ്ങൾ കൊല്ലരുത്‌. നിങ്ങൾക്ക്‌ വല്ലതും ചെയ്യണമെന്നുണ്ടെങ്കിൽ അവനെ നിങ്ങൾ ( ഒരു ) കിണറ്റിൻറെ അടിയിലേക്ക്‌ ഇട്ടേക്കുക. ഏതെങ്കിലും യാത്രാസംഘം അവനെ കണ്ടെടുത്ത്‌ കൊള്ളും.

11 ( തുടർന്ന്‌ പിതാവിൻറെ അടുത്ത്‌ ചെന്ന്‌ ) അവർ പറഞ്ഞു: ഞങ്ങളുടെ പിതാവേ: താങ്കൾക്കെന്തുപറ്റി? യൂസുഫിൻറെ കാര്യത്തിൽ താങ്കൾ ഞങ്ങളെ വിശ്വസിക്കുന്നില്ല! ഞങ്ങളാകട്ടെ തീർച്ചയായും അവൻറെ ഗുണകാംക്ഷികളാണ്‌ താനും.

12 നാളെ അവനെ ഞങ്ങളോടൊപ്പം അയച്ചുതരിക. അവൻ ഉല്ലസിച്ച്‌ നടന്നുകളിക്കട്ടെ. തീർച്ചയായും ഞങ്ങൾ അവനെ കാത്തുരക്ഷിച്ച്‌ കൊള്ളാം.

13 അദ്ദേഹം പറഞ്ഞു: നിങ്ങൾ അവനെ കൊണ്ടുപോകുക എന്നത്‌ തീർച്ചയായും എനിക്ക്‌ സങ്കടമുണ്ടാക്കുന്നതാണ്‌. നിങ്ങൾ അവനെപ്പറ്റി അശ്രദ്ധരായിരിക്കെ അവനെ ചെന്നായ തിന്നേക്കുമെന്ന്‌ ഞാൻ ഭയപ്പെടുന്നു.

14 അവർ പറഞ്ഞു: ഞങ്ങൾ ഒരു ( പ്രബലമായ ) സംഘമുണ്ടായിട്ടും അവനെ ചെന്നായ തിന്നുകയാണെങ്കിൽ തീർച്ചയായും ഞങ്ങൾ മഹാനഷ്ടക്കാർ തന്നെയായിരിക്കും.

15 അങ്ങനെ അവർ അവനെ ( യൂസുഫിനെ ) യും കൊണ്ടുപോകുകയും, അവനെ കിണറ്റിൻറെ അടിയിലേക്ക്‌ ഇടുവാൻ അവർ ഒന്നിച്ച്‌ തീരുമാനിക്കുകയും ചെയ്തപ്പോൾ ( അവർ ആ കടും കൈ പ്രവർത്തിക്കുക തന്നെ ചെയ്തു. ) തീർച്ചയായും നീ അവർക്ക്‌ അവരുടെ ഈ ചെയ്തിയെപ്പറ്റി ( ഒരിക്കൽ ) വിവരിച്ചുകൊടുക്കുമെന്ന്‌ അവന്ന്‌ ( യൂസുഫിന്‌ ) നാം ബോധനം നൽകുകയും ചെയ്തു. ( അന്ന്‌ ) അവർ അതിനെപറ്റി ബോധവാൻമാരായിരിക്കുകയില്ല.

16 അവർ സന്ധ്യാസമയത്ത്‌ അവരുടെ പിതാവിൻറെ അടുക്കൽ കരഞ്ഞുകൊണ്ട്‌ ചെന്നു.

17 അവർ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങൾ മത്സരിച്ച്‌ ഓടിപ്പോകുകയും, യൂസുഫിനെ ഞങ്ങളുടെ സാധനങ്ങളുടെ അടുത്ത്‌ വിട്ടുപോകുകയും ചെയ്തു. അപ്പോൾ അവനെ ചെന്നായ തിന്നുകളഞ്ഞു. ഞങ്ങൾ സത്യം പറയുന്നവരാണെങ്കിൽപോലും താങ്കൾ വിശ്വസിക്കുകയില്ലല്ലോ.

18 യൂസുഫിൻറെ കുപ്പായത്തിൽ കള്ളച്ചോരയുമായാണ്‌ അവർ വന്നത്‌. പിതാവ്‌ പറഞ്ഞു: അങ്ങനെയല്ല, നിങ്ങളുടെ മനസ്സ്‌ നിങ്ങൾക്ക്‌ ഒരു കാര്യം ഭംഗിയായി തോന്നിച്ചിരിക്കുകയാണ്‌. അതിനാൽ നല്ല ക്ഷമ കൈക്കൊള്ളുക തന്നെ. നിങ്ങളീ പറഞ്ഞുണ്ടാക്കുന്ന കാര്യത്തിൽ ( എനിക്ക്‌ ) സഹായം തേടാനുള്ളത്‌ അല്ലാഹുവോടത്രെ.

19 ഒരു യാത്രാസംഘം വന്നു. അവർ അവർക്ക്‌ വെള്ളം കൊണ്ട്‌ വരുന്ന ജോലിക്കാരനെ അയച്ചു. അവൻ തന്നെ തൊട്ടിയിറക്കി. അവൻ പറഞ്ഞു: ഹാ, സന്തോഷം! ഇതാ ഒരു ബാലൻ! അവർ ബാലനെ ഒരു കച്ചവടച്ചരക്കായി ഒളിച്ചുവെച്ചു. അവർ പ്രവർത്തിച്ചിരുന്നതിനെ പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.

20 അവർ അവനെ തുച്ഛമായ ഒരു വിലയ്ക്ക്‌- ഏതാനും വെള്ളിക്കാശിന്‌ - വിൽക്കുകയും ചെയ്തു. അവർ അവൻറെ കാര്യത്തിൽ താൽപര്യമില്ലാത്തവരുടെ കൂട്ടത്തിലായിരുന്നു.

21 ഈജിപ്തിൽ നിന്ന്‌ അവനെ ( യൂസുഫിനെ ) വിലക്കെടുത്ത ആൾ തൻറെ ഭാര്യയോട്‌ പറഞ്ഞു: ഇവന്ന്‌ മാന്യമായ താമസസൗകര്യം നൽകുക. അവൻ നമുക്ക്‌ പ്രയോജനപ്പെട്ടേക്കാം. അല്ലെങ്കിൽ നമുക്കവനെ മകനായി സ്വീകരിക്കാം. അപ്രകാരം യൂസുഫിന്‌ നാം ആ ഭൂപ്രദേശത്ത്‌ സൗകര്യമുണ്ടാക്കികൊടുത്തു. സ്വപ്നവാർത്തകളുടെ വ്യാഖ്യാനത്തിൽ നിന്ന്‌ അദ്ദേഹത്തിന്‌ നാം അറിയിച്ച്‌ കൊടുക്കാൻ വേണ്ടിയും കൂടിയാണത്‌. അല്ലാഹു തൻറെ കാര്യം ജയിച്ചടക്കുന്നവനത്രെ. പക്ഷെ മനുഷ്യരിൽ അധികപേരും അത്‌ മനസ്സിലാക്കുന്നില്ല.

22 അങ്ങനെ അദ്ദേഹം പൂർണ്ണവളർച്ചയെത്തിയപ്പോൾ അദ്ദേഹത്തിന്‌ നാം യുക്തിബോധവും അറിവും നൽകി. സുകൃതം ചെയ്യുന്നവർക്ക്‌ അപ്രകാരം നാം പ്രതിഫലം നൽകുന്നു.

23 അവൻ ( യൂസുഫ്‌ ) ഏതൊരുവളുടെ വീട്ടിലാണോ അവൾ അവനെ വശീകരിക്കുവാൻ ശ്രമം നടത്തി. വാതിലുകൾ അടച്ച്‌ പൂട്ടിയിട്ട്‌ അവൾ പറഞ്ഞു: ഇങ്ങോട്ട്‌ വാ. അവൻ പറഞ്ഞു. അല്ലാഹുവിൽ ശരണം! നിശ്ചയമായും അവനാണ്‌ എൻറെ രക്ഷിതാവ്‌. അവൻ എൻറെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു. തീർച്ചയായും അക്രമം പ്രവർത്തിക്കുന്നവർ വിജയിക്കുകയില്ല.

