Jump to content

പരിശുദ്ധ ഖുർആൻ/മുഹമ്മദ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 അവിശ്വസിക്കുകയും അല്ലാഹുവിൻറെ മാർഗത്തിൽ നിന്ന്‌ (ജനങ്ങളെ) തടയുകയും ചെയ്തവരാരോ അവരുടെ കർമ്മങ്ങളെ അല്ലാഹു പാഴാക്കികളയുന്നതാണ്‌.

2 വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും മുഹമ്മദ്‌ നബിയുടെ മേൽ അവതരിപ്പിക്കപ്പെട്ടതിൽ -അതത്രെ അവരുടെ രക്ഷിതാവിങ്കൽ നിന്നുള്ള സത്യം - വിശ്വസിക്കുകയും ചെയ്തവരാരോ അവരിൽ നിന്ന്‌ അവരുടെ തിൻമകൾ അവൻ ( അല്ലാഹു ) മായ്ച്ചുകളയുകയും അവരുടെ അവസ്ഥ അവൻ നന്നാക്കിതീർക്കുകയും ചെയ്യുന്നതാണ്‌.

3 അതെന്തുകൊണ്ടെന്നാൽ സത്യനിഷേധികൾ അസത്യത്തെയാണ്‌ പിന്തുടർന്നത്‌. വിശ്വസിച്ചവരാകട്ടെ തങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സത്യത്തെയാണ്‌ പിൻപറ്റിയത്‌. അപ്രകാരം അല്ലാഹു ജനങ്ങൾക്കു വേണ്ടി അവരുടെ മാതൃകകൾ വിശദീകരിക്കുന്നു.

4 ആകയാൽ സത്യനിഷേധികളുമായി നിങ്ങൾ ഏറ്റുമുട്ടിയാൽ (നിങ്ങൾ) പിരടികളിൽ വെട്ടുക. അങ്ങനെ അവരെ നിങ്ങൾ അമർച്ച ചെയ്തു കഴിഞ്ഞാൽ നിങ്ങൾ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട്‌ അതിനു ശേഷം (അവരോട്‌) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കിൽ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിൻറെ ഭാരങ്ങൾ ഇറക്കിവെക്കുന്നത്‌ വരെയത്രെ അത്‌. അതാണ്‌ (യുദ്ധത്തിൻറെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവരുടെ നേരെ അവൻ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളിൽ ചിലരെ മറ്റു ചിലരെ കൊണ്ട്‌ പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്‌. അല്ലാഹുവിൻറെ മാർഗത്തിൽ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കർമ്മങ്ങൾ പാഴാക്കുകയേ ഇല്ല.

5 അവൻ അവരെ ലക്ഷ്യത്തിലേക്ക്‌ നയിക്കുകയും അവരുടെ അവസ്ഥ നന്നാക്കിത്തീർക്കുകയും ചെയ്യുന്നതാണ്‌.

6 സ്വർഗത്തിൽ അവരെ അവൻ പ്രവേശിപ്പിക്കുകയും ചെയ്യും. അവർക്ക്‌ അതിനെ അവൻ മുമ്പേ പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്‌.

7 സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവൻ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങൾ ഉറപ്പിച്ച്‌ നിർത്തുകയും ചെയ്യുന്നതാണ്‌.

8 അവിശ്വസിച്ചവരാരോ, അവർക്ക്‌ നാശം. അവൻ ( അല്ലാഹു ) അവരുടെ കർമ്മങ്ങളെ പാഴാക്കികളയുന്നതുമാണ്‌.

9 അതെന്തുകൊണ്ടെന്നാൽ അല്ലാഹു അവതരിപ്പിച്ചതിനെ അവർ വെറുത്ത്‌ കളഞ്ഞു. അപ്പോൾ അവരുടെ കർമ്മങ്ങളെ അവൻ നിഷ്ഫലമാക്കിത്തീർത്തു.

