Jump to content

പരിശുദ്ധ ഖുർആൻ/മർയം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 കാഫ്‌-ഹാ-യാ-ഐൻ-സ്വാദ്‌.

2 നിൻറെ രക്ഷിതാവ്‌ തൻറെ ദാസനായ സകരിയ്യായ്ക്ക്‌ ചെയ്ത അനുഗ്രഹത്തെ സംബന്ധിച്ചുള്ള വിവരണമത്രെ ഇത്‌.

3 ( അതായത്‌ ) അദ്ദേഹം തൻറെ രക്ഷിതാവിനെ പതുക്കെ വിളിച്ച്‌ പ്രാർത്ഥിച്ച സന്ദർഭം.

4 അദ്ദേഹം പറഞ്ഞു: എൻറെ രക്ഷിതാവേ, എൻറെ എല്ലുകൾ ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു. തലയാണെങ്കിൽ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. എൻറെ രക്ഷിതാവേ, നിന്നോട്‌ പ്രാർത്ഥിച്ചിട്ട്‌ ഞാൻ ഭാഗ്യം കെട്ടവനായിട്ടില്ല.

5 എനിക്ക്‌ പുറകെ വരാനുള്ള ബന്ധുമിത്രാദികളെപ്പറ്റി എനിക്ക്‌ ഭയമാകുന്നു. എൻറെ ഭാര്യയാണെങ്കിൽ വന്ധ്യയുമാകുന്നു. അതിനാൽ നിൻറെ പക്കൽ നിന്ന്‌ നീ എനിക്ക്‌ ഒരു ബന്ധുവെ ( അവകാശിയെ ) നൽകേണമേ.

6 എനിക്ക്‌ അവൻ അനന്തരാവകാശിയായിരിക്കും. യഅ്ഖൂബ്‌ കുടുംബത്തിനും അവൻ അനന്തരാവകാശിയായിരിക്കും. എൻറെ രക്ഷിതാവേ, അവനെ നീ ( ഏവർക്കും ) തൃപ്തിപ്പെട്ടവനാക്കുകയും ചെയ്യേണമേ.

7 ഹേ, സകരിയ്യാ, തീർച്ചയായും നിനക്ക്‌ നാം ഒരു ആൺകുട്ടിയെപ്പറ്റി സന്തോഷവാർത്ത അറിയിക്കുന്നു. അവൻറെ പേർ യഹ്‌യാ എന്നാകുന്നു. മുമ്പ്‌ നാം ആരെയും അവൻറെ പേര്‌ ഉള്ളവരാക്കിയിട്ടില്ല.

8 അദ്ദേഹം പറഞ്ഞു: എൻറെ രക്ഷിതാവേ, എനിക്കെങ്ങനെ ഒരു ആൺകുട്ടിയുണ്ടാകും? എൻറെ ഭാര്യ വന്ധ്യയാകുന്നു. ഞാനാണെങ്കിൽ വാർദ്ധക്യത്താൽ ചുക്കിച്ചുളിഞ്ഞ അവസ്ഥയിലെത്തിയിരിക്കുന്നു.

9 അവൻ ( അല്ലാഹു ) പറഞ്ഞു: അങ്ങനെ തന്നെ. മുമ്പ്‌ നീ യാതൊന്നുമല്ലാതിരുന്നപ്പോൾ നിന്നെ ഞാൻ സൃഷ്ടിച്ചിരിക്കെ, ഇത്‌ എന്നെ സംബന്ധിച്ചിടത്തോളം ഒരു നിസ്സാര കാര്യം മാത്രമാണ്‌ എന്ന്‌ നിൻറെ രക്ഷിതാവ്‌ പ്രഖ്യാപിച്ചിരിക്കുന്നു.

10 അദ്ദേഹം ( സകരിയ്യാ ) പറഞ്ഞു: നീ എനിക്ക്‌ ഒരു ദൃഷ്ടാന്തം ഏർപെടുത്തിത്തരേണമേ. അവൻ ( അല്ലാഹു ) പറഞ്ഞു: നിനക്കുള്ള ദൃഷ്ടാന്തം വൈകല്യമൊന്നും ഇല്ലാത്തവനായിരിക്കെത്തന്നെ ജനങ്ങളോട്‌ മൂന്ന്‌ രാത്രി ( ദിവസം ) നീ സംസാരിക്കാതിരിക്കലാകുന്നു.