24 അവൾക്ക്‌ അവനിൽ ആഗ്രഹം ജനിച്ചു. തൻറെ രക്ഷിതാവിൻറെ പ്രമാണം കണ്ടറിഞ്ഞില്ലായിരുന്നെങ്കിൽ അവന്ന്‌ അവളിലും ആഗ്രഹം ജനിച്ചേനെ. അപ്രകാരം ( സംഭവിച്ചത്‌ ) തിൻമയും നീചവൃത്തിയും അവനിൽ നിന്ന്‌ നാം തിരിച്ചുവിടുന്നതിന്‌ വേണ്ടിയത്രെ. തീർച്ചയായും അവൻ നമ്മുടെ നിഷ്കളങ്കരായ ദാസൻമാരിൽ പെട്ടവനാകുന്നു.

25 അവർ രണ്ടുപേരും വാതിൽക്കലേക്ക്‌ മത്സരിച്ചോടി. അവൾ പിന്നിൽ നിന്ന്‌ അവൻറെ കുപ്പായം ( പിടിച്ചു. അത്‌ ) കീറി. അവർ ഇരുവരും വാതിൽക്കൽ വെച്ച്‌ അവളുടെ നാഥനെ ( ഭർത്താവിനെ ) കണ്ടുമുട്ടി. അവൾ പറഞ്ഞു: താങ്കളുടെ ഭാര്യയുടെ കാര്യത്തിൽ ദുരുദ്ദേശം പുലർത്തിയവനുള്ള പ്രതിഫലം അവൻ തടവിലാക്കപ്പെടുക എന്നതോ, വേദനയേറിയ മറ്റെന്തെങ്കിലും ശിക്ഷയോ തന്നെ ആയിരിക്കണം.

26 യൂസുഫ്‌ പറഞ്ഞു: അവളാണ്‌ എന്നെ വശീകരിക്കുവാൻ ശ്രമം നടത്തിയത്‌. അവളുടെ കുടുംബത്തിൽ പെട്ട ഒരു സാക്ഷി ഇപ്രകാരം സാക്ഷ്യപ്പെടുത്തി: അവൻറെ കുപ്പായം മുന്നിൽ നിന്നാണ്‌ കീറിയിട്ടുള്ളതെങ്കിൽ അവൾ സത്യമാണ്‌ പറഞ്ഞത്‌. അവനാകട്ടെ കളവ്‌ പറയുന്നവരുടെ കൂട്ടത്തിലാണ്‌.

27 എന്നാൽ അവൻറെ കുപ്പായം പിന്നിൽ നിന്നാണ്‌ കീറിയിട്ടുള്ളതെങ്കിൽ അവൾ കളവാണ്‌ പറഞ്ഞത്‌. അവനാകട്ടെ സത്യം പറഞ്ഞവരുടെ കൂട്ടത്തിലാണ്‌.

28 അങ്ങനെ അവൻറെ ( യൂസുഫിൻറെ ) കുപ്പായം പിന്നിൽ നിന്നാണ്‌ കീറിയിട്ടുള്ളത്‌ എന്ന്‌ കണ്ടപ്പോൾ അയാൾ ( ഗൃഹനാഥൻ-തൻറെ ഭാര്യയോട്‌ ) പറഞ്ഞു: തീർച്ചയായും ഇത്‌ നിങ്ങളുടെ ( സ്ത്രീകളുടെ ) തന്ത്രത്തിൽ പെട്ടതാണ്‌. നിങ്ങളുടെ തന്ത്രം ഭയങ്കരം തന്നെ.

29 യൂസുഫേ നീ ഇത്‌ അവഗണിച്ചേക്കുക. ( പെണ്ണേ, ) നീ നിൻറെ പാപത്തിന്‌ മാപ്പുതേടുക. തീർച്ചയായും നീ പിഴച്ചവരുടെ കൂട്ടത്തിലാകുന്നു.

30 നഗരത്തിലെ ചില സ്ത്രീകൾ പറഞ്ഞു: പ്രഭുവിൻറെ ഭാര്യ തൻറെ വേലക്കാരനെ വശീകരിക്കാൻ ശ്രമിക്കുന്നു. അവൾ അവനോട്‌ പ്രേമബദ്ധയായിക്കഴിഞ്ഞിരിക്കുന്നു. തീർച്ചയായും അവൾ വ്യക്തമായ പിഴവിൽ അകപ്പെട്ടതായി ഞങ്ങൾ കാണുന്നു.

31 അങ്ങനെ ആ സ്ത്രീകളുടെ കുസൃതിയെപ്പറ്റി അവൾ കേട്ടറിഞ്ഞപ്പോൾ അവരുടെ അടുത്തേക്ക്‌ അവൾ ആളെ അയക്കുകയും അവർക്ക്‌ ചാരിയിരിക്കാവുന്ന ഇരിപ്പിടങ്ങളൊരുക്കുകയും ചെയ്തു. അവരിൽ ഓരോരുത്തർക്കും ( പഴങ്ങൾ മുറിക്കാൻ ) അവൾ ഓരോ കത്തി കൊടുത്തു. ( യൂസുഫിനോട്‌ ) അവൾ പറഞ്ഞു: നീ അവരുടെ മുമ്പിലേക്ക്‌ പുറപ്പെടുക. അങ്ങനെ അവനെ അവർ കണ്ടപ്പോൾ അവർക്ക്‌ അവനെപ്പറ്റി വിസ്മയം തോന്നുകയും, അവരുടെ സ്വന്തം കൈകൾ അവർ തന്നെ അറുത്ത്‌ പോകുകയും ചെയ്തു. അവർ പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധൻ! ഇതൊരു മനുഷ്യനല്ല. ആദരണീയനായ ഒരു മലക്ക്‌ തന്നെയാണ്‌.

32 അവൾ പറഞ്ഞു: എന്നാൽ ഏതൊരുവൻറെ കാര്യത്തിൽ നിങ്ങളെന്നെ ആക്ഷേപിച്ചുവോ അവനാണിത്‌. തീർച്ചയായും ഞാൻ അവനെ വശീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്‌. അപ്പോൾ അവൻ ( സ്വയം കളങ്കപ്പെടുത്താതെ ) കാത്തുസൂക്ഷിക്കുകയാണ്‌ ചെയ്തത്‌. ഞാനവനോട്‌ കൽപിക്കുന്ന പ്രകാരം അവൻ ചെയ്തില്ലെങ്കിൽ തീർച്ചയായും അവൻ തടവിലാക്കപ്പെടുകയും, നിന്ദ്യരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.

33 അവൻ ( യൂസുഫ്‌ ) പറഞ്ഞു: എൻറെ രക്ഷിതാവേ, ഇവർ എന്നെ ഏതൊന്നിലേക്ക്‌ ക്ഷണിക്കുന്നുവോ അതിനെക്കാളും എനിക്ക്‌ കൂടുതൽ പ്രിയപ്പെട്ടത്‌ ജയിലാകുന്നു. ഇവരുടെ കുതന്ത്രം എന്നെ വിട്ട്‌ നീ തിരിച്ചുകളയാത്ത പക്ഷം ഞാൻ അവരിലേക്ക്‌ ചാഞ്ഞുപോയേക്കും. അങ്ങനെ ഞാൻ അവിവേകികളുടെ കൂട്ടത്തിൽ ആയിപോകുകയും ചെയ്യും.

34 അപ്പോൾ അവൻറെ പ്രാർത്ഥന തൻറെ രക്ഷിതാവ്‌ സ്വീകരിക്കുകയും അവരുടെ കുതന്ത്രം അവനിൽ നിന്ന്‌ അവൻ തട്ടിത്തിരിച്ചുകളയുകയും ചെയ്തു. തീർച്ചയായും അവൻ എല്ലാം കേൾക്കുന്നവനും കാണുന്നവനുമത്രെ.