10 അവർ ഭൂമിയിൽ കൂടി സഞ്ചരിച്ചിട്ടില്ലേ? എങ്കിൽ തങ്ങളുടെ മുൻഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്നവർക്ക്‌ നോക്കിക്കാണാമായിരുന്നു. അല്ലാഹു അവരെ തകർത്തു കളഞ്ഞു. ഈ സത്യനിഷേധികൾക്കുമുണ്ട്‌ അതു പോലെയുള്ളവ. ( ശിക്ഷകൾ )

11 അതിൻറെ കാരണമെന്തെന്നാൽ അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാണ്‌. സത്യനിഷേധികൾക്കാകട്ടെ ഒരു രക്ഷാധികാരിയും ഇല്ല.

12 വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്ത്കൂടി നദികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്‌; തീർച്ച. സത്യനിഷേധികളാകട്ടെ (ഇഹലോകത്ത്‌) സുഖമനുഭവിക്കുകയും നാൽകാലികൾ തിന്നുന്നത്‌ പോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. നരകമാണ്‌ അവർക്കുള്ള വാസസ്ഥലം.

13 നിന്നെ പുറത്താക്കിയ നിൻറെ രാജ്യത്തെക്കാൾ ശക്തിയേറിയ എത്രയെത്ര രാജ്യങ്ങൾ! അവരെ നാം നശിപ്പിച്ചു. അപ്പോൾ അവർക്കൊരു സഹായിയുമുണ്ടായിരുന്നില്ല.

14 തൻറെ രക്ഷിതാവിങ്കൽ നിന്നുള്ള സ്പഷ്ടമായ തെളിവനുസരിച്ച്‌ നിലകൊള്ളുന്ന ഒരാൾ സ്വന്തം ദുഷ്‌ പ്രവൃത്തി അലംകൃതമായി തോന്നുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്ത ഒരുവനെ പോലെയാണോ?

15 സൂക്ഷ്മതയുള്ളവർക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വർഗത്തിൻറെ അവസ്ഥ എങ്ങനെയെന്നാൽ അതിൽ പകർച്ച വരാത്ത വെള്ളത്തിൻറെ അരുവികളുണ്ട്‌. രുചിഭേദം വരാത്ത പാലിൻറെ അരുവികളും, കുടിക്കുന്നവർക്ക്‌ ആസ്വാദ്യമായ മദ്യത്തിൻറെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിൻറെ അരുവികളുമുണ്ട്‌. അവർക്കതിൽ എല്ലാതരം കായ്കനികളുമുണ്ട്‌. തങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനവുമുണ്ട്‌. ( ഈ സ്വർഗവാസികളുടെ അവസ്ഥ ) നരകത്തിൽ നിത്യവാസിയായിട്ടുള്ളവനെപ്പോലെ ആയിരിക്കുമോ? അത്തരക്കാർക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാൻ നൽകപ്പെടുക. അങ്ങനെ അത്‌ അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും.

16 അവരുടെ കൂട്ടത്തിൽ നീ പറയുന്നത്‌ ശ്രദ്ധിച്ച്‌ കേൾക്കുന്ന ചിലരുണ്ട്‌. എന്നാൽ നിൻറെ അടുത്ത്‌ നിന്ന്‌ അവർ പുറത്ത്‌ പോയാൽ വേദ വിജ്ഞാനം നൽകപ്പെട്ടവരോട്‌ അവർ ( പരിഹാസപൂർവ്വം ) പറയും: എന്താണ്‌ ഇദ്ദേഹം ഇപ്പോൾ പറഞ്ഞത്‌? അത്തരക്കാരുടെ ഹൃദയങ്ങളിൻമേലാകുന്നു അല്ലാഹു മുദ്രവെച്ചിരിക്കുന്നത്‌. തങ്ങളുടെ തന്നിഷ്ടങ്ങളെ പിൻപറ്റുകയാണവർ ചെയ്തത്‌.