11 അങ്ങനെ അദ്ദേഹം പ്രാർത്ഥനാമണ്ഡപത്തിൽ നിന്ന്‌ തൻറെ ജനങ്ങളുടെ അടുക്കലേക്ക്‌ പുറപ്പെട്ടു. എന്നിട്ട്‌, നിങ്ങൾ രാവിലെയും വൈകുന്നേരവും അല്ലാഹുവിൻറെ പരിശുദ്ധിയെ പ്രകീർത്തിക്കുക എന്ന്‌ അവരോട്‌ ആംഗ്യം കാണിച്ചു.

12 ഹേ, യഹ്‌യാ വേദഗ്രന്ഥം ബലമായി സ്വീകരിച്ച്‌ കൊള്ളുക. ( എന്ന്‌ നാം പറഞ്ഞു: ) കുട്ടിയായിരിക്കെത്തന്നെ അദ്ദേഹത്തിന്‌ നാം ജ്ഞാനം നൽകുകയും ചെയ്തു.

13 നമ്മുടെ പക്കൽ നിന്നുള്ള അനുകമ്പയും പരിശുദ്ധിയും ( നൽകി. ) അദ്ദേഹം ധർമ്മനിഷ്ഠയുള്ളവനുമായിരുന്നു.

14 തൻറെ മാതാപിതാക്കൾക്ക്‌ നൻമചെയ്യുന്നവനുമായിരുന്നു. നിഷ്ഠൂരനും അനുസരണം കെട്ടവനുമായിരുന്നില്ല.

15 അദ്ദേഹം ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേൽപിക്കപ്പെടുന്ന ദിവസവും അദ്ദേഹത്തിന്‌ സമാധാനം.

16 വേദഗ്രന്ഥത്തിൽ മർയമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അവൾ തൻറെ വീട്ടുകാരിൽ നിന്നകന്ന്‌ കിഴക്ക്‌ ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക്‌ മാറിത്താമസിച്ച സന്ദർഭം.

17 എന്നിട്ട്‌ അവർ കാണാതിരിക്കാൻ അവൾ ഒരു മറയുണ്ടാക്കി. അപ്പോൾ നമ്മുടെ ആത്മാവിനെ ( ജിബ്‌രീലിനെ ) നാം അവളുടെ അടുത്തേക്ക്‌ നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പിൽ തികഞ്ഞ മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ടു.

18 അവൾ പറഞ്ഞു: തീർച്ചയായും നിന്നിൽ നിന്ന്‌ ഞാൻ പരമകാരുണികനിൽ ശരണം പ്രാപിക്കുന്നു. നീ ധർമ്മനിഷ്ഠയുള്ളവനാണെങ്കിൽ ( എന്നെ വിട്ട്‌ മാറിപ്പോകൂ. )

19 അദ്ദേഹം ( ജിബ്‌രീൽ ) പറഞ്ഞു: പരിശുദ്ധനായ ഒരു ആൺകുട്ടിയെ നിനക്ക്‌ ദാനം ചെയ്യുന്നതിന്‌ വേണ്ടി നിൻറെ രക്ഷിതാവ്‌ അയച്ച ദൂതൻ മാത്രമാകുന്നു ഞാൻ.

20 അവൾ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആൺകുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പർശിച്ചിട്ടില്ല. ഞാൻ ഒരു ദുർനടപടിക്കാരിയായിട്ടുമില്ല.

21 അദ്ദേഹം പറഞ്ഞു: ( കാര്യം ) അങ്ങനെതന്നെയാകുന്നു. അത്‌ തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന്‌ നിൻറെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു. അവനെ ( ആ കുട്ടിയെ ) മനുഷ്യർക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യവും ആക്കാനും ( നാം ഉദ്ദേശിക്കുന്നു. ) അത്‌ തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു.

22 അങ്ങനെ അവനെ ഗർഭം ധരിക്കുകയും, എന്നിട്ട്‌ അതുമായി അവൾ അകലെ ഒരു സ്ഥലത്ത്‌ മാറിത്താമസിക്കുകയും ചെയ്തു.