35 പിന്നീട്‌ തെളിവുകൾ കണ്ടറിഞ്ഞതിന്‌ ശേഷവും അവർക്ക്‌ തോന്നി; അവനെ ഒരു അവധിവരെ തടവിലാക്കുക തന്നെ വേണമെന്ന്‌.

36 അവനോടൊപ്പം രണ്ട്‌ യുവാക്കളും ജയിലിൽ പ്രവേശിച്ചു. അവരിൽ ഒരാൾ പറഞ്ഞു: ഞാൻ വീഞ്ഞ്‌ പിഴിഞ്ഞെടുക്കുന്നതായി സ്വപ്നം കാണുന്നു. മറ്റൊരാൾ പറഞ്ഞു: ഞാൻ എൻറെ തലയിൽ റൊട്ടി ചുമക്കുകയും, എന്നിട്ട്‌ അതിൽ നിന്ന്‌ പറവകൾ തിന്നുകയും ചെയ്യുന്നതായി ഞാൻ സ്വപ്നം കാണുന്നു. ഞങ്ങൾക്ക്‌ താങ്കൾ അതിൻറെ വ്യാഖ്യാനം വിവരിച്ചുതരൂ. തീർച്ചയായും ഞങ്ങൾ താങ്കളെ കാണുന്നത്‌ സദ്‌വൃത്തരിൽ ഒരാളായിട്ടാണ്‌.

37 അവൻ ( യൂസുഫ്‌ ) പറഞ്ഞു: നിങ്ങൾക്ക്‌ ( കൊണ്ടുവന്ന്‌ ) നൽകപ്പെടാറുള്ള ഭക്ഷണം നിങ്ങൾക്ക്‌ വന്നെത്തുന്നതിൻറെ മുമ്പായി അതിൻറെ വ്യാഖ്യാനം ഞാൻ നിങ്ങൾക്ക്‌ വിവരിച്ചുതരാതിരിക്കുകയില്ല. എൻറെ രക്ഷിതാവ്‌ എനിക്ക്‌ പഠിപ്പിച്ചുതന്നതിൽ പെട്ടതത്രെ അത്‌. അല്ലാഹുവിൽ വിശ്വസിക്കാത്തവരും പരലോകത്തെ നിഷേധിക്കുന്നവരുമായിട്ടുള്ളവരുടെ മാർഗം തീർച്ചയായും ഞാൻ ഉപേക്ഷിച്ചിരിക്കുന്നു.

38 എൻറെ പിതാക്കളായ ഇബ്രാഹീം, ഇഷാഖ്‌, യഅ്ഖൂബ്‌ എന്നിവരുടെ മാർഗം ഞാൻ പിന്തുടർന്നിരിക്കുന്നു. അല്ലാഹുവിനോട്‌ യാതൊന്നിനെയും പങ്കുചേർക്കുവാൻ ഞങ്ങൾക്ക്‌ പാടുള്ളതല്ല. ഞങ്ങൾക്കും മനുഷ്യർക്കും അല്ലാഹു നൽകിയ അനുഗ്രഹത്തിൽ പെട്ടതത്രെ അത്‌ ( സൻമാർഗദർശനം. ) പക്ഷെ മനുഷ്യരിൽ അധികപേരും നന്ദികാണിക്കുന്നില്ല.

39 ജയിലിലെ രണ്ട്‌ സുഹൃത്തുക്കളേ, വ്യത്യസ്ത രക്ഷാധികാരികളാണോ ഉത്തമം; അതല്ല, ഏകനും സർവ്വാധികാരിയുമായ അല്ലാഹുവാണോ?

40 അവന്നുപുറമെ നിങ്ങൾ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല. വിധികർത്തൃത്വം അല്ലാഹുവിന്‌ മാത്രമാകുന്നു. അവനെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്ന്‌ അവൻ കൽപിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതം അതത്രെ. പക്ഷെ മനുഷ്യരിൽ അധികപേരും മനസ്സിലാക്കുന്നില്ല.

41 ജയിലിലെ രണ്ട്‌ സുഹൃത്തുക്കളേ, എന്നാൽ നിങ്ങളിലൊരുവൻ തൻറെ യജമാനന്ന്‌ വീഞ്ഞ്‌ കുടിപ്പിച്ച്‌ കൊണ്ടിരിക്കും. എന്നാൽ മറ്റേ ആൾ ക്രൂശിക്കപ്പെടും. എന്നിട്ട്‌ അയാളുടെ തലയിൽ നിന്ന്‌ പറവകൾ കൊത്തിത്തിന്നും. ഏതൊരു കാര്യത്തെപ്പറ്റി നിങ്ങൾ ഇരുവരും വിധി ആരായുന്നുവോ ആ കാര്യം തീരുമാനിക്കപ്പെട്ട്‌ കഴിഞ്ഞിരിക്കുന്നു.

42 അവർ രണ്ട്‌ പേരിൽ നിന്ന്‌ രക്ഷപ്പെടുന്നവനാണ്‌ എന്ന്‌ വിചാരിച്ച ആളോട്‌ അദ്ദേഹം ( യൂസുഫ്‌ ) പറഞ്ഞു: നിൻറെ യജമാനൻറെ അടുക്കൽ നീ എന്നെ പറ്റി പ്രസ്താവിക്കുക. എന്നാൽ തൻറെ യജമാനനോട്‌ അത്‌ പ്രസ്താവിക്കുന്ന കാര്യം പിശാച്‌ അവനെ മറപ്പിച്ച്‌ കളഞ്ഞു. അങ്ങനെ ഏതാനും കൊല്ലങ്ങൾ അദ്ദേഹം ( യൂസുഫ്‌ ) ജയിലിൽ താമസിച്ചു.

43 ( ഒരിക്കൽ ) രാജാവ്‌ പറഞ്ഞു: തടിച്ചുകൊഴുത്ത ഏഴ്‌ പശുക്കളെ ഏഴ്‌ മെലിഞ്ഞ പശുക്കൾ തിന്നുന്നതായി ഞാൻ സ്വപ്നം കാണുന്നു. ഏഴ്‌ പച്ചക്കതിരുകളും, ഏഴ്‌ ഉണങ്ങിയ കതിരുകളും ഞാൻ കാണുന്നു. ഹേ, പ്രധാനികളേ, നിങ്ങൾ സ്വപ്നത്തിന്‌ വ്യാഖ്യാനം നൽകുന്നവരാണെങ്കിൽ എൻറെ ഈ സ്വപ്നത്തിൻറെ കാര്യത്തിൽ നിങ്ങളെനിക്ക്‌ വിധി പറഞ്ഞുതരൂ.

44 അവർ പറഞ്ഞു: പലതരം പേക്കിനാവുകൾ! ഞങ്ങൾ അത്തരം പേക്കിനാവുകളുടെ വ്യാഖ്യാനത്തെപ്പറ്റി അറിവുള്ളവരല്ല.

45 ആ രണ്ട്‌ പേരിൽ ( യൂസുഫിൻറെ രണ്ട്‌ ജയിൽ സുഹൃത്തുക്കളിൽ ) നിന്ന്‌ രക്ഷപ്പെട്ടവൻ ഒരു നീണ്ടകാലയളവിന്‌ ശേഷം ( യൂസുഫിൻറെ കാര്യം ) ഓർമിച്ച്‌ കൊണ്ട്‌ പറഞ്ഞു: അതിൻറെ വ്യാഖ്യാനത്തെപ്പറ്റി ഞാൻ നിങ്ങൾക്ക്‌ വിവരമറിയിച്ചു തരാം. നിങ്ങൾ ( അതിന്‌ ) എന്നെ നിയോഗിച്ചേക്കൂ.