17 സൻമാർഗം സ്വീകരിച്ചവരാകട്ടെ അല്ലാഹു അവർക്ക്‌ കൂടുതൽ മാർഗദർശനം നൽകുകയും, അവർക്ക്‌ വേണ്ടതായ സൂക്ഷ്മത അവർക്കു നൽകുകയും ചെയ്യുന്നതാണ്‌.

18 ഇനി ആ ( അന്ത്യ ) സമയം പെട്ടെന്ന്‌ അവർക്ക്‌ വന്നെത്തുന്നതല്ലാതെ മറ്റുവല്ലതും അവർക്കു കാത്തിരിക്കാനുണ്ടോ? എന്നാൽ അതിൻറെ അടയാളങ്ങൾ വന്നു കഴിഞ്ഞിരിക്കുന്നു. അപ്പോൾ അത്‌ അവർക്കു വന്നുകഴിഞ്ഞാൽ അവർക്കുള്ള ഉൽബോധനം അവർക്കെങ്ങനെ പ്രയോജനപ്പെടും?

19 ആകയാൽ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന്‌ നീ മനസ്സിലാക്കുക. നിൻറെ പാപത്തിന്‌ നീ പാപമോചനം തേടുക. സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും വേണ്ടിയും ( പാപമോചനംതേടുക. ) നിങ്ങളുടെ പോക്കുവരവും നിങ്ങളുടെ താമസവും അല്ലാഹു അറിയുന്നുണ്ട്‌

20 സത്യവിശ്വാസികൾ പറയും: ഒരു സൂറത്ത്‌ അവതരിപ്പിക്കപ്പെടാത്തതെന്താണ്‌? എന്നാൽ ഖണ്ഡിതമായ നിയമങ്ങളുള്ള ഒരു സൂറത്ത്‌ അവതരിപ്പിക്കപ്പെടുകയും അതിൽ യുദ്ധത്തെപ്പറ്റി പ്രസ്താവിക്കപ്പെടുകയും ചെയ്താൽ ഹൃദയങ്ങളിൽ രോഗമുള്ളവർ, മരണം ആസന്നമായതിനാൽ ബോധരഹിതനായ ആൾ നോക്കുന്നത്‌ പോലെ നിൻറെ നേർക്ക്‌ നോക്കുന്നതായി കാണാം. എന്നാൽ അവർക്ക്‌ ഏറ്റവും അനുയോജ്യമായത്‌ തന്നെയാണത്‌.

21 അനുസരണവും ഉചിതമായ വാക്കുമാണ്‌ വേണ്ടത്‌. എന്നാൽ കാര്യം തീർച്ചപ്പെട്ടു കഴിഞ്ഞപ്പോൾ അവർ അല്ലാഹുവോട്‌ സത്യസന്ധത കാണിച്ചിരുന്നെങ്കിൽ അതായിരുന്നു അവർക്ക്‌ കൂടുതൽ ഉത്തമം.

22 എന്നാൽ നിങ്ങൾ കൈകാര്യകർത്തൃത്വം ഏറ്റെടുക്കുകയാണെങ്കിൽ ഭൂമിയിൽ നിങ്ങൾ കുഴപ്പമുണ്ടാക്കുകയും, നിങ്ങളുടെ കുടുംബബന്ധങ്ങൾ വെട്ടിമുറിക്കുകയും ചെയ്തേക്കുമോ?

23 അത്തരക്കാരെയാണ്‌ അല്ലാഹു ശപിച്ചിട്ടുള്ളത്‌. അങ്ങനെ അവർക്ക്‌ ബധിരത നൽകുകയും, അവരുടെ കണ്ണുകൾക്ക്‌ അന്ധത വരുത്തുകയും ചെയ്തിരിക്കുന്നു.

24 അപ്പോൾ അവർ ഖുർആൻ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിൻമേൽ പൂട്ടുകളിട്ടിരിക്കയാണോ?