23 അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിൻറെ അടുത്തേക്ക്‌ കൊണ്ട്‌ വന്നു. അവൾ പറഞ്ഞു: ഞാൻ ഇതിന്‌ മുമ്പ്‌ തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച്‌ തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ!

24 ഉടനെ അവളുടെ താഴ്ഭാഗത്ത്‌ നിന്ന്‌ ( ഒരാൾ ) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിൻറെ താഴ്ഭാഗത്ത്‌ ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു.

25 നീ ഈന്തപ്പനമരം നിൻറെ അടുക്കലേക്ക്‌ പിടിച്ചുകുലുക്കിക്കൊള്ളുക. അത്‌ നിനക്ക്‌ പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്‌.

26 അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിർത്തിരിക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരിൽ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന്‌ വേണ്ടി ഞാൻ ഒരു വ്രതം നേർന്നിരിക്കയാണ്‌ അതിനാൽ ഇന്നു ഞാൻ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ.

27 അനന്തരം അവനെ ( കുട്ടിയെ ) യും വഹിച്ചുകൊണ്ട്‌ അവൾ തൻറെ ആളുകളുടെ അടുത്ത്‌ ചെന്നു. അവർ പറഞ്ഞു: മർയമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്‌.

28 ഹേ; ഹാറൂൻറെ സഹോദരീ, നിൻറെ പിതാവ്‌ ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിൻറെ മാതാവ്‌ ഒരു ദുർനടപടിക്കാരിയുമായിരുന്നില്ല.

29 അപ്പോൾ അവൾ അവൻറെ ( കുട്ടിയുടെ ) നേരെ ചൂണ്ടിക്കാണിച്ചു. അവർ പറഞ്ഞു: തൊട്ടിലിലുള്ള ഒരു കുട്ടിയോട്‌ ഞങ്ങൾ എങ്ങനെ സംസാരിക്കും?

30 അവൻ ( കുട്ടി ) പറഞ്ഞു: ഞാൻ അല്ലാഹുവിൻറെ ദാസനാകുന്നു. അവൻ എനിക്ക്‌ വേദഗ്രന്ഥം നൽകുകയും എന്നെ അവൻ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.

31 ഞാൻ എവിടെയായിരുന്നാലും എന്നെ അവൻ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാൻ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത്‌ നൽകുവാനും അവൻ എന്നോട്‌ അനുശാസിക്കുകയും ചെയ്തിരിക്കുന്നു.

32 ( അവൻ എന്നെ ) എൻറെ മാതാവിനോട്‌ നല്ല നിലയിൽ പെരുമാറുന്നവനും ( ആക്കിയിരിക്കുന്നു. ) അവൻ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല.

33 ഞാൻ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേൽപിക്കപ്പെടുന്ന ദിവസവും എൻറെ മേൽ ശാന്തി ഉണ്ടായിരിക്കും.

34 അതത്രെ മർയമിൻറെ മകനായ ഈസാ അവർ ഏതൊരു വിഷയത്തിൽ തർക്കിച്ച്‌ കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാർത്ഥമായ വാക്കത്രെ ഇത്‌.

35 ഒരു സന്താനത്തെ സ്വീകരിക്കുക എന്നത്‌ അല്ലാഹുവിന്നുണ്ടാകാവുന്നതല്ല. അവൻ എത്ര പരിശുദ്ധൻ! അവൻ ഒരു കാര്യം തീരുമാനിച്ച്‌ കഴിഞ്ഞാൽ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറയുക മാത്രംചെയ്യുന്നു. അപ്പോൾ അതുണ്ടാകുന്നു.

36 ( ഈസാ പറഞ്ഞു: ) തീർച്ചയായും അല്ലാഹു എൻറെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാർഗം.

37 എന്നിട്ട്‌ അവർക്കിടയിൽ നിന്ന്‌ കക്ഷികൾ ഭിന്നിച്ചുണ്ടായി. അപ്പോൾ അവിശ്വസിച്ചവർക്കത്രെ ഭയങ്കരമായ ഒരു ദിവസത്തിൻറെ സാന്നിദ്ധ്യത്താൽ വമ്പിച്ച നാശം.

38 അവർ നമ്മുടെ അടുത്ത്‌ വരുന്ന ദിവസം അവർക്ക്‌ എന്തൊരു കേൾവിയും കാഴ്ചയുമായിരിക്കും! പക്ഷെ ഇന്ന്‌ ആ അക്രമികൾ പ്രത്യക്ഷമായ വഴികേടിലാകുന്നു.