46 ( അവൻ യൂസുഫിൻറെ അടുത്ത്‌ ചെന്ന്‌ പറഞ്ഞു: ) ഹേ, സത്യസന്ധനായ യൂസുഫ്‌, തടിച്ച്‌ കൊഴുത്ത ഏഴ്‌ പശുക്കളെ ഏഴ്‌ മെലിഞ്ഞ പശുക്കൾ തിന്നുന്ന കാര്യത്തിലും ഏഴ്‌ പച്ചക്കതിരുകളുടെയും വേറെ ഏഴ്‌ ഉണങ്ങിയ കതിരുകളുടെയും കാര്യത്തിലും താങ്കൾ ഞങ്ങൾക്കു വിധി പറഞ്ഞുതരണം. ജനങ്ങൾ അറിയുവാനായി ആ വിവരവും കൊണ്ട്‌ എനിക്ക്‌ അവരുടെ അടുത്തേക്ക്‌ മടങ്ങാമല്ലോ.

47 അദ്ദേഹം ( യൂസുഫ്‌ ) പറഞ്ഞു: നിങ്ങൾ ഏഴുകൊല്ലം തുടർച്ചയായി കൃഷി ചെയ്യുന്നതാണ്‌. എന്നിട്ട്‌ നിങ്ങൾ കൊയ്തെടുത്തതിൽ നിന്ന്‌ നിങ്ങൾക്ക്‌ ഭക്ഷിക്കുവാൻ അൽപം ഒഴിച്ച്‌ ബാക്കി അതിൻറെ കതിരിൽ തന്നെ വിട്ടേക്കുക.

48 പിന്നീടതിന്‌ ശേഷം പ്രയാസകരമായ ഏഴ്‌ വർഷം വരും. ആ വർഷങ്ങൾ, അന്നേക്കായി നിങ്ങൾ മുൻകൂട്ടി സൂക്ഷിച്ച്‌ വെച്ചിട്ടുള്ളതിനെയെല്ലാം തിന്നുതീർക്കുന്നതാണ്‌. നിങ്ങൾ കാത്തുവെക്കുന്നതിൽ നിന്ന്‌ അൽപം ഒഴികെ.

49 പിന്നീടതിന്‌ ശേഷം ഒരു വർഷം വരും. അന്ന്‌ ജനങ്ങൾക്ക്‌ സമൃദ്ധി നൽകപ്പെടുകയും, അന്ന്‌ അവർ ( വീഞ്ഞും മറ്റും ) പിഴിഞ്ഞെടുക്കുകയും ചെയ്യും.

50 രാജാവ്‌ പറഞ്ഞു: നിങ്ങൾ യൂസുഫിനെ എൻറെ അടുത്ത്‌ കൊണ്ട്‌ വരൂ. അങ്ങനെ തൻറെ അടുത്ത്‌ ദൂതൻ വന്നപ്പോൾ അദ്ദേഹം ( യൂസുഫ്‌ ) പറഞ്ഞു: നീ നിൻറെ യജമാനൻറെ അടുത്തേക്ക്‌ തിരിച്ചുപോയിട്ട്‌ സ്വന്തം കൈകൾ മുറിപ്പെടുത്തിയ ആ സ്ത്രീകളുടെ നിലപാടെന്താണെന്ന്‌ അദ്ദേഹത്തോട്‌ ചോദിച്ച്‌ നോക്കുക. തീർച്ചയായും എൻറെ രക്ഷിതാവ്‌ അവരുടെ തന്ത്രത്തെപ്പറ്റി നന്നായി അറിയുന്നവനാകുന്നു.

51 ( ആ സ്ത്രീകളെ വിളിച്ചുവരുത്തിയിട്ട്‌ ) അദ്ദേഹം ( രാജാവ്‌ ) ചോദിച്ചു: യൂസുഫിനെ വശീകരിക്കുവാൻ നിങ്ങൾ ശ്രമം നടത്തിയപ്പോൾ നിങ്ങളുടെ സ്ഥിതി എന്തായിരുന്നു? അവർ പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധൻ! ഞങ്ങൾ യൂസുഫിനെപ്പറ്റി ദോഷകരമായ ഒന്നും മനസ്സിലാക്കിയിട്ടില്ല. പ്രഭുവിൻറെ ഭാര്യ പറഞ്ഞു: ഇപ്പോൾ സത്യം വെളിപ്പെട്ടിരിക്കുന്നു. ഞാൻ അദ്ദേഹത്തെ വശീകരിക്കാൻ ശ്രമിക്കുകയാണുണ്ടായത്‌. തീർച്ചയായും അദ്ദേഹം സത്യവാൻമാരുടെ കൂട്ടത്തിൽ തന്നെയാകുന്നു.

52 അത്‌ ( ഞാനങ്ങനെ പറയുന്നത്‌, അദ്ദേഹത്തിൻറെ ) അസാന്നിദ്ധ്യത്തിൽ ഞാൻ അദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന്‌ അദ്ദേഹം അറിയുന്നതിന്‌ വേണ്ടിയാകുന്നു. വഞ്ചകൻമാരുടെ തന്ത്രത്തെ അല്ലാഹു ലക്ഷ്യത്തിലെത്തിക്കുകയില്ല എന്നതിനാലുമാകുന്നു.

53 ഞാൻ എൻറെ മനസ്സിനെ കുറ്റത്തിൽ നിന്ന്‌ ഒഴിവാക്കുന്നില്ല. തീർച്ചയായും മനസ്സ്‌ ദുഷ്പ്രവൃത്തിക്ക്‌ പ്രേരിപ്പിക്കുന്നത്‌ തന്നെയാകുന്നു. എൻറെ രക്ഷിതാവിൻറെ കരുണ ലഭിച്ച മനസ്സൊഴികെ. തീർച്ചയായും എൻറെ രക്ഷിതാവ്‌ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

54 രാജാവ്‌ പറഞ്ഞു: നിങ്ങൾ അദ്ദേഹത്തെ എൻറെ അടുത്ത്‌ കൊണ്ട്‌ വരൂ. ഞാൻ അദ്ദേഹത്തെ എൻറെ ഒരു പ്രത്യേകക്കാരനായി സ്വീകരിക്കുന്നതാണ്‌. അങ്ങനെ അദ്ദേഹത്തോട്‌ സംസാരിച്ചപ്പോൾ രാജാവ്‌ പറഞ്ഞു: തീർച്ചയായും താങ്കൾ ഇന്ന്‌ നമ്മുടെ അടുക്കൽ സ്ഥാനമുള്ളവനും വിശ്വസ്തനുമാകുന്നു.

55 അദ്ദേഹം ( യൂസുഫ്‌ ) പറഞ്ഞു: താങ്കൾ എന്നെ ഭൂമിയിലെ ഖജനാവുകളുടെ അധികാരമേൽപിക്കൂ. തീർച്ചയായും ഞാൻ വിവരമുള്ള ഒരു സൂക്ഷിപ്പുകാരനായിരിക്കും.

56 അപ്രകാരം യൂസുഫിന്‌ ആ ഭൂപ്രദേശത്ത്‌, അദ്ദേഹം ഉദ്ദേശിക്കുന്നിടത്ത്‌ താമസമുറപ്പിക്കാവുന്ന വിധം നാം സ്വാധീനം നൽകി. നമ്മുടെ കാരുണ്യം നാം ഉദ്ദേശിക്കുന്നവർക്ക്‌ നാം അനുഭവിപ്പിക്കുന്നു. സദ്‌വൃത്തർക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല.

57 വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുന്നവരായിരിക്കുകയും ചെയ്തവർക്ക്‌ പരലോകത്തെ പ്രതിഫലമാകുന്നു കൂടുതൽ ഉത്തമം.

58 യൂസുഫിൻറെ സഹോദരൻമാർ വന്നു അദ്ദേഹത്തിൻറെ അടുത്ത്‌ പ്രവേശിച്ചു. അപ്പോൾ അദ്ദേഹം അവരെ തിരിച്ചറിഞ്ഞു. അവർ അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നില്ല.

59 അങ്ങനെ അവർക്ക്‌ വേണ്ട സാധനങ്ങൾ അവർക്ക്‌ ഒരുക്കികൊടുത്തപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങളുടെ ബാപ്പയൊത്ത ഒരു സഹോദരൻ നിങ്ങൾക്കുണ്ടല്ലോ. അവനെ നിങ്ങൾ എൻറെ അടുത്ത്‌ കൊണ്ട്‌ വരണം. ഞാൻ അളവ്‌ തികച്ചുതരുന്നുവെന്നും, ഏറ്റവും നല്ല ആതിഥ്യമാണ്‌ ഞാൻ നൽകുന്നത്‌ എന്നും നിങ്ങൾ കാണുന്നില്ലേ?