25 തങ്ങൾക്ക്‌ സൻമാർഗം വ്യക്തമായി കഴിഞ്ഞ ശേഷം പുറകോട്ട്‌ തിരിച്ചുപോയവരാരോ, അവർക്ക്‌ പിശാച്‌ (തങ്ങളുടെ ചെയ്തികൾ) അലംകൃതമായി തോന്നിച്ചിരിക്കുകയാണ്‌; തീർച്ച. അവർക്ക്‌ അവൻ (വ്യാമോഹങ്ങൾ) നീട്ടിയിട്ടു കൊടുക്കുകയും ചെയ്തിരിക്കുന്നു.

26 അത്‌, അല്ലാഹു അവതരിപ്പിച്ചത്‌ ഇഷ്ടപ്പെടാത്തവരോട്‌ ചില കാര്യങ്ങളിൽ ഞങ്ങൾ നിങ്ങളുടെ കൽപന അനുസരിക്കാമെന്ന്‌ അവർ പറഞ്ഞിട്ടുള്ളത്‌ കൊണ്ടാണ്‌. അവർ രഹസ്യമാക്കി വെക്കുന്നത്‌ അല്ലാഹു അറിയുന്നു.

27 അപ്പോൾ മലക്കുകൾ അവരുടെ മുഖത്തും പിൻഭാഗത്തും അടിച്ചു കൊണ്ട്‌ അവരെ മരിപ്പിക്കുന്ന സന്ദർഭത്തിൽ എന്തായിരിക്കും അവരുടെ സ്ഥിതി!

28 അതെന്തുകൊണ്ടെന്നാൽ അല്ലാഹുവിന്‌ വെറുപ്പുണ്ടാക്കുന്ന കാര്യത്തെ അവർ പിന്തുടരുകയും, അവൻറെ പ്രീതി അവർ ഇഷ്ടപ്പെടാതിരിക്കുകയുമാണ്‌ ചെയ്തത്‌. അതിനാൽ അവരുടെ കർമ്മങ്ങളെ അവൻ നിഷ്ഫലമാക്കികളഞ്ഞു.

29 അതല്ല, ഹൃദയങ്ങളിൽ രോഗമുള്ള ആളുകൾ അല്ലാഹു അവരുടെ ഉള്ളിലെ പക വെളിപ്പെടുത്തുകയേയില്ല എന്നാണോ വിചാരിച്ചത്‌?

30 നാം ഉദ്ദേശിച്ചിരുന്നെങ്കിൽ നിനക്ക്‌ നാം അവരെ കാട്ടിത്തരുമായിരുന്നു. അങ്ങനെ അവരുടെ ലക്ഷണം കൊണ്ട്‌ നിനക്ക്‌ അവരെ മനസ്സിലാക്കാമായിരുന്നു. സംസാരശൈലിയിലൂടെയും തീർച്ചയായും നിനക്ക്‌ അവരെ മനസ്സിലാക്കാവുന്നതാണ്‌. അല്ലാഹു നിങ്ങളുടെ പ്രവൃത്തികൾ അറിയുന്നു.

31 നിങ്ങളുടെ കൂട്ടത്തിൽ സമരം ചെയ്യുന്നവരെയും ക്ഷമ കൈക്കൊള്ളുന്നവരെയും നാം തിരിച്ചറിയുകയും, നിങ്ങളുടെ വർത്തമാനങ്ങൾ നാം പരിശോധിച്ചു നോക്കുകയും ചെയ്യുന്നത്‌ വരെ നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും.