39 നഷ്ടബോധത്തിൻറെ ദിവസത്തെപ്പറ്റി അഥവാ കാര്യം ( അന്തിമമായി ) തീരുമാനിക്കപ്പെടുന്ന സന്ദർഭത്തെപ്പറ്റി നീ അവർക്ക്‌ താക്കീത്‌ നൽകുക. അവർ അശ്രദ്ധയിലകപ്പെട്ടിരിക്കുകയാകുന്നു. അവർ വിശ്വസിക്കുന്നില്ല.

40 തീർച്ചയായും നാം തന്നെയാണ്‌ ഭൂമിയുടെയും അതിലുള്ളവയുടെയും അനന്തരാവകാശിയാകുന്നത്‌. നമ്മുടെ അടുക്കലേക്ക്‌ തന്നെയായിരിക്കും അവർ മടക്കപ്പെടുന്നത്‌.

41 വേദഗ്രന്ഥത്തിൽ ഇബ്രാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീർച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു.

42 അദ്ദേഹം തൻറെ പിതാവിനോട്‌ പറഞ്ഞ സന്ദർഭം ( ശ്രദ്ധേയമാകുന്നു: ) എൻറെ പിതാവേ, കേൾക്കുകയോ, കാണുകയോ ചെയ്യാത്ത, താങ്കൾക്ക്‌ യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കൾ എന്തിന്‌ ആരാധിക്കുന്നു.?

43 എൻറെ പിതാവേ, തീർച്ചയായും താങ്കൾക്ക്‌ വന്നുകിട്ടിയിട്ടില്ലാത്ത അറിവ്‌ എനിക്ക്‌ വന്നുകിട്ടിയിട്ടുണ്ട്‌. ആകയാൽ താങ്കൾ എന്നെ പിന്തടരൂ. ഞാൻ താങ്കൾക്ക്‌ ശരിയായ മാർഗം കാണിച്ചുതരാം.

44 എൻറെ പിതാവേ, താങ്കൾ പിശാചിനെ ആരാധിക്കരുത്‌. തീർച്ചയായും പിശാച്‌ പരമകാരുണികനോട്‌ അനുസരണമില്ലാത്തവനാകുന്നു.

45 എൻറെ പിതാവേ, തീർച്ചയായും പരമകാരുണികനിൽ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന്‌ ഞാൻ ഭയപ്പെടുന്നു. അപ്പോൾ താങ്കൾ പിശാചിൻറെ മിത്രമായിരിക്കുന്നതാണ്‌.

46 അയാൾ പറഞ്ഞു: ഹേ; ഇബ്രാഹീം, നീ എൻറെ ദൈവങ്ങളെ വേണ്ടെന്ന്‌ വെക്കുകയാണോ? നീ ( ഇതിൽ നിന്ന്‌ ) വിരമിക്കുന്നില്ലെങ്കിൽ ഞാൻ നിന്നെ കല്ലെറിഞ്ഞോടിക്കുക തന്നെ ചെയ്യും. കുറെ കാലത്തേക്ക്‌ നീ എന്നിൽ നിന്ന്‌ വിട്ടുമാറിക്കൊള്ളണം.

47 അദ്ദേഹം ( ഇബ്രാഹീം ) പറഞ്ഞു: താങ്കൾക്ക്‌ സലാം. താങ്കൾക്ക്‌ വേണ്ടി ഞാൻ എൻറെ രക്ഷിതാവിനോട്‌ പാപമോചനം തേടാം. തീർച്ചയായും അവനെന്നോട്‌ ദയയുള്ളവനാകുന്നു.

48 നിങ്ങളെയും അല്ലാഹുവിന്‌ പുറമെ നിങ്ങൾ പ്രാർത്ഥിച്ചുവരുന്നവയെയും ഞാൻ വെടിയുന്നു. എൻറെ രക്ഷിതാവിനോട്‌ ഞാൻ പ്രാർത്ഥിക്കുന്നു. എൻറെ രക്ഷിതാവിനോട്‌ പ്രാർത്ഥിക്കുന്നത്‌ മൂലം ഞാൻ ഭാഗ്യം കെട്ടവനാകാതിരുന്നേക്കാം.