60 എന്നാൽ അവനെ നിങ്ങൾ എൻറെ അടുത്ത്‌ കൊണ്ട്‌ വരുന്നില്ലെങ്കിൽ നിങ്ങൾക്കിനി എൻറെ അടുക്കൽ നിന്ന്‌ അളന്നുതരുന്നതല്ല. നിങ്ങൾ എന്നെ സമീപിക്കേണ്ടതുമില്ല.

61 അവർ പറഞ്ഞു: ഞങ്ങൾ അവൻറെ കാര്യത്തിൽ അവൻറെ പിതാവിനോട്‌ ഒരു ശ്രമം നടത്തിനോക്കാം. തീർച്ചയായും ഞങ്ങളത്‌ ചെയ്യും.

62 അദ്ദേഹം ( യൂസുഫ്‌ ) തൻറെ ഭൃത്യൻമാരോട്‌ പറഞ്ഞു: അവർ കൊണ്ട്‌ വന്ന ചരക്കുകൾ അവരുടെ ഭാണ്ഡങ്ങളിൽ തന്നെ നിങ്ങൾ വെച്ചേക്കുക. അവർ അവരുടെ കുടുംബത്തിൽ തിരിച്ചെത്തുമ്പോൾ അവരത്‌ മനസ്സിലാക്കിക്കൊള്ളും. അവർ ഒരുവേള മടങ്ങി വന്നേക്കാം.

63 അങ്ങനെ അവർ തങ്ങളുടെ പിതാവിൻറെ അടുത്ത്‌ തിരിച്ചെത്തിയപ്പോൾ അവർ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങൾക്ക്‌ അളന്നുതരുന്നത്‌ മുടക്കപ്പെട്ടിരിക്കുന്നു. അത്‌ കൊണ്ട്‌ ഞങ്ങളോടൊപ്പം ഞങ്ങളുടെ സഹോദരനെയും കൂടി താങ്കൾ അയച്ചുതരണം. എങ്കിൽ ഞങ്ങൾക്ക്‌ അളന്നുകിട്ടുന്നതാണ്‌. തീർച്ചയായും ഞങ്ങൾ അവനെ കാത്തുസൂക്ഷിക്കുക തന്നെ ചെയ്യും.

64 അദ്ദേഹം ( പിതാവ്‌ ) പറഞ്ഞു: അവൻറെ സഹോദരൻറെ കാര്യത്തിൽ മുമ്പ്‌ ഞാൻ നിങ്ങളെ വിശ്വസിച്ചത്‌ പോലെയല്ലാതെ അവൻറെ കാര്യത്തിൽ നിങ്ങളെ എനിക്ക്‌ വിശ്വസിക്കാനാകുമോ? എന്നാൽ അല്ലാഹുവാണ്‌ നല്ലവണ്ണം കാത്തുസൂക്ഷിക്കുന്നവൻ. അവൻ കരുണയുള്ളവരിൽ ഏറ്റവും കാരുണികനാകുന്നു.

65 അവർ അവരുടെ സാധനങ്ങൾ തുറന്നുനോക്കിയപ്പോൾ തങ്ങളുടെ ചരക്കുകൾ തങ്ങൾക്ക്‌ തിരിച്ചുനൽകപ്പെട്ടതായി അവർ കണ്ടെത്തി. അവർ പറഞ്ഞു: ഞങ്ങളുടെ പിതാവേ, നമുക്കിനി എന്തുവേണം? നമ്മുടെ ചരക്കുകൾ ഇതാ നമുക്ക്‌ തന്നെ തിരിച്ചുനൽകപ്പെട്ടിരിക്കുന്നു. ( മേലിലും ) ഞങ്ങൾ ഞങ്ങളുടെ കുടുംബത്തിന്‌ ആഹാരം കൊണ്ട്‌ വരാം. ഞങ്ങളുടെ സഹോദരനെ ഞങ്ങൾ കാത്തുകൊള്ളുകയും ചെയ്യാം. ഒരു ഒട്ടകത്തിന്‌ വഹിക്കാവുന്ന അളവ്‌ ഞങ്ങൾക്ക്‌ കൂടുതൽ കിട്ടുകയും ചെയ്യും. കുറഞ്ഞ ഒരു അളവാകുന്നു അത്‌.

66 അദ്ദേഹം പറഞ്ഞു: തീർച്ചയായും നിങ്ങൾ അവനെ എൻറെ അടുക്കൽ കൊണ്ട്‌ വന്നുതരുമെന്ന്‌ അല്ലാഹുവിൻറെ പേരിൽ എനിക്ക്‌ ഉറപ്പ്‌ നൽകുന്നത്‌ വരെ ഞാനവനെ നിങ്ങളുടെ കുടെ അയക്കുകയില്ല തന്നെ. നിങ്ങൾ ( ആപത്തുകളാൽ ) വലയം ചെയ്യപ്പെടുന്നുവെങ്കിൽ ഒഴികെ. അങ്ങനെ അവരുടെ ഉറപ്പ്‌ അദ്ദേഹത്തിന്‌ അവർ നൽകിയപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹു നാം പറയുന്നതിന്‌ മേൽനോട്ടം വഹിക്കുന്നവനാകുന്നു.

67 അദ്ദേഹം പറഞ്ഞു: എൻറെ മക്കളേ, നിങ്ങൾ ഒരേ വാതിലിലൂടെ പ്രവേശിക്കാതെ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക. അല്ലാഹുവിങ്കൽ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളിൽ നിന്ന്‌ തടുക്കുവാൻ എനിക്കാവില്ല. വിധികർത്തൃത്വം അല്ലാഹുവിന്‌ മാത്രമാകുന്നു. അവൻറെ മേൽ ഞാൻ ഭരമേൽപിക്കുന്നു. അവൻറെ മേൽ തന്നെയാണ്‌ ഭരമേൽപിക്കുന്നവർ ഭരമേൽപിക്കേണ്ടത്‌.

68 അവരുടെ പിതാവ്‌ അവരോട്‌ കൽപിച്ച വിധത്തിൽ അവർ പ്രവേശിച്ചപ്പോൾ അല്ലാഹുവിങ്കൽ നിന്നുണ്ടാകുന്ന യാതൊന്നും അവരിൽ നിന്ന്‌ തടുക്കുവാൻ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നില്ല. യഅ്ഖൂബിൻറെ മനസ്സിലുണ്ടായിരുന്ന ഒരു ആവശ്യം അദ്ദേഹം നിറവേറ്റി എന്ന്‌ മാത്രം. നാം അദ്ദേഹത്തിന്‌ പഠിപ്പിച്ചുകൊടുത്തിട്ടുള്ളതിനാൽ തീർച്ചയായും അദ്ദേഹം അറിവുള്ളവൻ തന്നെയാണ്‌. പക്ഷെ മനുഷ്യരിൽ അധികപേരും അറിയുന്നില്ല.

69 അവർ യൂസുഫിൻറെ അടുത്ത്‌ കടന്ന്‌ ചെന്നപ്പോൾ അദ്ദേഹം തൻറെ സഹോദരനെ തന്നിലേക്ക്‌ അടുപ്പിച്ചു. എന്നിട്ട്‌ അദ്ദേഹം പറഞ്ഞു: തീർച്ചയായും ഞാൻ തന്നെയാണ്‌ നിൻറെ സഹോദരൻ. ആകയാൽ അവർ ( മൂത്ത സഹോദരൻമാർ ) ചെയ്ത്‌ വരുന്നതിനെപ്പറ്റി നീ ദുഃഖിക്കേണ്ടതില്ല.