32 അവിശ്വസിക്കുകയും അല്ലാഹുവിൻറെ മാർഗത്തിൽ നിന്ന്‌ (ജനങ്ങളെ) തടയുകയും, തങ്ങൾക്ക്‌ സൻമാർഗം വ്യക്തമായി കഴിഞ്ഞതിനു ശേഷം റസൂലുമായി മാത്സര്യത്തിൽ ഏർപെടുകയും ചെയ്തവരാരോ തീർച്ചയായും അവർ അല്ലാഹുവിന്‌ യാതൊരു ഉപദ്രവവും വരുത്തുകയില്ല. വഴിയെ അവൻ അവരുടെ കർമ്മങ്ങൾ നിഷ്ഫലമാക്കിക്കളയുകയും ചെയ്യും.

33 സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. റസൂലിനെയും നിങ്ങൾ അനുസരിക്കുക. നിങ്ങളുടെ കർമ്മങ്ങളെ നിങ്ങൾ നിഷ്ഫലമാക്കിക്കളയാതിരിക്കുകയും ചെയ്യുക.

34 അവിശ്വസിക്കുകയും, അല്ലാഹുവിൻറെ മാർഗത്തിൽ നിന്ന്‌ (ജനങ്ങളെ) തടയുകയും, എന്നിട്ട്‌ സത്യനിഷേധികളായിക്കൊണ്ട്‌ തന്നെ മരിക്കുകയും ചെയ്തവരാരോ അവർക്ക്‌ അല്ലാഹു പൊറുത്തുകൊടുക്കുകയേ ഇല്ല.

35 ആകയാൽ നിങ്ങൾ ദൗർബല്യം കാണിക്കരുത്‌. നിങ്ങൾ തന്നെയാണ്‌ ഉന്നതൻമാർ എന്നിരിക്കെ ( ശത്രുക്കളെ ) നിങ്ങൾ സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്‌. അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്‌. നിങ്ങളുടെ കർമ്മഫലങ്ങൾ നിങ്ങൾക്ക്‌ ഒരിക്കലും അവൻ നഷ്ടപ്പെടുത്തുകയില്ല.

36 ഐഹികജീവിതം കളിയും വിനോദവും മാത്രമാകുന്നു. നിങ്ങൾ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങൾക്കുള്ള പ്രതിഫലം അവൻ നിങ്ങൾക്ക്‌ നൽകുന്നതാണ്‌. നിങ്ങളോട്‌ നിങ്ങളുടെ സ്വത്തുക്കൾ അവൻ ചോദിക്കുകയുമില്ല.

37 നിങ്ങളോട്‌ അവ ( സ്വത്തുക്കൾ ) ചോദിച്ച്‌ അവൻ നിങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നെങ്കിൽ നിങ്ങൾ പിശുക്ക്‌ കാണിക്കുകയും നിങ്ങളുടെ ഉള്ളിലെ പക അവൻ വെളിയിൽ കൊണ്ടു വരികയും ചെയ്യുമായിരുന്നു.

38 ഹേ; കൂട്ടരേ, അല്ലാഹുവിൻറെ മാർഗത്തിൽ നിങ്ങൾ ചെലവഴിക്കുന്നതിനാണ്‌ നിങ്ങൾ ആഹ്വാനം ചെയ്യപ്പെടുന്നത്‌. അപ്പോൾ നിങ്ങളിൽ ചിലർ പിശുക്ക്‌ കാണിക്കുന്നു. വല്ലവനും പിശുക്കു കാണിക്കുന്ന പക്ഷം തന്നോട്‌ തന്നെയാണ്‌ അവൻ പിശുക്ക്‌ കാണിക്കുന്നത്‌. അല്ലാഹുവാകട്ടെ പരാശ്രയമുക്തനാകുന്നു. നിങ്ങളോ ദരിദ്രൻമാരും. നിങ്ങൾ പിന്തിരിഞ്ഞു കളയുകയാണെങ്കിൽ നിങ്ങളല്ലാത്ത ഒരു ജനതയെ അവൻ പകരം കൊണ്ടുവരുന്നതാണ്‌. എന്നിട്ട്‌ അവർ നിങ്ങളെപ്പോലെയായിരിക്കുകയുമില്ല.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>