49 അങ്ങനെ അവരെയും അല്ലാഹുവിന്‌ പുറമെ അവർ ആരാധിക്കുന്നവയെയും വെടിഞ്ഞ്‌ അദ്ദേഹം പോയപ്പോൾ അദ്ദേഹത്തിന്‌ നാം ഇഷാഖിനെയും ( മകൻ ) യഅ്ഖൂബിനെയും ( പൗത്രൻ ) നൽകി. അവരെയൊക്കെ നാം പ്രവാചകൻമാരാക്കുകയും ചെയ്തു.

50 നമ്മുടെ കാരുണ്യത്തിൽ നിന്നും അവർക്ക്‌ നാം നൽകുകയും, അവർക്ക്‌ നാം ഉന്നതമായ സൽകീർത്തി ഉണ്ടാക്കുകയും ചെയ്തു.

51 വേദഗ്രന്ഥത്തിൽ മൂസായെപ്പറ്റിയുള്ള വിവരവും നീ പറഞ്ഞുകൊടുക്കുക. തീർച്ചയായും അദ്ദേഹം നിഷ്കളങ്കനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു.

52 പർവ്വതത്തിൻറെ വലതുഭാഗത്ത്‌ നിന്ന്‌ നാം അദ്ദേഹത്തെ വിളിക്കുകയും, രഹസ്യസംഭാഷണത്തിനായി നാം അദ്ദേഹത്തിന്‌ സാമീപ്യം നൽകുകയും ചെയ്തു.

53 നമ്മുടെ കാരുണ്യത്താൽ തൻറെ സഹോദരനായ ഹാറൂനിനെ ഒരു പ്രവാചകനായി, അദ്ദേഹത്തിന്‌ ( സഹായത്തിനായി ) നാം നൽകുകയും ചെയ്തു.

54 വേദഗ്രന്ഥത്തിൽ ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീർച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു.

55 തൻറെ ആളുകളോട്‌ നമസ്കരിക്കുവാനും സകാത്ത്‌ നൽകുവാനും അദ്ദേഹം കൽപിക്കുമായിരുന്നു. തൻറെ രക്ഷിതാവിൻറെ അടുക്കൽ അദ്ദേഹം പ്രീതി ലഭിച്ചവനായിരുന്നു.

56 വേദഗ്രന്ഥത്തിൽ ഇദ്‌രീസിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീർച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു.

57 അദ്ദേഹത്തെ നാം ഉന്നതമായ സ്ഥാനത്തേക്ക്‌ ഉയർത്തുകയും ചെയ്തിരിക്കുന്നു.

58 അല്ലാഹു അനുഗ്രഹം നൽകിയിട്ടുള്ള പ്രവാചകൻമാരത്രെ അവർ. ആദമിൻറെ സന്തതികളിൽ പെട്ടവരും, നൂഹിനോടൊപ്പെം നാം കപ്പലിൽ കയറ്റിയവരിൽപെട്ടവരും ഇബ്രാഹീമിൻറെയും ഇസ്രായീലിൻറെയും സന്തതികളിൽ പെട്ടവരും, നാം നേർവഴിയിലാക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരിൽ പെട്ടവരുമത്രെ അവർ. പരമകാരുണികൻറെ തെളിവുകൾ അവർക്ക്‌ വായിച്ചുകേൾപിക്കപ്പെടുന്ന പക്ഷം പ്രണമിക്കുന്നവരും കരയുന്നവരുമായി ക്കൊണ്ട്‌ അവർ താഴെ വീഴുന്നതാണ്‌.

59 എന്നിട്ട്‌ അവർക്ക്‌ ശേഷം അവരുടെ സ്ഥാനത്ത്‌ ഒരു പിൻതലമുറ വന്നു. അവർ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തൻമൂലം ദുർമാർഗത്തിൻറെ ഫലം അവർ കണ്ടെത്തുന്നതാണ്‌.

60 എന്നാൽ പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവർ ഇതിൽ നിന്നൊഴിവാകുന്നു. അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്‌. അവർ ഒട്ടും അനീതിക്ക്‌ വിധേയരാവുകയില്ല.