70 അങ്ങനെ അവർക്കുള്ള സാധനങ്ങൾ അവർക്ക്‌ ഒരുക്കികൊടുത്തപ്പോൾ അദ്ദേഹം ( യൂസുഫ്‌ ) പാനപാത്രം തൻറെ സഹോദരൻറെ ഭാണ്ഡത്തിൽ വെച്ചു. പിന്നെ ഒരാൾ വിളിച്ചുപറഞ്ഞു: ഹേ; യാത്രാസംഘമേ, തീർച്ചയായും നിങ്ങൾ മോഷ്ടാക്കൾ തന്നെയാണ്‌.

71 അവരുടെ നേരെ തിരിഞ്ഞ്‌ കൊണ്ട്‌ ( യാത്രാസംഘം ) പറഞ്ഞു: എന്താണ്‌ നിങ്ങൾക്ക്‌ നഷ്ടപ്പെട്ടിട്ടുള്ളത്‌?

72 അവർ പറഞ്ഞു: ഞങ്ങൾക്ക്‌ രാജാവിൻറെ അളവുപാത്രം നഷ്ടപ്പെട്ടിരിക്കുന്നു. അത്‌ കൊണ്ട്‌ വന്ന്‌ തരുന്നവന്‌ ഒരു ഒട്ടകത്തിന്‌ വഹിക്കാവുന്നത്‌ ( ധാന്യം ) നൽകുന്നതാണ്‌. ഞാനത്‌ ഏറ്റിരിക്കുന്നു.

73 അവർ പറഞ്ഞു: അല്ലാഹുവെ തന്നെയാണ,ഞങ്ങൾ നാട്ടിൽ കുഴപ്പമുണ്ടാക്കാൻ വേണ്ടി വന്നതല്ലെന്ന്‌ നിങ്ങൾക്കറിയാമല്ലോ. ഞങ്ങൾ മോഷ്ടാക്കളായിരുന്നിട്ടുമില്ല.

74 അവർ ചോദിച്ചു: എന്നാൽ നിങ്ങൾ കള്ളം പറയുന്നവരാണെങ്കിൽ അതിനു എന്ത്‌ ശിക്ഷയാണ്‌ നൽകേണ്ടത്‌ ?

75 അവർ പറഞ്ഞു: അതിനുള്ള ശിക്ഷ ഇപ്രകാരമത്രെ. ഏതൊരുവൻറെ യാത്രാ ഭാണ്ഡത്തിലാണോ അതു കാണപ്പെടുന്നത്‌ അവനെ പിടിച്ച്‌ വെക്കുകയാണ്‌ അതിനുള്ള ശിക്ഷ. അപ്രകാരമാണ്‌ ഞങ്ങൾ അക്രമികൾക്ക്‌ പ്രതിഫലം നൽകുന്നത്‌.

76 എന്നിട്ട്‌ അദ്ദേഹം ( യൂസുഫ്‌ ) തൻറെ സഹോദരൻറെ ഭാണ്ഡത്തേക്കാൾ മുമ്പായി അവരുടെ ഭാണ്ഡങ്ങൾ പരിശോധിക്കുവാൻ തുടങ്ങി. പിന്നീട്‌ തൻറെ സഹോദരൻറെ ഭാണ്ഡത്തിൽ നിന്ന്‌ അദ്ദേഹമത്‌ പുറത്തെടുത്തു. അപ്രകാരം യൂസുഫിന്‌ വേണ്ടി നാം തന്ത്രം പ്രയോഗിച്ചു. അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ രാജാവിൻറെ നിയമമനുസരിച്ച്‌ അദ്ദേഹത്തിന്‌ തൻറെ സഹോദരനെ പിടിച്ചുവെക്കാൻ പറ്റുമായിരുന്നില്ല. നാം ഉദ്ദേശിക്കുന്നവരെ നാം പല പദവികൾ ഉയർത്തുന്നു. അറിവുള്ളവരുടെയെല്ലാം മീതെ എല്ലാം അറിയുന്നവനുണ്ട്‌.

77 അവർ ( സഹോദരൻമാർ ) പറഞ്ഞു: അവൻ മോഷ്ടിക്കുന്നുവെങ്കിൽ ( അതിൽ അത്ഭുതമില്ല. ) മുമ്പ്‌ അവൻറെ സഹോദരനും മോഷ്ടിക്കുകയുണ്ടായിട്ടുണ്ട്‌. എന്നാൽ യൂസുഫ്‌ അത്‌ തൻറെ മനസ്സിൽ ഗോപ്യമാക്കിവെച്ചു. അവരോട്‌ അദ്ദേഹം അത്‌ ( പ്രതികരണം ) പ്രകടിപ്പിച്ചില്ല. അദ്ദേഹം ( മനസ്സിൽ ) പറഞ്ഞു: നിങ്ങളാണ്‌ മോശമായ നിലപാടുകാർ. നിങ്ങൾ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്‌.

78 അവർ പറഞ്ഞു: പ്രഭോ! ഇവന്‌ വലിയ വൃദ്ധനായ പിതാവുണ്ട്‌. അതിനാൽ ഇവൻറെ സ്ഥാനത്ത്‌ ഞങ്ങളിൽ ഒരാളെ പിടിച്ച്‌ വെക്കുക. തീർച്ചയായും താങ്കളെ ഞങ്ങൾ കാണുന്നത്‌ സദ്‌വൃത്തരിൽപെട്ട ഒരാളായിട്ടാണ്‌.

79 അദ്ദേഹം പറഞ്ഞു: അല്ലാഹുവിൽ ശരണം. നമ്മുടെ സാധനം ആരുടെ കയ്യിൽ കണ്ടെത്തിയോ അവനെയല്ലാതെ നാം പിടിച്ച്‌ വെക്കുകയോ? എങ്കിൽ തീർച്ചയായും നാം അക്രമകാരികൾ തന്നെയായിരിക്കും.

80 അങ്ങനെ അവനെ ( സഹോദരനെ ) പ്പറ്റി അവർ നിരാശരായി കഴിഞ്ഞപ്പോൾ അവർ തനിച്ച്‌ മാറിയിരുന്ന്‌ കൂടിയാലോചന നടത്തി. അവരിൽ വലിയ ആൾ പറഞ്ഞു: നിങ്ങളുടെ പിതാവ്‌ അല്ലാഹുവിൻറെ പേരിൽ നിങ്ങളോട്‌ ഉറപ്പ്‌ വാങ്ങിയിട്ടുണ്ടെന്നും, യൂസുഫിൻറെ കാര്യത്തിൽ മുമ്പ്‌ നിങ്ങൾ വീഴ്ചവരുത്തിയിട്ടുണ്ടെന്നും നിങ്ങൾക്കറിഞ്ഞ്‌ കൂടെ? അതിനാൽ എൻറെ പിതാവ്‌ എനിക്ക്‌ അനുവാദം തരികയോ, അല്ലാഹു എനിക്ക്‌ വിധി തരികയോ ചെയ്യുന്നത്‌ വരെ ഞാൻ ഈ ഭൂപ്രദേശം വിട്ടുപോരുകയേ ഇല്ല. വിധികർത്താക്കളിൽ ഏറ്റവും ഉത്തമനത്രെ അവൻ.

81 നിങ്ങൾ നിങ്ങളുടെ പിതാവിൻറെ അടുത്തേക്ക്‌ മടങ്ങിച്ചെന്നിട്ട്‌ പറയൂ. ഞങ്ങളുടെ പിതാവേ, താങ്കളുടെ മകൻ മോഷണം നടത്തിയിരിക്കുന്നു. ഞങ്ങൾ അറിഞ്ഞതിൻറെ അടിസ്ഥാനത്തിൽ മാത്രമാണ്‌ ഞങ്ങൾ സാക്ഷ്യം വഹിച്ചിട്ടുള്ളത്‌. അദൃശ്യകാര്യം ഞങ്ങൾക്ക്‌ അറിയുമായിരുന്നില്ലല്ലോ.

82 ഞങ്ങൾ പോയിരുന്ന രാജ്യക്കാരോടും, ഞങ്ങൾ ( ഇങ്ങോട്ട്‌ ) ഒന്നിച്ച്‌ യാത്ര ചെയ്ത യാത്രാസംഘത്തോടും താങ്കൾ ചോദിച്ച്‌ നോക്കുക. തീർച്ചയായും ഞങ്ങൾ സത്യം പറയുന്നവരാകുന്നു.