61 പരമകാരുണികൻ തൻറെ ദാസൻമാരോട്‌ അദൃശ്യമായ നിലയിൽ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനായുള്ള സ്വർഗത്തോപ്പുകളിൽ ( അവർ പ്രവേശിക്കും. ) തീർച്ചയായും അവൻറെ വാഗ്ദാനം നടപ്പിൽ വരുന്നത്‌ തന്നെയാകുന്നു.

62 സലാം അല്ലാതെ നിരർത്ഥകമായ യാതൊന്നും അവരവിടെ കേൾക്കുകയില്ല. തങ്ങളുടെ ആഹാരം രാവിലെയും വൈകുന്നേരവും അവർക്കവിടെ ലഭിക്കുന്നതാണ്‌.

63 നമ്മുടെ ദാസൻമാരിൽ നിന്ന്‌ ആർ ധർമ്മനിഷ്ഠപുലർത്തുന്നവരായിരുന്നുവോ അവർക്കു നാം അവകാശപ്പെടുത്തികൊടുക്കുന്ന സ്വർഗമത്രെ അത്‌.

64 ( നബിയോട്‌ ജിബ്‌രീൽ പറഞ്ഞു: ) താങ്കളുടെ രക്ഷിതാവിൻറെ കൽപനപ്രകാരമല്ലാതെ നാം ഇറങ്ങിവരുന്നതല്ല. നമ്മുടെ മുമ്പിലുള്ളതും നമ്മുടെ പിന്നിലുള്ളതും അതിന്നിടയിലുള്ളതും എല്ലാം അവൻറെതത്രെ. താങ്കളുടെ രക്ഷിതാവ്‌ മറക്കുന്നവനായിട്ടില്ല.

65 ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിൻറെയും രക്ഷിതാവത്രെ അവൻ. അതിനാൽ അവനെ താങ്കൾ ആരാധിക്കുകയും അവന്നുള്ള ആരാധനയിൽ ക്ഷമയോടെ ഉറച്ചുനിൽക്കുകയും ചെയ്യുക. അവന്ന്‌ പേരൊത്ത ആരെയെങ്കിലും താങ്കൾക്കറിയാമോ?

66 മനുഷ്യൻ പറയും: ഞാൻ മരിച്ചുകഴിഞ്ഞാൽ പിന്നീട്‌ എന്നെ ജീവനുള്ളവനായി പുറത്ത്‌ കൊണ്ട്‌ വരുമോ?

67 മനുഷ്യൻ ഓർമിക്കുന്നില്ലേ; അവൻ ഒന്നുമല്ലാതിരുന്ന ഒരു ഘട്ടത്തിൽ നാമാണ്‌ ആദ്യം അവനെ പടച്ചുണ്ടാക്കിയതെന്ന്‌?

68 എന്നാൽ നിൻറെ രക്ഷിതാവിനെ തന്നെയാണ! അവരെയും പിശാചുക്കളെയും നാം ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. പിന്നീട്‌ മുട്ടുകുത്തിയവരായിക്കൊണ്ട്‌ നരകത്തിന്‌ ചുറ്റും അവരെ നാം ഹാജരാക്കുക തന്നെ ചെയ്യും.

69 പിന്നീട്‌ ഓരോ കക്ഷിയിൽ നിന്നും പരമകാരുണികനോട്‌ ഏറ്റവും കടുത്ത ധിക്കാരം കാണിച്ചിരുന്നവരെ നാം വേർതിരിച്ച്‌ നിർത്തുന്നതാണ്‌.

70 പിന്നീട്‌ അതിൽ ( നരകത്തിൽ ) എരിയുവാൻ അവരുടെ കൂട്ടത്തിൽ ഏറ്റവും അർഹതയുള്ളവരെപ്പറ്റി നമുക്ക്‌ നല്ലവണ്ണം അറിയാവുന്നതാണ്‌.

71 അതിനടുത്ത്‌ ( നരകത്തിനടുത്ത്‌ ) വരാത്തവരായി നിങ്ങളിൽ ആരും തന്നെയില്ല. നിൻറെ രക്ഷിതാവിൻറെ ഖണ്ഡിതവും നടപ്പിലാക്കപ്പെടുന്നതുമായ ഒരു തീരുമാനമാകുന്നു അത്‌.

72 പിന്നീട്‌ ധർമ്മനിഷ്ഠ പാലിച്ചവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളെ മുട്ടുകുത്തിയവരായിക്കൊണ്ട്‌ നാം അതിൽ വിട്ടേക്കുകയും ചെയ്യുന്നതാണ്‌.

73 സ്പഷ്ടമായ നിലയിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്ക്‌ വായിച്ചുകേൾപിക്കപ്പെട്ടാൽ അവിശ്വസിച്ചവർ വിശ്വസിച്ചവരോട്‌ പറയുന്നതാണ്‌: ഈ രണ്ട്‌ വിഭാഗത്തിൽ കൂടുതൽ ഉത്തമമായ സ്ഥാനമുള്ളവരും ഏറ്റവും മെച്ചപ്പെട്ട സംഘമുള്ളവരും ആരാണ്‌ ?

74 സാധനസാമഗ്രികളിലും ബാഹ്യമോടിയിലും കൂടുതൽ മെച്ചപ്പെട്ടവരായ എത്ര തലമുറകളെയാണ്‌ ഇവർക്ക്‌ മുമ്പ്‌ നാം നശിപ്പിച്ചിട്ടുള്ളത്‌!

75 ( നബിയേ, ) പറയുക: വല്ലവനും ദുർമാർഗത്തിലായിക്കഴിഞ്ഞാൽ പരമകാരുണികൻ അവന്നു അവധി നീട്ടികൊടുക്കുന്നതാണ്‌. അങ്ങനെ തങ്ങൾക്ക്‌ മുന്നറിയിപ്പ്‌ നൽകപ്പെടുന്ന കാര്യം അതായത്‌ ഒന്നുകിൽ ശിക്ഷ, അല്ലെങ്കിൽ അന്ത്യസമയം -അവർ കാണുമ്പോൾ അവർ അറിഞ്ഞ്‌ കൊള്ളും; കൂടുതൽ മോശമായ സ്ഥാനമുള്ളവരും, കുടുതൽ ദുർബലരായ സൈന്യവും ആരാണെന്ന്‌.

76 സൻമാർഗം സ്വീകരിച്ചവർക്ക്‌ അല്ലാഹു സൻമാർഗനിഷ്ഠ വർദ്ധിപ്പിച്ച്‌ കൊടുക്കുന്നതാണ്‌. നിലനിൽക്കുന്ന സൽകർമ്മങ്ങളാണ്‌ നിൻറെ രക്ഷിതാവിങ്കൽ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പരിണാമമുള്ളതും

77 എന്നാൽ നമ്മുടെ ദൃഷ്ടാന്തങ്ങളിൽ അവിശ്വസിക്കുകയും എനിക്ക്‌ സമ്പത്തും സന്താനവും നൽകപ്പെടുക തന്നെ ചെയ്യും. എന്ന്‌ പറയുകയും ചെയ്തവനെ നീ കണ്ടുവോ?

78 അദൃശ്യകാര്യം അവൻ കണ്ടറിഞ്ഞിട്ടുണ്ടോ? അതല്ലെങ്കിൽ പരമകാരുണികൻറെ അടുത്ത്‌ അവൻ വല്ല കരാറുമുണ്ടാക്കിയിട്ടുണ്ടോ?

79 അല്ല, അവൻ പറയുന്നത്‌ നാം രേഖപ്പെടുത്തുകയും, അവന്നു ശിക്ഷ കൂട്ടികൊടുക്കുകയും ചെയ്യും.

80 അവൻ ആ പറയുന്നതിനെല്ലാം ( സ്വത്തിനും സന്താനത്തിനുമെല്ലാം ) നാമായിരിക്കും അനന്തരാവകാശിയാകുന്നത്‌. അവൻ ഏകനായിക്കൊണ്ട്‌ നമ്മുടെ അടുത്ത്‌ വരികയും ചെയ്യും.

81 അല്ലാഹുവിന്‌ പുറമെ അവർ ദൈവങ്ങളെ സ്വീകരിച്ചിരിക്കുകയാണ്‌. അവർ ഇവർക്ക്‌ പിൻബലമാകുന്നതിന്‌ വേണ്ടി.

82 അല്ല, ഇവർ ആരാധന നടത്തിയ കാര്യം തന്നെ അവർ നിഷേധിക്കുകയും, അവർ ഇവർക്ക്‌ എതിരായിത്തീരുകയും ചെയ്യുന്നതാണ്‌.