83 അദ്ദേഹം ( പിതാവ്‌ ) പറഞ്ഞു: അല്ല, നിങ്ങളുടെ മനസ്സുകൾ നിങ്ങൾക്ക്‌ എന്തോകാര്യം ഭംഗിയായി തോന്നിച്ചിരിക്കുന്നു. അതിനാൽ നന്നായി ക്ഷമിക്കുക തന്നെ. അവരെല്ലാവരെയും അല്ലാഹു എൻറെ അടുത്ത്‌ കൊണ്ടുവന്നു തന്നേക്കാവുന്നതാണ്‌. തീർച്ചയായും അവൻ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

84 അവരിൽ നിന്നു തിരിഞ്ഞുകളഞ്ഞിട്ട്‌ അദ്ദേഹം പറഞ്ഞു: യൂസുഫിൻറെ കാര്യം എത്ര സങ്കടകരം! ദുഃഖം നിമിത്തം അദ്ദേഹത്തിൻറെ ഇരുകണ്ണുകളും വെളുത്ത്‌ പോയി. അങ്ങനെ അദ്ദേഹം ( ദുഃഖം ) ഉള്ളിലൊതുക്കി കഴിയുകയാണ്‌.

85 അവർ പറഞ്ഞു: അല്ലാഹുവിനെ തന്നെയാണ, താങ്കൾ തീർത്തും അവശനാകുകയോ, അല്ലെങ്കിൽ മരണമടയുകയോ ചെയ്യുന്നതു വരെ താങ്കൾ യൂസുഫിനെ ഓർത്തു കൊണേ്ടയിരിക്കും.

86 അദ്ദേഹം പറഞ്ഞു: എൻറെ വേവലാതിയും വ്യസനവും ഞാൻ അല്ലാഹുവോട്‌ മാത്രമാണ്‌ ബോധിപ്പിക്കുന്നത്‌. അല്ലാഹുവിങ്കൽ നിന്നും നിങ്ങൾ അറിയാത്ത ചിലത്‌ ഞാനറിയുന്നുമുണ്ട്‌.

87 എൻറെ മക്കളേ, നിങ്ങൾ പോയി യൂസുഫിനെയും അവൻറെ സഹോദരനെയും സംബന്ധിച്ച്‌ അന്വേഷിച്ച്‌ നോക്കുക. അല്ലാഹുവിങ്കൽ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്‌. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കൽ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീർച്ച.

88 അങ്ങനെ യൂസുഫിൻറെ അടുക്കൽ കടന്ന്‌ ചെന്നിട്ട്‌ അവർ പറഞ്ഞു: പ്രഭോ, ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തേയും ദുരിതം ബാധിച്ചിരിക്കുന്നു. മോശമായ ചരക്കുകളേ ഞങ്ങൾ കൊണ്ടുവന്നിട്ടുള്ളൂ. അതിനാൽ താങ്കൾ ഞങ്ങൾക്ക്‌ അളവ്‌ തികച്ചുതരികയും, ഞങ്ങളോട്‌ ഔദാര്യം കാണിക്കുകയും ചെയ്യണം. തീർച്ചയായും അല്ലാഹു ഉദാരമതികൾക്ക്‌ പ്രതിഫലം നൽകുന്നതാണ്‌.

89 അദ്ദേഹം പറഞ്ഞു: നിങ്ങൾ അറിവില്ലാത്തവരായിരുന്നപ്പോൾ യൂസുഫിൻറെയും അവൻറെ സഹോദരൻറെയും കാര്യത്തിൽ നിങ്ങൾ ചെയ്തതെന്താണെന്ന്‌ നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ?

90 അവർ ചോദിച്ചു: നീ തന്നെയാണോ യൂസുഫ്‌? അദ്ദേഹം പറഞ്ഞു: ഞാൻ തന്നെയാണ്‌ യൂസുഫ്‌. ഇതെൻറെ സഹോദരനും! അല്ലാഹു ഞങ്ങളോട്‌ ഔദാര്യം കാണിച്ചിരിക്കുന്നു. തീർച്ചയായും ആർ സൂക്ഷ്മത പാലിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നുവോ ആ സദ്‌വൃത്തർക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല; തീർച്ച.

91 അവർ പറഞ്ഞു: അല്ലാഹുവെതന്നെയാണ, തീർച്ചയായും അല്ലാഹു നിനക്ക്‌ ഞങ്ങളെക്കാൾ മുൻഗണന നൽകിയിരിക്കുന്നു. തീർച്ചയായും ഞങ്ങൾ തെറ്റുകാരായിരിക്കുന്നു.

92 അദ്ദേഹം പറഞ്ഞു: ഇന്ന്‌ നിങ്ങളുടെ മേൽ ഒരു ആക്ഷേപവുമില്ല. അല്ലാഹു നിങ്ങൾക്ക്‌ പൊറുത്തുതരട്ടെ. അവൻ കരുണയുള്ളവരിൽ വെച്ച്‌ ഏറ്റവും കാരുണികനാകുന്നു.

93 നിങ്ങൾ എൻറെ ഈ കുപ്പായം കൊണ്ട്‌ പോയിട്ട്‌ എൻറെ പിതാവിൻറെ മുഖത്ത്‌ ഇട്ടുകൊടുക്കുക. എങ്കിൽ അദ്ദേഹം കാഴ്ചയുള്ളവനായിത്തീരും. നിങ്ങളുടെ മുഴുവൻ കുടുംബാംഗങ്ങളെയും കൊണ്ട്‌ നിങ്ങൾ എൻറെ അടുത്ത്‌ വരുകയും ചെയ്യുക.

94 യാത്രാസംഘം ( ഈജിപ്തിൽ നിന്ന്‌ ) പുറപ്പെട്ടപ്പോൾ അവരുടെ പിതാവ്‌ ( അടുത്തുള്ളവരോട്‌ ) പറഞ്ഞു: തീർച്ചയായും എനിക്ക്‌ യൂസുഫിൻറെ വാസന അനുഭവപ്പെടുന്നുണ്ട്‌. നിങ്ങളെന്നെ ബുദ്ധിഭ്രമം പറ്റിയവനായി കരുതുന്നില്ലെങ്കിൽ ( നിങ്ങൾക്കിത്‌ വിശ്വസിക്കാവുന്നതാണ്‌. )

95 അവർ പറഞ്ഞു: അല്ലാഹുവെ തന്നെയാണ, തീർച്ചയായും താങ്കൾ താങ്കളുടെ പഴയ വഴികേടിൽ തന്നെയാണ്‌.

96 അനന്തരം സന്തോഷവാർത്ത അറിയിക്കുന്ന ആൾ വന്നപ്പോൾ അയാൾ ആ കുപ്പായം അദ്ദേഹത്തിൻറെ മുഖത്ത്‌ വെച്ച്‌ കൊടുത്തു. അപ്പോൾ അദ്ദേഹം കാഴ്ചയുള്ളവനായി മാറി. അദ്ദേഹം പറഞ്ഞു: നിങ്ങൾക്കറിഞ്ഞുകൂടാത്ത ചിലത്‌ അല്ലാഹുവിങ്കൽ നിന്ന്‌ ഞാൻ അറിയുന്നുണ്ട്‌ എന്ന്‌ ഞാൻ നിങ്ങളോട്‌ പറഞ്ഞിട്ടില്ലേ.

97 അവർ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങൾക്കു വേണ്ടി ഞങ്ങളുടെ പാപങ്ങൾ പൊറുത്തുകിട്ടാൻ താങ്കൾ പ്രാർത്ഥിക്കണേ-തീർച്ചയായും ഞങ്ങൾ തെറ്റുകാരായിരിക്കുന്നു.