83 സത്യനിഷേധികളുടെ നേർക്ക,്‌ അവരെ ശക്തിയായി ഇളക്കിവിടാൻ വേണ്ടി നാം പിശാചുക്കളെ അയച്ചുവിട്ടിരിക്കുകയാണെന്ന്‌ നീ കണ്ടില്ലേ?

84 അതിനാൽ അവരുടെ കാര്യത്തിൽ നീ തിടുക്കം കാണിക്കേണ്ട. അവർക്കായി നാം ( നാളുകൾ ) എണ്ണി എണ്ണിക്കൊണ്ടിരിക്കുക മാത്രമാകുന്നു.

85 ധർമ്മനിഷ്ഠയുള്ളവരെ വിശിഷ്ടാതിഥികൾ എന്ന നിലയിൽ പരമകാരുണികൻറെ അടുത്തേക്ക്‌ നാം വിളിച്ചുകൂട്ടുന്ന ദിവസം.

86 കുറ്റവാളികളെ ദാഹാർത്തരായ നിലയിൽ നരകത്തിലേക്ക്‌ നാം തെളിച്ച്‌ കൊണ്ട്‌ പോകുകയും ചെയ്യുന്ന ദിവസം.

87 ആർക്കും ശുപാർശ ചെയ്യാൻ അധികാരമുണ്ടായിരിക്കുകയില്ല. പരമകാരുണികനുമായി കരാറുണ്ടാക്കിയിട്ടുള്ളവനൊഴികെ.

88 പരമകാരുണികൻ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന്‌ അവർ പറഞ്ഞിരിക്കുന്നു.

89 ( അപ്രകാരം പറയുന്നവരേ, ) തീർച്ചയായും നിങ്ങൾ ചെയ്തിരിക്കുന്നത്‌ ഗുരുതരമായ ഒരു കാര്യമാകുന്നു.

90 അത്‌ നിമിത്തം ആകാശങ്ങൾ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പർവ്വതങ്ങൾ തകർന്ന്‌ വീഴുകയും ചെയ്യുമാറാകും.

91 ( അതെ, ) പരമകാരുണികന്‌ സന്താനമുണ്ടെന്ന്‌ അവർ വാദിച്ചത്‌ നിമിത്തം.

92 സന്താനത്തെ സ്വീകരിക്കുക എന്നത്‌ പരമകാരുണികന്‌ അനുയോജ്യമാവുകയില്ല.

93 ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയിൽ പരമകാരുണികൻറെ അടുത്ത്‌ വരുന്നവൻ മാത്രമായിരിക്കും.

94 തീർച്ചയായും അവരെ അവൻ തിട്ടപ്പെടുത്തുകയും എണ്ണികണക്കാക്കുകയും ചെയ്തിരിക്കുന്നു.

95 അവരോരോരുത്തരും ഉയിർത്തെഴുന്നേൽപിൻറെ നാളിൽ ഏകാകിയായിക്കൊണ്ട്‌ അവൻറെ അടുക്കൽ വരുന്നതാണ്‌.

96 വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക്‌ പരമകാരുണികൻ സ്നേഹമുണ്ടാക്കികൊടുക്കുന്നതാണ്‌; തീർച്ച.

97 ഇത്‌ ( ഖുർആൻ ) നിൻറെ ഭാഷയിൽ നാം ലളിതമാക്കിതന്നിരിക്കുന്നത്‌ ധർമ്മനിഷ്ഠയുള്ളവർക്ക്‌ ഇത്‌ മുഖേന നീ സന്തോഷവാർത്ത നൽകുവാനും, മർക്കടമുഷ്ടിക്കാരായ ആളുകൾക്ക്‌ ഇത്‌ മുഖേന നീ താക്കീത്‌ നൽകുവാനും വേണ്ടി മാത്രമാകുന്നു.

98 ഇവർക്ക്‌ മുമ്പ്‌ എത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്‌. അവരിൽ നിന്ന്‌ ആരെയെങ്കിലും നീ കാണുന്നുണ്ടോ? അഥവാ അവരുടെ നേരിയ ശബ്ദമെങ്കിലും നീ കേൾക്കുന്നുണ്ടോ?

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/മർയം&oldid=52327" എന്ന താളിൽനിന്ന് ശേഖരിച്ചത്