98 അദ്ദേഹം പറഞ്ഞു: നിങ്ങൾക്ക്‌ വേണ്ടി എൻറെ രക്ഷിതാവിനോട്‌ ഞാൻ പാപമോചനം തേടാം. തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

99 അനന്തരം അവർ യൂസുഫിൻറെ മുമ്പാകെ പ്രവേശിച്ചപ്പോൾ അദ്ദേഹം ( യൂസുഫ്‌ ) തൻറെ മാതാപിതാക്കളെ തന്നിലേക്ക്‌ അണച്ചു കൂട്ടി. അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നിങ്ങൾ നിർഭയരായിക്കൊണ്ട്‌ ഈജിപ്തിൽ പ്രവേശിച്ചു കൊള്ളുക.

100 അദ്ദേഹം തൻറെ മാതാപിതാക്കളെ രാജപീഠത്തിൻമേൽ കയറ്റിയിരുത്തി. അവർ അദ്ദേഹത്തിൻറെ മുമ്പിൽ പ്രണാമം ചെയ്യുന്നവരായിക്കൊണ്ട്‌ വീണു. അദ്ദേഹം പറഞ്ഞു: എൻറെ പിതാവേ, മുമ്പ്‌ ഞാൻ കണ്ട സ്വപ്നം പുലർന്നതാണിത്‌. എൻറെ രക്ഷിതാവ്‌ അതൊരു യാഥാർത്ഥ്യമാക്കിത്തീർത്തിരിക്കുന്നു. എന്നെ അവൻ ജയിലിൽ നിന്ന്‌ പുറത്തുകൊണ്ട്‌ വന്ന സന്ദർഭത്തിലും എൻറെയും എൻറെ സഹോദരങ്ങളുടെയും ഇടയിൽ പിശാച്‌ കുഴപ്പം ഇളക്കിവിട്ടതിന്‌ ശേഷം മരുഭൂമിയിൽ നിന്ന്‌ അവൻ നിങ്ങളെയെല്ലാവരെയും ( എൻറെ അടുത്തേക്ക്‌ ) കൊണ്ടുവന്ന സന്ദർഭത്തിലും അവൻ എനിക്ക്‌ ഉപകാരം ചെയ്തിരിക്കുന്നു. തീർച്ചയായും എൻറെ രക്ഷിതാവ്‌ താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ. തീർച്ചയായും അവൻ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

101 ( യൂസുഫ്‌ പ്രാർത്ഥിച്ചു: ) എൻറെ രക്ഷിതാവേ, നീ എനിക്ക്‌ ഭരണാധികാരത്തിൽ നിന്ന്‌ ( ഒരംശം ) നൽകുകയും, സ്വപ്നവാർത്തകളുടെ വ്യാഖ്യാനത്തിൽ നിന്നും ( ചിലത്‌ ) നീ എനിക്ക്‌ പഠിപ്പിച്ചുതരികയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എൻറെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തിൽ ചേർക്കുകയും ചെയ്യേണമേ.

102 ( നബിയേ, ) നിനക്ക്‌ നാം സന്ദേശമായി നൽകുന്ന അദൃശ്യവാർത്തകളിൽ പെട്ടതത്രെ അത്‌. ( യൂസുഫിനെതിരിൽ ) തന്ത്രം പ്രയോഗിച്ചുകൊണ്ട്‌ അവർ തങ്ങളുടെ പദ്ധതി കൂടിത്തീരുമാനിച്ചപ്പോൾ നീ അവരുടെ അടുക്കൽ ഉണ്ടായിരുന്നില്ലല്ലോ.

103 എന്നാൽ നീ അതിയായി ആഗ്രഹിച്ചാലും മനുഷ്യരിൽ അധികപേരും വിശ്വസിക്കുന്നവരല്ല.

104 നീ അവരോട്‌ ഇതിൻറെ പേരിൽ യാതൊരു പ്രതിഫലവും ചോദിക്കുന്നുമില്ല. ഇത്‌ ലോകർക്ക്‌ വേണ്ടിയുള്ള ഒരു ഉൽബോധനം മാത്രമാകുന്നു.

105 ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങൾ! അവയെ അവഗണിച്ചുകൊണ്ട്‌ അവർ അവയുടെ അടുത്ത്‌ കൂടി കടന്ന്‌ പോകുന്നു.

106 അവരിൽ അധികപേരും അല്ലാഹുവിൽ വിശ്വസിക്കുന്നത്‌ അവനോട്‌ ( മറ്റുള്ളവരെ ) പങ്കുചേർക്കുന്നവരായിക്കൊണ്ട്‌ മാത്രമാണ്‌.

107 അവരെ വലയം ചെയ്യുന്ന തരത്തിലുള്ള അല്ലാഹുവിൻറെ ശിക്ഷ അവർക്ക്‌ വന്നെത്തുന്നതിനെപ്പറ്റി, അല്ലെങ്കിൽ അവർ ഓർക്കാതിരിക്കെ പെട്ടെന്ന്‌ അന്ത്യദിനം അവർക്ക്‌ വന്നെത്തുന്നതിനെപ്പറ്റി അവർ നിർഭയരായിരിക്കുകയാണോ?

108 ( നബിയേ, ) പറയുക: ഇതാണ്‌ എൻറെ മാർഗം. ദൃഢബോധ്യത്തോട്‌ കൂടി അല്ലാഹുവിലേക്ക്‌ ഞാൻ ക്ഷണിക്കുന്നു. ഞാനും എന്നെ പിൻപറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധൻ! ഞാൻ ( അവനോട്‌ ) പങ്കുചേർക്കുന്ന കൂട്ടത്തിലല്ല തന്നെ.

109 വിവിധ രാജ്യക്കാരിൽ നിന്ന്‌ നാം സന്ദേശം നൽകിക്കൊണ്ടിരുന്ന ചില പുരുഷൻമാരെത്തന്നെയാണ്‌ നിനക്ക്‌ മുമ്പും നാം ദൂതൻമാരായി നിയോഗിച്ചിട്ടുള്ളത്‌ അവർ ( അവിശ്വാസികൾ ) ഭൂമിയിലൂടെ സഞ്ചരിച്ചിട്ട്‌ തങ്ങളുടെ മുൻഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്‌ നോക്കിയിട്ടില്ലേ? എന്നാൽ പരലോകമാണ്‌ സൂക്ഷ്മത പാലിച്ചവർക്ക്‌ കൂടുതൽ ഉത്തമമായിട്ടുള്ളത്‌. അപ്പോൾ നിങ്ങൾ ഗ്രഹിക്കുന്നില്ലേ?

110 അങ്ങനെ ദൈവദൂതൻമാർ നിരാശപ്പെടുകയും ( അവർ ) തങ്ങളോട്‌ പറഞ്ഞത്‌ കളവാണെന്ന്‌ ജനങ്ങൾ വിചാരിക്കുകയും ചെയ്തപ്പോൾ നമ്മുടെ സഹായം അവർക്ക്‌ ( ദൂതൻമാർക്ക്‌ ) വന്നെത്തി. അങ്ങനെ നാം ഉദ്ദേശിച്ചിരുന്നവർക്ക്‌ രക്ഷനൽകപ്പെട്ടു. കുറ്റവാളികളായ ജനങ്ങളിൽ നിന്നും നമ്മുടെ ശിക്ഷ തടുക്കപ്പെടുന്നതല്ല.

111 തീർച്ചയായും അവരുടെ ചരിത്രത്തിൽ ബുദ്ധിമാൻമാർക്ക്‌ പാഠമുണ്ട്‌. അത്‌ കെട്ടിയുണ്ടാക്കാവുന്ന ഒരു വർത്തമാനമല്ല. പ്രത്യുത; അതിൻറെ മുമ്പുള്ളതിനെ ( വേദങ്ങളെ ) ശരിവെക്കുന്നതും, എല്ലാകാര്യത്തെയും സംബന്ധിച്ചുള്ള ഒരു വിശദീകരണവും വിശ്വസിക്കുന്ന ജനങ്ങൾക്ക്‌ മാർഗദർശനവും കാരുണ്യവുമാകുന്നു അത്‌.

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/യൂസുഫ്&oldid=52329" എന്ന താളിൽനിന്ന് ശേഖരിച്ചത്